

"അതെ... എന്താ ഇത്താ.? "
"വൈകിട്ടത്തെ ബസ്സിന് 'ആബിദയും, കുട്ടിയും' വരണുണ്ട്. കഴിയുമെങ്കിൽ തിരികെ വരുമ്പോൾ അവരെക്കൂടെ കൂട്ടിവരാമോ?"
"വരാം... " പറഞ്ഞിട്ട് ആവേശത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കുമ്പോൾ... തലേദിവസം അവൾ അയച്ച വാട്സാപ്പ് മെസേജ് ആയിരുന്നു മനസ്സിൽ.
"അബ്ദു... നാളെ ഞാൻ നാട്ടിലേയ്ക്ക് വരുന്നുണ്ട്. പിറ്റേന്ന് തന്നെ മടങ്ങിപ്പോകും. ഒന്ന് കാണണമെന്നുണ്ട് ... പണ്ടത്തെപ്പോലെ കാത്തു നിൽക്കുമോ ബസ്സ് സ്റ്റോപ്പിൽ.?" രാത്രിയിലെ പൊള്ളിപ്പിടയുന്ന ഉഷ്ണത്തിനിടയിൽ മനസ്സിൽ മഞ്ഞു വർഷിച്ചുകൊണ്ട് അവളുടെ മെസേജ്. പെട്ടെന്ന് ഒരു മറുപടി കൊടുക്കാനായില്ല. മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം. ഒടുവിൽ ഏതാനും നിമിഷങ്ങൾക്ക് ശേഷം തിരികെ മെസേജ് അയച്ചു.
"എന്തിന്... കാത്തുനിൽക്കണം?"
"വെറുതേ... ഒന്ന് കാണാൻ വേണ്ടി മാത്രം." ഓൺലൈൻ ഓഫായി.
അങ്ങനെയാണ് അവൾ പറഞ്ഞ സമയം നോക്കി കുളിച്ചൊരുങ്ങി ഒന്നും അറിയാത്തവനെപ്പോലെ ബൈക്കുമെടുത്ത് ബസ്സ് സ്റ്റോപ്പിലേക്ക് യാത്ര തിരിച്ചത്. അപ്പോൾ ഇതാ... രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നുതന്നെ എന്ന് പറഞ്ഞതുപോലെ... മോളെ കൂട്ടിവരാമോ എന്ന് അവളുടെ ഉമ്മയുടെ ചോദ്യവും.
ബസ്സ് സ്റ്റോപ്പിലെ വെയ്റ്റിങ് ഷെഡ്‌ഡിലെ ചാരുബെഞ്ചിൽ വഴിക്കണ്ണുമായി ഇരുന്നു. തൊട്ടടുത്തുനിന്ന ബദാം മരത്തിൽ നിന്നും വീണ ഇലകൾ കാറ്റിൽ പാറിപ്പറന്നു. പണ്ടൊക്കെ ഇതുപോലെ ബസ്സ് കാത്ത് ഇവിടെ വന്നിരിക്കുമ്പോൾ 'ആബിദ' ബദാമിന്റെ കായ്കൾ എടുത്ത് ബായ്ഗിൽ നിറയ്ക്കുമായിരുന്നു. നല്ല രുചിയാണ് ഇതിന്റെ ഉൾക്കാമ്പിന് എന്ന് പറഞ്ഞുകൊണ്ട്.
ദൂരെനിന്ന് വരവ് അറിയിച്ചുകൊണ്ട് ബസ്സിന്റെ ഹോൺ ഉയർന്നു കേട്ടു. ഹൃദയം വല്ലാതെ തുടിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കാണാൻ പോവുകയാണ്. ആബിദയെ... എന്റെ ബാല്യകാല പ്രണയിനിയെ.
അവളെ കാണുമ്പോൾ എന്താണ് പറയുക... അവൾക്ക് എന്നോട് എന്തൊക്കെയാണ് ചോദിക്കാൻ ഉണ്ടാവുക.? വർഷങ്ങൾക്ക് മുൻപ് ഒരു ഭീരുവിനെപ്പോലെ അവളുടെ പ്രണയത്തിൽ നിന്നും രക്ഷതേടിക്കൊണ്ട് വിദേശത്തേയ്ക്ക് ഒളിച്ചോടിയതിനെക്കുറിച്ച് അവളോട് എന്ത് പറയും.
