(Balakrishnan Eruvessi )
ഒരുതിരശ്ശീലയിലെന്നവണ്ണം മിന്നിമാഞ്ഞ കാഴ്ചകളിൽ ചിലതെങ്കിലും വ്യക്തമായി ഇപ്പോഴും അയാൾക്കോർമ്മയുണ്ട്; ശബ്ദം നിലയ്ക്കുന്നതിനും വെളിച്ചമണയുന്നതിനും മുന്നേ മുറിഞ്ഞുപോയ ചില രംഗങ്ങൾ.
അക്ഷമയോടെ ഇണയുടെ മുഖത്തും ഘടികാരസൂചിയിലും മാറിമാറി കണ്ണയക്കുകയായിരുന്നു ഒന്നാമൻ.
നിശ്ചയിക്കപ്പെട്ട യാത്ര നീട്ടേണ്ടിവരുമോ എന്ന ആശങ്കയിൽ കൈകൾ കൂട്ടിത്തിരുമ്മി രണ്ടാമത്തെയാൾ.
ഇണയോടൊപ്പം ജോലിസ്ഥലത്ത് എത്തിപ്പെടാനാവാത്തതിൻ്റെ അനിശ്ചിതത്വം ഘനീഭവിച്ച നിശ്ശബ്ദതയിൽ അസ്വസ്ഥയായി പിറുപിറുക്കുന്ന ഇളയമകൾ.
മുറ്റത്തും തൊടിയിലും അലസമായി നടന്ന് ചെവിയോടുചേർത്ത ഫോണിനോട് കിന്നാരം പറയുന്ന മറ്റുബന്ധുക്കൾ.
എങ്ങനെയും തീർന്നുകിട്ടിയാൽമതിയെന്ന അവരുടെ നിശ്വാസവും കാത്തിരിപ്പും അയാളെ പിന്നെയും അവശനാക്കി. ക്ഷണിക്കാതെയെത്തേണ്ട അതിഥിയെ കാത്ത് നിസ്സഹായനായി അയാൾ വിദൂരതയിലേക്ക് കണ്ണയച്ചു.
പിന്നെയെപ്പോഴോ വെയിൽച്ചൂടിന് ഉശിര് കുറഞ്ഞുവന്നു. വെളിച്ചം നേർത്തുനേർത്ത് ഒരുനുറുങ്ങായി ഇരുൾപ്പടർപ്പിലേക്ക് നൂഴ്ന്നിറങ്ങാൻ വെമ്പൽകൂട്ടുകയായിരുന്നു. അപ്പോഴാണ് കനത്ത മൂടൽമഞ്ഞുപോലെ ഒരു നിഴൽ കാഴ്ചപ്പുറത്ത് എത്തിപ്പെട്ടത്. നീലഗോട്ടിപോലെ തിളങ്ങുന്ന, അതിൻ്റെ ഇമവെട്ടാത്ത മിഴികളിൽനിന്ന് ശക്തമായി പ്രവഹിച്ച നീലവെളിച്ചം നിരവധി ചുഴികളുള്ള നീലക്കടലായി മാറി. ചുഴികളിൽപ്പെട്ട് ഒരിറ്റ് ശ്വാസത്തിനായി അയാൾ പിടഞ്ഞു.
പിന്നെ. ഏതാനും നിമിഷങ്ങൾക്കകം ശാന്തമായി. ചുഴികളില്ല, തിരമാലകളുടെ ഗർജ്ജനങ്ങളില്ല, നിശ്ശബ്ദതമാത്രം. അപ്പോഴും തൻ്റെനേരെ ഉറ്റുനോക്കുകയാണ് ആ നിഴൽ. ഇപ്പോൾ കണ്ണുകൾക്ക് നീലനിറമുണ്ടായിരുന്നില്ല.
"വിശ്വനാഥാ.. ഒടുക്കം നിൻ്റെ അസ്തിത്വം തെളിയിക്കാൻ കഴിഞ്ഞുവോ.? ഇല്ലെങ്കിൽ എന്തുകൊണ്ടായിരിക്കും?"
