1989 കാലഘട്ടം ആസ്സാമിലെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. അസ്സാമിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനുള്ള ആഹ്വാനവുമായി ഉൾഫാ തീവ്രവാദികൾ ഭീതി വിതറിക്കൊണ്ട് ഗവൺമെണ്ടിന്
വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. തെരുവുകൾ തോറും വൻ സ്ഫോടനങ്ങൾ നടത്തിയും, പൈശാചികമായ രീതിയിൽ അരുംകൊലകൾ നടത്തിയും അവർ ജനമനസ്സുകളിൽ സംഭ്രാന്തി സൃഷ്ടിച്ചു.അന്യദേശങ്ങളിൽ നിന്നും അസ്സമിൽ കുടിയേറി വസിച്ചിരുന്ന കുടുംബങ്ങൾക്ക് രാത്രിയുറക്കം നഷ്ടപ്പെട്ടു. വീട്ടിലെ പെണ്ണുങ്ങളുടെ മാനം കാക്കാൻ അവർക്ക് ഉറക്കമിളക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളു. ഒരു സമാന്തര സർക്കാരിനെപ്പോലെ വീടുകളിൽ നിന്നും വൻതുകകൾ കര മീടാക്കുക, വ്യാപാരികളിൽ നിന്നും പണപ്പിരിവു നടത്തുക തുടങ്ങിയ ഉൾഫയുടെ കിരാത പ്രവർത്തികളാൽ തദ്ദേശീയരും പൊറുതിമുട്ടി. അസ്സം പോലീസും ഈ തീവ്രവാദികളെ ഭയപ്പെട്ടിരുന്നു. പോലീസിന് വിവരം നൽകുന്ന ഒറ്റുകാരുടെ തലകൾ പിറ്റേന്നത്തെ പ്രഭാതത്തിൽ മരക്കൊമ്പുകളിൽ തൂങ്ങിക്കിടന്നു.
ഉൾഫയുടെ ഭീകരവാഴ്ചയിൽ പൊറുതിമുട്ടിയ വേളയിലാണ് അസ്സം സർക്കാർ കേന്ദ്രത്തിൻ്റെ സഹായം അഭ്യർത്ഥിച്ചത്. അങ്ങനെ സമാധാന പാലനത്തിനായി കരസേനയുടെ പത്തോളം യൂണിറ്റുകൾ തൊട്ടടുത്ത കേന്ദ്രങ്ങളിൽ നിന്ന് അസ്സമിലെത്തി. സേനയുടെ വരവോടെ തൽക്കാലത്തേക്ക് പത്തി മടക്കിയ തീവ്രവാദികൾ ഭൂട്ടാൻ്റെ ഉൾവനങ്ങളിലേക്ക് തങ്ങളുടെ താവളം മാറ്റി. എങ്കിലും ഒറ്റപ്പെട്ട ഗറില്ല ആക്രമണങ്ങൾ അവർ തുടർന്നു കൊണ്ടിരുന്നു.
"ഓ.പി.ബജരംഗ് " എന്നു പേരിട്ട ഉൾഫക്കെതിരേ ഉള്ള സേനയുടെ ആ ഒപ്പറേഷനിൽ പങ്കെടുക്കുവാനാണ് ഞാനുൾപ്പെട്ട മദ്രാസ്റജിമെൻറിൻ്റെ പത്താം കാലാൾപ്പട അരുണാചലിൽ നിന്ന് സർവ്വ സന്നാഹങ്ങളോടെ അർദ്ധരാത്രി തന്നെ യാത്ര പുറപ്പെട്ടത്. കായംങ്കുളം കാരനായ ഒരു വേലായുധൻ സാബായിരുന്നു ഞങ്ങളുടെ കമ്പനി ജെ.സി.ഒ. യാത്രയിലുടനീളം വേലായുധൻ സാബ് വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ഒരു വേള ജീപ്പിലിരുന്ന് ഒപ്പം യാത്ര ചെയ്തിരുന്ന എന്നോട് അദ്ദേഹം ഹൃദയം തുറന്നു. "എന്തു പറയാനാ മാഷെ പെൻഷൻ പോകാനിനി മൂന്നു മാസം തികച്ചില്ല. അപ്പൊഴാ ഓരോ ഏടാകൂടങ്ങള്, എൻ്റെ കാര്യത്തിലെനിക്കു പേടിയില്ല.65 ലെയും ,71ലെയും വാറു കണ്ടവനാ ഞാൻ. അന്നത്തെ സ്ഥിതിയല്ലല്ലൊ ഇപ്പോഴ്. മോൾടെനിശ്ചയം കഴിഞ്ഞ മാസമാരുന്നു. വിവാഹത്തിനിനി ആറ് മാസം തികച്ചില്ല. അമ്മയില്ലാതെ വളർന്ന കുട്ടിയല്ലെ, ഞാൻ കൂടിപ്പോയാൽ...? സാബ് അർദ്ധോ ക്തിയിൽ നിർത്തി. സാബ് സമാധാന മായിരിക്കണം, അങ്ങനൊന്നും വര ത്തില്ല. പാക് ഭീകരൻമാരെപ്പോലല്ല ഇവർ എന്നാ കേട്ടത്. നേരിട്ടുള്ള മുട്ടലിന് നിൽക്കില്ല, ഭീരുക്കളാ. ഞാൻ സാബിനെ സമാധാനിപ്പിച്ചു.
