(T V Sreedevi )
ഇരുട്ടിന്റെ മൂടുപടമണിഞ്ഞു രാത്രിയെത്തി. കിടന്നിട്ട് നന്ദനയ്ക്ക് ഉറക്കം വന്നില്ല. നാളെ തന്റെ കല്യാണനാളാണ്. ഏറ്റവും ഭീതിയോടെ കാത്തിരുന്ന നാൾ. തന്റെ സ്വപ്നങ്ങളേയും പ്രതീക്ഷകളെയും എല്ലാം തകർത്തു കൊണ്ട് തന്റെ സമ്മതമില്ലാതെ നടത്തുന്ന വിവാഹം. ഇപ്പോഴാണ് കളിയും ചിരിയും ബഹളങ്ങളുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നത്.വരനും വധുവും ഒരേ കുടുംബത്തിലെ തന്നെയായതുകൊണ്ട് കല്യാണചെക്കനുൾപ്പെടെ ബന്ധുക്കളെല്ലാം പങ്കെടുത്ത വിഭവസമൃദ്ധമായ അത്താഴസദ്യ ഒരുക്കിയിരുന്നു.
തനിക്കു കൂട്ടായി എല്ലാവരും ചേർന്ന് നിശ്ചയിച്ചിരിക്കുന്നത് അച്ഛന്റെ നേരേ മൂത്ത സഹോദരി സാവിത്രി വലിയമ്മയുടെ മകൻ 'കിച്ചൻ' എന്നു വിളിക്കുന്ന ഹരികൃഷ്ണനെയാണ്. ഡിഗ്രിക്കു പഠിക്കുമ്പോൾ അതേ കൊളജിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് നാണം കെട്ട് നാടുവിട്ടുപോയ ആൾ. ഇപ്പോൾ പത്തു വർഷങ്ങൾക്കു ശേഷം നന്മനിറഞ്ഞവന്റെ മൂടുപടമിട്ട് മടങ്ങിയെത്തിയിരിക്കുന്നു. മുംബൈയിൽ വലിയ കമ്പനിയിലെ ജോലിക്കാരനാണത്രേ.
"അമ്മയുണ്ടായിരുന്നെങ്കിൽ ഈ ബന്ധത്തിന് സമ്മതിക്കുമായിരുന്നോ?" നന്ദന സ്വയം ചോദിച്ചു.
വർഷങ്ങൾക്കു മുൻപ് ന്യുമോണിയ ബാധിച്ച്, തന്നെ ഒറ്റയ്ക്കാക്കിപ്പോയ സ്നേഹനിധിയായിരുന്ന അമ്മയുടെ ഓർമയിൽ നന്ദനയുടെ ഹൃദയം വിങ്ങി.കണ്ണുനീർ ചാലിട്ടൊഴുകി. അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ, കുട്ടിയായിരുന്ന തന്നെ അമ്മയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ മുത്തശ്ശനും അമ്മാവൻമാരും തയ്യാറായിരുന്നു. അച്ഛൻ സമ്മതിച്ചില്ല.. അച്ഛന് തന്നെപ്പിരിയാൻ വയ്യത്രെ.
അച്ഛൻ, സാവിത്രി വലിയമ്മയുടെ ഭർത്താവിന്റെ പെങ്ങൾ നളിനിയെയാണ് രണ്ടാമതു വിവാഹം ചെയ്തത്. അച്ഛന് ചെറിയമ്മയിൽ രണ്ടു മക്കൾ കൂടിയുണ്ട്. തന്റെ പ്രിയപ്പെട്ട അനിയനും അനിയത്തിയും. അവർ തന്നെ 'കുഞ്ഞേച്ചി'യെന്നാണ് വിളിക്കുന്നത്. തന്റെ സങ്കടം കണ്ടിട്ട് അവർക്കും സങ്കടമായിരുന്നു.