പൊടുന്നനെ അയാളുടെ അരികിലേക്ക് കുനിഞ്ഞ് ചെവിയോടടുപ്പിച്ച് നിഴൽരൂപം പതിഞ്ഞശബ്ദത്തിൽ ചോദിച്ചു.
എന്തുകൊണ്ട്? ഇതിനകം എത്രയോതവണ സ്വയമുന്നയിച്ച ചോദ്യം. ഓരോരോതവണ കാര്യാലയങ്ങൾ കയറിയിറങ്ങുമ്പോഴും കാത്തിരിപ്പിന് പ്രതീക്ഷയേകുന്ന 'നോക്കട്ടേ'', 'അന്വേഷിക്കട്ടേ' തുടങ്ങിയ സൗമ്യപദങ്ങൾ പോകെപ്പോകെ "ഇവിടെ.. രേഖകളൊന്നും നിലവിലില്ലെന്നിരിക്കേ പിന്നെയും പിന്നെയും വരുന്നതെന്തിന്'എന്ന് പരുഷമാവുമ്പോൾ തനിയേചോദിച്ച ചോദ്യം.. 'എന്തുകൊണ്ട്.. തനിക്കുമാത്രം.?'
''കാരണം.. നീ ജീവിച്ചിരുന്നുവെന്നതിന് തെളിവില്ലാത്തതുതന്നെ..! "
അരൂപിയുടെ പൊട്ടിച്ചിരി അയാൾക്ക് ഒട്ടും രസിച്ചില്ല.
"നിർത്ത്..എനിക്കുചുറ്റും അലമുറയിടുന്ന, എൻ്റെ രക്തത്തിൽ പിറന്ന തലമുറയെ നീ കണ്ടുവോ? ഞാൻ ജീവിച്ചിരുന്നില്ലെങ്കിൽ പിന്നെയെങ്ങനെ..?"
നിയന്ത്രണംവിട്ട് പരിസരബോധമില്ലാതെ ക്ഷോഭിക്കുകയും തൊട്ടടുത്തനിമിഷംതന്നെ അയാൾ നിശ്ശബ്ദനാവുകയും ചെയ്തു.
" ഹ ഹ...തലമുറ.! നിൻ്റെമരണം വൈകുന്ന നിമിഷമോരോന്നും അക്ഷമയോടെ കാത്തിരിക്കുന്ന ഇവരോ.? വിശ്വനാഥാ.. നീ എൻ്റേതും, ഞാൻ നിൻ്റേതും എന്ന പൊയ്വാക്കുകൾ അസ്തിത്വം തെളിയിക്കാനുതകുന്നതെങ്ങനെ.? നോക്കൂ..രേഖകളുണ്ടോ നിൻ്റെ കൈയിൽ? അചേതനങ്ങളായ രേഖകൾ? അല്ലെങ്കിൽ ഡിജിറ്റൽ തെളിവുകൾ.? ഒരിക്കൽ നീ ഈ മണ്ണിലുണ്ടായിരുന്നുവെന്നതിന് അതാണ് തികച്ചും വിശ്വസനീയം!''
വീണ്ടും അരൂപിയുടെ ശബ്ദം മുഴങ്ങി.
അചേതനങ്ങളായ രേഖകൾ..! കൊള്ളാം. രസകരമായ പ്രയോഗം.
അവസാനത്തെ കൂടിക്കാഴ്ചയെന്ന് നിനച്ച് തീർപ്പറിയാൻപോയ ദിവസം ഓർമ്മവന്നു. കറുത്തകണ്ണട മൂക്കിനുമുകളിൽ തള്ളിക്കയറ്റി ഓഫീസർ ഇരിപ്പിടത്തിലേക്ക് വിരൽചൂണ്ടി, ആവശ്യമെന്തെന്നാരാഞ്ഞു. ഇതിനുമുമ്പുള്ള ഓഫീസർമാരും കോടതിമുറികളിലെ കണ്ണുമൂടിക്കെട്ടിയ നീതിദേവതയേപ്പോലെ കറുത്തകണ്ണട ധരിച്ചിരുന്നുവെന്നോർത്തു. ഇതിനോടകം മുഖങ്ങളെത്രയോ മാറിമാറിവന്നിരിക്കുന്നു. അത്ഭുതപ്പെടുത്തിയത്, ഏറിയാൽ രണ്ടുമാസം..അതിൽക്കൂടുതൽ ആരെയും ആ കസേരയിൽ കാണാറില്ല എന്നതാണ്.
