(അബ്ബാസ് ഇടമറുക്)
ജനലിനുള്ളിലൂടെ ആ മഹാനഗരത്തിലെ തിരക്കുകളിലേയ്ക്ക് നോക്കിനിന്നു ഗായത്രി. അവളുടെ ലോകം അവൾ നിൽക്കുന്ന മുറിയും പിന്നെ ജനലിലൂടെ നോക്കിക്കാണുന്ന ആ മഹാനഗരവുമാണ്. ആ വലിയവീടിന്റെ രണ്ടാം നിലയിലുള്ള അടച്ചിട്ടമുറിയിൽ ഒരു കിളിയെപോലെ കഴിയുകയാണ് അവൾ. വീടുവിട്ട് പുറത്തേക്കധികം പോയിട്ടില്ല. അവളുടെ വളർത്തമ്മയായ സുഭദ്ര വിട്ടിട്ടില്ല എന്ന് പറയുന്നതാവും ശരി.
ഗായത്രിയുടെ എല്ലാകാര്യങ്ങളും നോക്കുന്നത് ഓമനേടത്തിയാണ് .ഓമനേടത്തി അവൾക്ക് അമ്മയും ,തോഴിയും ,സുഹൃത്തുമെല്ലാമാണ് .അവളെ ഊട്ടുന്നതും ,ഉറക്കുന്നതും എല്ലാം ഓമനേടത്തിയാണ് .ഓമനേടത്തി പറഞ്ഞ് അവൾ കേട്ടിട്ടുണ്ട് തന്നെ ആരോ സുഭദ്രാമ്മയ്ക്ക് വിറ്റതാണെന്ന് .
ആ വലിയവീട്ടിൽ അവരെകൂടാതെ ഒരുപാട് സ്ത്രീകൾ ഇനിയുമുണ്ട് .അവരാരൊക്കെ ആരാണെന്നുള്ള ഗായത്രിയുടെ ചോദ്യത്തിന് .അവരൊക്കെ അമ്മയുടെ സുഹൃത്തുക്കളാണെന്നും അവർ നമ്മുടെവീട്ടിൽ ഗസ്റ്റായി താമസിക്കുകയാണെന്നുമാണ് ഓമനേടത്തി മറുപടി നൽകിയത് .
പലപ്പോഴും രാത്രികാലങ്ങളിൽ വീട്ടുമുറ്റത്തു വാഹനങ്ങൾ വന്നുനിൽകുന്നതും ആളുകൾ വീടിനുള്ളിലേയ്ക്ക് കയറുന്നതും ഗായത്രി കണ്ടിട്ടുണ്ട് .ഒരുപാട് വൈകി തിരിച്ചുപോകാറുള്ള അവരൊക്കെ ആരാണെന്നു ഗായത്രി ചോദിച്ചപ്പോൾ ...അതൊക്കെ ഒരുനാൾ മോൾക്ക് മനസ്സിലാവും മോൾ വലുതാകുമ്പോൾ ...മോൾക്ക് പ്രായപൂർത്തിയാകുമ്പോൾ ...മോളുടെ അരങ്ങേറ്റദിവസം...ഓമനേടത്തി മറുപടി നൽകി .
ഇന്നിതാ തനിക്ക് പ്രായപൂർത്തിയായിരിക്കുന്നു .തന്റെ അരങ്ങേറ്റദിവസം വന്നെത്തിയിരിക്കുന്നു .ഗായത്രിയുടെ മനസ്സുനിറച്ചും സന്തോഷം തുടികൊട്ടി .
ഈ സമയം ഓമനേടത്തി മുറിയിലേക്ക് കടന്നുചെന്നു .അവരുടെ മുഖത്ത് അൽപംപോലും സന്തോഷമുണ്ടായിരുന്നില്ല ദയനീയമായി ഗായത്രിയെ നോക്കിക്കൊണ്ടവർ വിളിച്ചു .
''ഗായത്രിമോളെ ...വരൂ .!''
''എന്താ ഓമനേടത്തി ...ഒരു സന്തോഷമില്ലാത്തെ ...ഇന്നെന്റെ അരങ്ങേറ്റ ദിനമല്ലേ .?"ഗായത്രി ചോദിച്ചു .
ഓമനേടത്തി മുഖത്തൊരു ചിരിപടർത്തികൊണ്ട് അവളെ നോക്കി .
