mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(സജിത്ത് കുമാർ എൻ)

സ്വീകരണ മുറിയിലെ ടി.വിയിൽ നിറഞ്ഞാടുന്ന  കാർട്ടൂൺ കഥാപാത്രത്തെയും സോഫാ സെറ്റിയിൽ ഉറങ്ങിക്കിടക്കുന്ന പാറുവിനെയും ഒരു നിമിഷം  നോക്കി നിന്ന ചാരുത,  ദേഷ്യത്തോടെ  പോയി ടി വി ഓഫ് ചെയ്തു. 

"കെട്ടുകഥകളിൽ ആടി തീർക്കാനുള്ളതല്ല എന്റെ മോളുടെ ബാല്യം" എന്ന് പിറുപിറുത്ത് പാറുക്കുട്ടിയെ ചുമലിലെടുത്തു  കിടപ്പ് മുറിയിലേക്ക് കടന്നുവരുമ്പോൾ, ഡോ: ശ്രീദേവ് നെഞ്ചിൽ കൈ വെച്ച്       ചിന്താ പേടകത്തിലേറി ദൂരതീരങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.

"ഹലോ ഡോക്ടർ,  ഇന്നും പതിവ് പരിപാടി തന്നെയാണോ?" 

ചോദ്യം കേട്ട് തലയുയർത്തിയ ദേവ്   അവളെ നോക്കി    പുഞ്ചിരിച്ചു . ചാരുവിന്റെ പിണക്കങ്ങളെ അലിയിക്കാൻ ദേവ് പുറത്തെടുക്കുന്ന ഹൃദയം തുറന്ന ചിരി.

"കള്ളച്ചിരി കാണിച്ച്  മയക്കുകയൊന്നും  വേണ്ട "   ദേവന്റെ പുഞ്ചിരിയെ കപട ദേഷ്യത്തിന്റെ  മേലങ്കിയണിഞ്ഞവൾ തട്ടി മാറ്റി .

"പാറു ഉറങ്ങിപ്പോയോ?" 

ചോദ്യത്തെ ഗൗനിക്കാതെ, പാറുവിനെ ശ്രദ്ധയോടെ  ബെഡ്ഡിൽ കിടത്തി, നെറ്റിയിൽ ഓമന മുത്തമിട്ട്, തിരിഞ്ഞിരുന്നതിനു ശേഷം  സ്നേഹത്തിന്റെ  പരിഭവ ക്കുമിളകൾ  കുത്തിനിറച്ച  പരാതിപ്പെട്ടി   അവൾ തുറന്നു.

"നിങ്ങളിന്ന് മോളോട്  ഒന്ന് സംസാരിച്ചോ?  അച്ഛനെ കാത്തിരുന്ന്, പാവം സെറ്റിയിൽ കിടന്ന് ഉറങ്ങിപ്പോയി " 

ദേവ്  വേഗം വന്നു  ഉറങ്ങുന്ന മോളുടെ കവിളിൽ മുത്തം വെച്ചു .

 ഈ കൊച്ചു മാലഖയുടെ  കളിയും ചിരിയും മാത്രമാണ് എന്റെ ലോകം ദേവ് മനസ്സിൽ പറഞ്ഞു. പാറികളിക്കുന്ന  അവളുടെ മുടി കൈകൾ കൊണ്ട് കോതി വെച്ചു. 

"ഉറങ്ങുമ്പോൾ അതിനെ ഇങ്ങിനെ  സ്നേഹിച്ചിട്ടെന്താ? പാവം മോള് ! അതിന്റെ വിധി ഇതായിരിക്കും" ചാരു വീണ്ടും തുറന്നു വെച്ച  പരാതിപ്പെട്ടിയിലെ   പരിഭവക്കുമിളകൾ   ഓരോന്നായി  ദേവ്നുമേലെ എറിഞ്ഞുടക്കുന്നുണ്ടായിരുന്നു.

"നീയെന്താ ഇങ്ങിനെയൊക്കെ പറയുന്നെ?  എന്റെ തിരക്ക് നിനക്ക്‌ അറിഞ്ഞുകൂടെ. മോളുടെ കൂടെ കളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ?"

"മം ....  തിരക്കോട് തിരക്ക് തന്നെ സമ്മതിച്ചു. പക്ഷേ ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട് ജോലിസ്ഥലത്തെ തിരക്ക്  വീട്ടിൽ കെട്ടി കൊണ്ടുവരരുരെതെന്ന്."

 ദേഷ്യത്തോടെ  പറഞ്ഞവൾ ജനലിനരികിൽ പോയി. മഞ്ഞുതുള്ളികളുറ്റി നനുത്ത ജനൽകമ്പികൾ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.

 

ശ്രീദേവ് നഗരത്തിലെ തിരക്കേറിയ സൈക്കോളജിസ്റ്റ് ആണ്. ഭാര്യ ചാരുത  പ്രൈമറി സ്കൂൾ അദ്ധ്യാപികയാണ്.  നാലു വയസ്സുകാരി  പാറു എന്ന് ചെല്ലപ്പേരുള്ള പാർവണ ദേവ്, ഏകമകളാണ്.

