(റുക്‌സാന അഷ്‌റഫ്)
മധു പതിവ് പോലെ അഞ്ചു മണിക്ക് തന്നെ ഉണർന്നു.പുറത്ത് സുഖ ശീതളമായ നേരിയ കാറ്റിന്റെ അല മന്ദം തൂകിവന്ന് അയാളുടെ ഓർമകളെ ഓരോന്നിനെയും പൂമുഖത്തെത്തിച്ചു. ഇന്നലെ ഇതേ സമയം വിമല ചായയുമായി വന്നു തന്നെ ഉണർത്തിയതാണല്ലോ എന്ന് അയാൾ ചിന്തിച്ചു.
എന്ത് പറ്റി വിമലക്ക്....
അയാൾ വിമല കിടന്നിടത്തേക്ക് നോക്കി. അവൾ ഒരു ചെറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു, നേരിയ ശ്വാസം എടുത്തു കൊണ്ട്നല്ല ഉറക്കം ആയിരുന്നു. അയാൾക്ക് അവളോട് വല്ലാത്തൊരു അലിവ് തോന്നി.
തലേന്നത്തെ ദിവസം ഈ ബാംഗ്ലൂര് സിറ്റി മുഴുവൻ അവളെ കൂടെ കൈപിടിച്ചു നടന്നത് അയാൾ ഓർത്തു. അയാളുടെ നഷ്‌ടപ്രണയത്തിന്റെ ഓർമകൾ അയാൾക്കു സമ്മാനിക്കുന്നത് നോവുന്ന നീറ്റൽ ആണെങ്കിലും, അതൊന്നും ഓർക്കാനുള്ള നേരം അയാൾക്കുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞതിൽ പിന്നെ അയാൾ ഒന്നും ഓർത്തതെ ഇല്ല. അതൊക്കെ എന്നോ കുഴിച്ചു മൂടിയിരുന്നു.
എന്നാൽ ആ.... മധുരസ്മരയിലേക്ക് കൈപിടിച്ചു നടത്തികൊണ്ടു പോയത്, എന്താണ്? അന്തർഹിതമായ അന്തർദാഹത്തിന്റെ അവ്യക്തസ്മരണകൾ അയാളെ ഒരു നിമിഷത്തെക്കെങ്കിലും പുളകം കൊള്ളിച്ചോ?
കഴിഞ്ഞ ദിവസം രാത്രി അന്തരീക്ഷം പനിച്ചു തന്നെ കിടന്നു. ഉഷ്ണം സഹിക്ക വയ്യാതായപ്പോ താനും, വിമലയും, സ്വീകരണമുറിയിലേക്ക് കയറുന്ന പടവുകളിൽ തൊട്ടുരുമ്പി ഇരുന്നു. അപ്പോൾ അവൾ ആകാശവിദൂരയിലേക്ക് ചൂണ്ടി, എന്നിട്ട് പതിയെ പറഞ്ഞു. "മിന്നാമിന്നുകൾ പാറി പറക്കുന്നതും, ചീവിടുകൾ ചിലക്കുന്നതുമൊക്കെ കാതിൽ വന്നലക്കുന്നു. ഞാൻ പഴയ ഒരു പാവാടകാരി ആയത്പോലെ. വയ്യ എനിക്ക്..... ഹൃദയത്തിന്റെ മൂടുപടം ഞാനിതാ അഴിച്ചിടുന്നു!"
"ആർക്കു വേണ്ടി? നീയെന്താ പ്രണയത്തിൽ ആണോ." മധു അവളുടെ കരം കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു.
"ഞാൻ എന്നോട് തന്നെ കടുത്ത പ്രണയത്തിൽ ആയിരിക്കുന്നു."
"യു മീൻ സോളോഗമി....."
"നോ നോ...."
"അതിന് ഞാൻ വിവാഹിതയാണല്ലോ. അതും ഒരു ബിസിനെസ്സ് മാൻ. മിസ്സിസ് വിമല ജയ പ്രകാശ്. വിവാഹം കഴിച്ചില്ലെങ്കിൽ ഒരു പക്ഷെ ഞാൻ ഒരു സോളോഗമി ആയേനെ . അത്ര കണ്ട് ഞാൻ ഒരു ഭാര്യയെന്ന നിലയിൽ വെറുത്തിട്ടുണ്ട് ജീവിതത്തെ."
