

പൊടുന്നനെയുള്ള പെങ്ങടെ ചോദ്യം എന്നെ ഞെട്ടിച്ചു. ആ ചോദ്യം എന്റെ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു. എന്റെ മനസ്സ് ഒരുനിമിഷം കഴിഞ്ഞകാല ഓർമകളുടെ തീഷ്ണതയിലേക്ക് ഊളിയിട്ടു. പുറത്തു നന്നായി മഴപെയ്‌തിട്ടുകൂടി പൂമുഖത്തെ അരഭിത്തിയിലിരുന്ന ഞാൻ വിയർത്തുകുളിച്ചു.
"ആർക്കറിയാം ...അവളെ ചതിച്ചത് ആരാണെന്ന്. എന്താ നീ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ ...?"പറഞ്ഞിട്ട് ഞാൻ പെങ്ങടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു. അവളുടെ മിഴികളിൽ വല്ലാത്ത തിളക്കം.
"ഒന്നുമില്ല ...ഞാൻ വെറുതേ ചോദിച്ചെന്നേഉള്ളൂ. പാവമായിരുന്നില്ലേ അവൾ. എന്തു സ്നേഹമായിരുന്നു നമ്മളോടൊക്കെ അവൾക്ക്. അവളെ ചതിച്ചതാരായാലും കണ്ടെത്തണം നമുക്ക്. അയാൾ ശിക്ഷിക്കപ്പെടണം."പെങ്ങടെ വാക്കുകളിൽ പ്രിയസ്നേഹിതയുടെ വിയോഗദുഃഖം നിറഞ്ഞുനിൽക്കുന്നത് ഞാനറിഞ്ഞു.
ഒരുനിമിഷം ഞാൻ ,പെങ്ങടെ മുഖത്തേക്ക് നോക്കി .എന്റെ ഒരേയൊരു പെങ്ങൾ .അവളുടെ ഏതൊരാഗ്രഹവും നിറവേറ്റിക്കൊടുക്കാൻ ഞാനെന്നും തയ്യാറായിരുന്നു .അവളുടെ മുഖമൊന്നു വാടിക്കാണാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല .അവൾക്കുമുന്നിൽ എനിക്ക് രഹസ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല .ഇന്നവൾ വിവാഹിതയാണ് .ഒരു കുട്ടിയുടെ അമ്മയാണ് .അയൽക്കാരിയും ,പ്രിയകൂട്ടുകാരിയുമായ ഷാഹിനയുടെ മരണത്തിൽ പങ്കെടുക്കാനായി വീട്ടിലെത്തിച്ചേർന്നതാണവൾ .അവൾ ചോദിക്കുന്നു ഷാഹിന , ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ആരെന്ന് .താനെങ്ങനെ പെങ്ങൾക്ക് മറുപടി കൊടുക്കും .
"എന്താണ് ഇക്കാക്കാ ആലോചിക്കുന്നത് ...?"പെങ്ങടെചോദ്യം എന്നെ ചിന്തകളിൽ നിന്നും മുക്തനാക്കി .
"ഒന്നുമില്ല ...വെറുതേ ."ഞാൻ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .തുടർന്ന് ഏതാനുനിമിഷം ഞങ്ങൾക്കിടയിൽ നിശബ്ദത വന്നുനിറഞ്ഞു .
പുറത്തു മഴ ,ശക്തമായി പെയ്തുകൊണ്ടിരുന്നു .മരങ്ങളും ചെടികളുമെല്ലാം കാറ്റിൽപെട്ടുലഞ്ഞാടി .ഞാൻ വീണ്ടും കഴിഞ്ഞകാല ചിന്തകളിലേക്ക് മടങ്ങിപ്പോയി .എന്റെമനസ്സ് വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി .കാതിൽ ഒരിക്കൽക്കൂടി പെങ്ങടെ ചോദ്യം മാറ്റൊലിക്കൊണ്ടു .
"ഇക്കാക്കാ ആരാവും ഷാഹിനയെ, ചതിച്ചത് ..."
കാലം എത്രവേഗത്തിലാണ് കടന്നുപോകുന്നത് .അത്ഭുതത്തോടെ ഞാൻ മനസ്സിലോർത്തു .ആ സമയം എന്റെമനസ്സിലേക്ക് ഒരു പെൺകുട്ടിയുടെ മുഖം കടന്നുവന്നു .വെളുത്തുതുടുത്ത ,കരിംകൂവളമിഴികളുള്ള ,അരക്കെട്ടോളം മുടിയുള്ള ആ സുന്ദരി ...ഷാഹിനയായിരുന്നു.
