(T V Sreedevi )
"പോകണോ?"
"എങ്ങനെ പോകും?"
എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും.?
പോകാതിരിക്കാനും കഴിയില്ല. അവർ തേടിയെത്തും. തൊട്ടപ്പുറത്തെ വീട്ടിൽ സഹപാഠിയും, ആത്മ സുഹൃത്തുമായ ജോബിയും കുടുംബവും കാനഡയിൽ നിന്നും എത്തിയിട്ടുണ്ട്.
അവനാണ് ഈ" ഗെറ്റ് ടുഗതർ സംഘടിപ്പിച്ചിരിക്കുന്നത്.
2010 ബി എസ് സി ബാച്ചിലെ വിദ്യാർത്ഥികളുടെ ഒത്തു ചേരൽ ഇന്നാണ്. ജോബി മടങ്ങി പ്പോകുന്നതിനു മുൻപ് അവന് എല്ലാവരെയും കാണണം. കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മ പുതുക്കണമത്രേ.
ജീവിതത്തിൽ വിജയിച്ച അവനെപ്പോലെയുള്ളവർക്ക് ഇനി മറ്റൊന്നും ചിന്തിക്കാനില്ലല്ലോ...!
"പക്ഷേ.. താനോ?" പോകാതിരിക്കുകയല്ലേ നല്ലത്? അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
"എടാ..സേവിച്ചാ."
മതിലിനപ്പുറത്തു നിന്ന് ജോബിയുടെ വിളിയൊച്ച.
"എടാ മണി എട്ടായി.. ഒൻപതിന് അവിടെ എത്തണം. അജിത്തും, അനൂപുമൊക്കെ അവിടെ എത്തിക്കഴിഞ്ഞു. ഞാൻ ദാ...!റെഡിയായിക്കഴിഞ്ഞു. നീ വേഗം റെഡിയാക്. നമുക്കൊന്നിച്ചു പോകാം."
പിന്നെയൊന്നും കൂടുതൽ ചിന്തിച്ചില്ല. റെഡിയായി ഇറങ്ങി. പൂമുഖത്തിരുന്ന് പത്രം വായിക്കുന്ന അപ്പച്ചൻ തലയുയർത്തി നോക്കി.പരസ്പരം ഒന്നും മിണ്ടിയില്ല..
കോളേജിനടുത്തുള്ള ഇന്ദ്രാ ഹോട്ടലിന്റെ വലിയ ഹാളിൽ ആയിരുന്നു പരിപാടി ഒരുക്കിയിരുന്നത്. പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നൽകിയും എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നു. എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനുള്ള ആഗ്രഹമായിരുന്നു മനസ്സിൽ.
എങ്ങും എത്തിച്ചേരാത്തവന്റെ ഉൾവലിയൽ..!
"സേവിച്ചാ.., നീയാകെ ഒതുങ്ങിപ്പോയല്ലോടാ. ഇപ്പോൾ ക്രിക്കറ്റ് ഭ്രമമൊന്നുമില്ലേ.? ഏതു ക്ലബ്ബിന് വേണ്ടിയാ ഇപ്പോൾ കളിക്കുന്നത്? നിനക്കെവിടെയാണ് ജോലി?"
ഏറെ നാൾ കൂടി കണ്ടുമുട്ടിയവർ അവനെ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ചു. ഒന്നിനും ഉത്തരം പറയുന്നതിന് മുൻപേ രക്ഷകനായി ജോബിയെത്തി. "എടാ..." സ്റ്റേജിൽ അത്യാവശ്യം ചില പണികളുണ്ട്. നീയൊന്നു വന്നേ..."അവൻ വിളിച്ചു.
അവന്റെ കൂടെ സ്റ്റേജിലേക്ക് പോയി. പരിപാടി തുടങ്ങി. ജോബി തന്നെയായിരുന്നു അവതാരകൻ.
ഓരോരുത്തരായി സ്റ്റേജിൽവന്നു സ്വന്തം വിശേഷങ്ങൾ പങ്കു വെച്ചു. ചിലർ ഉദ്യോഗസ്ഥർ.പലരും വിദേശത്താണ്. എല്ലാവരും വിവാഹിതർ.അവസാനമാണ് സേവിയർ ജോസഫ് എന്ന തന്റെ ഊഴമെത്തിയത്. "നമ്മുടെ കോളേജിന്റെ അഭിമാനമായിരുന്ന,ക്രിക്കറ്റ് മത്സരങ്ങളിൽ കോളേജിന് അനേകം ട്രോഫികൾ നേടിത്തന്ന...," നമ്മുടെ പ്രിയ "സച്ചിൻ ടെണ്ടുൽക്കർ " സേവിച്ചനാണ് നമ്മുടെ മുന്നിൽ നിൽക്കുന്നത്."
"പ്രിയമുള്ളവരേ...!" ഒട്ടൊരു സങ്കോചത്തോടെ സേവിച്ചൻ സംസാരിച്ചു തുടങ്ങി.
