(Molly George)
"പോസ്റ്റോഫീസ് ജംഗ്ഷനിൽ ബസിറങ്ങി അവിടെനിന്നും കുറച്ചു ദൂരം മുൻപോട്ടു നടന്നാൽ സൗപർണിക ഫ്ലവർമില്ലിൻ്റെ ബോർഡു കാണാം. മില്ലിൻ്റെ വലതു വശത്തുകൂടെ ഉളള റോഡിലൂടെ പോകണം."
നന്ദ പറഞ്ഞു തന്ന മെറ്റൽ വിരിച്ച റോഡിലൂടെ പോകവേ ദുർഗ്ഗയ്ക്ക് എതിരെ രണ്ടു യുവാക്കൾ കടന്നു പോയി. സംസാരഭാഷ കേട്ടിട്ട് ബംഗാളികളാണെന്നു തോന്നുന്നു.
വിജനമായ പാതയിലൂടെ മുന്നോട്ടു പോകും തോറും ചെറിയ ഭയം ഉള്ളിൽ തോന്നിയെങ്കിലും, എത്ര കഷ്ടപ്പെട്ടാലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കണമെന്നും, നന്ദയ്ക്ക് കൊടുത്ത വാക്ക് പാലിക്കണമെന്നും വാശി ഉള്ളതിനാൽ ധൈര്യം സംഭരിച്ച് അവൾ നടന്നു.
പാതയ്ക്കിരുവശവും റബർ തോട്ടമാണ്. റബർ വെട്ടി പാൽ എടുത്ത ശേഷം പ്ലാസ്റ്റിക്ക് ചിരട്ടകൾ മരത്തിൽ തന്നെ കമഴ്ത്തി വച്ചിട്ടുണ്ട്.
നന്ദ പറഞ്ഞ അടയാളങ്ങൾ ഒരിക്കൽക്കൂടി ഒത്തുനോക്കി. മുന്നോട്ടു പോകുമ്പോൾ വലിയൊരു ആൽമരം! കുറച്ച് ഉള്ളിലായി ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ അമ്പലം. അമ്പലപരിസരമാകെ കാടുപിടിച്ച് ഭീതിതമായ അവസ്ഥ. പഴയ കാവ് ആയിരുന്നു എന്നു തോന്നുന്നു.
പേരറിയാത്ത പൂക്കളുടെ പരിമളം അവിടാകെ പടർന്നിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്നസമയത്താണ് ഒരിക്കൽ തനിയെ സ്കൂളിൽ നിന്നും വീട്ടിലേക്കു നടന്നു വരുമ്പോൾ വിജനമായ ഇടവഴിയിലൊരിടത്തു വെച്ച് എതിരേ നടന്നുവന്ന ഒരു നാടോടി സ്ത്രീയെ കണ്ടു പേടിച്ച് വന്ന വഴിയിലൂടെ തിരിഞ്ഞോടിയ സംഭവം. നാടോടികളെന്നു വെച്ചാൽ പിള്ളേരെ പിടുത്തക്കാരും, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാണെന്നായിരുന്നു അക്കാലത്ത് പൊതുവെയുള്ള ധാരണ. ഓടിച്ചെന്ന് അമ്പലത്തിനോടു ചേർന്നുള്ള കാവിൽ കയറി വലിയ ഒരു മരത്തിന് പിന്നിൽ മറഞ്ഞിരുന്നു. നല്ല പൂക്കളുടെ സുഗന്ധം അവിടമാകെ പരന്നിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും കരിയിലകളുടെ ഒച്ച കേട്ട് വല്ലാതെ ഭയപ്പെട്ടു. ആ നാടോടി സ്ത്രീ പിടിക്കാൻ വന്നതാണെന്നു കരുതി കണ്ണടച്ച് പേടിയോടെ ഇരുന്നു. ഇടയ്ക്ക് കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഇഴഞ്ഞു വരുന്ന വലിയ പാമ്പിനെയാണ്. അതോടെ അവിടെ നിന്നും ഇറങ്ങി ഓടി. ഓട്ടത്തിനിടയിൽ റോഡിൽ ഉരുണ്ട് വീണു മുട്ടു പൊട്ടി നടക്കാനാവാതെ റോഡുവക്കിൽ തളർന്നിരുന്നു. കരച്ചിൽ കേട്ടു ഓടി വന്നത് ആ നാടോടി സ്ത്രീയായിരുന്നു. അടുത്തെത്തി
മുട്ടിലൂടെ ചോരയൊലിക്കുന്നതു കണ്ടപ്പോൾ എന്തൊക്കെയോ പച്ചിലകൾ പറിച്ച് ഞരടി പിഴിഞ്ഞ് കാലിലെ മുറിവിലൊഴിച്ചതും, കാൽ തിരുമ്മി തന്നതും ഇന്നലെ എന്ന പോലെ ഓർക്കുന്നു.
