mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathish Thottassery)
 
സംഗീത ലോഗ് ഔട്ട് ചെയ്‌ത്‌ ലാപ്ടോപ്പ് അടച്ചു ബാഗിൽ വെച്ചു. കിയോസ്ക് ഡെസ്കിലെ പേപ്പേഴ്സും, പശ്ചാത്തലത്തിൽ ഇളം നീല നിറമുള്ള കമ്പനി ലോഗോ പുറംചട്ടയുള്ള നോട്പാഡും  അണ്ടർ ടേബിളിന്റെ വലിപ്പിൽ വെച്ച് പൂട്ടി താക്കോൽ ലാപ്ടോപ്പ് ബാഗിന്റെ ചെറിയ കള്ളിയുടെ സിപ് തുറന്നു നിക്ഷേപിച്ചു.



ബാഗും തോളിൽ തൂക്കി  റെസ്ററ് റൂമിലേക്ക്  നടന്നു. വിശാലമായ കണ്ണാടിയിൽ നോക്കി അനുസരണക്കേടുള്ള മുടി ഒന്നുകൂടി ചീകി ഒതുക്കി കെട്ടി. കവിൾത്തടങ്ങളിൽ മോയ്സചറൈസിംഗ് ക്രീം കൊണ്ട് സ്നിഗ്ധത വരുത്തി. പുറത്തുകടന്നു ക്യാബ് ബേയിലേക്കു നടന്നു. തങ്ങളുടെ ക്യാബുകളിൽ കയറിപ്പറ്റാനുള്ള ടെക്കി തൊഴിലാളികളുടെ തിക്കും തിരക്കും കൊണ്ടുള്ള ബഹളത്തിൽ ക്യാബ് ബേ ശബ്ദമുഖരിതമായി. ട്രാൻസ്‌പോർട് അഡ്മിൻ സുരേഷ് ഗൗഡ ശരീരഭാഷയിൽ അമിതവിനയം ആവാഹിച്ചുകൊണ്ടു പറഞ്ഞു. 

"മാഡം യുവർ ക്യാബ് ഈസ് ഇൻ  ട്രാഫിക് ജാം നിയർ  ഐ. ടി. പി. എൽ. ജസ്റ്റ് ഫൈവ് മിനുട്സ്."

"ഓക്കേ നോ പ്രോബ്ലം ഐ വിൽ വെയിറ്റ്. "

അപ്പോഴേക്കും ക്യാബ് മേറ്റ് ഗായത്രിയും സോഹൻ ഫെർണാണ്ടസും എത്തി. അവരുമായി സംസാരിച്ചു നിൽക്കുമ്പോൾ ക്യാബ് എത്തി.  സ്ഥിര യാത്ര കൊണ്ട് പരിചിതമുഖമായ ഡ്രൈവർ ക്ഷമ ചോദിച്ചു കൊണ്ട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങളെ കുറിച്ച് വാചാലനായി. നാളത്തെ ടീം ഔട്ടിങ്ങിലേക്കു സംഭാഷണം നീണ്ടു. സോഹന്റെ ഗോൾഡൻ പാം റിസോർട്ടിനെ കുറിച്ചുള്ള വർണ്ണനകൾ. 
രണ്ടു വർഷം മുൻപ് അവിടെ വെച്ച് നടന്ന മറ്റൊരു ടീം ഔട്ടിങ്ങിന്റെ ഓർമ്മകൾ. അതിൽ പങ്കെടുത്ത അമേരിക്കൻ സായിപ്പിനെയും സംഘത്തെയും പ്രീതിപ്പെടുത്താൻ ടീം ലീഡേഴ്‌സ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ. സായിപ്പിന്റെ വില കുറഞ്ഞ തമാശകൾക്ക് വില കൂടിയ കൂട്ടചിരിയുടെ അർത്ഥശൂന്യമായ അകമ്പടികൾ. വീരാരാധനയുടെ വിനീത ദാസ്യം തീർത്ത നിരർത്ഥകത..അങ്ങിനെ സോഹൻ  തഴക്കം വന്ന മറ്റൊരു ഡ്രൈവറെ പോലെ വാക്കുകളുടെ വണ്ടിയോടിച്ചു. സംഗീതയും ഗായത്രിയും നല്ല കേൾവിക്കാരുടെ മാതൃകയായി.  നാളത്തെ ദിവസത്തെ പ്രതി മനസ്സിൽ ആകാംഷയുടെയും ഉത്കണ്ഠ കളുടെയും കേളികൊട്ടുയർന്നു.

