(Abbas Edamaruku)
കത്തിക്കാളുന്ന മീനവെയിൽ മുഖത്ത് പൊള്ളൽ തീർത്തിട്ടും അതിനെ വകവെക്കാതെ ...ബസ്സിൽ , നിന്നിറങ്ങി അബ്ദു മുന്നോട്ടു നടന്നു .കഴിഞ്ഞ നാലു വർഷംകൊണ്ട് തന്റെ നാടിനു വന്ന മാറ്റങ്ങൾ അവനെ അത്ഭുതപ്പെടുത്തി.
"അല്ല, ഇതാര് അബ്‌ദുവോ? എപ്പോ വന്നു നീയ്?"എതിരെ കുടയുംചൂടി നടന്നുവന്ന മുഹമ്മദ് മുസ്‌ലിയാരുടെ ശബ്ദം അവനെ ഒരു നിമിഷം വിസ്മയം കൊള്ളിച്ചു .
"ഞാൻ വരുന്ന വഴിയാണ് മുസ്‌ലിയാരെ. ഇന്ന് പുലർച്ചെ പുറത്തിറങ്ങി." അവൻ പ്രിയ ഗുരുനാഥനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് കരം കവർന്നു.
"എന്താ വെയില്. ചുട്ടുപൊള്ളുകയാണ്. കുടയില്ലാതെ നടക്കുന്നത് പ്രയാസം. ആരും വന്നില്ലേ നിന്നെ കൂട്ടാൻ.?" മുസ്‌ലിയാർ ആകാംക്ഷയോടെ അവനെനോക്കി.
"ഇല്ല, ആര് വരാൻ? എല്ലാവരാലും വെറുക്കപ്പെട്ടവനല്ലേ ഞാൻ?" അവന്റെ ശബ്ദത്തിൽ വേദന നിഴലിച്ചുനിന്നു.
"ഏയ്, അങ്ങനൊന്നും പറയരുത്. ഇതൊക്കെ മനുഷ്യജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ് .എന്തെല്ലാം സഹിച്ചാലാണ് ഒരു മനുഷ്യജീവിതം പൂർണ്ണമാവുക .കുറച്ചുനാൾ വിദേശത്തുപോയി നിന്നിട്ട് സ്വന്തം നാട്ടിൽ തിരിച്ചെത്തി .അങ്ങനെ കരുതിയാ മതി ."മുസ്‌ലിയാരുടെ വാക്കുകളിൽ അനുകമ്പ നിറഞ്ഞുനിന്നു .
"ജാമ്യത്തിൽ വന്നതല്ലല്ലോ .?ശിക്ഷാ കാലാവധി തീർന്നതല്ലേ .?"മുസ്‌ലിയാർ അവനെനോക്കി.
"ശിക്ഷ തീർന്നുവന്നതാണ്."
"അള്ളാഹു അനുഗ്രഹിക്കട്ടെ. എല്ലാം നന്നായി വരട്ടെ .കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് പുതിയൊരു ജീവിതത്തിനു തുടക്കം കുറിക്കണം .സമയം കിട്ടുമ്പോൾ പള്ളിക്ക് വരണം .എന്നാ ...ഞാൻ നടക്കുന്നു. "മുസ്‌ലിയാർ വാത്സല്യത്തോടെ ഒരിക്കൽക്കൂടി അവന്റെ കരം കവർന്നിട്ട് മുന്നോട്ടു നടന്നു .
പ്രിയ ഗുരുനാഥന്റെ ആശ്വാസവാക്കുകൾ ... അവന്റെ മനസ്സിൽ ചെറു കുളിർ പടർത്തി .മുസ്‌ലിയാർ അങ്ങനാണ് എല്ലാവരോടും സ്നേഹവും ,അനുകമ്പയും ... മാത്രം ഉള്ള മനുഷ്യൻ .ഓർമ്മവെച്ച നാൾമുതൽ മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല .പണ്ടുകാലം മുതലേ തന്റെ കുടുംബവുമായി മുസ്‌ലിയാർക്ക് ബന്ധമുണ്ട് .ആതിരയുമായുള്ള തന്റെ പ്രണയബന്ധത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ ... മുസ്‌ലിയാർ ഒരിക്കൽ തന്നെ ഉപദേശിച്ചത് അവൻ മനസ്സിലോർത്തു .