"ഇനി വേദനിക്കില്ല. മോള് മെല്ലെ നടന്നു പോയാൽ മതി. ഓടരുത് കേട്ടോ."
അവർ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
വളർന്നു വലുതാകുമ്പോഴാണ് ബാല്യകാലം എത്ര മനോഹരമായിരുന്നുവെന്ന് ബോധ്യം വരുന്നത്. പക്ഷേ അപ്പോഴേക്കും അത് കൈയ്യെത്തും ദൂരത്ത് നിന്നും ഒരുപാട് അകലേക്കു എത്തിയിട്ടുണ്ടാവും.
"കാവു കഴിഞ്ഞാൽ ദൂരെ തുരുമ്പെടുത്ത ഗെയിറ്റ് കാണാം. അതിനുള്ളിലാണ് നീല പെയിൻറ് അടിച്ച ആ ഇരുനില കെട്ടിടം."
ഇത്രയും ദൂരം ആ കുട്ടി തനിച്ച് ഈ വിജനതയിലൂടെ വന്നതോർത്താൽ, ദൈവമേ.. എന്തു ചെയ്യാം! ഓരോരോ പ്രാരാബ്ദങ്ങൾ.
മാർക്കറ്റിംഗ് ഏജൻസിയിൽ രണ്ടു മാസം മുൻപാണ് നന്ദ വന്നു ചേർന്നത്. ഈ ജോലി കൊണ്ട് വീട്ടിലെ ബുദ്ധിമുട്ടുകൾക്ക് ഒരാശ്വാസം! സ്ട്രോക്ക് വന്ന് തളർന്ന അച്ഛനും, ക്യാൻസർ രോഗിയായ അമ്മയും, പഠിക്കുന്ന രണ്ടനുജത്തിമാരുമടങ്ങിയ കുടുംബത്തിൻ്റെ ഏക ആശ്രയ മാണ് നന്ദിതപ്രകാശ് എന്ന നന്ദ. പഠനം പൂർത്തിയാവും മുൻപ് ഗതികേടുകൊണ്ട് ജോലിയ്ക്ക് ഇറങ്ങിയവൾ. ആദ്യമൊരു തുണിക്കടയിൽ സെയിൽസ് ഗേളിൻ്റെ ജോലി. മാർക്കറ്റിംഗ് ഏജൻസിയിൽ ചേർന്നാൽ കൂടുതൽ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവൾ ജോയിൻ ചെയ്തത്. മാർക്കറ്റിംഗ് ഏജൻസിയിലെ മോട്ടിവേഷൻ ക്ലാസും, മീറ്റിങ്ങും ഒക്കെ കഴിഞ്ഞതോടെ ഒരു കാര്യം അവൾക്ക് ബോധ്യമായി. ഇതത്ര എളുപ്പമല്ല!
മീറ്റിംഗ് അവസാനിച്ചപ്പോൾ സുപ്രിയമാഡം നന്ദയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു.
"ഒരുപാട് കോമ്പറ്റിഷൻ ഉള്ള ജോലിയാണ്. മൂന്നുമാസം കഴിയുമ്പോൾ പെർഫോമൻസ് നന്നാണെങ്കിൽ ഓർഗനൈസർ പോസ്റ്റ് കിട്ടും. അവിടെ നിന്നും ആറു മാസം ആകുമ്പോൾ പെർഫോമൻസ് നോക്കി മാനേജർ വരെ ആകാം. പിന്നെ മോള് ഇത് പോലെ എന്നും ലൈനിലൊന്നും പോകണ്ട. ഓഫീസിൽ തന്നെ ഇരുന്നാൽ മതി."
