(Sathish Thottassery
ആശുപത്രിയിലെ ആളനക്കങ്ങൾക്കു ജീവൻ വെച്ച് തുടങ്ങിയ ഒരു പകലാരംഭത്തിലായിരുന്നു അയാൾ ഡോറിൽ മുട്ടി അകത്തേക്ക് വന്നത്.
"ഹെല്ലോ ഐ ആം ആനന്ദ് കുമാർ"
"എസ് പ്ളീസ്. ഹരി പറഞ്ഞിരുന്നു."
മറുപടി പറയുമ്പോഴേക്കും അയാൾ ഔപചാരികതക്കിടം നൽകാതെ കസേരയിൽ ഇരുന്നിരുന്നു. ഒപ്പം കൂടെ വന്ന അമ്മാവനും. വകയിൽ ഒരു അമ്മാവനാണ് കൂട്ട് വന്നിരിക്കുന്നത്. എന്തുകൊണ്ട് പതിമൂന്നുപേരിൽ ഒരാൾ വന്നില്ലെന്ന് ആദ്യം ചിന്തിച്ചു. ആനന്ദ് പതിനാലാമത്തെ സന്തതിയാണെന്നുള്ള അറിവ് വെച്ചായിരുന്നു നിർണ്ണയങ്ങളിലേക്കുള്ള യാത്ര.
അര നൂറ്റാണ്ടു ജീവിച്ചുതീർത്തതിന്റെ ക്ഷീണം വെളിപ്പെടുത്തുന്ന ശരീരം. ആദ്യം ആനന്ദിന്റെ ശരീര ഭാഷയിലെ വ്യതിരിക്തതയിലായിരുന്നു ഡോക്ടർ സക്കറിയ തോമസിന്റെ ശ്രദ്ധ. അത്രക്ക് അസാധാരണമായ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. കടും നീല നിറത്തിലുള്ള കുപ്പായ കയ്യുകൾ തെറുത്തു കൈമുട്ടോളം മടക്കിവെച്ചിട്ടുണ്ട്. നീല ഞരമ്പുകൾ തെളിഞ്ഞു കാണുന്ന ശോഷിച്ച കയ്യുകൾ. നീളമുള്ള കൈവിരലുകൾ. ബ്രൗൺ പാന്റിനകത്തേക്കു ഇൻസെർട്ട് ചെയ്ത ഷർട്ടിന്റെ അടിഭാഗം അനുസരണക്കേടോടെ പൊങ്ങിയും താണും ഇരുന്നു. മൂര്ദ്ധാവിലേക്കു കയറി തുടങ്ങിയ കഷണ്ടി മറയ്ക്കാൻ, ചീകാതെ സ്വതന്ത്രമാക്കപ്പെട്ട തലമുടി അപര്യാപ്തമായിരുന്നു. കണ്ണട ഊരിയപ്പോൾ മൂക്കിന്റെ കടക്കൽ കണ്ണട കുഴി കറുത്ത നിറത്തിൽ കാണാനായി. ചെന്നികളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുചാലുകൾ തൂവാല കൊണ്ട് ഇടയ്ക്കിടെ തുടക്കുന്നുണ്ടായിരുന്നു.
തന്റെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ തരുന്നതിൽ ആനന്ദ് അസാമാന്യമായ കൃത്യത പാലിച്ചു. പക്ഷെ പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നു എന്ന് പറഞ്ഞപോലെ വാക്കുകൾ കര കവിഞ്ഞൊഴുകി. തനിക്കു ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരം നിഷേധിച്ചപോലെ സംഭാഷണം ആനന്ദ് ഹൈജാക്ക് ചെയ്തു.
ആനന്ദിന് ഐ. ബി യിൽ ഉയർന്ന ഉദ്യോഗം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുക എന്നത് അയാളുടെ ജന്മാവകാശം പോലെയായിരുന്നു. എവിടെയും ഇടിച്ചു കയറി തന്റെ സാന്നിധ്യം ആവും വിധം ഉറപ്പിക്കാൻ എന്നും ശ്രമിച്ചിരുന്നു. ഓരോ കാര്യത്തിലും എന്തെന്നില്ലാത്ത ഒരു അക്ഷമ മുഖത്തും ചേഷ്‌ടകളിലും കാണും. വിട്ടുവീഴ്ചാ മനോഭാവം തൊട്ടു തീണ്ടിയിട്ടില്ല. പല സന്ദർഭങ്ങളിലും വരും വരായ്മകളെ കുറിച്ച് ചിന്തയേ ഇല്ലാത്ത പെരുമാറ്റം. എന്നാൽ ഈ അവസ്ഥയുടെ ഭാഗമായ ജോലിയോടുള്ള താൽപര്യക്കുറവ്, പേടി, ശ്രദ്ധക്കുറവ്, അലസത ഇതൊന്നും തന്നെ അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കാണാൻ കഴിഞ്ഞില്ല .