"സ്നേഹിക്കുന്നത് തെറ്റല്ല .പക്ഷേ ,ജാതിയും മതവുമൊക്കെ മറന്നുകൊണ്ടുള്ള പ്രണയം ... വലിയ കോലാഹലങ്ങൾക്ക് വഴിവെക്കും .പ്രത്യേകിച്ചും ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ."
മുസ്‌ലിയാർ ,പറഞ്ഞ വാക്കുകൾ യാഥാർഥ്യമായി .താനും ആതിരയുമായുള്ള പ്രണയം നാട്ടുകാർക്കും ,വീട്ടുകാർക്കുമെല്ലാം ഇടയിൽ വലിയ പ്രശ്നങ്ങൾ സൃഷിടിച്ചു .എന്തിന് സമൂഹത്തിൽ തന്നെ അത് വലിയ ഭൂകമ്പമായി മാറി .വർഗീയത മനസ്സിൽ കുടിയേറിയ സമൂഹം തങ്ങളുടെ പ്രണയത്തെ ...വർഗ്ഗീയ പോരിൽ വരെ കൊണ്ടെത്തിച്ചു .
ശത്രുക്കളുടെ എണ്ണം കൂടിയിട്ടും ,വീട്ടുകാർ ശക്തമായി എതിർത്തിട്ടും ... താനും ആതിരയും തങ്ങളുടെ ബന്ധത്തിൽ ഉറച്ചുനിന്നു .പക്ഷേ അതിന്റെ പേരിൽ എന്തെല്ലാം ഉണ്ടായി .അവൻ ഒരു ദീർഘ നിശ്വാസമുതിർത്തു .
"അബ്‌ദു, നീ എന്തിനാ ഈ വെയിലത്തു നടന്നത് .?നിന്നോട് പറഞ്ഞതല്ലേ കവലയിൽ നിന്നാ മതി .ഞാൻ അവിടേക്ക് വരാമെന്ന് .?"ബൈക്കിൽ പാഞ്ഞെത്തിയ പ്രിയ സുഹൃത്ത് അവനെനോക്കി കുറ്റപ്പെടുത്തുംപോലെ പറഞ്ഞു .
"സാരമില്ല അപ്പുണ്ണി, എത്രനാളായി ഞാൻ ഇങ്ങനെ വെയിലും കൊണ്ട് ഇതിലൂടെയൊക്കെ നടന്നിട്ട്."അവൻ മുഖത്തൊരു പുഞ്ചിരി പടർത്തി .
നാട്ടുകാർ ഒന്നടങ്കം തന്റെ പ്രണയത്തെ എതിർത്തപ്പോഴും ,മതത്തിന്റേയും മറ്റും പേരിൽ... ചേരിതിരിഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴുമെല്ലാം ... തനിക്കൊപ്പം നിന്നവനാണ് അപ്പുണ്ണി .കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചുവളർന്നവൻ .ഒരേ ക്ലാസിൽ ഒരുമിച്ചു പഠിച്ചവർ .ആതിരയുമായുള്ള പ്രണയത്തിന് ആദ്യനാൾ മുതൽ ...പ്രോത്സാഹനം നൽകി കൂടെനിന്നവൻ .വീട്ടുകാർ പോലും എതിർത്തുപറഞ്ഞപ്പോൾ ,ആട്ടി പുറത്താക്കിയപ്പോൾ ...സ്വന്തം മതക്കാരുടെ വാക്കുകളെപ്പോലും എതിർത്തുകൊണ്ട്...സ്വന്തം വീട്ടിൽ തനിക്ക് അഭയം തന്നവൻ .
അതിലെല്ലാമുപരി കഴിഞ്ഞ നാലുവര്ഷക്കാലം തന്നെ ജയിലിൽ സന്ദർശിക്കാനെത്തിയ ഏക വെക്തി. സെൻട്രൽ ജയിലിന്റെ ഇരുമ്പഴികൾക്കുള്ളിൽ... നൊമ്പരവും പേറി കഴിഞ്ഞ നാളുകളിൽ ...