''ആരാ പറഞ്ഞെ എനിക്ക് സന്തോഷമില്ലെന്ന് ...എന്റെ മനസ്സുനിറച്ചും സന്തോഷമാ .''അതുപറഞ്ഞപ്പോൾ അവരുടെ ശബ്‌ദം ഇടറിപ്പോയി .കണ്ണിൽനിന്നും അടർന്നുവീണ കണ്ണുനീർത്തുള്ളികൾ ഗായത്രി കാണാതിരിക്കാനായി അവർമുഖം മറച്ചുപിടിച്ചു .
ഓമനേടത്തി അവളെ കുളിപ്പിച്ചു .പുതുവസ്ത്രങ്ങൾ അണിയിച്ചു .പൊട്ടുതൊടുവിച്ചു ,കണ്ണെഴുതി ,ശരീരത്തിൽ സുഗന്ധം പൂശി ,മുടിയിഴകൾ പിന്നികൊടുത്തു .ഗായത്രിയെ നിമിഷങ്ങൾക്കകം ഒരു സുന്ദരിയാക്കിമാറ്റി അവർ .തുടർന്ന് അവളുടെ മുഖം കൈകുമ്പിളിലെടുത്ത് അമർത്തിച്ചുംബിച്ചു .ആ സമയം ഒരിക്കൽക്കൂടി അവരുടെ കണ്ണുകൾ ഈറനണിഞ്ഞു .
''എന്താ ഓമനേടത്തി ...എന്ത് പറ്റി ...എന്തിനാ കരയുന്നത് .?ഗായത്രി അത്ഭുതത്തോടെ ഓമനേടത്തിയെ നോക്കി ചോദിച്ചു .
''ഒന്നുമില്ല വെറുതെ ...സന്തോഷം കൊണ്ട് .''ഓമനേടത്തി അവളെ നോക്കി പറഞ്ഞു .
അപ്പോൾ അവരുടെ നെഞ്ച് പിടയുകയായിരുന്നു .ഓമനേടത്തിയുടെ മനസ്സിലപ്പോൾ വർഷങ്ങൾക്കുമുൻപ് ഒരു നാടോടി സ്ത്രീ സുഭദ്രേച്ചിക്ക് വിറ്റിട്ടുപോയ ഒരു കുഞ്ഞു പെൺകുട്ടിയുടെ രൂപം നിറഞ്ഞുനിന്നു .അന്നുമുതൽ താനൊരു അമ്മയായി മാറി .പ്രസവിക്കാതിരുന്നിട്ടും ഒരു കുഞ്ഞിന്റെ അമ്മയായി .ഒരു മകളുടെ സ്നേഹമറിഞ്ഞു .അവളിന്നിതാ വളർന്നു പ്രായപൂർത്തിയായിരിക്കുന്നു .ഓമനേടത്തി കണ്ണുകൾ തുടച്ചുകൊണ്ട് ഓര്മകളിൽനിന്നും മുക്തയായി .
ഈ സമയം അവർക്കരികിലേക്ക് സുഭദ്ര , കടന്നുവന്നു .സുഭദ്ര ...ഗായത്രിയെ ആകമാനമൊന്നു നോക്കി .
''എന്റെ ഗായത്രിമോൾ ഇന്ന് വലിയ സുന്ദരിയായിട്ടുണ്ടല്ലേ ഓമനേ .?"സുഭദ്ര ഓമനേടത്തിയെ നോക്കിചോദിച്ചു .
''ഉം ..ഒരുപാട് .''ഓമനേടത്തിപറഞ്ഞു.
സുഭദ്ര ഗായത്രിയെയും കൂട്ടിക്കൊണ്ട് മറ്റൊരു മുറിയിലേക്ക് നടന്നു .ഈ സമയം വീട്ടിലുള്ള മറ്റുസ്ത്രീകൾ ഗായത്രിയെ നോക്കി എന്തൊക്കെയോ അടക്കം പറഞ്ഞുചിരിച്ചു .
മുറിയിൽകടന്ന സുഭദ്ര, ഗായത്രിയെ ബെഡിഡിലേക്കിരുത്തി .എന്നിട്ട് അവളെ സാകുതം നോക്കികൊണ്ട് അവർ പറഞ്ഞു .