വീടെത്തിയപ്പോൾ തുറന്ന വാതിൽക്കൽ അച്ഛൻ ഭാസ്കരമേനോൻ കാത്തുനിൽപ്പുണ്ടായിരുന്നു.  സംഗീത ബാത്ത് റൂമിൽ കയറി ഷവർ തുറന്നു. തണുത്ത വെള്ളം അവളുടെ ചന്ദന നിറമുള്ള ഉടൽവടിവുകളുടെ നിമ്നോന്നതങ്ങളിൽ കുളിർ കോരിയിട്ടു. കുളി കഴിഞ്ഞപ്പോൾ ആ ദിവസത്തിന്റെ ജോലി ഭാരവും ഒന്നര മണിക്കൂർ നേരത്തെ നഗരയാത്രയുടെ മടുപ്പും ശരീരരത്തിൽ നിന്നും ഒഴിഞ്ഞു പോയി. വസ്ത്രം മാറി നൈറ്റിയിൽ കയറി അച്ഛനൊപ്പം തീന്മേശയിലെത്തി. അമ്മ വിളമ്പിയ ചപ്പാത്തിയും മുട്ടക്കറിയും ആസ്വദിച്ചു കഴിച്ചു. ഭക്ഷണ ശേഷമുള്ള പതിവ് വർത്തമാനത്തിൽ നാളത്തെ ഔട്ടിങ്ങിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ചർച്ചക്ക് വിഷയമായി. അടുത്തകാലത്തൊന്നും മകൾ വീട്ടിലില്ലാത്ത രാത്രി ഉണ്ടായിട്ടില്ലെന്ന് മേനോൻ ഓർത്തു.മേനോനും ഭാര്യക്കും ഇപ്പോഴും കാലം അവളിൽ നിറച്ച യൗവ്വനത്തെയും സൗന്ദര്യത്തെയും അത്രക്കങ്ങോട്ടു് അംഗീകരിക്കാൻ ഒരു വൈമനസ്യം ഉള്ളത് നേരാണ്. തെല്ലൊരു വേദനയോടെ മേനോൻ ചോദിച്ചു.

"അപ്പോൾ നാളെ രാത്രി മോൾ റിസോർട്ടിലായിരിക്കുമല്ലേ ?"

"അച്ഛനിപ്പോഴും ഞാനൊരു കൊച്ചു കുട്ടിയാണെന്ന വിചാരമാണ്. ടീം ഔട്ടിങ് കഴിഞ്ഞു മറ്റന്നാൾ ഞാനിങ്ങെത്തില്ലേ അച്ഛാ!..ഒരു രാത്രിയല്ലേ ഞാനില്ലാതുള്ളൂ".

അച്ഛനെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞെങ്കിലും അവളുടെ അകക്കാമ്പിലെവിടെയോ ഒരു നേരിയ വിങ്ങൽ അനുഭവപ്പെട്ടു. അച്ഛന്റെ ശരീരം അടയാളപ്പെടത്തുന്ന ഓൾഡ് സ്പൈസിന്റെ ഗന്ധം 
എന്നും അവൾക്കു  സുരക്ഷയുടെയും ആത്‌മ വിശ്വാസത്തിന്റെയും ഒരു കാണാച്ചരടാണ്‌. ആ മണം പ്രസരിപ്പിക്കുന്ന അവാച്യമായ ഒരു pഅനുഭൂതി കുട്ടിക്കാലം തൊട്ടേ സംഗീതയുടെ കൂടെപ്പിറപ്പാണ്. 
മുടിയും മുലയും പ്രായത്തിന്റെ കടമ്പകൾ അറിയിക്കുന്നതുവരെ അവൾ അച്ഛനെ കെട്ടിപ്പിടിച്ചോ അല്ലെങ്കിൽ കയ്യോ കാലോ അച്ഛന്റെ മേൽ കയറ്റി വെച്ചോ ആണ് രാവുറങ്ങുക.  പാന്റീസ് നനച്ചുകൊണ്ടു ചോര ഒലിച്ചിറങ്ങിയ ഒരു പരിഭ്രമത്തിന്റെ വൈകുന്നേരമാണ് അവൾ വലുതായി എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടത്. അതിൽ പിന്നെയാണ് സംഗീത അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള കിടപ്പവസാനിപ്പിച്ചു വേറെ മുറിയിലേക്ക് ചേക്കേറുന്നതും അതുവരെ കാണാതിരുന്ന തന്റേതുമാത്രമായ സ്വപ്നങ്ങളിലേക്ക് ഇറങ്ങിവരുന്നതും.  അല്പസമയത്തെ മൗനത്തിനുശേഷം മുഖത്തു സന്തോഷത്തിന്റെ പ്രകാശം വരുത്തി അവർക്കു ശുഭരാത്രി നേർന്നുകൊണ്ട് അവൾ തന്റെ മുറിയിലേക്ക് പോയി.

