mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കോയമ്പത്തൂർ നിന്നും രാത്രി പന്ത്രണ്ടു മണിക്ക്  കൊച്ചുവേളി എക്സ്പ്രസ്സിൽ കയറുമ്പോൾ, തന്റെ മനസ്സിൽ ഒരേയൊരു ചിന്തയേയുണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ജനനത്തിനുത്തരവാദിയായ മനുഷ്യനെ കാണണം. കണ്ടു സംസാരിക്കണം.

അമ്മയെയും തന്നെയും അയാൾ ഒഴിവാക്കാൻ, അനാഥരാക്കാൻ, എന്താണു കാരണമെന്നറിയണം. 'എന്തു തെറ്റാണു തങ്ങൾ ചെയ്തത്?' ഒരേയൊരു ചോദ്യം.  തിരക്കിനിടയിലും, വേഗത്തിൽ ബർത്ത് കണ്ടുപിടിച്ചു, മിഡിൽബർത്താണ്. യാത്രക്കാരെല്ലാം നല്ല ഉറക്കം. 

മുകളിലേക്കു വലിഞ്ഞു കയറി, ബാഗ് തലയ്ക്കൽത്തന്നെ വച്ചു. പുറത്തെ കാഴ്ചകൾ കാണാനാകും വിധം ഒരു ദീർഘനിശ്വാസത്തോടെ ചരിഞ്ഞു കിടന്നു. വണ്ടി, സ്റ്റേഷനിൽ നിന്നും  അകലുകയാണ്. തീവണ്ടിയുടെ സംഗീതം, സ്വന്തം ജീവിതത്തിൽ ഒരുപാടു മോഹിച്ചെങ്കിലും തനിക്കു ലഭിക്കാതെ പോയ അച്ഛന്റെ താരാട്ടു പോലെ!

പുറത്തെ വെളിച്ചവും അകത്തെ   നിഴലുകളും തമ്മിൽ മത്സരിച്ചുള്ള കളിയിലാണ്, കളിക്കൂട്ടുകാരെപ്പോലെ. വഴിതെറ്റിയെന്നപോലെ, അവരുടെ കൂടെ താനും ഈ അപരിചിതരായ യാത്രികരും. തീവണ്ടിയുടെ മാറിമാറി വരുന്ന താളം, അന്തമില്ലാത്ത അനക്കം. ശരിക്കും തന്റെ ജീവിതം പോലെതന്നെ... 

പുറത്തെ ഇരുട്ടിലേക്ക് ഉറ്റുനോക്കിക്കിടക്കുമ്പോൾ, മനസ്സിൽ അറിയാതെ വന്ന നിശ്വാസം. മുന്നിൽ മധ്യവയസ്കനായ ഒരു അതികായൻ! ഉള്ളിലെ ഇരുട്ടിലേക്ക് ഓർമ്മകളുടെ വെളിച്ചത്തെ പായിച്ചു. അച്ഛൻ എന്നത് വെറും രൂപം മാത്രമായിരുന്നു, തനിക്കും ഋഷിക്കും. തങ്ങളുടെ ബാക്കി കൂട്ടുകാർക്കെല്ലാം ആ രൂപത്തിനു വെളിച്ചവും തെളിച്ചമുണ്ടായിരുന്നു. 

ഋഷിയുടെ അച്ഛൻ അവന്റെ ചെറുപ്പത്തിൽ മരിച്ചു പോയെങ്കിലും അച്ഛൻ്റെ നിഴൽരൂപമുണ്ട് അവൻ്റെ മനസ്സിൽ. അച്ഛനെക്കുറിച്ച് അഭിമാനപൂർവ്വം അവൻ പറയാറുണ്ട്. അഞ്ചു വയസ്സുവരെ ആ ലാളന അവൻ അനുഭവിച്ചിട്ടുമുണ്ട്. ആ സ്നേഹ നിമിഷങ്ങളുടെ ഓർമ്മകളുണ്ടവന്. തനിക്കോ? ഒന്നുമില്ലായിരുന്നു... അച്ഛന്റെ പേരോ, വിലാസമോ, തെളിയുന്ന രൂപമോ ഒന്നും.