താനിവിടെ ഏകനാണെന്നും പ്രായത്തിൻ്റെ അവശതകൾക്കിടയിലും എത്രയോതവണ കയറിയിറങ്ങുന്നത് വിദേശത്തെ കടിഞ്ഞൂൽ പുത്രൻ്റയരികിലേക്ക് പോകുന്നതിനുള്ള രേഖകൾക്കുവേണ്ടിയാണെന്ന സങ്കടവും ഇതുവരെ അനുവദിച്ചുകിട്ടാത്തതിൻ്റെ വിഷമവും അദ്ദേഹം സശ്രദ്ധം കേട്ടു.
വഴിയുണ്ടാക്കാമെന്ന് ആശ്വസിപ്പിച്ച്, കോളിംഗ്ബെല്ലടിച്ച് അറ്റൻഡറെ വിളിച്ചു. ഗുമസ്ഥനിൽനിന്ന് ഫയൽ വരുത്തുകയും ചെയ്ത് വിശദമായ റിപ്പോർട്ട് വായിച്ച് ഒടുവിൽ മുഖമുയർത്തി.
''നോക്കൂ.. അമ്പതുവർഷത്തോളമുള്ള ജനനമരണങ്ങളുടെ ഡാറ്റകളാണ് ഇവിടെ സിസ്റ്റത്തിലുള്ളത്. അതിനുമുമ്പുള്ളവയ്ക്ക് രജിസ്റ്ററുകളണാശ്രയം. നിങ്ങൾ സമർപ്പിച്ച രേഖകളിൽ ആധാർകാർഡ്, റേഷൻകാർഡ്, ഇലക്ഷൻകാർഡ് എന്നിവയിൽ നിങ്ങളുടെ ജനനദിവസം സൂചിപ്പിക്കുന്നില്ല. മാത്രവുമല്ല ഓരോന്നിലും വർഷവും വ്യത്യസ്തങ്ങളാണ്. എന്നിട്ടും നിങ്ങൾക്കുവേണ്ടി സാധ്യതയുള്ള കാലയളവിലെ രജിസ്റ്ററുകൾക്കായി ഞങ്ങൾ തിരച്ചിൽനത്തി. താങ്കൾക്കറിയാമല്ലോ മുമ്പൊരിക്കലുണ്ടായ തീപ്പിടുത്തത്തിൽ ഒരുപാടുഫയലുകൾ നഷ്ടമായിട്ടുണ്ട്. ചിലപ്പോളതിലെങ്ങാനും..!''
"സർ.. ഈ വൃദ്ധൻ്റെ കാര്യത്തിൽ ഇത്രയും താത്പര്യമെടുക്കുന്നതിൽ നന്ദിയുണ്ട്.. എങ്കിലും.."
പറയാൻവന്നത് മുഴുമിപ്പിക്കാൻ വിടാതെ അദ്ദേഹം കൈയുയർത്തി വിലക്കി.
"മാഷിന് ഇതല്ലാതെ മറ്റുതെളിവുകളൊന്നും ഹാജരാക്കാനില്ലെന്ന് എനിക്കറിയാം. പക്ഷേ അത്ഭുതപ്പെടുത്തുന്നത് ഇക്കാലമത്രയും ജീവിച്ചിരുന്നിട്ട് വിശ്വസനീയമായ ഒരു തെളിവെങ്കിലും ഹാജരാക്കാൻ താങ്കൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്..?"
ചൂണ്ടലുപോലുള്ള ചോദ്യച്ചിഹ്നത്തിന്റെ മേലഗ്രത്തിൽകോർത്ത്, ചാട്ടുളിപോലെ നിലയില്ലാക്കയത്തിലേക്കെറിയുമ്പോൾ വിരാമചിഹ്നത്തിൻ്റെ കല്പടവിലിരിക്കുന്ന, നീതിദേവതയുടെ കണ്ണുകളോട് പറയേണ്ടുന്ന ഉത്തരത്തിനായി മുങ്ങാംകുഴിയിടവേ ഇതുവരെ പറഞ്ഞതുമുഴുവൻ വെറും ഭംഗിവാക്കുകളാണെന്നതിരിച്ചറിവുണ്ടായി.
