(Sohan KP)
രാത്രി വളരെവൈകിയിരുന്നു.നഗരത്തിലെ വിജനമായ റോഡിലൂടെ ഗോപാല്‍ കാറോടിച്ചൂ പോകുകയായിരുന്നു. വഴിയില്‍ ഒരാള്‍,കൈ കാണിച്ചത് കണ്ട് ,ഒന്നു സംശയിച്ചെങ്കിലും ഗോപാല്‍ വണ്ടി നിര്‍ത്തി. അയാള്‍ കാറിനടുത്തേക്ക് വന്നു. ഗ്ളാസ് താഴ്ത്തിയശേഷം ഗോപാല്‍ ചോദിച്ചു.
'എന്തു വേണം'
'സഹോദരാ. എനിക്ക് ഒരു ലിഫ്റ്റ് തരാമോ.വളരെ എമര്‍ജന്‍സിയിലാണ് ഞാന്‍.'
പറയൂ. നിങ്ങള്‍ക്കെവിടെയാണ് പോകേണ്ടത്'
'12 km അകലെ ഒരു,ഗ്രാമമുണ്ട്. എന്നെ അവിടെ ഇറക്കിയാല്‍ മതി.'
Ok. കയറൂ. ഗോപാല്‍, ഡോര്‍ തുറന്നു കൊടുത്തു. അയാള്‍ മുന്‍സീറ്റില്‍ കയറി. കാര്‍ മുന്നോട്ട് നീങ്ങി.
ബൈ ദ ബൈ. എന്‍ടെ പേര് ഗോപാല്‍. ഞാന്‍ ഒരു ബന്ധുവിന്‍ടെ വിവാഹപ്പാര്‍ട്ടിക്ക് പോയിട്ട് മടങ്ങുന്ന വഴിയാണ്.
അപ്പോള്‍ ഗോപാലിന്‍ടെ മൊബൈല്‍ ശബ്ദിച്ചു. ആരോടോ സംസാരിച്ച ശേഷം ഗോപാല്‍ തുടര്‍ന്നു.
'വീട്ടില്‍ നിന്ന് അമ്മയാണ്. ഞാന്‍ മടങ്ങിയെത്താന്‍ വൈകുന്നതു കൊണ്ടാണ് വിളിക്കുന്നത്.'
'നിങ്ങളുടെ പേര് എന്താണ്. '
അയാള്‍, പറഞ്ഞു.
'ഞാന്‍ നിഖില്‍'
'Ok. എന്താണ് കാര്യം. ഒരു എമര്‍ജന്‍സി എന്നാണല്ലോ പറഞ്ഞത്''
കുറച്ചു നേരത്തേക്ക് നിഖില്‍ ഒന്നും മിണ്ടിയല്ല.എന്നിട്ടു പറഞ്ഞു.
'കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രി ഇതേ സമയത്ത് ഞാന്‍ ഈ ഹൈവേയിലുണ്ട്'
'വാട്ട് ?' ഗോപാല്‍ ഒന്നു ഞെട്ടി.
നിഖില്‍ തുടര്‍ന്നു.
'പത്തു ദിവസം മുന്‍പ് ഈ റോഡില്‍ ഒരു അപകടം ഉണ്ടായി.നിങ്ങള്‍ പത്രത്തില്‍ കണ്ടു കാണും.ഒരു ലോറിയിടിച്ച് ഒരാള്‍,മരിച്ചു. അത് ഞാനായിരുന്നു.'
'വാട്ട് ഡു യൂ മീന്‍?. നിങ്ങള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോ'
'ഇല്ല. അതായത് ഞാന്‍ ലിഫ്റ്റ്,ചോദിച്ച സ്ഥലമില്ലേ ? അവിടെ വച്ചായിരുന്നു അപകടം.
ഗോപാല്‍ കാര്‍ സഡന്‍ബ്രേക്കിട്ടു നിര്‍ത്തി.
'നിങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണം.വട്ടന്‍മാരെ കൊണ്ടു പോകുന്ന വാഹനമല്ല ഇത്. '
ഇതു കേട്ട് നിഖില്‍ ഉറക്കെ ചിരിച്ചു.
'അതെ സുഹ്യത്തേ. സത്യമാണ്. ഞാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു' നിങ്ങള്‍ വിശ്വസിച്ചേ പറ്റു.'
പെട്ടെന്ന് അയാളുടെ ഭാവവും രൂപവും മാറി. ശരീരമാസകലം രക്തം പൊടിയാന്‍ തുടങ്ങി. വെളുത്ത ഷര്‍ട്ടിലൂടെ രക്തക്കറ തെളിഞ്ഞു വന്നു. അതിഭീകരമായ ഒരു മുഖം.കൈകള്‍ നീണ്ടു വന്നു
ഗോപാലിന്‍ടെ കഴുത്തില്‍ പിടി മുറുകി. കാറിന്‍ടെ ഡോര്‍ ഒരു വിധത്തില്‍ തുറന്ന്,ഗോപാല്‍,റോഡിലൂടെ ഓടി.
