ഇരുമ്പ് വാതിൽ തുറന്നിട്ട് ഒരു പോലീസുകാരി മുൻപേ നടന്നു. പിന്നാലേ ഓഫീസിലേയ്ക്ക് നടന്നുനീങ്ങിയ സേതുവിന്റെ നേർക്ക് അഴിക്കുള്ളിൽ നിന്ന് ചില കണ്ണുകൾ നീണ്ടു ചെന്നു. ജയിൽവാസം
അവസാനിപ്പിച്ച് വലിയ മതിലിനു പുറത്തെ ലോകത്തിലേയ്ക്ക് പോകാൻ കൊതിക്കുന്ന ചിലരെങ്കിലുമുണ്ടാവും ഈ അഴിക്കുള്ളിൽ. അറിഞ്ഞു കൊണ്ട് ചെയ്ത മഹാപാപങ്ങൾക്കൊപ്പം അറിയാതെ ചെയ്ത പിഴകളും കൂടി കലർന്ന് എല്ലാം ഒന്നായി തീരുന്ന ഇടമാണ് ജയിൽ. അതിനുള്ളിലെത്തിയാൽ ന്യായവും അന്യായവും തമ്മിൽ തർക്കങ്ങളില്ല. ഒരേ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് അവർ തടവുപുള്ളികളായി രൂപാന്തരം പ്രാപിക്കുന്നു. അന്തരീക്ഷത്തിലൂടെ കടന്നുപോയ കാറ്റ് കരിയിലകളെ ആകാശത്തോളം ഉയർത്താമെന്ന് വ്യാമോഹിപ്പിച്ച് മതിലിനോട് ചേർത്ത് വട്ടം കറക്കുകയാണ്. കരിയിലയെ ഉപേക്ഷിച്ച് അത് സേതുവിന്റെ മുടിയിഴകളെ തലോടി മറ്റെങ്ങോ മറഞ്ഞു. വാർഡന്റെ മുറിയിലെ ചടങ്ങുകൾക്ക് ശേഷം തനിക്ക് ലഭിച്ച കുറ്റവാളിയുടെ പ്രതിഫലം സേതു വലം കൈയിൽ മുറുകെ പിടിച്ചു. മുറിയിൽ നിന്ന് ഇറങ്ങും മുൻപ് വാർഡൻ സ്നേഹത്തോടെ ചിലത് ഉപദേശിച്ചു. "കഴിഞ്ഞു പോയ എട്ട് വർഷങ്ങൾ മറന്ന് കളയാൻ ശ്രമിക്കണം. എല്ലാം ദൈവത്തിന്റെ തീരുമാനമാണെന്ന് മനസ്സിലാക്കി ഇനിയുള്ള കാലം നന്നായി ജീവിക്കണം. പുറത്തിറങ്ങിയാൽ ആരും അത്ര വേഗം അടുത്തെന്ന് വരില്ല. സ്വന്തം വീട്ടുകാർ പോലും." ജയിലറയ്ക്കുള്ളിൽ നിന്ന് വിശാലമായ ലോകത്തേയ്ക്ക് സേതു നടക്കുകയാണ്. വെളിച്ചം പോലും കണ്ണുകൾക്ക് പുതിയ ഒരനുഭവമാകുന്നു. മുന്നിൽ നീണ്ട് കിടക്കുന്ന വഴികളിൽ നോക്കി പകച്ചു പോകുന്നു. ഏതാണിതിൽ തന്റെ വഴി. പുറം ലോക കാഴ്ചയിൽ അമ്പരുന്നു പോയ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക് മടങ്ങിപ്പോകാൻ കൊതിക്കുന്നതു പോലെ സേതുലക്ഷമി ജയിലറിയിലേയ്ക്ക് മടങ്ങാൻ കൊതിച്ചു.
