mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കണ്ണൂർ റെയിൽവേസ്റ്റേഷന്റെ പുറത്തുള്ള ഒരു കോഫി ഷോപ്പിൽ നിന്ന് രണ്ട് കപ്പ്‌ കോഫി വാങ്ങി നുണഞ്ഞിറക്കുകയായിരുന്നു, ബോംബെയിൽ നിന്ന് എത്തിയ ബിസിനെസ്സ് മാൻ ശ്രീകുമാറും, അയാളുടെ സുഹൃത്തും, ഫാഷൻഡിസൈനറായ ജയന്തിയും.

തോളറ്റം വെട്ടിമാറ്റി, കാറ്റിന്റെ ലയതാളം മൂലം ഇടക്കിടെ അനുസരക്കേട് കാണിക്കുന്ന ചുവപ്പ് കലർന്ന മുടിയും, കറുത്ത കൂളിംഗ് ക്ലാസും, ഇളം റോസ് നിറത്തിലുള്ള ലിഫ്സ്റ്റിക്കും അല്ലാതെ, ജയന്തി, മുഖത്തു വേറെ മിനുക്കി പണികളൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അവൾ അതീവ സുന്ദരിയായിരുന്നു. സ്ലീവ്ഇല്ലാത്ത ടീഷർട്ടും, മുട്ടോളമെത്തുന്ന ജീൻസും, ധരിച്ചതിനാൽ ആവണം, പരിസരത്തുള്ള ആളുകളുടെ ശ്രദ്ധമുഴുവൻ അവളിൽ ആയിരുന്നു.

"നീയൊരു കണ്ണൂർകാരിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഏതോ ഒരു മദാമ പെൺകൊടിയെ അടിച്ചോണ്ട് വന്ന പോലെയാണ് ആളുകൾ എന്നെ നോക്കുന്നത്." ശ്രീകുമാർ ചിരിയോടെ പറഞ്ഞു.

"അതെ, അതെ, ഒരു കണക്കിന്അതും ശരിയല്ലേ. ഞാനാണ് നിന്നെ അടിച്ചു മാറ്റിയതെന്ന് മാത്രം."

"നോ, നോ... അടിച്ചു മാറ്റും ജയന്തി തിരുത്തി പറഞ്ഞു."

"നോക്കൂ ജയേ.... നമുക്ക് എത്രയും പെട്ടെന്ന് തമിഴ്നാട്ടിൽ എത്തണം, ആകെ രണ്ട് ദിവസമല്ലേ ഉള്ളൂ. നീ നിന്റെ വീട്ടുകാരെ കാണുന്നില്ല എന്ന വാശിയിൽ തന്നെയാണോ."

പെട്ടെന്ന് അവളുടെ മുഖത്തൊരു മ്ലാനത പ്രത്യക്ഷപ്പെട്ടു,

"ഐ ആം സോറി ടാ.... വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. "

"ഓക്കേ, ഞാനത് എന്നോ വിട്ടു."

കോഫി കുടിച്ചു കഴിഞ്ഞു വാഷ് റൂമിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിന്റെ കോണിൽ നിന്ന് പലതും കുത്തൊലിച്ച് വന്നു, തികട്ടി നിന്നു.

അച്ഛൻ മരിച്ചതിൽ പിന്നെ മൂത്തമകളായ ജയന്തി, കുടുംബം പോറ്റാൻ വേണ്ടി ഒരു ഏജന്റ് മുഖാന്തരം 'മുംബൈ'യിൽ എത്തി. പിന്നെ അവർക്ക് പണം മാത്രം മതിയായിരുന്നു. വർഷങ്ങൾ അങ്ങ് പൊഴിഞ്ഞു പോകവേ ജീവിക്കാൻ മറന്നു പോയ പെൺകുട്ടി, തനിക്കൊരു കൂട്ട് വേണമെന്ന് പറഞ്ഞു അമ്മക്ക് എഴുതി. അതിന് റിപ്ലൈ തന്നത് അമ്മയും, സഹോദങ്ങളുമായിരുന്നു.