പിറ്റേന്ന് അതികാലത്തെ തയ്യാറെടുപ്പുകൾക്കു ശേഷം അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു് യാത്ര പറഞ്ഞു കൊണ്ട് അവൾ വീടിനു മുൻപിൽ കാത്തു നിൽക്കുന്ന ക്യാബിൽ കയറി. ക്യാമ്പസിൽ നിന്നും ഏർപ്പെടുത്തിയ ബസ്സിലാണ് റിസോർട് യാത്ര. ടീം ലീഡേഴ്‌സിനോട് കാറെടുക്കരുതെന്നു ശട്ടം കെട്ടിയിട്ടുണ്ട്. വഴിയിൽ ഗായത്രി കാത്തു നിൽപ്പുണ്ടായിരുന്നു. ബാക് സീറ്റിൽ സംഗീതക്കരുകിൽ ഇരുന്ന്‌ അവളെ ഒന്നുഴിഞ്ഞു നോക്കി ഒരു ഗൂഢ മന്ദസ്മിതത്തോടെ പറഞ്ഞു.

"ഈ ഡ്രെസ്സിൽ നീ കുറെ കൂടെ സുന്ദരിയായിട്ടുണ്ട് ട്ടോ"

"ഒന്ന് പോടീ പെണ്ണെ. വലിയ ഒരു 
സൗന്ദര്യാരാധിക വന്നിരിക്കുന്നു."

കുറെ നേരം സംസാരിച്ചിരുന്ന ശേഷം രണ്ടുപേരും ഉറക്കത്തിന്റെ മടിയിലേക്കു വഴുതി വീണു. പിന്നെ ഉണർന്നത് വണ്ടി ടെക്നോ പാർക്കിന്റെ ക്യാമ്പസ് ഗേറ്റിലെ സെക്യൂരിറ്റി ചെക്കിന് നിർത്തിയപ്പോഴാണ്.മനോഹരമായ ലാൻഡ്‌സ്‌കേപ്പിനു നടുവിൽ തണൽ മരങ്ങൾ അതിരിട്ട റോഡിലൂടെ ക്യാബ് പാർക്കിംഗ് ലോട്ടിലെത്തി.  വണ്ടിയിറങ്ങി  രണ്ടുപേരും റിസെപ്ഷനിലെത്തിയപ്പോൾ ടീം യാത്രക്കൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ബസ് വന്നതും എല്ലാവരും കയറിയിരുന്നു. സംഗീതക്ക് സീറ്റ് കിട്ടിയത് ബിഗ് ബോസ് സഞ്ജയ് വർമ്മയുടെ അടുത്തായിരുന്നു. സഞ്ജയ് ചെറുപ്പമാണ്. ഓഫീസിലെ കമ്മ്യൂണിക്കേഷൻ ടീസർ ഡിസൈൻ ചെയ്യാൻ പലപ്പോഴും സഞ്ജയ് സംഗീതയുടെ സഹായം തേടാറുണ്ടായിരുന്നു. സഞ്ജയിന്റെ ക്യൂബിക്കിളിൽ ഇരിക്കുമ്പോൾ ഓൾഡ് സ്പൈസിന്റെ ആർദ്രമായ സുഗന്ധം അച്ഛന്റെ സാമീപ്യത്തിനു സമാനമായ ഒരു ഊഷ്മളത പ്രദാനം ചെയ്തിരുന്നതായി അവൾ അറിഞ്ഞിരുന്നു. ബസ്  ബി.  ഇ. എൽ  റോഡിലൂടെ സാമാന്യം വേഗതയിൽ  പോയിക്കൊണ്ടിരുന്നു. സ്പീക്കറിൽ നിന്നും ഒഴുകി വരുന്ന നേർത്ത സംഗീതത്തിന് ഹാൻഡ് റെസ്റ്റിൽ താളം പിടിച്ചു കൊണ്ട് സഞ്ജയ് ചോദിച്ചു.