അമ്മയുടെ കണ്ണീരും പാട്ടിയുടെ ശാപവചനങ്ങളും കേട്ടുണർന്നിരുന്ന കുട്ടിക്കാലം. 'പിഴച്ചസന്തതി!' എന്നതിൻ്റെ അർത്ഥമറിയില്ലെങ്കിലും ജീവിതത്തിൽ എറ്റവും കൂടുതൽ കേൾക്കുകയും വെറുക്കുകയും ചെയ്ത വാക്ക്. ശപിക്കുമെന്നേയുള്ളൂ, പാട്ടി ആൾ പാവമാണ്. തനിക്കൊരു കുറവും വരുത്തിയിട്ടില്ല. 

ചിന്തകൾ പിന്നെയും പാതയോരത്തെ കാഴ്ചകൾ പോലെ പിന്നോക്കം പാഞ്ഞുകൊണ്ടിരുന്നു. ആരോടൊക്കെയോ ഉള്ള വാശികൾ തീർക്കാനെന്നവണ്ണം, പാട്ടി, തന്നെ പഠിപ്പിച്ചു. തന്നെയൊരു അഡ്വക്കേറ്റ് ആക്കുകയായിരുന്നു ലക്ഷ്യം. പാട്ടിയുടെ മോഹവും സ്വപ്നവുമായി വളർന്നു അത്. താനും അവസരത്തിനൊത്തുയർന്നു. എന്നിട്ടും, മുന്നോട്ടുള്ള പാതയിൽ ഇടയ്ക്കിടെ തന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നിയിരുന്നു. അനാഥത്വത്തിന്റെ നിഴലുകൾ ഇരുട്ടു വീഴ്ത്തിക്കൊണ്ടിരുന്നു.

അമ്മ! പാട്ടിയുടെ ഏക മകൾ! ആ മനസ്സിൻ്റെ താളം മുറിയുമ്പോൾ, പാട്ടി കരയും. ആ ഇടനെഞ്ചു വിങ്ങും. പിഴച്ച സന്തതിയുടെ ജന്മത്തിനുത്തരവാദിയായവനെ ഉള്ളു ചുട്ടു ശപിക്കും. അമ്മ തനിക്ക് വെറുമൊരു രൂപം മാത്രമായിരുന്നു. ചിലപ്പോൾ കണ്ണുകൾ വിടർത്തി ചിരിക്കുന്നതു കാണാം, അടുത്ത നിമിഷം കനത്ത കാർമേഘം മൂടി, ഇരുണ്ടുകുത്തിപ്പെയ്യും. ആ പെയ്ത്തിൽ സ്വയം നഷ്ടപ്പെട്ട്, സ്വയം രക്ഷപ്പെട്ടു. വളരുന്തോറും തനിക്ക് ജിജ്ഞാസ വർദ്ധിച്ചു വന്നു. 'എന്തുകൊണ്ട്, തിനിക്കച്ഛനില്ല, താനെങ്ങനെ പിഴച്ചുണ്ടായ മകളായി?' ചോദ്യങ്ങൾ പലവട്ടം മനസ്സിലുരുവിട്ടു. പാട്ടിയോട് ചോദിക്കാനൊട്ടു ധൈര്യവുമില്ല.

ഋഷിയായിരുന്നു എന്നും തനിക്കു കൂട്ട്. അവന്റെയമ്മ രുഗ്മിണിയമ്മാൾ അമ്മയുടെ കളിക്കൂട്ടുകാരിയാണ്. ഇരു ശരീരവും ഒരു ഹൃദയവുമായി ജീവിച്ചവർ.  

വളർന്നപ്പോൾ ഒരിക്കൽ തന്റെ വിഷമം കണ്ട്, അമ്മയുടെ ഈ അവസ്ഥയിൽ ഏറെ സങ്കടപ്പടുന്ന  അവരുടെ നിയന്ത്രണം വിട്ടു. അന്നവർ തന്നെ ചേർത്തുപിടിച്ച്, ആ രഹസ്യത്തിൻ്റെ ഭാണ്ഡക്കെട്ടഴിച്ചത് ഇന്നും ഓർക്കുന്നു. എല്ലാം അറിഞ്ഞപ്പോൾ ഋഷി, കൂടെ വരാമെന്ന് പലവട്ടം പറഞ്ഞതാണ്. വേണ്ടെന്നത് തന്റെ തീരുമാനമായിരുന്നു. ഈ കൂടിക്കാഴ്ചയിൽ അവൻ വേണ്ട. ഇതു തനിക്കു വീട്ടാനുള്ള കടമാണ്. 

