"ഒരുപവൻ്റെ വളയോ, നിനക്കു നാണമില്ലേ രമേശാ ഗൾഫുകാരനായിട്ട്, ഈ നക്കാപ്പിച്ചയുമായിട്ട് പോകാൻ? അഞ്ചുപവൻ്റെ പാലയ്ക്കാമാല അമ്മാവൻ തരുമെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്." അമ്മയുടെ വാക്കുകൾകേട്ട രമേശന് വല്ലാതെദേഷ്യം വന്നുവെങ്കിലും, ദേവി ഒന്നുംമിണ്ടല്ലേയെന്ന് കണ്ണടച്ചുകാണിച്ചതിനാൽ അയാൾശാന്തനായിചോദിച്ചു.
"നക്കാപ്പിച്ചയോ? ഈ ഒരുപവൻ ഉണ്ടാക്കിയതിൻ്റെ ബുദ്ധിമുട്ട് എനിക്കുമാത്രമേ അറിയൂ. അമ്മയാരോട്ചോദിച്ചിട്ടാ അഞ്ചുപവൻ തരുമെന്നൊക്കെ പറഞ്ഞത്?"
"നീയവളുടെ അമ്മാവനാണ്. ഒരുപെൺകുട്ടിയെ ഇറക്കിവിടുവോൾ അമ്മാവനും കുറച്ചൊക്കെ ഉത്തരവാദിത്വമുണ്ട്."
"അതുകൊണ്ടാണല്ലോ അമ്മേ ഒരുപവൻകൊടുക്കുന്നത്. മാളൂന് ഞാൻമാത്രമല്ലല്ലോ, വേറെയും അമ്മാവൻമാരുണ്ടല്ലോ?"
"അവരൊക്കെ ഇവിടെത്തന്നെയല്ലേ, നീയല്ലേ ഗൾഫുകാരൻ?"
"അമ്മേ ഞാനവിടെച്ചെന്ന് പണം കുഴിച്ചെടുക്കുകയൊന്നുമല്ല. എൻ്റെഅവസ്ഥയെന്താ അമ്മ മനസിലാക്കാത്തത്?"
"രമേശാ.. നീയെന്നെ നാണം കെടുത്തരുത്. ഞാനവൾക്ക് വാക്കുകൊടുത്തുപോയി."
"ഒരുകാര്യംചെയ്യാം, അമ്മയുടെ രണ്ടുവളയൂരി അവൾക്ക് കൊടുത്തേക്കൂ. അവൾ പാലയ്ക്കാമാലയോ, നാഗപടത്താലിയോ എന്താന്ന്വെച്ചാൽ എടുക്കട്ടെ. എൻ്റെ കടമൊക്കെ വീട്ടിക്കഴിഞ്ഞിട്ട് അമ്മയ്ക്ക് വള ഞാൻവാങ്ങിത്തന്നോളാം."
സ്വന്തംവളയുടെ കാര്യംകേട്ടതേ, സരസ്വതിയമ്മ കോപംകൊണ്ട് വിറച്ചു. മറ്റെന്തുമവർ സഹിക്കും. വയസ് അറുപത്തിരണ്ട് ആയെങ്കിലും സ്വർണ്ണമവരുടെ ദൗർബല്യമാണ്.
"ഓ.. ഇത് നിൻ്റെഭാര്യയുടെ ബുദ്ധിയാവുമല്ലേ? അവളൊറ്റയൊരുത്തിയാ എൻ്റെ മക്കൾക്കൊന്നും കൊടുക്കാൻ സമ്മതിക്കാത്തതെന്ന് എനിക്കറിയാം. അവൾക്ക്സ്വർണ്ണ മില്ലാത്തതിൻ്റെ കണ്ണുകടിയാ."
