തിരക്കൊഴിഞ്ഞ നേരംതൊട്ട് സതീശൻ ആലോചിച്ചുകൊണ്ടിരുന്നത് മുഴുവൻ അവളെക്കുറിച്ചായിരുന്നു. ചുണ്ടിലൊരു നിലാപ്പുഞ്ചിരിയുമായി എന്നുമെത്തുന്ന വാകപ്പൂനിറമുള്ള പെൺകുട്ടിയെക്കുറിച്ച്.
ഇന്നേക്ക് മൂന്നുദിവസംമുമ്പുവരെ മുടങ്ങാതെവന്നിരുന്നു അവൾ.
നഗരകാര്യാലയത്തിന്റെ കോമ്പൗണ്ടിൽ പന്തലിച്ചുകിടക്കുന്ന, തെക്കേമൂലയിലുള്ള വാകച്ചോട്ടിലെ കല്പടവിലിരുന്ന് മടുപ്പുളവാക്കുന്ന നഗരക്കാഴ്ചകളിൽ കണ്ണുടക്കുമ്പോഴും അവളുടെമുഖം മിന്നിയും മറഞ്ഞും ഉള്ളിൽ തെളിഞ്ഞുകൊണ്ടേയിരുന്നു. രാവിലെ വെടിപ്പാക്കിയ മുറ്റംനിറയെ കാറ്റിലടർന്ന ചോരപ്പൂക്കൾ വീണ്ടും ചിക്കിയിട്ടിരിക്കുന്നു. നിരത്തിൽ. നെട്ടോട്ടമോടുന്ന മനുഷ്യരും, ഹോണടിച്ചും മറികടന്നും ഒന്നിനുപിറകേ മറ്റൊന്നായി എങ്ങോട്ടെന്നില്ലാതെ ധിറുതിപ്പെട്ടുപായുന്ന വാഹനങ്ങളും.. ആവർത്തനവിരസമായ പകൽകാഴ്ചകൾ.
ഉപയോഗം കഴിഞ്ഞതെന്തും അലസമായി വലിച്ചെറിഞ്ഞ് വൃത്തിഹീനയായ നഗരത്തെ ശുദ്ധിചെയ്തെടുക്കുമ്പോഴേക്കും വെയിൽമൂക്കും. കിഴക്കൻകുന്നുകളിൽ വെള്ളകീറുമ്പോഴെത്തി, തെരുവോരങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്നതെല്ലാം തൂത്തുവാരി ഏതെങ്കിലും ഒഴിഞ്ഞകോണിൽ കൂട്ടിയിട്ട് നടുനിവർത്തുമ്പോഴാവും വെയ്സ്റ്റ് നിറച്ചകിറ്റും കൈയിലേന്തി അവൾ വരുന്നത്. ലോറിയിൽ നഗരാതിർത്തിയിലെ വിജനമായ പരന്നപാറപ്രദേശത്തെ പ്ലാൻറിലെത്തിക്കുന്നതുവരെ തിരിച്ചറിയാൻ പറ്റാത്തവിധം അയാളും അഴുകിക്കുഴഞ്ഞ മാലിന്യമായിത്തീർന്നിട്ടുണ്ടാവും.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അവൾ വരാതിരുന്നതെന്തുകൊണ്ടാണെന്ന് അന്വേഷിക്കാനും ചിന്തിച്ചെടുക്കാനുമുള്ള അടുപ്പമൊന്നും അവളുമായിട്ടില്ലെന്ന് അയാൾക്കറിയാഞ്ഞിട്ടല്ല. സത്യത്തിൽ 'മിയ'എന്ന വിളിപ്പേരിനപ്പുറത്ത് ഒന്നുംതന്നെ അയാൾക്ക്അറിയില്ല. അതുപോലും, എന്നുംവരാറുള്ള കാറിനുള്ളിലെ പരുഷശബ്ദത്തിൽനിന്നാണ് മനസ്സിലായത്. എവിടെനിന്നുവരുന്നെന്നോ, കാറിന്റെയുടമസ്ഥനും അവളുമായുള്ള ബന്ധമെന്തെന്നോ അങ്ങനെ യാതൊന്നും സതീശൻ ഇതുവരെ ചോദിച്ചിരുന്നില്ല. കണ്ടുമുട്ടുന്ന നിമിഷാർദ്ധത്തിനുള്ളിൽ അതൊട്ടും സാധ്യമായിരുന്നുമില്ല.