"വീട്ടിൽ ആരൊക്കെയുണ്ട്? "

"പേരെന്റ്സ് മാത്രമേയുള്ളൂ. ഒരു ബ്രദർ ഇപ്പോൾ സ്റ്റേറ്റ്സിലാണ്.

"അച്ഛൻ?"

"ഗൾഫിലായിരുന്നു. ഇപ്പോൾ റിട്ടയേർഡ് ലൈഫ്. വന്നിട്ട് അഞ്ചു വർഷമാകുന്നു."

കമ്പനിയിൽ ജോയിൻ ചെയ്തു രണ്ടു വർഷമായി. ഇപ്പോഴാണ് ബോസ് പേർസണൽ കാര്യങ്ങൾ ആദ്യമായി ചോദിക്കുന്നതെന്ന്‌ സംഗീത അത്ഭുതം കൂറി.കൂടുതൽ നീളാൻ മടിച്ച വർത്തമാനത്തിനിടയിൽ സഞ്ജയ് എഴുന്നേറ്റു. ലഗേജ് റാക്കിൽ വെച്ചിരുന്ന ട്രാവെലർ ബാഗിൽ നിന്നും ഒരു പുസ്തകം വലിച്ചെടുത്ത്‌ സീറ്റിൽ ഇരുന്നു വായനയിലേക്ക് പ്രവേശിച്ചു.

ഇടം കണ്ണാലുള്ള നോട്ടത്തിൽ പുസ്തകം പീറ്റർ ഹാൻകെയുടെ "എ സോറോ ബിയോണ്ട് ഡ്രീംസ്" 
ആണെന്ന് കണ്ടെത്തിയ സംഗീതക്ക് സഞ്ജയിനോടുള്ള മതിപ്പ്‌ ഒന്ന് കൂടി വർധിച്ചു. അച്ഛനും നല്ല വായനക്കാരനായതിനാൽ മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളൊക്കെ വീട്ടിലെ  അലമാരയിലുണ്ട്. അവളും ആ ശേഖരത്തിലെ ഒട്ടു മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.പുസ്തകങ്ങൾ സുന്ദരമായ പൂന്തോട്ടമാണല്ലോ. ഓരോ പുസ്തകവും പൂവുകൾ പോലെ വ്യത്യസ്ത നിറങ്ങൾ, സുഗന്ധങ്ങൾ, ഇവയെല്ലാം നൽകുന്നു. ഇരുവരുടെയും സാഹിതീ താല്പര്യം പീറ്ററിലേക്കെത്തി. സംഗീത തുടക്കമിട്ടു.

"നോബേൽ പുരസ്‌കാരം നിർത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ച ആളാണല്ലേ ഇദ്ദേഹം ?"

"മാത്രമല്ല ജെർമൻ സാഹിത്യ നോബേൽ ജേതാവ് തോമസ് മാൻ വളരെ മോശപ്പെട്ട എഴുത്തുകാരനാണെന്ന ഇദ്ദേഹത്തിന്റെ പരാമർശവും  വിവാദമായിട്ടുണ്ട്. തടവറയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സെർബിയൻ പ്രസിഡന്റ് മിലോസെവിച്ചിന്റെ ചരമ ശുശ്രൂഷ വേളയിൽ പീറ്റർ നടത്തിയ പ്രസംഗവും ലോക സാഹിത്യ രംഗത്ത് ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്."

പ്രേക്ഷകരെ ആക്ഷേപഹാസ്യത്താൽ ഉള്ളു പൊള്ളിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങളിലേക്കും മറ്റും സംഭാഷണം നീണ്ടുപോയി. സഞ്ജയ് വീണ്ടും വായനയിൽ മുഴുകി. സംഗീത മയക്കത്തിലേക്കും.