"ഞാനീ കഷ്ടപ്പെടുന്നതൊക്കെ ആർക്കു വേണ്ടിയാ?  നിനക്കും മോൾക്കും വേണ്ടിയല്ലേ? 

"വേണ്ട .. വേണ്ട ... നിങ്ങളുടെ സൈക്കോളിക്കൽ അപ്രോച്ച് ഒന്നും എടുക്കേണ്ട." അവൾ കെറുവിച്ചു.

"നീ  ഇങ്ങോട്ട് നോക്ക്. ഇന്ന് ക്ലിനിക്കിൽ അസാധരണമായ ഒരു കേസ്  വന്നു.  ഞാനതിനെ വിശകലനം നടത്തുകയായിരുന്നു."

ദേവ്   കെറുവിച്ച് നിൽക്കുന്ന അവളുടെ അടുത്തേക്ക്  നീങ്ങി. ജനാലയിലൂടെ ഊർന്നിറങ്ങുന്ന നിലാവെളിച്ചത്തിൽ  തിളങ്ങുന്ന കവിളിലൊന്ന്  തട്ടി ഇരുകൈകളും  ചുമലിൽ വെച്ചു. "എന്തേ വിശ്വാസമായില്ലേ"? സ്നേഹത്തോടെ അവളുടെ പരിഭവങ്ങൾ ചുണ്ടിൽ ഒപ്പിയെടുക്കാൻ ശ്രമിക്കവേ ... അവന്റെ മൂക്ക് പിടിച്ച് കുലുക്കി കൊണ്ട്  പറഞ്ഞു.

"ദേവേട്ടാ ഞാൻ കളി പറഞ്ഞതല്ലേ? എന്താ അത്രയും അസാധാരണമായൊരു കേസ്. ഡോകടർമാരുടെ എത്തിക്സിന് വിരുദ്ധമല്ലെങ്കിൽ എന്നോട് പങ്ക് വെക്കാമോ "

 "നീ വേഗം ഭക്ഷണം എടുത്തു വെക്ക് . അവിടെ നിന്ന് പറയാം"


ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ശ്രീദേവ് പറഞ്ഞു തുടങ്ങി.  

മൂന്ന് വർഷത്തോളം പൂത്തുലുഞ്ഞ   പ്രണയമരം സ്വന്തമാക്കി  ദാമ്പത്യത്തിന്റെ  വിജയപാതയിൽ  ദശവർഷം പിന്നിട്ടവരാണ്  അഖിലും ശിവജ്യോതിയും.  അവരുടെ  പൊന്നോമനയാണ് അഞ്ചുവയസ്സുകാരൻ  അക്കു എന്ന  അങ്കിത്. മുൻസിപാലിറ്റി ഓഫീസിനടുത്തുള്ള ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള  അഖിലിന്റെ തറവാടിനു പിന്നിലായി പുതുതായി   പണികഴിപ്പിച്ച വീട്ടിലാണവരുടെ താമസം. അഖിൽ  ടൗണിൽ  ഒരു സ്റ്റേഷനറി കട നടത്തുന്നു.

കഴിഞ്ഞ മാസം, ഒരു ദിവസം  വൈകുന്നേരം നേരെത്തെ  വീട്ടിൽഎത്തിയ അഖിൽ, അക്കൂ ... അക്കൂ ....  എന്ന് വിളിച്ചു കൊണ്ടാണ്  വീട്ടിലേക്ക് കയറി വന്നത്.

ശബ്ദം കേട്ട്  പുറത്ത് വന്ന ശിവ  പതിവിലും  നേരെത്തെയെത്തിയ അഖിലിനെ കണ്ട ആകാംഷയിൽ ചോദിച്ചു

"ചേട്ടനിന്നു നേരെത്തെ കടയടച്ചോ?" 

"അക്കു എവിടെ?" ശിവയെ പൂർണ്ണമായും അവഗണിച്ച്,   ചോദ്യം ആവർത്തിച്ചു. "അക്കു എവിടെ ? "

"അക്കു ഇവിടെ ഇല്ല.. അവനെ ഞാനങ്ങു തിന്നു!. നിങ്ങളെന്താ  ഇന്നിത്ര നേരെത്തെ? ആദ്യം അത് പറയൂ? "

പക്ഷേ പറഞ്ഞു തീരുന്നതിനു മുമ്പേ അഖിലിന്റെ കൈകൾ അവളുടെ  കവിളിൽ പതിഞ്ഞിരുന്നു. ഒരു നിമിഷം പകച്ചു പോയവൾ കവിളും പൊത്തിപിടിച്ച്  അകത്തേക്ക് ഓടി . 

അവൻ ശിവയെ തിരിഞ്ഞു നോക്കാതെ, പരിഭ്രാന്തിയോടെ  അക്കു ..... അക്കൂ  എന്ന്  വിളിച്ച് വീടിനു ചുറ്റും ഓടി നടന്നു . ഒടുവിൽ അക്കുവിനെ  കാണാതെ  ഭയചികതിനായി  ശിവയുടെ അടുത്തെത്തി. അവന്റെ മുഖത്തെ  മുമ്പൊന്നും കാണാത്ത  ഭാവമാറ്റവും കണ്ണുകളിലെ തീഷ്ണതയും   അവളിൽ പേടിയുണർത്തി. അവൾ വിക്കി വിക്കി പറഞ്ഞു.