നിഷ്ക്കളങ്കമായചിരി കാണുമ്പോഴെല്ലാം അയാൾക്ക് ഓർമ്മവരുന്നത് സ്നേഹയുടെ മുഖമാണ്. സ്നേഹയ്ക്ക് അവളുടെ അമ്മയുടെ നിറമാണ്, ഇളംകറുപ്പ്. നേർത്ത ചുണ്ടുകളും നീണ്ടനാസികയുമുള്ള വട്ടമുഖം. സ്നേഹയുടെ പലവിധത്തിലുള്ള ചിത്രങ്ങൾ, പല്ലില്ലാത്തമോണകാട്ടിച്ചിരിക്കുന്നതുതൊട്ട് ഒടുവിൽ ക്ലാസ്സിലെ കൂട്ടുകാരുമായിച്ചേർന്ന് എടുത്തതുൾപ്പെടെ അവരുടെ വിവാഹമുഹൂർത്തങ്ങളുടെ ഓർമ്മകളുറങ്ങുന്ന ആൽബത്തിലെ ഒഴിഞ്ഞകള്ളികളിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഏതാണ്ട് സ്നേഹയെപ്പോലെയാണെങ്കിലും വാകപ്പൂക്കളുടെ നിറമാണു് മിയയ്ക്ക്. ചെമന്ന കല്ലുപതിച്ച മൂക്കുത്തിയും അതേനിറമുള്ള പട്ടുപാവാടയും. വളരെ അപൂർവ്വമായിമാത്രം നീലക്കുറിഞ്ഞി ഇതളഴിച്ചിട്ട ചൂരിദാറണിഞ്ഞ് കാണാറുണ്ട്. കാറിൽനിന്നിറങ്ങിവരുമ്പോൾ ഒരു തീജ്വാല ഒഴുകിവരുന്നതാണെന്നേ തോന്നൂ. മിയയ്ക്ക് ഭീതിയൊളിഞ്ഞിരിക്കുന്ന നോട്ടമാണെങ്കിൽ കുസൃതിയൊളിപ്പിച്ചുവച്ച കണ്ണുകളാണ് സ്നേഹയുടേത്. മുല്ലമൊട്ടുപോലുള്ള പല്ലുകളാണിരുവർക്കും. പ്രായത്തിലും വലിയ അന്തരമില്ല, പത്തുപന്ത്രണ്ടുവയസ്സു കാണും. ഇത്തരം സാമ്യങ്ങളായിരിക്കാം അയാൾക്ക് മിയയോട് അത്രയേറെയിഷ്ടം തോന്നിയത്.
മിക്കദിവസവും ഒരേ നേരത്തായിരിക്കും ആ വെളുത്തസ്വിഫ്റ്റ് കാർ വന്നെത്തുന്നത്. ഡോർതുറന്ന് രണ്ടുകുഞ്ഞിക്കാലുകൾ പുറത്തേക്കുവരുന്നതു കാണാം. പിന്നെ കുറ്റവാളിയേപ്പോലെ തന്റെയടുക്കലെത്തി പതുക്കെ മാലിന്യംനിറഞ്ഞ കവർ നീട്ടും. മുഖത്ത് മിന്നിമായുന്ന ഭാവചലനനങ്ങളിൽ സൂക്ഷ്മനിരീക്ഷണം നടത്തിയാൽ ഒരിക്കൽ പറ്റിപ്പോയ അബദ്ധത്തിൽനിന്നുണ്ടായ ഭീതി നാളേറെയായിട്ടും വിട്ടുപോവാതെ അവളുടെയുള്ളിൽ തിണർത്തുകിടപ്പുണ്ടെന്നുതോന്നും.