"ക്വിറ്റിന്ത്യാസമരത്തിൽ ജയിലിടക്കപ്പെട്ട, ഒരു രാജ്യസ്നേഹിയുടെ മകനാണെന്ന പരിഗണനയെങ്കിലും തന്നുകൂടെ..?''
താടിയിൽ വിരലോടിച്ച് ഏറെനേരം ആലോചനാമഗ്നനായ അദ്ദേഹം പിന്നീട് വളരെ വിചിത്രമായ മറ്റൊരുചോദ്യമാണ് ഉന്നയിച്ചത്.
"താങ്കളുടെ അച്ഛൻ സിലോണിൽനിന്ന് കുടിയേറിവന്നയാളാണല്ലേ..?"
അഞ്ചുവയസ്സുള്ളപ്പോഴായിരുന്നു അച്ഛൻ്റെ മരണം. മുത്തച്ഛൻ കച്ചവടാവശ്യത്തിനായി സിലോണിൽ പോയകാലത്ത് അവിടെവച്ച് ഒരു തമിഴ്വംശജയിലുണ്ടായ കുട്ടിയാണ് അച്ഛനെന്നും പിന്നീട് ആ സ്ത്രീ മരിച്ചപ്പോൾ ആരോരുമില്ലാതായ പതിനഞ്ചുകാരൻ കച്ചവടാവശ്യത്തിനുപോയി തിരികെവരുന്ന ഏതോ ഉരുവിൽ സാഹസികമായി കയറിപ്പറ്റി പിതാവിനെത്തേടി വന്നതാണെന്നും അമ്മ പറഞ്ഞിട്ടുണ്ട്. സിലോൺകാരൻ രാമലിംഗം രയരപ്പനായി.അതേ സാഹസികതയാണ് യാഥാസ്ഥിതികനായ മുത്തച്ഛനെ ധിക്കരിച്ച് സ്വാതന്ത്ര്യസമരത്തിലും പ്രക്ഷോഭത്തിലും പങ്കെടുക്കാനിടയായതെന്ന് പലപ്പോഴായി അമ്മ പറഞ്ഞിരുന്നു.
"അതും എൻ്റെ അപേക്ഷയും തമ്മിൽ.."
പറഞ്ഞുവന്നത് മുഴുമിപ്പിക്കാൻവിടാതെ കൈയുയർത്തിവിലക്കി സഹതാപം കലർന്ന വാക്കുകൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
"മാഷേ..എന്നെയും നിങ്ങളെയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദൃശ്യമായ ചില കണ്ണുകൾ ചുറ്റിലുമുണ്ട്. എന്തിനധികം? ഈ കറുത്തകണ്ണട ഒന്നഴിച്ചുവച്ചാൽപോലും അറിയേണ്ടവർ അറിയും. ഇതിനുമുമ്പു ഈ സീററിലിരുന്നവരുടെ അനുഭവവുമതാണ്. അതുകൊണ്ട് താങ്കൾ കൂടുതലൊന്നും ചോദിക്കരുത്.. സോ.. അയാം ഹെൽപ് ലസ്.."
ഓഫീസർ എന്തിനെയോ ഭയപ്പെടുന്നതായി തോന്നുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നും മനസ്സിലായി. എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.
"വിശ്വനാഥാ..നീ തീർത്തും നിരാശനാണെന്ന് എനിക്കറിയാം. ഈ നിമിഷംതൊട്ട് അതെല്ലാം മറക്കുകയാണ് വേണ്ടത്. എങ്കിലും നിനക്ക് അവസാനമായി ഒരവസരംകൂടിതരാം. വരൂ.."