"അക്കുവിനെ നിങ്ങളുടെ അമ്മയും അനിയത്തിയും അമ്പലത്തിൽ കൊണ്ടുപോയിട്ടുണ്ട് "

അത് കേട്ടതും ഒന്നും പറയാതെ അവൻ ധൃതിപ്പെട്ട് പുറത്തേക്ക് ഓടി. ഒന്നും മനസ്സിലാവാതെ  ശിവ തരിച്ചിരിരുന്നു.  അല്പ നേരം കഴിഞ്ഞ് അക്കുവിനെയും തോളത്തിരുത്തി  ചിരിച്ചോണ്ട്  ഒന്നും സംഭവിക്കാത്ത പോലെ  വീട്ടിലേക്ക് കയറി വരുന്ന അവനെ കണ്ണീരിൽ കുതിർന്ന മിഴികളുമായവൾ  നോക്കി നിന്നു.

"ശിവാ ഒരു ഗ്ലാസ് ചായ"

ഉമ്മറത്തിരുന്ന് അക്കുവിനെ കളിപ്പിച്ചോണ്ട് അവൻ വിളിച്ചു പറഞ്ഞു. ശിവ കൈകൊണ്ട്  അടി കൊണ്ട് തിണർത്ത കവിളിൽ വിരലോടിച്ചു.  എന്നാൽ കുറച്ച് ദിവസങ്ങൾക്കു ശേഷവും   അക്കുവിനെ ഒരു നിമിഷം കണ്ടില്ലെങ്കിൽ അവനിൽ അന്നു കണ്ട  പരിഭ്രാന്തിയും ഭീതിയും ആവർത്തിച്ചു. പിന്നെ പിന്നെ അക്കുവിനെ ഒന്നടുത്തുള്ള തറവാട്ടിൽ വിട്ടാൽ, അടുത്ത വീട്ടിൽ കളിക്കാൻ വിട്ടാൽ, ശകാരവും ചെറിയ ആക്രമണവും ശിവ ഏറ്റുവാങ്ങി. ശിവയെ  സംശയിക്കുന്ന ചില പദപ്രയോഗങ്ങളും ശകാരത്തിൽ ചേർത്തു തുടങ്ങി .

ആരോടും പങ്ക് വെയ്ക്കാ നാവാതെ, സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാവാതെ ശിവ പകച്ചു പോയി ..അഖിൽ, തന്നിൽ നിന്നേറെയകന്നു പോകുന്നതായി തോന്നി .

എങ്കിലും,  അവൻ വീണ്ടും പഴയ അഖിലായി തിരിച്ചു വരും എന്ന ശുഭപ്രതീക്ഷയിൽ. ഭക്തിയും വിശ്വാസവും ആവോളമുള്ള  ശിവ  ക്ഷേത്രത്തിൽ താൻ നേർന്ന വഴിപാടുകളിൽ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ  കൈവിട്ടു പോകകയായിരുന്നു. അഖിൽ കടയിൽ നിന്ന് ഇടയ്ക്കിടെ വീട്ടിൽ വന്ന്  പരിശോധന തുടങ്ങി. പിന്നെ പിന്നെ അഖിൽ  കടയിൽ തീരെ  പോകാതെ വീട്ടിൽ കാവലിരിപ്പായി. അക്കുവിനെ ആർക്കും വിട്ടു കൊടുക്കാതെ,  ശിവയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ട്. ശിവ ഒടുവിൽ ഈ കാര്യം അഖിലിന്റെ വീട്ടിൽ അറിയിച്ചു .അങ്ങിനെയാണ് അവർ രണ്ടു പേരും കഴിഞ്ഞാഴ്ച   ക്ലിനിക്കിൽ എത്തിയത്.

അവരുടെ പ്രശ്നങ്ങൾ  കേട്ടപ്പോൾ , സാധാരണ ഡീൽ ചെയ്യുന്ന കേസുപോലെയാണ് തോന്നിയത് ..രണ്ടോ മൂന്നോ സിറ്റിങ്ങിൽ മാറ്റാവുന്ന  ഒരു സൈക്കോളിക്കൽ പ്രശ്നം. രണ്ട് സിറ്റിങ്ങ് കഴിഞ്ഞു. വലിയ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല.

പക്ഷേ ഇന്ന് രാവിലെ ക്ലിനിക്കിൽ എത്തുമ്പോൾ അഖിൽ അവിടെ  ഉണ്ടായിരുന്നു.

അഖിലിനെയും കൂട്ടി കൺസൽട്ടിങ്ങ്    റൂമിലേക്ക് നടന്നു . കണ്ണുകളിലെ ഭീതിയും, താളം തെറ്റിയതു പോലെയുള്ള ഇരിപ്പും  ശ്രദ്ധിച്ചു അവന്റെ തോളിൽ തട്ടി  ചോദിച്ചു.

"എന്താ അഖിലേ ...... എന്തു പറ്റി " 

 

മറുപടിയൊന്നും പറയാതെ   തുറിച്ചു നോക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു

"അഖിലേ എന്താ  പറ്റിയത് ? "

അഖിൽ പരിഭ്രമത്തോടെ  നോക്കി കൈ കൂപ്പി.