"അതുമാത്രമമ്മ പറയരുത്. ദേവിയുടെഅച്ഛൻ അവൾക്ക് വാങ്ങിക്കൊടുത്ത ആഭരണങ്ങളെല്ലാം അമ്മയുടെ ഇളയമാേൾക്ക് സന്തോഷത്തോടെ ഊരികൊടുത്തവളാണ്. അതമ്മ മറന്നുപോയോ? ഒരുവളയെങ്കിലും അമ്മസ്വന്തംമകൾക്കായി കൊടുത്തിട്ടുണ്ടോ?"
"അച്ഛൻ്റെ സ്ഥാനത്തുനിന്ന് അതൊക്കെചെയ്യേണ്ടത് മൂത്തമകനായ നിൻ്റെകടമയാണ്."
"കടമ.. കടമ !! ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഈ കടമയെന്നപല്ലവികേട്ടു ഞാൻ മടുത്തു. മനുഷ്യനിവിടെ ഭ്രാന്തുപിടിച്ചുനിൽക്കയാണ്."
ദേഷ്യമടക്കാനാവാതെ രമേശൻ മുറ്റത്തേയ്ക്കിറങ്ങി. വടക്കേത്തൊടിയിലെ നാട്ടുമാവിൻ്റെ ചുവട്ടിലേയ്ക്കു നടന്നു. വീണുകിടക്കുന്ന ഇത്തിരികുഞ്ഞൻ മാമ്പഴങ്ങളയാൾ കൈക്കുമ്പിൾനിറയെ പെറുക്കിയെടുത്തു. അതിലൊരെണ്ണം കടിച്ചുകൊണ്ട് അടുത്തുള്ളകല്ലിൽ കയറിയിരുന്നു. എത്രയെത്ര മധുരസ്മരണകളാണ് ഓടിയെത്തുന്നത്.
സഹോദരങ്ങളോടും, കൂട്ടുകാരോടുമൊപ്പം മാഞ്ചുവട്ടിൽ തിമിർത്ത കുട്ടിക്കാലം. അച്ഛൻ്റെ മരണത്തോടെ പതിനാലാംവയസിൽ കുടുംബത്തിൻ്റെ ഉത്തരവാദിത്വം തലയിലേറ്റി. കൂലിപ്പണിയ്ക്കിറങ്ങിയെങ്കിലും കൂടുതൽ കൂലികിട്ടുന്ന ജോലിതേടി കെട്ടിടംപണിയിൽ സഹായിയായി. പിന്നീട് മേസ്തിരിയുമായി.
ഒരു വയസിനിളപ്പമുള്ള രമയെ പതിനെട്ടാംവയസിൽ കെട്ടിച്ചയച്ചു. കുടുംബത്തെ കരകയറ്റാന്‍വേണ്ടി ചെറുപ്രായത്തിൽത്തന്നെ പ്രവാസിയായി. മണലാരണ്യത്തിൽ ചെയ്യാത്തജോലികളില്ല. കിട്ടുന്ന പണമത്രയും നാട്ടിലേയ്ക്കയച്ച് കുബൂസും, വെള്ളവുംമാത്രംകഴിച്ച് വിശപ്പടക്കി. കൂട്ടുകാരൊക്കെ വെള്ളിയാഴ്ചകളിൽ മദ്യപിക്കുമ്പോൾ അയാൾമാത്രം എല്ലാറ്റിൽനിന്നും ഒഴിഞ്ഞുനിന്നു.
അനുജൻമാരെ രണ്ടുപേരെയും പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി. അവരുടെവിവാഹവും നടത്തിയശേഷം മുപ്പത്തിരണ്ടാം വയസിലാണ് രമേശൻ വിവാഹംകഴിച്ചത്. ഇളയസഹോദരി സുമയുടെ നേഴ്സിംഗ്പഠനം കഴിഞ്ഞയുടനെ നല്ലൊരാലോചന വന്നത് പണമില്ലാത്തതിൻ്റെ പേരിൽ വേണ്ടെന്നു വയ്ക്കാനൊരുങ്ങവേ, അന്നുശ്രീദേവിയാണ് യാതൊരു മടിയുംകൂടാതെ അവളുടെസ്വർണ്ണം മുഴുവൻ ഊരിത്തന്നത്. വൈകാതെ അത്രയുംസ്വർണ്ണം വാങ്ങിക്കൊടുക്കാമെന്നു പ്രതീക്ഷിച്ചുവെങ്കിലും, ഒരോവർഷവും പ്രാരാബ്ദങ്ങൾ കൂടിവരുകയായിരുന്നു.