ഒടുവിൽ കണ്ടു പിരിയും നേരം പറഞ്ഞതുപോലെ... നിനക്ക് ഒരു ഭാവി ഉണ്ടെന്നോ... അതോ... എന്നേക്കാൾ യോഗ്യനായ ഒരാളെ നിനക്ക് കിട്ടിയില്ലേ എന്നോ.?
അവൾക്ക് എന്നോട് വെറുപ്പ് ഉണ്ടാകുമോ? അതോ... ഭീരുവായ കാമുകന്റെ ഓർമ്മകളിൽ മുഴുകി അവൾ പൊട്ടിച്ചിരിക്കുമോ? സായാഹ്നമായിട്ടും... ഇളം കാറ്റ് വീശിയടിച്ചിട്ടും എന്റെ ശരീരം വിയർക്കുന്നതുപോലെ എനിക്ക് തോന്നി.
പാടത്ത് കൊയ്ത്ത് നടക്കുന്നു. ഇത് മകരമാസമാണ്. പണ്ട് അവസാനമായി അവളെ തനിച്ചാക്കി വിദേശത്തേയ്ക്ക് ഒളിച്ചോടിയതും ഇതുപോലൊരു കൊയ്ത്തുകാലത്താണ്. ഇപ്പോൾ ആ ഓർമ്മകൾക്ക് ചൂട് പകർന്നുകൊണ്ട് വീണ്ടും ഇതാ ഒരു കൊയ്ത്തുകാലം.
അവളെ കാത്തുനിൽക്കുന്ന ഓരോ നിമിഷങ്ങൾക്കും ഓരോ മണിക്കൂറിന്റെ ദൈർഘ്യം ഉണ്ടെന്ന് തോന്നി. പണ്ട് കോളേജ് ക്യാമ്പസിലെ മരത്തണലിൽ വെച്ച് അവളെ കാത്തുനിൽകുമ്പോൾ ഇതേ അവസ്ഥയായിരുന്നു. ഉള്ളിൽ കുറ്റബോധത്തിന്റെയും, കഴിവുകേടിന്റെയും വേദന നിറയുന്നു.
അന്ന് ഒരൊറ്റ കുടക്കീഴിൽ നനഞ്ഞൊലിച്ചു ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ ആബിദ ചോദിച്ചു.
"ഈ ദിവസവും ഈ നിമിഷങ്ങളും നമുക്ക് ജീവിതത്തിൽ മറക്കാനാകുമോ? "
"ഒരിക്കലും മറക്കാനാവില്ല..." അന്ന് അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. പിന്നീട് എത്രപെട്ടെന്നാണ് അതൊക്കെ മറന്നുകളഞ്ഞത്. കോളേജ് പഠനത്തിന് ശേഷം ജോലി തേടി അലഞ്ഞ നാളുകളിൽ അവളെ അവഗണിച്ചു നടക്കവേ... അവൾ ചോദിച്ചു.
"നിനക്ക് എന്നോടുള്ള ഇഷ്ടം വെറും നേരംപോക്ക് മാത്രമായിരുന്നോ...അഭിനയം? "
"പെണ്ണെ, കോളേജുകാലത്ത് ആണും പെണ്ണും തമ്മിൽ ഇങ്ങനെ പ്രണയത്തിലാവുന്നതൊക്കെ സ്വഭാവികം. കോളേജ് വിടുന്നത്തോടെ അതിന്റെ ആയുസ്സും അവസാനിക്കും... അത്രമാത്രം. "
ആബിദ അന്ന് എന്നെനോക്കി അവജ്ഞയോടെ പുഞ്ചിരിച്ചു. അവൾക്ക് എന്നോട് തീർത്താൽ തീരാത്തത്ര വെറുപ്പുണ്ടെന്ന് ആ നിമിഷം തോന്നി. ഗൾഫിൽ പോയി ആദ്യ അവധിക്ക് വരുന്നതിനു മുന്നേ തന്നെ അവളുടെ വിവാഹം കഴിയുകയും... അവൾ ഭർത്താവിന്റെ നാട്ടിലേയ്ക്ക് യാത്രയാവുകയും ചെയ്തു.