പിറ്റേന്ന് പ്രഭാതത്തോടെ യൂണിറ്റ് അപ്പർ അസ്സമിലെ തേജ്പ്പൂർ പട്ടണ ത്തിലെത്തിച്ചേർന്നു. അവിടെ നിന്നും കമാണ്ടിംഗ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കമ്പനികൾ പല പല ഗ്രാമ ങ്ങളിലേക്ക് വിന്യസിക്കപ്പെട്ടു. ഞാനുൾപ്പെട്ട ഹെഡ് ക്വോർട്ടർ കമ്പനി ബിശ്വനാഥ് ചരാലി എന്ന ഗ്രാമത്തിലായിരുന്നു തമ്പടിച്ചിരുന്നത്. ഒരു കാലത്ത് ഉൾഫയുടെ ഉറച്ച കോട്ടയായിരുന്നു ഈ ഗ്രാമം. ഞങ്ങളവിടെയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രഹസ്യാന്വേഷ ണ വിഭാഗത്തിൻ്റെ ഒരു സന്ദേശ മെത്തി; ഉൾഫയുടെ സൗത്ത്സോൺ കമാണ്ടറായ മനോജ് സൈക്കിയ എന്ന ഭീകരൻ ചരാലിക്കടുത്തുള്ള ബിഹാലി എന്ന ഗ്രാമത്തിലെ ഒരു വീട്ടിലെത്തിയിട്ടുണ്ടെന്ന്. അന്നു രാത്രി തന്നെ അയാളെ ജീവനോടെ യോ അല്ലാതെയോ പിടികൂടണ മെന്നായിരുന്നു മുകളിൽ നിന്നുള്ള രഹസ്യ നിർദ്ദേശം.
കമ്പനികമാണ്ടർ മേജർ ഡേവിഡ് പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ സ്പെഷ്യൽ ഏറ്റുമുട്ടൽ വിദഗ്ധരുടെ സംഘം കമ്പനി വാർ റൂമിൽ ഒത്തു കൂടി ഭീകരവേട്ടക്കുള്ള പദ്ധതി തയ്യാ റാക്കി. അർദ്ധരാത്രിയോടെ ബിഹാലി ഗ്രാമം വളയണം, ആരെയും ഗ്രാമ ത്തിനകത്തേക്കോ പുറത്തേക്കോ പോകാനനുവദിക്കാതെ എല്ലാ വഴികളും സീൽ ചെയ്യണം.അതിനു ശേഷം വേലായുധൻ സാബിൻ്റെ കമാണ്ടിലുള്ള സർച്ചു പാർട്ടി ഓരോ വീടുകളും അരിച്ചുപെറുക്കണം. കമ്പനി കമാണ്ടറും സർച്ചു പാർട്ടിയെ അനുഗമിക്കുന്നുണ്ട്. വിവരം ഒരു കാരണവശാലും ലോക്കൽ പോലീസ് അറിയാനിടവരരുത്. ഉൾഫയുടെ ചാരൻമാർ അസ്സം പോലീസിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് രഹസ്യവിവരമുണ്ടത്രെ. കാര്യങ്ങ ളെല്ലാം തീരുമാനിച്ചിട്ട് എല്ലാപേരും അന്നത്തെ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ഭക്ഷണമേശയിൽ വേലാ യുധൻ സാബ് കടുത്ത മൗനത്തിലാ യിരുന്നു. സർച്ച് കമാണ്ടറായി ദൗത്യ മേൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെ ആണല്ലൊ. വളരെ അപകടം പതിയിരിക്കുന്നൊരു ഉത്തരവാദിത്വ മാണത്. വൈകുന്നേരമായി. ശരത് ക്കാലമായതിനാൽ പോക്കുവെയിൽ നേരത്തേ പിൻവാങ്ങിയിരുന്നു. എല്ലാവരും രാത്രിയിലെ രഹസ്യാക്രമണത്തിലുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്നു.