കഠിന പ്രയത്നത്തിലൂടെ ലക്ഷ്യത്തിലെത്താനാവുമെന്നും, പരിശ്രമിച്ചാൽ അസാധ്യമായിട്ടൊന്നുമില്ല എന്നുമുള്ള മാഡത്തിൻ്റെ വാക്കുകൾ അവൾക്ക് ആത്മവിശ്വാസമേകി.
തുടർന്ന് അവർ ദുർഗ്ഗയെ നന്ദയ്ക്കു പരിചയപ്പെടുത്തി കൊടുത്തു.
"ദുർഗ്ഗാ.. നാളെ മുതൽ ഇവളെയും കൂട്ടി വേണം താൻ വർക്കിന് പോകാൻ. നമ്മുടെ പ്രോഡക്റ്റുകളെ കുറിച്ച് നന്ദിതയ്ക്ക് മനസിലാക്കി അത് സെയിൽ ചെയ്യുന്ന രീതിയും കാണിച്ചു കൊടുക്കണം.”
തുടർന്ന് ഒരാഴ്ചയോളം അവൾക്ക് തന്നോടൊപ്പമായിരുന്നു ട്രെയിനിംഗ്. യാത്രയിലെല്ലാം വീട്ടിലെ കഷ്ടപ്പാടുകളും, മാതാപിതാക്കളുടെ രോഗാവസ്ഥയും, സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ അവൾ പറഞ്ഞു കേൾപ്പിച്ചു. മൂന്നു മാസം പിടിച്ചു നിന്നാൽ ശമ്പള വർദ്ധനവും, പ്രമോഷനും കിട്ടുമെന്നതിനാൽ എത്ര കഷ്ടപ്പെടാനും അവൾ ഒരുക്കമായിരുന്നു.
തന്നോടൊപ്പം വന്ന ഒരാഴ്ചകൊണ്ട് അവളിലെ ആത്മാത്ഥത ശരിക്കും ബോധ്യമായി. ഒരു തുടക്കക്കാരിയെന്ന് തോന്നാത്തത്ര വാക്ചാരുതയോടെ ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിനെക്കൊണ്ട് വാങ്ങിപ്പിക്കുവാൻ അവൾ പ്രാവീണ്യയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം അവൾ തനിയെ ഫീൽഡിൽ പോയി തുടങ്ങി. എങ്ങനേയും ടാർജറ്റ് തികയ്ക്കാൻ അവൾ ശ്രമിച്ചിരുന്നു.
ആദ്യമാസത്തെ ശമ്പളം കിട്ടിയതോടെ അവൾ വളരെ സന്തോഷവതിയായിരുന്നു. തൻ്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു എന്നും, ഇനി അതിവേഗം പറന്നുയരണം എന്നുമൊക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നു.
പക്ഷേ രണ്ടാഴ്ച മുൻപ് ഉണ്ടായ ആ സംഭവത്തോടെ അവളാകെ തകർന്നു പോയി. ഡ്യൂട്ടിയ്ക്കു പോലും പോവാതെ കരഞ്ഞു തളർന്നു മൂന്നു ദിവസം തള്ളി നീക്കി.
താനും സുപ്രിയമാഡവുമൊക്കെ എത്ര ശ്രമിച്ചിട്ടും അവൾക്കാ ആഘാതത്തിൽ നിന്നും മോചിതയാവാൻ സാധിച്ചില്ല. ജോലി രാജിവച്ച് പോവാനൊരുങ്ങിയ അവളെ താനാണ് പിടിച്ചു നിർത്തിയത്. നിനക്കു വേണ്ടി ഞാൻ പകരം ചോദിക്കും എന്നൊക്കെ പറഞ്ഞു എങ്കിലും അവളുടെ പ്രസരിപ്പും ഉൻമേഷവുമൊക്കെ എവിടോ നഷ്ടമായി. അവളോടുള്ള സഹതാപം കൊണ്ടോ എന്തോ സുപ്രിയ മാഡം അവൾക്ക് ഓഫീസ് വർക്കു നൽകി. അതോടെ മൂന്നും നാലും മാസമായി ഫീൽഡിൽ പോകുന്നവർക്കൊക്കെ അവളോട് അനിഷ്ടം തോന്നിത്തുടങ്ങി.