എറണാകുളം ജില്ലയിൽ എവിടെയോ ആണെന്നേ അറിയൂ. കൃത്യമായ സ്ഥലം കണ്ടെത്താൻ, അവിടെ ചെല്ലണം. ഋഷിയുടെ സുഹൃത്തുക്കൾതന്നെയാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതും ഏർപ്പാടാക്കിയതും. അല്ലെങ്കിലും, അവനില്ലായിരുന്നെങ്കിൽ, ഏതെങ്കിലും ഇരുണ്ടമുറിയിൽ ഇരുളടഞ്ഞ മനസ്സുമായി അമ്മയെപ്പോലെ താനും കഴിഞ്ഞേനേ.

കണ്ണിലേക്കടിക്കുന്ന വെളിച്ചവും യാത്രക്കാരുടെ ബഹളങ്ങളും കൂടി വരുന്നു. കണ്ണു തുറന്നു പുറത്തേക്കു നോക്കി. പാലക്കാട്‌ സ്റ്റേഷനെത്തിയിരിക്കുന്നു. സമയം ഒന്നര. വണ്ടി സമയത്തിനുതന്നെ ഓടുന്നതു ഭാഗ്യം! പുറത്ത് ഇരുട്ടത്ത് കള്ളനെപ്പോലെ പതുങ്ങി നിൽക്കുന്ന ചാറ്റൽ മഴയുണ്ട്. കണ്ണടച്ചങ്ങനെ കിടന്നു. ആരൊക്കെയോ കയറിവരുന്നതും ഇരിപ്പിടങ്ങൾ കയ്യടക്കുന്നതുമൊക്കെ അറിയുന്നുണ്ട്.

എപ്പോഴോ ഒന്നു മയങ്ങിക്കാണണം. ചിലയിടത്തു മുറിയുന്ന തീവണ്ടിയുടെ താളം. മറ്റു ചിലയിടത്ത് പാട്ടിയുടെ മുറിയാത്ത ശാപവാക്കുകൾ, അമ്മയുടെ അവ്യക്തമായ പുലമ്പലുകൾ, അച്ഛൻ പാടാത്തതെങ്കിലും എന്നും കാതുകളിൽ നിറയുന്ന താരാട്ടിൻ്റെ ഈണം. പിന്നെയും മയക്കത്തിലേക്ക്. 

കൊച്ചുവേളി എക്സ്പ്രസ്സ്‌ കുണുങ്ങിക്കുണുങ്ങി, പിന്നെയും സഞ്ചരിച്ചു. വേഗം കുറയ്ക്കേണ്ടിടത്തു കുറച്ചും കൂട്ടേണ്ടിടത്തു കൂട്ടിയും നിർത്തേണ്ടിടത്തു നിർത്തിയും തന്റെ കടമ നിർവ്വഹിച്ചു. ഇരുളും വെളിച്ചവും, നിഴലും നിലാവും- തമ്മിലുള്ള കളി തുടർന്നു. വീണ്ടും യാത്രക്കാരുടെ ബഹളവും വെപ്രാവളവും. വണ്ടി അടുത്ത സ്റ്റേഷനിൽ എത്തിയിരിക്കുന്നു. 'തൃശ്ശിവപേരൂർ...' സൈൻ ബോർഡിൽ പേരിന്റെ പെരുമ!

അനൗൺസ്‌മെന്റുകൾ, കച്ചവടക്കാർ, പുറപ്പെടുന്ന ട്രെയിനിന്റെ ചൂളം വിളികൾ: ആകെ ശബ്ദമയം. അധികം പേരില്ലായിരുന്നു കയറാൻ. കയറിയവരിൽ ഒരു പെൺകുട്ടി തനിക്കു താഴെയുള്ള സീറ്റിൽ വന്നിരുന്നു. മുഖം നല്ലതുപോലെ വ്യക്തമല്ല. ഇടയ്ക്കൊന്ന് മുഖമുയർത്തിയപ്പോൾ, കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു. പാറിപ്പറന്ന മുടി. കൈയിൽ ചെറിയൊരു ബാഗ്, ഒരു ഫയലും. 