പാവംദേവി! റോൾഡുഗോൾഡിൻ്റെ മാലയിട്ട് അവളുടെകഴുത്തൊക്കെ അലർജികൊണ്ട് കറുത്ത്പോയി. കൂട്ടുകാരിമിനിയുടെ മാലവായ്പ വാങ്ങിഇട്ടാണ് എവിടേലും പോകുന്നത്.
ഇത്തവണയെങ്കിലുമൊരു മാല ദേവിയ്ക്കായി കൊണ്ടുവരണമെന്നു കരുതിയതാണ്. അപ്പോഴാണ് രമയുടെ മകൾ മാളൂട്ടീടെവിവാഹം. സതീശൻ്റെ വീട്കേറിതാമസം. ഗിരീശന് സ്ഥലംവാങ്ങാനുള്ള സഹായാഭ്യർത്ഥന. അതുകൊണ്ടും തീരില്ല. നാട്ടിലേയ്ക്കുവരുമ്പോൾ പെർഫ്യൂമും, സോപ്പും, പൗഡറും, ഈന്തപ്പഴവും, സ്വീറ്റ്സും, മറ്റുമായി ബന്ധുക്കളാവശ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് വാങ്ങണമെങ്കിൽ രണ്ടുമാസത്തെ ശമ്പളംകൊണ്ടും തികയില്ല. എല്ലാം, കൊണ്ടുക്കൊടുത്താലോ ആർക്കും അതൊട്ട് തൃപ്തിയുമാവില്ല.
'പെർഫ്യൂമിന് മണംകുറവാണ്.'
'ആ ഷാംബൂതേച്ചിട്ട് മുടിമുഴുവൻ കൊഴിഞ്ഞുപോയി.'
'മിഠായിയ്ക്ക്ത്ര മധുരംപോരാ.' എന്നിങ്ങനെയൊക്കെ പരാതികളാണ്.
പ്രവാസി നാട്ടിലെത്തിയാലുടൻ അമ്പലപ്പിരിവിനും പള്ളിപ്പിരിവിനുമൊക്കെ ആളെത്തും. മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ നാലിരട്ടിചോദിക്കും. രോഗികളുടേയും, വീടില്ലാത്തവരുടേയും സഹായാഭ്യർത്ഥന വേറെയും. പ്രവാസജീവിതം പറഞ്ഞറിയിക്കാന്‍പറ്റാത്ത ഏകാന്തതയാണ്.
ആകാശത്തോളം സ്വപ്‌നങ്ങളുമായി പറന്നുയരുന്ന പ്രവാസിയുടെ ആയുസ്സിന്റെപകുതിയും, യൗവനവും, മരുഭൂമിയിലെ അത്യുഷ്ണത്തിലലിഞ്ഞു പോകുന്നത് ആരുംമറിയുന്നില്ല. എങ്കിലുമവർ തന്റെദുഃഖങ്ങളെല്ലാം മറച്ചുവെച്ച്, കുടുംബത്തിനുവേണ്ടി രാപകൽ അധ്വാനിക്കുന്നു. ഓരോതവണ നാട്ടിലേക്ക് വരുമ്പോഴും ഇനിയുള്ളജീവിതം തന്റെകുടുംബത്തോടൊപ്പം നാട്ടില്‍കഴിയണമെന്നാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴുമത് സാധിക്കാറില്ല. തന്റെകുടുംബത്തെ കഷ്ടതകളിൽനിന്നു കരകയറ്റാന്‍വേണ്ടി വീണ്ടുമവർ സ്വപ്നങ്ങളുടെ ഭാണ്ഠക്കെട്ടുമായി ചുട്ടുപൊള്ളുന്ന മരുഭൂമിയിലേയ്ക്ക് പറന്നുയരുന്നു.