അന്ന്.. കാറിൽനിന്നിറങ്ങിയപാടെ അവൾ കിറ്റ് വലിച്ചെറിയുകയായിരുന്നു. 'ഛിലും' ശബ്ദത്തോടൊപ്പം നഗരമാലിന്യങ്ങളിൽ തീരെ പരിചിതമല്ലാത്ത രൂക്ഷഗന്ധവുമാണ് തിരിഞ്ഞുനോക്കാനിടയായത്. മുഖത്തും യൂണിഫോമിലും ഭക്ഷണാവശിഷ്ടങ്ങളും കൊഴുത്തദ്രാവകവും തെറിച്ച് കെട്ട വാടപരന്നു. മദ്യംകലർന്ന ഛർദ്ദിലുകൾ ഏതോ പാർട്ടിയുടെ ശേഷിപ്പുകളായിരിക്കാം. നഗരശുചീകരണത്തിനിറങ്ങുന്നവർക്ക് ഇതൊന്നും അറപ്പുളവാക്കുന്നതല്ലല്ലോ? ശ്വാസഗതികളിൽ മണമേത്, നാറ്റമേതെന്ന് വേർതിരിച്ചറിയാൻ കഴിയാത്തവിധം നാസികാമുകുളങ്ങൾ എന്നേ മരവിച്ചിരിക്കുന്നു!
ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിച്ച അഴുക്കുകൾ വൃത്തിയാക്കുന്നതിനിടയിൽ അടക്കിപ്പിടിച്ച ഏങ്ങലടികേട്ടു.അതോടൊപ്പം വണ്ടിയിലേക്കുകയറാൻ ശാസിക്കുന്ന പരുക്കൻശബ്ദവും. അടഞ്ഞഗ്ലാസ്സിനുള്ളിൽ ഒരുപുരുഷന്റെ അവ്യക്തരൂപം. പക്ഷേ ഈ ശബ്ദം.. !! എവിടെയോ കേട്ടുമറന്നപോലെ സതീശനു തോന്നി. പലവട്ടം താക്കീതുചെയ്തിട്ടും അതെല്ലാം അവഗണിച്ച് അവൾ പിന്നെയും വിതുമ്പിക്കൊണ്ടേയിരുന്നു. ഭയംനിറഞ്ഞ മിഴികളിൽ പളുങ്കുമണികളുരുണ്ടുകൂടി തുള്ളികളായി അടർന്നുവീണുകൊണ്ടിരുന്നു. പുഞ്ചിരിയോടെ സാരമില്ലെന്നു് ആശ്വസിപ്പിച്ചതിനുശേഷമാണ് പെൺകുട്ടി നിറകൺചിരിയുമായി തിരിച്ചുപോയത്.
"സതീശാ.. വീട്ടില്ക്ക് പോകാറായില്ലേല് അങ്ങോട്ടു വായോ.. നമ്മക്കവ്ടെ മിണ്ടീം പറഞ്ഞുമിരിക്കാം. ഇന്ന് കുറേ വിരുന്നുകാരുണ്ടെന്നാ കേട്ടത്. കൂട്ടത്തിൽ ചിതേലെ തീയ്യീന്ന് ബീഡി കത്തിച്ചുവലിക്ക്യേം ചെയ്യാം. എന്തേ..? പോരുന്നോ?''
പിറകിൽനിന്നൊരു തോണ്ടലും ആത്മനിന്ദ കലർന്ന ചോദ്യവും. ശ്രീധരേട്ടനാണ്. ശ്മശാനം സൂക്ഷിപ്പുകാരൻ. നന്നേ ചെറുപ്പത്തിൽ ശവങ്ങളുമായി കൂട്ടുകൂടാൻ തുടങ്ങിയതാണ് ശ്രീധരേട്ടൻ. ആദ്യകാലങ്ങളിൽ വിറകായിരുന്നു കത്തിക്കാൻ ഉപയോഗിച്ചിരുന്നത്. അതില്പിന്നെ ജപ്പാൻടെക്നോളജിയിൽ വിദ്യുച്ഛക്തി ഉപയോഗിച്ച് സംസ്ക്കരിക്കുന്ന കാലത്ത് കാര്യങ്ങൾ എളുപ്പമായിരുന്നുവത്രേ. അതുകേടായതിൽപ്പിന്നെ പഴയപടിയായി. എങ്കിലും വിറകിനുപകരം ചിരട്ടവന്നത് ആശ്വാസമായെന്നു പറയും.