"എന്നെ രക്ഷിക്കണം ഡോക്ടർ ചിലപ്പോ ഞാനെന്റെ ഭാര്യയെ കൊന്നു പോകും. എനിക്ക്  മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല സാർ "

 

അവന്റെ സംസാരവും കണ്ണുകളിൽ  മാറി വരുന്ന ഭാവവും കണ്ട്  ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ  ചിരിച്ചു

ഏത് രോഗത്തിനും അളവ് നോക്കാതെ സൗജന്യമായി കൊടുക്കാവുന്ന ദ്യവ്യഔഷധമാണല്ലോ ഹൃദയം തുറന്ന ചിരി . 

"അഖിലേ , എന്തിനാ ശിവയെ കൊല്ലുന്നത് ? നിങ്ങൾക്കതിന് കഴിയോ ?"

 "ഇല്ല സാർ. എനിക്കതാവില്ല... പക്ഷേ  ചിലപ്പോ ഞാൻ എന്നെ തന്നെ നശിപ്പിച്ചേക്കും? സ്വസ്ഥമായി  ഒന്ന്  ഉറങ്ങാൻ പറ്റുന്നില്ല " അഖിൽ വീർത്ത കണ്ണുകൾ  നിയന്ത്രിക്കാനാവാതെ ചലപ്പിച്ചു കൊണ്ട് പറഞ്ഞു

"എന്തിനാ ശിവയെ കൊല്ലുന്നത്? വീണ്ടും  ആരാഞ്ഞു

"അവളന്റെ   അക്കുവിനെ കൊല്ലും " മെല്ലെ ആരും കേൾക്കുന്നില്ല എന്നുറപ്പിച്ചു കൊണ്ട് അത് രണ്ട് മൂന്ന് വട്ടം ആവർത്തിച്ചു.

 

"അക്കു ശിവയുടെ കാമുകനെ കണ്ടിട്ടുണ്ട് :അവൻ  അത് എന്നോട് പറയും  മുമ്പേ അക്കുവിനെ  അവൾ കൊല്ലും "

 

അഖിലിന്റെ മുഖത്ത്  ഉറക്കയില്ലായ്മ  വരച്ച കറുത്ത വൃത്തത്തിനുള്ളിലെ  കണ്ണുകളിൽ വിരിയുന്ന മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ ഞാൻ  തിരിച്ചറിയുകയായിരുന്നു 

" അഖിൽ  പേടിക്കേണ്ട   ഞാനില്ലേ കൂടെ "  ചുമലിൽ തട്ടി ആശ്വസിപ്പിച്ചു

  

അഖിലിനെ ഒബ്സർവേഷൻ റൂമിൽ കിടത്തി പുറത്തേക്കുവരുമ്പോൾ ശിവയും അഖിലിന്റെ അച്ഛനും പുറത്ത്  നില്പുണ്ടായിരുന്നു .

 അവരെ രോഗത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി : ശിവ പൊട്ടിക്കരയുന്നുണ്ടായിരുന്നു

 

രോഗത്തിന്റെ അവസ്ഥ എന്നെയും ചെറുതായി ഭീതിപ്പെടുത്തിരുന്നു ഡെല്യൂഷണൽ മിസ്ഐഡന്റിഫിക്കേഷൻ  അഥവാ

തെറ്റിദ്ധാരണാപരമായ മിഥ്യാവിശ്വാസത്തിന്റെ തുടക്കമാണ്.മിഥ്യാവിശ്വാസങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്.  ആന്റി സൈക്കോട്ടിക് ഔഷധങ്ങളാണ്  നൽകേണ്ടതുണ്ട്

സൈക്രാട്രിസ്റ്റ് ഡോ: കൃഷ്ണകുമാർ സാറുമായി   ഫോണിൽ   സംസാരിച്ചു. സാർ കുറച്ച് കഴിഞ്ഞ്  ക്ലിനിക്കിൽ എത്തി. അഖിലിന്  ഗുളികകൾ നൽകി മയക്കി കിടത്തി

 

 അഖിലിന്റെ കേസ്  വിശദമായി ചർച്ച ചെയ്തു. ശിവയിൽ നിന്നും അച്ഛനിൽ നിന്നും  കാര്യങ്ങൾ ചോദിച്ചറിഞ്ഞു

 

അഖിൽ ഉണർന്നപ്പോൾ ലാബിൽ കൊണ്ടുപോയി  ഹിപ്നോടൈസ് ചെയ്തു.

പതുക്കെ പതുക്കെ ഓർമ്മകളുടെ ചിലന്തിവലിയിൽ കുടുങ്ങി അവന്റെ ഉപബോധ മനസ്സിൽ ഖനീഭവിച്ചു കിടന്ന  ഭൂതകാല സംഭവങ്ങളുടെ ചുരളഴിയാൻ  തുടങ്ങി ....

            

 മൂത്ത പേരകുട്ടിയോടുള്ള അച്ഛമ്മയുടെ  അമിതമായ വാത്സല്യം നുകർന്നാണ് അഖിൽ വളർന്നത്. 