അർദ്ധരാത്രി തന്നെ നേരത്തേ തീരുമാനിച്ച പ്രകാരം കമ്പനി ബിഹാലി ഗ്രാമം വളഞ്ഞു. ഒരീച്ച പോലും പുറത്തേക്ക് പോകാനാ വാത്ത വിധം ഗ്രാമത്തിലേക്കുള്ള എല്ലാ പാതകളുമടച്ചു. കോർഡൺ പൂർത്തിയായ വിവരം സെറ്റിലൂടെ ലഭിച്ചയുടൻതന്നെ സെർച്ചിംഗ് ആരംഭിച്ചു. ശൈത്യം തുടങ്ങിയിരുന്നതിനാൽ നല്ലതണുപ്പുണ്ടായിരുന്നു. ഇരുളിൻ്റെ മറപിടിച്ച് പൂച്ചകളെ പ്പോലെ ഞങ്ങളുടെ സംഘം അരിച്ചരിച്ച് ഗ്രാമത്തിനുള്ളിലേക്കു കടന്നു. ഏകദേശം അര മണിക്കൂറെടുത്ത് ഞങ്ങൾഭീകരൻ ഒളിച്ചിരിക്കുന്നു വെന്നു സംശയിക്കപ്പെട്ടിരുന്ന വീടിനു സമീപമെത്തി. സർച്ചു ടീമിലെ പട്ടാളക്കാരിലൊരു വിഭാഗം വീടിൻ്റെ മുന്നിലും, പിന്നിലുമുള്ള പ്രധാന വാതിലുകൾക്കു സമീപം നിറതോക്കുകളുമായി പൊസിഷ നെടുത്തു. കമ്പനികമാണ്ടർ വീടിനു മുന്നിലെ ഒരു മരത്തിനു പിറകിൽ തൻ്റെ സ്ഥാനം സുരക്ഷിതമാക്കി നിന്നു. സർച്ചു ജെ .സി.ഒ വേലായുധൻ സാബ് തൻ്റെ 9 m.m.കാർബൺ സ്റ്റെൻ ഗൺ കോക്കു ചെയ്ത് മുന്നിലേക്ക് പൊസിഷൻ ചെയ്തു. ഒറ്റ ഫയറിൽ എട്ടാേളം ബുള്ളറ്റുകൾ ഒരുമിച്ചു പായുന്ന ആട്ടോമേറ്റിക് സ്റ്റെൻ ഗണ്ണായിരുന്നു സാബിൻ്റെ കയ്യിലിരുന്നത്. ഗൺ കതകിനു നേരേ ചൂണ്ടി സാബ് വിറകയ്യാടെ വാതിലിൽ മുട്ടി. രണ്ടു തവണ മുട്ടിയപ്പോഴേക്കും അകത്തു നിന്നും ചില അനക്കങ്ങൾ കേട്ടു. അനന്തരം മുന്നിലത്തെ ലൈറ്റ് തെളിഞ്ഞു. കതകിൻ്റെ ഓടാമ്പൽ ഇളകുന്ന ശബ്ദം. എല്ലാപേരും ജാഗരൂകരായി. എങ്ങും നിശ്വാസങ്ങളുടെ സീൽക്കാരം മാത്രം. വാതിൽ മലർക്കെ തുറന്നു. പിന്നിൽ നിന്ന് കമ്പനികമാണ്ടർ അലറി ഹാൻ്റ്സപ്പ്!.. ഹാത്ത് ഊപ്പർ കർ! അഴിഞ്ഞുലഞ്ഞ രാത്രി വേഷത്തോടെ പെട്ടെന്നു മുന്നിൽ വെളിപ്പെട്ട വീട്ടുകാരനും ഭാര്യയും കൈകൾ ക്ഷണത്തിൽ മുകളിലേക്കുയർത്തി അന്ധാളിച്ചു നിന്നു. അപ്പോഴാണ് എല്ലാരും വിചിത്രമായ ആ കാഴ്ച കാണുന്നത്, സുബേദാർ വേലായുധൻ സാബ് തൻ്റെ കയ്യിലിരുന്ന സ്റ്റെൻ ഗൺ മുകളിലേക്കുയർത്തിപ്പിടിച്ച് ഹാൻ്റ് സപ്പ് പൊസിഷനിൽ ഒരു പ്രതിമയെ പ്പോലെ നിൽക്കുന്നു. "സുബേദാർ ഹാത്ത് നീചേ കർ! എന്നുള്ള കമ്പനികമാണ്ടറുടെ അലർച്ച കേട്ടപ്പോഴാണ് സാബിന് പരിസരബോധമുണ്ടായത്. ജാള്യതയോടെ കൈകൾ താഴേക്കിട്ട് ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ചു നിന്ന വേലായുധൻ സാബി ൻ്റെ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്.
രസകരമായ ഈ ഓപ്പറേഷനു ശേഷം കൃത്യം രണ്ടാഴ്ച കൂടിക്കഴിഞ്ഞ് മനോജ് സൈക്കിയ എന്ന കൊടുംഭീകരനെ ജീവനോടെ തന്നെ ബിഹാലിക്കടുത്തുള്ള മറ്റൊരു ഗ്രാമമായ മംഗൾദായിൽ നിന്ന് സൈന്യം പിടികൂടി. വേലായുധൻ സാബ് മൂന്നു മാസങ്ങൾക്കു ശേഷം സുരക്ഷിതനായിത്തന്നെ പെൻഷൻ വാങ്ങി നാട്ടിലേക്കു പോയി. ഈ സംഭവം വളരെക്കാലത്തേക്ക് ബട്ടാലിയനിൽ ചിരിക്കു വക നൽകിക്കൊണ്ടുമിരുന്നു.