(Sathish Thottassery
അന്ന് മഹാമാരിയുടെ രൗദ്ര നർത്തനത്തിന് തുടക്കമിട്ട മാർച്ച് മാസാന്ത്യത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച കാരണം റോഡിൽ തീരെ തിരക്ക് ഇല്ലായിരുന്നു. നഗരത്തിന്റെ ആകാശത്തിൽ ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. റോഡ് വാഹനങ്ങളും ആളുകളിമില്ലാതെ വിജനമായി കിടന്നു.
ആനി ഫ്ലാറ്റിൽ നിന്നും ഇറങ്ങി. മോളും അഗസ്റ്റിനും ഗേറ്റ് വരെ അനുഗമിച്ചു. കയ്യിൽ തുണികൾ നിറച്ച എയർ ബാഗ് കണ്ടത് മുതൽ മോൾ കരഞ്ഞു തുടങ്ങിയതാണ്. ആശുപത്രിയുടെ
പിക്കപ്പ് ക്യാബ് കാത്തു നിൽക്കുന്ന സമയം വിതുമ്പൽ ശക്തികൂടി പൊട്ടിക്കരച്ചിലായി. ക്യാബിൽ കയറാൻനേരം അവൾ കൈകൾ നീട്ടി അടുത്തേക്കോടിവന്നു. മമ്മീ മമ്മീ എന്ന് പറഞ്ഞു ആനിയെ കെട്ടിപ്പിടിച്ച അവളുടെ കുഞ്ഞി കൈകൾ അഗസ്റ്റിൻ ബലം പ്രയോഗിച്ച് ആനിയിൽ നിന്നും അടർത്തിയെടുത്തു. അവളെ തോളത്തെടുത്ത് അഗസ്റ്റിൻ ലിഫ്റ്റിലേക്കു നടക്കുമ്പോഴും മോളുടെ കരയുന്ന കണ്ണുകൾ ആനിയെ നോക്കുന്നുണ്ടായിരുന്നു. കനം തൂങ്ങുന്ന മനസ്സുമായിട്ടാണ് ആനി ആശുപത്രിയിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസത്തെ പ്രത്യേക പരിശീലനം കോവിഡ് ചികിത്സയെ കുറിച്ചുള്ള ആശങ്കകളും ഭയപ്പാടുകളും അകറ്റിയിരുന്നു. എന്നിരുന്നാലും അകാരണമായ ഒരു ഭയം ആനിയെയും ആശുപത്രിയിലെ മറ്റു സഹപ്രവർത്തകരെയും ഗ്രസിച്ചിരുന്നു. ഇന്നലെ രാത്രി പത്തുമണിവരെ തനിക്കും മറ്റു നഴ്‌സുമാർക്കും ഇപ്പോഴിരിക്കുന്ന നഴ്സിംഗ് സ്റ്റേഷനും അതിനു മുൻപുള്ള ദിവസങ്ങളെ പോലെ സാധാരണമായിരുന്നു. എന്നാൽ ഇന്നുമുതൽ അത് അങ്ങിനെ ആയിരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. മരിച്ചുവീണ മനസ്സുകളിലെ ലിപികളില്ലാത്ത ഭാഷ പോലെ മൗനം എവിടെയും തളം കെട്ടി നിന്നു
ഐസൊലേഷൻ വാർഡിൽ നാലു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം അമ്പതു കഴിഞ്ഞിരുന്നു. പി.പി. ഇ ധരിച്ചുകഴിഞ്ഞാൽ പത്തോ പന്ത്രണ്ടോ മണിക്കൂറുകൾ ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരിക്കും. ഡ്യൂട്ടിക്ക് മുൻപ് ഭക്ഷണം കഴിച്ചാൽ പിന്നെ പച്ചവെള്ളം കൂടി കുടിക്കാൻ പറ്റി എന്ന് വരില്ല. രോഗികൾക്കുള്ള പരിചരണങ്ങളും മെഡിക്കേഷനും എല്ലാം കുനിഞ്ഞു നിന്നുകൊണ്ട് തന്നെ ചെയ്യണം. ഇടുപ്പും പുറവും കഴുത്തുമെല്ലാം വല്ലാത്ത വേദനയായിരിക്കും.