ബസ്സിലെ സംഗീതവും കലപിലയും നടന്നുകൊണ്ടിരിക്കെ സഞ്ജയിന്റെ ഇടം കൈ അവളുടെ വലം തുടയിൽ ജീൻസിനു മുകളിൽ വിശ്രമിച്ചു. മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൾ അടഞ്ഞിരിക്കുന്നു. പതുക്കെ അവൾ കയ്യെടുത്തു മാറ്റിയപ്പോൾ സഞ്ജയ് അറിയാത്തപോലെ ക്ഷമ ചോദിച്ചു.

റിസോർട്ടിൽ ബസ് നിർത്തി ഇറങ്ങിയപ്പോൾ വരവേൽക്കാൻ പ്രാദേശിക വേഷത്തിൽ ധോല് വാദ്യ ക്കാർ  കൊട്ടി കയറുന്നുണ്ടായിരുന്നു. വെൽക്കം ഡ്രിങ്ക്,  തെന്നിന്ത്യൻ വിഭവങ്ങളുടെ ധാരാളിത്തം വിളിച്ചോതുന്ന പ്രാതൽ.  പിന്നീട് കോൺഫറൻസ് ഹാളിലേക്ക്. സഞ്ജയിന്റെ അളന്നു മുറിച്ച വാക്കുകളുടെ അനർഗ്ഗള പ്രവാഹം.കമ്പനിയുടെ അവസാന പാദത്തിലെ കണക്കുകൾ നിരത്തി വർഷാവർഷ പുരോഗതിയുടെ സമർത്ഥമായി തയ്യാറാക്കപ്പെട്ട പവർപോയിന്റ് പ്രസന്റേഷൻ. അവരവരുടെ പ്രവൃത്തി മേഖലയിൽ മികവ് കാണിച്ചവർക്കായുള്ള അഭിനന്ദനങ്ങളും പാരിതോഷിക വിതരണവും കരഘോഷങ്ങളും കലപിലയുമായി സെഷൻ നീണ്ടുപോയി.  വിഭവസമൃദ്ധമായ ലഞ്ചിന്‌ ശേഷം കൃത്യം മൂന്നു മണിക്ക് വീണ്ടും ഔട്ഡോർ ഗെയിമ്സിനു ഒത്തുചേരാമെന്ന വ്യവസ്ഥയിൽ സ്വല്പം വിശ്രമം.റൂമിൽ ഗായത്രിയായിരുന്നു കൂട്ടിന്. നേരത്തെ ഉണർന്ന കാരണം ഉറക്കം മിഴികളിൽ ഊഞ്ഞാലാട്ടം തുടങ്ങിയിരുന്നു.

"എന്താല്ലേ എത്ര പണമാണ് കമ്പനി നമുക്ക് വേണ്ടി ചെലവാക്കണു്"

ഗായത്രിയുടെ പെട്ടെന്നുള്ള ചോദ്യം അവളെ ഉണർത്തി.

"അതിനു നമ്മളെ നന്നായി പിഴിയുന്നില്ലെടി പെണ്ണെ?
മറ്റുള്ളവരെ പോലെ നമ്മൾക്ക് വല്ല സമയബന്ധിതമായ ജോലിയാണോ "

"അതിനു അതുപോലെ കാശും തരണില്ലേ?

"ബെസ്റ്റ്!! കൊറച്ചു കഴിയുമ്പോൾ അറിയാം. ഏതെങ്കിലും ചെക്കമ്മാര് നമ്മളെ കെട്ടിക്കൊണ്ടുപോകുമ്പോ. പണം കൊണ്ട് മാത്രം ആയില്ലല്ലോ ഒരു കുടുംബമാകുമ്പോ അവരോടൊപ്പം പങ്കിടാൻ നമ്മക്കെവിടുന്നാ സമയം ?

"അതപ്പോ നോക്കാ ഡീ. ഇപ്പൊ നമ്മക്കാഘോഷിക്കാം. 
നിന്റെ അപ്പ്രൈസൽ എന്തായി? ബോസ് മണപ്പിക്കുന്നുണ്ടായിരുന്നല്ലോ വല്ലോം പറഞ്ഞോ?"

ബോസിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ സംഗീത ചോദിയ്ക്കാൻ വിചാരിച്ചതായിരുന്നു.  ഏതായാലും ഓർമ്മപ്പെടുത്തിയതിനു ഗായത്രിക്കു മനസ്സിൽ നന്ദി പറഞ്ഞു. .അപ്പുറത്തെ മുറികളിൽ 
അർമ്മാദത്തിന്റെ ബഹളം.പിന്നീട് സംഭാഷണത്തിനു വിട നൽകി രണ്ടുപേരും ഉറക്കത്തിലേക്കു വഴുതിവീണു .

മൂന്നു മണിയോടെ രണ്ടുപേരും വസ്ത്രം മാറി പുറത്തേക്കിറങ്ങി. മൈതാനത്തിൽ    ഔട്സോഴ്സ് ചെയ്ത ഇവൻറ് മാനേജ്‌മന്റ് കൈകാര്യം ചെയ്യുന്ന വിനോദങ്ങളുടെ ചിരിയും കളിയും. ടീം വർക്കിന്റെ പാഠങ്ങൾ. എല്ലാവരും നല്ല പോലെ ആസ്വദിച്ചെന്ന്‌ ഇടയ്ക്കിടെ ഉറപ്പിച്ചെടുക്കുന്ന ടൈയും കോട്ടുമിട്ട ചെറുപ്പക്കാരൻ അടുത്ത ഈവന്റിനുള്ള ഓർഡർ മുന്നിൽ കണ്ട് എല്ലാവരെയും കളികളിൽ പങ്കാളികളാക്കി. സൂര്യൻ പടിഞ്ഞാറു താഴാൻ തയ്യാറെടുക്കുമ്പോൾ എല്ലാവരും പൂളിലേക്കിറങ്ങി. കടും നീല നിറമുള്ള ഷോർട്സും ചുവന്ന ടീ ഷിർട്ടുമിട്ടാണ് സംഗീത പൂളിലേക്കിറങ്ങിയത്. കൃത്രിമ തിരമാലകളുണ്ടാക്കിയ പൂളിലെ തണുത്ത വെള്ളത്തിൽ നീന്തൽ വസ്ത്രങ്ങളണിഞ്ഞ,  നീന്തി തുടിക്കുന്ന പെണ്ണുടലുകളിലേക്ക്‌ അശോക മരച്ചില്ലകൾക്കിടിയിലൂടെ സൂര്യൻ ഒളി നോട്ടം നടത്തി. 
ആദ്യമൊക്കെ അല്പവസ്ത്ര ധാരിണിയായി നീന്തല്കുളത്തിലേക്കിറങ്ങാൻ സംഗീതക്ക് വലിയ ജാള്യമായിരുന്നു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലെ നിമ്നോന്നതങ്ങളിലേക്കും ഷോർട്ട്സിനു താഴെയുള്ള
പോള ചീന്തിയ വാഴപ്പിണ്ടി കണക്ക് വെളുത്ത ഊരുക്കളിലേക്കും സ്വിമ്മിങ് ജാക്കറ്റിന്റെ മേലെ ആനാവൃതമായ ക്‌ളീവേജിലെക്കും ആൺ സുഹൃത്തുക്കളുടെ കാക്ക നോട്ടം ആഴ്ന്നിറങ്ങുമ്പോൾ താൻ ഭൂമി പിളർന്നു താഴേക്കു പോകുന്ന ഒരു പ്രതീതി തോന്നിയിരുന്നു. അവളുടെ മനസ്സിലെ അർബൻ റൂറൽ കോൺഫ്ലിക്റ്റ് പരസ്പരം  മല്ലടിക്കാൻ തുടങ്ങുമായിരുന്നു. പിന്നെ പിന്നെ അതൊന്നും അത്രമേൽ കാര്യമാക്കേണ്ടെന്ന നാഗരിക നിഗമനങ്ങളിൽ അവളും എത്തിച്ചേരുകയായിരുന്നു.