സ്വന്തം ബാഗ് സീറ്റിനടിയിലേക്കു വച്ച്, ഫയൽ മടക്കി മടിയിൽ വച്ച്, പുറത്തെ ഇരുട്ടിലേക്കു നോക്കി, അവളിരുന്നു, ഒരിത്തിരി നേരം. പിന്നെ മൊബൈൽ കൈയിലെടുത്തു. ലോക്ക് മാറ്റി എന്തൊക്കെയോ ചെയ്തു. പിന്നെ അതിലേക്കുതന്നെ നോക്കിയിരുന്നു. ആരുടെയെങ്കിലും ഫോട്ടോ ആയിരിക്കുമോ?  ഉത്കണ്ഠ വളർന്ന് അവളുടെ ഫോണിലേക്ക് എത്തിനോക്കാൻ വരെ തോന്നുന്നുണ്ട്. അവളുടെ ഭാവം കണ്ടിട്ട് അവൾ വളരെയധികം മാനസിക വ്യഥ പേറുന്നുണ്ട് എന്നു തോന്നുന്നു. എന്തായിരിക്കും, പ്രണയ നൈരാശ്യമാകുമോ?കിലോമീറ്ററുകൾ സഞ്ചരിച്ചു വന്നിട്ടും കാമുകനെ കണ്ടെത്താത്തതിൻ്റെ നിരാശയായിരിക്കാം. അതോ, അയാൾ അവളെ തിരസ്ക്കരിച്ചിരിക്കുമോ, ദുഷ്യന്തനെപ്പോലെ? ആ കാമുകൻ അവളുടെ മുത്തശ്ശനാവാൻമാത്രം പ്രായമുള്ളവനാകാനും മതി. കാമുകൻ്റെ ഇമ്പമുള്ള സ്വരം പോലെയാകണമെന്നില്ലല്ലോ കാര്യങ്ങൾ നേരിൽ കാണുമ്പോൾ! കാലത്തിന്റെ പല തമാശകളിലൊന്ന്.

എന്തുകൊണ്ടോ, അവളോട് സംസാരിക്കണമെന്നു തോന്നി. മൊബൈൽ എടുത്തു സമയം നോക്കി. സമയം മൂന്നിനോടടുക്കുന്നു. ഇനിയും ഒരു മണിക്കൂറിൽ കൂടുതലുണ്ട്, തനിക്കിറങ്ങാനുള്ള എറണാകുളം സ്റ്റേഷനെത്താൻ. പതിയെ താഴെയിറങ്ങി. അവളെ നോക്കിയെങ്കിലും അവൾ ശ്രദ്ധിക്കുന്നില്ല, മൊബൈലിൽത്തന്നെ ശ്രദ്ധിച്ചിരുപ്പാണ്. ബാത്‌റൂമിൽ പോയി, മുഖം കഴുകി തിരിച്ചു വന്നപ്പോഴും അവൾ അതേയിരുപ്പാണ്. എതിർസീറ്റിലിരുന്നപ്പോൾ അറിയാതെ അവളുടെ കാലിൽ ഒന്നു തട്ടി. പെട്ടെന്നവൾ മുഖമുയർത്തി നോക്കി. അവളുടെ മുഖത്ത് ഒരു അമ്പരപ്പ് ദൃശ്യമാകുന്നതും, ചെറുതായി ഞെട്ടിയതും  കണ്ടെങ്കിലും അതിനേക്കാൾ ഞെട്ടിയത് താനായിരുന്നു. അവൾക്ക് എവിടെയൊക്കെയോ തന്റെ ഛായ! അതു മനസ്സിലാകാത്തതുപോലെ, അവളെ നോക്കി പുഞ്ചിരിച്ചു. അവൾ പരിസരം മറന്നതുപോലെ മൊബൈലിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കി.

അവളുടെ കണ്ണുകളിൽ ഒരു തിളക്കവും, മുഖത്തൊരു പ്രതീക്ഷയുമുണ്ടായോ! അതോ എല്ലാം തന്റെ തോന്നലോ? 