തമ്പാനൂർ ബസ് സ്റ്റാൻഡിലെ ആരവങ്ങൾക്കിടയിൽ വെറുതെ ഇരുന്നു. പല സ്ഥലങ്ങളുടെ പേരുകൾ പേറി കടന്നുപോകുന്ന സർക്കാർ വണ്ടികൾ. കൊല്ലത്തേയ്ക്കുള്ള ബസിൽ കയറിയപ്പോൾ ഒരു ചെറിയ പ്രതീക്ഷ ഉള്ളിൽ തുടിക്കുന്നുണ്ടായിരുന്നു. പഴയ ഓർമ്മയിൽ തെളിഞ്ഞ വഴി തിരഞ്ഞ് ലക്ഷ്യത്തിലെത്തിയപ്പോൾ ഒരു പാട് വൈകിയിരുന്നു. എങ്കിലും കോളിങ്ങ് ബെല്ലിൽ വിരലമർത്തി അധികം വൈകാതെ വാതിൽ തുറന്നു. തന്റെ മുന്നിൽ നില്ക്കുന്ന സേതുവിനെ കണ്ട് ഫാത്തിമ ഒന്ന് ഞെട്ടി. ആത്മസുഹൃത്തിനോട് എന്തു പറയണമെന്നറിയാതെ നിന്ന സേതുവിനെ അവൾ മുറിയിലേയ്ക്ക് ക്ഷണിച്ചു. സ്നേഹ ഭാഷണത്തിനിടയിൽ മുഖവുരയില്ലാതെ സേതു വന്ന കാര്യം ഫാത്തിമയോട് പറഞ്ഞു. "നിന്നെ ഞാൻ ബുദ്ധിമുട്ടിക്കാൻ വന്നതല്ല. ഒരു ദിവസം നീയെനിക്ക് ഇവിടെ അഭയം തരണം" ഫാത്തിമ തലയാട്ടി. നാട്ടുകാരറിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന ഭയം ഫാത്തിമയുടെ ചിന്തകളെ വേഗത്തിൽ ഒന്ന് തൊട്ടുഴിഞ്ഞ് കടന്നുപോയി. വർഷക്കൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പം ഒരു മുറിയിൽ കഴിയുകയാണ്. നിശബ്ദമായ രാത്രിയെ അലോസരപ്പെടുത്തി ദൂരെ കടലിരമ്പുന്നു. കടലിരമ്പത്തിന് ഇടയ്ക്ക് കനം വയ്ക്കുന്നു. തിരകൾ പുലിമുട്ടുകൾ തകർത്ത് മുറിയിലേയ്ക്ക് കടന്നുവന്നിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു. ഇന്നത്തെ ഇരുൾ അവസാനിച്ച് നാളെ പുതിയൊരു പകൽ തുടങ്ങും. പ്രതീക്ഷയറ്റവൾക്ക് മുന്നിൽ പകലുകൾ പോലെ ഭയം ജനിപ്പിക്കുന്ന മറ്റൊരു കാഴ്ചയില്ലെന്ന് സേതു തിരിച്ചറിയുന്നു.
എട്ടു വർഷത്തെ ജയിൽ വാസത്തിനിടയിലൊരു നാൾ മനസ്സിലുറഞ്ഞ സങ്കടങ്ങളുടെ കറുത്ത മേഘങ്ങൾ ഉള്ളിൽ പെയ്തലച്ചിട്ടും വരണ്ടു പോയ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ പോലും കിനിഞ്ഞില്ല. വലിയ നോവിൽ പോലും നിറയാത്ത കണ്ണുകൾ കരുത്താർജിച്ച പെൺ മനസ്സിനെ അടയാളപ്പെടുത്തുകയാണന്ന് ആദ്യം നിനച്ചു. പക്ഷേ പിന്നീടൊരിക്കലും കണ്ണ് ചുരത്തിയില്ല. ചത്ത മീനിന്റേതു പോലെ അവ നിർവികാരതയോടെ തുറിച്ച് നിന്നു. പാതി മരിച്ച സ്ത്രീയുടെ അടയാളമായി ഇപ്പോഴും അത് മുഖത്തിരുന്ന് ശൂന്യതയിലേയ്ക്ക് തുറിച്ച് നോക്കുന്നു. തിരയുടെ സ്വരം കാതിൽ വന്നലച്ച് ഉൾവലിയുന്നു. വീണ്ടുമൊരു തിര ഓർമ്മയുടെ ആഴങ്ങളിൽ നിമഗ്നമായി കിടന്ന നല്ല നാളുകളെ കടഞ്ഞെടുത്ത് ചിന്തയുടെ തീരത്തോട് ചേർത്ത് വച്ച് മടങ്ങിപ്പോയി.