നാട്ടിലേയും, വീട്ടിലേയും വിവരങ്ങളുമായി സന്ദർശിക്കാനെത്തിയ പ്രിയ സുഹൃത്ത്.
"അബ്ദു, നീ... ബൈക്കിൽ കയറ്. ഞാൻ വീട്ടിൽ കൊണ്ടുവിടാം." അവൻ ആവേശം കൊണ്ടു .
"കയറാം ...ആദ്യം വീട്ടിലേയ്ക്കല്ല എനിക്ക് പോകേണ്ടത് .ആതിരയുടെ അടുക്കലേയ്ക്കാണ് .എന്നെ പ്രണയിച്ചതിന്റെ പേരിൽ ഇന്നും കണ്ണുനീരൊഴുക്കി മെഴുകുതിരിപോലെ സ്വയം ഉരുകി കഴിയുന്ന എന്റെ പ്രണയിനിയുടെ അടുക്കലേയ്ക്ക് ."അബ്‌ദുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു .
അപ്പുണ്ണി ആശ്ചര്യത്തോടെ അവനെ നോക്കി.
"അതുവേണോ? ഇനിയും കഴിഞ്ഞതൊക്കെ പുതുക്കി ചേർത്ത്... വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കണോ .?പഴയതൊക്കെ ഒരു ദുസ്വപ്നമായി നീ മറന്നുകളയ് ."അപ്പുണ്ണി സുഹൃത്തിനെ നോക്കി .
"ഒന്നും സംഭവിക്കില്ല അപ്പുണ്ണി ,സത്യം എന്നും സത്യം തന്നെയാണ് .കഴിഞ്ഞതൊന്നും അത്ര എളുപ്പം മറക്കാനും ,തള്ളിക്കളയാനും ആവില്ല .എന്നുകരുതി നീ ഭയക്കേണ്ട .എന്റെ മനസ്സ് ശാന്തമാണ് .കഴിഞ്ഞ നാല് വർഷത്തെ ജീവിതം എന്നെ ഒരുപാട് ചിന്തിപ്പിച്ചു .ഞാൻ ഒരുപാട് പഠിച്ചു .അതുകൊണ്ട് തന്നെ ഞാൻ ഒരു പ്രശനവും ഉണ്ടാക്കില്ല .ആതിരയെ ഒന്നു കാണണം ,സംസാരിക്കണം ,അവളുടെ കുടുംബത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയണം അത്രമാത്രം .പിന്നെ ,അവൾക്ക് സമ്മതമാണെങ്കിൽ ...ആരൊക്കെ എതിർത്താലും എന്റെ ജീവിതത്തിലേയ്ക്ക് അവളെ കൈപിടിച്ചു കൂട്ടണം .എന്നിട്ട് ജാതിയും ,മതവുമൊന്നും ഇല്ലാത്തൊരു സ്ഥലത്തേയ്ക്ക് ഓടിപ്പോകണം ."അവൻ ആവേശത്തോടെ പറഞ്ഞുനിർത്തി .
"എല്ലാം നിന്റെ ഇഷ്ട്ടം പോലെ .അന്നും ...ഇന്നും നീ പറയുന്നത് അനുസരിക്കാനാണ് എനിക്ക് ഇഷ്ടം ."ബൈക്ക് സ്റ്റാർട്ടാക്കികൊണ്ട് അവൻ പറഞ്ഞു .
"മാധവൻ നായർ മരിച്ചതിൽ പിന്നെ ആരൊക്കെയാണ് ആ വീട്ടിൽ താമസം .?"കത്തിലൂടെ ആതിര എല്ലാം എഴുതി അറിയിച്ചിരുന്നെങ്കിലും വെറുതേ ...ബൈക്കിന്റെ പിന്നിലിരുന്നുകൊണ്ട് അബ്ദു സുഹൃത്തിനോട് ചോദിച്ചു .