ചെവിയരികിൽ വീണ്ടുമനക്കം. ഇത്തവണ വാക്കുകളിൽ സഹതാപം കലർന്നിരുന്നു. എവിടെയെന്നറിയാത്ത ഉടൽരൂപത്തിലേക്ക്, ശബ്ദത്തിൻ്റെ ഉറവിടത്തിലേക്ക്.. കണ്ണുകൾ പരതി. മഞ്ഞുകട്ടപോലെ തണുത്തുമരവിച്ച വിരലുകൾ നീണ്ടുവന്ന് അയാളെ തൊട്ടു. കൂരിരുട്ടിൽ വിജനമായ ഏതോപാതയിൽ അപ്പൂപ്പൻതാടിപോലെ പറന്നുവീഴുമ്പോൾ മുമ്പെന്നോ ഇതുവഴി വന്നിരുന്നുവെന്ന് അയാളോർത്തു.
ഓരോ ചുവടുവയ്പും ഇരുളിന്റെ വലകൾ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. കണ്ണു ചിമ്മിയ തെരുവുവിളക്കും കറുത്തവാവും. ചെറിയതോതിൽ ചാറ്റൽമഴ പെയ്യുന്നുണ്ട്.
പ്രധാനപാതയെ അപേക്ഷിച്ച് ഇടുങ്ങിയതും അരികടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ രൂപപ്പെട്ട വഴി. ഏറെപ്പഴകിയാൽ ഇരുളും വെളിച്ചമായിവരും എന്നാണല്ലോ? ഒരുവിധം തപ്പിത്തടഞ്ഞ് ഏതാനും ദൂരം പിന്നിടുമ്പോഴേക്കും മുന്നിൽ താഴിട്ടുപൂട്ടിയ ഗേറ്റ്. അതിനുമപ്പുറം കോമ്പൗണ്ടിലാകെ അലസമായിനീണ്ടുനിവർന്ന് ഉറക്കംതൂങ്ങുന്ന പഴയകെട്ടിടം. ഇനി.? പെട്ടെന്നാണോർത്തത്. കൂടെവന്ന അരൂപിയെവിടെ.?
"ഏയ്.. നിങ്ങൾ എവിടെയാണ്..? ഞാൻ ഇനിയെന്തുചെയ്യണമെന്ന് പറയൂ..!" പതിഞ്ഞ ശബ്ദത്തിനുവേണ്ടി കാതോർത്തു. പക്ഷേ ചെവിയരികിൽ തണുത്തകാറ്റിൻ്റെ സീൽക്കാരം മാത്രം.
ഇരുട്ടിന്റെ നേർത്തകണികകളിലൂടെ സൂഷ്മനിരീക്ഷണം നടത്തി. ഇല്ല.. ആരുമില്ല. രാത്രികാവൽക്കാരനുണ്ടോ എന്നായിരുന്നു അറിയേണ്ടത്. ഉണ്ടെങ്കിലും ചിലപ്പോൾ ഉറങ്ങിപ്പോയതാവാം. അങ്ങനെയെങ്കിൽ സൂക്ഷിക്കണം. മഴയ്ക്ക്ശക്തികൂടി..
ഗേററിന്റെ അഴികൾക്കിടയിലെ വിള്ളലിൽ ചവുട്ടി നിഷ്പ്രയാസം കോമ്പൗണ്ടിനുള്ളിൽ കടന്നു. ഏറെ തഴക്കംചെന്ന കള്ളനെപ്പോലെ തുരുമ്പിച്ചഗ്രില്ലിന്റെ പൂട്ട് നിഷ്പ്രയാസം തുറന്നപ്പോൾ ഈ പ്രായത്തിലും തനിക്കിതിന് കഴിയുന്നല്ലോ എന്ന് സ്വയം അത്ഭുതംകൂറി..
മാർജ്ജാരപാദനായി അകത്തേക്കുകയറി. കൈയ്യിൽകരുതിയ പെൻടോർച്ചിൻ്റെ വെട്ടത്തിൽ വിശാലമായ ഹാളും ചെറിയ ക്യാബിനുകളും അയാൾ കണ്ടു. മേശപ്പുറത്ത് കമ്പ്യൂട്ടറുകളും ഫയലുകളും. പകലുകൾ മുഖരിതമാക്കിയ ശബ്ദമിശ്രിതങ്ങളാവാം ഈയ്യാംപാറ്റകളായി ചത്തുകിടക്കുന്നു. മുന്നോട്ടുപോകവേ വിവിധസെക്ഷനുകളുടെ ബോർഡുകളും അതിന്റെ മേധാവികളുടെ പേരുകളും വെട്ടിത്തിളങ്ങി. അതേ.. താൻ നിരന്തരം കയറിയിറങ്ങിയടത്തുതന്നെയാണ് വീണ്ടും എത്തിച്ചേർന്നിരിക്കുന്നത്.!