അച്ഛന്റെ സ്വപ്നമായിരുന്നു മകൾക്കൊരു നല്ല പാതിയെ കണ്ടുപിടിക്കുക എന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ മകൾ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞതോടെ അച്ഛന്റെ ഉത്സാഹം കൂടി കൊണ്ടിരുന്നു. അങ്ങനെയാണ് ന്യൂ ജനറേഷൻ ബാങ്കിലെ മാനേജരായ രാജീവൻ സേതുവിന്റെ ജീവിത പങ്കാളിയായത്. പക്ഷേ സേതുവിന് ഒരു സ്വപ്നമുണ്ടായിരുന്നു. സി. എ ഇന്റർ പരീക്ഷ ആദ്യ തവണ തന്നെ ജയിക്കാൻ കഴിഞ്ഞതിലുളള ആത്മവിശ്വാസം ആ സ്വപ്നത്തിന് കരുത്ത് പകർന്നു. വലിയൊരു ചാർട്ടേഡ് അക്കൗണ്ടന്റാകുക എന്ന സ്വപ്നത്തിനൊപ്പം മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു. ചെറിയ തമാശകളിൽ ഉറക്കെ ചിരിക്കുന്ന, മാതാപിതാക്കളെ അതിരില്ലാതെ സ്നേഹിക്കുന്ന സേതുവിന് നൽകാൻ അച്ഛൻ കരുതിയ വലിയ സമ്മാനമായിരുന്നു രാജീവൻ എന്ന ബാങ്ക് ഉദ്യോഗസ്ഥൻ. വിവാഹമുറപ്പിക്കും മുൻപ് ഒരു കാര്യം മാത്രമാണ് സേതു രാജീവനോട് ആവശ്യപ്പെട്ടത്. "എനിക്ക് പഠിക്കണം. ഒരു സി.എ കാരിയായുക എന്നത് എന്റെ വലിയ സ്വപ്നമാണ്. " എന്നും ഒപ്പമുണ്ടാവും എന്ന വാക്ക് പറയാതെ പറഞ്ഞു കൊണ്ട് സമ്മതഭാവത്തിൽ രാജീവൻ ചിരിച്ചു .
മധുരമൂറുന്ന ജീവിതം നുണഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്. സേതു പുസ്തകം കയ്യിലെടുത്തത്. പുസ്തകം കൈയ്യിലെടുക്കുമ്പോഴെല്ലാം അവശേഷിക്കുന്ന അടുക്കള ജോലിയിലേയ്ക്ക് നോക്കി ഭാനുമതിയമ്മ പിറുപിറുക്കാൻ തുടങ്ങും. ചിലപ്പോൾ പാത്രങ്ങൾ തമ്മിലിടയും. പിന്നീട് അടച്ചു വച്ച പുസ്തകം രാത്രി തുറന്ന് വയ്ക്കും. ടാർജറ്റും അച്ചീവ്മെന്റും കൂട്ടിമുട്ടാതെ വരുന്ന ദിവസങ്ങളിൽ ബെഡ് റൂമിൽ മദ്യത്തിന്റെ മണം തങ്ങി നിൽക്കും. അതിനിടയിലൂടെ ബാലൻസ് ഷീറ്റും ലാഭനഷ്ടക്കണക്കുകളും പരാതികളില്ലാതെ പുസ്തകത്താളിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി വരും. സങ്കടങ്ങൾ വന്ന് നിറയുന്ന ദിനങ്ങൾ രാജീവന്റെ മാറിലേയ്ക്ക് ചാഞ്ഞ് അതിന്റെ കെട്ടുകൾ മെല്ലെ അഴിക്കാൻ ശ്രമിക്കും. താല്പര്യമില്ലായ്മയിൽ വളഞ്ഞു കുത്തുന്ന പുരികവും മറ്റെവിടെയോ ഉടക്കി നില്ക്കുന്ന ചിന്തകളുമായി അയാൾ കട്ടിലിൽ വെറുതെ കിടക്കും. അച്ഛനോട് മറയ്ക്കുമെങ്കിലും അമ്മയോട് എന്തും തുറന്ന് പറയാമായിരുന്നു. വീടിന്റെ തിരക്കുകളിൽ സ്വയം അലിയുമ്പോൾ അമ്മ മകളെ ബോധപൂർവമല്ലെങ്കിലും മറന്നു പോകുന്നു. ഫോൺ വിളികൾ പേരിലൊതുക്കി അമ്മ സ്വന്തം ചതുരത്തിൽ ഒതുങ്ങുകയായിരിക്കും. ഓരോ ദിനവും കൊഴിഞ്ഞു പോയത് അവഗണനയിൽ നിന്ന് ഉയിർ കൊണ്ട വലിയ സങ്കടങ്ങൾ ഉള്ളിൽ നിറച്ചു