"ആതിരയും ,അമ്മയും തനിച്ച് .അശോകൻ ,ഒരു പെണ്ണിനെ സ്നേഹിച്ചു കെട്ടി അവളുടെ വീട്ടിൽ ദത്തു നിൽക്കുകയാണ് .വീടും ,പറമ്പുമെല്ലാം ...കാടുപിടിച്ചു കിടക്കുന്നു .നോക്കി നടത്താൻ ആണുങ്ങൾ ആരെങ്കിലും വേണ്ടേ .?അച്ഛന്റെ പെട്ടന്നുള്ള മരണം അതിരയ്ക്ക് വല്ലാത്തഷോക്കായി പോയി .ഏട്ടനുപിന്നാലെ ... അച്ഛനും ,കൂടി പോയതോടെ എല്ലാം നശിച്ചു .എന്തുചെയ്യണമെന്നറിയാതെ ...നീറിനീറി ജീവിക്കുകാണ് പാവം ആതിര .ജാതിയുടേയും , മതത്തിന്റേയും പേരിൽ തമ്മിൽ തല്ലി സ്വയം നശിച്ചെന്നു പറഞ്ഞാൽ മതി ."അപ്പുണ്ണി നിരാശയോടെ പറഞ്ഞു .
കുന്നും പുറത്ത് തറവാടിന് മുന്നിൽ ചെന്ന് അബ്ദു , ബൈക്കിൽ നിന്ന് ഇറങ്ങി .
"അപ്പുണ്ണി ,ഞാൻ ആതിരയെ ഒന്നു കാണട്ടെ .അവളുമായി കുറച്ചുനേരം സംസാരിക്കട്ടെ .അതുവരെ നീ ...?"അവൻ സുഹൃത്തിനെ നോക്കി .
"നീ പോയ് വരൂ ...ഞാൻ അലിയാരിക്കയുടെ പീടികയിൽ ഉണ്ടാവും .നീ വന്നിട്ട് വേണം നമുക്ക് എല്ലായിടത്തും ഒന്നു ചുറ്റി അടിക്കാൻ .നീ ഒരുപാട് നാൾകൂടി വന്നതല്ലേ ."അപ്പുണ്ണി സുഹൃത്തിന് സന്തോഷം പകർന്നു .
പൊളിഞ്ഞുവീഴാറായ പഴയ പടിപ്പുരവാതിൽ തള്ളിത്തുറന്നുകൊണ്ട് ...അവൻ അകത്തേയ്ക്ക് കയറി .അപ്പോൾ കണ്ടു .ഒരു നഷ്ടസ്വപ്നപോലെ അതാ ആതിര നിൽക്കുന്നു .മുറ്റത്തുനിൽക്കുന്ന മുല്ലച്ചെടികളെ പരിപാലിക്കുകയാണ് അവൾ .മുല്ലകൾ പൂത്തുതളിർത്തിരിക്കുന്നു .നിറയെ പൂവുകൾ.
"എന്റെ മുല്ലച്ചെടികൾ പൂവിടുമ്പോൾ... ഞാൻ ആഗ്രഹിക്കുന്നവർ എന്റെ അടുക്കൽ എത്തിച്ചേരും." ഒരിക്കൽ ആതിര പറഞ്ഞ വാക്കുകൾ അവൻ മനസ്സിലോർത്തു.
അവനെ കണ്ട് മുല്ലച്ചെടിയുടെ പരിപാലനം നിർത്തിവെച്ചുകൊണ്ട് ...അവൾ അത്ഭുതത്തോടെ നോക്കി ചോദിച്ചു .
"അബ്‌ദു ...എപ്പോൾ വന്നു .?"
"ഇപ്പോൾ ....വരുന്ന വഴിയാണ്. ആദ്യം ആതിരയെ കാണണമെന്നു തോന്നി ."അവൻ പുഞ്ചിരിതൂകി .
"ആണോ .?എനിക്കറിയാമായിരുന്നു ആദ്യം ഇവിടേയ്ക്ക് വരുമെന്ന് .വരൂ ...കയറി ഇരിയ്ക്കൂ." അവൾ അവനെ പൂമുഖത്തേയ്ക്ക് ക്ഷണിച്ചു .