സഹപ്രവർത്തകരുടെ ഇടയിൽ പ്രൊഫഷണൽ ജെലസിയുള്ള രണ്ടോ മൂന്നോ പേർക്കൊഴികെ എല്ലാവർക്കും പരോപകാരി, സഹൃദയൻ എന്നീ നിലകളിൽ അയാളെ ഇഷ്ടവും ആയിരുന്നു. ജോലിയിലെന്ന പോലെ ഏറ്റെടുക്കുന്ന മറ്റു കാര്യങ്ങളിലും ആനന്ദ് അങ്ങേയറ്റത്തെ ആത്‌മാർത്ഥത പ്രദർശിപ്പിച്ചിരുന്നു. അടുത്ത വീടുകളിലെ കല്യാണങ്ങൾ, ആശുപത്രി കേസുകൾ, കോടതി വ്യവഹാരങ്ങൾ എന്നുവേണ്ട റെയിൽവേ ടിക്കറ്റ് ശരിയാക്കാൻ വരെ ഓടിക്കൊള്ളും. ഏറ്റെടുത്ത കാര്യം വിജയംകാണും വരെ ആനന്ദ് ഒരു ചായകുടിക്കാൻ പോലും വൈമുഖ്യം കാണിക്കുമത്രേ.
ചെറുപ്പത്തിൽ തരക്കേടില്ലാത്ത പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥിയായിരുന്നു. പതിനാലാമത്തെ സന്തതി എന്ന അത്ഭുതം കുറച്ച് അഭിമാനത്തോടെ തന്നെ എല്ലാവരെയും കിട്ടുന്ന അവസരങ്ങളിലൊക്കെ അറിയിക്കുമായിരുന്നു. അധ്യാപകരും കൂട്ടുകാരുമൊക്കെ തന്നെ ലൂയി പതിനാലാമൻ എന്ന് വിളിച്ചുവന്നതായും കൂട്ടിച്ചേർക്കും. ആ പേരിനോടുള്ള അഭിനിവേശം കാലത്തിനും മായ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് സുഹൃത്തും സഹപാഠിയുമായിരുന്ന ഹരി പറഞ്ഞത്. കൂടെ വന്ന അമ്മാവൻ നോക്കുകുത്തി പോലെ സമീപം ഇരുന്നതല്ലാതെ വേറെ ഒന്നും പറയേണ്ടി വന്നില്ല. ആനന്ദിന്റെ സംഭാഷണത്തിൽ നിന്നും കേൾവിക്കാരനാകാൻ താല്പര്യമില്ലാത്ത ഒരു പറച്ചിലുകാരനാണ് എന്ന് ആദ്യത്തെ സിറ്റിങ്ങിൽ താനെ ബോധ്യപ്പെട്ടു. സംഭാഷത്തിലെ ചടുലതയും സാഹിത്യം കലർത്താനുള്ള വ്യഗ്രതയും അപക്വമായ ആംഗലേയ പ്രയോഗങ്ങളും വേറിട്ട് നിന്നു.
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ എന്ന് മെഡിക്കൽ ഭാഷയിൽ പറയുന്ന അവസ്ഥയോട് സാമ്യമുള്ള കാര്യങ്ങളാണ് ഏകദേശ നിർണ്ണയമായി കണ്ടെത്തിയത്. ഫിസിയോളോജിക്കൽ സൈക്കോളജി പ്രകാരം ഇന്ദ്രിയാതീത വിചാരവിനിമയം ഇല്ലാതെ തന്നെ ഇത്തരത്തിലുള്ള കേസുകൾക്ക് പരിഹാരം കാണാം. പക്ഷെ അയാളുടെ ഭൂതകാല ജീവിതത്തിൽ സാധാരണയിൽ കവിഞ്ഞ പെരുമാറ്റവൈരുധ്യങ്ങൾ ഇല്ലാത്തത് ഡോക്ടർ സക്കറിയയെ ചിന്താധീനനാക്കി. ഒരു പാരാ സൈക്കോളജിക്കൽ അനാലിസിസിന്റെ ഭാഗമായി അയാളുടെ സ്വപ്നങ്ങളെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സ്വപ്നം കണ്ട ദിവസങ്ങൾ മറന്നു എന്ന ഉത്തരം ഡോക്ടർ സക്കറിയക്കും പുതുമയുള്ളതായിരുന്നു. മനസ്സിൽ അടക്കി വെച്ചിരിക്കുന്ന വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ് സ്വപ്നങ്ങൾ എന്ന ഫ്രോയിഡിയൻ വിശ്വാസം പല കേസുകൾക്കും കുരുക്കഴിക്കാൻ സഹായകമായിട്ടുണ്ടെന്നും ഓർത്തു.