കൊണ്ടാണ്. ബാത്ത്റൂമിലെ നീളൻ കണ്ണാടിക്കു മുന്നിൽ നിന്ന് പരിഭവം പറഞ്ഞു. പ്രഷർ കുറഞ്ഞ് കട്ടിലിൽ കുഴഞ്ഞ് വീണു പോയ ഒരു ദിനം, കണ്ട ഭാവം നടിക്കാതെ രാജീവൻ ഡൈനിങ്ങ് റൂമിലേയ്ക്ക് നടന്നു പോയി. രാത്രിയിൽ അയാളുടെ നെഞ്ചിലെ കട്ടിയുള്ള രോമക്കൾക്കിടയിലൂടെ വിരലോടിച്ച് അവൾ അതിന്റെ പരിഭവം പറഞ്ഞു. " ഞാനൊന്ന് വയ്യാതെ കിടന്നാൽ എന്റെ അരികിൽ വന്നിരുന്ന് എങ്ങനെയുണ്ട് എന്നെങ്കിലും ഒന്ന് ചോദിക്കരുതോ?" രാജീവൻ ശബ്ദമുണ്ടാക്കാതെ ഒന്ന് ചിരിച്ചു " സേതു, പഴയ കാലത്ത് മനുഷ്യർക്ക് ഒരു പാട് സമയമുണ്ടായിരുന്നു. ഇന്ന് നമ്മൾ അങ്ങനെ വാശി പിടിക്കരുത്. "ശരിയാണ് വാശി പിടിച്ച് കരഞ്ഞത് ഓർമ്മയില്ല. ആഗ്രഹമെന്താണെന്ന് മനസ്സ് വായിച്ച് അത് വാങ്ങിത്തരാൻ അച്ഛൻ കാണിച്ച ഉത്സാഹത്തെക്കുറിച്ച് ചിന്തിച്ച നേരം സേതുവിന്റെ കണ്ണ് നിറയാൻ തുടങ്ങി. മക്കൾക്ക് മാത്രമായി ആ കരുതൽ ഒതുങ്ങിയില്ല. അമ്മയുടെ സങ്കടങ്ങൾ കേൾക്കാൻ മാത്രമായി എത്രയോ ദിനങ്ങൾ അച്ഛൻ ഉഴിഞ്ഞു വച്ചു. ഉള്ള് നീറിയാൽ ആദ്യം ഓടിയെത്താൻ അമ്മ കൊതിച്ചത് സ്വന്തം ഭർത്താവിന്റെ അരികിലേയ്ക്കാണ്. അവിടെ പറഞ്ഞാൽ ഏത് വലിയ ദു:ഖവും നിമിഷ നേരം കൊണ്ട് അലിഞ്ഞ് ഇല്ലാതാവുമെന്ന് അമ്മ പലപ്പോഴും പറയാറുണ്ട്. അവരൊക്കെ പഴയ മനുഷ്യരാണ്. പുതിയ കാലത്തിന്റെ രീതികളറിയാത്ത പഴയ മനസ്സുള്ളവർ.
അവഗണനയുടെ വക്കിൽ നിന്ന് നിരാശയുടെ ലോകത്തേയ്ക്ക് താൻ വലിച്ചെറിയപ്പെടുമോ എന്ന് സേതു ഭയന്ന് തുടങ്ങിയ നാളുകളായിരുന്നു പിന്നീട് കടന്നു വന്നത്. മുറിയടച്ച് കരഞ്ഞ് തീർത്ത പകലുകൾ. രാജീവന്റെ അമ്മയുടെ പിടിവാശികൾക്ക് ഇരയാവാൻ സ്വയം സമർപ്പിച്ചു കൊണ്ടുള്ള ജീവിതം. അതല്ലാതെ മറ്റ് വഴികൾ തനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ പോയാൽ ഏറിയാൽ രണ്ട് ദിനത്തിനുള്ളിൽ മടങ്ങിയെത്തണം. അച്ഛന്റെ ചിരിയിൽ, അമ്മയുടെ സ്നേഹത്തിൽ മനസ്സൊന്ന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ രാജീവന്റെ വിളിയെത്തും. മനസ്സില്ലാമനസ്സോടെ മടങ്ങിപ്പോരും. ചിന്തകൾ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയെ തടഞ്ഞു നിർത്തുകയാണ്. പുസ്തകത്താളുകളിൽ കണ്ണുനീർ വീണ് പടർന്നുകൊണ്ടിരുന്നു. നിരാശ അക്ഷരങ്ങളെ മറച്ച് കണ്ണിന് മുന്നിൽ മറകെട്ടി നിന്നു. ചിന്തകൾ ദേശാടനപ്പക്ഷികളെപ്പോലെ ദിക്കറിയാതെ പറന്നു തുടങ്ങി. മനസ്സിന്റെ പിടി കൈയിൽ നിന്ന് വഴുതി പോകുന്നുണ്ടോ?. ആരോടെങ്കിലും സങ്കടങ്ങൾ പറഞ്ഞ് പൊട്ടിക്കരയാൻ തോന്നി. കാതുകൾ തിരഞ്ഞ് പരാജയപ്പെട്ട് വീണ്ടും നിലക്കണ്ണാടിയിൽ അവൾ അഭയം തേടുകയാണ്.
