mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku )

ഏതാനും നിമിഷം അവൾ ഭർത്താവിന്റെ ഉമ്മയെ നോക്കിനിന്നു. എന്നിട്ട്  നിറകണ്ണുകൾ തുടച്ചുകൊണ്ട് അവരുടെ കൈപിടിച്ച് ഡൈനിംഗ് ടേബിളിനരികിലേയ്ക്ക് കൊണ്ടുപോയി. ചായയും പലഹാരവും വിളമ്പി മുന്നിലേയ്ക്ക് നീക്കിവെച്ചു.



"കഴിക്കൂ... രാവിലേ കാപ്പിയ്ക്ക് ഉണ്ടാക്കിയതാണ്." അവൾ അവർക്ക് അരികിലായി കസേരയിൽ ഇരുന്നു.

"ഉമ്മയ്ക്ക് എന്നെയോർത്തു ഒരു സങ്കടവും വേണ്ട... എന്തിനാണത്... എനിക്ക് ഇവിടെ ഒരു ദുഃഖവുമില്ല..."

പുഞ്ചിരി പൊഴിച്ചുകൊണ്ട്...ദുഃഖമൂറുന്ന മിഴികളോടെ ഭക്ഷണം കഴിക്കാൻ മടിച്ചിരുന്ന ഉമ്മയുടെ തോളിൽ അവൾ തലോടി.

"എന്നാലും മോളേ...പ്രായമായ മാതാപിതാക്കൾക്കൊപ്പം നീയും മോളും തനിച്ച് ഒരു ആൺതുണയില്ലാതെ എത്രകാലം എന്നുവെച്ചാണ്...?"

"ഉമ്മയുടെ ഈ വേവലാതി...ഇത് വേണ്ടെന്ന് ഞാൻ പറഞ്ഞല്ലോ... ഈ ചോദ്യത്തിന് ഞാൻ ഒരുപാട് തവണ മറുപടി തന്നിട്ടുമുണ്ട്."അവൾ വീണ്ടും പുഞ്ചിരി തൂകി.

അരുതാത്തതെന്തോ പറഞ്ഞതുപോലെ തന്നെനോക്കി ഇരിക്കുന്ന മരുമകളെ നോക്കി ഉമ്മാ വീണ്ടും പറഞ്ഞു.

"നോക്കു... എന്റെ മകനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ... അവന്റെ സ്ഥാനത്തു മറ്റൊരാളെ പ്രതിഷ്ടിക്കാനുള്ള മനസ്സില്ലാത്തതിന്റെ പേരിലാണ് നീ മറ്റൊരു വുവഹത്തിന് സമ്മതിക്കാത്തതെന്ന് എനിക്കും നിനക്കും അറിയാം. എന്നുകരുതി ഇതിപ്പോൾ എല്ലാം മനസ്സിലാക്കിക്കൊണ്ട് അതും നമ്മുടെ ബന്ധത്തിൽ നിന്നുതന്നെ ഒരു ആലോചന വരുമ്പോൾ നമ്മളായിട്ട് വേണ്ടെന്ന് പറയുന്നത് ശരിയാണോ.?ഞാനും നിന്റെ മാതാപിതാക്കളും നിന്റെ ഈ മനസ്സ് കാണുന്നതുപോലെ നാളെ മറ്റുള്ളവരോ സമൂഹമോ നിന്നെ മനസ്സിലാക്കണമെന്നില്ല. കുറേ കഴിയുമ്പോൾ നീ ഒറ്റയ്ക്കായി പോകും. നീ ഞങ്ങളെ അനുസരിക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്റെ പ്രവർത്തിക്കും, തീരുമാനങ്ങൾക്കും ഒക്കെ ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ടാവും അത് മറക്കണ്ട..."പറഞ്ഞിട്ട് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് യാത്രപറയും നേരം ഒരിക്കൽക്കൂടി അവളുടെ കരങ്ങൾ കവർന്നുകൊണ്ട് നിറമിഴികളോടെ ഉമ്മാ പറഞ്ഞു.