തന്റെ സുഹൃത്ത് ഹരിയാണ് ഈ കേസ് റെഫർ ചെയ്തത് ഒന്നാമത്തെ സിറ്റിങ്ങിനു മുൻപ് ഹരിയുമായുണ്ടായ ഒരു മണിക്കൂർ നേരത്തെ സംഭാഷണം കാര്യങ്ങൾ പഠിക്കാൻ കൂടുതൽ സഹായിച്ചു. ആനന്ദിൽ നിന്നും കിട്ടാത്ത കുറെ കാര്യങ്ങൾ ഹരി പങ്കുവെച്ചു. ഹരിയുടെ അച്ഛൻ ആശുപത്രിയിൽ മരണവുമായി മല്ലിട്ടു പരാജയപ്പെട്ട പത്തു പതിനഞ്ചു ദിവസങ്ങൾ. ഹരിക്ക് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എല്ലാറ്റിനും അവധിയെടുത്തു ആനന്ദ് ആശുപത്രിയിൽ നിന്നു. അമ്മക്കാണെങ്കിൽ മുട്ടിനു സർജറി കഴിഞ്ഞു രണ്ടു നാളെ ആയുള്ളൂ. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. തന്റെ വിളികൾക്ക് കാത്തിരിക്കാതെ മണിക്കൂറുകളുടെ ഇടവേളകളിൽ ചികിത്സയുടെ വിവരങ്ങളും രോഗിയുടെ ആരോഗ്യ സ്ഥിതിയും മൊബൈലിൽ വിളിച്ചു പറയുമായിരുന്നു. ഇടക്ക് സ്ഥിതി വഷളായപ്പോൾ ഐ. സി.യുവിലേക്കു മാറ്റാനും ആനന്ദ്മുൻകൈ എടുത്തു. ഡോക്ടർ പറഞ്ഞതനുസരിച്ചു എല്ലാവരെയും അറിയിക്കേണ്ട സാഹചര്യമില്ലെന്നും ജോലി നിർത്തി വരേണ്ടെന്നും ആനന്ദ്തന്നെയാണ് പറഞ്ഞത്. ഇവിടത്തെ കാര്യങ്ങൾ ഓർത്തു വിഷമിക്കേണ്ടെന്നു ഇടയ്ക്കു ഓർമ്മിപ്പിക്കും. അതുകൊണ്ടു തന്നെ ഇത്ര പെട്ടെന്ന് അച്ഛനെ മരണം വിളിക്കുമെന്നു ഹരിയും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ മരിക്കുന്നതിന്റെ തലേന്നാണ് വിളിച്ചു പറഞ്ഞത്. ഒന്ന് വന്നു കണ്ടിട്ടുപോകാൻ. പക്ഷെ മിനിയും മക്കളുമായി എയർ പോർട്ടിൽ എത്തിയപ്പോഴേക്കും മരണവാർത്തയാണ് കേട്ടത്. ശ്വാസതടസ്സത്തിനിടയിൽ വീണ്ടും തീവ്ര പരിചരണ മുറിയിലേക്ക് മാറ്റുന്നതിനിടയിൽ അത് സംഭവിച്ചു. അപ്പോഴും ഹരി ഹരി എന്ന് അവ്യക്തമായി പറയുകയും അവസാനവാക്കായി "എന്റെ മകനെ" എന്ന് നീട്ടി പറഞ്ഞത് വ്യക്തമായി കേൾക്കാൻ പറ്റിയെന്നു പറഞ്ഞിരുന്നു.