എന്നിട്ട്... എന്നിട്ട്..........
പെട്ടെന്ന് മുറിയിലെ ലൈറ്റ് പോയി. ഉടനെ തന്നെ തിരികെ വന്നു. എഴുതിക്കൊണ്ടിരുന്ന കഥ നിര്‍ത്തി രോഹിത് കസേരയില്‍ ചാരിക്കിടന്നു.
'ഛേ... മൂഡ് പോയി. ഇന്നിനി എഴുതാന്‍ കഴിയുമെന്നു തോന്നുന്നില്ല.'
അയാള്‍ എഴുന്നേറ്റു.നോട്ട് ബുക്കും പേനയും മേശവലിപ്പിലേക്ക് ഇട്ടു. രണ്ടാം നിലയിലെ ജാലകത്തിലൂടെ തെരുവിലേക്ക് നോക്കി. നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു. സമയം രണ്ടു മണി കഴിഞ്ഞിരുന്നു. 'ഒന്നു നടന്നിട്ടു വരാം. ചിലപ്പോള്‍ പുതിയ എൈഡിയ കിട്ടിയേക്കാനും മതി.
രോഹിത് ഒരു ഓവര്‍കോട്ട് ധരിച്ചു. മൂറി പൂട്ടി ഗോവണിപ്പടിയിറങ്ങി ഹോട്ടല്‍ ഗേറ്റിലെത്തി. ഗേറ്റിന് വെളിയില്‍ ഒരാള്‍ ഒറ്റക്ക്, തെരുവില്‍ തീ കായുന്നുണ്ടായിരുന്നു.
അസഹ്യമായശീതക്കാറ്റ് വീശിയിരുന്നു. രോഹിത് ഒരു സിഗററ്റെടുത്ത് ചുണ്ടില്‍ വച്ചു. ലൈറ്റര്‍ പരതി. പോക്കററിലില്ലെന്നു മനസ്സിലായി.
തീ കായുന്ന,മനുഷ്യനോട് തീപ്പെട്ടിയുണ്ടോ എന്നു ചോദിച്ചു.
പെട്ടെന്ന് പുറകില്‍ നിന്ന് ആരോ രോഹിത്തിന്‍ടെ തോളില്‍ ത്തട്ടി.
'തീ കത്തുമ്പോള്‍ എന്തിനാണ് സുഹ്യത്തേ തീപ്പെട്ടി' ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രോഹിത് നടുങ്ങിപ്പോയി.
വെളുത്ത ഷര്‍ട്ടില്‍ മുഴുവന്‍ രക്തക്കറ പുരണ്ട ഒരു മനുഷ്വന്‍. അയാളുടെമുഖം അതിഭീകരമായിരുന്നു. എവിടെയോ മുഖമടിച്ച് വീണ ഒരാളുടെ പോലെ, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകിയിരുന്നു.
രോഹിത് തിരിഞ്ഞു നോക്കാതെ ഓടി. പാര്‍ക്കു ചെയ്തിരുന്ന ഒരു കാറില്‍ ചാരി നിന്ന് കിതച്ചു. 'എന്താണ് സംഭവിക്കുന്നത്. ആ രൂപം എവിടെയോ കണ്ടതു പോലെ' രോഹിത് ഓര്‍ത്തു.
കാറിന്‍ടെ എതിര്‍വശത്ത് നിന്ന് വീണ്ടും ആ സത്വം മുന്നിലേക്ക് ചാടി വീണു.
ഇത്തവണ രോഹിത് ഓടിയെത്തിയത് ഒരു ബസ്സ്,സ്റ്റോപ്പിലായിരുന്നു. ചാരു ബെഞ്ചില്‍ ശക്തിയോടെ വന്നു വീഴുകയാണുണ്ടായത്.
അപ്പുറത്തെ ചാരുബഞ്ചില്‍ കിടന്നുറങ്ങിയിരുന്ന ആള്‍ തലയുയര്‍ത്തി നോക്കി. പിറു പിറുത്തു .
'നട്ട പ്പാതിരക്ക് ശല്യപ്പെടുത്താന്‍ ഒാരോരുത്തന്‍മാരിറങ്ങിക്കോളും ' ഇവനൊന്നും വേറെ പണിയില്ലേ.'
ചാരു ബഞ്ചിലിരുന്ന് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞതേയുള്ളു.
'ഹലോ രോഹിത്.'
അതാ ബഞ്ചിന്‍ടെ അങ്ങേ അറ്റത്ത് അയാള്‍.ഇരിക്കുന്നു.
രോഹിത് ആകെ തളര്‍ന്നു പോയിരുന്നു.
'വേണ്ട.നിങ്ങള്‍ ഭയപ്പെടണ്ട. നിങ്ങളെ ഞാന്‍ ഒന്നും ചെയ്യില്ല. ചില കാര്യങ്ങള്‍ സംസാരിക്കാനാണ് നിങ്ങളുടെ പുറകെ വന്നത്.'
രോഹിത് ഭയന്നു മരവിച്ചു പോയിരുന്നു.
