(ഷൈലാ ബാബു)
സാമ്പാറിനു പച്ചക്കറി നുറുക്കുന്നതിനിടയിൽ രാജമ്മ മകളോടു പറഞ്ഞു: "മോളേ... ബാലൻ മാമൻ ഇന്നിങ്ങോട്ടു വരുന്നുണ്ട്. നല്ല സുഖമില്ലാത്തതല്ലേ? ഇനി കുറച്ചു ദിവസങ്ങൾ ഇവിടെ നിൽക്കട്ടെ. അവിടെ ആരാ നോക്കാനുള്ളത്?"
"ഈ വീട് എന്താ സത്രമാണോ? സുഖമില്ലാത്തവരെയെല്ലാം ഇങ്ങോട്ടു കൊണ്ടുവരാൻ? നോക്കാൻ ആരുമില്ലാത്തവർക്കു വേണ്ടിയല്ലേ വൃദ്ധസദനങ്ങളും മറ്റുമുള്ളത്! വല്യമ്മയും ഇവിടെയുണ്ടല്ലോ... എല്ലാവരും കൂടി ഈ കൊച്ചു വീട്ടിൽ എങ്ങനെ താമസിക്കും? അമ്മയെന്തു പറഞ്ഞാലും അച്ഛൻ അതങ്ങു സമ്മതിക്കും. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നത്. ഈ സഹോദര സ്നേഹത്തിനും കാരുണ്യത്തിനുമൊക്കെ ഒരതിരില്ലേ?"
അമ്മയുടെ വിശാല മനസ്സിനോട് മകൾക്കെന്നും പുച്ഛമായിരുന്നു.
'ഒന്നോർത്താൽ അവൾ പറയുന്നതിലും കാര്യമുണ്ട്. മക്കളില്ലാത്ത, വിധവയായ ചേച്ചിയെ മൂന്നു വർഷമായി ശുശ്രൂഷിക്കുന്നത് താൻ തന്നെയാണല്ലോ. ചേച്ചി ഒറ്റയ്ക്കൊരു വീട്ടിൽ സുഖമില്ലാതെ എങ്ങനെ കഴിയും? ഒരു അമ്മയുടെ വയറ്റിൽ പിറന്നതല്ലേ ഞങ്ങൾ!
തനിക്ക് ആരോഗ്യമുള്ള കാലംവരെ നോക്കും.
മക്കൾ കൈവെടിഞ്ഞ കുഞ്ഞമ്മയേയും മരണം വരെ ശുശ്രൂഷിച്ചിരുന്നതും താനാണല്ലോ...
അതിനും പുറമേയാണ് ഇപ്പോൾ ബാലേട്ടനും ഇവിടേക്കു വരുന്നത്. നാത്തൂൻ ജീവിച്ചിരുന്നപ്പോൾ തന്നേയും തന്റെ കുടുംബത്തേയും എന്നും ദ്രോഹിച്ചിട്ടേയുള്ളൂ. അവരുടെ ദുഷ്പ്രവൃത്തികളുടെ ഫലം അനുഭവിച്ചതു മുഴുവൻ താനാണല്ലോ... കാൻസർ വന്നു രണ്ടു കൊല്ലം മുമ്പ് അവർ മരിച്ചു പോയി. ബാലേട്ടൻ തന്നെയാണ് അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.
കരൾ സംബന്ധമായ അസുഖം മൂലം ഇപ്പോൾ പാവം, നന്നായി വിഷമിക്കുന്നുണ്ട്. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. ഇവിടുത്തെ കാര്യങ്ങൾ ഇട്ടിട്ട് എപ്പോഴും അവിടെപ്പോയി നിൽക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഇവിടെവന്നു താമസിക്കാൻ താൻ പറഞ്ഞത്. ചേട്ടനെ പറഞ്ഞു സമ്മതിപ്പിക്കാൻ എളുപ്പമാണ്. 'നീ നന്മയുള്ളവളാ'ണെന്ന് എപ്പോഴും പറയാറുണ്ട്. മകൾ സ്നേഹയ്ക്കാണ് ഇതൊന്നും അത്ര ദഹിക്കാത്തത്. ഇപ്പോഴത്തെ പിള്ളേരല്ലേ... അവർക്ക് അവരുടെ സൗകര്യങ്ങളാണു വലുത്.