മണിക്കൂറുകൾക്കു ശേഷം, ആ പെൺകുട്ടിയോടൊപ്പം ഇടപ്പള്ളി സ്റ്റേഷനിലിറങ്ങുമ്പോൾ, തന്റെ മനസ്സിൽ ഉത്തരം കിട്ടാതെ അലയുന്ന ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു. ഇടയ്ക്കെവിടെയോ ട്രെയിൻ കുറേ സമയം പിടിച്ചിട്ടിരുന്നു. അതുകൊണ്ടുതന്നെ, വിചാരിച്ചതിലും അല്പം വൈകി. നേരം പുലരാറായിരിക്കുന്നു.

'ദേവ'യെന്നാണ് തന്നോടവൾ പേരു പറഞ്ഞത്. ഒരു ഇരുപതോ ഇരുപത്തൊന്നോ വയസ്സു കാണും.  അമൃത ആശുപത്രിയിലാണെന്ന് അവൾ പറഞ്ഞ അവളുടെ അച്ഛന് 'ഒ പോസിറ്റീവ്' രക്തം നൽകാനാണ് താൻ അവളോടൊപ്പം ഇവിടെ...

ഐ. സി. യു. വിന്റെ മുന്നിലെ മങ്ങിയ വെളിച്ചത്തിൽ ഒരാളിരുന്നുറങ്ങുന്നുണ്ട്. ദേവ അയാളെ തട്ടിവിളിച്ചു. അവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ അയാൾ തന്നെ നോക്കുന്നതു  കണ്ടെങ്കിലും, അങ്ങോട്ട് കൂടുതൽ ശ്രദ്ധ കൊടുത്തില്ല. അല്പം കഴിഞ്ഞു ദേവ അടുത്തേക്ക് വരുന്നതു കണ്ട്, അവൾക്കടുത്തേക്കു നടന്നു.  

"ചേച്ചി വരൂ, നമുക്ക് റൂമിൽ പോയി ഒന്നു ഫ്രഷാവാം." ദേവ പറഞ്ഞപ്പോൾ  അവളുടെ പിന്നിലായി നടന്നു. മരുന്നുകളുടെ ഗന്ധം തളംകെട്ടിക്കിടക്കുന്ന ആശുപത്രിയുടെ വരാന്തയും പടിക്കെട്ടുകളും കടന്ന്, മൂന്നാമത്തെ നിലയിലെ 303-ആം നമ്പർ മുറിയിലേക്കാണ് ദേവ തന്നെ എത്തിച്ചത്. ട്രെയിൻ പോകുന്നതിന്റെ ശബ്ദവും ചൂളം വിളികളും ഇവിടെയ്ക്ക് കേൾക്കാം.

തന്നോട് ഫ്രഷാവാൻ പറഞ്ഞ്, ദേവ ഫ്ലാസ്കുമെടുത്തു പുറത്തേക്കു പോയി. കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂടു ചായയും അപ്പവും കറിയുമായി ദേവയെത്തി. അവളും കുളിച്ചു വന്നപ്പോൾ, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

'ഇനിയെന്ത്' എന്ന ചിന്തയിൽ കുതറുന്ന തന്റെ മനസ്സ് ഇവിടെയൊന്നുമായിരുന്നില്ല. കഴിക്കുന്നതിന്റെ രുചിയോ ഗുണമോ ഒന്നുമറിയുന്നില്ലായിരുന്നു. താൻ തേടിയ ആളുടെ അടുത്താണ് എത്തിയത് എന്നെങ്ങനെ ഉറപ്പിക്കും?

"രാശിയേച്ചി, ഞാൻ വലിയച്ഛനെ ഇങ്ങോട്ടു വിടാം. ആൾ രാത്രി മുഴുവൻ ഐ. സി. യു. വിന്റെ മുന്നിൽ ഉറക്കമിളച്ചതാണ്. കുറച്ചു വിശ്രമിച്ചോട്ടെ. ചേച്ചിക്ക് വിരോധമില്ലല്ലോ ഇവിടെയിരിക്കാൻ, അതോ എന്റെ കൂടെ പോരുന്നോ?"

"ഇല്ല, ദേവ പോയി വരൂ."