അച്ഛന്റെ സഞ്ചയനം, അസ്ഥിയൊഴുക്കൽ, അടിയന്തിരം എല്ലാറ്റിനും ആനന്ദ് കൂടെ നിന്നു. ആനന്ദിന്റെ ഭാര്യക്കും അതീവമായ ഉത്കണ്ഠയും ആശങ്കയും വിട്ടുപോകാത്ത സമയമായിരുന്നു. ഒരു കാരണവശാലും ജോലിയിൽ വീഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തേണ്ട സമയം കഴിഞ്ഞാൽ പിന്നെ ഇടയ്ക്കിടയ്ക്ക് ആനന്ദേട്ടൻ എവിടെയാണെന്ന് തിരക്കി കൊണ്ടിരിക്കും. ഓഫീസിൽനിന്നിറങ്ങിയുള്ള പതിവ് മദ്യപാനത്തിനിടക്ക് ആരെയെങ്കിലും കൂട്ട് കിട്ടിയാൽ പിന്നെ അർദ്ധ രാത്രിക്കു നോക്കിയാൽ മതി. അച്ഛൻ പതിവിൽ കവിഞ്ഞു വൈകിയാൽ അന്ന് ഒരുമിച്ചു അത്താഴം കഴിക്കാൻ പറ്റില്ലെന്ന് മോളുവിനും അറിയാം. പിറ്റേന്ന് കാലത്തു മോളൂന്നു നീട്ടിവിളിച്ചു അച്ഛൻ തന്നെയായിരിക്കും വിളിച്ചുണർത്തുക. എത്ര മദ്യപിച്ചാലും ഒരു ദിവസം പോലും ആനന്ദ് വീട്ടിൽ വരാതെ ഇരുന്നിട്ടില്ല. ആ കാര്യത്തിൽ വളരെ കണിശക്കാരനായിരുന്നു എത്ര വൈകിവന്നാലും അതികാലത്തു മൂന്നരമണിക്കു തന്നെ ഉണർന്നിട്ടുണ്ടാകും. ഒരു ടൈം പീസിന്റെ അലാറത്തെക്കാൾ കണിശമായി. എത്രയോ നാളത്തെ ശീലം. പിന്നെ അടുക്കളക്കാര്യമെല്ലാം എണ്ണയിട്ട യന്ത്രം പോലെ തീർക്കും. കാലത്തേക്കുള്ള പ്രാതലും തനിക്കും മോളുവിനുമുള്ള ലഞ്ചും കാരൃറിലാക്കിവച്ചു കാപ്പിയുണ്ടാക്കിക്കൊണ്ടിരിക്കു മ്പോഴാകും മിക്കവാറും അമ്മയും മോളും എഴുന്നേറ്റുവരുന്നത്. ഈ കാര്യങ്ങളെല്ലാം നിഷ്ട്ടയോടെ ചെയ്യുന്നത് കാരണം ആനന്ദിന്റെ മറ്റു സ്വാതന്ത്ര്യങ്ങളോട് ഒരു മൃദു സമീപനം ഭാര്യക്ക് ഇല്ല എന്ന് പറഞ്ഞുകൂടാ.
ആഴ്ചകൾക്കു മുൻപ് പൂരനഗര പ്രാന്തത്തിലെ ഒരു റിസോർട്ടിൽ കോളേജ് റീ യൂണിയൻ നടന്നിരുന്നു. ബാംഗളൂരിൽ ജോലിയായി വന്ന ശേഷം നടന്ന രണ്ട് റീ യൂണിയനിലും പല കാരണങ്ങളാൽ എനിക്ക് എത്തിപ്പെടാനായില്ല. അതിന്റെ തലേന്ന് വൈകീട്ട് എന്റെ പ്രത്യേക താല്പര്യ പ്രകാരം വിളിച്ചു ചേർത്ത സർഗ്ഗസംഗമത്തിൽ ഹരിയുടെ അതിഥിയായി ആനന്ദ് പങ്കെടുത്തിരു ന്നു. ദീർഘകാല മദ്യപാന ചരിത്രമുള്ള പത്തു പന്ത്രണ്ടു പേരുടെ ഒരു കൂട്ടായ്മയായിരുന്നു അത്. പുതിയ സൗഹൃദസാന്നിധ്യങ്ങളിൽ ആനന്ദ് പൂർവ്വാധികം ഉന്മേഷവാനാകും. മിക്കവാറും സൗഹൃദങ്ങൾ ഏതെങ്കിലും ബാറിന്റെ അരണ്ട വെളിച്ചത്തിന്റെയും നേരിയ ഒച്ചയിലുള്ള സംഗീതത്തിന്റെയും പശ്ചാത്തലത്തിലായിരിക്കും തുടങ്ങുന്നത്. അവിടങ്ങളിൽ നട്ടു നനക്ക പെടുന്ന സൗഹൃദം പൂത്തുലയുന്നതു കുറേക്കൂടി സ്വതന്ത്രമായ അന്തരീക്ഷത്തിലായിരിക്കും. കാരണം സ്ഥിരം താവളങ്ങൾ അല്ലെങ്കിൽ അവിടെ പാട്ടിനും വെടിവെട്ടത്തിനും സാമൂഹ്യ പരിമിതികൾ ഉണ്ടാകും. എന്നാലും ഒന്ന് രണ്ടു ടെസ്റ്റ് ഡോസുകൾ ട്രൈ ചെയ്യാറുണ്ട്. അതിൽ എപ്പൊഴും അനിവാര്യമാകുന്നത് പ്രീ ഡിഗ്രി ക്ലാസ്സിൽ ആന്റണി സാർ പഠിപ്പിച്ച ഫ്രണ്ട്‌സ്, റോമൻസ്, ആൻഡ് കൺട്രി മെൻ എന്ന് തുടങ്ങുന്ന ആന്റണിസ് സ്പീച് ആണ്. സാറിന്റെ സർഗ്ഗാദ്മഗമായ അധ്യാപനത്തിന്റെ ഓർമ്മകളില്ലാത്തവർ വിരളം. പതിവ് തെറ്റിക്കാതെ രണ്ടാമത്തെയും മൂന്നാമത്തെയും പെഗ്ഗിന്റെ ഇടവേളയിലെവിടെയോ ആനന്ദിന്റെ തലച്ചോറിലെ ന്യൂറോണുകൾ പൊട്ടിത്തുടങ്ങി. പതിനാലാമത്തെ സന്തതി, ലൂയി പതിനാലാമൻ, ആന്റണി'സ് സ്പീച് തുടങ്ങി ആവർത്തന വിരസത്തിന്റെ കുത്തഴിച്ചു. പിന്നീട് അംഗവിക്ഷേപങ്ങളുടെ അകമ്പടിയോടെ മലയാളത്തിലും ഹിന്ദിയിലും ഉള്ള സ്ഥിരം ചലച്ചിത്ര ഗാനങ്ങൾ. സിരകളിൽ ലഹരി കൂടുംതോറും വരികളിലെ സംഗീതത്തിന്റെ കയറ്റിറക്കങ്ങൾക്കും ദൈർഘ്യമേറി. രാത്രിക്കപ്പോഴും ചെറുപ്പമായിരുന്നു. ആരംഭത്തിൽ പാട്ടിനു ശ്രോതാക്കളുടെ ശ്രദ്ധയുണ്ടായെങ്കിലും നിമിഷങ്ങൾക്കകം സംഘം ചെറിയ കൂട്ടങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും കടന്നു.
ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ആനന്ദിന് അരോചകവും അസ്വസ്ഥ ജനകവും ആയി മാറും. താൻ തഴയപെട്ടവനായോ എന്ന ചിന്ത അലട്ടി തുടങ്ങും. ഈചിന്ത വരുമ്പോഴാകാം ഒരുപക്ഷെ ആൾക്കൂട്ടത്തിൽ ഒരു ആകർഷണ ബിന്ദുവാകാനുള്ള അങ്ങേയറ്റത്തെ തൃഷ്ണ അയാളെ പിടികൂടുന്നത് എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പിന്നെ കുറച്ചു നേരം മൗനിയായി പാതി തീർന്ന മോർഫിയോസിനോട് മാത്രം അനുഭാവം പ്രകടിപ്പിച്ചു. മനസ്സിൽ അടുത്ത അജണ്ടയിലേക്കുള്ള തയ്യാറെടുപ്പു നടത്തി.
ഇതിനിടയിൽ തന്റെ കേൾവിക്കാരാകാൻ അനുയോജ്യരായ ഇരകളെ ആനന്ദ് തേടിപിടിച്ചിരിക്കും. അടുത്ത ഒരു ഞൊടിയിൽ ഗ്ലാസ് കാലിയാക്കി "ടപ്" എന്ന് മേശപ്പുറത്തു വെച്ച് ആനന്ദ് എന്നെ പിടികൂടി. കസേര നീക്കിയിട്ടു ഒരു സിഗരറ്റിനു തീ കൊളുത്തി. രണ്ടു കവിൾ പുക വേഗതയിൽ വലിച്ചെടുത്തു പറത്തി വിട്ടു ചോദിച്ചു.
"എനിക്ക് നിങ്ങളുടെ നാളത്തെ റീ യൂണിയനിൽ പങ്കെടുക്കണം. പറ്റുമോ? ഞാൻ നിങ്ങളുടെ ജൂനിയർ ആണെന്നറിഞ്ഞിട്ടു തന്നെയാണ് ചോദിക്കുന്നത്."
"അതിനെന്താ അളിയാ ഞങ്ങളുടെ അതിഥിയായി വരാമല്ലോ" എന്ന് കൂടുതൽ ആലോചിക്കാതെ ഞാൻ മറുപടി നൽകി. ഹരിയും മറ്റുള്ളവരും അതിനോട് യോജിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് നാലു മണിക്കൂറിനുള്ളിൽ അത്രയും വിളികൾ ഭാര്യയുടെ ഫോണിൽ നിന്നും ആനന്ദിനെ തിരക്കി വന്നിരുന്നു. അവസാനത്തെ കാളിനു "ജസ്റ്റ് ഹാഫ് എൻ അവർ" എന്ന് ശബ്ദം ഉയർത്തി പറഞ്ഞ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിലിട്ടു. ഇടക്ക് മൂത്ത ജ്യേഷ്‌ഠന്റെ മകൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനാൽ നിയമ നടപടികളിലേക്ക് നീങ്ങിയ അക്കൂട്ടത്തിലെ ബാങ്ക് മാനേജർ പ്രേമനുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കുന്നുണ്ടായിരുന്ന ആനന്ദ്. അന്ന് ബഹളത്തിനിടയിൽ വീട്ടിലേക്കു പോയത് ആരും കണ്ടില്ല. കോളേജ് സൗഹൃദത്തിന്റെ സ്മരണകൾ അയവിറക്കി കുറച്ചുപേർ വീടുകളിലേക്ക് മടങ്ങി. ബാക്കിയുള്ളവർ സംഭാഷണത്തിന്റെ വണ്ടി വീണ്ടും ഓടിച്ചു.
