(Neelakantan Mahadevan)
ഒരു തുണിക്കടയിലെ സെയിൽസ്മാനാണ് സുരേന്ദ്രൻ. പല മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരവും അല്ലാതെയും അയാൾ കഴിച്ചു. ഫലം നാസ്തി. അയാളുടെ ഭാര്യ ലതിക വീടിനടുത്തുതന്നെയുള്ള ഒരു ഫാൻസി സ്‌റ്റോറിൽ സെയിൽസ് ഗേളാണ്. അടുത്തുള്ള ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശങ്ങളെല്ലാം അക്ഷരംപ്രതി പാലിച്ചു. ഫലം നാസ്തി.
കല്യാണം കഴിഞ്ഞ് വർഷം അഞ്ചു കഴിഞ്ഞു. പ്രണയവിവാഹമാണ്. ജാതകമൊന്നും നോക്കിയിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെയൊക്കെയായതെന്ന് ഇരുവീട്ടുകാരും തീരുമാനിച്ചു. വീട്ടുകാർ പിണക്കത്തിലാണ്. ഒരു സഹായവുമില്ലെന്നു മാത്രമല്ല, ദ്രോഹമുണ്ടുതാനും. ഫോണിൽ ബന്ധപ്പെടുമ്പോഴൊക്കെ കുത്തുവാക്കുകളുടെ കുത്തൊഴുക്കാണ്. വല്ലാത്തൊരു മടുപ്പ് രണ്ടുപേരെയും പിടികൂടി.
രാവേറെച്ചെന്നാണ് ഇരുവരും കിടക്കുന്നത്. അയാൾ മൊബൈലിൽ രഹസ്യമായി പോൺ സൈറ്റുകളിൽ കറങ്ങിനടക്കും. അവൾ ടി.വി. സീരിയലുകളിലും. പിന്നെ മൊബൈലിൽ പല കോമഡി വീഡിയോകളും. അയാൾ പതിനൊന്നിന് ചെന്നു കിടക്കും. കൂർക്കംവലി തുടങ്ങും. പന്ത്രണ്ടിനു മുൻപ് അവളും കിടക്കും. ചിലതൊക്കെ ഉള്ളിൽ തോന്നുമെങ്കിലും ഉറങ്ങുന്നയാളെ ഉണർത്തുന്നതു ശരിയല്ലല്ലോ എന്നു കരുതി മിണ്ടാതിരിക്കും. അല്ല, ഉണർത്തിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ...
ഈ സാഹചര്യത്തിലാണ് അവൾ എഫ്.ബിയിൽ ഒരു നാട്ടുവൈദ്യന്റെ പരസ്യം ആരോ ഷെയർ ചെയ്തിരിക്കുന്നതു കണ്ടത്. അവൾ അത് സുരേന്ദ്രനോടു പറഞ്ഞു. അയാൾക്ക് ആയുർവേദത്തിലും ഹോമിയോയിലും സിദ്ധയിലും യുനാനിയിലും നാട്ടുവൈദ്യത്തിലുമൊന്നും യാതൊരു വിശ്വാസവുമില്ല. അലോപ്പതിയൊഴികെ ഒന്നിലും വിശ്വാസമില്ലെന്നു പറഞ്ഞാൽ മതിയായിരുന്നു! അവളുടെ നിർബന്ധം സഹിക്കാനാവാതെ വന്നപ്പോൾ അയാൾ സമ്മതിച്ചു.
മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം അവർ വൈദ്യരെ കണ്ടു.വൈദ്യശാല. അതിന്റെ പിറകിലായി കൊച്ചുവീട്. കുറച്ചു കുപ്പികളിൽ എന്തെല്ലാമോ മരുന്നു കളുണ്ട്. പിന്നെ കുറെ വേരുകൾ പല കെട്ടുകളാക്കി വച്ചിട്ടുണ്ട്. വൈദ്യർക്ക് മുപ്പത്തഞ്ചു കാണും . സുരേന്ദ്രനേക്കാൾ അഞ്ചു വയസ്സു കൂടുതലുണ്ട്. വെളുത്ത ദേഹം. ആറടിപ്പൊക്കം.നല്ല മസിൽ. ഒരു മഴദിവസമായിരുന്നിട്ടും അയാളുടെ വേഷം ഒരു നീണ്ട തോർത്തു മാത്രമായിരുന്നു
അവരോട് അയാൾ വിശദമായി സംസാരിച്ചു. അവരുടെ ആഹാരരീതികൾ, കഴിക്കുന്ന ഗുളികകൾ, കിടക്കുന്ന നേരം, ഉറക്കത്തിന്റെ അളവ് .... അങ്ങനെ പലതും. അവർ നടത്തിയ ചില ടെസ്റ്റുകളുടെ ഫലങ്ങൾ വൈദ്യർ നോക്കി. രണ്ടുപേരെയും വേറെ വേറെയായി പരിശോധിച്ചു. എന്നിട്ടു രണ്ടു പോരാടുമായിപറഞ്ഞു - തകരാറ് ലതികയ്ക്കാണ്. സുരേന്ദ്രന് ഒരു കുഴപ്പവുമില്ല. ലതിക ആഴ്ചയിലൊരിക്കൽ ചികിത്സയ്ക്കുവരണം. ചില പച്ചില - വേരു മരുന്നുകൾ കഴിക്കണം. അഞ്ചാറു മാസത്തെ ചികിത്സകൊണ്ട് ഫലം ലഭിക്കും.