വാർഡിൽ എ. സി പ്രവർത്തിപ്പിക്കാൻ പറ്റാത്ത കാരണം മുടിയിഴകളിൽ തുടങ്ങി എല്ലാ ശരീരാവയവങ്ങളിൽ നിന്നും വിയർപ്പിന്റെ ഉറവകൾ പൊട്ടിയൊലിക്കും. ഡ്യൂട്ടി കഴിഞ്ഞു സുരക്ഷാകവചങ്ങൾ അഴിച്ചെറിയുമ്പോൾ പ്ലാസ്റ്റിക് നിർമ്മിതമായ പാദകവചത്തിൽ വരെ വിയർപ്പ് അടിഞ്ഞിട്ടുണ്ടാകും. മുഖത്തു വലിച്ചു കെട്ടിയ മാസ്ക് അഴിക്കുമ്പോൾ മൂക്കിലും കണ്ണുകൾക്ക് താഴെയും അതിന്റെ അരികുകൾ തീർത്ത പാടുകൾ പിറ്റേന്ന് വരെ മായാതെ കിടക്കും.
ഓരോ രോഗിയുടെയും മുഖത്തു് ഉപേക്ഷിക്കപ്പെട്ട കവാടങ്ങളിൽ മാറാല എന്നപോലെ മരണഭയം തളം കെട്ടിക്കിടക്കുന്നത് കാണാം. അവരുടെ മിണ്ടാട്ടമില്ലാത്ത ദയനീയമായ നോട്ടങ്ങൾ കാണുമ്പോൾ സ്വന്തം വേദനകളും യാതനകളും എല്ലാം മറക്കും. മക്കളെ നേരിട്ട് കാണാനാകാതെ മരിച്ചുപോകുന്ന അമ്മമാർ. വർഷങ്ങളോളം സന്തോഷ സന്താപങ്ങൾ പങ്കിട്ട ഭാര്യയെ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ അന്ത്യയാത്രയിൽ അനുഗമിക്കുന്ന ഭർത്താവ്. അമ്മയെന്തെന്നുപോലും മനസ്സിലാക്കാൻ പ്രായമാകാത്ത മുലപ്പാൽ മണം ഇനിയും വിട്ടുപോകാത്ത കുട്ടിയുടെ മരണ മുഹൂർത്തം..അങ്ങിനെ മനസ്സിനെ അക്ഷരാർത്ഥത്തിൽ മരവിപ്പിക്കുന്ന കാഴ്ചകൾ കണ്ടു കണ്ട് ആനിയുടെ മനസ്സ് ഒരു മരുഭൂമിക്ക് സമാനം വരണ്ടുപോയിരുന്നു. പലപ്പോഴും ശ്വാസം കിട്ടാതെ നെഞ്ചിൻകൂട് ഉയർന്നു താഴുന്ന രോഗിയുടെ നെഞ്ചിൽ ഒന്ന് തടവാൻ പോലും നിർവാഹമില്ലാതെ തളർന്നു നിൽക്കേണ്ടി വന്നിട്ടുണ്ട്. ലോകം ഇത്രമേൽ ദുഃഖ സങ്കീർണ്ണമാകുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് ആനി കാണുന്നത്. രണ്ടുദിവസം മുൻപ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്ത എഴുപത്തഞ്ചുകാരിക്ക് ആനിയുടെ അമ്മച്ചിയുടെ മുഖച്ഛായ ആയിരുന്നു.