"ജയേ.... നീ നിന്റെ താഴെയുള്ള മൂന്നു സഹോദരിമാർക്ക് നല്ല നിലയിൽ തന്നെ ജീവിതം കൊടുത്തു. ഇനിയിപ്പോ ചെറുക്കൻ ഉണ്ടല്ലോ. അവനൊരു പെണ്ണ് നോക്കുന്നുണ്ട്. നീ ഇപ്പൊ ഇങ്ങോട്ട് വന്നു മുംബയിൽ ആണ് നീ എന്നൊക്കെ പറഞ്ഞാൽ ഒരുപക്ഷെ അവന് പെണ്ണ് കിട്ടൂല. അത് കൊണ്ട് അവന്റെ വിവാഹമൊക്കെ കഴിഞ്ഞു നമുക്ക് നോക്കാം." ഇങ്ങനെ സ്വന്തം വീട്ടിൽ നിന്ന് ഇത്തരത്തിലുള്ള എത്രമാത്രം അവഗണനകൾ.

"ശ്രീ....എന്റെ ഫ്ലാറ്റിൽ പോയി ആദ്യം നമുക്കൊന്ന് ഫ്രഷ് ആവാം. സുന്ദരനെ വിളിച്ചു ഒന്ന് ക്ലീൻ ചെയ്തിടാനും, കഴിക്കാൻ എന്തേലും റെഡിയാക്കാനും പറഞ്ഞിട്ടുണ്ട്."

"ഓക്കേ".

"എന്നാൽ പോവാം."

കുളിച്ചു ഫ്രഷ് ആയി, ജയന്തിയുടെ ഗാർഡ് സുന്ദരനുമൊത്തു അവര് തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു.

സംസാര പ്രിയയായ തന്റെ കൂട്ടുകാരി കേരളത്തിന്റെ മണ്ണ് തൊട്ടത് മുതൽ വല്ലാതങ്ങു മൂകമായി പോയത് പോലെ തോന്നി ശ്രീക്ക്‌. പാവം തന്നെയവൾ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു. ഇനി അത് കണ്ടില്ലാന്നു നടിക്കരുത് അയാൾ മനസ്സിൽ ഓർത്തു.അവളുടെ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ മനസ്സിൽ കടലിരമ്പുകയാണെന്ന് അയാൾക്ക് തോന്നി. തന്റെ മനസ്സും അങ്ങനെ തന്നെയാണല്ലോ. അയാളുടെ ഉള്ളം വെന്തു.

സുന്ദരൻ നല്ല സ്പീഡിൽ തന്നെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു. അവര് അവരുടെ ഇന്നോവ കാറിന്റെ ഗ്ലാസുകൾ തുറന്നിട്ടു, എന്നിട്ട് രണ്ട് പേരും, പിറന്ന മണ്ണിന്റെ ഗന്ധം നുകർന്നു കൊണ്ട് നാസാദ്യാരത്തിലൂടെ ഉച്ചിയിലേക്ക് വലിച്ചു കേറ്റി.

സൂര്യന് വിടപറയാൻ സമയമായിരിക്കുന്നു. അതാണൊരു വിഷാദഭാവം. തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു, ഈ നഗരത്തിലെ മണ്ണിന്റെ സ്പന്ദനം അറിയാനായി ഭൂമിയെ നെഞ്ചിനോട് ചേർത്ത് മതി മറന്നൊന്ന് ഉറങ്ങണം, ശ്രീ ചിന്തിച്ചു.

കേരളം വിടുമ്പോൾ, ശ്രീക്ക്‌ പതിനാറ് വയസ്സ് ആയിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ഇടക്കിട്ടെ ഒരു വിരുന്നുകാരനെ പോലെ, വരും.

