(Neelakantan Mahadevan)
നവതി കഴിഞ്ഞ രാധാകൃഷ്ണൻ നായർ അനുഭവങ്ങളുടെ ഹിമാലയമാണ്. വാർധയിൽ പോയി ഗാന്ധിജിയെ കണ്ടിട്ടുണ്ട്. ആദ്യം കോൺഗ്രസ്സായിരുന്നു. പിന്നീട് കമ്മ്യൂണിസ്‌റ്റായി. കുറച്ചുകാലം ഒരു തുണിമില്ലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ പത്തുവർഷം മുൻപ് മരിച്ചു. മൂന്നു മക്കളും അവരുടെ ഭാര്യമാരും കുട്ടികളും വിദേശങ്ങളിലാണ്. അവർ വരാറില്ല. വിളിക്കാറില്ല. സാമ്പത്തികസഹായങ്ങ ളൊന്നും ചെയ്യാറുമില്ല.
രാധാകൃഷ്ണൻ നായർ ഇപ്പോൾ ഒരു വൃദ്ധ സദനത്തിലെ അന്തേവാസിയാണ്. അവിടെ തന്നാലാവുന്ന ജോലികളെല്ലാം ചെയ്യും. കുക്കിനെ സഹായിക്കും. മുറികളൊക്കെ തൂത്തുവൃത്തിയാക്കാൻ സഹായിക്കും. ടോയ്ലറ്റുകൾ ഹാർപ്പിക്കും ലൈസോളും ലോഷനും ഉപയോഗിച്ച് വൃത്തിയാക്കും. കെയർ ടേക്കറെ കണക്കുകൾ നോക്കാൻ സഹായിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒപ്പം കൂടും...
രാധാകൃഷ്ണൻ നായരുടെ സുഹൃത്തും ബാർ മുതലാളിയുമായ,തോമസിന്റെ മകനാണ് ജേക്കബ്.മലയാളം എം.എ.പി.എച്ച്. ഡി. കോളേജ് ലക്ച്ചററാണ്.കവിതയും കഥയും നോവലും എഴുതിയിട്ടുണ്ടെങ്കിലും വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. വീട്ടമ്മയായ ഭാര്യ എലിസബത്തും ഏകമകൾ റീത്തയും അയാളെ വിളിക്കാറുള്ളത് അവശകലാകാരൻ എന്നാണ് !
തോമസ് ഒരു വാഹനാപകടത്തിലാണ് മരിച്ചത്. ബോഡി വീട്ടിലെത്തിയതു മുതൽ പള്ളിയിൽ അടക്കുന്നതുവരെ നിറഞ്ഞ കണ്ണുകളോടെ, തന്റെ അവശതകൾ മറന്ന്, രാധാകൃഷ്ണൻ നായർ ഉണ്ടായിരുന്നു.
കഥയും കവിതയും നോവലും എഴുതാൻ കാക്കത്തൊള്ളായിരം പേരുണ്ട്. ചിലരൊ ക്കെ പലപലസൂത്രവിദ്യകളിലൂടെ പേരുകാരായി. കൈയിൽ നിന്നു കാശു മുടക്കി വലിയ പുരസ്കാരങ്ങൾ നേടി. കേട്ടുകേൾവിയില്ലാത്ത പ്രസാധകർ കൃതികൾ നിരവധി പ്രസിദ്ധീകരിച്ചു. ഈ വഴിയിൽ കുറച്ചുദൂരം നടന്നപ്പോൾ ജേക്കബിനു മനസ്സിലായി - എഴുതിയാൽ മാത്രം പോരാ, സെൽഫ് മാർക്കറ്റിംഗിൽ അപാരകഴിവും വേണം !
ഒരു രാത്രിയിൽ സുരതാനന്തരാലസ്യത്തിൽ ബെഡ്റൂം ലാംപിന്റെ അരണ്ട വെട്ടത്തിൽ ഫാൻ തിരിയുന്നതു നോക്കിക്കിടക്കുമ്പോൾ രണ്ടു ചിന്തകൾ അയാളുടെ തലച്ചോറിൽ മിന്നി .