സുരേന്ദ്രന് അന്നുമുതൽ ലതികയോടു പുച്‌ഛം തോന്നി. അവളോടുള്ള സംസർഗ്ഗം നന്നേ കുറഞ്ഞു. ഇതിനിടയിൽ വീട്ടുകാരുടെ നിർബന്ധം - ബന്ധം ഒഴിയണം - അയാൾക്കു സ്വീകാര്യമായി തോന്നി. അയാളുടെ ചിന്തകൾ ആ വഴിക്കു തിരിഞ്ഞു.
ലതികയ്ക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. ദൈവത്തെ പഴിച്ചു. തന്റെ വിധി...
അടുത്തയാഴ്ച വൈദ്യരെ കണ്ടതോടെ അവളുടെ മനസ്സിൽ ഉത്സാഹം നിറഞ്ഞു. സുരേന്ദ്രൻ കൂടെ പോയിരുന്നില്ല. വൈദ്യർ ഒരു പുഞ്ചിരിയോടെ പറഞ്ഞു - കൊച്ചേ കുഴപ്പം നിനക്കല്ല. അവനാണ്. നിങ്ങൾ വേർപിരിയുന്നതാണ് നല്ലത്. രണ്ടാളും വേറെ കല്യാണം കഴിക്കുക. ഇക്കാലത്ത് ഇതൊന്നും പുതുമയുള്ളതല്ല. ജീവിതം ഒന്നല്ലേയുള്ളൂ!
ആഴ്ചകൾ പലതു കഴിഞ്ഞപ്പോൾ ഒരു ദിവസം സുരേന്ദ്രൻ പറഞ്ഞു-ലതികേ, നമ്മൾ ജാതകം നോക്കാതെ കല്യാണം കഴിച്ചതാണ് പ്രശ്നം. നമ്മൾ ചെറുപ്പമാണ്. ദത്തെടുക്കലിനോട് എനിക്കു തീരെ യോജിപ്പില്ല. നമ്മൾ പിരിഞ്ഞ് പുതിയ ജീവിതം തുടങ്ങുന്നതല്ലേ നല്ലത്?
ലതിക മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഉഭയസമ്മതപ്രകാരം അവർ വേർപിരിഞ്ഞു. സുരേന്ദ്രൻ വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ ജാതകമെല്ലാം നോക്കി ഒരു ശുഭമുഹൂർത്തത്തിൽ താലി ചാർത്തി. ലതിക ഇതിനകം വൈദ്യരുടെ വീട്ടിൽ താമസം തുടങ്ങിയിരുന്നു. സൗജന്യമായാണ് വൈദ്യർ ഇപ്പോൾ ചികിത്സ നൽകുന്നത്. അവൾ ജോലി ഉപേക്ഷിച്ചു. മരുന്നുകൾ തയ്യാറാക്കുന്നതിൽ വൈദ്യരെ സഹായിക്കുന്നുണ്ട്. രാത്രി നേരത്തെ കിടക്കും. മൊബൈലിലൊന്നും വൈദ്യർക്കു താത്പര്യമില്ല. ഇരുവർക്കും ഒരു പോലെ ഇഷ്ടമുള്ള വിഷയത്തിൽ അവർ അഭിരമിച്ചു. അമ്പലത്തിനു മുന്നിൽ വച്ച് അടുത്ത ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ വൈദ്യർകെട്ടിയ താലി ലതികയുടെ കഴുത്തിലുണ്ട്. അവൾ ഇപ്പോൾ സംതൃപ്തയാണ്. കൗതുകത്തോടെ അല്പം വീർത്ത വയറിൽ നോക്കി.