"മോളേ... ഞാൻ പോണൂ... ഇനി എന്തൊക്കെ പറഞ്ഞാലും നിന്റെ തീരുമാനത്തിന് മാറ്റം ഉണ്ടാവില്ലെന്ന് എനിക്കറിയാം... എന്റെ മകന് കിട്ടിയ പുണ്ണ്യമായിരുന്നു നീ... എന്റെ കുടുംബത്തിന്റെ വിളക്ക്. ഇത് അവസാനം വരെ അനുഭവിക്കാനുള്ള യോഗം പടച്ചവൻ എന്റെ മകന് കൊടുത്തില്ല...മോള് ഒരിക്കൽക്കൂടി നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കണം..."ഒരു ദീർഘാനിശ്വാസം ഉതിർത്തുകൊണ്ട് അവർ നടന്നുനീങ്ങി.

തന്റെ അവസ്ഥയിൽ മനംനൊന്തു യാത്രപറഞ്ഞുപോകുന്ന ഭർതൃമാതാവിനെ ഏതാനും നിമിഷം അവൾ നോക്കി നിന്നു. ഒടുവിൽ അവർ കണ്മുന്നിൽ നിന്ന് മറഞ്ഞതും അവൾ മെല്ലെ വീട്ടിലേയ്ക്ക് നടന്നു.

മുറിക്കുള്ളിൽ തയ്യൽ മിഷ്യനുമുകളിൽ കിടക്കുന്ന വിവിധവർണ്ണത്തിലുള്ള തുണികളിലേയ്ക്ക് നോക്കി അവൾ ഏതാനും നിമിഷം നിന്നു. അവളോർത്തു... തയ്ക്കാൻ ഒരുപാട് തുണികൾ ഇനിയും ബാക്കിയാണ്. ഇന്നുതന്നെ എല്ലാം പൂർത്തിയാക്കണം എങ്കിലേ നാളെ കടയിൽ കൊണ്ടുപോയി കൊടുക്കാൻ പറ്റൂ...

അങ്ങനെ ചിന്തിച്ചുകൊണ്ട് ആ നൈറ്റി തുണികളിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അവളോർത്തു... ഈ നൈറ്റികൾ ആരൊക്കെയാണ് അണിയുക... അതിൽ എത്ര വിവാഹിതർ... ഭർതൃമതികൾ ഉണ്ടാവും. തന്നെപ്പോലെ മനസ്സിലെ കിനാവുകളൊക്കെയും കരിച്ചുകളയപ്പെട്ടവർ... വിധവകൾ ഉണ്ടാകുമോ.? ഉണ്ടാവുമായിരിക്കാം...

ഒരാഴ്ച മുൻപാണ്... ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള ആ യുവാവ് വിവാഹഭ്യർത്ഥന നടത്തിയത്.എല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയും മോളെയും സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ... അഴകും, ആരോഗ്യവും, അതിലുപരി സൽസ്വഭാവിയുമായ അവന്റെ വിവാഹഭ്യർത്ഥന നിരസിക്കാനാണ് എപ്പോഴത്തെയും പോലെ തനിക്ക് തോന്നിയത്. ഇതറിഞ്ഞപ്പോൾ തന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നിട്ടും താൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.ഇപ്പോഴിതാ ആ ആലോചനയെ കുറിച്ചുള്ള തന്റെ അവസാന തീരുമാനം അറിയാനായി ഭർത്താവിന്റെ ഉമ്മ തന്നെ തേടിയെത്തിയിട്ട് മടങ്ങിപ്പോയിരിക്കുന്നു.

ആരൊക്കെ എത്രയൊക്കെ നിർബന്ധിച്ചാലും ഇനിയൊരു വിവാഹം തനിക്ക് വേണ്ടാ... പൂർണ്ണമനസ്സോടെ ഒരു പുരുഷനെ സ്വീകരിക്കാനോ, സ്നേഹിക്കാനോ തനിക്ക് ഇനി കഴിയില്ല... അപ്പോൾ പിന്നെ എന്തിനാണ് അറിഞ്ഞുകൊണ്ട് ഇങ്ങനൊരു സാഹസം...അവൾ മനസ്സിൽ ചിന്തിച്ചു.