മെഡിക്കൽ ടീമിന്റെ കാലൊച്ചയും ജീവൻ നിലനിർത്തുന്ന യന്ത്രങ്ങളുടെ മർമ്മരങ്ങളും മാത്രം വാർഡിലെ ശ്മശാന മൂകതക്ക് ഭംഗം വരുത്തുന്ന ഒരു രാത്രിയിലാണ് അവർ ആനിയുടെ കൈപിടിച്ച് കുറച്ചു നേരം അരികിൽ നിൽക്കുവാൻ അപേക്ഷിച്ചത്. കണ്ണുകളിൽ നിന്ന് ധാരയായി കണ്ണീർ കവിളിലേക്കു കിനിയുന്നതു കാണാമായിരുന്നു . മാസ്കിന്നടിയിൽ അവരുടെ ചുണ്ടുകൾ ആർദ്രമായ ഒരു ശബ്ദത്തിൽ മോളെ എന്ന് വിളിച്ചു. അടുത്ത് നിന്നപ്പോൾ മാസ്ക് അഴിക്കാൻ ആംഗ്യം കാട്ടി. ആരും അടുത്തില്ലെന്നുറപ്പാക്കി മാസ്ക് കഴുത്തിലേക്കാക്കി കൊടുത്തു. കുറച്ചു നേരം ആ നരച്ച തലമുടിയിൽ ആനിയുടെ നേർത്ത വിരലുകൾ ആർദ്രമായി സഞ്ചരിച്ചു. സ്വർഗ്ഗീയമായ ഒരു കാരുണ്യ സ്പർശം.
അവർ വളരെ ദുർബ്ബലമായ ശബ്ദത്തിൽ പറഞ്ഞു.
"എനിക്ക് ഭർത്താവുമായി ഒന്ന് സംസാരിക്കാൻ പറ്റുവോ?"
"അമ്മച്ചീ ഞങ്ങൾക്ക് മൊബൈൽ ഇതിനകത്തേക്കു കൊണ്ടുവരാൻ പാടില്ല. വല്ലതും പറയാനുണ്ടെങ്കിൽ ഞാൻ പറഞ്ഞോളാം"
എന്ന് മറുപടി പറഞ്ഞപ്പോഴാണ് ഭർത്താവിന്റെ ഫോൺ നമ്പർ അവർക്ക് അറിയില്ലെന്ന് പറഞ്ഞത്. ഡോക്ടർ രോഗികളുടെ വിവരങ്ങൾ വേണ്ടപ്പെട്ടവരെ ദിവസവും വിളിച്ചറിയിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ സമാധാനത്തിന്റെ നേർത്ത ഒരിളം കാറ്റ് തഴുകിയ പോലെ ഒരു ദീർഘ നിശ്വാസം അവരിൽ നിന്നുയർന്നു.
അമ്മച്ചിയുടെ ഡിസ്ചാർജ് ദിവസം ഓർമ്മയിൽ എന്നുമുണ്ടാകും. ഒരു നേഴ്സ് എന്ന നിലക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങൾ. അമ്മച്ചിയെ വീട്ടിലേക്കു കൊണ്ടുപോകാൻ സന്തോഷത്തിന്റെ പുഞ്ചിരിയുമായി ഭർത്താവും മക്കളുമെല്ലാം കാത്തുനിൽപ്പുണ്ടായിരുന്നു. വീൽചെയറിൽ നിന്നും ഇറങ്ങി ആംബുലൻസിലേക്കു നടക്കുമ്പോൾ ആനിയും ഡോക്ടർമാരും സഹായികളും രണ്ടുവശവും നിരന്നുനിന്നു കൈയ്യടിച്ചു കൊണ്ടിരുന്നു. അമ്മച്ചി ആനിയുടെ അടുത്തെത്തിയപ്പോൾ ഒരു നിമിഷം നിന്നു. നിർവ്യാജമായ കൃതജ്ഞതയിൽ സ്നാനപ്പെട്ട ഒരു പുഞ്ചിരി അപ്പോൾ അവരുടെ മുഖത്തെ മാസ്കിന്നടിയിൽ തെളിയുന്നത് ആനി കണ്ടു. കൈകളിൽ മുറുകെ പിടിച്ചു നിശബ്ദമായി യാത്ര ചോദിച്ചപ്പോൾ അവരുടെ കവിളിലേക്ക് പളുങ്കു മണികൾ പോലെ രണ്ടിറ്റുകണ്ണുനീർ ഊർന്നുവീണു. ഒരുപക്ഷെ ഭൂമിയിലുള്ള എല്ലാ ആതുരസേവകർക്കുമായുള്ള നന്ദി ആ കണ്ണീരിലുണ്ടെന്ന് ആനിക്കു തോന്നി.