ശ്രീധരേട്ടനും അയാളും അടുത്തടുത്താണു് താമസം. പതിനാലാംനമ്പർ ടൗൺബസ്സിറങ്ങി ചെറിയൊരിടവഴിയിലൂടെ നടന്നുചെന്നാൽ പാടമായി. പാടവരമ്പിന്നക്കരെ അഞ്ചും പത്തുംസെന്റ് സ്ഥലങ്ങളിൽ കൂണുപോലെ കെട്ടിപ്പൊക്കിയ കൊച്ചുകൊച്ചുകുടിലുകൾ.
നഗരത്തിലെ ടെക്സ്റ്റയിൽസ്ഷോപ്പുകളിൽ സെയിൽസ്ജോലിയിലേർപ്പെട്ടവരും ലോട്ടറി വില്പനനടത്തി ഉപജീവനംതേടുന്നവരും വഴിവാണിഭം ചെയ്യുന്നവരുമാണ് അവിടെ അവരെക്കൂടാതെ കഴിയുന്നത്. നഗരത്തിൽ പുതുതായി പണികഴിപ്പിക്കുന്ന ഷോപ്പിംഗ് മാളിന്റെ പ്രവൃത്തികൾക്കായി കൊണ്ടുവന്ന, ഹിന്ദിസംസാരിക്കുന്ന അന്യസംസ്ഥാനക്കാർ തെക്കേയറ്റത്തെ രണ്ടുകുടിലുകളിലും.
വിവാഹംകഴിഞ്ഞ് അയാളും രേവതിയും താമസിക്കാനെത്തുമ്മുമ്പേ ശ്രീധരേട്ടനും കുടുംബവും അവിടെ താമസമാക്കിയിരുന്നു. ചെറുതെങ്കിലും ഒരുവിധം സൗകര്യമുള്ളവീട് ശ്രീധരേട്ടനാണ് കുറഞ്ഞവിലയിൽ അയാൾക്കു തരപ്പെടുത്തിക്കൊടുത്തത്. വീടുകൾക്കുപിന്നിൽ കുന്നിൻമുകളിൽ പഴയ ജീർണ്ണിച്ചക്ഷേത്രം. അതിനുചുറ്റും ഇടതൂർന്ന കാടുകളും പുല്ലുകളും കുറ്റിച്ചെടികളുമുള്ള തട്ടുപ്രദേശം. കോളനിയിലുള്ള സ്ത്രീകളുടെ ഉപജീവനത്തിനമാർഗ്ഗമായ പശുവിനെയും ആടിനെയും മേയ്ക്കുന്നത് അവിടെയാണ്.
വറുതിയിലാണ്ടുപോയ കളിചിരികൾക്കും അടക്കിപ്പിടിച്ച നിശ്വാസങ്ങൾക്കും വിടനല്കി ആറുവർഷങ്ങൾക്കുശേഷമാണ് സനേഹ പിറന്നത്. അതിനുശേഷമാണ് ജീവിക്കാൻതുടങ്ങിയതെന്നുപറയും രേവതി.
കുട്ടികളില്ലാത്ത ശ്രീധരേട്ടനും ഭാര്യയ്ക്കും അതിരറ്റവാത്സല്യമായിരുന്നു സ്നേഹയോട്. ഇരുവീട്ടിലുമായി അവൾ വിഷുക്കാലത്ത് നിറഞ്ഞുകത്തുന്ന പൂത്തിരിയായി.. ഓണത്തിന് മുക്കുറ്റിയും തുമ്പയുമായി.. ക്രിസ്തുമസ്സിന് വർണ്ണങ്ങൾ തൂവുന്ന നക്ഷത്രമായി.. ഒരു തുമ്പിയെപ്പോലെ പാറിനടന്നു.
