mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
    
      
(T V Sreedevi)
രാവിലെ ഉറക്കത്തിൽ നിന്നുണർന്നിട്ടും കിടക്ക വിട്ടെഴുന്നേൽക്കാതെ ഗംഗ അവിടെത്തന്നെ കിടന്നു. ഇന്ന് ഒഴിവ് ദിവസമാണ്. എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ല.  അടുക്കളയിൽ പാചകക്കാരി ലക്ഷ്മിയേടത്തി, ഇപ്പോൾ പ്രഭാതഭക്ഷണം മേശപ്പുറത്തു കാസ്രോളിൽ അടച്ചു വെച്ചിട്ടുണ്ടാകും. അച്ഛൻ ഓഫീസ് മുറിയിൽ ഏതെങ്കിലും കേസിന്റെ പ്രിപ്പറേഷനിലായിരിക്കും. അമ്മ ലളിതാ സഹസ്രനാമം ചൊല്ലുകയാകും.
 
വിരസമായ പകലുകളും രാത്രികളും.
"എത്ര സന്തോഷപ്രദമായിരുന്നു കഴിഞ്ഞുപോയ ദിവസങ്ങൾ  വിച്ചുവേട്ടനുമൊത്തുള്ള കലാലയ ജീവിതവും പ്രണയവും തങ്ങളുടെ വിവാഹവും. മധുവിധുയാത്രകളും എല്ലാം.         
"അമിതമായി,സന്തോഷിച്ചതുകൊണ്ടാണോ തന്റെ ഇപ്പോഴത്തെ ഈ ഏകാന്തത?"
"ക്രിമിനൽ അഡ്വ. പ്രസാദ് രാജിന്റെയും പ്രൊഫസ്സർ മാലിനിയുടെയും ഏക സന്തതിയായ ഗംഗാപ്രസാദ് എന്ന താൻ എത്ര സന്തോഷവതിയായിരുന്നു!" 

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീനിയർ വിദ്യാർത്ഥിയായിരുന്ന വിശ്വനാഥ് മോഹനുമായി പ്രണയത്തിലായത്. ആ ദിവസങ്ങൾ ഓർമ്മയിലെത്തിയപ്പോൾ അവളുടെ മനസ്സിൽ സന്തോഷത്തിന്റെ തിരകൾ അടിച്ചുവന്നു. 
ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് ക്യാന്റീനിൽ നിന്നും മടങ്ങുമ്പോൾ ചെളിവെള്ളത്തിൽ ചവിട്ടി താൻ തലയടിച്ചു വീണ രംഗങ്ങൾ അവളുടെ മനസ്സിലേയ്ക്കോടിയെത്തി. ഓർമ്മ വരുമ്പോൾ ആശുപത്രികിടക്കയിലാണ്. കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് വിശ്വനാഥ്ന്റെ മുഖമാണ്. അധികം വൈകാതെ അച്ഛനും അമ്മയുമെത്തി. വീണപ്പോൾ സ്റ്റെപ്പിൽ തട്ടിയിട്ടായിരിക്കാം ബോധം കെട്ടുപോയത്.

കുഴപ്പങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് അപ്പോൾ തന്നെ ഡിസ്ചാർജ് ആയി. വീട്ടിൽ പോകുന്നതിനുമുൻപ് അച്ഛൻ വിശ്വനാഥ് എന്ന വിച്ചുവിന്റെ കൈ പിടിച്ചു കുലുക്കി നന്ദി പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് താൻ വീണു ബോധം പോയപ്പോൾ തന്നെ വാരിയെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചത് വിശ്വനാഥ് ആയിരുന്നുവെന്ന്.
             
അങ്ങനെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറി. അത് എല്ലാവർക്കും അറിയുന്ന ബന്ധമായിരുന്നു. ക്യാമ്പസ്സിൽ അനേകം ഗംഗമാരുണ്ടായിരുന്നതുകൊണ്ടാവാം തന്നെ എല്ലാവരും വിച്ചുവിന്റെ ഗംഗ എന്നാണ് വിളിച്ചിരുന്നത്. 

വിച്ചുവേട്ടന് ജോലി കിട്ടിക്കഴിഞ് രണ്ടു വർഷം കഴിഞ്ഞാണ് താൻ എം.ടെക് കഴിഞ്ഞു സ്വാശ്രയ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി താനും ജോലിക്കു ചേർന്നത്.
         