"പിന്നെ നിന്റെ ഹൃദയ കവാടം ഇപ്പോൾ തുറന്നിട്ടത് ആർക്കുവേണ്ടി?"
"നമ്മൾ പിരിയുന്നവരെ ഇനി ഒരാഴ്ച്ച, അനന്തതകൾ ഇല്ലാതെ, അതിർ വരമ്പുകൾ ഇല്ലാതെ എനിക്ക് അഗാധമായി ഈ പ്രപഞ്ചത്തിന്റെ ആത്മാവിൽ അലിയണം.... നിന്നോടൊത്ത്."
"ഞാനും ചതിയനാ....അയാൾ പറഞ്ഞു."
"ഇയാൾ ചതിക്കുന്നത് ഈ വിമലയെ അല്ലെ? നോ പ്രോബ്ലം."
"നിന്നെ ഒട്ടും മനസ്സിലാവുന്നില്ലല്ലൊ എന്റെ വിമലേ..."
"എന്റെ വിമല..... അതെനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. നവവധു കടമെടുത്ത ഉടയാടകൾ പോലെ... അത് ധരിക്കുന്നിടം... അവൾ സ്ത്രീത്വത്തിന്റെ നിത്യജ്വാലയിൽ മഴവില്ല് തീർക്കും."
"സത്യം പറയ് നിനക്ക് പിരിയാൻ ബുദ്ധിമുട്ട് ഉണ്ടോ?"
"പിരിയാ എന്നൊക്കെ പറഞ്ഞാൽ അത്രക്ക് വേണോ! നമ്മൾ അതിന് ആരാണ്, പരിചയപ്പെട്ടിട്ട് വെറും നാലു ദിവസം." അവൾ കളിയായി ചോദിച്ചു.
"നാലു ദിവസം, അല്ലെ, ഇതിൽ ഓരോ മണിക്കൂറും നമുക്ക് ഓരോ വത്സരങ്ങൾ അല്ലെ. നമ്മൾ പരിചയപ്പെട്ടത് തന്നെ ജന്മപുണ്യം. ഈ പത്തു ദിവസം ഒന്നും ബാക്കി വെക്കരുത് എല്ലാം അങ്ങ് തീർത്തോളണം."
വിമല പെട്ടെന്ന് മൗനിയായി. ജീവിത നൗകയിൽ ആടിഉലഞ്ഞൊരു കളിവഞ്ചി, അതായിരുന്നല്ലോ തന്റെ ഭർത്താവ്ന് എന്നും താൻ, ഏതോ ഒരു സ്ത്രീയുടെ വിയർപ്പിൽ ആനന്ദം കണ്ടെത്തുമ്പോൾ, താനൊരു പച്ചയായ സ്ത്രീയാണെന്ന് പോലും മറന്നു പുറം കാൽ കൊണ്ട് ആട്ടിയോടിക്കുന്ന ഫീൽ മാത്രമേ തന്റെ ഭർത്താവ് തനിക്ക് തന്നിട്ടുള്ളൂ. വേണ്ടാ.... ഒന്നും ഓർക്കേണ്ട....അവൾ മധുവിന്റെ നേരെ നോക്കി. എന്നിട്ട് മനസ്സിൽ പറഞ്ഞു. "എൻ ദുഃഖങ്ങളും, നിൻ ദുഃഖങ്ങളും മരിച്ചു പോയ പത്തു ദിനങ്ങൾ, നരച്ചു പോയ പത്തുദിനങ്ങൾ. ഇവിടെ ഭൂതകാലമില്ല, പൊട്ടി കരയാൻ കണ്ണീരുമില്ല."
കോഴിക്കോട് ടു ബാംഗ്ലൂര് ബസിൽ പോവാൻ വേണ്ടി കോഴിക്കോട് ബസ് വെയ്റ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് അവർ പരിചയ പെട്ടത്. കോഴിക്കോട് ബി ആർക്കിന് പഠിക്കുന്ന അതുല്യയും, കൊല്ലത്തു നിന്ന് വന്ന നവ്യയും. അവർ പെട്ടെന്ന് കൂട്ടായി. ബാംഗ്ലൂരിലേക്ക് ഒരു ഷോപ്പിൽ മാളിന്റെ കേസ് സ്റ്റഡിചെയ്യാൻ പോവുകയാണ്.