പഴകിമങ്ങിയ ഫോൺ കരഞ്ഞപ്പോഴാണ് സതീശൻ ചിന്തയിൽനിന്നുണർന്നത്. ങ്ഹേ, ശ്രീധരേട്ടൻ വീണ്ടും..!
''സതീശാ... ഒര് കാര്യം പറയാൻണ്ട്. പോണേന് മുന്നേ ഇബ്ടംവരെ വരണേ!''
വെയിൽ കത്തിക്കാളുകയാണ്. അയാൾ എഴുന്നേറ്റു. തിരക്കിലൂടെ, ചുവപ്പടയാളം തെളിയുന്ന നിമിഷങ്ങളിൽ നിശ്ചലമാവുന്ന നിരത്തിന്റെവിടവിലൂടെ, കോവിലുകളും 'കവിത'തിയേറ്ററും ആളൊഴിഞ്ഞപാർക്കും പിന്നിലാക്കി ബീച്ചിലേക്കുനടന്നു. വലത്തുവശത്തെ പരന്നപൂഴിപ്പരപ്പിൽ നഗരസഭയുടെ ശ്മശാനം. മൺമറഞ്ഞ മഹാന്മാരുടെ ശവകുടീരങ്ങൾ സഞ്ചാരികളെ ഓർമ്മപ്പെടുത്താൻ വെയിലും മഴയുമേറ്റ് കാത്തിരിക്കുന്നു. ശ്മശാനത്തിനുവെളിയിൽ കവാടത്തിനടുത്ത് അയാൾ നിന്നു.
ഉയരുന്തോറും കാറ്റിലലിഞ്ഞില്ലാതാവുന്ന ചന്ദനത്തിരിയുടേയും കർപ്പൂരത്തിന്റെയും വെന്തമാംസത്തിന്റെയും ഗന്ധംകലർന്ന കറുത്തപുക. കവാടം കടന്ന് ഏതാനും വാഹനങ്ങൾ തിരിച്ചുപോവുന്നു. ചടങ്ങുകൾ അവസാനിപ്പിച്ച് പരേതന്റെ ബന്ധുക്കളാവും.
ശ്രീധരേട്ടൻ ഇപ്പോൾ എന്തുചെയ്യുകയാവും? ദേഹി വെടിഞ്ഞദേഹത്തിന് ചിതയൊരുക്കി വെയിലുംകനൽച്ചൂടുമേറ്റ് വിയർത്തുകുളിച്ച് തളർന്നവശനായിട്ടുണ്ടാവും. അല്ലെങ്കിൽ പരേതന്റെ മോക്ഷപ്രാപ്തിക്കായി ഉള്ളിൽ എള്ളും കറുകയുമർപ്പിക്കുന്നുണ്ടാവും! ഇല്ല. എണ്ണിയാലൊടുങ്ങാത്തത്ര ജീവനറ്റ മുഖങ്ങൾകണ്ട് മനസ്സുമരവിച്ചൊരാൾക്ക് ആത്മനിയന്ത്രണം നഷ്ടമാവില്ല. പക്ഷേ, മുപ്പതുവർഷത്തിനുള്ളിലാദ്യമായി അദ്ദേഹം കരഞ്ഞത് അന്നായിരുന്നു. സ്നേഹയുടെ ചോരവാർന്നു നീലിച്ചശരീരം കോരിയെടുത്ത അന്ന്.
'മിയ'യുടേതെന്നപോലെ തീർത്തും നിനച്ചിരിക്കാത്തൊരു നേരത്തായിരുന്നു സ്നേഹയെ കാണാതായത്. തലേദിവസം വാർഷികാഘോഷമായതിനാൽ സ്കൂളിന് അന്ന് അവധിയായിരുന്നു. സ്നേഹയുടെയും കൂട്ടുകാരുടെയും നൃത്തപരിപാടികഴിഞ്ഞ് ഏറെ വൈകിയാണെത്തിയത്. അയാൾ പതിവുപോലെ നഗരത്തിലേക്കും രേവതി അവളുടെ അടുത്തബന്ധുവിന്റെ കുഞ്ഞിന് ചോറൂണിനും പോയപ്പോൾ നാളുകളായുള്ള ഡാൻസ്പരിശീലനത്തിന്റെയും ഉറക്കമിളച്ചതിന്റെയും ക്ഷീണംതീർക്കാൻ സ്നേഹ വീട്ടിൽത്തന്നെ തങ്ങി. ശ്രീധരേട്ടന്റെ ഭാര്യ രമേടത്തിയോട് പറഞ്ഞേൽപ്പിച്ചാണ് രേവതി പോയത്.