 

  സായാഹ്നങ്ങളിൽ    അയൽ വീടുകളിൽ ഒത്തുകൂടുന്ന  പെൺ കൂട്ടങ്ങളിൽ   അഖിലും അച്ഛമ്മയ്ക്ക്  കൂട്ടായി പോകാറുണ്ടായിരുന്നു.

അവിടുന്നാണ്   മാധവിയമ്മ പറഞ്ഞത്  അഖിൽ കേൾക്കാനിടയായത്. 

 

മാധവിയമ്മയുടെ  ചേച്ചിയുടെ മകളുടെ വീട്    കണ്ണൂർ സെൻട്രൽ ജയിലിനടുത്തായിരുന്നു.  ഒരിക്കൽ അവിടെ പോയപ്പോൾ ജയിലിലെ തടവുകാരെ കാണാൻ പോയിരുന്നു  

 

വനിതാ സെല്ലിൽ    സുന്ദരിയായ ഒരു പാവം  സ്ത്രീ മുഖം മറച്ച്  നിൽക്കുന്നുണ്ടായിരുന്നു . അവളെ എല്ലാവരും നോക്കുന്നത് കണ്ട്

വാർഡൻ പറഞ്ഞു

" കാണുന്ന അത്ര പാവമല്ല അവൾ. കൊടും വിഷമാ . സാവിത്രീ എന്ന അവളുടെ പേര്    . ഇവളുടെ കഥ ഞാൻ പറയാം"

 

ഭാര്യ മരിച്ചതിനു ശേഷം  ഏക മകൻ വി ഷ്ണുവിന്   അമ്മയുടെ സ്നേഹം  നൽകാനാണ്  ദിവാകരൻ എന്ന പാവം മനുഷ്യൻ  ഈ ചാവിത്രിയെ കല്യാണം കഴിച്ചത് 

 

 റെയിൽവേ സ്റ്റേഷനിൽ ടീസ്റ്റാൾ നടത്തുന്ന ദിവാകാരൻ അതിരാവിലെ ഇറങ്ങിയാൽ  രാത്രി വളരെ വൈകിയേ വീട്ടിൽ എത്താറുള്ളൂ.ചില ദിവസങ്ങളിൽ സ്റ്റേഷനിൽ തന്നെയായിരുന്നു ഉറക്കം

 ജീവിത നൗക കരക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ദിവാകാരൻ വിഷ്ണവിനെ കാണുന്നത് തന്നെ ദുർലഭമായിരുന്നു .

വീടിനടുത്തുള്ള  എൽ പി സ്കൂളിൽ രണ്ടാം ക്ലാസിലാണ്  അവൻ പഠിക്കുന്നത്

 

അന്നൊരു ദിവസം  ഉച്ച ഊണിനു ശേഷം  കുട്ടികൾ എഴുതി വെച്ച കോപ്പികൾ പരിശോധിക്കാൻ  രണ്ടാം ക്ലാസിൽ എത്തിയ

പ്പോഴാണ് ബെഞ്ചിൽ തലകുമ്പിട്ടിരിക്കുന്ന വിഷ്ണുവിനെ ക്ലാസ് മാഷ് കണ്ടത്. മാഷെ കണ്ടതും അവൻ പൊട്ടിക്കരഞ്ഞു.

    മാഷ് വേഗം അവനരികിലേക്ക് നടന്നു.

"മോനിന്ന് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയില്ലേ ?"

ഇല്ലാന്ന്  തലയാട്ടിയ വിഷ്ണു തേങ്ങിക്കൊണ്ട് മാഷോട് പറഞ്ഞു 

" വീട്ടിൽ വന്നാൽ അമ്മ എന്നെ തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങും എന്ന് പറഞ്ഞിട്ടുണ്ട് "  

മാഷ്  പൊട്ടിചിരിച്ചു അവനെ കളിയാക്കി സമാധാനിപ്പിച്ച് വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു.

അവൻ  ഭീതിയോടെ പറയുന്നുണ്ടായിരുന്നു അമ്മ രാവിലെ വലിയ ചെമ്പിൽ വെള്ളം തിളപ്പിക്കുന്നുണ്ടായിരുന്നു എന്ന് "

  വൈകിയാൽ മാഷ് മോന്റെ വീട്ടിൽ വരും എന്ന്  ധൈര്യമേകി

 അവനെ  സമാധനപ്പെടുത്തി  നിർബന്ധിച്ച്  വീട്ടിലേക്ക് പറഞ്ഞ് വിട്ടു. 

 

ഉച്ചയ്ക്ക് ശേഷത്തെ അവസാന പിരീഡിൽ  ക്ലാസെടുക്കുമ്പോഴായിരുന്നു  മാഷിന് വിഷ്ണുവിന്റെ കാര്യം ഓർമ്മ  വന്നത്.

 രണ്ടാം ക്ലാസിൽ ചെന്ന് അന്വേഷിച്ചപ്പോൾ  വിഷ്ണു ഉച്ചയ്ക്ക് ശേഷം വന്നില്ലെന്നറിഞ്ഞു

 

ഉടനെ തന്നെ മാഷ് 

വിഷ്ണുവിന്റെ വീടിനടുത്തുള്ള ഒരു കുട്ടിയേയും  കൂട്ടി    അവന്റെ വീട്ടിൽ എത്തുമ്പോൾ ,

മുൻവാതിൽ ചാരിയിരിക്കുകയായിരുന്നു. 