ഈ സമയത്താണ് അയൽവീട്ടിലെ കുട്ടികളോടുത്തു കളിക്കാൻ പോയ മകൾ ഓടി അവളുടെ അടുക്കലേക്കെത്തിയത്. മോൾക്ക് വിശപ്പ് കേറിയിട്ടുണ്ടാവണം എന്ന് മനസ്സിലാക്കിയ അവൾ ഉടൻതന്നെ ഒരു മുട്ടയെടുത്ത് പൊരിച്ച് അവൾക്ക് ചോറ് നൽകി. ഒടുവിൽ ചോറുണും കഴിഞ്ഞ് മകൾ വീണ്ടും കളിക്കാനായി ഓടിപ്പോയപ്പോൾ അവൾ ആ കാഴ്ച നോക്കിക്കൊണ്ട് അങ്ങനെ ഏതാനും നേരം നിന്നു.

മോളും അയൽവീട്ടിലെ കുട്ടികളും കൂടി കളിച്ചു രസിക്കുന്നു. അവൾ ഒന്നും അറിയുന്നില്ല... ആ കുഞ്ഞ് മനസ്സിൽ പിതാവിന്റെ വിയോഗം തീർത്ത വേദന മാഞ്ഞുതുടങ്ങിയിരിക്കുന്നു . പക്ഷേ, നാളെ അവൾ വളർന്നുവലുതാകുമ്പോൾ ഒരു പിതാവിന്റെ വാൽസല്യം അവൾക്ക് നഷ്ടമാവും... അതോർക്കുമ്പോൾ...

"മോളേ നിനക്കൊരു വിവാഹത്തിന് സമ്മതിച്ചുകൂടെ... നിന്റെ മോളുടെ ഭാവിയെ കരുതിയിട്ടെങ്കിലും."

വീട്ടുകാരുടെയും,നാട്ടുകാരുടെയും വാക്കുകൾ ഓർക്കുമ്പോൾ വേദന തോന്നുന്നു.

ഇനിയൊരു പുനർ വിവാഹം കൊണ്ട് തനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമോ... തനിക്കൊരു ഭർത്താവിനെ കിട്ടിയേക്കാം... എന്നാൽ തന്നെയും തന്നെ ജീവനോളം സ്നേഹിച്ചുപിരിഞ്ഞുപോയ പ്രിയതമന് തുല്യമായിരിക്കുമോ മറ്റൊരാൾ... തന്റെ മോളുടെ ബാപ്പയാകാൻ, അവൾക്ക് നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്നേഹം പകർന്നുനൽകാൻ ഇനി മറ്റൊരാളെക്കൊണ്ട് കഴിയുമോ...

ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ പെട്ടുലഞ്ഞ നാളുകളിൽ ഒരുപാട് വേദനിച്ചിട്ടുണ്ട്. താനും മോളും തനിച്ച് എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്.മരിച്ചാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്... പക്ഷേ, ഇന്ന് ആ വേദനകളൊക്കെയും തന്നെ നോവിക്കുന്നില്ല.ഒരു ആൺതുണയില്ലാതെ ജീവിതം മുന്നോട്ട് നയിക്കാമെന്നുള്ള ധൈര്യം മനസ്സിന് കൈവന്നിരിക്കുന്നു.