തുരുമ്പെടുത്ത ഗേറ്റിനു മുൻപിലെത്തിയ ദുർഗ്ഗയുടെ കൺമുന്നിലൂടെ നന്ദ പറഞ്ഞ കാര്യങ്ങൾ ഒരു തിരശീലയിലെന്നവണ്ണം ഓർമ്മയിലെത്തി.
അന്നു മുതൽ നന്ദയ്ക്കു വേണ്ടി അയാളോടുള്ള പ്രതികാരം മനസിൽ സൂക്ഷിച്ചു കൊണ്ട് ദുർഗ്ഗ കാത്തിരുന്നു. ഇന്നാണ് ആ ദിനം! അയാൾ ഇവിടുണ്ടാകുമോ ആവോ?
ഗേറ്റു കടന്ന് അവൾ മുറ്റത്തേയ്ക്ക് പ്രവേശിച്ചു. മുറ്റത്താകെ ഉണങ്ങിയ ഇലകൾ തീർത്ത പരവതാനി. അവൾ ചുറ്റുപാടും നോക്കി. ഉയർന്നു നിൽക്കുന്ന റബർ മരങ്ങൾ മാത്രം.
ദുർഗ്ഗ മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.
"ഇവിടാരുമില്ലേ?"
"ഞാനിവിടുണ്ട്."
പരുക്കൻ ശബ്ദത്തിൽ ആരോ പറഞ്ഞു. ലുങ്കിയുടുത്ത ഒരു തടിമാടൻ വീടിൻ്റെ ഇടതുവശത്തെ മുറ്റത്തൂടി കൈയ്യിൽ ഒരു ബക്കറ്റുമായി കടന്നു വന്നു. അയാൾ അലക്കിയതുണികൾ മുറ്റത്തെ അഴയിൽ വിരിക്കുകയായിരുന്നു.
"അരാ.. എന്തിനാ വന്നത് ?"
അയാൾ അവളെ ആകെയൊന്നു നോക്കി. കടഞ്ഞെടുത്ത മെയ്യഴക്. ചുരിദാറാണ് വേഷം. വെളുത്ത നിറം. പുരികവും, കണ്ണുകളും കണ്ടാൽ തന്നെയറിയാം ആളൊരു സുന്ദരിയാണ്.
പക്ഷേ..
അധര കാന്തി കാണാൻ അനുവദിക്കാത്ത മുഖാവരണം.
"ഞാൻ ദുർഗ്ഗ, ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിൽ നിന്നാണ്. വീടും പരിസവും വൃത്തിയാണോ എന്നും, മലിനജലം കെട്ടികിടപ്പുണ്ടോ എന്നും പരിശോധിക്കുവാൻ വന്നതാണ്."
അവൾ മുറ്റവും പരിസരവും നിരീക്ഷിക്കും പോലെ മുറ്റത്തൂടെ നടന്നു. ഒന്നു രണ്ടു ചിരട്ടകളിൽ ഉള്ള വെള്ളം കാലുകൊണ്ട് തട്ടിക്കളഞ്ഞ് ചിരട്ട കമഴ്ത്തിവച്ചു.
"ചേട്ടാ.. കൊറോണയോടൊപ്പം ഡെങ്കിയും പടർന്ന് പിടിക്കുകയാണ്. റബ്ബർ തോട്ടങ്ങളോടനുബന്ധിച്ച മേഖലകളിൽ താമസിക്കുന്നവരിലാണ് രോഗം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ റബ്ബർ ചിരട്ടകൾ കമിഴ്ത്തിവെച്ച് കൂത്താടികൾ വളരാതിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഫ്രിഡ്ജിന്റെ പുറക് വശത്തുള്ള ട്രേയിലെ മലിനജലം ആഴ്ചയിൽ ഒരുവട്ടമെങ്കിലും എടുത്ത് കളയണം.
വീടുകളുടെ പരിസരത്ത് ഉപയോശുന്യമായി കിടക്കുന്ന പാത്രങ്ങളിലും ചിരട്ടയിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യവകുപ്പിൻ്റെ കർശന നിയമമാണ്."
