mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Krishnakumar Mapranam)

നീണ്ടുപോകുന്ന ചെമ്മൺപാതയുടെ ഒരു വശത്ത് പച്ചവിരിച്ചനെൽപാടവും മറുവശത്ത് കശുമാവിൻ തോപ്പുമായിരുന്നു. ചെമ്മൺപാതയുടെ കിഴക്ക് അവസാനിക്കുന്നത് ഭഗവതിക്കാവിലാണ്. പടിഞ്ഞാറ് ടാറിട്ട മെയിൻ റോഡിലും. പാതയിലൂടെ കിഴക്കോട്ട് കുറച്ചുദൂരം പിന്നിടുമ്പോൾ ഒരു കുന്നിൻ പ്രദേശവും  അതിന് തൊട്ട്  ഉയരത്തിൽ കെട്ടിനിർത്തിയിരിക്കുന്ന ആയിരം ഗ്യാലൻ കൊള്ളുന്ന ഒരു വാട്ടർടാങ്കും കാണാം. 

പത്താം ക്ളാസ്സുകഴിഞ്ഞ് കൂടെ പഠിച്ചവരൊക്കെ കോളേജിൽ ചേർന്നപ്പോൾ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ദരിദ്രാവസ്ഥ കോളേജ് പഠനം സാധ്യമാക്കിയില്ല.  അച്ഛൻ തമിഴ് നാട്ടിലെ ഏതോ ഒരു ഹോട്ടലിൽ പണിയെടുക്കുകയായിരുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന ഒരതിഥി മാത്രമായിരുന്നു അച്ഛൻ. വരുമ്പോൾ എന്തെങ്കിലും തരുമന്നല്ലാതെ പൈസ അയയക്കുകയോ കുടുംബം നോക്കുകയോ ചെയ്തിരുന്നില്ല.

ഒരു തുണിക്കടയിൽ പണിയായിരുന്നു അമ്മയ്ക്ക്. തുച്ഛമായ വരുമാനം കൊണ്ടുവേണം ജീവിക്കാൻ. എനിക്കു താഴെ അനുജത്തി നാലിൽ പഠിക്കുകയാണ്. പഠിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ദരിദ്രാവസ്ഥ തുടർ പഠനത്തിന് സാധ്യമാകാതെ വന്നപ്പോൾ അമ്മ പറഞ്ഞു  "തൽക്കാലം ടൈപ്പ്റൈറ്റിംഗ് പഠിച്ചാമതി….അതുകഴിഞ്ഞ്.. എന്തെങ്കിലും ജോലി ...കിട്ടാതിരിക്കില്ല." അങ്ങിനെയാണ് ടൈപ്പിനു പോയത്. രണ്ടുവർഷം കഴിഞ്ഞെങ്കിലും ജോലിയൊന്നുമായില്ല. എന്തെങ്കിലുമൊരു ജോലി കിട്ടിയേ തീരൂ.

ഗ്രാമത്തിലെ ഭഗവതിക്കാവിൽ വഴിപാട് ചീട്ടൊക്കെ എഴുതിയിരുന്നത് ഗോവിന്ദൻ ചേട്ടനായിരുന്നു. മൂപ്പർക്ക് ഗൾഫിലൊരു ജോലി ലഭിച്ചു. ഗോവിന്ദൻ ചേട്ടനാണ് പറഞ്ഞത് വേറെ ജോലിയെന്തെങ്കിലും കിട്ടും വരെ ചീട്ടെഴുതാൻ പറ്റുമോയെന്ന്. അങ്ങിനെയാണ് താൽക്കാലികമായി ഭഗവതികാവിൽ വഴിപാട് ചീട്ടെഴുതുന്ന ജോലിയ്ക്കു പോയി തുടങ്ങിയത്. രാവിലെയും വൈകീട്ടും രണ്ടുനേരവും കാവിൽ പോകണം.  വിശേഷദിവസങ്ങളിൽ നല്ല പണിയുമുണ്ടാകും. ചീട്ടെഴുത്തിനു പുറമെ കാവിൽ മൊത്തമായി സഹായവും മേൽനോട്ടവും വഹിക്കണം. ദേവസ്വത്തിൽ നിന്നും മാസം അങ്ങിനെ കിട്ടുന്ന കുറച്ചു പൈസ ആശ്വാസമായി. 

ഞാൻ പ്രൈവറ്റായി പഠിക്കാനും തീരുമാനിച്ചു. ഭഗവതിക്കാവിലേയ്ക്കുള്ള വഴിയിൽ വാട്ടർടാങ്കിൻ്റെ അടുത്തുവച്ചാണ് എതിരെ വരുന്ന ആ പെൺകുട്ടിയെ ഞാൻ ഒരു ദിവസം കാണുന്നത്.  നീല പാവാടയുടുത്ത് കൈയ്യിൽ വലിയൊരു സഞ്ചിയിൽ പാൽക്കുപ്പികളുമായി അവൾ നടന്നു വരുകയാണ്.  ഒരു പാൽക്കാരി പെൺകുട്ടി. നീണ്ടമിഴികളും പാൽപുഞ്ചിരി തത്തികളിക്കുന്ന ചുവന്നുതുടുത്ത അധരങ്ങളുമായി അവൾ എന്നെ കടന്നു പോയി.