പിന്നെ ഒരിക്കലും കണ്ടിട്ടില്ല... ഒന്ന് വിളിച്ചിട്ടില്ല... ഒടുവിൽ ഏതാനും നാളുകൾക്കു മുൻപാണ് കോളേജ് ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നമ്പർ തപ്പിയെടുത്തുകൊണ്ട് അവൾ എനിക്ക് മെസേജ് അയച്ചത്.
ഓർമ്മകളുടെ ഗതകാല ചിന്തകളിൽ നിന്ന് എന്നെ മുക്തനാക്കിക്കൊണ്ട് വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്കിട്ടുകൊണ്ട്ബസ്സ് വന്നുനിന്നു. വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കാണാൻ പോവുകയാണ്. ഒരുകാലത്ത് എന്റേത് മാത്രമായിരുന്ന... എന്നെ ജീവനുതുല്യം സ്നേഹിച്ച എന്റെ അയൽവാസിയും, കളികൂട്ടുകാരിയുമായിരുന്ന ആബിദയെ.
ബസ്സിൽ നിന്ന് ഇറങ്ങിയ ആളുകൾക്കിടയിൽ ആദ്യം കണ്ടത് അവളുടെ ഇഷ്ടനിറത്തിലുള്ള ചുരിദാറിന്റെ ഷാളാണ്. പിന്നെ അവളുടെ കൈപിടിച്ച് നടന്നുവരുന്ന കുട്ടിയേയും. ഞാൻ മെല്ലെ അവൾക്ക് അരികിലേയ്ക്ക് നടന്നു.
ഒരു നിറപുഞ്ചിരിയോടെ അവൾ എന്നെനോക്കി. ആ നോട്ടത്തിൽ നിന്ന് അവൾക്ക് എന്നോട് വെറുപ്പൊന്നും ഇല്ലെന്ന് മനസ്സിലായി. അവളുടെ കൈയിലിരുന്ന ബാഗ് വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
"വരൂ... പോകാം. നിന്നെയും, മോളെയും കൂട്ടികൊണ്ടുചെല്ലാൻ നിന്റെ ഉമ്മാ എന്നെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്."
"ഉം... ഉമ്മ വിളിച്ചിരുന്നു. ബസ്‌റ്റോപ്പിൽ നീ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു." അവൾ പുഞ്ചിരിച്ചു.
കവലയിലെ ബേക്കറിയിൽ നിന്ന് അവളുടെ ഇഷ്ട്ടാനുസരണം ഏതാനും പലഹാരങ്ങളും വാങ്ങി... ബൈക്കിന്റെ പിന്നിൽ അവളേയും, മോളെയും ഇരുത്തി വീട്ടിലേയ്ക്ക് തിരിക്കവേ... അവളുടെ മോൾ എന്നെ നോക്കി ചോദിച്ചു.
"ഉമ്മി... ഇത് ആരാ.? "
ഒരു നിമിഷം അവൾ കുസൃതിയോടെ എന്നെനോക്കി. എന്നിട്ട് മെല്ലെ ചോദിച്ചു.
"ആരാണെന്ന് പറയണം ഞാൻ... എന്റെ അയൽ വാസിയെന്നോ, അതോ സഹപാടിയെന്നോ, കാമുകനെന്നോ...?" എന്നിട്ട് മെല്ലെ ശബ്ദം താഴ്ത്തി അവൾ എന്റെ കാതിൽ പറഞ്ഞു.
"ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഉമ്മാന്റെ കെട്ടിയോൻ ആകേണ്ടുന്ന ആളാണ് മോളെ." പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് അവൾ കിലുകിലെ ചിരിച്ചു. ഒരുനിമിഷം ആ ചിരിയിൽ ഞാനും പങ്കുചേർന്നു എന്നിട്ട് ബൈക്ക് മെല്ലെ മുന്നോട്ടെടുത്തു. ഈ സമയം കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്ന് ഒരിളം കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.