ഒന്ന് - ഇത്രയധികം പഠിച്ചിട്ടും എഴുതിയിട്ടും സാഹിത്യത്തിലൊരിടം നേടാൻ കഴിഞ്ഞില്ല. അത്രയൊന്നും വിദ്യാഭാസമില്ലാത്ത പലരും ഇന്നു പ്രശസ്തരാണ്. അമ്പതും നൂറും എഡിഷനുകളിലാണ് അവരുടെ കൃതികൾ എത്തിനിൽക്കുന്നത്. അസൂയ അടക്കാൻ കഴിയുന്നില്ല. ഒരു കഷ്ണം കയർ ....
രണ്ട് - ഡു ഓർ ഡൈ. വേണ്ടത്ര പ്രശസ്തി ലഭിക്കുന്ന ഒരു കൃതി രചിച്ചേ മതിയാകൂ! എന്തുകൊണ്ട് ഒരു ജീവചരിത്രമോ ആത്മകഥയാ ആയിക്കൂടാ? തന്റെ കഥ തുറന്നെഴുത്തിന് വഴങ്ങില്ല! പിന്നെ സമൂ ഹത്തിനു വേണ്ടി താനെന്തു ചെയ്തു?
അടുത്ത ദിവസം രാവിലെ ജേക്കബ് രാധാകൃഷ്ണൻ നായരെ സന്ദർശിച്ചു. തന്റെ ആവശ്യം സൂത്രത്തിൽ അവതരിപ്പിച്ചു - അങ്ങയുടെ ജീവിതം നിസ്തുലമാണ്. ജനമറിയേണ്ടതാണ്. ഒരു പത്തു മണിക്കൂർ അങ്ങെനിക്കനുവദിക്കണം. പല ദിവസങ്ങ ളിലായി മതി ....
തന്റെ ആത്മമിത്രം തോമസിനെയോർത്തപ്പോൾ രാധാകൃഷ്ണൻ നായരുടെ മിഴികൾ നിറഞ്ഞു. ജേക്കബ് പുസ്തകം പൂർത്തിയാക്കി . ഒരു സാഹിത്യമിത്രം മുഖേന ഡി.സി.ബുക്സിനെ സമീപിച്ചു. പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. നിരവധി റിവ്യൂകൾ വന്നു. രണ്ടാം എഡിഷൻ ആറുമാസത്തിൽ പുറത്തിറങ്ങി. വിഖ്യാതമായ ഒരുപുരസ്കാരത്തിന് ഗ്രന്ഥം അർഹമായി. പ്രസ്സ് ക്ലബ്ബിൽവച്ച് വിദ്യാഭ്യാസമന്ത്രിയാണ് പുരസ്കാരം നൽകുന്നത്. പത്തുമണിക്കാണ് ഫംഗ്ഷൻ.
പ്രമുഖസാഹിത്യകാരൻമാർ പങ്കെടുക്കുന്നു. കുടുംബസമേതം ഒൻപതരയ്ക്ക് സ്വന്തം കാറിൽ പ്രസ്ക്ലബ്ബിലേക്കു യാത്ര ചെയ്യുമ്പോൾ ജേക്കബിന് ഒരു ഫോൺകാൾ വന്നു - വൃദ്ധസദനത്തിന്റെ കെയർ ടേക്കറർ-രാധാകൃഷ്ണൻ സാർ അല്പം മുൻപ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ബന്ധുക്കളാരും വരുന്നില്ലെന്നറിയിച്ചു. വൈകാതെതന്നെ ശാന്തികവാടത്തിൽ ശവസംസ്കാരം നടത്തുന്നതാണ്....
ഫോൺ നിശ്ശബ്ദമായപ്പാൾ റീത്ത ചോദിച്ചു: ആരാ?
എലിസബത്ത് ചോദ്യം ആവർത്തിച്ചു:
ആരാ വിളിച്ചത്? കാറോടിക്കുകയല്ലേ, പിന്നെ വിളിക്കാമെന്നു പറയാമായിരുന്നില്ലേ?
ജേക്കബ് മെല്ലെ പറഞ്ഞു: ഒരു കൂട്ടുകാരനാണ്. അയാൾക്ക് ഇന്നത്തെ ഫംഗ്ഷനിൽ എത്താൻ കഴിയില്ലത്രേ.... ക്ഷമ ചോദിക്കുകയായിരുന്നു...