"നിങ്ങളുടെ എല്ലാവരുടെയും ജീവിത വിജയം കണ്ട് ഞാൻ സന്തോഷിക്കുന്നു. എന്നാൽ ക്രിക്കറ്റ് ഭ്രമം മൂത്ത് പഠനം ഉഴപ്പിയ ഞാൻ എങ്ങും എത്തിയില്ല. "ഒരു യുഗത്തിൽ ഒരാൾക്കേ സച്ചിൻ ടെൻഡുൾക്കറെപ്പോലെ ആകാൻ കഴിയൂ." "നിന്റെ ക്രിക്കറ്റ് ഭ്രാന്ത് നിന്നെ എവിടെയും എത്തിക്കില്ല" എന്ന എന്റെ അപ്പച്ചൻ ജോസഫ് മാഷിന്റെ വാക്കുകൾ ശരിയാണെന്ന് കഴിഞ്ഞു പോയ കാലം എന്നെ ഓർമ്മപ്പെടുത്തുന്നു."
"ഞാൻ ഡിഗ്രി പരീക്ഷ ജയിച്ചില്ല. ക്രിക്കറ്റിലും വിജയിച്ചില്ല. വിവാഹവും കഴിച്ചില്ല."
"ഇന്നൊരു സൂപ്പർ മാർക്കറ്റിലെ വെറുമൊരു ജോലിക്കാരനാണ് ഞാൻ."
ഇത്രയും ആയപ്പോഴേക്കും ജോബി മൈക്ക് വാങ്ങി.പിന്നെ ജോബിയാണ് ബാക്കി പറഞ്ഞത്..
"പഠനത്തിൽ സമർത്ഥനായിരുന്ന സേവിച്ചനെ ക്രിക്കറ്റ് ഭ്രാന്തനാക്കിയതിൽ നമുക്കും പങ്കുണ്ട്. നമ്മുടെ ആർപ്പുവിളികളും, പുകഴ്ത്തലുകളും.,'സച്ചിൻ'എന്ന പേരുവിളിയും എല്ലാം കേട്ട്
അവൻ ഒരു മായാലോകത്തിലായിരുന്നു. ചെറുപ്പത്തിൽ പഠനത്തിനു സ്കോളർഷിപ്പ് ലഭിച്ച അവനെ പഠനത്തിൽ നിന്നു വഴി തിരിച്ചു വിട്ടതിൽ നമ്മൾക്കും പങ്കുണ്ട്."
"നമ്മളെയൊക്കെ അക്ഷരം പഠിപ്പിച്ച, നമ്മുടെ പ്രിയപ്പെട്ട ഗുരുനാഥൻ ജോസഫ് മാഷിന്റെ...., തീരാത്ത സങ്കടമാണ് സേവിച്ചൻ പഠനം പൂർത്തിയാക്കാത്തത്...,!"
"അതുകൊണ്ട് ഇന്ന് ഇവിടെ വെച്ച് നമ്മൾ ഒരു പ്രതിജ്ഞ എടുക്കുന്നു..., നമ്മുടെ സേവിച്ചനെ ഡിഗ്രി പരീക്ഷ എഴുതി വിജയിപ്പിക്കാൻ നമ്മളും സഹായിക്കും."
"കാനഡയിലേക്ക് മടങ്ങുന്നതിനു മുൻപ് ഇത് ഞാൻ സാധിച്ചിരിക്കും."പിന്നെ അവന്റെ വിവാഹം...!"
ജോബി ചുറ്റും നോക്കി.ഹാളിന്റെ അങ്ങേയറ്റത്തുനിന്ന് പരിപാടിയുടെ സംഘാടകരീൽ ഒരാളായ ജീനയും, മറ്റൊരു പെൺകുട്ടിയും നടന്നു വരുന്നുണ്ടായിരുന്നു.
ജീന മാത്രം സ്റ്റേജിലേക്ക് വന്നു..
പിന്നെ ജീനയാണ് സംസാരിച്ചത്.
"നമ്മുടെ ക്രിക്കറ്റർ സേവിച്ചനെ ആത്മാർത്ഥമായി പ്രണയിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു നമ്മുടെ ക്ലാസ്സിൽ."
"സേവിച്ചനും അതറിയാമായിരുന്നു. അല്ലേ..?" അവൾ സേവിച്ചനെ നോക്കി.
സേവിച്ചൻ തല താഴ്ത്തി.
"എന്നാൽ ക്രിക്കറ്റ് ഭ്രമം മൂത്ത സേവിച്ചൻ അവളെ അവഗണിച്ചു. അലീനാ സാബു എന്ന ഞങ്ങളുടെ ആലിയെ."
"അവൾ ഇപ്പോൾ സഹോദരന്റെ കുടുംബത്തോടൊപ്പം ദുബായ് ഇന്ത്യൻ സ്കൂളിൽ ടീച്ചറാണ്.ഇന്നും കാരണം വെളിപ്പെടുത്താതെ അവിവാഹിതയായി തുടരുന്ന അവളുടെ മനസ്സിൽ ഇപ്പോഴും സേവിച്ചനാണ്."