പ്രജ്ഞയുടെ അവരോഹണം തുടങ്ങുന്ന മുഹൂർത്തങ്ങളിൽ ഓരോരുത്തരായി നിദ്ര പൂകി. അവസാനം ഹരിയും ഞാനും മാത്രമായപ്പോൾ ഞങ്ങൾ നഗര രാത്രിയുടെ നിരത്തിലേക്കിറങ്ങി നടന്നു. റോഡിനിരുവശമുള്ള കടകളെല്ലാം അടച്ചതിനാൽ നഗരം ശൂന്യതയുടെ നിഴൽ പിടിയിലായിരുന്നു. നടന്നു
റൗണ്ടിലെത്തിയപ്പോൾ പൂരത്തിന്റെ പന്തൽ പണി കഴിഞ്ഞ പണിക്കാർ മടങ്ങുന്നത് കണ്ടു. ആകാശത്തു മഴക്കാറിനിടയിലൂടെ കണ്ണ് ചിമ്മിത്തുറക്കുന്ന നക്ഷത്രങ്ങൾ കൊതുകുവലകാഴ്ച പോലെ തോന്നിച്ചു.
പിറ്റേന്ന് കാലത്തു പതിനൊന്നു മണിയോടെ സഹപാഠികൾ അറുപതോളം പേർ സംഗമസ്ഥലത്തെത്തി. ഓർമ്മ പുതുക്കൽ,കുശലാന്വേഷണങ്ങൾ, ആലിംഗനങ്ങൾ. അന്ന് ഹരിയുടെ ജന്മദിനമായിരുന്നു. അജണ്ടയിലെ "ഓർമ്മ കൊണ്ടൊരു മഷിയെഴുതൽ"
നടക്കുന്നതിനിടയിലാണ് ആനന്ദ് വന്നു കയറിയത്. സാമാന്യം മദ്യപിച്ചിരുന്നു എന്ന് ഓൾഡ് സ്പൈസിന്റെയും വിസ്കിയുടെയും സമ്മിശ്ര ഗന്ധം വിളിച്ചറിയിച്ചു. ഒരു ബ്ലാക്ക് ഫോറെസ്റ്റ്കേക്കുമായാണ് ആനന്ദ് അവിടെ എത്തിയത് . എന്തിനെന്നില്ലാത്ത ആവേശവും അക്ഷമയും ആനന്ദിൽ പ്രകടമായിരുന്നു. ഹരി ബർത്ത് ഡേ കേക്ക് മുറിച്ച ശേഷം ചെറു കഷ്ണങ്ങളാക്കി കടലാസ്സ് പ്ലേറ്റിലാക്കി വിതരണം നടത്താനും ആനന്ദ് നേതൃത്വം നൽകി. ആങ്കറിങ് നടക്കുമ്പോൾ ഇടയിൽ കയറി ആനന്ദ് ആരും ക്ഷണിക്കാതെ തന്നെ മൈക്ക് പിടിച്ചുവാങ്ങി. പതിനാലാം സന്തതി, ലൂയി പതിനാലാമൻ, ആന്റണീസ് സ്പീച്, ആവർത്തനവിരസത്തിന്റെ പടികൾ കയറാൻ തുടങ്ങി. ഇടക്ക് അജണ്ടയെ കുറിച്ച് ഞാൻ
ഓർമ്മ പ്പെടുത്തിയെങ്കിലും ആനന്ദ്തുടർന്നു. പിൻ സീറ്റുകളിൽ നിന്നും മുറുമുറുപ്പുയർന്നപ്പോൾ നിർബന്ധിച്ചു മൈക്ക് പിടിച്ചു വാങ്ങേണ്ടി വന്നു. പിന്നീട് പാട്ടും കവിതയും ആയി രംഗം കൊഴുത്തു ഒരു ഇടവേളയിൽ മൈക്ക് പിടിച്ചെടുത്ത് ആനന്ദ്
അടക്കാനാവാത്ത ആവേശത്തോടെ "കളകളം കായലോരങ്ങൾ" പാടാൻ തുടങ്ങിയപ്പോൾ മുഷിഞ്ഞാലും വിരോധമില്ലെന്ന് കരുതി പിന്നിൽ പിടിച്ചിരുത്തി. ചായക്ക് മുൻപേ ആനന്ദ്സ്ഥലം വിട്ടിരുന്നു. പരിപാടിയെല്ലാം കഴിഞ്ഞു ഭാരതവാക്യം ചൊല്ലി കൂട്ടുകാരും കൂട്ടുകാരികളും ഒറ്റക്കും കൂട്ടായും പിരിഞ്ഞു പോയി.