പ്ലാന്റർ ആയ രാംദാസ് മുതലാളി തന്റെ വീടിന്റെ അടുത്തായി പ്ലോട്ട് ആയി കിടക്കുന്ന ഭൂമിയിൽ കുറച്ചു ഫ്ലാറ്റ് കെട്ടാൻ വേണ്ടി തീരുമാനിച്ചു. തമിഴ് നാട്ടിൽ നിന്നായിരുന്നു തൊഴിലാളികളെ കൊണ്ട് വന്നിരുന്നത്. അവരുടെ കൂട്ടത്തിലുള്ള കൃഷ്‌ണൻ, ഫുഡ്‌ ഉണ്ടാക്കാൻ വേണ്ടി ഫാമിലിയെ കൊണ്ടാണ് വന്നത്. കൃഷ്ണന്റെയും, വല്ലിയുടെയും മകൾ തേൻമൊഴിക്കും പതിനാറു വയസ്സാണ് പ്രായം.എന്നും വൈകിട്ട് ചുറ്റുവട്ടത്തിലുള്ള കുട്ടികൾ എല്ലാവരും കൂടി ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുകയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കളിക്കുകയോ ചെയ്യും. വല്ലി അമ്മയെ സഹായിക്കാൻ ഇടക്കിട്ടെ വീട്ടിൽ വരും, കൂടെ തേൻ മൊഴിയും ഉണ്ടാകും. അങ്ങിനെ അങ്ങിനെയങ്ങിനെ ശ്രീകുമാറും, തേൻ മൊഴിയും നല്ല ഫ്രെണ്ട്സ് ആയി മാറി. ശ്രീകുമാറിന്റെ അച്ഛന്റെ നിർബന്ധപ്രകാരം ഒമ്പതാം ക്ലാസ്സിലേക്ക് തേൻ മൊഴിയെ നാട്ടിൽ സ്കൂളിൽ ചേർത്തു. അവളെ പഠിപ്പിക്കുന്ന ഉത്തരവാദിത്വം ശ്രീകു മാറിനായിരുന്നു.

അച്ഛൻ ഒരു നാട്ടിൻപുറത്തുകാരൻ ആയിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസ്സും, അഭിമാനിയും ആയിരുന്നു. മക്കൾ മൂന്നു ആൺ മക്കളെയും അതെപോലെ വളർത്താൻ അദ്ദേഹം ശ്രമിച്ചു.

"നുണകുഴികളായിരുന്നു, തേൻ മൊഴിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടിയത്. ഇടതൂർന്ന കട്ടിയുള്ള നീളൻ മുടിയും, കരിമഷിയുടെ നിറമുള്ള മിഴികളും, പേരു പോലെ തന്നെ തേനിന്റെ നിറവും, എല്ലാം കൊണ്ടും അവളൊരു കൊച്ചു സുന്ദരിതന്നെയായിരുന്നു."

അങ്ങനെയിരിക്കെ ഒരു ദിവസം തേൻ മൊഴിക്ക് എന്തോ ഒരു പേടി കിട്ടി. അവൾ പരസ്പര വിരുദ്ധമായി എന്തൊക്കെയോ സംസാരിച്ചു തുടങ്ങി. പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും അസുഖം കൂട്ടിയതെയുള്ളൂ. എന്നാൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. ശ്രീകുമാറിനോട് മാത്രം നോർമൽ ആയി സംസാരിക്കും. അവനോട് മാത്രമായിരുന്നു കൂട്ട്. പ്രായം അതല്ലേ,രണ്ട് പേരും സ്നേഹിക്കാൻ തുടങ്ങിയിരുന്നോ, എന്തോ?. തേൻ മൊഴിയുടെ ചെവിയിൽ ആരോ വന്ന് സംസാരിക്കുന്നുണ്ട് എന്ന് അവൾ എന്നും പരാതി പറയാറുണ്ട്. എപ്പോഴും ശ്രീകുമാറിന്റെ ചെവി, തേൻ മൊഴിയുടെ ചെവിയോട് അടിപ്പിച്ചു വെക്കും, എന്നിട്ട് എന്തെങ്കിലും സൗണ്ട് കേൾക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഒരു ദിവസം ഇങ്ങിനെ പരിശോധിക്കുന്ന വേളയിൽ ഒരു കൗതുകത്തിന് തേൻമൊഴിയുടെ മൂക്കിൽ നിന്ന് പച്ചകലുള്ള മൂക്കുത്തി ഊരി എടുത്തു. ഊരി എടുക്കുമ്പോൾ തന്റെ ചുണ്ടും, തേൻ മൊഴിയുടെ ചുണ്ട്മായി ഒരിളം സ്പർശനം. അത് കണ്ടു കൊണ്ട് വന്ന കൃഷ്ണൻ ഞെട്ടി പോയി. സംഗതി എല്ലാവരെയും അറിയിക്കുകയും ചെയ്തു.