ചിറ്റമ്മയുടെ പ്രേരണ മൂലമാണ് അച്ഛൻ ഈ വിവാഹം നടത്തുന്നതെന്നും തനിക്കറിയാം. മുത്തശ്ശനും അമ്മാവൻമാരും എതിർത്തിട്ടും അച്ഛൻ വഴങ്ങിയില്ല. ജീവിതത്തിൽ മുഴുവൻ തനിക്കു കൂട്ടായിരിക്കണമെന്നാശിച്ച, തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട അരവിന്ദേട്ടനുപോലും തന്നെ രക്ഷിക്കാനായില്ലല്ലോ. പണവും പ്രതാപവുമുള്ള മല്ലിശ്ശേരി തറവാട്ടുകാരോട് മത്സരിക്കാൻ ഈ നാട്ടിൽ ആർക്കും കഴിയില്ല.
അച്ഛന്റെ കാര്യസ്ഥനായിരുന്ന ശങ്കരമ്മാവന്റെ മകനാണ് അരവിന്ദേട്ടൻ. തന്നെപ്പോലെ തന്നെ അരവിന്ദേട്ടന്റെ അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയി. പക്ഷേ ശങ്കരമ്മാവൻ രണ്ടാമതൊരു വിവാഹം ചെയ്യാൻ കൂട്ടാക്കിയില്ല ബാല്യം മുതലേ ശങ്കരമ്മാവന് തന്നോട് വാത്സല്യമായിരുന്നു. ബാല്യകാലം മുതൽ അരവിന്ദേട്ടൻ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. എങ്കിലും സ്കൂളിൽ പോകുമ്പോൾ മുതൽ തന്റെ മേൽ ഒരു ശ്രദ്ധയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ഒരിക്കലും അരവിന്ദേട്ടൻ തന്നോടു പ്രണയം തുറന്നു പറഞ്ഞിട്ടില്ല. ഒരേ കോളേജിൽ തന്റെ സീനിയർ ആയി പഠിച്ചപ്പോഴും ഒരിക്കൽ പോലും ഒന്നും ഭാവിച്ചിട്ടുമില്ല. പക്ഷെ തനിക്കും അരവിന്ദേട്ടനുമിടയിൽ കണ്ണുകൾ കൊണ്ടു മാത്രം തമ്മിൽ സംസാരിക്കുന്ന ഒരു നിശ്ശബ്ദ പ്രണയകഥ ഉടലെടുത്തിരുന്നു. പലപ്പോഴും അമ്പലത്തിലേ ക്കുപോകുന്ന വഴിയിൽ വച്ചോ, ആൽത്തറയ്ക്കു സമീപം വച്ചോ കാണുമ്പോൾ ആളിന്റെ കണ്ണുകൾ തന്നോട് മൂകം സംസാരിക്കാറുണ്ട്.
"നന്ദൂ നിന്നെ എനിക്കിഷ്ടമാണ്" എന്ന് ഒരു ദിവസം പറയുമെന്ന് വിചാരിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. എന്നിട്ടും അറിയാമായിരുന്നു അർവിന്ദേട്ടന്റെ ഇഷ്ടം. മൊഴികൾ കൊണ്ടു പ്രകടിപ്പിക്കാത്ത ഇഷ്ടം മിഴികൾ കൊണ്ടു പറഞ്ഞവരാണ് താനും അരവിന്ദേട്ടനും.
"അരവിന്ദേട്ടനെ കാണുമ്പോൾ തന്റെ മിഴികളും പ്രണയകഥ കൈമാറിയിട്ടില്ലേ?"
ഒരുദിവസം ബസിൽ നിന്നിറങ്ങി കോളേജിലേക്കു നടക്കുമ്പോൾ ഗ്രൗണ്ടിൽ ചെളിയിൽ തെന്നി കമിഴ്ന്നു വീണ തന്നെ ഓടിവന്നു പിടിച്ചെഴുന്നേൽപ്പിച്ചത് പിന്നിൽ നടന്നു വന്നിരുന്ന അദ്ദേഹമായിരുന്നു.
"നന്ദൂ വല്ലതും പറ്റിയോ?"