"എന്റെ കൈ പിടിച്ചു ഹാളിലേക്ക് വന്നപ്പോൾ അവൾ മനസ്സുതുറന്നു വെളിപ്പെടുത്തിയ കാര്യമാണിത്."
"സേവിച്ചന് ഞങ്ങളുടെ ആലിയെന്ന നിത്യ കാമുകിയെ വിവാഹം ചെയ്തുകൂടെ?" ജീന ചോദിച്ചു.
ആർപ്പ് വിളികളോടെയാണ് കൂട്ടുകാർ എല്ലാവരും അത് കൈയ്യടിച്ചു പാസ്സാക്കിയത്. തല കുനിച്ചുനിന്ന സേവിച്ചൻ സാവധാനം തലയുയർത്തി. അവന്റെ കണ്ണുകൾ നീരണിഞ്ഞിരുന്നു.
നീരജ് എന്ന അവരുടെ സുഹൃത്തിന്റെ ഗാനം ആയിരുന്നു അടുത്തയിനം.
"സേവിച്ചനും, അലീനക്കും വേണ്ടിയുള്ള എന്റെ ഗാനോപഹാരം ആണ് എന്റെ ഈ ഗാനം" എന്ന മുഖവുരയോടെയാണ് നീരജ് തുടങ്ങിയത്.
"നിത്യ കാമുകീ ഞാൻ നിൻ മടിയിലെ..,
ചിത്ര വിപഞ്ചികയാകാൻ കൊതിച്ചു.
ആ മൃണാള മൃദുലാംഗുലിയിലെ,
പ്രേമ പല്ലവിയാകാൻ കൊതിച്ചു."
നീരജിന്റെ ആ ഗാനത്തിന്റെ അലയടികൾ ഓരോ ഹൃദയത്തിലും ഓരോ തരം വികാരങ്ങളാണ് സൃഷ്ടിച്ചത്. കേട്ടിരുന്ന അലീന കരഞ്ഞുപോയി. ചടങ്ങുകൾ കഴിഞ്ഞ് പോകുന്നതിനു മുൻപ് സേവിച്ചനും അലീനയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തി. പിന്നീട് സേവിച്ചൻ ജോബിയുടെ സഹായത്തോടെ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചു.
സിലബസ് മാറിയിരുന്നതുകൊണ്ട് അവനെ സഹായിക്കാൻ കോളേജ് ലക്ചറർ ആയ അവരുടെ സുഹൃത്ത് അശ്വിൻ സന്നദ്ധനായി. അപ്പോഴാണ് കൊറോണ എന്ന ഭീകരന്റെ വരവ്.
ജോബിക്കും കുടുംബത്തിനും, അലീനക്കും, സഹോദരനും ഒന്നും വിദേശത്തേക്ക് മടങ്ങാൻ സാധിച്ചില്ല. ആർക്കും പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥ.അതിനിടയിൽ സേവിച്ചൻ നന്നായി പഠിച്ചു.
മാറ്റിവെച്ച പരീക്ഷകൾ വീണ്ടും നടത്തിയപ്പോൾ നന്നായി പരീക്ഷ എഴുതി ഉന്നത വിജയം നേടി.അതിനോടൊപ്പം വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുള്ള നിരവധി കോഴ്സുകളും ഓൺ ലൈൻ ആയി പഠിച്ചു സർട്ടിഫിക്കറ്റ്കൾ നേടി.
പിന്നെ കൊറോണയുടെ പ്രോട്ടോക്കോൾ ലംഘിക്കാതെ അവരുടെ മനസ്സമ്മതവും കല്ല്യാണവും നടന്നു. സേവിച്ചന്റെയും അലീനയുടെയും.
ഇപ്പോൾ അലീനയോടൊപ്പം വിദേശത്തേക്ക് പോകാനുള്ള വിസയും കാത്ത് ഇരിക്കുകയാണ് സേവിച്ചൻ.കഴിഞ്ഞുപോയ കാലത്തെ..കയ്പ്പ് നിറഞ്ഞ ഓർമ്മകൾ സേവിച്ചന്റെ മനസ്സിൽ നിന്ന് എന്നേ മാഞ്ഞു പോയിരിക്കുന്നു.
അപ്പച്ചന്റെയും അമ്മച്ചിയുടെയും മുഖത്തെ മാഞ്ഞുപോയ പുഞ്ചിരി മടങ്ങിയെത്തിയിരിക്കുന്നു.അവരുടെ സ്നേഹമുള്ള മരുമകളായി, സേവിച്ചന്റെ നിത്യകാമുകിയായി അലീന അവരോടൊപ്പമുണ്ട്.
ഇപ്പോൾ സേവിച്ചൻ എപ്പോഴും മൂളി നടക്കുന്ന ഒരു അനശ്വര പ്രേമഗാനമുണ്ട്..."നിത്യ കാമുകീ ഞാൻ നിൻ മടിയിലേ.."എന്ന ഗാനം
ആ ഗാനവും കഴിഞ്ഞു പോയ കാലത്തിന്റെബാക്കിപത്രമാണല്ലോ..!