 എന്തോ  ആവേശത്താൻ കതക് തള്ളി തുറന്ന്  അടുക്കളയിലേക്ക് ഓടി ...

അവിടെ വലിയൊരു ചെമ്പ് അടച്ച് വെച്ചിരിക്കന്നു..

മാഷ്  അടപ്പ് ഒന്ന് തുറന്നതേയുള്ളൂ "വിഷ്ണു മോനെ " എന്ന് നിലവിളിച്ചു മാഷ്  പുറത്തേക്ക് ഓടി .....

ഈ  സാവിത്രിയും അവളുടെ കാമുക കനും ചെയ്ത പണിയാണിത്. കാമുകനുമായുള്ള ബന്ധം 

 അച്ഛനോട് പറയും എന്ന് ആ കുരുന്ന് പറഞ്ഞു തിനാണ് അവൾ ഈ ക്രൂരത ചെയ്തത്

 

സ്ത്രീത്വത്തിന്റെ പ്രതിനിധികളായ വീട്ടമ്മമാർക്ക് അപവാദമായി .ഇരുണ്ടമനസസുമായ നിഷ്ഠൂര കൊലപാതകിയായി.

                           

ശ്രീദേവ് പറഞ്ഞു നിർത്തിയപ്പോൾ ,മൗനം തിങ്ങിനിറഞ്ഞ ഡൈനിങ്ങ് റൂമിൽ ചാരുവിന്റെ  ഉണങ്ങിപ്പോയ  കൈകയ്യിലെ സ്പൂൺ താഴെ വീണ്  ശബ്ദമുണ്ടാക്കി .നിറഞ്ഞ കണ്ണുകൾ ദേവ് കാണാതെ അവൾ തുടച്ചു .

പാവം വിഷ്ണു,ചാരുവിന്റെ തൊട്ടാവാടി മനസ്സ് പരിചയമില്ലാത്ത വിഷ്ണുവിനു വേണ്ടി കേണു.

അവൾ വേഗം റൂമിൽ ചെന്ന് ഉറങ്ങുന്ന പാറുവിനെ കെട്ടിപിടിച്ചു കിടന്നു .

ദേവ്  തലയണയിൽ ചാരിയിരുന്നു  വീണ്ടും പറഞ്ഞു തുടങ്ങി

 

അന്നു മാധവിയമ്മയിൽ നിന്ന് പത്തു വയസ്സുകാരൻ  അഖിലിന്റെ ഉപബോധ മനസ്സിലേക്ക്  നടന്നുകയറിയ സാവിത്രിയും വിഷ്ണുവും  ഇന്ന്  ശിവാനിയുടെയും  അക്കുവിന്റെയും രൂപങ്ങളിൽ കുടിയേറി മനസ്സിനെ വിഭ്രാന്തിയുടെ യുടെ ലോകത്ത് എത്തിച്ചിരിക്കുന്നു .

 

നീ  മേശപ്പുറത്തുള്ള  ആ ഫയൽ കണ്ടോ!

അഖിൽ വർഷങ്ങളായി ശേഖരിച്ച് വെച്ചിരിക്കുന്ന പേപ്പർ കട്ടിംഗുകൾ ആണ്.

അതിൽ മുഴുവൻ കുട്ടികളുടെ അന്തകരായ അമ്മമാരെ കുറിച്ചായിരുന്നു   അവന്റെ മനസ്സിൽ വേരുറച്ച പോയ വിഷ്ണുവിന്റെ കഥയ്ക്ക് തത്തുല്യമായ ലോകത്തിലെ മറ്റു വിഷ്ണുമാരുടെ കഥകൾ ....... അ ത്തരം സംഭവങ്ങളുമായി ഒരു സമഭാവനം ചെയ്യാനുള്ള അവന്റെ മനസ്സിന്റെ ഉള്ളാങ്ങളിലുള്ള ഒരു ത്വരയാണ് അവൻ  ശേഖരിച്ചു വെച്ചിരിക്കുന്ന ഈ വാർത്തകൾ . മാതൃത്വത്തിന്റെ കൊടുംക്രൂരതകൾ അവന്റെ മനസ്സിന്റെ ഏതോ കോണിൽ മാറാല കെട്ടി കെടന്നിരുന്നു .

 

കുറച്ച് മാസങ്ങൾക്ക് മുമ്പ്   അക്കു എന്തോ കാര്യത്തിനു ദേഷ്യം പിടിച്ചു ചൂടു പാല് ശിവയുടെ ശരീരത്തിൽ ഒഴിച്ചു ..

അതിൽ ദേഷ്യം പിടിച്ച് അവൾ  അക്കുവിന്  ഈർക്കിൽ  കൊണ്ട് ഒരു അടി കൊടുത്തു .....ഇനിയും 

വികൃതി കാണിച്ചാൽ നിന്നെ ഞാൻ കൊന്നു കളയും എന്ന് പറഞ്ഞു  കണ്ണുരുട്ടി പേടിപ്പിച്ചിരുന്നു

 

 അതുകേട്ട് വന്ന അഖിൽ ശിവയെ കുറേ വഴക്ക് പറഞ്ഞിരുന്നു ....