വൻകിട ബിസിനസ്സുകാരനായ മോഹൻ തമ്പിയുടെയും സബ് കളക്ടറായ ജയാമോഹന്റെയും ഒരേയോരു സന്തതിയായിരുന്നു വിച്ചുവേട്ടൻ. അതുകൊണ്ടായിരിക്കും കല്യാണം നടത്തിത്തരാൻ ഇരുകൂട്ടർക്കും ഉത്സാഹമായിരുന്നു.
         
"എത്ര സന്തോഷപ്രദമായ ദിവസങ്ങൾ ആയിരുന്നു പിന്നീടുള്ളവ!"
രണ്ടുപേരുടെയും അച്ഛനമ്മമാർ തന്നെയും വിച്ചുവേട്ടനെയും സ്നേഹം കൊണ്ടുമൂടി. ഇത്രയും സന്തോഷപ്രദമായ ദിനങ്ങൾ മറ്റാർക്കും കിട്ടിയിട്ടില്ല എന്ന് വിചാരിച്ച് എത്ര സന്തോഷിച്ചു. രണ്ടുമൂന്നു മാസം രണ്ടുവീടുകളിലും മാറിമാറി താമസിച്ചു. എന്നാൽ വളരെപ്പെട്ടെന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. താനും വിച്ചുവേട്ടനും തന്റെ വീട്ടിൽ താമസിക്കണം എന്ന് അച്ഛൻ നിർബന്ധം പിടിച്ചു.
"എന്റെ ഭാരിച്ച സ്വത്തു മുഴുവൻ എന്റെ മകൾക്കാണ്. അവൾ ഇവിടെ താമസിക്കണം." അച്ഛൻ നിർബന്ധം പിടിച്ചു.
"ഞങ്ങൾക്ക് കാണാൻ കൊതിച്ചുണ്ടായ ഒറ്റ മോനാണ് വിച്ചു. അവനു ഭാര്യവീട്ടിൽപോയി ദത്തുനിൽക്കേണ്ട കാര്യമില്ല." എന്ന് വിച്ചുവേട്ടന്റെ അച്ഛൻ.
വാദപ്രതിവാദങ്ങളും ചർച്ചകളും പലവട്ടം നടന്നു. ശത്രുത കൂടിവന്നതല്ലാതെ യാതൊരു ഫലവുമുണ്ടായില്ല. ഒരുദിവസം ജോലിക്കുപോയ തന്നെ കോളേജിൽ വന്ന്...അച്ഛൻ  വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി വിച്ചുവേട്ടനോടൊപ്പം വരാമെന്നു പറഞ്ഞിട്ട് അച്ഛൻ വഴങ്ങിയില്ല. ഒടുവിൽ അതു വലിയ പ്രശ്നത്തിന് വഴിവെച്ചു.
        
"ചോദിക്കാതെ പോയവൾ തനിയെവരണം. വിച്ചു ചെന്നു കൊണ്ടുവരേണ്ട." വിച്ചുവേട്ടന്റെ അച്ഛൻ ആജ്ഞാപിച്ചു.
"അവൾ മറ്റെവിടെയും പോയില്ലല്ലോ... സ്വന്തം വീട്ടിലേയ്ക്കല്ലേ വന്നത്? അവൻ ഇവിടെ വന്നു വിളിക്കട്ടെ." എന്ന് തന്റെ അച്ഛൻ.
           
"എന്നെ വന്നു കൊണ്ടുപോകണം വിച്ചൂവേട്ടാ..." ഫോൺ വിളിച്ചപ്പോൾ താൻ കെഞ്ചിപ്പറഞ്ഞു.
"തന്റെ അച്ഛന്റെ പക്കൽ ഒരു ന്യായവുമില്ല ഗംഗേ, എന്നോട് ഒരു വാക്കു പറയാതെയല്ലേ തന്നെ വിളിച്ചുകൊണ്ടു പോയത്! കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ താമസിക്കണം." വിച്ചുവേട്ടൻ പറഞ്ഞു. ആ സ്വരത്തിന് ഒരുമയവുമുണ്ടായിരുന്നില്ല.
     
ഞാൻ വിച്ചുവേട്ടനെ വിളിച്ചു പറഞ്ഞില്ലേ... എന്ന എന്റെ ചോദ്യം വിച്ചുവേട്ടൻ ശ്രദ്ധിച്ചു കൂടിയില്ല.
"തന്റെ അച്ഛന്റെ ധാർഷ്ട്യമാണ് എല്ലാത്തിനും കാരണം."
"അത് അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഏട്ടാ?" താൻ ചോദിച്ചു.
ഒന്നും വിലപ്പോയില്ല. ഇപ്പോൾ പഴയ സന്തോഷ സുദിനങ്ങൾ അയവിറക്കി ദിവസങ്ങൾ തള്ളി നീക്കുന്നു. ഒരു വർഷവും രണ്ടുമാസവും കഴിഞ്ഞിരിക്കുന്നു.  ഗംഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിച്ചുവേട്ടൻ തന്ന സന്തോഷകരമായ ദിവസങ്ങൾ അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
     
