"അച്ചായാ, അമ്മച്ചിയുടെ കൈയിൽ കിടന്ന രണ്ടാമത്തെ വളയും കാണാനില്ല. ഇന്ന് നിങ്ങളുടെ ചേട്ടന്റെ മകൾ വന്നിട്ടുണ്ടായിരുന്നു. ഊരിക്കൊടുത്തു കാണും."
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യ നീരസത്തോടെ പറഞ്ഞു. അവളുടെ പരാതിയും പരിഭവവും കേട്ടുകൊണ്ടാണ് നിത്യവും ഉറങ്ങാറുള്ളത്. പ്രതികരിച്ചില്ലെന്നു വേണ്ട, അവളുടെ നേരേ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു:
"ആര്, ലീനയോ?"
"അതേ, ആ ചാട്ടക്കാരിപ്പെണ്ണ്. സ്നേഹം ഒലിപ്പിച്ചുകൊണ്ട് അമ്മച്ചിയെ ചുറ്റിപ്പറ്റി നിന്നപ്പോഴേ ഞാൻ കരുതിയതാ, എന്തെങ്കിലും ഒപ്പിക്കാനായിരിക്കുമെന്ന്. ഒന്നും കാണാതെ അവൾ ഇങ്ങനെ വരില്ലല്ലോ."
"അതൊക്കെ നിനക്കു തോന്നുന്നതാടീ, അവൾ പഠിപ്പും വിവരവുമുള്ളവൾ അല്ലയോ? അങ്ങനെയൊന്നും അവൾ ചിന്തിക്കില്ല, എല്ലാം നിന്റെ സംശയങ്ങൾ ആണ്."
"എങ്കിൽപ്പിന്നെ അമ്മച്ചിയുടെ കൈയിൽ കിടന്ന വള എവിടെ? വൈകുന്നേരം മുതൽ അതു കാണാനില്ല. ഞാൻ ചോദിച്ചപ്പോൾ അമ്മച്ചി ഒന്നും മിണ്ടിയതുമില്ല."
"അമ്മ അത് എവിടെയെങ്കിലും ഊരിവച്ചിട്ടുണ്ടാവും."
"ഓ .. പിന്നേ, ആറുമാസങ്ങൾക്കു മുമ്പാണ് നിങ്ങളുടെ പെങ്ങൾ വന്ന് അമ്മച്ചിയുടെ ഇടതു കയ്യിൽ നിന്നും ആദ്യത്തെ വള ഊരിക്കൊണ്ടു പോയത്. അന്നവൾക്ക് അമ്മച്ചിയോട് എന്തു സ്നേഹമായിരുന്നു! കഷ്ടപ്പെട്ടു നോക്കുന്ന ഈയുള്ളവൾക്ക് ഒരു വിലയുമില്ല. എന്തു ചെയ്തു കൊടുത്താലും തൃപ്തിയില്ല. കുറ്റം പറയാൻ എന്താ മിടുക്ക്!"
"അമ്മയ്ക്ക് എന്നെപ്പോലെ തന്നെയാണ് മറ്റു മക്കളും. വള ഊരിക്കൊടുത്തെങ്കിൽ അതു മറ്റാർക്കുമല്ലല്ലോ, സ്വന്തം മക്കൾക്കു തന്നെയല്ലേ? നീ ഇങ്ങനെ എല്ലാവരേയും കുറ്റപ്പെടുത്താതെ കിടന്നുറങ്ങാൻ നോക്കു മോളീ... എനിക്കുറക്കം വരുന്നു."
തിരിഞ്ഞു കിടക്കാൻ തുടങ്ങുന്നതിനിടയിൽ വീണ്ടും അവളുടെ പരിഭവങ്ങൾ:
"അല്ലെങ്കിലും ഈ വീട്ടിൽ എനിക്കൊരു സ്ഥാനവുമില്ലല്ലോ. നേരം വെളുക്കുന്നതു മുതൽ ഇരുട്ടുന്നതു വരെ കാളയെപ്പോലെ പണിയെടുക്കുവാൻ വേണ്ടി മാത്രം ഒരു ജന്മം. എന്റെ സങ്കടങ്ങൾ ആരറിയാൻ."
കൂർക്കംവലിക്കുന്ന ഭർത്താവിനെ തട്ടിയുണർത്തി ദേഷ്യത്തോടെ അവൾ പറഞ്ഞു കൊണ്ടിരുന്നു.
"എന്റെയൊരു തലവിധി, എത്ര നല്ല ആലോചനകൾ വന്നതായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. കഷ്ടപ്പെടാൻ ഞാനും അനുഭവിക്കാൻ മറ്റുള്ളവരും!"
"മതിയാക്കെന്റെ മോളിയേ, ഇനി നാളെയാവട്ടെ. എനിക്ക് രാവിലെ ഓഫീസിൽ പോകാനുള്ള താണ്. നാളെ അല്പം നേരത്തേ പോകണം. നമുക്ക് എല്ലാത്തിനും സമാധാനം ഉണ്ടാക്കാം."