എങ്കിലും ശിവ പറഞ്ഞ "കൊന്നുകളയും",  എന്ന വാക്ക് അവന്റെ മനസ്സിൽ വേരൂന്നി പോയിരുന്നു അവന്റെ ഉള്ളാളങ്ങളിൽ  മാറാല പിടിച്ച കഥകളിലെ വിഷ്ണവുമായി അക്കുവും സാവിത്രിയായി ശിവയും മാറുന്നതിന്റെ തുടക്കമായിരുന്നു.

 

.ഭൂതകാലത്തിന്റെ ഓർമ്മകളുടെ വെട്ടേറ്റ്  അവന്റെ യഥാർത്ഥ്യ ബോധം നശിച്ചു കൊണ്ടിരുന്നു

 തലച്ചോറിലെ രാസപ്രവാഹങ്ങളുടെ അനിയന്ത്രിതമായ കുത്തൊഴുക്കിൽ  ജീവരസ പ്രവർത്തനങ്ങൾ അസന്തുലിതമാവുകയും ...... യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട്  അവന്റെ മനസ്സിൽ ശിവ പതുക്കെ സാവിത്രിയായി മിഥ്യാരൂപമെടുത്തു ...

 

  അഖിലിന്റെ മിഥ്യാ വിശ്വാസത്തിൽ  രൂപപെട്ട  അകാരണമായ ഭയത്തെ പിഴുതെറിയണം .

"ചാരു നീ ഉറങ്ങിയോ ?"

ചാരു ഒന്നും പറയാതെ കണ്ണിൽ വെള്ളവും നിറച്ചു പാറുവിനെ കെട്ടിപിടിച്ച് കിടക്കുകയായിരുന്നു . 

 

ദേവ് അവളെ മെല്ലെ തന്റെ അരികിലേക്ക് നീക്കി നെഞ്ചിൽ ചായ്ച്ച് കിടത്തി. പിന്നിയിട്ട അവളുടെ നീണ്ട മുടി മുന്നിലോട്ട് നീക്കി വെച്ച് അവളുടെ നനുത്ത ചുണ്ടുകളിൽ ഉമ്മ വെച്ച്  അവളെ നെഞ്ചിൽ കിടത്തി ..... അവളുടെ നേർത്ത വിരലുകൾ   മനസ്സിലെ ഓളങ്ങളെ പോലെ ദേവിന്റെ  നെഞ്ചിലൂടെ  ഓടി കൊണ്ടിരുന്നു .....

കൊച്ചു കുഞ്ഞിനെ പോലെ അവളാ നെഞ്ചിന്റെ സ്വാന്തന ചൂട് പറ്റി ചേർന്നു കിടന്നു .........

"നാളെ എനിക്ക് നേരത്തെ പോകണം "

ലൈറ്റ് അണച്ച്

പാറുവിനെയും ചാരുവിനെയും കെട്ടിപിടിച്ചു കിടന്നു

                         ********

രാവിലെ ഡോ കൃഷ്ണകുമാറിനൊപ്പം  അഖിലിനേയും കൂട്ടി ദേവ്  കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുമ്പോൾ സമയം ഏകദേശം ഒൻപത്  കഴിഞ്ഞിരുന്നു ......

ജയിലറുടെ റൂമിൽ  അറ്റെൻഡർ കൊണ്ടു വച്ച ഇരുപത് വർഷങ്ങൾ മുമ്പ് മുതലുള്ള അന്തേവാസികളുടെ രജിസ്റ്റർ പരിശോധനയിൽ സാവിത്രി എന്നൊരു പേര്  അവർക്ക് കാണാൻ പറ്റിയില്ല

"അങ്ങിനെ ഒരു സ്ത്രീ ഇവിടെ ഉണ്ടെങ്കിൽ അവരുടെ പേര് ഇതിൽ  വന്നിരിക്കും " ജയിലർ ഉറപ്പിച്ചു പറഞ്ഞു.

 

എങ്കിലും അഖിലിന്റെ മുഖം പൂർണ്ണമായും തെളിത്തിരുന്നില്ല അവനിനിയും എന്തൊക്കെയോ സംശയങൾ ഉള്ളതു പോലെ തോന്നി ..രോഗിയുടെ  മിഥ്യാവിശ്വാസത്തെ തര്‍ക്കിച്ചു തോല്‍പ്പിക്കരുത് എന്നതാണ് മനശാസ്ത്രപാഠം 

 

ജയിലർ  വീണ്ടും  പറഞ്ഞു "ഇവിടെനിന്ന് വനിതാ സെൽ സൂപ്രാണ്ടായി  കഴിഞ്ഞ ദിവസം  വിരമിച്ച ജയശീ മാഡം കോർട്ടേസിൽ ഉണ്ട് .....

നിങ്ങൾക്ക് വേണെമെങ്കിൽ അവരെ കാണാം ....അവർ ഇവിടെ തുടർച്ചയായി മുപ്പത് വർഷം സേവനം അനുഷ്ഠിച്ചിടുണ്ട്

ഞാൻ വിളിച്ചു പറയാം"

 

 കോർട്ടേസിൽ എത്തുമ്പോൾ ജയശ്രി മാഡം ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.

