(Jojo Jose Thiruvizha)
ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു. അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു. ശിഷ്യൻ
നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു.
ഗുരു: "എന്താ കുട്ടി?"
ശിക്ഷ്യൻ: "കുറെ നാളായി എന്നെ ഒരു സംശയം അലട്ടുന്നു.ദൈവം ഉണ്ടോ ഇല്ലയോ?."
ഗുരു: "അത് നീ സ്വയം കണ്ടെത്തേണ്ടതാണ്. എങ്കിലും ചിലകാര്യങ്ങൾ ഞാൻ പറയാം. ഈ പ്രപഞ്ചത്തിൽ ശൂന്യതയിൽ നിന്ന് ആർക്കും ഇതുവരെ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ പ്രപഞ്ചം ഉണ്ടാകാൻ എന്ത് കാരണമായോ ആശക്തിയാണ് എന്നെ സംബന്ധിച്ച് ദൈവം. അത് പക്ഷേ ഇന്നത്തെ മതങ്ങൾ സംങ്കൽപ്പിക്കുന്ന പോലെ ഒരു സർവ്വശക്തനും ഈ പ്രപഞ്ചത്തെ മുഴുവനും നൻമയ്ക്ക് അനുസരിച്ച് സംരക്ഷിക്കുന്നവനും തിൻമയ്ക്ക് അനുസരിച്ച് ശിക്ഷിക്കുന്നവനും അല്ല. അത് ചിലപ്പോൾ ഗുരുത്വാകർഷണം പോലെ ഒന്നാവാം. ആ ശക്തി ചില നിമിത്തങ്ങളുടെ സ്വാധീനം വഴിയായി പ്രപഞ്ച സൃഷ്ടിക്ക് കാരണമായതാകാം. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിന് ഇനി മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. അപ്പോൾ പിന്നെ ദൈവം ഉണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് എന്ത് കാര്യം."
ശിഷ്യൻ: "അങ്ങനെയാണെങ്കിൽ സ്വർഗ്ഗവും നരകവും ഇല്ലെന്നാണോ അങ്ങ് പറയുന്നത്?."
ഗുരു: "ശാന്തിയും ആനന്ദവും ഉള്ള മനസ്സാണ് സ്വർഗ്ഗം. അശാന്തിയും ദുഃഖവും നിലനിൽക്കുന്ന മനസ്സാണ് നരകം. അതു രണ്ടും ഈ ഭൂമിയിൽ തന്നെ ഉണ്ട്.അതും തേടി ഇനിയെങ്ങും പോകണം എന്നില്ല.
ശിഷ്യൻ: "അങ്ങനെയാണെങ്കിൽ ജീവിതത്തിൻെറ ലക്ഷ്യം എന്താണ്?."൦
ഗുരു: "ജീവിതത്തിൻെറ ലക്ഷ്യം ആനന്ദം നേടലാണ് അല്ലാതെ ദൈവത്തെ കണ്ടെത്തലല്ല."
ഗുരു ഒരു ചെറുചിരിയോടെ ശിഷ്യനോട് ചോദിച്ചു. "ഒരു പീഠത്തിൽ മൂന്നു തളികകളിലായി മിഠായി, പണം, യൗവനം കിട്ടാനുള്ള ഔഷധം എന്നിവ വച്ചിരിക്കുന്നു. ബാലൻ, യുവാവ്, വൃദ്ധൻ എന്നിവർ അവിടേയ്ക്ക് പോകുന്നു. ഒരോ ആൾക്കും ആ തളികയിലുള്ള ഏതെങ്കിലും ഒന്നെടുക്കാം.എങ്കിൽ അവർ ഓരോരുത്തരും എന്തായിരിക്കും എടുക്കുക?."
ശിഷ്യൻ: "ബാലൻ മിഠായിയും യുവാവ് പണവും വൃദ്ധൻ യൗവനത്തിനുള്ള മരുന്നും എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്."
ഗുരു: "നീ ശരിയായി തന്നെ പറഞ്ഞു. മനുഷ്യരുടെ ജീവിതാവസ്ഥ ആനുസരിച്ച് അവർക്ക് ആനന്ദം നൽകുന്ന വസ്തുക്കൾക്ക് മാറ്റം വരാം. പക്ഷേ എൻെറ അഭിപ്രായം അനുസരിച്ച് ആഗ്രഹം ഒഴിവാക്കുകയാണ് ആനന്ദം നേടാൻ വേണ്ടി ചെയ്യേണ്ടത്. എന്തെങ്കിലും ആഗ്രഹം നേടി എടുക്കാൻ തോന്നിയാൽ അതിനുള്ള വ്യഗ്രതയിലാവും അയാളുടെ ജീവിതം. ജീവിത വ്യഗ്രത അയാളുടെ മനശാന്തി നശിപ്പിക്കും. ഇനി ആഗ്രഹം സാധിച്ചില്ലെങ്കിൽ അത് ദുഃഖത്തിന് കാരണമാകും. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക അതാണ് വേണ്ടത്. എപ്പോഴും മനസ്സിൻെറ ശാന്തിയും ആനന്ദവും നിലനിർത്താൻ പരിശ്രമിക്കുക. ഓരോ മനുഷ്യൻെറയും ആനന്ദം അവൻെറ ഉള്ളിൽ നിന്നാണ് വരുന്നത്. ഇത് കണ്ടെത്തിക്കഴിയു൩ോൾ നിനക്ക് ബോധോദയം ലഭിക്കുന്നു നീ ബുദ്ധനായി തീരുന്നു. "
ഗുരു പറഞ്ഞ് അവസാനിപ്പിച്ചു. ഗുരു - ശിഷ്യ സംവാദം കേട്ട് നിന്നിരുന്ന കിഴക്കൻ കാറ്റ് തല ഇളക്കി പൂച്ചെടികളോട് എന്തോ പറഞ്ഞു. അതു കേട്ട് പൂക്കൾ പുഞ്ചിരിച്ചു. ഈ ഗുരു കോടി കോടി ജനങ്ങളുള്ള ഏതെങ്കിലും മതത്തിൻെറ മേലധ്യക്ഷനോ, അത്യത്ഭുങ്ങൾ കാട്ടുന്ന മാന്ത്രീകനോ ആയിരുന്നില്ല. കൊടുകാടിനു നടുവിലെ മലയിടുക്കിലെ തൻെറ കുടിലിൽ കഴിഞ്ഞ് കാട്ടിൽ നിന്ന് ഉപജീവനം കഴിച്ച് ജീവിച്ച ഒരു യോഗി ആയിരുന്നു. പണത്തിന് വേണ്ടി സത്യത്തെ മിഥ്യയാക്കുകയും മിഥ്യയെ സത്യം ആക്കുകയും ചെയ്യുന്ന വാദ്ധ്യാൻമാർക്ക് ഇടയിൽ മനസ്സിൻെറ തമസ്സിനെ അകറ്റി ജ്ഞാന പ്രകാശത്തിലേക്ക് നയിക്കുന്ന ബുദ്ധനായിരുന്നു.