അവൾ ബാഗിൽ നിന്നും ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ് എടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു.
അയാൾ അതു വാങ്ങി വായിച്ചു നോക്കി.
"എന്താ ചേട്ടൻ്റെ പേര്?"
ദുർഗ്ഗ കൈയ്യിലുള്ള ഫയൽ തുറന്ന് എഴുതാനാരംഭിച്ചു.
"പുരുഷോത്തമൻ നായർ."
"വയസ്?"
"52 "
"ഇവിടാരൊക്കെയുണ്ട്?"
"ഞാൻ ഒറ്റയ്ക്കാണ് ?"
"വീട്ടുനമ്പർ?''
അയാൾ നമ്പർ പറഞ്ഞു.
'ചേട്ടൻ്റെ കുടുംബം ?"
"അവരൊക്കെ നാട്ടിലാണ്."
അവൾ ബാഗിൽ നിന്നും രണ്ടു മാസ്ക്കുകൾ എടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു.
"ചേട്ടാ .. ഇത് എയർ ഫിൽട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽറ്റർ ഉള്ള ഒരു മാസ്ക്കാണ് ഇത്. N95 മാസ്ക്.
ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% രോഗാണുക്കളെയും ഫിൽറ്റർ ചെയ്യുന്നു. ഇത് ഏറ്റവും നല്ലതും സാധാരണവുമായ ഫിൽട്ടറിംഗ് മുഖാവരണമാണ്. ഇത്തരത്തിലുള്ള മാസ്ക്കുകൾ നമ്മെ ചുറ്റുപാടുമുള്ള രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു. ചേട്ടനീ മാസ്ക്ക് ഒന്നു വച്ചു നോക്കൂ."
"ഓ.. എന്നാ നോക്കാനാ, മാസ്ക്കല്ലേ?"
അയാൾ അലക്ഷ്യമായി പറഞ്ഞു.
''ചേട്ടാ.. രണ്ടു മൂന്ന് സൈസ് മാസ്ക്കുകൾ ഉണ്ട്. ഇത് പാകമല്ലെങ്കിൽ മറ്റൊരെണ്ണം തരാം. രണ്ടെണ്ണം ഫ്രീയായി തരും കേട്ടോ. കൂടുതൽ മാസ്ക്കുകൾ വേണമെങ്കിൽ വില തരണം."
ഫ്രീയെന്ന് കേട്ടതുകൊണ്ടോ എന്തോ ഉടൻ തന്നെ അയാളാ കവർ തുറന്ന് മാസ്ക്ക് എടുത്ത് മുഖത്ത് വച്ചു നോക്കി.
"ങ്ഹാ.. ഇതു മതി."
അയാൾ പറഞ്ഞു. പെട്ടന്നയാൾക്ക് കണ്ണിൽ ഇരുട്ടു കയറുന്നതു പോലെയും, തല ചുറ്റുന്നതു പോലെയും തോന്നി. വരാന്തയിലെ തൂണിൽ പിടിക്കാൻ ശ്രമിച്ചെങ്കിലുമയാൾ കുഴഞ്ഞ് വീണു.
ഏറെ നേരം കഴിഞ്ഞ് ബോധമുണർന്ന അയാൾ മെല്ലെ എണീറ്റിരുന്നു. തലയ്ക്ക് ഒരു പെരുപ്പു പോലെ തോന്നുന്നു. അയാൾ ചുറ്റും നോക്കി!
എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.
ആരോഗ്യ വകുപ്പിൽ നിന്നും വന്ന ഒരു പെൺകുട്ടി മാസ്ക് തന്നതും, താനത് മുഖത്ത് വച്ചതും അയാളുടെ ഓർമ്മയിൽ എത്തി.
അയാൾ സാവധാനം എഴുന്നേറ്റു. അടുത്ത് വീണു കിടക്കുന്ന മാസ്ക്കുകളുടെ പായ്ക്കറ്റ്. വരാന്തയിൽ ഒരു പേപ്പറും അതിനു മുകളിൽ ഒരു കല്ലും. പേപ്പർ പറന്നു പോവാതിരിക്കാനായിട്ടാവും.