" സൂപ്രണ്ട് വിളിച്ചിരുന്നു നിങ്ങൾ പറയുന്ന സാവിത്രി എന്ന സ്ത്രീയെ  ഞാൻ കേട്ടിട്ടും കണ്ടിട്ടും  ഇല്ല "

ചിലപ്പോ അവരുടെ  പേര് സാവിത്രി  എന്നല്ലങ്കിലോ ? കൃഷ്ണകുമാർ സാർ  സംശയം പ്രകടപ്പിച്ചു ....

"പക്ഷേ നിങ്ങൾ പറഞ്ഞ പോലെ ഒരു സംഭവം ആണെങ്കിൽ അത് ഒര് കോളിളക്കം സൃഷ്ടിച്ച സംഭവം തന്നെയായിരിക്കില്ലേ !  ഞാൻ ഉറപ്പിച്ച് പറയാം അങ്ങിനെ ഒരാൾ ഇവിടെ അന്തേവാസിയായി വന്നിട്ടില്ല കൂടാതെ ഇത്തരം ഒരു സംഭവവും ഞാൻ കേട്ടിട്ടില്ല"

 

അഖിലിന്റെ മുഖത്ത് ചെറിയ ഒരു തെളിച്ചം വന്നു . യഥാർത്ഥ്യം അവന്റെ ഓർമ്മ പൂപ്പലുകളെ തുടച്ച് മാറ്റിയതുപോലെ .

അഖിൽ അന്ന് കേട്ടത് മാധവിയമ്മയുടെ ഭാവനയിൽ വിരിഞ്ഞ ഒരു കെട്ട്കഥയാണെന്ന് അവനെ കുറേയൊക്കെ  ബോധ്യപെടുത്താൻ തിരിച്ചുള്ള യാത്രയിൽ അവർക്ക് കഴിഞ്ഞു 

കാലം മായ്ക്കാതെ അഖിൽ മനസ്സിൽ കെട്ടി പൊക്കിയ ഓർമ്മകഥകളുടെ  ഇരുളറിയിൽ നിന്നും  നിഴൽ തുമ്പികൾ ചിറകടിച്ചു പറന്നിരുന്നു  കൊണ്ടിരുന്നു ...

രാത്രിയിൽ പാറുവിന്  അവൾ ക്കേറെ  ഇഷ്ടപ്പെട്ട ഡോറയുടെ പാവക്കുട്ടിയും വാങ്ങി വീട്ടിൽ എത്തുമ്പോഴേക്കും അവളന്നും ദേവിനെ കാത്തിരുന്ന്  ഉറങ്ങി പോയിരുന്നു .....


ബെഡ് റൂമിൽ നെഞ്ചിൽ കിടക്കുന്ന ചാരുവിന്റെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു

"നീയെന്താ ഒന്നും ചോദിക്കാത്തത് "

"ചോദിക്കാനാനും ഒന്നും ഇല്ല ചേട്ടന്റെ  മുഖം കണ്ടാൽ അറിയില്ലേ എല്ലാം  ശുഭാന്ത്യമാണെന്ന് "

ദേവ് അവളെ ഇറകെ പുണർന്നു നെറ്റിയിലുമ്മവെച്ചു ......

"ചാരു നന്മൾ ഏറെ  ശ്രദ്ധിക്കണം പാറവിനു കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ. "

കുട്ടികളുടെ മനസ്സിൽ നടക്കുന്ന നന്മയുടെയും തിന്മയുടെ സംഘർഷത്തിൽ, നെല്ലും പതിരും തിരിച്ചറിയാനാവാത്ത പ്രായത്തിൽ  മനസ്സിനുള്ളിലേക്ക് ഊളിയിടുന്ന തിന്മകൾ ...... നൊമ്പരാമായി അവരുടെ  അബോധ മനസ്സിലുറഞ്ഞു കൂടും. അത്  ചിലപ്പോൾ അവരിൽ പെരുമാറ്റ വൈകല്യങ്ങളോ ദ്വതീയ സ്വഭാവങ്ങളായൊക്കെ പരിണമിക്കാം .....

 

ചാരു നീ കേൾക്കുന്നുണ്ടോ ? 

മൂളികൊണ്ട് ചാരു ദേവിനരികിലേക്ക് നീങ്ങി കിടന്നു. കൈയെത്തി ഡോറ യുടെ ഡോളിനെ എടുത്ത് ദൂരേക്കേറിഞ്ഞു "അവൾക്ക് ഡോറ വേണ്ട  അച്ഛൻ കൊടുക്കുന്ന സന്തോഷം മതി "

ചാരു അവന്റെ നെഞ്ചിലമർന്നു. ഭൂതകാലത്തിന്റെ നിഴൽ ഇരുൾ വിരിച്ച അഖിലിന്റെ ജീവതത്തിൽ വെളിച്ചമേകാൻ കഴിഞ്ഞ  ആനന്ദത്തിലലിഞ്ഞു ചേർന്ന്   ശ്രദേവ് ചാരുവിനെയും പാറുവിനെയും കെട്ടിപിടിച്ചു കിടന്നു .

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