ഏതാനും വർഷങ്ങൾക്കുമുൻപ് എന്റെ അയൽവീട്ടിൽ താമസത്തിനെത്തിയ പാവപ്പെട്ട കുടുംബത്തിലെ രണ്ടുപെൺകുട്ടികളിൽ മൂത്തവൾ .എത്രപെട്ടന്നാണ് അവൾ തന്നോടും പെങ്ങളോടുമൊക്കെ സൗഹൃദത്തിലായത് .സ്‌കൂളിലേക്ക് ഒരുമിച്ചുള്ള പോക്കുവരവുകൾക്കിടയിൽ എപ്പോഴാണ് ഞാൻ അവളുമായി ഇഷ്ടത്തിലായത് .ജീവനുതുല്യം തന്നെ സ്നേഹിച്ചിരുന്ന അവളെ താനെപ്പോഴാണ് കാമക്കണ്ണുകളോടെ കണ്ടുതുടങ്ങിയത് .എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു .
ഈ സമയം പുറത്തൊരു മിന്നൽപ്പിണർ ആകാശത്തുനിന്നും ഭൂമിയിലേക്ക് വെളിച്ചംവീശികൊണ്ട് ആഴ്ന്നിറങ്ങി .ആ വെളിച്ചത്തിൽ ഞാൻ കണ്ടു എന്റെ അരികിലിരിക്കുന്ന പെങ്ങടെമിഴികൾ നീരണിഞ്ഞിരിക്കുന്നത് .ഷാഹിനയുടെ മരണം അവളുടെ ഹൃദയത്തെ അത്രമേൽ വേദനയിലാഴ്ത്തിയിരിക്കുന്നു .ഷാഹിനയോട്, ഒരിക്കലെങ്കിലും അടുത്തിടപഴകിയിട്ടുള്ള ആർക്കും ഇങ്ങനെ സങ്കടമുണ്ടാകും .അത്രക്കും നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമയായിരുന്നല്ലോ അവൾ .
ഒരിക്കൽക്കൂടി മിന്നൽപിണർ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി .ഒപ്പം ഭൂമിയെ നടുക്കുമാറുച്ചത്തിൽ ഇടിയും മുഴങ്ങി .എന്റെ മനസ്സിലേക്ക് ആ കൊടുംപാപത്തിന്റെ ദിവസം കടന്നുവന്നു .
ആറുമാസങ്ങൾക്ക് മുൻപ് .കോരിച്ചൊരിയുന്നൊരു മഴയത്ത് .താൻ ഷാഹിനയുടെ വീട്ടിൽ കടന്നുചെല്ലുമ്പോൾ ... വീട്ടിൽ അവൾമാത്രമേ ഉണ്ടായിരുന്നുള്ളൂ .അന്ന് ഏതാനും നിമിഷങ്ങൾക്ക് ശേഷം അവിടെനിന്നും മടങ്ങുമ്പോൾ ഷാഹിനയ്ക്ക് വിലപ്പെട്ടതെല്ലാം ഞാൻ കവർന്നെടുത്തിരുന്നു .എന്റെ കപടസ്നേഹത്തിനു മുന്നിൽ വിലപ്പെട്ടതെല്ലാം എനിക്കായി അവൾ കാഴ്ചവെച്ചു എന്ന് പറയുന്നതാവും ശരി .ആ ഓർമ്മകൾ ഒരുനിമിഷം എന്റെ മിഴികളെ ഈറനണിയിച്ചു .പെങ്ങൾ കാണാതെ ...ഞാൻ മെല്ലെ ഉടുമുണ്ടിന്റെ തുമ്പുയർത്തി കണ്ണുകൾ തുടച്ചു .
"എന്താ ഇക്കാക്കാ ...എന്തിനാ ഇക്കാക്കാ കരയുന്നത് ...?"പൊടുന്നനെയുള്ള ,പെങ്ങടെ ചോദ്യത്തിനുമുന്നിൽ എന്തുപറയണമെന്നറിയാതെ ഞാൻ പകച്ചുപോയി .എന്റെ നിറമിഴികൾ അവൾ കണ്ടിരിക്കുന്നു .
"ഏയ് ,ഒന്നുമില്ല ...വെറുതേ ..."ഞാൻ പെങ്ങളെനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു .
"ഇല്ല ,എന്തോകാര്യമുണ്ട് .ഇക്കാക്കയുടെ മിഴികൾ നിറഞ്ഞുതൂവിയത് ഞാൻ കണ്ടു .എന്തായാലും പറയൂ ...!ഈ പെങ്ങളോട് പറയാനാവാത്ത എന്തു ദുഃഖമാണ് ഇക്കാക്കയ്ക്കുള്ളത് ...?ഷാഹിനയുടെ മരണത്തിനുപിന്നിൽ ഇക്കാക്കയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ ..?ആ കുറ്റബോധമാണോ ഇക്കാക്കയുടെ ഈ കണ്ണുനീരിനുപിന്നിൽ ..?എനിക്കിപ്പോൾ അറിയണം ."പെങ്ങൾ എന്നെനോക്കി പറഞ്ഞു .
"ഒന്നു പോകുന്നുണ്ടോ നീ .വെറുതേ ഓരോന്നു പറഞ്ഞുണ്ടാക്കാതെ ."പെങ്ങളെനോക്കി ശബ്ദമുയർത്തിക്കൊണ്ട് അവളുടെമുന്നിൽ നിന്നും രക്ഷപെടാനായി ഞാൻ പൂമുഖത്തുനിന്നും എഴുന്നേറ്റു വീടിനുള്ളിലേക്ക് നടന്നു .
അന്നുരാത്രി എത്രശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .മനസ്സിലാകെ ഷാഹിനയുടെ മുഖം നിറഞ്ഞുനിന്നു .അവളോട് ചെയ്ത വഞ്ചനയുടെ നീറ്റൽ എന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു .ഷാഹിനയെ ചതിച്ചത് ഞാനാണെന്ന് പെങ്ങളും സംശയിക്കുന്നു .ആകെ ഭ്രാന്തുപിടിക്കുന്ന അവസ്ഥ .
രാത്രി ഏറെവൈകിയതും ശബ്ദമുണ്ടാക്കാതെ മെല്ലെ മുറിയിൽനിന്നും പുറത്തിറങ്ങി ഞാൻ .ചുറ്റും വിജനമാണ് .എങ്ങും പരിപൂർണ്ണ നിശബ്ദത .മഴവെള്ളം വീണുകിടന്ന മുറ്റത്തുകൂടെ ഞാൻ മെല്ലെ മുന്നോട്ടുനടന്നു .
പുതുമഴയുടെ കുളിരും ,വന്യമായനിശ്ശബ്ദതയും എന്നെ പൊതിയുന്നതായി എനിക്കുതോന്നി .മുന്നിൽ ഇടവഴികൾ നീണ്ടുപരന്നുകിടക്കുന്നു .വഴിയരികിലായി ഷാഹിനയുടെ വീട് .അധികം ദൂരത്തല്ലാതെ ഞങ്ങൾ കണ്ടുമുട്ടിയിരുന്ന മരക്കൂട്ടങ്ങൾ .ഈ വീട്ടുമുറ്റത്തും ,മരക്കൂട്ടങ്ങൾക്കിടയിലായും ഞങ്ങളുടെ ഒരുപാട് കാൽപ്പാടുകളുണ്ട് .ആ കാല്പ്പാടുകളിലൂടെ ഒരിക്കൽക്കൂടി ചുവടുവെക്കാൻ എന്റെമനസ്സ് വെമ്പൽകൊണ്ടു .ഞാൻ മെല്ലെ അവിടേക്ക് ചുവടുകൾവെച്ചു .
ആ സമയം എന്റെകാതിൽ ഒരു പാദസരത്തിന്റെ കിലുക്കം ഉയർന്നുകേട്ടു .ഷാഹിനയുടെ പാദസരത്തിന്റെ അതേ കിലുക്കം .അതൊരു തേങ്ങൽപോലെയാണ് എനിക്ക് തോന്നിയത് .മരക്കൂട്ടങ്ങൾക്കിടയിൽ ഒരു വെളിച്ചം അവിടെ പുകമറപോലെ ഒരു മനുഷ്യരൂപം .തട്ടത്തിന്റെ ഒളിമിന്നലാട്ടം .പാറിപ്പറക്കുന്ന കാർകൂന്തൽ .ആ മരക്കൂട്ടങ്ങൾക്കു മുന്നിൽവെച്ചു ഞാൻ ഒരിക്കൽക്കൂടി അവളുടെ സാന്നിധ്യമറിഞ്ഞു .സത്യാവസ്ഥ അറിയാനായി ഏതാനും ചുവടുകൾകൂടി മുന്നോട്ടുവെച്ചെങ്കിലും മരക്കൂട്ടങ്ങൾക്കിടയിലുള്ള സ്ഥലം ശൂന്യമായിരുന്നു .എല്ലാം എന്റെ വെറും തോന്നൽ മാത്രം .