"ഏത് മാൾ ആണ്?," നവ്യ അതുല്യയോട് ചോദിച്ചു.
"ബാംഗ്ലൂർ മലേശ്വരത്ത് ആണ്. ബ്രീഗഡ് സ്ട്രീറ്റ്."
"ഓ മൈ ഗോഡ്. ഞാനും അങ്ങോട്ട് തന്നെ. ഓറിയോൻ മാൾ ആണോ."
"അതെ."
"താമസിക്കാൻ ഒക്കെ എങ്ങിനെ?" അതുല്യ ചോദിച്ചു.
"അമ്മേടെ കസിൻന്റെ വീട് ഉണ്ട് അതിനടുത്ത്. അവര് അമേരിക്കയിൽ ആണ്, നിനക്കും അവിടെ കൂടാം, എന്താ."
"അച്ഛനോട് ചോദിക്കട്ടെ."
"അച്ഛനുണ്ടോ?"
"മ്മ്മ്."
എന്റെ അമ്മയും ഉണ്ട്. രണ്ട് പേരും ഇതും പറഞ്ഞു പുറകോട്ട് നോക്കിയപ്പോ ഇവരുടെ അച്ഛനുമമ്മയും സംസാരിച്ചു നിൽക്കുന്നു. പെട്ടെന്ന് എല്ലാവരും നല്ല കൂട്ടായി.
ബസിൽ വിമലയും, മധുവും അടുത്താണിരുന്നത്.
മധുവിനെ വിമല ശ്രദ്ധിക്കുകയായിരുന്നു. എന്തൊരു കെയർ ആണീ മനുഷ്യന്. ഇയാളുടെ ഭാര്യ ഭാഗ്യവതി തന്നെ. ഒന്നിച്ചു ടോയ്ലറ്റിൽ, പോയപ്പോളും, ഫുഡ് കഴിച്ചപ്പോളും,എന്തൊരു മാന്യതയാണീ സ്ത്രീക്ക് അയാളും ചിന്തിച്ചു. നേരം വെളുക്കുവോളം സംസാരിച്ചിരുന്നതിൽ വിമലയുടെ ഉള്ളിൽ നിന്ന് അസുഖകരമായ ദാമ്പത്യത്തിന്റെ ചില മുളചീന്തുകൾ പുറത്തേക്ക് വന്നു. അയാളും അപ്പൊ മനസ്സ് തുറന്നു.
"എനിക്കൊരു അഫയർ ഉണ്ടായിരുന്നു. അത് ബ്രേക്ക്‌അപ്പ് ആയി. കല്യാണം കഴിഞ്ഞതിൽ പിന്നെ അവളെ ഓർക്കുന്നത് പാപമായി കരുതുന്നവനാ ഞാൻ. ജീവിതം ആയാൽ അതിനൊരു ആത്മാർത്ഥത ഒക്കെ വേണ്ടേ.... എന്നാൽ എന്റെ ഭാര്യ എന്നും ആ പഴയ പ്രണയം പറഞ്ഞു എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു. വെറുതെ ഒന്ന് തനിച്ചിരിക്കാൻ പോലും കഴിയൂല, അവളെ ഓർത്തു ഇരിക്യാണത്രെ. വയ്യ ആത്മഹത്യ ചെയ്യാൻ പോലും തുനിഞ്ഞിട്ടുണ്ട്. എത്ര മനോഹരമായി ജീവിച്ചു തീർക്കേണ്ട ജീവിതം ആയിരുന്നു. അതെല്ലാം തുലച്ചു."
ബാംഗ്ലൂരിൽ എത്തിയപ്പോ ഗ്രുപ്പ് വർക്ക് ഇപ്രുമെന്റിന് വേണ്ടി ലീഡറിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ ഡോർ മെറ്ററിയിലേക്ക് മാറി.