ഭർത്താവ് മരിച്ച് രണ്ടുവർഷം ആകുന്നു... ഇതിനിടയിൽ എത്രയോ വിവാഹലോചനകൾ തന്നെ തേടിയെത്തി. അപ്പോഴൊക്കെയും ഏതാനും വർഷംകൊണ്ട് ഒരായുസ്സ് മുഴുവനും നൽകാൻ കഴിയുന്ന സ്നേഹം പകർന്നുനൽകിയിട്ട് വിട്ടുപിരിഞ്ഞുപോയ ഭർത്താവിന്റെ മുഖമായിരുന്നു മനസ്സിൽ.ജീവിതത്തിലെ മധുരാനുഭവങ്ങൾ ഒരുപാട് പകർന്നുതന്നു പോയതുകൊണ്ടാവാം...അതൊക്കെയും കൊതിതീരെ അനുഭവിച്ചതുകൊണ്ടാവാം മറ്റൊരു പുരുഷനേയും ഭർത്താവിന്റെ സ്ഥാനത്തേയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്.

ഈ ചിന്തകളൊക്കെയും മനസ്സിനെ മദിക്കുമ്പോഴും ചില തിക്താനുഭവങ്ങൾ മനസ്സിൽ നോവായി അവശേഷിക്കുന്നുമുണ്ട്.

"വിവാഹമേ വേണ്ടാ എന്ന് പറഞ്ഞുകൊണ്ട് ഇവൾ നിൽക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആർക്കറിയാം... ഒരു പുരുഷന്റെ സ്നേഹമോ,സഹായമോ കിട്ടാൻ അല്ലെങ്കിൽ എന്തിനാണ് വിവാഹം."

"അതെ, ചോരയും, നീരും തൊലിവെളുപ്പുമുള്ളവൾക്ക് ഭർത്താവ് തന്നെ വേണമെന്നുണ്ടോ... അവശ്യനുസരണം ആണുങ്ങളെ കിട്ടാനാണോ പ്രയാസം."

അവജ്ഞ നിറഞ്ഞ വാക്കുകൾ എയ്തുവിട്ടത് സ്വന്തം കുടുംബാങ്ങങ്ങൾ തന്നെയായിരുന്നു.

ചിലപ്പോഴെല്ലാം പുറത്തിറങ്ങുമ്പോൾ ചെറുപ്പക്കാരുടെ അസഭ്യച്ചുവയുള്ള കമന്റുകളും, അർഥംവെച്ചുള്ള നോട്ടങ്ങളുമൊക്കെ കാണുമ്പോൾ അറപ്പും സങ്കടവും തോന്നും. അതിൽ പലരും പകൽമാന്യരാണ്... ഭാര്യമാരും കുട്ടികളുമൊക്കെ ഉള്ളവർ.ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് സമൂഹത്തിൽ ജീവികണമെങ്കിൽ പലതും സഹിക്കേണ്ടി വരുമെന്ന് മനസിലാക്കിയ നിമിഷങ്ങളായിരുന്നു അതെല്ലാം.

സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ, അല്ലെങ്കിൽ ഇവരുടെയൊക്കെ ഉപദ്രവത്തിൽ നിന്നും രക്ഷനേടാൻ തനിക്ക് വേണമെങ്കിൽ ഒരു പുരുഷനെ ഇണയായി സ്വീകരിക്കാം. പക്ഷേ, അപ്പോൾ കഴിഞ്ഞുപോയ ജീവിതവും, സ്നേഹമയിയായ ഭർത്താവിന്റെ ഓർമ്മകളുമൊക്കെ മനസ്സിൽ ഒരു നോവായി തികട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ രണ്ടാമതൊരു പുരുഷനെ അവൻ എത്രയൊക്കെ നല്ലവനായാലും മനസ്സറിഞ്ഞു സ്നേഹിക്കാൻ... പൂർണ്ണമായും മനസ്സിൽ ഇടം കൊടുക്കാൻ തനിക്ക് കഴിയില്ല. അവൾ വേദനയിടെ ചിന്തിച്ചു.

അതെ, തന്റെ ഇനിയുള്ള ജീവിതം ഒറ്റയ്ക്കുതന്നെ.ഒരിക്കൽക്കൂടി തന്റെ തീരുമാനം മനസ്സിൽ അരക്കിട്ട് ഉറപ്പിച്ചുകൊണ്ട് അവൾ മെല്ലെ തയ്യൽ മിഷ്യനരികിലേയ്ക്ക് നടന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