"എന്തു സമാധാനം, അമ്മച്ചിയെ കുറച്ചു ദിവസം ചേട്ടന്റെ വീട്ടിൽ കൊണ്ടാക്കിയിട്ട് എവിടെയെങ്കിലും ഒന്നു കറങ്ങാൻ പോകാമെന്ന് എത്ര നാൾ കൊണ്ട് ഞാൻ പറയുന്നു. നിങ്ങൾ കേട്ടില്ലല്ലോ. ഈ അടുക്കളയിൽ കിടന്ന് എന്റെ ജീവിതം മുരടിച്ചുപോകുകയേ ഉള്ളൂ..."
"നീയൊന്നടങ്ങടീ... ഓണത്തിന് രണ്ടുമൂന്നു ദിവസം അവധി കിട്ടുമല്ലോ... അന്നു നോക്കാം. മോനും അപ്പോൾ ക്ലാസ്സ് നഷ്ടപ്പെടില്ല."
തന്റെ വാക്കുകൾ വിശ്വസിച്ചിട്ടാവണം, ഒരു ദീർഘ നിശ്വാസത്തോടെ അവൾ തിരിഞ്ഞു കിടന്നുറങ്ങി.
'പാവം! ഒരു ജോലി കിട്ടാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നിട്ടും മറ്റുള്ളവർക്കു വേണ്ടി മാത്രം എരിഞ്ഞു തീർക്കുന്ന ഒരു ജീവിതം. അവളുടെ ആഗ്രഹങ്ങൾ യാതൊന്നും തന്നെ ഇന്നുവരേയും പരിഗണിക്കപ്പെട്ടിട്ടില്ല. കുറ്റബോധം നിറയുന്ന മനസ്സുമായി അവളോടു ചേർന്നു കിടന്നു.'
"അച്ചായാ എഴുന്നേൽക്കൂ... ഇന്ന് നേരത്തേ പോകണമെന്നല്ലേ പറഞ്ഞിരുന്നത്. സമയം ഒത്തിരി ആയി."
'അയ്യോ... ഏഴുമണിയായല്ലോ... അലാറം അടിച്ചതു കേട്ടില്ല.'
"മോളീ, ടിഫിൻ എടുത്തോളൂ.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാനൊന്നും നിൽക്കുന്നില്ല. ഉടനെ ഇറങ്ങണം."
"എല്ലാം റെഡിയായിട്ടുണ്ട്. എന്തെങ്കിലും കഴിച്ചിട്ടു പോകൂ..."
"വേണ്ട, ഞാൻ ഓഫീസിൽ ചെന്നിട്ട് എന്തെങ്കിലും വാങ്ങിക്കഴിച്ചോളാം. രാവിലെ തന്നെ ഒന്നു രണ്ടു അപ്പോയ്മെന്റ്സ് ഉണ്ട്. അമ്മ ഇതുവരെ എണീറ്റില്ലേ?"
"അമ്മച്ചി ചായ കുടിച്ചിട്ട് വീണ്ടും കിടന്നു."
"ശരി, ഞാൻ ഇറങ്ങുന്നു. മോൻ റെഡിയായോ?"
"അവൻ കുളിക്കുന്നു."
'പുലർച്ചയ്ക്കു തന്നെ അവൾ എഴുന്നേറ്റു എല്ലാം ഒരുക്കിവച്ചിട്ടും ഒന്നും കഴിക്കാതെ താൻ പോയതിലുള്ള പരിഭവം ആയിരിക്കും ഇന്നു രാത്രിയിൽ കേൾക്കേണ്ടി വരിക.'
"മോളിക്കുട്ടിയേ, അവൻ പോയോടീ?"
"പോയി അമ്മച്ചീ, ഒന്നും കഴിക്കാതെയാണ് പോയത്."
"സമയത്തിനൊന്നും ഉണ്ടാക്കിക്കൊടുത്തു കാണില്ല."
"മേശപ്പുറത്ത് എല്ലാം എടുത്തു വച്ചിട്ടും കഴിക്കാതെ പോയതിന് ഞാൻ എന്തു ചെയ്യും?"
"നിന്നെ പറഞ്ഞിട്ടു കാര്യമില്ല, അതിനൊക്കെ കുടുംബത്തിൽ പിറക്കണം."
"ഈ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാനാണെന്നല്ലേ അമ്മച്ചി പറഞ്ഞു വരുന്നത്. എന്നാൽ ഞാനങ്ങു പോയേക്കാം. കുടുംബത്തിൽ പിറന്ന ആരെയെങ്കിലും കൊണ്ട് മോനെ ഒന്നു കൂടി കെട്ടിക്കാമല്ലോ."