വെയിലാറിക്കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ വീട് ശൂന്യമായിരുന്നു. രമേടത്തി വന്നനേരം അവൾ ഉറക്കമെന്നുകണ്ട് തിരിച്ചുപോയത്രേ. കോളനിയിലുള്ള പുരുഷന്മാർ തൊഴിൽതേടി പുറത്തുപോയതിനാൽ സ്ത്രീകൾ മാത്രമേ പകൽനേരങ്ങളിലുണ്ടാവൂ. അലമുറയിടുന്ന ഭാര്യയും ദു:ഖിച്ചിരിക്കുന്ന പെണ്ണുങ്ങളുമാണ് തിരികെവന്നപ്പോൾ എതിരേറ്റത്. തരിച്ചിരുന്നു പോയി. തലയ്ക്കുള്ളിൽ അനേകം കടന്നൽക്കൂട്ടങ്ങൾ പെറ്റുപെരുകി മൂളിപ്പറക്കുന്നതുപോലെ. എന്തുചെയ്യണം? ആരോടുപറയണം? ഒരെത്തും പിടിയും കിട്ടിയില്ല.
കോളനിയിലെ എല്ലാവരെയുംകൂട്ടി ശ്രീധരേട്ടൻ കുന്നിൻമുകളിലെ പൊളിഞ്ഞ ക്ഷേത്രപരിസരത്ത് അരിച്ചുപെറുക്കി. ഒടുവിൽ നിരാശയോടെ മടങ്ങിവന്നപ്പോൾ നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ തോന്നി.
ഒരുരാത്രിയിൽ വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോൾ നഗരത്തിൽ കെട്ടിടംപണിക്കു വന്ന അന്യസംസ്ഥാനക്കാരായ ഹിന്ദിക്കാർ. കൂടെ കോൺട്രാക്ടറുടെ സഹായിയുമുണ്ട്. പൊടുന്നനെ അതിലൊരു ചെറുപ്പക്കാരൻ കരച്ചിലും പിഴിച്ചലുമായി അയാളുടെ കാല്ക്കലേക്കലച്ചുവീണു. മിഴിച്ചുനിന്നപ്പോൾ ഇരുട്ടിന്റെ മറവിൽ സഹായിയുടെ പരുക്കൻശബ്ദം കേട്ടു.'സ്നേഹയെക്കാണാത്തതിൽ സംശയിച്ച് അവന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തന്നും നാളിതുവരെ അയാൾ സ്നേഹയെ കണ്ടതുപോലുമില്ലായിരുന്നുവെന്നും'. അസുഖമാതിനാൽ അന്ന് യുവാവ് പണിക്കുപോയില്ലത്രേ. അതാണ് പോലീസ് സംശയിക്കാൻ കാരണമെന്നും.
തികട്ടിവന്ന കോപമടക്കി ഒന്നേപറഞ്ഞുള്ളൂ.
''ഞാനെന്തു വേണേലും ചെയ്യാം. ജീവനോടെ എന്റെമോളെ എനിക്ക് തിരിച്ചുകിട്ടണം..!"
ക്ഷേത്രക്കെട്ടിലെ പൊട്ടക്കിണറിനടുത്ത് പുല്ലരിയാൻചെന്നസ്ത്രീയാണ് സ്നേഹയുടെ ചെരുപ്പുകൾ കണ്ടത്. ശ്രീധരേട്ടനും കൂട്ടരും മുങ്ങിയെടുത്തുകൊണ്ടുവന്ന ദേഹംനിറയേ നീലിച്ചപാടുകളും , കീറിപ്പറിഞ്ഞ ഉടുപ്പിലാകെ മങ്ങിയചോരക്കറകളുമായിരുന്നു. മരവിച്ച മനസ്സുമായി ഒന്നേ നോക്കാൻകഴിഞ്ഞുള്ളൂ. ബോധം തെളിയുമ്പോഴെല്ലാം രേവതി ആർത്തലച്ചുപെയ്തുകൊണ്ടിരുന്നു.