ടാർജറ്റ് അച്ചീവ്മെന്റിനോട് ചേർത്ത് കെട്ടി പതിവിൽ കവിഞ്ഞ സന്തോഷത്തിൽ മുറിയിലെത്തിയ രാജീവനോട് അവൾ മനസ്സ് തുറക്കാൻ ശ്രമിച്ചു " മനസ്സ് കയ്യിൽ നിന്ന് വഴുതി പോകും പോലെ ഒരു തോന്നൽ. നമുക്ക് ഒരു ഡോക്ടറെ കാണാൻ പോയാലോ " രാജീവന്റെ ചിരി മുറിയിൽ മുഴങ്ങി " കൊള്ളാം നിനക്ക് എന്തിന്റെ കുറവാണിവിടെ. ഭ്രാന്തിന്റെ ഡോക്ടറുടെ സേവനം കൊണ്ട് ഭർത്താവിന്റെ കെയറിങ്ങ് കുറഞ്ഞ് ഭാര്യയ്ക്ക് ഡിപ്രഷനാണെന്ന് പറയിപ്പിക്കാനാണോ തന്റെ പ്ലാൻ " സേതു നിശബ്ദയായി. ഇരുട്ടിൽ കൺകോളുകൾ നിറഞ്ഞു. ഉപ്പുജലം വഴിയറിയാതെ പല വഴി തിരയുകയാണ്. സ്വയം രക്ഷപെടാനുള്ള വഴികളിൽ മനസ്സിടറുന്നു. ചിന്തകൾ പെരുകി ഭ്രാന്ത് പോലെ അത് തലച്ചോറിൽ പടരുകയാണ്. വലിയ വിഷാദത്തിലേയ്ക്ക് തനിയേ സഞ്ചരിക്കുകയാണവൾ.
താൻ ഗർഭിണിയാണന്ന തിരിച്ചറിവ് ഹൃദയ വേദനയുടെ ആഴത്തിലേയ്ക്ക് എയ്തുവിട്ട പുതിയൊരു നോവായി മാറി. മേശമേൽ പഴങ്ങളും മുന്തിയ ആഹാരങ്ങളും നിറഞ്ഞു. ഭർത്താവിന്റെ സാമീപ്യം പേരിലൊതുങ്ങി. ഒപ്പമിരിക്കാനും സംസാരിക്കാനും അയാൾ പഴയ മനുഷ്യനല്ലന്ന തിരിച്ചറിവ് അവൾക്കുണ്ടായിരുന്നു. ലേബർ റൂമിലേയ്ക്ക് കയറും മുൻപ് അവൾ രാജീവനെ ഫോണിൽ വിളിച്ചു. " ഒരു പത്ത് മിനിറ്റ് പോരെ, ഏട്ടനെ എനിക്കൊന്ന് കാണണം. ഇവിടം വരെ ഒന്ന് വരണം "പതിവ് ചിരിയായിരുന്നു ആദ്യ മറുപടി " ഞാനിവിടെ നല്ല തിരക്കിലാണ്. നീ വച്ചോ " ഉള്ളിലൊരാന്തൽ . ആർക്കും വേണ്ടതായി പോകുന്നത് പോലെ ഒരു തോന്നൽ. ലേബർ റൂമിലേയ്ക്ക് നീങ്ങുന്ന സമയത്തും കണ്ണുകൾ നിർത്താതെ ചുരത്തുകയാണ്. മരണമെന്ന അനുഗ്രഹം വാതിൽ തുറന്ന് കടന്നുവന്നിരുന്നെങ്കിലെന്ന് മനസ്സ് വല്ലാതെ മോഹിച്ചു പോകുന്നു.