രാംദാസ് ആകെ വയലന്റ് ആയി. ശ്രീ കുമാറിനെ ഒരു പാട് തല്ലി. മാനം പോയല്ലോ, ഇനി തല ഉയർത്തി നടക്കാൻ ആവൂല്ലല്ലോ എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. വീട്ടുകാരുടെ അവഗണയും, അപമാനിക്കലും കേട്ട് ഒരു മാസം വീട്ടിൽ ഒറ്റപ്പെട്ടു പിടിച്ചു നിന്നു. രണ്ട് പേരോടുംകൂടി സംസാരിച്ചു തീർക്കേണ്ട പ്രശ്നമേ ഉണ്ടായിരുന്നുള്ളു. അതെല്ലാം എല്ലാവരും കൂടെ പെരുപ്പിച്ചു വലുതാക്കി. പിന്നെ ആരും അറിയാതെ ശ്രീകുമാർ നാട്ടുവിട്ടു.

"ശ്രീ.... നീ എന്താ ഒന്നും മിണ്ടാത്തെ, എനിക്ക്‌ വല്ലാതെ ബോറടിക്കുന്നുണ്ട് ട്ടൊ."

"ഓരോന്നു ആലോചിച്ചു പോയതാ." "കഴിഞ്ഞതവണ അച്ഛനെയും, അമ്മയെയും കണ്ടപ്പോ ഒരു പാട് നിർബന്ധിച്ചു. നാട്ടിൽ നിൽക്കാൻ വേണ്ടി. കരയുകയായിരുന്നു രണ്ട് പേരും.എന്തോ എനിക്കൊന്നും തോന്നിയില്ല."

"എന്തേ നീ ഇങ്ങനെ?, എത്രയോ വർഷങ്ങൾ ആയി നിന്നെ അവര് വിളിക്കുന്നു. അവരുടെ സ്നേഹം കാണാതെ പോവരുത്. പിന്നീട് ഖേദിക്കേണ്ടി വരും." ജയന്തി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു.

"ഒരു ചെറിയ കുട്ടിയുടെ വികാര വിചാരങ്ങൾ അവര് കാണാതെ പോയി. "പോയി ചത്തുകൂടെ നിനക്ക്"! ആ വാക്കുകൾ ഇന്നും എന്റെ തലച്ചോറിനുള്ളിൽ മുഴങ്ങാറുണ്ട്. അമ്മയുടെ മുഖമായിരുന്നു എന്നെ മരണത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അമ്മയിൽ നിന്ന് ഒരു സംഗീതം പോലെ ഒഴുകി എത്തുന്ന, ലാളനയും, സ്നേഹവുമാണ് എനിക്ക്‌ നഷ്‌ടപ്പെട്ടത്. ആ കരവലയത്തിനുള്ളിൽ എന്നും ഞാനൊരു പാവം ഗർഭസ്ഥശിശു ആയിരുന്നു."

"സാരമില്ലടൊ...സമാധാനത്തോടെ ഇരിക്ക്. വിശപ്പ് സഹിക്കാൻ കഴിയാതെ വയർ പൊത്തി പിടിച്ചു ഇരിക്കുന്ന പട്ടിണി പാവങ്ങൾ, ആരോരുമില്ലാതെ തെരുവിൽ അലയുന്നവർ. അവരെ കുറിച്ചൊക്കെ ചിന്തിക്ക്‌. തെറ്റ് മനസ്സിലാക്കി നിന്നെ വിളിച്ചതല്ലേ, അപ്പോൾ നീ പോയില്ല, വാശി!അത് നിനക്ക് കൂടുതൽ ആണ്, അത് കൊണ്ടല്ലേ വർഷങ്ങൾ ഇത്രയായിട്ടും തേൻ മൊഴിയെ അന്വേഷിച്ചൊരു യാത്ര".

"ജയേ..., പ്ലീസ്...."അയാൾ കൈകൾ കൂപ്പി."ഞാൻ ഇങ്ങിനെയായി പോയി, ഞാൻ അനുഭവിച്ച വേദന, അപമാനം, കണ്ണീർ, ഇതൊക്കെ ഓർക്കുമ്പോൾ എന്റെ ഉള്ളിൽ വീണ്ടും,വീണ്ടും പക എരിയുന്നു."