പൊടുന്നനെ കാലുകൾ നിശ്ചലമാവുന്നത് അയാളറിഞ്ഞു. വീണ്ടും സുക്ഷിച്ചുനോക്കി. അതുതന്നെ. "ജനനമരണം" എന്ന ബോർഡ്. മേശപ്പുറം ശൂന്യമായിരുന്നു. ക്യാബിനിൽനിന്ന് ക്യാബിനുകളിലേക്കും ഷെൽഫിൽനിന്ന് മറ്റൊന്നിലേക്കും അയാളും പെൻടോർച്ചിലെ പൗർണ്ണമിയും ചലിച്ചുകൊണ്ടേയിരുന്നു. പക്ഷേ തേടുന്നതുമാത്രം കണ്ടുകിട്ടിയില്ല.
ഏറെനേരത്തേ തിരച്ചിലിനൊടുവിൽ കിതപ്പോടെ സ്റ്റെയർക്കേയ്സിന്റെ പടവിലിരിന്നു. പൊടുന്നനെ ആരുടെയോ ദേഹത്ത് ചവുട്ടിയെന്നപോലെ 'അയ്യോ'എന്ന നിലവിളിയും ശാപവാക്കുകളുമുയർന്നു. ടോർച്ചുതെളിച്ചുനോക്കി.പക്ഷേ..അവിടം ശൂന്യമായിരുന്നു.! പാദപതനശബ്ദങ്ങളും പിറുപിറുപ്പുകളും സ്റ്റെയർക്കേയ്സിൻ്റെ മുകളിലൂടെ അകന്നുപോകുന്നതറിഞ്ഞ് അയാളും ചവിട്ടുപടികൾ കയറാൻതുടങ്ങി. അവിടെ വിശാലമായ ഹാളിൽ കുറേക്കൂടി വലിയ കാബിൻ കണ്ടു..
'റിക്കാർഡ് റൂം'..
ബോർഡിൽ ടോർച്ചുവെട്ടം പൂത്തിരികത്തി. തുറന്നിട്ടവാതിലിലൂടെ, ഹാളിനകത്ത് നിരനിരയായി സ്ഥാപിച്ച ഷെൽഫുകളെ ഇംഗ്ലീഷ്അക്ഷരങ്ങളും അക്കങ്ങളുംകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നതു കണ്ടു. അകത്തേക്കു പ്രവേശിക്കാനൊരുങ്ങവേ അദൃശ്യമായ തിക്കുംതിരക്കും അനുഭവപ്പെട്ട് അയാൾ പുറത്തേക്കുതന്നെ തെറിച്ചുവീണു. അരൂപികളുടെ നിശ്വാസവും കുശുകുശുപ്പും കേൾക്കുന്നുണ്ട്.. തിരക്കിലൂടെ ഒരുവിധം കയറിപ്പറ്റി.
അകത്ത് ആരൊക്കെയോ പിടിവലികൂടുന്ന ബഹളം. കടലാസ്സുകൾ തലങ്ങും വിലങ്ങും പറക്കുന്നു. മുറിയുടെ ഒത്തമദ്ധ്യത്തിൽ ഇരുവശത്തുമുള്ള അലമാരകൾക്കിടയിൽ മേശയും കസേരയും. അവിടെയൊരാൾ.! ഞെട്ടിപ്പോയി. അയാളുടെ പിൻഭാഗംമാത്രം കാണാം. ഏതോപുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിപ്പാണ്. റെക്കാർഡ്കീപ്പറാവും. പുറംചട്ടകീറിയ, തടിച്ചരജിസ്റ്ററുകൾ അടുക്കുംചിട്ടയുമില്ലാതെ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. തിരക്കിലൂടെ അയാളുടെ തൊട്ടുപിന്നിലെത്തി. തൊട്ടാൽപൊടിയുന്ന താളുകൾ കൃത്യമായ ഇടവേളകളിൽ മറിച്ചുകൊണ്ടിരിക്കുകയാണ് അയാൾ.