ആദ്യം തന്നെ ഞാൻ അവളെ ശ്രദ്ധിച്ചു. പക്ഷേ അവൾ ആരേയും ശ്രദ്ധിക്കാതെ നടന്നുപോകുകയാണുണ്ടായത്. ചെമ്മൺപാതയിൽ രാവിലെ കാവിലേയ്ക്ക് പോകുന്നവരുടേയും പട്ടണത്തിലേയ്ക്ക് ജോലിയ്ക്കു പോകുന്നവരെയും കാണാം. 

കാവിലെ വഴിപാട് ചീട്ടെഴുതാൻ പോയതോടെ അമ്പലത്തിൽ വരുന്നവരേയും മറ്റു പലരേയും എനിക്ക് പരിചയമായി. "സുഖമല്ലേ …"  എന്നൊരു ചിരിയുമായി ലോഹ്യത്തോടെ പലരും കടന്നുപോകും. വാട്ടർ ടാങ്കിൻ്റെ അടുത്തെത്തുമ്പോഴാണ് പാൽക്കാരി പെൺകുട്ടിയെ എന്നും കാണുക. എന്നും എതിരെ കടന്നു പോകുന്ന അവളെകാണുമ്പോൾ ആദ്യം ഒന്നും തോന്നിയിരുന്നില്ല.  പിന്നെയെപ്പോഴോ അവളെ കാണുമ്പോഴേയ്ക്കും നെഞ്ചുപിടയ്ക്കാൻ തുടങ്ങും. അവൾ എന്നെ ശ്രദ്ധിച്ചതേയില്ല. പാൽക്കുപ്പികളുമായി അവൾ എതിരെ നടന്നു പോകുമ്പോൾ ഞാൻ തിരിഞ്ഞു നോക്കും.

അവളുടെ കറുത്ത് ഇടതൂർന്ന മുടി പിന്നിൽ നീണ്ട ഒരു വെള്ളച്ചാട്ടം പോലെ ഒഴുകി കിടന്നു. നടത്തത്തിനൊപ്പം അത് പിൻഭാഗത്ത് തുള്ളികളിച്ചുകൊണ്ടിരുന്നു. കാവിലെ വേല ദിവസം നല്ല  തിരക്കുണ്ടായിരുന്നു. വഴിപാടുകൾക്ക് ചീട്ടെഴുതി കൊണ്ടിരിക്കെയാണ് മധുരമായ ശബ്ദം കേട്ടത്.

"അഞ്ചു പുഷ്പാഞ്ജലി…"

മുഖമുയർത്തിയപ്പോൾ കൈയ്യൊന്നു വിറച്ചു. ചുവന്ന കൂങ്കുമപൊട്ട്. മുടിയിഴകൾ നെറ്റിയിൽ ചുംബിക്കുന്നു

"പേരും നാളും പറയൂ…"

അവൾ നേർത്തൊരു മന്ദഹാസത്തോടെ അഞ്ചുപേരുകളും നാളുകളും മൊഴിഞ്ഞു. ചീട്ടെഴുതി കൊടുത്ത് അവൾ അതും വാങ്ങി കാവിനുള്ളിലേയ്ക്ക് പോയി.

ആ അഞ്ചുപേരുകളും സ്ത്രീ നാമങ്ങളായതുകൊണ്ട് അതിലേതാണ് അവളുടെ പേര് എന്ന് കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവൾ എന്നെ ശ്രദ്ധിക്കാതെ പോയെങ്കിലും ഞാനവളെ പിന്നേയും ശ്രദ്ധിച്ചു. എന്തെങ്കിലും ഒന്നു ചോദിക്കണം എന്നു കരുതിയെങ്കിലും അവളെ കാണുന്നതോടെ ഉണ്ടാകുന്ന ചങ്കിടിപ്പ് കാരണം ഒന്നും ചോദിക്കാനും കഴിഞ്ഞില്ല.

അങ്ങിനെ അവളൊരു സുഖമുള്ള നോവായി എന്നെ വലിച്ചുമുറുക്കി കൊണ്ടിരിക്കെ എന്തുമാകട്ടെ അവളോട് എന്തെങ്കിലും പറഞ്ഞിട്ടെ അടങ്ങൂ എന്നുള്ള വാശിയോടെയാണ് ഞാൻ ധൈര്യപൂർവ്വം അന്ന്  നടന്നത്. വാട്ടർടാങ്കിൻ്റെ അടുത്തെത്തി.ആ നേരത്ത് വരേണ്ടതായിരുന്നു. പക്ഷേ അവളെ കാണുന്നില്ല. അൽപ്പനേരം കാത്തു നിന്നു. ഛേ...അവളെ കാണുന്നില്ലല്ലോ… 

എനിക്കാധിയായി… നിരാശയായി. ഇന്നവൾക്കെന്തുപറ്റി.. കാവിലെത്തിയിട്ടും ആകെ ഒരു വിഷമം. ഈ അസ്വസ്ഥതകൾ ആരോട് പറയാനാണ്….ഹൃദയത്തിലെ വേദന ആരെയറിയിക്കാനാണ്. തിരുമേനി ചോദിച്ചു "എന്താഡോ...ഒരു..വിഷാദം…"

എൻ്റെ മുഖത്തുനിന്നും പലതും വായിച്ചെടുക്കുന്നുണ്ട്…അവരൊക്കെ.