ജലക്രീഡകൾക്കു ശേഷം നീന്തൽകുളത്തിൽ നിന്നും കയറിയപ്പോൾ പടിഞ്ഞാറു നിന്നും സൂര്യൻ അപ്രത്യക്ഷമാകുകയും റിസോർട് വൈദ്യുത ദീപങ്ങളാൽ പ്രഭാപൂരിതമാകയും ചെയ്തു. 
അവർ വസ്ത്രം മാറി കോക്ക്ടെയിൽ പാർട്ടി നടക്കുന്ന ഹാളിലെത്തി. അപ്പോഴേക്കും ആൺ സുഹൃത്തുക്കൾ ഹാളിലെ അരണ്ട വെളിച്ചത്തിലും ശര റാന്തൽ പോലെ വെട്ടിത്തിളങ്ങുന്ന ഗ്ലാസ്സുകളിൽ വിവിധ നിറങ്ങളിലുള്ള നുരയുന്ന മദ്യവുമായി സംഭാഷണങ്ങളിൽ മുഴുകി നിന്നിരുന്നു. പെൺ സുഹൃത്തുക്കളും മോശമല്ലായിരുന്നു. കോർപ്പറേറ്റ് സംസ്കാരം കനിഞ്ഞു നൽകിയ സ്വാതന്ത്ര്യത്തിലും ഔദാര്യത്തിലും അഭിരമിക്കാൻ അവരുടെ യുക്തിക്കിടമില്ലാത്ത ചെറിയ മനസ്സുകൾ തിടുക്കപ്പെട്ടു.

നേരം വളരെ വൈകിയിട്ടും പാർട്ടി തുടർന്നു. ഡിന്നർ പ്‌ളേറ്റെടുത്തു രണ്ടു ബട്ടർ കുല്ച്ചയും ചിക്കൻ ഹൈദെരാബാദിയും സെർവ് ചെയ്യുമ്പോഴാണ് ഓൾഡ് സ്പൈസിന്റെയും സ്കോച്ചിന്റെയും സമ്മിശ്ര ഗന്ധം നിറച്ചുകൊണ്ടു് സഞ്ജയ് കയ്യിൽ വിസ്കി ഗ്ലാസ്സുമായി അരികിലെത്തിയത്.

"ഫോർ ടുമോറോസ് പ്രസന്റേഷൻ ഐ നീഡ് യുവർ ഹെല്പ്. വുഡ് യു മൈൻഡ് കമിങ് ടു മൈ റൂം ആഫ്റ്റർ ഡിന്നർ ? "

ഓൾഡ് സ്പൈസിന്റെ ഗന്ധം നൽകിയ സുരക്ഷിതത്വത്തിന്റെ ശീതളിമയിൽ അവൾക്ക്‌ അപ്പോൾ "എസ് ബോസ്. ഷുവർ " എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളു. സഞ്ജയ് നന്ദി പറഞ്ഞു കൊണ്ട് വാക്കുകൾക്ക് വടിവ് നഷ്ടപ്പെട്ട മറ്റു ടെക്കികളുടെ കൂട്ടത്തിലേക്കു പോയി. അത്താഴം വിഭവ വൈപുല്യത്താൽ കനത്തു. റൂമിലെത്തിയപ്പോൾ നല്ല ക്ഷീണം തോന്നി. ഗായത്രി ക്ഷീണം കൊണ്ട് കിടന്നതും ഉറങ്ങി. ഡോർ അടച്ചു ലോക്ക് ചെയ്തു താക്കോൽ സംഗീതയുടെ കയ്യിൽ തന്നെ വെച്ചോളാൻ പറഞ്ഞു. അപ്പോൾ പിന്നെ അവൾ തിരിച്ചു വരുമ്പോൾ ഉറക്കത്തിനു വിഘ്‌നം വരില്ലല്ലോ. സംഗീത സഞ്ജയിന്റെ ഡോറിൽ മുട്ടി. അകത്തു നിന്നും സഞ്ജയിന്റെ ശബ്ദം കേട്ടു. 