ഓർമ്മകൾ മായ്ച്ച് തിരകൾ മടങ്ങി. കൺപോളകളെ തഴുകിയ മയക്കം ആ രാത്രിയോട് വിട പറയുകയാണ്. പുലരിയിൽ വിട പറയാനൊരുങ്ങുമ്പോൾ ഫാത്തിമ പഴയ ഒരു ഫോൺ കയ്യിൽ വച്ച് തന്നു. ചിലരുടെ നമ്പർ അതിൽ സേവ് ചെയ്തിരുന്നു. രാജീവന്റെ നമ്പർ ചോദിച്ച് വാങ്ങിയതാണ്. രണ്ട് ദിനം കൂടിയാണ് തനിക്കീ ഭൂമിയിൽ ബാക്കിയുള്ളത്. രണ്ട് പകൽ രണ്ട് രാത്രി. മൂന്നാം ദിവസം യാത്ര അവസാനിപ്പിച്ച് മടങ്ങണം. അതിനിടയിൽ ചിലരെ വിളിക്കണം. മാപ്പ് പറയേണ്ടവരോട് മാപ്പ് പറയണം. അച്ഛനും അമ്മയും തന്നെയോർത്ത് നീറി നീറിയാണ് മരിച്ചത്. കഴിയുമെങ്കിൽ അവരുടെ ശവകുടീരങ്ങളിലേയ്ക്ക് ആരുമറിയാതെ ഒന്ന് കടന്നുചെല്ലണം. ഇനി രക്തബന്ധത്തിന്റെ കെട്ടുപാടിൽ ഒരാൾ കൂടിയാണ് ഭൂമിയിൽ അവശേഷിക്കുന്നത്. തന്റെ സഹോദരൻ. വിളിക്കണം. പെങ്ങൾക്ക് മാപ്പ് തരണമെന്ന് പറയണം. ലോകത്തിന്റെ നെറുകയിൽ കൊടും പാപിയായി മുദ്രകുത്തപ്പെട്ടവളുടെ സഹോദരനാവേണ്ടി വന്നവനോട് ക്ഷമ ചോദിക്കണം.
ശിവഗിരിയിലെ തണുത്ത മണലിലൂടെ ശാന്തമായി ഏറെ ദൂരം നടന്നു. മനുഷ്യനു വേണ്ടി മാത്രം പിറവി കൊണ്ടതുപോലെ ചെറിയ കാറ്റ് അന്തരീക്ഷത്തിൽ വട്ടംചുറ്റുന്നു. ഒരു വലിയ മാവിന് കീഴിൽ സ്വസ്ഥമായിരുന്നു. തണൽ പടർത്തി നിൽക്കുന്ന മാവിന്റെ ചില്ലയിൽ ധ്യാനത്തിലെന്നപോലെ ഒരു പക്ഷി നിശ്ചലമായിരിക്കുന്നു. ആദ്യത്തെ ബെല്ലിൽ തന്നെ രാജീവൻ ഫോണെടുത്തു. എവിടെ തുടങ്ങണമെന്നറിയാതെ പകച്ചു പോകുകയാണ് സേതു . " ഞാൻ സേതു ലക്ഷ്മിയാണ് " മറുതലയ്ക്കൽ നീണ്ട നിശബ്ദത " ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ വിളിക്കണമെന്ന് തോന്നി. രാജീവന്റെ ജീവിതം തകർത്തതിന്, ലോകത്തിന്റെ മുന്നിൽ അപമാനിച്ചതിന്, ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല. കേൾക്കാൻ ക്ഷമ കാണിച്ചല്ലോ അത് മതി. ഞാൻ ആ സ്വരമെന്ന് കേട്ടോട്ടെ. എന്തെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കിൽ ...." മറുതലയ്ക്കലെ നിശബ്ദത നീണ്ടു പോയി " ഞാൻ എന്താണ് സേതു പറയേണ്ടത് " രാജീവന്റെ ശബ്ദം ഇടറുകയാണ്. " എന്നോട് ക്ഷമിച്ചു എന്ന ഒരു വാക്ക് . അതു മതി. ഇനി ഒരിക്കലും ഇങ്ങനെ ഒരു വിളി ഉണ്ടാവില്ല " രാജീവന്റെ ശബ്ദം വീണ്ടും ഫോണിലൂടെ സേതു കേട്ടു " എനിക്ക് നേരിൽ ഒന്നു കാണണം. എവിടെയാണെന്ന് പറയൂ " അതിന്റെ ആവശ്യമുണ്ടോ എന്ന് സേതു ആലോചിച്ചു. എങ്കിലും കാണാമെന്ന് പറഞ്ഞു കൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത് .