തനിക്കു താഴെയുള്ള രണ്ടനുജത്തിമാരും സ്വന്തം കാര്യം മാത്രം നോക്കി കുടുംബത്തോടൊപ്പം സസന്തോഷം കഴിയുന്നു. മൂത്ത മകൾ രേഷ്മയുടെ വിവാഹത്തിന് കണ്ടതാണ്. ചേച്ചിക്കും ബാലേട്ടനും സുഖമില്ലെന്നറിഞ്ഞിട്ടും രണ്ടുപേരും ഇതുവരേയും ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല.'
മുന്നു മുറിയും ഒരിറയവും മാത്രമുള്ള ഈ വീട്ടിൽ സൗകര്യങ്ങൾ വളരെക്കുറവാണ്. ഓല മാറ്റി ഓടിട്ടത് കഴിഞ്ഞ കൊല്ലമാണ്. വടക്കോട്ടു കെട്ടിയിറക്കിയ ഒരു ചായ്പ്പാണ് അടുക്കളയായി ഉപയോഗിക്കുന്നത്.
പിറകുവശത്ത് ഒരു ചെറിയ എരുത്തിലിൽ കറവയുള്ള രണ്ടു പൈക്കളുണ്ട്. പാൽ വിറ്റു കിട്ടുന്ന പൈസയും സ്നേഹയ്ക്കു കിട്ടുന്ന ചെറിയ ശമ്പളവുംകൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. ചേട്ടന് കൂലിപ്പണിയായിരുന്നു. മരത്തിൽ നിന്നും വീണു കാലൊടിഞ്ഞതിനു ശേഷം ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല.
വളരെ കഷ്ടപ്പെട്ടിട്ടാണ് മകളെ ഡിഗ്രി വരെ പഠിപ്പിച്ചത്. തുടർന്നു പഠിക്കുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ, വേഗം ഒരു ജോലി സമ്പാദിക്കാൻ അവളെ പ്രേരിപ്പിച്ചു. ടൗണിലുള്ള പേരെടുത്ത ഒരു തുണിക്കടയിൽ കാഷ്യർ ആയി ജോലി കിട്ടി. തട്ടിമുട്ടിയാണെങ്കിലും ചെലവുകൾ നടന്നു പോകുന്നു.'
സാമ്പാറിനുള്ള ചേരുവകൾ ചേർത്ത്, ഉള്ളി താളിച്ചു കറിയിറക്കിവച്ചു. ഒരു തോരൻകൂടി വയ്ക്കണം. പപ്പടവും വറുക്കാം.'
ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ബാലേട്ടൻ എത്തി. പാവം! നന്നേ ക്ഷീണിച്ചവശനായിരിക്കുന്നു.
"ബാലേട്ടൻ എന്തേ ഇത്രയും വൈകിയത്? പത്തുമണിയോടു കൂടി എത്തുമെന്നാണ് കരുതിയത്."
"ആ... രാവിലെ ഇറങ്ങാൻ അല്പം വൈകി. ഇന്നു ഞായറാഴ്ചയായതിനാൽ വണ്ടികളൊക്കെ കുറവാണ്. ഒരു മണിക്കൂർ കാത്തിരുന്നതിനുശേഷമാണ് ബസ്സു കിട്ടിയത്.
"അളിയനും മോളുമൊക്കെ എവിടെ? ചേച്ചിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"
"എല്ലാവരും ഇവിടെയുണ്ട് ബാലേട്ടാ... ചേച്ചിക്ക് ക്ഷീണം അല്പം കൂടുതലാണ്. ബാലേട്ടന്റെ ആരോഗ്യം ഒക്കെ എങ്ങനെയുണ്ട്?"