എനിക്കും ഹരിക്കും അന്ന് തന്നെ നഗരങ്ങളിലേക്ക് മടങ്ങണമായിരുന്നു. പ്രേമന്റെ കാറിൽ ഹരിയെ വിടാൻ ടാൻസ്പോർട് സ്റ്റാൻഡിലേക്ക് പോകുമ്പോൾ ഹരിക്ക്
ആനന്ദിന്റെ കാൾ. അവൻ എവിടെയോ കാത്തുനിൽക്കുന്നു. ട്രെയിനിൽ സീറ്റ് ശരിയാക്കിത്തരാമെന്നു പറഞ്ഞതനുസരിച്ചു ഹരിയെ റൗണ്ടിൽ ഇറക്കി. എനിക്ക് പോകേണ്ട ബാംഗ്ലൂർ ട്രെയിൻ ഏഴു നാല്പതിനാണ്.എന്നാൽ വീട്ടിൽ കയറി ഫ്രഷ് ആയി വരാമെന്നായി പ്രേമൻ. മൊബൈൽ മെസ്സേജ് നോക്കിയപ്പോൾ ചാർട്ട് ഇട്ടിരിക്കുന്നു. വെയിറ്റ് ലിസ്റ്റ് ടിക്കറ്റലുള്ള ചാൻസും പോയിരിക്കുന്നു. വാട്ട്സ് ആപ്പിൽ ആനന്ദിന്റെ "മിസ്റ്റേക്സ്, ഫെയിലിയേഴ്‌സ്, ഇൻസൽട്സ്"എന്ന് തുടങ്ങുന്ന ചേതൻ ഭഗത്തിന്റെ വാചകം തെളിഞ്ഞു.
ദിവസത്തിന്റെ സന്തോഷങ്ങൾക്കു തിരശീല വീണപോല നിമിഷങ്ങൾ പിന്മറഞ്ഞു. പ്രേമന്റെ വീട്ടിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആനന് ദ്
അവനെ വിളിച്ചു. എനിക്കുള്ള ബർത്ത് ശരിയാക്കുന്നുണ്ട്, കുറച്ചു നേരത്തെ സ്റ്റേഷനിൽ എത്തണമെന്നും പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ ഹരി ഇനിയും പോയിട്ടില്ല. രണ്ടുപേരും വണ്ടിയിൽ സീറ്റ് എങ്ങിനെ ശരിയാക്കാമെന്ന ചർച്ചയിലാണ്. ആനന്ദ് വിയർപ്പിൽ മുങ്ങി ഓടി നടന്നു. ഹരിയുടെ ട്രെയിൻ വന്നപ്പോൾ ട്രാക്കിന്റെ ഭാഗത്തുള്ള വാതിലിൽ കൂടി കയറി അവിടെ ഇറങ്ങാൻ തുടങ്ങുന്ന ഒരാളുടെ സീറ്റ് ഹരിക്കു വേണ്ടി പിടിച്ചു. ഹരി പോയശേഷം
എനിക്കുള്ള ബെർത്ത് സംഘടിപ്പിക്കുവാനുള്ള തത്രപ്പാടുകൾ തുടങ്ങി. ഏതെല്ലാമോ ഉയർന്ന ഉദ്യോഗസ്ഥരുമായി ഫോൺ സംഭാഷണങ്ങൾ.ഒടുവിൽ ട്രെയിൻ വന്നപ്പോൾ ടി. ടി യെ കണ്ടുപിടിച്ചു ബെർത്തും ശരിയാക്കിയിട്ടാണ് ആനന്ദ് സ്ഥലം വിട്ടത്.
വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ മനസ്സിൽ ആനന്ദിന്റെ സമാന സ്വഭാവ വൈശിഷ്ട്യങ്ങളുണ്ടായിരുന്ന രാജേട്ടന്റെ പഴയ കാല ഓർമ്മ ചിറകടിച്ചു.