വിമല അപ്പോഴും ഉണർന്നിരുന്നില്ല. അയാൾ എണീറ്റ് അവളെ വിളിച്ചുണർത്തി. നേരം വെളുത്തു അല്ലെ.... ഞാൻ വല്ലാതങ്ങു ഉറങ്ങി പോയി. അവൾ അയാളോട് ഹൃദ്യമായി ചിരിച്ചു. ഇന്നലത്തെ നടത്തം ശരീരത്തിന് ഏറ്റന്നാ തോന്നുന്നത്. ഈയിടെയായി കുറേശെ മുട്ട് വേദന അലട്ടുന്നും ഉണ്ട്, അതും പറഞ്ഞു അവൾ അടുക്കളയിൽ പോയി രണ്ട് ക്ലാസ്സ് കാപ്പിയുമായി വന്നു.
കാപ്പി കുടിച്ചു അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. എന്നിട്ട് മുഖം പരിശോധിച്ച് മധുവിനോട് പറഞ്ഞു, "നോക്കൂ മധുവേ.... ഈയിടെയായി ഉറക്കം വളരെ കുറവ് ആയിരുന്നു, ഇവിടെ വന്നതിനു ശേഷം അത് നന്നായി നടക്കുന്നുണ്ട്. അതിന്റെ പ്രസരിപ്പൊക്കെ കാണിണ്ട് ഇപ്പൊ."
അവളെ ചൊടിപ്പിക്കാനായി അയാൾ പറഞ്ഞു. "യസ്സത്തി.... മുടിയിൽ അതാ അവിടെയും, ഇവിടെയുമൊക്കെ വെള്ളി നൂലുകൾ കാണുന്നു."
"മധുവേ.... വേണ്ടാട്ടോ,45 തികഞ്ഞിട്ടില്ല."
"കളി മതിയാക്ക്. നമ്മൾ വാങ്ങി വെച്ച ഇഡലി മാവ് ചുറ്റെടുക്കാം. നന്നായി വിശക്കുന്നുണ്ട് എനിക്ക്." "നീ പോയി കുളിക്കു... അപ്പൊഴേക്കും പ്രാതൽ ഞാൻ റെഡിയാക്കാം." മധു പറഞ്ഞു.
എന്നാൽ രണ്ട് പേരും കുളിക്കുന്നു. എന്നിട്ട് രണ്ട് പേരും പ്രാതൽ റെഡിയാ ക്കുന്നു. വൈകുന്നേരങ്ങളിൽ അവര് പുറത്തേക്കിറങ്ങും. നടന്ന് കിതചിട്ടല്ല അവര് കിതപ്പുകളെ അണക്കുന്നത്, സംസാരിച്ചു സംസാരിച്ചു കിതക്കുമ്പോൾ ആണ്. 10 ദിവസം കൊണ്ട് അവര് രണ്ട് പേരും 50 വർഷത്തെ ജീവിതം ജീവിക്കുകയായിരുന്നു.
കഴിഞ്ഞ ജന്മങ്ങളിൽ നമ്മൾ കണ്ട്മുട്ടിയിരുന്നു, ഒന്നായിരുന്നു അവര് രണ്ട് പേരും കൂടെ കൂടെ പറയുന്നുണ്ടായിരുന്നു.
എന്തിനോ വേണ്ടി തിരഞ്ഞു നടന്ന രണ്ട് ആത്മീയ പങ്കാളികൾ കഴിഞ്ഞ ജന്മത്തിൽ നഷ്ടപ്പെട്ട പത്തു ദിവസം ജീവിച്ചു തീർക്കാനായി വീണ്ടും കണ്ടുമുട്ടി. അത് വല്ലാത്തൊരു അനുഭൂതി നിറഞ്ഞ പ്രണയമായിരുന്നു. ശരീരം ഒന്നാകുന്നതിനുള്ള വെമ്പൽ ഒരിക്കലും ഇല്ല. ആത്മാവും, ആത്മാവും തമ്മിലുള്ള കൂടി ചേരൽ അവസാനം അടർത്തിയെടുക്കാൻ കഴിയാതെ അവര് വിറങ്ങലിച്ചു നിന്നു.
"നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ തന്നെ എനിക്ക് നിന്നിൽ അലിയാൻ വല്ലാത്തൊരു വെമ്പൽ കൊണ്ടത് എന്തിനാണ്."
"എനിക്കും" അവളും പറഞ്ഞു.
"അറിയില്ല...."
"ദൈവം നമുക്കായി തന്ന വരദാനം."
അവര് രണ്ട് പേരും അവസാനമായി അമ്പലത്തിൽ പോയി ഒരു പാട് നേരം പ്രാർത്ഥിച്ചു.
"അടുത്ത ജന്മത്തിൽ കണ്ട് മുട്ടാൻ നിനക്കൊരു കടം തരട്ടേ ഞാൻ." അവൾ മൂളി. അയാൾ അയാളുടെ കയ്യിൽ കിടന്ന മോതിരം അവളുടെ കയ്യിൽ ഇട്ടു കൊടുത്തു. അവൾ അവളുടെ മോതിരവും അയാളുടെ കയ്യിൽ ഇട്ട് കൊടുത്തു.
രാത്രിയായിരുന്നു അവര് ബസ് ബുക്ക് ചെയ്തിരുന്നത്. കുട്ടികൾ പഴയപടി ഒരു സീറ്റിലും, മധുവും, വിമലയും ഒരു സീറ്റിലും ആയിരുന്നു.
"പിരിയാൻ വിഷമുണ്ടോ?" അയാൾ അവളോട് ചോദിച്ചു.
"ഞാനെന്തിന് കള്ളം പറയണം. ശരിക്കും ഉണ്ട്. ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. 10 ദിവസങ്ങൾ കഴിയാതിരുന്നെങ്കിൽ എന്ന് പോലും ഞാൻ എത്ര മാത്രം ആഗ്രഹിച്ചന്നോ. എന്നിട്ടും ഞാൻ അഭിമാനിക്കുന്നു. എന്റെ വിരസതകൾ.... നിന്നിൽ ഞാൻ അലിഞ്ഞതോടുകൂടി അവസാനിച്ചിരിക്കുന്നു. ഇനി എനിക്ക് സമാധാനത്തോടെ ജീവിച്ചു മുന്നോട്ട് പോവാം."
"എന്റേതും.... അയാൾ പറഞ്ഞു. ഞാനും അഭിമാനിക്കുന്നു. ഇനി നമ്മൾ കണ്ട് മുട്ടിയെന്ന് വരില്ല. ഈ കമ്പ്യൂട്ടർ യുഗത്തിൽ ഈ ബന്ധം നില നിർത്തണമെങ്കിൽ എന്തൊക്കെ മാർഗം ഉണ്ട്. പക്ഷെ നമ്മൾ മുമ്പ് തീർച്ചയാക്കിയത് പോലെ നമുക്ക് ഓർക്കാനായി ഒരു ഫോൺ നമ്പർ പോലും നമുക്ക് വേണ്ട." അയാൾ പറഞ്ഞു നിർത്തി.
എനിക്ക് ഉറക്കം വരുന്നു അവളുടെ ശബ്‌ദം ചിലമ്പിച്ചിരുന്നു. അവൾ പെട്ടെന്ന്ഉറങ്ങി അയാളുടെ തോളിലേക്ക് ചാഞ്ഞു. അന്ന് ആദ്യമായി അയാളുടെ ആത്മാവിന്റെ ചൂട് അവളും, അവളെ ആത്മാവിന്റെ ചൂട് അവളും അറിയുകയായിരുന്നു. ഇതും ഒരു ദൈവനിയോഗം ആയിരിക്കാം. അയാൾ അവളെ കൊച്ചു കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുന്ന കരുതലോടെ ചേർത്ത് പിടിച്ചു.
കോഴിക്കോട് എത്താൻ ഇനി രണ്ട് മണിക്കൂർ എങ്കിലുമുണ്ട്. അത് വരെ അവളെ ഉണർത്താതെ അയാൾ ഉറങ്ങാതിരുന്നു. അവസാനമായി അയാൾക്കൊന്ന് തേങ്ങി കരയണമായിരുന്നു. അത് അടക്കി പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഒരു യോദ്ധാവിനെ പോലെ അയാൾ ഇരുന്നു.