"വരൂ.. ഞാൻ കാത്തിരിക്കുകയായിരുന്നു."
തിരിഞ്ഞുനോക്കാതെ സൂക്ഷിപ്പുകാരൻ്റെ പരുക്കൻ ശബ്ദം.
സ്കൂൾകുട്ടികളെപ്പോലെ ക്രമാതീതമായി കലപിലകൂട്ടുന്ന അരൂപികളെ മേശമേലടിച്ച് അധ്യാപകനെപ്പോലെ അയാൾ ശാസിച്ചു. പൊടുന്നനെ നിശ്ശബ്ദതപരന്നു. അദ്ദേഹം തനിക്കായി തുറന്നുവച്ച രജിസ്റ്ററിൽ ആകാംക്ഷയോടെ കണ്ണോടിച്ചു. അതിൻ്റെ വലതുവശത്തെ താളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
'1946 മലയാം ജില്ല ചിറക്കൽ താലൂക്ക് 28 നമ്പ്ര് കൊയ്യംഅംശം 114 നമ്പ്ര് പെരിന്തലേരി ദേശത്തിലെ (1946) മത് കൊല്ലത്തിലെ ജനനം.. കൊല്ലൊടു ഘൊഷവാർ കണക്ക്.' താഴെ ജനനക്കണക്ക് ഇനംതിരിച്ചിരിക്കുന്നു.
ഇടതുവശത്ത് ഡിസംബർ മാസത്തിലെ ജനനക്കണക്ക്. 31ന് നേരെ എഴുതിയതിൽ മാതാ.. പിതാ..മീത്തലേകല്യാട്ട് ദേവകി, രയരപ്പൻനായർ.. അടുത്ത കോളത്തിൽ ആൺപ്രജയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. താഴെ..തൻമാസം ആകെജനനം ഇനംതിരിച്ച് എഴുതിയിട്ടുണ്ട്. അതിനുകീഴെ അധികാരി, അച്ചുതവാരിയർ ഒപ്പ്.
എത്രയോ ദിനരാവുകളിൽ ഉത്തരംകിട്ടാത്ത സമസ്യ. നന്ദിപൂർവ്വം സൂക്ഷിപ്പുകാരൻ്റെ മുഖത്തേക്ക് പാളിനോക്കി. ഇദ്ദേഹവും നീതിദേവതയുടെ മൂടിക്കെട്ടിയ കണ്ണുകൾ എന്നപോലെ കറുത്തകണ്ണട ധരിച്ചിരിക്കുന്നു. കാവല്ക്കാരൻ സാവകാശം കറുത്തകണ്ണട അഴിച്ചുമാറ്റി മുഖാമുഖം നിന്നു. കണ്ണുകളുടെ സ്ഥാനത്ത് വലിയ രണ്ടുകുഴികൾ. അതിൻ്റെ ആഴങ്ങളിൽ രണ്ടു നീലഗോട്ടികൾ തിളങ്ങി. ഒരു നിമിഷം പകച്ചുപോയെങ്കിലും കഴിഞ്ഞ ഏതാനും മണിക്കൂറിൽ കണ്ടതുംകേട്ടതും ഒട്ടും സാധാരണമല്ലല്ലോ എന്നോർത്ത് ദീർഘനിശ്വാസം വിട്ടു.
പൊടുന്നനെ തൊണ്ടയിലെന്തോ കുരുങ്ങി. ശ്വാസം മുട്ടുന്നതുപോലെ.. വീണ്ടും വീണ്ടും പ്രാണവായുവിനായി പിടയുമ്പോൾ ആരൊക്കെയോ അലമുറയിടുന്നതുകേട്ടു. "നാരായണ.. നാരായണ" പ്രായംചെന്ന ആരുടെയോ നാമജപവും അതോടൊപ്പമുയർന്നു.