"പാവം. വിച്ചുവേട്ടൻ എന്തു തെറ്റാണ് ചെയ്തത്?"
അവൾ സ്വയം ചോദിച്ചു. ഏറെ നേരം ഗംഗ ആലോചിച്ചു കിടന്നു. എങ്ങനെ ഇതിനൊരു പോംവഴി കാണും?
കുറച്ചുസമയം കഴിഞ്ഞു അവൾ എഴുന്നേറ്റു കുളിച്ചു. വിച്ചുവേട്ടൻ വാങ്ങിത്തന്ന ഇളം റോസ് ചുരിദാർ ധരിച്ചു. ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ അടുക്കിവെച്ചു.
താഴെ വന്നു. അച്ഛനോടും അമ്മയോടുമൊപ്പമിരുന്നു ഭക്ഷണം കഴിച്ചു.
"നീയെവിടെയെങ്കിലും പോകുന്നുണ്ടോ മോളെ.?"
അമ്മ ചോദിച്ചു.
"ഉവ്വ്. രണ്ടുപേരും കേൾക്കണം. ഞാൻ വിച്ചുവേട്ടന്റെ വീട്ടിലേക്കുപോകുന്നു." അച്ഛൻ ഞെട്ടി തല ഉയർത്തി.
"നീ പിന്നെ ഈ പടി ചവിട്ടില്ല." അച്ഛൻ പറഞ്ഞു.
"ഞാൻ ചവിട്ടും." അവളും വിട്ടില്ല.
"ഞാനും വിച്ചുവേട്ടനും അവിടെയും ഇവിടെയുമായി താമസിക്കും. അച്ഛൻ ഇറക്കിവിട്ടാലും പോകില്ല.
നിങ്ങളുടെ വാശി തീർക്കാനുള്ളതല്ല ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ സന്തോഷകരമായ ദിവസങ്ങൾ തല്ലിക്കൊഴിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല."
"ഞാൻ പോയിവരാം."അവൾ പറഞ്ഞു.
"എങ്ങനെ പോകും നീ?" അമ്മ സങ്കടത്തിൽ ചോദിച്ചു.
"ഞാൻ അച്ഛന്റെ ഒറ്റ മോളല്ലേ? എന്റെ അച്ഛൻഎന്നെകൊണ്ടുപോയി വിടും. ഇല്ലെങ്കിൽ അച്ഛൻ കാണിക്കുന്നതൊക്കെ കപടമാണ്."
അച്ഛന് കുടിച്ചുകൊണ്ടിരുന്ന ചായ വിക്കിപ്പോയി. ഗംഗ ഓടിച്ചെന്ന് അച്ഛന്റെ ശിരസ്സിൽ തട്ടി.അമ്മ കൊണ്ടുവന്ന വെള്ളം അച്ഛനെ കുടിപ്പിച്ചു. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് ചായ വിക്കിപ്പോയതുകൊണ്ടല്ല എന്ന് ഗംഗയ്ക്ക് മനസ്സിലായി.
         
അച്ഛൻ സാവധാനം എഴുന്നേറ്റു. മകളെ ചേർത്തുപിടിച്ചു. "അച്ഛൻ തന്നെ മോളെ കൊണ്ടുപോകാം. മാലിനീ, വേഗം റെഡിയാക്. താനും വരണം." അച്ഛൻ പറഞ്ഞു.
   
വിച്ചുവേട്ടന്റെ വീട്ടുമുറ്റത്തു കാറിൽ ചെന്നിറങ്ങുമ്പോൾ ആദ്യം ഓടിവന്നത് ഏട്ടന്റെ അമ്മയാണ്. അവർ തന്റെയമ്മയെ ചേർത്തു പിടിച്ച് അകത്തേയ്ക്കു കൂട്ടി.
മടിച്ചു നിന്ന അച്ഛന്റെ കൈപിടിച്ച് വിച്ചുവേട്ടന്റെ അച്ഛനും അകത്തേക്കു ക്ഷണിച്ചു.
   
ഏറ്റവും ഒടുവിൽ ഒരു കള്ളച്ചിരിയുമായി വിച്ചുവേട്ടൻ ഇറങ്ങിവന്നപ്പോൾ ഗംഗ പഴയ വിച്ചുവിന്റെ ഗംഗയായി. അവരുടെ സന്തോഷ ദിവസങ്ങൾ ആരംഭിക്കുകയായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