രാജീവന്റെ കാർ സേതുവിന്റെ അരികിലെത്തി നിന്നു . മുടി കൊഴിഞ്ഞ് മെലിഞ്ഞു പോയ ഒരു മനുഷ്യൻ വാഹനത്തിൽ നിന്നിറങ്ങി. എട്ടുവർഷം കൊണ്ട് ഒരു മനുഷ്യനിൽ ദൈവം വരുത്തിയ മാറ്റങ്ങളെ നോക്കി സേതു അത്ഭുതപ്പെട്ടു. രാജീവൻ സേതുവിനെ കാറിനുള്ളിലേയ്ക്ക് ക്ഷണിച്ചു. പാതി മനസ്സോടെ അവൾ പിൻ സീറ്റിലേയ്ക്ക് കയറി. സേതുവിന്റെ അനുവാദത്തോടെ അയാൾ വാഹനം മുന്നോട്ടെടുത്തു. നീണ്ടു പോകുന്ന നിരത്തുകൾ. എങ്ങോട്ടാണ് പോകുന്നത് എന്ന ചിന്ത സേതുവിനെ തൊട്ടുഴിഞ്ഞു. എങ്ങോട്ടാണെങ്കിലെന്ത് സർവ്വവും നഷ്ടപ്പെട്ട തന്നിൽ ഭയത്തിന്റെ ഒരു നിഴൽ പോലും വീഴുന്നില്ല. മൂന്നാം നാൾ മരണത്തിലേയ്ക്ക് സ്വയം യാത്ര ചെയ്യേണ്ടവൾ എന്തിനെയാണ് ഭയക്കേണ്ടത്.
വലിയ ഒരു ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ വാഹനം നിന്നു. സേതു രാജീവനൊപ്പം നടന്നു. ഡോക്ടർ സാമുവൽ എന്ന ബോർഡ് വച്ച വലിയൊരു മുറിയിൽ നരച്ച താടിയുള്ള ഒരു മനുഷ്യനിരിക്കുന്നു. അയാളുടെ മേശയോട് ചേർന്ന രണ്ടു കസേരകളിലേയ്ക്ക് രാജീവനും സേതുവും ഇരുന്നു. ഡോക്ടർ പരിചയഭാവത്തിൽ സേതുവിനെ നോക്കി ചിരിച്ചു. ഇതൾ വാടിയ പൂവിന്റെ പുഞ്ചിരി പോലെ സേതു ഒന്ന് ചിരിക്കാൻ ശ്രമിച്ചു. മുൻകൂട്ടി തയ്യാറാക്കിയതു പോലെ ഡോക്ടർ ചില കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. മനസ്സു പാളുന്ന മനുഷ്യരെക്കുറിച്ചായിരുന്നു തുടക്കം. പിന്നെ ഡിപ്രഷന്റെ വിവിധ തലങ്ങൾ . പി.പി. ഡി അധവാ പോസ്റ്റ് പാർട്ടം ഡിപ്രഷൻ പതിനഞ്ച് ശതമാനം സ്ത്രീകളും അമ്മയാവേണ്ടി വരുന്ന ഘട്ടത്തിൽ ഈ ഡിപ്രഷന് ഇരകളാകുന്നു. ഇരുപത്തിയാറ് ശതമാനത്തോളം പുരുഷൻമാർ ആദ്യമായി അച്ഛനാവേണ്ടി വരുമ്പോഴും ഇത് അവരേയും ബാധിക്കുന്നു. പരസ്പരം ഇല്ലാതെ പോകുന്ന പരിഗണനയുടെ രൂപം പിന്നെ അവഗണനയായി മാറുന്നു. ചിലർ അതിനെ അതിജീവിക്കുന്നു. മരുന്നു കളില്ലാതെ വരുമ്പോൾ ചിലരുടെ മനോതാളം തെറ്റുന്നു. പുതിയ ജീവിതത്തിൽ കരുതലെന്നത് പേരിലൊതുങ്ങുന്നു. ഈ നൈരാശ്യഭാവം വീട്ടിൽ നിന്ന് യാതൊരു സപ്പോർട്ടും