"തീരെ വയ്യാണ്ടായി. മരുന്നിന്റെ പച്ചയിൽ ഇങ്ങനെ ജീവിക്കുന്നു."
"ഇനി ബാലേട്ടൻ ഇവിടെ താമസിച്ചാൽ മതി. ചേച്ചിയെ നോക്കുന്നതു പോലെ ഞാൻ നോക്കിക്കൊള്ളാം. ആരും സഹായമില്ലാതെ, തനിച്ച് അവിടെയെങ്ങനെ ജീവിക്കും?"
സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് ചേട്ടനും മകളും മുറിക്കുള്ളിൽനിന്നും ഇറങ്ങിവന്നു. എല്ലാവരുമായി കുശലാന്വേഷണം നടത്തി. മുഖത്തെ നീരസഭാവം മറച്ചുവച്ച് സ്നേഹയും ബാലൻ മാമന്റെ വരവിനെ അംഗീകരിച്ചു.
അദ്ദേഹം, ചേച്ചി കിടക്കുന്ന കട്ടിലിന്നരികിൽ ചെന്നു നിന്ന്, ഇപ്പോഴത്തെ അവസ്ഥയിൽ പരിതപിച്ചു.
"എല്ലാവരും കൈകഴുകി വന്നോളൂ, ഊണു കഴിക്കാം."
ഭക്ഷണം കഴിഞ്ഞ്, പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന സ്നേഹയെ നോക്കി ബാലേട്ടൻ ചോദിച്ചു:
"രാജം, ഇവളെ കെട്ടിക്കണ്ടേ?
കല്യാണപ്രായം കഴിഞ്ഞല്ലോ. ആലോചനകളൊന്നുമില്ലേ?"
ചേച്ചിക്ക് ആഹാരം കൊടുക്കുന്നതിനിടയിൽ മറുപടി പറഞ്ഞു:
"എന്തു പറയാനാ ബാലേട്ടാ, ആലോചനകളൊക്കെ വരുന്നുണ്ട്. പക്ഷേ, അവരൊക്കെ പ്രതീക്ഷിക്കുന്ന രീതിയിൽ പൊന്നും പണവും കൊടുക്കാനുള്ള സാഹചര്യമൊന്നും ഇവിടെയില്ലല്ലോ. രേഷ്മയുടെ വിവാഹം നടത്തിയതിന്റെ പേരിലുള്ള കടം ഇനിയും കൊടുത്തു തീർക്കാനുണ്ട്."
ഒരു ദീർഘ നിശ്വാസത്തിനു ശേഷം ബാലേട്ടൻ ഇരുത്തിയൊന്നു മൂളി.
"ഒരു ചെറിയ വീടും 20 സെന്റ് സ്ഥലവും എന്റെ പേരിലുണ്ട് മക്കളില്ലാത്ത ഞാൻ, അതൊക്കെ ഇനി ആർക്കു കൊടുക്കാനാണ്? എന്റെ കാലശേഷം എല്ലാം ഇവൾക്കുള്ളതാണ്. വേണമെങ്കിൽ, ഇപ്പോഴേ എഴുതിവയ്ക്കാം. നല്ല ആലോചന വല്ലതും വരികയാണെങ്കിൽ അതങ്ങു നടത്താൻ നോക്കണം."
എല്ലാം കേട്ടുകൊണ്ടു നിന്നിരുന്ന സ്നേഹയുടെ മനസ്സിൽ, മാമനോടുള്ള വെറുപ്പും നീരസവും അലിഞ്ഞില്ലാതായി. ആ സ്നേഹത്തിന്റേയും കരുതലിന്റേയും മുൻപിൽ അവൾ തല കുനിച്ചു.