"എത്രകാലം!" ജയന്തിയുടെ ശബ്‌ദം ഉച്ചത്തിൽ ആയി. ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

"ഇന്ന് വരെ,"

"ഇതിൽ നിന്നല്ലാം എനിക്കൊരു വിടുതൽ വേണം".

വണ്ടി കേരളത്തിന്റെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. അവിടെ ഒരു ഫാക്ടറി കണ്ടപ്പോ ശ്രീ കുമാർ സുന്ദരനോട് വണ്ടി നിറുത്താൻ പറഞ്ഞു.

"ഇവിടെ എവിടെയോ ആണ് തേൻ മൊഴിയുടെ വീട്. കുട്ടികാലത്ത് അവരുടെ കൂടെ ഞാൻ രണ്ട് മൂന്ന് വട്ടം വന്നിട്ടുണ്ട്."

സുന്ദരനോട്‌, അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട്, അവര് രണ്ട് പേരും ഇറങ്ങി ഒരു ഇടവഴിയിൽ കൂടി നടന്നു.

അവിടെ കുഴൽ കിണറിൽനിന്ന് വെള്ളം എടുക്കാനായി കുറെ പേര് വരി നിന്നിരുന്നു. അവരുടെ അടുത്തെത്തി ഒരു പ്രായനായ സ്ത്രീയോട് ശ്രീകുമാർ ചോദിച്ചു.

"കൃഷ്ണേട്ടന്റെ വീട് ഏതാണ്."

"അയാൾ എരന്ത് പോയിറിച്ച്. അയാളുടെ മോളും, കെട്ടിയോനും, അന്ത വീട്ടിൽ പൊറുതി."

പുതിയ ഡാകിട്ടർ ആണോ. പൊണ്ണിനെ നോക്കാനായിരിക്കും, വരുമെന്ന് പറഞ്ഞിരുന്നു. അവിടെത്തെ പൊണ്ണു പൂർണഗർഭിണി.

ആര്? ജയന്തി ചോദിച്ചു.

"തേൻമൊഴി."

അതാ വരുന്നു അവര് തല കൊണ്ട് ആംഗ്യം കാട്ടി. കുഴൽ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചു ആ ഉന്തിയ വയറിന്റെ സൈഡിൽ കുടം വെച്ചു കൈ കൊണ്ട് കോർത്ത് പിടിച്ചു കൊണ്ട് അവളെങ്ങിനെ വേച്ച്, വേച്ച്, നടന്നു വരികയാണ്. മുടിയൊക്കെ പാറി പറന്ന്, കവിളുകൾ ഒട്ടി, കണ്ണ് കുഴിഞ്ഞ്, ശ്രീകുമാറിന് ഇത് തേൻ മൊഴിയാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

അയാൾ അവളുടെ അടുത്തെത്തി പതുക്കെ വിളിച്ചു.

"തേൻ മൊഴീ...."

"യാരിത് ?,

"ഞാൻ ശ്രീകുട്ടൻ , ഓർമ്മയുണ്ടോ നിനക്കെന്നെ.?"

അവൾ കുടം ഇറക്കി താഴെ വെച്ചു, നിറഞ്ഞ ചിരിയോടെ.

"പിന്നെ ഓർക്കാതെ എന്റെ ഉള്ളിൽ നിൻ മുഖം മാത്രമേ ഉള്ളൂ. ഞാനെന്നും പൂവിട്ടു പൂജിക്കുന്നതും, പ്രാർത്ഥിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്."

"നിനക്ക് സുഖമല്ലേ".

മ്മ്. അവൾ മൂളി.

"ഇതാരിത്, നിന്റെ പൊണ്ടാട്ടി സിനിമാ നടി പോലെ ഇരിക്കിണ്". തേൻ മൊഴി ജയന്തിയെ നോക്കി പറഞ്ഞു.