നടക്കല്ലിൽ ചെരുപ്പുകൾ ഊരിയിടുമ്പോൾ കണ്ടു ...പൂമുഖത്തെ ഭിത്തിയിൽ മാലചാർത്തി തൂക്കിയിരിക്കുന്ന ആതിരയുടെ, അച്ഛന്റേയും ...ചേട്ടന്റേയും ചിത്രങ്ങൾ .അവൻ ഒരുനിമിഷം അത് നോക്കിനിന്നു .അവന്റെ കണ്ണുകളിൽ അറിയാതെയെന്നവണ്ണം നീർക്കണങ്ങൾ മൊട്ടിട്ടു .
"എനിക്കറിയാമായിരുന്നു അബ്ദു ,ഇന്ന് വരുമെന്ന് .എന്റെ മുല്ലകൾ പൂക്കൾ വിടർത്തിയത് കണ്ടില്ലേ?" അവളുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു .
"അമ്മയെവിടെ?" ഒരു നിമിഷത്തെ പതർച്ചയ്ക്കു ശേഷം കണ്ണുകൾ തുടച്ചുകൊണ്ട് അവൻ ചോദിച്ചു .
"അമ്മ, അകത്തുണ്ട്. കാലുവയ്യ... നടക്കാനൊക്കെ വലിയ ബുദ്ധിമുട്ടാണ്. വാതത്തിന്റെ അസൂഖം." അവൾ പറഞ്ഞു.
"ആരാ മോളേ അവിടെ?" ഈ സമയം അകത്തുനിന്നും അമ്മയുടെ ശബ്ദം ഉയർന്നുകേട്ടു. ഒപ്പം വാതിലിനു പിന്നിൽ ഒരു പാദ ചലനവും.
"ഓഹോ ...നീയാണോ വന്നത്.? ഇന്ന് വരുമെന്ന് ഇവൾ അറിയിച്ചിരുന്നു. ഒരെണ്ണത്തിനെ കൊലയ്ക്ക് കൊടുത്തതു പോരാഞ്ഞിട്ട് ബാക്കി ഉള്ളവരെക്കൂടി ഇല്ലാതാക്കാൻ വന്നതാണോ?" അവർ വെറുപ്പോടെ അവനെനോക്കി ചോദിച്ചു.
ആ വാക്കുകളിൽ കുറ്റപ്പെടുത്തലുകളുടേയും, സങ്കടത്തിന്റേയും, വെറുപ്പിന്റേയുമെല്ലാം കാഠിന്യം നിറഞ്ഞുനിന്നു.
"അമ്മേ ,എന്താ ഇങ്ങനെ?" ആതിര അപേക്ഷിക്കുമ്പോലെ ദയനീയമായി അമ്മയെ നോക്കി.
"ഇല്ല, ഞാനൊന്നും പറയുന്നില്ല. നിനക്ക് എന്നും കുടുംബക്കാരെക്കാൾ പ്രിയപ്പെട്ടത് ഇവന്റെ ഇഷ്ടമായിരുന്നല്ലോ. ഒരു കൂടപ്പിറപ്പിനെ ഇല്ലാതാക്കിയിട്ടുപോലും... ഇന്നും നീ ഇവനെ മനസ്സിൽ വെച്ച് പൂജിക്കുവല്ലേ. എല്ലാം ദൈവവിധി." അബ്‌ദുവിനെ കടുപ്പിച്ച് നോക്കി പുലമ്പികൊണ്ട് അവർ അകത്തേയ്ക്ക് നടന്നു.
എന്തുപറയണമെന്നറിയാതെ ഒരുനിമിഷം നിന്നുപോയ അവനെ നോക്കി ആതിര, സങ്കടത്തോടെ പറഞ്ഞു.
"അമ്മയുടെ സ്വഭാവം അറിയാമല്ലോ. അബ്ദു ക്ഷമിക്കണം."