ആ സമയം അകലെ പള്ളിയിൽനിന്നുമുള്ള വൈധ്യുതിവെളിച്ചം ഞാൻകണ്ടു .എന്റെ ഷാഹിനയെ അടക്കംചെയ്ത പള്ളിക്കാട് . ആ മണ്ണും ,മരങ്ങളും എന്നെ അവിടേക്ക് മാടിവിളിക്കുന്നതുപോലെ എനിക്കുതോന്നി .ഞാൻ മെല്ലെ അവിടേക്ക് നടന്നു .പള്ളിക്കവാടത്തിനുമുന്നിൽ ഒരുനിമിഷം ഞാൻ നിന്നു .തുടർന്ന് ഭ്രാന്തമായ ഒരാവേശത്തോടെ ഗെയ്റ്റുതള്ളിതുറന്നുകൊണ്ട് ആ പള്ളിക്കാട്ടിലേക്ക് ചുവടുകൾ വെച്ചു .
ഒരുപാട് മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി .തണുത്തകാറ്റ് ചുറ്റുപാടും വീശിയടിക്കുന്നുണ്ട് .എങ്ങും പരിപൂർണ്ണ നിശബ്ദത .പുതുതായിത്തീർത്ത കബറിനരികിലേക്ക് ഞാൻ മെല്ലെനടന്നു .നിറമിഴികളോടെ ആ കബറിനരികിൽ നിൽക്കുമ്പോൾ ഒരിക്കൽക്കൂടി അവളുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി .
"ഭൂമിയിൽ നാം ഒരുമിച്ചായിരിക്കും .സ്വർഗ്ഗത്തിലും ."എന്നിട്ടോ ..?ഞാൻ ചിന്തിച്ചു .
ഷാഹിനയുടെ കരിംകൂവളമിഴികളും ,തുടുത്തകവിളുകളും ആ കണ്ണിൽനിന്നും കവിളിലൂടെ പടർന്നിറങ്ങിയ കണ്ണുനീർതുള്ളികളും ഒരിക്കൽകൂടി എന്റെ മനസ്സിൽ നീറ്റൽപടർത്തി .ആറുമാസങ്ങൾക്ക്മുൻപ്.
ബോംബെയിലേക്ക് ജോലിതേടിയിറങ്ങുമ്പോൾ അവസാനമായി അവളോട് യാത്രപറഞ്ഞിറങ്ങുമ്പോൾ എന്തൊക്കെയോ പറയാനായി അവളുടെ ചുണ്ടുകൾ വിറകൊണ്ടത് ...എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞുതൂവിയത് ...എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു .അവൾക്ക് പറയാനുള്ളതൊന്നും കേൾക്കാൻ നിൽക്കാതെ ഞാനന്നുപോയി .ബോബെയിലെത്തിയിട്ട് ഒരിക്കൽപോലും അവളുമായി ബന്ധപ്പെടാൻ ശ്രമിച്ചില്ല .മനപ്പൂർവമായിരുന്നത് .എനിക്ക് ആവശ്യമുള്ളത് ഞാൻ നേരത്തേ നേടിയെടുത്തുകഴിഞ്ഞിരുന്നു .ഇനി അവളെ ഒഴിവാക്കുക .അതിനാണ് ഞാൻ ബോബെയിലുള്ള സുഹൃത്തുവഴി ജോലികണ്ടെത്തി ബോംബെയ്ക്ക് പോയതുപോലും .
ബോംബെയിലെ റൂമിൽവെച്ചാണ് ഷാഹിനയുടെ മരണവിവരമറിഞ്ഞത് .വല്ലാത്തൊരു നടുക്കത്തോടെ അപ്പോൾത്തന്നെ അവിടെനിന്നും തിരിച്ചെങ്കിലും വീട്ടിലെത്തുമ്പോൾ അടക്കുംമറ്റും കഴിഞ്ഞിരുന്നു .കുറ്റബോധത്താൽ നീറിപ്പിടഞ്ഞ എന്റെ മനസ്സിൽനിന്നും ഏതാനുംതുള്ളി കണ്ണുനീർ അടർന്നു അവളുടെ കബറിടത്തിൽവീണ് ചിതറിപ്പോയി .