ശ്രീകുമാർ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സിൽ വല്ലാത്തൊരു വിഷാദം മുളപൊട്ടിയിരുന്നു.അവളുടെ രൂപവും ഭാവവും, അവിടുത്തെ അന്തരീഷവും, അയാളെ വല്ലാതെ വേദനിപ്പിച്ചു.

അവരുടെ അടുത്തേക്ക് കഷണ്ടിയുള്ള ഒരാൾ നടന്നു വരുന്നുണ്ടായിരുന്നു. ഇത് ആര്, അയാൾ ചോദിച്ചു.

കേരളത്തിൽ നിന്ന് വന്ദേ, ഞാൻ പറയാറില്ലേ 'കുട്ടൻ'.

ഇത് എന്നുടെ കൊളന്താകളുടെ അച്ഛാ, 

അയാൾ അവളെ ശകാരിച്ചു, നിന്നോട് പറഞ്ഞിട്ടില്ലേ ഇന്താ ടൈമിൽ വൈറ്റ് തൂക്കാകൂടാത് എന്ന്, അതും പറഞ്ഞു അയാൾ ആ കുടം എടുത്ത് നടന്നു.

തേൻമൊഴിയുടെ വീട്ടിൽ നിന്ന് ചായയും, ബിസ്കറ്റും, കഴിച്ചു, അവളുടെ കെട്ടിയോൻ നല്ല ഒരാളാണെന്ന് അവർക്ക് തോന്നി. തിരിച്ചിറങ്ങുമ്പോൾ, ശ്രീകുമാർ പറഞ്ഞു,

നിനക്ക് ഒരു സാധനം തിരിച്ചു തരാൻ വന്നതാണ് ഞാൻ.

"എന്തെ"...

"നിന്റെ പച്ച മൂക്കുത്തി"

പിന്നെ ഒരു കാര്യം ചോദിക്കണമെന്നുണ്ട്. നിന്റെ മൂക്കിൽ മൂക്കുത്തി അണിയാൻ വേണ്ടി നമ്മൾ അടുത്തടുത്തു ഒരേ ശ്വാസത്തിൽ നിന്നപ്പോ നീ എന്റെ ചുണ്ടിൽ പതുക്കെ ഉരസിയില്ലേ. പറയൂ... നീ എന്നെ സ്നേഹിച്ചിരുന്നോ.?

എന്തോ എനിക്കൊന്നും അറിയൂല, ഇന്നും അറിയൂല, നീ എന്റെ ആരൊക്കെയോ ആയിരുന്നെന്ന് തോന്നിയിരുന്നു.

"എനിക്കും", അയാൾ മറുപടി പറഞ്ഞു.

അയാൾ അയാളുടെ ബാഗ് തുറന്നു പച്ചകല്ലുള്ള മൂക്കുത്തി അവളുടെ കയ്യിൽ വെച്ചു കൊടുത്തു. എന്നിട്ട് പതിയെ പറഞ്ഞു, ഇത് തരാനാണ് ഞാൻ വന്നത്, ഞാനിത്ര കാലം കാത്തിരുന്നത്. ഈ മൂക്കുത്തി തന്ന് എനിക്ക്‌ നിന്നിൽ നിന്നും സ്വതന്ത്രമാകണം. അല്ലെങ്കിൽ ഇതാ ഞാനിവളുടെ ശാപവും കൂടെ ഏറ്റു വാങ്ങേണ്ടി വരും. ജയന്തിയെ നേരെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.

തിരിച്ചു പോരുമ്പോൾ അയാൾ വല്ലാതെ സന്തോഷിക്കുന്നതായി ജയന്തിക്ക് തോന്നി. അയാൾ ജയന്തിയെ നോക്കി സ്നേഹത്തോടെ പറഞ്ഞു. ഇനി നിന്റെ ആഗ്രഹം പോലെ നമ്മുടെ വിവാഹം.അതും അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹത്തോടെ. ഒരു കടവും ഈ ഭൂമിയിൽ ബാക്കി വെക്കരുത്.

"എന്ത് പറയുന്നു."

"ഒക്കെ ശ്രീയുടെ ഇഷ്‌ടം."

അയാൾ അവളുടെ കൈ എടുത്ത് തന്റെ കൈക്കുള്ളിൽ മുറുകെ പിടിച്ചു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