'നിങ്ങള്‍..നിങ്ങള്‍. ആരാണ്.'
എന്‍ടെ പേര് നിഖില്‍'
നിഖില്‍...നിങ്ങളല്ലേ അപകടത്തില്‍ മരിച്ചത്. നിങ്ങളൊരു ഗോസ്റ്റല്ലേ'
അയാള്‍ ഭയാനകമായ് പൊട്ടിച്ചിരിച്ചു.
' ഗോസ്റ്റ്..പ്രേതം..ഭൂതം . അതെ .. പക്ഷേ അതിനു കാരണം നിങ്ങളാണ്.'
'ഞാനോ ?'
'അതെ നിങ്ങളെ പ്പോലുള്ള എഴുത്തുകാരാണ് ഞങ്ങളെ സ്യഷ്ടിക്കുന്നത് .ഞങ്ങള്‍ ആരെയും ഭയപ്പെടുത്താറില്ല. ഇക്കാലത്ത് മനുഷ്യനെയാണ് പേടിക്കേണ്ടത്.
പിന്നെ..നിഖില്‍ തുടര്‍ന്നു.
ഞങ്ങള്‍ ആരുടെയും രക്തം കുടിക്കാറില്ല.മരിച്ചു കഴിഞ്ഞതിനുശേഷം എന്തിനാണ് രക്തം കുടിക്കുന്നത്. നിങ്ങളൃ പ്പോലുള്ളവരുടെ വികലമായ ഭാവനയാണ് അത്. ഭൂതങ്ങള്‍ക്കും ഒരു നല്ല ജീവിതമുണ്ട്'.
ഇത്തവണ ചിരിച്ചത് രോഹിത്തായിരുന്നു.'മരിച്ചു പോയവര്‍ക്കും ജീവിതമോ '
ഇതിനിടയില്‍ ചാരുബഞ്ചില്‍ കിടന്നുറങ്ങിയിരുന്നയാള്‍ ചാടിയെഴുന്നേറ്റു.
'എനിക്ക് ഓഫീസിലും വീട്ടിലും സൈ ര്വമില്ല. അതാണ് ഇവിടെ ഉറങ്ങുന്നത്. രാത്രി 3 മണി കഴിഞ്ഞു. തനിക്ക് ഭ്രാന്താണോ. ഇവിടെ ഇരുന്ന് ഒറ്റക്ക് സംസാരിക്കാന്‍?' അയാള്‍ ദേഷ്യപ്പെട്ട് എഴുന്നേറ്റു പോയി.
നിഖില്‍ തുടര്‍ന്നു
തീര്‍ച്ചയായും. നിഖില്‍ എന്ന പേരില്‍ മറ്റൊരാളുണ്ട്. അയാള്‍ വളരെ സുന്ദരനും ജീവിതവിജയം നേടിയവനും ആണ്. അയാള്‍ ഒരിക്കലും ആത്മഹത്യ,ചെയ്യില്ല. എന്നിട്ടും അതേ വിലാസത്തില്‍ മറ്റൊരു വിരൂപനായ നിഖിലിനെ നിങ്ങള്‍ സ്യഷ്ടിച്ചു. അയാളെ നടുറോഡില്‍ നിഷ്ക്കരുണം വധിച്ചു. ഞാനാണ് അത്. എന്‍ടെ അവസ്ഥ നോക്കൂ ഞാനിപ്പോല്‍ പ്രേതമായ് ആളുകളെ ഭയപ്പെടുത്തി നടക്കുന്നു.'
നിഖില്‍ ഭീകരമായി പൊട്ടിച്ചിരിച്ചു.
എഴുത്തുകാരാ. എന്‍ടെ ഈ അവസ്ഥക്കു കാരണം നിങ്ങളാണ്. അതിന്‍ടെ ശിക്ഷ അനുഭവിച്ചേ പറ്റൂ.'
അയാള്‍ രോഹിത്തിന്‍ടെ മേല്‍ ചാടിവീണു.
'അയ്യൊ.. എന്നെ വെറുതെ വിടൂ. ഞാനത് ശരിയാക്കി എഴുതാം.നിങ്ങളെ മോചിപ്പിക്കാം.' രോഹിത് അലറി വിളിച്ചു.
പൊടുന്നനെ ഒരു കാറ്റു വീശി. മുറിയുടെ ജാലകങ്ങള്‍ ശക്തിയായി അടഞ്ഞു. ശബ്ദം കേട്ട്.,രോഹിത് മയക്കത്തില്‍ നിന്നുണര്‍ന്നു.
അയാളുടെ മുന്‍പില്‍ എഴുതിത്തീരാത്ത നോവലിന്‍ടെ താളുകള്‍ മുകളില്‍ കറങ്ങുന്ന ഫാനിന്‍ടെ കാറ്റില്‍, മറിയുന്നുണ്ടായിരുന്നു.
അപ്പോള്‍ ദൂരെയേതോ ഫാക്ടറിയില്‍ പുലര്‍ച്ചയ്ക്ക് 5 മണിയുടെ സൈറന്‍ മുഴങ്ങി.