''ഡാ..രമേശാ നീയിവിടെ വന്നിരിക്കയാണോ?''
സിബിച്ചൻ്റെ ശബ്ദമാണയാളെ ചിന്തയിൽ നിന്നുണർത്തിയത്. മൂന്നാലുമാമ്പഴങ്ങൾ പെറുക്കി, അതിലൊരെണ്ണം കടിച്ചുകൊണ്ട് സിബിച്ചനും രമേശൻ്റെഅരികത്തു വന്നിരുന്നു.
"എടാ സിബിച്ചാ.. നമ്മുടെ കുട്ടിക്കാലമെന്തു രസമായിരുന്നല്ലേ? ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ഒരു പൂമ്പാറ്റയെപ്പോലെപ്പാറിപ്പറന്ന്.." ഒരു ദീർഘനിശ്വാസത്തോടെ രമേശൻ പറഞ്ഞു.
"രമേശാ നിൻ്റെഅനിയൻമാരുടെ കല്ല്യാണം കഴിഞ്ഞപ്പോൾ ഞാൻനിന്നോടു പറഞ്ഞതാ തിരിച്ചുവന്ന് ഇവിടെയെന്തെങ്കിലും തൊഴിലുചെയ്തു ജീവിക്കാൻ. നീകേട്ടില്ല. നിൻ്റെ അനുജൻമാർക്കൊക്കെ നിന്നെക്കാൾ ശമ്പളമുണ്ട്. പക്ഷേ നിൻ്റെ അമ്മയും, സഹോദരങ്ങളും ഒരു മനഃസാക്ഷിയുമില്ലാതെ നിൻ്റെ ചോരയൂറ്റിക്കുടിക്കുകയാണ്. ഇതൊന്നും മനസിലാക്കാത്ത നീയൊരു പൊട്ടൻ." കൂട്ടുകാരൻ്റെഅവസ്ഥ ശരിക്കുമറിയാവുന്ന സിബി രോഷത്തോടെപറഞ്ഞു.
''മനസിലാവാഞ്ഞിട്ടല്ല സിബീ, എൻ്റെ അമ്മയും സഹോദരങ്ങളുമല്ലേ? എന്നോടല്ലാതെ അവരാരോട്...'' രമേശൻ്റെ തൊണ്ടയിടറി. പൊട്ടിവന്ന തേങ്ങലയാൾ ഉള്ളിലടക്കിയെങ്കിലും, ആമിഴികൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിതുമ്പി.
"എടാ.. നിൻ്റെഭാര്യയുടേം, മക്കളുടേംകാര്യം നീ ചിന്തിച്ചിട്ടുണ്ടോ? ജീവിതമൊന്നേയുള്ളൂ. അതുനീ മറക്കരുത്. പ്രവാസിയായ രമേശൻ്റെ ഭാര്യയുടെകഴുത്തിൽ മുക്കുപണ്ടം! മാളൂൻ്റെ കല്യാണത്തിനു പോകുമ്പോൾ ഇടാനായിട്ടവൾ എൻ്റെഭാര്യയോട് മാലചോദിച്ചു. മാലതരാനുള്ള മടികൊണ്ടോ, നിന്നെ വിഷമിപ്പിക്കാനോഅല്ല ഞാനിതു പറയുന്നത്. അവളുടെയീ അവസ്ഥയിൽ മിനിയ്ക്കു വല്യസങ്കടം. മിനിപറഞ്ഞതുകൊണ്ടു മാത്രമാണ് ഞാനിക്കാര്യം നിന്നോടുപറഞ്ഞത്."