അയാളാ പേപ്പർ എടുത്തു ചുറ്റും നോക്കി. ആ പെൺകുട്ടി എവിടെ?
ഇവിടെങ്ങും ആരേയും കാണാനില്ല. അയാളതു നിവർത്തി വായിച്ചു തുടങ്ങി.
'ബഹുമാനം തീരെ അർഹിക്കാത്ത ചേട്ടന്,
രണ്ടാഴ്ച മുൻപ് മാർക്കറ്റിംഗ് ഏജൻ്റായ ഒരു പെൺകുട്ടി ഇവിടെ വന്നത് താൻ മറന്നിട്ടില്ലല്ലോ?
അന്ന് സംഭവിച്ച കാര്യങ്ങൾ ഇന്നിവിടെ ഞങ്ങൾ റീക്രിയേറ്റു ചെയ്തു. അതിനു വേണ്ടി എനിക്ക് തന്നെ ക്ലോറോഫോം സ്പ്രേ ചെയ്ത മാസ്ക്ക് ധരിപ്പിക്കേണ്ടി വന്നു.
ആ പ്രവർത്തി കൊണ്ട് ഞങ്ങൾക്ക് തൻ്റെ കുറച്ച് ഫോട്ടോസ് ആ പെൺകുട്ടിയോടൊപ്പം എടുക്കേണ്ടി വന്നു. (ഇനിയെന്തേലും പരാതിയുമായി താൻ മുന്നോട്ടു പോയാൽ ഞങ്ങൾക്കും കുറച്ച് തെളിവുകൾ വേണമല്ലാേ.)
താൻ കാരണം ആ പെൺകുട്ടിയുടെ മാലയും മന:സമാധാനവും നഷ്ടമായി. ആ നഷ്ടം നികത്താൻ തൻ്റെ മാല ഞങ്ങൾ എടുത്തു. ഒരു പെൺകുട്ടി മാർക്കറ്റിംഗ് ഏജൻസിയിലെ ജോലി സ്വീകരിച്ച് ഫീൽഡിൽ നടന്ന് സാധനങ്ങൾ വിതരണം ചെയ്യുന്നത് അവളുടെ വീട്ടിലെ കഷ്ടപ്പാടും ദുരിതവും കൊണ്ടാണ്. തൻ്റെ മകളുടെ പ്രായമുള്ള ആ കുട്ടിയോട് ഇത്തരം ദുഷ്ടത കാണിക്കുവാൻ തനിക്ക് എങ്ങനെ തോന്നി ?
ആ കുട്ടിയുടെ ജീവന്മരണ പോരാട്ടത്തിനൊടുവിൽ ഭാഗ്യം കൊണ്ടവൾക്ക് സ്വന്തം മാനം രക്ഷിക്കാനായി. തന്നെപ്പോലുള്ള ആഭാസൻമാരുടെ കാമഭ്രാന്തിന് മാപ്പില്ല. ഇനിയാരോടും താനിത്തരം അതിക്രമങ്ങൾ ചെയ്യാതിരിക്കാൻ ഉള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ സംഭവം. ഇനിയിത്തരം സംഭവങ്ങൾ എവിടെ ഉണ്ടായാലും അവർക്ക് താങ്ങും തണലുമായി ഞങ്ങളുടെ സംഘടന അവിടെ എത്തിയിരിക്കും.
എന്ന്..
നീതിദേവത..'
അയാൾ തൻ്റെ കഴുത്തിൽ വിരലോടിച്ചു. നാലു പവൻ്റെ മാലയാണ് നഷ്ടമായത്. നൂലുപോലൊരു മാലയും, അന്നത്തെ ആ സംഭവവും അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.
കോളിംഗ് ബെൽ ശബ്ദം കേട്ടു വന്നു നോക്കിയപ്പോൾ ഒരു കൊച്ചു പെൺകുട്ടി. എടുത്താൽ പൊന്താത്ത ഒരു വലിയ ബാഗ് അവളുടെ പുറത്ത് ഉണ്ടായിരുന്നു.