"കെട്ടിക്കുമെടീ... നീ നോക്കിക്കോ..."
"രാവിലെ തന്നെ അമ്മായിഅമ്മയും മരുമകളും തമ്മിൽ പൊരിഞ്ഞ യുദ്ധമാണല്ലോ, എന്തിനെ ചൊല്ലിയാണാവോ ഇന്നത്തെ പോര്?" വടക്കേതിലെ ത്രേസ്യാമ്മച്ചേടത്തിയാണ്.
"ആഹാ... ചേടത്തിയോ? ഇവിടുത്തെ അമ്മച്ചിക്ക് വഴക്കുണ്ടാക്കാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും വേണ്ടല്ലോ."
"അതേടീ, ഞാനല്ലേ ഈ വീട്ടിലെ വഴക്കാളി! അല്ലെടീ ത്രേസ്യാക്കൊച്ചേ, ചെറുക്കനിന്ന് ഒന്നും കഴിക്കാതെയാ ഇവിടുന്നു പോയത്. സമയത്തിനു ഒന്നും ഉണ്ടാക്കിക്കൊടുത്തില്ലേന്നു ചോദിച്ചതിനാണ് ഇവളീ അരങ്ങു തകർക്കുന്നത്."
"അല്ലേ, ഇതാ ഇപ്പം നന്നായേ..."
"കർത്താവിനെ ഓർത്ത് രണ്ടാളും ഒന്നു നിർത്തുന്നുണ്ടോ? നാണമില്ലേ, കൊച്ചു പിള്ളാരെപ്പോലെ ഇങ്ങനെ തല്ലുകൂടാൻ?"
"അതിന് ഇപ്പം ആര് തല്ലുണ്ടാക്കി? ഞങ്ങൾ ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ചുമ്മാ... അല്ലേ അമ്മച്ചീ?"
"പിന്നല്ലാതെ, ഇവിടെ യാതൊരു പ്രശ്നവുമില്ല. ചട്ടിയും കലവുമാണേൽ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും."
"അതു ശരിയാ... പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും കഴിയുന്നതാണ് ബുദ്ധി."
"അതിരിക്കട്ടെ, ചേടത്തി ഇങ്ങോട്ടു വന്നത് വെറുതേയാവില്ലല്ലോ, എന്തെങ്കിലും ആവശ്യം?"
"ഒരു ചെറിയ കാര്യം ഉണ്ടായിരുന്നു, നാളെയാണല്ലോ പടിഞ്ഞാറ്റേതിലെ സൈമന്റെ കൊച്ചുമോളുടെ മാമോദീസ. ഒരു ഉടുപ്പെങ്കിലും വാങ്ങി കൊടുക്കണ്ടേ? മോളിക്കുട്ടീ, നിന്റെ കയ്യിൽ ഉണ്ടെങ്കിൽ ഒരു അഞ്ഞൂറു രൂപ കടം തരാമോ? മറ്റന്നാൾത്തന്നെ തിരിച്ചു കൊണ്ടുത്തരാം."
"അയ്യോ, എന്റെ കയ്യിൽ ഇല്ലല്ലോ ചേടത്തീ, അമ്മച്ചിയോടു ചോദിച്ചാൽ കിട്ടും."
എവിടെയോ ഒളിച്ചു വച്ചിരുന്ന താക്കോൽ എടുത്തുകാൽപ്പെട്ടി തുറന്ന് പണം എണ്ണി നോക്കുന്ന അമ്മച്ചിയുടെ പുറകിൽ ശബ്ദമുണ്ടാക്കാതെ നിന്ന മോളിയുടെ കണ്ണുകൾ തിളങ്ങി. തുറന്നു വച്ചിരിക്കുന്ന പെട്ടിക്കുള്ളിൽ വെള്ളനിറത്തിലുള്ള ചട്ടകളും മുണ്ടുകളും മടക്കി വച്ചിരിക്കുന്നു. ചെറിയ ഒരു പേഴ്സിൽ നിറയെ നോട്ടുകൾ. അതാ മുണ്ടിനടിയിൽ രണ്ടു വളകൾ.! അച്ചായന്റെ പെങ്ങൾക്കും ചേട്ടന്റെ മകൾക്കും ഊരിക്കൊടുത്തുവെന്നവൾ വാദിച്ച അതേ വളകൾ!
'അമ്മച്ചി ആരാ മോൾ!' മോളിയുടെ ഹൃദയം കുറ്റബോധത്താൽ നീറിപ്പുകഞ്ഞു. അന്നു രാത്രിയിൽ പരാതികൾക്കും പരിദേവനങ്ങൾക്കുമപ്പുറം സ്നേഹത്തിൽ ചാലിച്ച വാക്കുകളാൽ അവളുടെ അച്ചായന്റെ മനസ്സും നിറഞ്ഞു തുളുമ്പുമെന്നുള്ളതിൽ സംശയമില്ല.