അരവിന്ദേട്ടൻ ചോദിച്ചു. അന്നാദ്യമായിട്ടാണ് അരവിന്ദേട്ടൻ തന്നോട് സംസാരിച്ചത്.അപ്പോഴേക്കും കൂട്ടുകാരികൾ ചുറ്റും കൂടിയിരുന്നു. ഇല്ല എന്ന് തലയാട്ടി. അപ്പോഴും ആ വലിയ കണ്ണുകൾ പ്രണയം വിളിച്ചോതുന്നുണ്ടായിരുന്നു.
താൻ ഡിഗ്രി അവസാന വർഷം എത്തിയപ്പോൾ അരവിന്ദേട്ടൻ എം. എഎസ് സി. പാസ്സായി കോളേജിൽ നിന്നും പോയി. വൈകാതെ ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയും ലഭിച്ചു.പെട്ടന്നായിരുന്നു തന്റെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് കിച്ചേട്ടന്റെ തിരിച്ചു വരവ്.
അധികം വൈകാതെ, നന്ദന ഡിഗ്രി കഴിഞ്ഞാലുടൻ നന്ദനയുടെയും കിച്ചന്റെയും കല്യാണം നടത്താമെന്നും കിച്ചൻ നാട്ടിൽ എവിടെയെങ്കിലും ഉദ്യോഗത്തിനു ശ്രമിക്കട്ടെയെന്നും അച്ഛനും സാവിത്രി വല്യമ്മയും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
തന്റെ അമ്മയുടെ വീതം തനിക്കുമാത്രമവകാശപ്പെട്ട ഭാരിച്ച ഭൂസ്വത്തിലാണ് അവരുടെ കണ്ണ്. നാളെ രാവിലെ മണവാട്ടിയുടെ വേഷമണിഞ്ഞു വിവാഹവേദിയിലേയ്ക്ക്.
അമ്മയുടെ ആഭരണങ്ങളെല്ലാം ഒന്നുകൂടി മിനുക്കിയെടുത്തു. പാലയ്ക്കാ മാലയും നാഗപടത്താലിയും കാശ്മാലയും അടങ്ങുന്ന കുറെയേറെ ആഭരണങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. എല്ലാമണിഞ്ഞു വേണം നാളെ പന്തലിലിറങ്ങാൻ. അത് അമ്മമ്മയുടെ ആഗ്രഹമായിടുന്നു. ഇനിയെന്താകും തന്റെ ഭാവി? അവൾക്ക് വലിയ ദുഃഖവും അനാഥത്വവും തോന്നി. വെളുപ്പാൻകാലത്തെപ്പോഴോ ഒന്നു മയങ്ങി.
രാവിലെ ചെറിയമ്മായിയാണ് വിളിച്ചുണർത്തിയത്. തന്റെ അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണുള്ളത്. തന്റെ ചെറിയമ്മാവനും വലിയമ്മാവനും അവരുടെ ഭാര്യമാരും കൂടിയാണ് അമ്പലത്തിൽ കൊണ്ടുപോയത്.
തറവാടിന്റെ വിശാലമായ മുറ്റത്തു ആഡംബരമായി ഒരുക്കിയ പന്തലിൽ വച്ചാണ് വിവാഹം. നാടുമുഴുവൻ ക്ഷണിച്ചിട്ടുണ്ട്. അണിയിച്ചൊരുക്കാൻ ബ്യൂട്ടിഷ്യൻ എത്തി. പത്തുമണിക്കാണ് മുഹൂർത്തം.
ഒൻപതു മണിക്കുതന്നെ വരനും കൂട്ടരും എത്തി. അവർക്കെല്ലാം വലിയ സന്തോഷമാണ്. തനിക്കൊഴികെ.
മുഹൂർത്തം അടുത്തു. വരനെ ആനയിച്ചു കതിർമണ്ഡപത്തിൽ ഇരുത്തിക്കഴിഞ്ഞു. വധുവിനെ ആനയിച്ചു കതിർമണ്ഡപത്തിൽ ഇരുത്തുമ്പോൾ പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഗേറ്റ് കടന്ന് മുറ്റത്തേയ്ക്കു വന്നു നിന്നു. അതിൽ നിന്നും രണ്ടു പോലീസുകാർ പുറത്തിറങ്ങി.