"ഇറ്റിസ് നോട്ട് ലോക്ഡ്. പ്ലീസ് കം ഇൻ"

അവൾ വാതിൽ തുറന്ന്‌ അകത്തു കയറി.റൂമിൽ സഞ്ജയ് മാത്രമേ  ഉള്ളൂ. ലാപ്ടോപ്പ് തുറന്ന്‌ ഓൺ ചെയ്തു വെച്ചിട്ടണ്ട്. പണി തീർക്കുമ്പോഴേക്കും അപ്പ്രൈസലും, പ്രമോഷനും, ഇൻക്രിമെന്റും എല്ലാം പറഞ്ഞു ശരിയാക്കണമെന്നു ഓൾഡ് സ്പൈസിന്റെ ഗന്ധം തങ്ങി നിന്ന അന്തരീക്ഷം നൽകിയ ആത്മ വിശ്വാസം അവളെ ഓർമ്മപ്പെടുത്തി. റൂമിലെ മേശപ്പുറത്ത്‌ കുപ്പിയിൽപകുതി തീർന്ന സ്കോച്ചും  
കയ്യിൽ ഗ്ലാസും ഉണ്ടായിരുന്നു. എ.സി.യുടെ നേരിയ മുരൾച്ച. സിഗരറ്റു പുക തീർത്ത മഞ്ഞിന് വല്ലാത്തൊരു സുഗന്ധം തോന്നിച്ചു. പ്രസന്റേഷൻ പകുതിയായപ്പോൾ ഫ്രിഡ്ജിൽ നിന്നും സഞ്ജയ് മഞ്ഞ നിറമുള്ള മാങ്കോ ജൂസ്‌ ഗ്ലാസിൽ പകർന്നു സംഗീതക്കു നൽകി. വല്ലാത്ത ദാഹം ഉണ്ടായിരുന്നതുകൊണ്ട് അവൾ പെട്ടെന്ന് തന്നെ അത് മുഴുവനും കുടിച്ചുതീർത്തു.

കൺ പോളകൾക്കു കനം വെക്കുന്നതായിട്ടും എത്ര ശ്രമിച്ചിട്ടും കണ്ണുകൾ തുറന്നു പിടിക്കാനാവുന്നില്ലെന്നും അവൾ അറിഞ്ഞു. അവൾക്കു് അവനോട് എന്തൊക്കെയോ ചോദിക്കണമെന്നുമുണ്ട്. തൊണ്ടയിലെ വെള്ളം വറ്റി ചക്രവാളത്തോളം നീണ്ടുകിടക്കുന്ന മരുഭൂമിയാകുന് നതും കണ്ണുകളിൽ ഇരുട്ടിന്റെ പാടവന്നു മൂടുന്നതും മാത്രമേ അവൾ അറിഞ്ഞതുള്ളൂ. അപ്പോഴും ഓൾഡ് സ്പൈസിന്റെ ആർദ്രഗന്ധം വസ്ത്രങ്ങൾ മാറിപ്പോയ ഉടലിനു മേലെ ഒരു സുരക്ഷാപടലമായി നിൽക്കുന്നതവൾ സ്വപ്നം കണ്ടിരുന്നു. പുരുഷ കാമനയുടെ കൂർത്ത പോർമുന അവളിൽ ആഴ്ന്നിറങ്ങുന്നതായി
അബോധത്തിലെവിടെയോ അവളറിഞ്ഞു.  പിന്നീടെപ്പോഴോ ഉണർച്ചയിൽ വസ്ത്രം വലിച്ചുകയറ്റി. കട്ടിലിൽ ഇരുന്നു നിശ്ശബ്ബ്‌ദം കരഞ്ഞു. മനസ്സിൽ മരവിപ്പിന്റെ എട്ടുകാലികൾ വല തീർത്തു. അടുത്ത് കിടന്നിരുന്ന സഞ്ജയിന്റെ ദേഹത്ത് നിന്നും വമിച്ചിരുന്ന വിയർപ്പിന്റെയും ഓൾഡ്സ്പൈസിന്റെയും മിശ്ര ഗന്ധം അഴുകിയ മൃതദേഹത്തിന്റെ ദുർഗന്ധമായി അവളുടെ നാസാരന്ധ്രങ്ങളിലേക്ക്‌ ഇരച്ചുകയറി.  അപ്പോൾ   അവൾക്ക് ഭൂമിയിൽ ഒച്ചയറ്റതുപോലെ തോന്നി.  ശബ്ദം മാത്രമല്ല. വെളിച്ചം, ചലനം, ഗന്ധം, നിറങ്ങൾ, ഭൂമിക്ക് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.   അടിവയറ്റിൽ നിന്നും ഉരുണ്ടു കയറിയ ശർദ്ദിയുടെ പ്രവാഹം ഒഴുക്കിക്കളയാൻ അവൾ  ബാത്റൂമിലേക്കോടി. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