"ഒന്നുമില്ല…"

അങ്ങിനെ പറഞ്ഞൊഴിഞ്ഞു

അവൾക്കെന്തുപറ്റി. എന്നും കാണുമ്പോൾ ഒരു സുഖമുണ്ടായിരുന്നു. ഒരിക്കലെങ്കിലും അവൾ തന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടില്ല. ഒന്നും മിണ്ടിയിട്ടില്ല. അവളാരാണ്. പേരുപോലുമറിയാൻ കഴിഞ്ഞിട്ടില്ല.  പക്ഷേ ഒരു ദിവസം കാണാതിരുന്നപ്പോൾ അറിയുന്നു. അവളെത്രമാത്രം തൻ്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് "ഒരു പുഷ്പാഞ്ജലി…."

"ങ്ങേ…."

 ചിന്തയിൽ നിന്നുമുണർന്ന് മുഖമുയർത്തി. കുങ്കുമപ്പൊട്ട്. നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന കുറുനിരകൾ. ചുണ്ടിൽ മനോഹരമായ പുഞ്ചിരി.

ദേഷ്യമാണ് തോന്നിയത്. ഹൃദയത്തെ എത്രമാത്രമാണ് അവൾ നീറ്റിയത്. എവിടെയായിരുന്നു അവൾ. 

"എന്താ…" ഒരു മയവുമില്ലാതെ ഞാൻ

"പുഷ്പാഞ്ജലി…"

"ങ്ങാ...പേരും നാളും ഇനി ചോദിക്കണം ന്നുണ്ടോ…" 

സ്വരം കടുപ്പമാകുന്നുണ്ടോ?

എന്തിനാണ് ? 

അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു

"എന്തിനാ...ദേഷ്യം…?"

"ദേഷ്യമോ...എനിക്കോ...എന്തിന്..?"

"എനിക്കറിയാം…."

"എന്ത്…"?

"എന്നോടുള്ള..ദേഷ്യം.."

"ഏയ്...തോന്നുന്നതാ…"

"ഇന്ന്...വരാൻ പറ്റിയില്ല…"

" അതിനെനിക്കെന്താ…"?

"ഒന്നുംല്യേ…"

"ഇല്ല…." 

ഞാൻ വിട്ടുകൊടുക്കാതെ പിടിച്ചു നിന്നു

"ഇനി മുതൽ ഇണ്ടാവില്ല….ഞാൻ"

"ങ്ങേ...എന്തുപററി…" ഞാനാകെ തകർന്നു. വിഷമിച്ചു.

"ഞങ്ങടെ പശൂനെ കൊടുത്തു…രണ്ടു മാസം കഴിയും പുതിയതൊന്നിനെ വാങ്ങാൻ..."

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഇനി മുതൽ അവളെ കാണാൻ പറ്റില്ലെന്ന്. അപ്പോൾ ഇത്രനാളും അവളും തന്നെ ശ്രദ്ധിച്ചിരുന്നുവെന്നോ..അവൾക്കു തന്നോട് ….അതോർത്തപ്പോൾ ഹൃദയത്തിൽ ഒരു കുളിരു പെയ്തു.

"നാള് വിശാഖം. പേര് ദേവി..."

അവൾ മൊഴിഞ്ഞു. 

അതെ ഒരു ദേവിതന്നെ. ഞാൻ മനസ്സിൽ പറഞ്ഞു. 

എൻ്റെ വിഷമം മുഖത്തുനിന്നും അവൾക്കും വായിച്ചെടുക്കാനാവുന്നു.

അവൾ ചോദിച്ചു 

"വിഷമംണ്ടോ…."

"എന്തിന്…"

"നുണപറയണ്ടാട്ടോ...എനിയ്ക്ക് വെഷമംണ്ട്…"

"ശരിയ്ക്കും.." ഞാൻ ചോദിച്ചു.

"ഉം...അതോണ്ടാണ്….."

അവൾ വേദനയോടെ മന്ദഹസിച്ചു

"തൊഴുതുവരൂ….നട അടയ്ക്കാറായി…"

ഹൃദയത്തിലുണ്ടായ കുളിരോടെ ഞാൻ പറഞ്ഞു

അവൾ കാവിനുള്ളിലേയ്ക്ക് കയറി. ഒരു നിലാവ് ഉദിച്ചപോലെ ദേവിയ്ക്കുമുന്നിൽ മറ്റൊരു ദേവിയെപോലെ അവൾ നിന്നു. 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