"ഏയ്, അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്? ഏതൊരു അമ്മയും ഇങ്ങനെയല്ലേ പ്രതികരിക്കൂ? സ്വന്തം മകനെ കൊല ചെയ്തവനോട് മാന്യമായി പെരുമാറാൻ ഒരമ്മയ്ക്കും കഴിയില്ലലോ?" അവന്റെ ശബ്ദം ഇടറി.
"അബ്ദു, ഇരിക്ക്... ഞാൻ ചായ എടുക്കാം." ആതിര അകത്തേയ്ക്ക് പോയതും അവന്റെ മനസ്സിലൂടെ ഒരിക്കൽക്കൂടി പഴയ ഓർമ്മകൾ പീലിവിടർത്തി.
ആതിരയും താനുമായുള്ള പ്രണയം കൊടുംപിരി കൊണ്ടനാൾ .വീട്ടുകാരുടെ എതിപ്പുകളേറ്റു വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥയിൽ ...സുഹൃത്തിന്റേയും ,മറ്റും വീട്ടിൽ അന്തി ഉറങ്ങിയ നാളുകൾ .പ്രണയം ജാതിയുടേയും ,മതത്തിന്റെയുമെല്ലാം പേരിൽ പോരടിക്കാൻ തുടങ്ങിയപ്പോൾ ...
താൻ ആതിരയെ പ്രണയിച്ചതിന്റെ പേരിൽ... ആതിരയുടെ ചേട്ടൻ തന്റെ, വീട്ടിൽ വന്ന് ഭീഷണി മുഴക്കുകയും ...തന്നെയും, ബാപ്പയെയും വഴിയിൽ വെച്ച് ഉപദ്രവിക്കുകയും ചെയ്തു. എന്നിട്ടും താൻ എല്ലാം സഹിച്ചു. പക്ഷേ, താൻ അതിരയുമായി പ്രണയം തുടർന്നതിന്റെ പേരിൽ... തന്റെ സഹോദരിമാരെ ആതിരയുടെ ചേട്ടൻ കയറിപ്പിടിക്കുകയും, മാതാപിതാക്കളുടെ മുന്നിൽവെച്ച് അവരുടെ മാനത്തിനു വില പറയുകയും ചെയ്തപ്പോൾ... തനിക്ക് സഹിക്കാനായില്ല.
അങ്ങനെയാണ് ഒരുനാൾ... പാതിരാവിൽ പാത്തിരുന്നുകൊണ്ട് ആതിരയുടെ ചേട്ടനെ, കുറുവടികൊണ്ട് അടിച്ചുവീഴ്ത്തിയത്. ഒന്ന് വേദനിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രതികാരം ആവേശമായി കൈകളിലേക്ക് ഇരച്ചുകയറിയപ്പോൾ... ഇരുളിന്റെ മറവിൽ തലയ്ക്ക് അടിയേറ്റത് അറിഞ്ഞില്ല. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ആതിരയുടെ ചേട്ടൻ മരണപ്പെട്ടു.
"ചായ കുടിക്കൂ." ആതിരയുടെ ശബ്ദം അവനെ ചിന്തയിൽ നിന്ന് ഉണർത്തി.
ചായ കൈയിൽ വാങ്ങുമ്പോൾ... അവൻ, ആതിരയെ നോക്കി.
"ആതിരേ, നിനക്ക് എന്നോട് വെറുപ്പില്ലേ? ഉണ്ടാകും... എന്നോട് ക്ഷമിക്കൂ. നിന്റെ ഏട്ടനെ കൊന്നതിന്... അതുവഴി നിന്റെ അച്ഛനെ രോഗിയാക്കി മരണത്തിലേയ്ക്ക് തള്ളിവിട്ടതിന് എനിക്ക് മാപ്പ് തരൂ..." അവൻ തേങ്ങി.