"എങ്കിൽ ഞാൻ പോയി, സിസ്റ്ററിനോട് ബ്ലഡ്‌ റെഡിയായ കാര്യവും പറഞ്ഞു, ചായയൊക്കെ വാങ്ങിക്കൊടുത്ത് അവിടെ ഇരിക്കാം. ബ്ലഡ്‌ കൊടുക്കാൻ സമയമാകുമ്പോൾ ഞാൻ വിളിക്കാം, അതുവരെ ചേച്ചിയ്ക്ക് വേണമെങ്കിൽ ഒന്നുറങ്ങുകയുമാകാം."

അവൾ പോയപ്പോൾ, കഴിഞ്ഞ രാത്രി ദേവ തന്നോടു പറഞ്ഞ കാര്യങ്ങൾ ഓർത്തു. ദേവയുടെ മൊബൈലിൽ ഉണ്ടായിരുന്നത് പഴകി ദ്രവിച്ച ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ഫോട്ടോയായിരുന്നു. അവളുടെ അച്ഛൻ ഐ. സി. യു. വിൽ കയറും മുൻപ് അവളെ പറഞ്ഞേല്പിച്ചതാണത്രേ. വീട്ടിൽ, തന്റെ പെട്ടിയിൽ ഇങ്ങനെ ഒരു ഫോട്ടോ ഉണ്ടെന്നും അവരെക്കണ്ടുപിടിക്കണമെന്നും, അവർക്കൊരു മകനോ മകളോ ഉണ്ടെങ്കിൽ സ്വന്തം കൂടപ്പിറപ്പായിക്കാണണമെന്നും. കൂടുതൽ സംസാരിക്കാൻ ഡോക്ടർ അനുവദിക്കാത്തതിനാൽ അവൾക്കും കൂടുതലൊന്നുമറിയില്ല. താനും ഒന്നും വെളിപ്പെടുത്തിയില്ല. ആ പഴയ ഫോട്ടോയ്ക്ക് അമ്മയുടെ ചെറുപ്പവുമായി വലിയ സാമ്യമൊന്നും തനിക്കു തോന്നിയില്ല. ആകെയുള്ളത് താനും അവളും തമ്മിലുള്ള ചെറിയൊരു സാമ്യമാണ്. അതായിരുന്നു ദേവയെ അമ്പരപ്പിച്ചത്.

അയാൾ തന്റെ അച്ഛനാണെങ്കിൽ, മരണക്കിടക്കയിലാണെങ്കിൽപ്പോലും തനിക്കു പറയാനുള്ളത് പറയണം. അവസാനം ഈ സമയത്ത് തന്റെ രക്തംതന്നെ വേണ്ടിവന്നത് ഈശ്വരനിശ്ചയമല്ലെങ്കിൽപ്പിന്നെന്ത്?

വാതിലിൽ മുട്ടുന്നതു കേട്ടു, പോയി വാതിൽ തുറന്നു. ദേവയുടെ വലിയച്ഛനാണ്. കതകു തുറന്നു കൊടുത്തു തിരികെ ബെഡ്‌ഡിൽ വന്നിരുന്നു. അയാൾ കുറച്ചു സമയം ശങ്കിച്ചു നിന്ന ശേഷം  ചോദിച്ചു:

"പഞ്ചമിയുടെ മകളാണോ?"

ഒരു ഞെട്ടലോടെ അയാളെ നോക്കി, ഇയാൾക്കെങ്ങനെ അമ്മയെ...? അപ്പോൾ ഇയാളും തന്റെ ശത്രുപക്ഷത്താണോ, ഒരു പക്ഷെ താൻ തേടുന്നിത്തേയ്ക്ക് ഇയാൾ തന്നെ എത്തിക്കും. തിരിച്ചൊന്നും പറയാതെ അയാൾക്കായി കാതോർത്തു.

"ഞാൻ വാസുദേവന്റെ ചേട്ടനാണ്. എനിക്ക് മോളോടു ചിലതു പറയാനുണ്ട്..."

അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ആയാസപ്പെട്ട് അയാളിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി:

"പതിനാറാമത്തെ വയസ്സിലാണ് പഞ്ചമി ഞങ്ങളുടെ വീട്ടിൽ ജോലിക്കായി വരുന്നത്. അവളുടെ ഒരമ്മാവനോ മറ്റോ ആണ് അവളെ അവിടെ കൊണ്ടുവന്നാക്കിയത്. മിടുക്കിയായ അവളെ അമ്മയ്ക്കു വലിയ കാര്യമായിരുന്നു. ഞാൻ അന്നു വീട്ടിലില്ല. മൂന്നാറിലെ ചായത്തോട്ടത്തിലായിരുന്നു. വല്ലപ്പോഴുമേ വരൂ. അന്ന് കോളേജിൽ പഠിക്കുകയായിരുന്ന വാസുവും അവളും തമ്മിൽ അടുത്തു. ആ അടുപ്പം ക്രമേണ ഒരു തെറ്റിലേക്ക് അവരെക്കൊണ്ടെത്തിച്ചു. ഗർഭിണിയായ പഞ്ചമിയെ, രായ്ക്കുരാമാനം അവളുടെ അമ്മാവനെ വിളിച്ചു വരുത്തി, പറഞ്ഞു വിടുകയായിരുന്നു പ്രതാപിയായ അച്ഛൻ. പരീക്ഷയ്ക്കു പഠിക്കാനായി കൂട്ടുകാരോടൊപ്പം കോളേജ് ഹോസ്റ്റലിലായിരുന്ന വാസുവറിയാതെയാണ് ഇതൊക്കെ നടന്നത്.

അവൻ തിരിച്ചു വന്നപ്പോൾ അവളെക്കാണാതെ വല്ലാതെ ബഹളം കൂട്ടി. അച്ഛൻ അവളുടെ അമ്മാവനെ വരുത്തി അവളുടെ വിവാഹം മറ്റൊരാളുമായി നടന്നുവെന്നു പറയിപ്പിച്ചു. അച്ഛനോടുള്ള പേടിയും പഞ്ചമിയോടുള്ള ഇഷ്ടക്കൂടുതലും മൂലം പതിയെ അവൻ വിഷാദ രോഗിയായി മാറി. മുറിയടച്ചിട്ടിരുന്നു കുറേക്കാലം. ചികിത്സയൊക്കെ ചെയ്ത് ഒരുവിധം അസുഖം മാറി, അവൻ തിരിച്ചു വീട്ടിലെത്തിയ സമയത്താണ് അവന്റെ കിടക്കയുടെ ചുവട്ടിൽ നിന്ന് പഞ്ചമി എഴുതിവച്ച, അവൾ ഗർഭിണിയാണെന്ന വിവരമടങ്ങിയ കത്ത് അവനു കിട്ടിയത്. അതോടെ അവൻ മുഴുഭ്രാന്തനായി മാറുകയായിരുന്നു.

അച്ഛന്റെ പണക്കൊഴുപ്പിൽ, ചികിത്സകൊണ്ടു കുറേയൊക്കെ മാറിയെങ്കിലും, അവൻ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. ഒരു വിവാഹം അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നു കരുതി, അകന്ന ബന്ധത്തിലുള്ള നിർധന കുടുബത്തിലെ കുട്ടിയായ, ദേവയുടെ അമ്മയെ അവനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ദേവയുടെ അമ്മയ്ക്ക് അവനെ ഉൾക്കൊള്ളാനായില്ല. ആറുമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച്, അവൾ വേറൊരാൾക്കൊപ്പം ഇറങ്ങിപ്പോയി. അദ്‌ഭുതമോ ദൈവാനുഗ്രഹമോ എന്നറിയില്ല കുഞ്ഞിനെ അവനു ജീവനായിരുന്നു. അവൾ വളരുന്നതിനൊപ്പം അവന്റെ അസുഖം സുഖപ്പെട്ടു വന്നു. മരുന്ന് മുടങ്ങാതെ കഴിച്ചിരുന്നു. പഴയ കാര്യങ്ങളൊക്കെ പിന്നീട് ഓർമ്മയിൽ വന്നെങ്കിലും അച്ഛനെ ധിക്കരിക്കാൻ അവനു ധൈര്യമില്ലായിരുന്നു. എല്ലാമറിഞ്ഞിട്ടും അവനെ സഹായിക്കാൻ എനിക്കുമായില്ല. പിന്നീടവൻ കുഞ്ഞിനുവേണ്ടി മാത്രം ജീവിച്ചു. ഇതിനിടയിൽ പണവും പ്രതാപവുമൊക്കെ നഷ്ടപ്പെട്ടിരുന്നു. രണ്ടു വർഷം മുൻപ് അച്ഛനുമമ്മയും ഒരപകടത്തിൽ മരിച്ചു. ഞാൻ വർഷങ്ങളായി, കുടുംബത്തോടെ  മൂന്നാറിലുമായിരുന്നു.