ഒരുനിമിഷം ,ഷാഹിനയുടെ ശരീരത്തിൽനിന്നും ഉയരാറുള്ള കാച്ചെണ്ണയുടെ അതേഗന്ധം പള്ളിക്കാട്ടിൽ നിന്ന എനിക്ക് ചുറ്റും പടരുന്നത് ഞാനറിഞ്ഞു .പിന്നിൽനിന്നും പാദസരത്തിന്റെ കിലുക്കം .അൽപ്പംമുൻപ് വഴിയരികിലെ മരക്കൂട്ടങ്ങൾക്ക് അരികിൽവെച്ചുകേട്ട അതേ ശബ്ദം .പിറകിലൂടെ ആരോ നടന്നടുക്കുന്നതിന്റെ കാലടിസ്വനം .പൊടുന്നനെ ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു ഞാൻ .
ഭീതിയോടെ ചുറ്റുപാടും നോക്കി .അതുവരെയുണ്ടായിരുന്ന നിലാവെളിച്ചം എങ്ങോട്ടോ പോയിമറഞ്ഞിരിക്കുന്നു .അതാ തൊട്ടരികിലായി ഷാഹിനയുടെ കബറിനുമുകളിൽ അവ്യക്തമായ ഒരു സ്ത്രീരൂപം നിൽക്കുന്നു .അവളുടെ മുടിയിഴകൾകൾ പാറിപറക്കുന്നു .അവൾ എന്നെത്തന്നെ തുറിച്ചുനോക്കുകയാണെന്ന് എനിക്ക് മനസ്സിലായി .അത് ഷാഹിനയുടെ പ്രേതമാണെന്ന് എനിക്കുതോന്നി .വല്ലാത്തൊരു നടുക്കത്തോടെ ഞാൻ പിന്നോട്ട് ചുവടുകൾ വെച്ചു .ആ സമയം ആ സ്ത്രീരൂപം എന്നെനോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി .ചുറ്റും കാറ്റിന്റെ ആരവം .
അപ്പോൾ ആ രൂപം ശരിക്കും കണ്ടു ഞാൻ .തുടുത്തകവിളുകളും ,കരിംകൂവള മിഴികളും ,പനംകുലപോലുള്ള മുടികളുമെല്ലാം .ആ കണ്ണുകളിൽ വല്ലാത്തപകയുടെ തിളക്കം .ആ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്നത് കണ്ണുനീരല്ല .രക്തത്തുള്ളികളാണെന്ന് ഞാൻ മനസ്സിലാക്കി .
വല്ലാത്തൊരു നിലവിളിയോടെ പിന്നോട്ട് തിരിഞ്ഞോടിയെങ്കിലും ഏതോ മീസാൻ കല്ലിൽതട്ടിഞാൻ മുഖം അടിച്ചുവീണു. അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു അവളുടെ ചിരികളും ,കാറ്റിന്റെ ആരവവും എല്ലാം
പുലർച്ചെ പള്ളിയിൽ നമസ്കരിക്കാനെത്തിയവരാണ് പള്ളിക്കാട്ടിൽ ബോധമറ്റുകിടന്ന എന്നെ കണ്ടെത്തിയതും വീട്ടിൽ വിവരം അറിയിച്ചതും .എന്താണ് രാത്രിയിൽ സംഭവിച്ചത്? എങ്ങനെ ഞാൻ പള്ളിക്കാട്ടിലെത്തി .? എന്നിങ്ങനെയുള്ള നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ... രാത്രി ബാത്ത്റൂമിൽ പോകാനായി പുറത്തിറങ്ങിയതാണ് പിന്നൊന്നും എനിക്കോർമ്മയില്ലെന്നു പറഞ്ഞുഞാൻ തടിതപ്പി.
പക്ഷേ ,എന്റെ പെങ്ങളുടെ നിറമിഴികളോടെയുള്ള നോട്ടത്തിൽനിന്നും .... രക്ഷപെടാൻ എനിക്കായില്ല .അവളെനേരിടാനാവാതെ കുറ്റബോധത്തോടെ തലകുമ്പിട്ടിരുന്ന എന്റെ അരികിലേക്ക് അവൾമെല്ലെ നടന്നുവന്നു.
"എനിക്കറിയാമായിരുന്നു ഷാഹിനയെ ചതിച്ചത് ഇക്കാക്കയാണെന്ന് .ഇന്നലെരാത്രിയിലെ സംഭവത്തോടെ എനിക്കെല്ലാം ബോധ്യമായി .ഇനിയെല്ലാം കോടതിയും നിയമവും തീരുമാനിക്കട്ടെ. ഞാനിപ്പോൾത്തന്നെ ഈ വിവരം പോലീസിനോട് ഫോൺചെയ്തു പറയാൻപോകുവാ...!" എന്നെനോക്കി പറഞ്ഞിട്ട് അവൾമെല്ലെ ഫോണിനരികിലേക്ക് നടന്നു.