കിട്ടാത്തവരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് വരും. പ്രതീക്ഷയില്ലാത്ത, കരുതലില്ലാത്ത ജീവിതമായിരുന്നു രാജീവന് ഒപ്പം സേതുവിന് ലഭിച്ചത്. താളം തെറ്റാതിരിക്കാൻ മനസ്സ് ഒരു ശിലയല്ല . സേതു ദൈന്യതയോടെ ഡോക്ടറെ നോക്കിയിരുന്നു. ഡോക്ടർ വീണ്ടും സേതുവിന്റെ കണ്ണുകളിലേയ്ക്ക് നോക്കി തുടർന്നു. "തെറ്റ് ചെയ്തത് സേതുവല്ല എന്ന തിരിച്ചറിവ് ഇന്ന് രാജീവനുണ്ട്. നാളുകൾക്ക് മുൻപ് കുറ്റബോധത്തോടെയാണ് ഇയാൾ എന്നെ വന്ന് കണ്ടത്. അന്നു മുതൽ രാജീവൻ സേതുവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു " മരണത്തിന്റെ പടിവാതിലിൽ നിന്ന് പിൻ തിരിയാനാവാതെ സേതു ഡോക്ടറോട് മറുപടി പറഞ്ഞു. "എനിക്ക് പരാതിയില്ല. പഴയ കാര്യങ്ങളെക്കുറിച്ചോർത്ത് എന്റെ മനസ്സ് പിടയാറുണ്ട്. അത് വിധിയായിരുന്നു. ഡോക്ടർ ഞാനിറങ്ങട്ടെ ഒരല്പം തിരക്കുണ്ട് "സേതു ലക്ഷ്മി എഴുനേൽക്കാൻ ശ്രമിച്ചു. രാജീവൻ അവളുടെ ഇടം കൈയിൽ മുറുകെ പിടിച്ചു. പോകരുത് എന്ന ദൈന്യതാ ഭാവം വീണ കണ്ണുകളിലേയ്ക്ക് നോക്കി സേതു നിശ്ചലയായി നിന്നു .സേതുവിന്റെ ശരീരത്തിലൂടെ കടന്ന പോയ തരുപ്പ് ഒരു ഭ്രാന്ത് പോലെ തലച്ചോറിനെ ഉലച്ചു കളഞ്ഞു. ഭ്രാന്തിന്റെ ചുഴലി ചുറ്റിലും മൂളിപ്പറക്കുന്നു. ഏകാന്തതയുടെ ശാന്തതയിലേയ്ക്ക് സ്നേഹത്തിന്റെ കരങ്ങൾ കടന്നുവന്നു. അവ സേതുവിനെ ചേർത്ത് നിർത്തി. വരണ്ടു പോയ കണ്ണുകളിലെ ജലസാന്നിധ്യം കവിൾ തൊടാനൊരുങ്ങിയപ്പോൾ സന്തോഷം കൊണ്ട് അവൾ അത്ഭുതപ്പെട്ടു. സത്യമാണോ ഇതെന്നറിയാൻ ചൂണ്ട് വിരൽ കൊണ്ട് അവൾ കണ്ണുനീർ വീണ ചാലിലെ തണുപ്പിൽ തൊട്ടു നോക്കി. തന്റെ ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേയ്ക്ക് സേതു നടന്നുകയറുകയാണ്. ആകാശത്തിലെ വെള്ള മേഘങ്ങളിൽ നിന്ന് ചിതറിയ വെളുത്ത പ്രകാശം അവരുടെ മുഖത്തെ കൂടുതൽ മനോഹരമാക്കുന്നു.
കാഴ്ചയിൽ നിന്ന് അവർ മറഞ്ഞപ്പോഴാണ് ഡോക്ടർ പഴയ പത്രം തുറന്നത്. മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സേതുവിന്റെ ചിത്രത്തിലേയ്ക്ക് ഡോക്ടർ ഒരിക്കൽ കൂടി നോക്കി.