സിബിയുടെവാക്കുകൾ രമേശൻ്റെ നെഞ്ചിൽ തീക്കനലുകൾ കോരിയിട്ടു.
"സിബിച്ചാ.. എനിക്കെല്ലാമറിയാമെടാ. എൻ്റെദേവി.. ഇന്നുവരെ ഒരുപരാതിയൊ, പരിഭവമോ അവളെന്നോട് പറഞ്ഞിട്ടില്ല. എല്ലാം സഹിക്കുന്ന അവൾക്കുവേണ്ടി എനിക്കൊന്നുംചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ.."
അയാളൊരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. വർഷങ്ങളോളം ഉള്ളിലടക്കിയ ദു:ഖം അണപൊട്ടിയൊഴുകി. സിബിയവനെ ആശ്വസിപ്പിച്ചില്ല. കരയട്ടെ. ഉള്ളിലുള്ള സങ്കടമെല്ലാം ഒഴുക്കിക്കളയട്ടെ. കളങ്കമില്ലാത്ത അവൻ്റെ സ്നേഹത്തെ ചൂഷണംചെയ്യുന്ന വീട്ടുകാരെ ഇനിയെങ്കിലുമവൻ തിരിച്ചറിയട്ടെ.
"ഇരുപത്തിരണ്ടുവർഷം ഞാൻ മരുഭൂമിയിൽ ഉരുകിയൊലിച്ചിട്ട് എൻ്റെ ഭാര്യയ്ക്കോ, മക്കൾക്കോ വേണ്ടിയൊന്നും സമ്പാദിക്കാവാത്ത മഹാപാപിയാണ് ഞാൻ."
നെഞ്ചുപൊട്ടുന്ന നൊമ്പരത്തോടെ അയാൾ പറഞ്ഞു.
"രമേശാ..നിൻ്റെമുന്നിൽ ചിരിച്ചുകാണിക്കുന്ന എല്ലാ മുഖങ്ങളും, സ്നേഹത്തിൻ്റെ മുഖങ്ങളല്ല. പലമുഖങ്ങളിലും സ്വാർത്ഥതയും, ഒളിപ്പിച്ച ചതിയുമാണുള്ളത്. നീയതുതിരിച്ചറിയാൻ വൈകിപ്പോയി. ഇനിയെങ്കിലും നീയാ സ്വപ്നലോകത്തിൽനിന്നും പുറത്തു വരൂ. നിൻ്റെ കുടുംബമെന്ന സ്വർഗ്ഗത്തിൽ ഭാര്യയ്ക്കും, മക്കൾക്കുമൊപ്പം സ്നേഹത്തിൻ്റെ ശീതളഛായയിൽ ജീവിക്കൂ. പട്ടിണിയാണേലും, പരാതിയില്ലാത്ത നിൻ്റെദേവിയും, മക്കളും കൂടെയില്ലേ? അതുമതിയെടാ. ഒന്നാേ, രണ്ടോപശുവിനെവാങ്ങി വളർത്തിയാലും നിങ്ങൾക്ക് സുഖമായിക്കഴിയാം."
''സിബിച്ചാ.. നീ പറഞ്ഞതു സത്യമാണ്. നീയെൻ്റെകണ്ണു തുറപ്പിച്ചു. ഞാനെൻ്റെ പ്രവാസം അവസാനിപ്പിക്കുകയാണ്. ഇനിയെൻ്റെ ജീവിതം ദേവിയ്ക്കും മക്കൾക്കുമൊപ്പമാണ്."
അയാൾ ആഹ്ളാദത്തോടെ പറഞ്ഞു. ചൂളംകുത്തിവന്ന ഇളംകാറ്റിൻ്റെ തലോടലിൽ ഞെട്ടറ്റുവീണു, തേനൂറും മാമ്പഴങ്ങൾ.