വളരെ മനോഹരമായി താഴ്മയോടെ സംസാരിച്ചുകൊണ്ടവൾ കൊണ്ടുവന്ന സാധനങ്ങൾ മുന്നിൽ നിരത്തി. ഒരു ഇലക്ട്രിക് വാട്ടർ ഹീറ്ററും, കാസറോളും, ഫ്രൈയിംഗ് പാനും വാങ്ങി. മൂവായിരം രൂപയെന്നോ മറ്റോ അവൾ പറഞ്ഞു.
വാട്ടർ ഹീറ്റർ വർക്കു ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യത്തിന് 'ഞാൻ കാണിച്ചു തരാം' എന്നവൾ പറഞ്ഞു.
അടുക്കളയിൽ വന്നതിൻ്റെ പ്രവർത്തനമൊക്കെ മനസിലാക്കി തന്നിരുന്നു. തൻ്റെ മോളുടെ അതേ പ്രായം. പക്ഷേ താനറിയാതെ തന്നിൽ ഒരു കാമപിശാച് ഉണരുകയും, അവളെ കയറി കയറിപ്പിടിക്കുകയും ചെയ്തു. തൻ്റെ മുന്നിൽ അവൾ പൂച്ചയ്ക്കു മുന്നിലകപ്പെട്ട എലിക്കുഞ്ഞിനെപ്പോലെ വിറച്ചു നിന്നു പോയി. തൻ്റെ കടന്നാക്രമണത്തിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയെങ്കിലും അവൾ സർവ്വ ശക്തിയുമെടുത്ത് കുതറി മാറാൻ ശ്രമിച്ചു. പക്ഷേ താനവളെ കൂടുതൽ ആവേശത്തോടെ കടന്നു പിടിച്ചു.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ അവൾ തൻ്റെ കൈയ്യിൽ കടിച്ചു മുറിച്ചു. ഒരു നിമിഷം താനൊന്നു പതറി. ആ സമയം കൊണ്ടവൾ പുറത്തേയ്ക്കോടി. പിന്നാലെ ഇര നഷ്ടപ്പെട്ട വെപ്രാളത്തിൽ താനോടിച്ചെന്നെങ്കിലും വരാന്തയിലിരുന്ന
ബാഗുമെടുത്തവൾ ഓടി രക്ഷപ്പെട്ടു. പക്ഷേ ആ പിടിവലിയ്ക്കിടയിൽ പൊട്ടിവീണ അവളുടെ നൂലുപോലുള്ള മാലയുടെ കഷണങ്ങൾ വീടിനുള്ളിൽ നിന്നും കിട്ടിയിരുന്നു. ശപിക്കപ്പെട്ട നിമിഷങ്ങളുടെ ഓർമ്മയുണർത്താൻ കുറേ പാത്രങ്ങളും അവശേഷിച്ചു.
ശ്ശെ..ഒന്നും വേണ്ടായിരുന്നു!
'മാല പോയെങ്കിൽ പോട്ടെ. ആ പെൺകുട്ടിയോടൊപ്പം വന്നവർ ആരൊക്കെയാവും? എത്ര പേർ വന്നിട്ടുണ്ടാവും? അവരാ ഫോട്ടോകൾ ആരെയും കാണിക്കാതിരുന്നാൽ മതിയായിരുന്നു.' അയാൾ മനസിലോർത്തു.
താൻ പ്ലാൻ ചെയ്ത പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതോടെ ദുർഗ്ഗ അവിടെ നിന്നും വേഗത്തിൽ പിൻ വാങ്ങി. പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നുള്ള ബസിൽ കയറിയതോടെ അവൾ ദീർഘമായി നിശ്വസിച്ചു.
താനെഴുതിയ കത്ത് ഇപ്പോഴയാൾ വായിച്ചിട്ടുണ്ടാവും. ഒരിക്കലുമയാൾ കേസിനൊന്നും പോവില്ല തീർച്ച. താനൊറ്റയ്ക്കല്ല വന്നത് എന്നും തനിയ്ക്കൊപ്പം ഒരു ടീമുണ്ട് എന്നുമയാൾ ചിന്തിക്കുന്നുണ്ടാവും.
തൻ്റെ ഒറ്റയാൾ പോരാട്ടം വിജയിച്ചതിനാൽ ദുർഗ്ഗയുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം പൊട്ടി വിടർന്നു.