നീട്ടിയടിച്ചഹോണിന്റെ അകമ്പടിയോടെ ഇനിയും മറ്റൊരു മൃതവുമായി ആംബുലൻസ് ഇരച്ചെത്തി. ശ്രീധരേട്ടനുമായി വന്നവരിൽ ചിലർ എന്തൊക്കെയോ സംസാരിക്കുന്നതും സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതുംകണ്ട് നിസ്സംഗതയോടെ അയാൾ അടുത്തേക്കുചെന്നു.
പഴകിനരച്ചസാരി അലക്ഷ്യമായിവാരിച്ചുററി, വരണ്ടുണങ്ങിയ കവിൾത്തടങ്ങളും കലങ്ങിയ മിഴികളുമായി മധ്യവയസ്കയായ ഒരു സ്ത്രീ വാഹനത്തിലിരിക്കുന്നു. മരണപ്പെട്ടയാൾ അവരുടെ പ്രിയപ്പെട്ടവരാരെങ്കിലുമാവും.
എല്ലാം തയ്യാറായിക്കഴിഞ്ഞു. കൂടെവന്നവർ സ്ട്രച്ചറിൽനിന്ന് മൃതദേഹം പുറത്തെടുക്കാൻ തുനിയവേ കിതച്ചുവന്ന കടൽക്കാറ്റിൽ മൂടിപ്പൊതിഞ്ഞ വെള്ളത്തുണി പാറിയകന്നു. ചുണ്ടുകളിലപ്പോഴും വിളറിയ നിലാത്തുണ്ട് പറ്റിച്ചേർന്ന കുഞ്ഞുമുഖംകണ്ട് ഒരുനിമിഷം അയാളുടെ ശ്വാസഗതി നിലച്ചു. ശ്മശാനത്തിനുവെളിയിലെ വാകമരത്തിൽനിന്ന് കാറ്റിലടർന്ന ചെമന്നപൂക്കൾ അയാളുടെ നെഞ്ചിനുള്ളിൽ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു.
''വാകപ്പൂക്കൾക്ക് എന്തുചെമപ്പാണ്..!''
താങ്ങിയിരുത്തുമ്പോൾ ശ്രീധരേട്ടനോട് അയാൾ അവ്യക്തമായി പറഞ്ഞു.
പിറ്റേന്ന്..
തളർന്നമനസ്സും ക്ഷീണിച്ചശരീരവുമായി രാവിലെ മാലിന്യക്കൂമ്പാരത്തിനുമുന്നിൽ സതീശൻ നിന്നു. ബ്രേക്കിട്ടുനിറുത്തിയ സ്വിഫ്റ്റ്കാറിന്റെ ഡോർതുറന്ന് നീലയുടുപ്പിട്ട ഒരുപെൺകുട്ടി കൈയിൽ കരുതിയ കിറ്റ് അയാൾക്കുനേരെ നീട്ടി. മിഴിച്ചുനിന്നുപോയ സതീശൻ ഗ്ലാസ്സടഞ്ഞ കാറിനുള്ളിലേക്ക് പാളിനോക്കി. അവ്യക്തമായ പുരുഷരൂപം. പരുക്കൻ ശബ്ദത്തിലുള്ള ആജ്ഞാസ്വരം. അയാളുടെ മുഖം വലിഞ്ഞുമുറുകി. ക്രമേണ വന്യമായഭാവം പ്രകടമായി. അതുകണ്ട് ഭയന്നുവിറച്ച പെൺകുട്ടി തിടുക്കപ്പെട്ട് കാറിൽക്കയറി ഡോറടച്ചു. കൈയിലെ മാലിന്യം കാറിനുനേരെ വലിച്ചെറിഞ്ഞ് അയാൾ അലറിക്കരഞ്ഞു.