ഇന്നിപ്പോൾ, തുടർച്ചയായി കഴിച്ച മരുന്നുകൾ അയാളെ വൃക്കരോഗിയാക്കി മാറ്റി. കുറേ നാൾ ആരെയും ഒന്നുമറിയിച്ചില്ല. രോഗം മൂർച്ഛിച്ചപ്പോൾ അവൻ ദേവ മോളോട് പഞ്ചമിയെക്കുറിച്ച് പറഞ്ഞു. 'അവൻ തെറ്റൊന്നും ചെയ്യാത്തതു കൊണ്ടാവും, അവസാന കാലത്തെങ്കിലും മോൾ അവനടുത്തെത്തിയത്. മോളവനെ വെറുക്കരുത്."

തല പെരുക്കുന്നതു പോലെ തോന്നി. അമ്മയുടെ പേരും 'പഞ്ചമി'യെന്നുതന്നെ, പക്ഷേ, ഋഷിയുടെ അമ്മ പറഞ്ഞ കഥയിൽ വാസുദേവനില്ല, അമ്മ എവിടെയും പണിക്കു പോയിട്ടുമില്ല. വീടിനടുത്തുള്ള അയ്യപ്പൻ കോവിലിൽ പൂജയ്ക്ക്, പൂക്കൾ അടുപ്പിച്ചു കൊടുക്കലായിരുന്നു അമ്മയുടെ ജോലി. രണ്ടു മൂന്നു വർഷങ്ങളിൽ അടുപ്പിച്ച് അവിടെ വന്നുപോയ ഏതോ ഒരു പൂജാരിയാണ് അമ്മയുടെ മനസ്സും മറ്റു പലതും കവർന്നത്.

പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു, ദേവയാണ്.

"രാശിയേച്ചി, ഇങ്ങോട്ടു വരുമോ?"

കുഴഞ്ഞു മറിഞ്ഞ ചിന്തകളോടെ പടികളിറങ്ങി. പടികൾ ഒന്നിനു പിറകെ ഒന്നായി പിന്നിടുമ്പോഴും ഒരു തീരുമാനത്തിലേതാനാവാതെ മനസ്സ് നിന്നിടത്തു തന്നെ നിന്നു. ഒരു യന്ത്രത്തെപ്പോലെ ദേവയ്‌ക്കരികിലെത്തി, അവൾ കാണിച്ച വഴിയിലൂടെ മുന്നോട്ടു നടന്നു. ബ്ലഡ്‌ കൊടുക്കാനായി കിടക്കുമ്പോൾ അപ്പുറത്തെ ബെഡ്‌ഡിൽകിടക്കുന്നയാളുടെ അവശവും ശാന്തവുമായ മുഖം  മനസ്സിലെ കരടുകൾ പലതിനെയും അലിയിച്ചു കളഞ്ഞു. തന്റെ അച്ഛനും ഇതുപോലെ നിസ്സഹായതയുടെ എന്തെങ്കിലും കഥകൾ പറയാനുണ്ടാവുമോ? മനസ്സിൽ പതിപ്പിച്ച ആ ദുഷ്ടമുഖത്തിന്റെ സ്ഥാനത്ത് വാത്സല്യം തുളുമ്പുന്നൊരു മുഖം പ്രതിഷ്ഠിക്കാൻ ശ്രമിച്ചു. പലവട്ടം ശ്രമിച്ചു പരാജയപ്പെട്ടുവെങ്കിലും, പിന്നെയും ശ്രമിച്ചു കൊണ്ടിരുന്നു. ഒന്നും ചിന്തിക്കാതെ കണ്ണടച്ചു കിടക്കുമ്പോൾ, അകലെനിന്നും ഏതോ വണ്ടിയുടെ ചൂളംവിളി കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഒപ്പം ഒരു താരാട്ടിന്റെ വരികളും.

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