''എന്റെ മോളിന്നു വളർന്നൊരു വലിയ പെണ്ണായിരിക്കുന്നു .ഇനിമുതൽ നീയാണ് ഈ വീടിന്റെ റാണി .നീ വേണം ഇനി നമ്മുടെ സ്വത്തും പാരമ്പര്യവുമെല്ലാം കാത്തുസൂക്ഷികാൻ .ഇന്നുമുതൽ നീ നമ്മുടെ കുലത്തൊഴിലിലേക്ക് ഇറങ്ങുകയാണ് .അതെ ഇന്നാണ് നിന്റെ അരങ്ങേറ്റം .നീ വിചാരിച്ചാൽ ഒരുപാട് ഉയരങ്ങളിലെത്താൻ നിനക്ക് കഴിയും .പലതും നേടിയെടുക്കാൻ നിനക്ക് സാധിക്കും .അതിനുള്ള ബുദ്ധിയും , സൗന്ദര്യവും , ആരോഗ്യവും നിനക്കുണ്ട് .ഇപ്പോൾ ഒരാൾ ഇവിടേക്ക് വരും .മോള് അയാളെ നല്ലപോലെ സ്വീകരിക്കണം. വലിയ ആളാണ് അദ്ദേഹം .''പറഞ്ഞിട്ട് സുഭദ്ര ഗായത്രിയെ ചേർത്തുപിടിച്ചു ചുംബിച്ചു .എന്നിട്ട് മുറിവിട്ടിറങ്ങിപ്പോയി .
സുഭദ്രാമ്മ എന്താണ് പറഞ്ഞിട്ട് പോയതെന്ന് ഗായത്രിക്ക് മനസിലായില്ല .അവൾ ആ വലിയമുറിയിലെ കട്ടിലിൽ ഏകയായി ചിന്തിച്ചിരുന്നു .
ഈ സമയം ഗായത്രിയുടെ മുറിയിലേയ്ക്ക് കറുത്തുതടിച്ചൊരു മനുഷ്യൻ കടന്നുചെന്നു .നിമിഷങ്ങൾ കടന്നുപോകവേ അതുവരെ മനസ്സിലുണ്ടായിരുന്ന ഗായത്രിയുടെ അരങ്ങേറ്റ മോഹങ്ങളത്രയും തകർന്നടിഞ്ഞു .
അണിഞ്ഞൊരുങ്ങിയ പുതുവസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഓരോന്നായി അഴിഞ്ഞുവീഴുമ്പോൾ...ഗായത്രി അറിയുകയായിരുന്നു തന്റെ അരങ്ങേറ്റത്തിന്റെ നോവുകൾ .ഒടുവിൽ എല്ലാംകഴിഞ്ഞു നീറുന്ന ശരീരവും ...വേദനിക്കുന്ന മനസ്സുമായി കാല്മുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയിരുന്നു തേങ്ങിക്കരയുമ്പോൾ ...അവൾ ,അറിയുകയായിരുന്നു .ഒരുപാട് കാലങ്ങളായി തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു സംശയത്തിന്റെ ഉത്തരങ്ങൾ .എന്തിനാണ് തന്റെ വീടുകൾ തേടി പലപ്പോഴും പുരുഷന്മാർ വരുന്നതെന്ന് .
''ഒരിക്കൽ ഗായത്രിമോൾക്ക് എല്ലാം മനസ്സിലാകും മോൾക്ക് പ്രയാപൂർത്തിയാകുമ്പോൾ മോളുടെ അരങ്ങേറ്റത്തിന്റെ അന്ന് .'' ഓമനേടത്തിയുടെ വാക്കുകൾ ഒരിക്കൽക്കൂടി അവളുടെ മനസ്സിൽ മാറ്റൊലികൊണ്ടു .അവൾ തേങ്ങി ... തേങ്ങിക്കരഞ്ഞു .
ഈ സമയം ആ വലിയവീട്ടിലുള്ളവരെല്ലാം സന്തോഷത്തിലായിരുന്നു .ഒരാളൊഴികെ ...ഓമനേടത്തി .വീടിന്റെ അകത്തളത്തിലിരുന്ന് അവർ നെഞ്ചുപൊട്ടി തേങ്ങിക്കരഞ്ഞു .പ്രസവിച്ചില്ലെങ്കിലും സ്വന്തം മോളെപ്പൊലെകരുതി ലാളിച്ചുവളർത്തിയ ഗായത്രി മോളുടെ മാനം തകർന്നടിഞ്ഞതോർത്ത് .