"ഏയ്... അബ്ദു, എന്താ ഇത്. നിന്നെ ഞാൻ വെറുക്കുമോ? അതിന് എനിക്ക് ഈ ജന്മം കഴിയുമെന്ന് തോന്നുന്നുണ്ടോ? ഏട്ടന്റെ മരണം... ഏട്ടന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ കരുതുന്നു. ഒന്നും മനപ്പൂർവ്വം ആയിരുന്നില്ലല്ലോ? എല്ലാം വിധിയാണ്. അബ്‌ദുവിന്റെ കൈകൊണ്ട് എന്റെ ഏട്ടൻ മരണപ്പെട്ടതും, ആ ദുഃഖം മൂലം അച്ഛൻ ഹൃദ്രോഗിയായി മാറിയതും, തറവാട്ടിലെ അവസ്ഥയോർത്ത് നാണക്കേട് സഹിക്കവയ്യാതെ ഇളയ ചേട്ടൻ ഭാര്യവീട്ടിൽ താമസമാക്കിയതും എല്ലാം... വിധിയുടെ വിളയാട്ടമാണ്." അവൾ ഒരുനിമിഷം നിർത്തി.
"അസൂഖ ബാധിതനായി മരണക്കിടക്കയിൽ കിടക്കുമ്പോൾ... എന്റെ കൈപിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞത് നമ്മുടെ പ്രണയബന്ധത്തെ എതിർത്ത കാര്യത്തിൽ തെറ്റുപറ്റിയെന്നാണ്. അബ്‌ദുവിനോട് മാപ്പ് അറിയിക്കണമെന്നും. മകന്റെ കൊലപാതകിയോട് ആ പിതാവിന് ക്ഷമിക്കാൻ കഴിഞ്ഞെങ്കിൽ... സഹോദരിയായ നിന്നെ ജീവന് തുല്ല്യം സ്നേഹിക്കുന്ന എനിക്ക് ക്ഷമിക്കാൻ കഴിയില്ലേ? കഴിയും. പിന്നെ ... അമ്മ, പ്രായമായില്ലേ? മനസ്സിലെ സങ്കടംകൊണ്ട് പറയുന്നതാണ്. അത് കാര്യമാക്കണ്ട."
"എന്റെ കുടുംബം മാത്രമല്ലല്ലോ തകർന്നത്. അബ്‌ദുവിനും കുടുംബം നഷ്ട്ടമായില്ലേ? ജാതിയുടേയും, മതത്തിന്റേയും പേരിൽ വാശിയും, ആഭിജാത്യവും കൂടി ഉടലെടുത്ത് ഉണ്ടായ പ്രശ്നങ്ങൾ. രണ്ടു കുടുംബങ്ങൾ സ്വയം ബലിയാടായി" അവൾ പറഞ്ഞു നിർത്തി.
ചായ കുടിച്ച ഗ്ലാസ് തിരികേ കൊടുക്കുംനേരം ഒരിക്കൽക്കൂടി അവൻ ചുവരിൽ തൂക്കിയ ചിത്രങ്ങൾക്ക് നേരേ നോക്കി. അവളുടെ നേരെയും .
ആ സമയം അവന് തോന്നി. ഫോട്ടോയിലിരുന്നുകൊണ്ട് ആതിരയുടെ അച്ഛനും, ചേട്ടനും തന്നെനോക്കി പുഞ്ചിരിക്കുകയാണെന്ന്. അവളുടെ ചേട്ടൻ പറയുകയാണ്...
"എന്നോട് ക്ഷമിക്കൂ... അബ്ദു. എനിക്ക് തെറ്റുപറ്റിപ്പോയി. എന്റെ പെങ്ങൾ, പാവമാണ്. മനസ്സുനിറച്ചും അബ്‌ദുവിനോടുള്ള സ്നേഹവുമായി ഹൃദയം നൊന്ത് കഴിയുകയാണ് അവൾ. അവൾക്ക് വേറെ ആരുമില്ല. അബ്ദു അവളെ കൈവിടരുത് ."
"ഇല്ല കൈവിടില്ല ."അവൻ മെല്ലെ മനസ്സിൽ പറഞ്ഞു .എന്നിട്ട് പുഞ്ചിരിയോടെ ആതിരയെ നോക്കി .
"ആതിരേ ,എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് ."
"എന്താ .?"അവൾ അവനെനോക്കി .
"നമ്മൾ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നു ...മനസിലാക്കുന്നു .നിനക്ക് സമ്മതമാണെങ്കിൽ ഇനിയെങ്കിലും നമുക്ക് ഒന്നായി കൂടെ .?"