പിന്നെയിറങ്ങിയത് രണ്ടുപുരുഷന്മാരും ഒരു കുട്ടിയുടെ കൈ പിടിച്ച ചെറുപ്പക്കാരിയും. ചെറുപ്പക്കാരിയേയും പുരുഷന്മാരെയും കണ്ടപ്പോൾ ഹരികൃഷ്ണൻ എന്ന കിച്ചന്റെ കണ്ണുകൾ മിഴിഞ്ഞു. അയാൾ ചാടിയെഴുന്നേറ്റു.
പിന്നെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. വന്നവർ കിച്ചന്റെ ഭാര്യയും കുട്ടിയും അവരുടെ ആങ്ങളമാരുമായിരുന്നു. മുംബൈയിൽ വച്ച് കിച്ചേട്ടൻ വിവാഹം കഴിച്ചതിന്റെ എല്ലാ രേഖകളും അവരുടെ കൈവശമുണ്ടായിരുന്നു. അവരോടൊപ്പം തലകുനിച്ചു കിച്ചേട്ടൻ വരന്റെ വേഷത്തിൽ ഇറങ്ങിപ്പോയപ്പോൾ ആ കൊച്ചുപെൺകുട്ടി കരഞ്ഞുകൊണ്ട് കിച്ചേട്ടന്റെ അടുത്തേക്കോടി ച്ചെല്ലുന്നത് കണ്ടു നന്ദനക്കു കരച്ചിൽ വന്നു. എല്ലാവരും സ്തബ്ധരായി. സാവിത്രി വല്യമ്മ ബോധം കെട്ടു വീണു.
അച്ഛൻ കരയുന്നത് ആദ്യമായി നന്ദന കണ്ടു.അമ്മാവന്മാരും അമ്മായിമാരും നന്ദനയെ പൊതിഞ്ഞു നിന്നു. "എന്റെ കുട്ടിയുടെ കല്യാണം മുടങ്ങിയല്ലോ."എൺപതു വയസ്സുള്ള മുത്തശ്ശനും പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് ശങ്കരമ്മാവൻ അച്ഛന്റെയടുത്തു വന്നു.
"ഞാൻ ഇവിടത്തെ കാര്യസ്തനായിട്ട് പത്തു നാൽപ്പത് വർഷങ്ങളായി അല്ലേ?"
അദ്ദേഹം അച്ഛനോടു ചോദിച്ചു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. "ഞാൻ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഇന്നു ഞാൻ ഒരു കാര്യം ആവശ്യപ്പെടുന്നു".
"എന്റെ മകൻ അരവിന്ദനെ നിങ്ങൾ എല്ലാവരും അറിയും"
"ഇല്ലേ അങ്ങുന്നേ?"
ശങ്കരമ്മാവൻ മുത്തശ്ശന്റെ നേർക്കു കൈകൂപ്പി. ബാക്കി അദ്ദേഹത്തിനു പറയേണ്ടി വന്നില്ല. അച്ഛൻ ചാടിയെഴുന്നേറ്റു ശങ്കരമ്മാവനെ കെട്ടിപ്പിടിച്ചു. മുത്തശ്ശനും അമ്മാവന്മാരും ശങ്കരമ്മാവന്റെ അടുത്തേയ്ക്കു വരുന്നത് കണ്ണീരിനിടയിൽക്കൂടി നന്ദന കണ്ടു.
പിന്നെ വരന്റെ വേഷത്തിൽ അരവിന്ദേട്ടൻ അടുത്തുവന്നിരുന്നപ്പോൾ നന്ദന നിറഞ്ഞ കണ്ണുകൾ ഉയർത്തി അരവിന്ദനെ നോക്കി.
ആ മിഴികളും നിറഞ്ഞിരുന്നു.
എങ്കിലും ആ മിഴികൾ ഒരു പ്രണയ സാഫല്യത്തിന്റെ കഥ പറയുന്നുണ്ടായിരുന്നു.