എൽ. ഐ. സി യിൽ ഉയർന്ന ഉദ്യോഗവും സ്ഥിരോത്സാഹിയും ആയിരുന്ന രജേട്ടൻ. ബാനർജി ക്ലബ്ബിൽ അംഗമായ, ധാരാളം സൗഹൃദങ്ങളുടെ ഉടമ. സ്കൂട്ടർ ഉണ്ടായിരുന്നിട്ടും പട്ടണത്തിൽ നിന്നും നാല്പതിലധികം കിലോമീറ് റർ ദൂരമുള്ള എന്റെ
ഗ്രാമത്തിലേക്കും തിരിച്ചും ഉച്ച വെയിലത്ത് സൈക്കിൾ ചവിട്ടി എത്താറുള്ള രാജേട്ടൻ. അവസാനം ഈ ഭൂമിയിൽ നിന്നും ആരോടും യാത്ര പറയാതെ തിരോധാനം ചെയ്ത പാവം മനുഷ്യൻ. ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴായിരുന്നു രാജേട്ടനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പോലീസിൽ പരാതിയെല്ലാം കൊടുത്തിരുന്നു. പക്ഷെ നാളിതുവരെ രാജേട്ടന്റെ യാതൊരു വിവരവും അറിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുന്നുണ്ടോ അതോ ഈ ലോകത്ത് നിന്നും തിരോഭവിച്ചോ എന്ന് ആർക്കും ഉറപ്പിക്കാനാകാത്ത അനശ്ചിതത്തിന്റേതായ കുറച്ചു നാളുകൾക്ക് ശേഷം രാജേട്ടൻ ചുറ്റിലുമുള്ളവർക്ക് ഓർമ്മയായി മാറി.
ഭക്ഷണം കഴിച്ചെന്നു വരുത്തി ബെർത്തിൽ കയറി കിടന്നു. ചിന്തകൾ ഓരോന്നായി മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ക്ഷീണമുണ് ടെന്നാലും ഉറക്കം പിണങ്ങിത്തന്നെ നിന്നു. രാജേട്ടന്റെയും ആനന്ദിന്റെയും ജീവിതത്തിൽ എന്തൊക്കെയോ സമാനതകൾ ഇല്ലേ? ഒരുപക്ഷെ രാജേട്ടനെ തക്ക സമയത്ത് ആരെങ്കിലും മുൻകയ്യെടുത്ത് ഒരു സൈക്കിയാട്രിസ്റ്റിനെ കാണിച്ചിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നായേനേ. വേണ്ടപ്പെട്ടവർ ആ സമയത്ത് ജാഗ്രത കുറവ് കാട്ടിയതല്ലേ രാജേട്ടന്റെ ദുർവിധിക്കുള്ള ശരിയായ കാരണം?
ആനന്ദ് കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ അംഗീകരിക്കാൻ അപ്പോൾ മനസ്സ് വിസമ്മതിച്ചു എങ്കിലും ഇപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ. പരിപാടികൾക്കിടയിൽ മൈക്ക് പിടിച്ചു വാങ്ങി പിന്നിൽ കൊണ്ട് പോയി ഇരുത്തിയിട്ടും ആനന്ദ് തന്റെ ടിക്കറ്റ് ശരിയാക്കാൻ എത്ര സമയം ചിലവഴിച്ചു? അവന്റെ പ്രത്യേക മാനസികാവസ്ഥയാണല്ലോ മറ്റുള്ളവരുടെ യുക്തിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ ശരിയാണെന്ന് അവനെക്കൊണ്ട് ചിന്തിപ്പിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും എന്ന് ആലോചിച്ചപ്പോൾ ആനന്ദിനോട് എന്തെന്നില്ലാത്ത അനുകമ്പയും സ്നേഹവും തോന്നി. അവനെ രാജേട്ടന്റെ വഴിയിൽ യാത്ര തുടരാൻ ഒരു കാരണവശാലും അനുവദിച്ചുകൂട. അടിയന്തിരമായി അവന് ഒരു വിദഗ്ധനായ മനഃശ്ശാസ്സ്ത്രജ്ഞന്റെ ഉപദേശവും ചികിത്സയും അത്യന്താപേക്ഷിതമാണെന്ന ഒരു ചിന്ത മനസ്സിനെ കീഴടക്കി. അപ്പോൾ തന്നെ ഹരിയെ മൊബൈലിൽ വിളിച്ചു. അവൻ ആ സമയത്ത് മൊബൈൽ എടുക്കുമോ എന്ന ആശങ്കക്കിടം നൽകാതെ "പറയെടാ അളിയാ" എന്ന് പ്രതിവചിച്ചു. പിന്നീട് ഒരു മണിക്കൂറോളം ആനന്ദിന്റെ കാര്യങ്ങൾ സംസാരിച്ചു. ആനന്ദിന് വേണ്ടി നാളെ തന്നെ ഹരിയുടെ സുഹൃത്തു കൂടിയായ ഡോക്ടർ സക്കറിയയുടെ അപ്പോയ്ന്റ്മെന്റ് വാങ്ങാമെന്ന് അവൻ ഉറപ്പു നൽകിയതിന്റെ ബാക്കിപത്രമായിരുന്നു പിന്നീടുള്ള ആനന്ദിന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്ര.