ആതിരയുടെ മുഖത്ത് വേദനകലർന്നൊരു പുഞ്ചിരി വിടർന്നു .അവൾ മെല്ലെ പറഞ്ഞു .
"എനിക്ക് അബ്‌ദുവിനോട് പണ്ട് ഉണ്ടായിരുന്ന അതേ സ്നേഹം തന്നെയാണ് ഇപ്പോഴും .അതിന് ഈ ജന്മം ഒരു കുറവും ഉണ്ടാകില്ല. ഈ ലോകത്ത് മറ്റാരേക്കാളും കൂടുതൽ നിന്നെ മനസ്സിലാക്കിയിട്ടുള്ളതും ഞാൻ തന്നെയാണ്. പക്ഷേ, ഇനിയൊരു ഒത്തുചേരൽ... വിവാഹം. അത് വേണ്ട."
"മനുഷ്യനേക്കാൾ കൂടുതലായി മതങ്ങളെ സ്നേഹിക്കുന്ന... മതത്തിനുവേണ്ടി രക്തം ചിന്താൻ തയ്യാറായി നിൽക്കുന്നവരുടെ ലോകത്ത് പ്രണയബന്ധങ്ങൾക്ക് സ്ഥാനമില്ല. സ്നേഹബന്ധങ്ങൾ മതത്തിന്റെ അളവുകോൽ കൊണ്ട് അളക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ ഭൂരിഭാഗവും. ഈ അളവുകോൽ വലിച്ചെറിയാൻ കഴിയാത്തിടത്തോളം ഒരു പ്രണയബന്ധവും യഥാർഥ്യമാവുകയില്ല. ഇവിടെയാണ് പല പ്രണയ ബദ്ധങ്ങളുടേയും ഇഴകൾ പൊട്ടിപ്പോകുന്നത്."
"അതിലുപരി എന്നെ സ്വീകരിക്കാൻ അബ്‌ദുവിന്റെ വീട്ടുകാർ തയ്യാറാവില്ല. സഹോദരനെ കോന്നവന്റെ കൂടെ ഇറങ്ങിപ്പോയവൾ എന്ന് എന്നെ സമൂഹം അധിക്ഷേപിക്കും... അതിലെനിക്ക് ഭയമില്ല. പക്ഷേ ഞാൻമൂലം എന്റെ അമ്മകൂടി മരിക്കാനിടയായേക്കും. അതെനിക്ക് താങ്ങാനാവില്ല. അതുകൊണ്ട് കൂടിയാണ് ഞാൻ പറയുന്നത് .. മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള പ്രണയം, ഒത്തുചേരൽ നമുക്ക് വേണ്ടാ എന്ന്. മതത്തിന്റെ പേരിൽ മാനുഷിക മൂല്യങ്ങൾ അളക്കാത്ത ഒരുകാലം വരികയാണെങ്കിൽ... അല്ലെങ്കിൽ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് ഒന്നാകാം. അതുവരെ വയ്യ. "പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ വീടിനുള്ളിലേയ്ക്ക് ഓടിപ്പോയി.
ഒരുനിമിഷം വേദനയോടെ ആ പോക്ക് നോക്കി നിന്നിട്ട് അവൻ മെല്ലെ തിരിഞ്ഞു നടന്നു. ആ സമയം അവന്റെ മനസ്സിൽ അവൾ പറഞ്ഞ വാചകങ്ങൾ തികട്ടിവന്നു.
"സ്നേഹബന്ധങ്ങൾ മതത്തിന്റെ അളവുകോൽ കൊണ്ട് അളക്കുന്ന സമൂഹത്തിൽ പ്രണയ ബന്ധങ്ങൾക്ക് സ്ഥാനമില്ല."
ആതിരയോട് ഒരിക്കൽക്കൂടി സംസാരിക്കണം. എങ്ങനേയും അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവരണം മനസ്സിലുറപ്പിച്ചുകൊണ്ട് അവൻ, മെല്ലെ അവിടെനിന്നും ഇറങ്ങിനടന്നു .