

ശരിയും, തെറ്റുമൊന്നും വേർതിരിച്ചെടുക്കാനാവുന്നില്ല. ഒന്നുമാത്രമറിയാം. തന്നെ എത്രയൊക്കെ വേദനിപ്പിച്ചുകൊണ്ട് അകന്നുപോയിട്ടുണ്ടെങ്കിലും, ഷമീർ, ഇന്നും തന്റെ മനസ്സിലുണ്ട്. പരസ്പരം ഒത്തുപോകാനാവാത്തവിധം ജീവിതത്തിൽ അകൽച്ചവന്നതുകൊണ്ട് ഷമീർ, ഭാര്യയുമായി പിരിയുകയാണെന്ന് നേരത്തേ പറഞ്ഞു കേട്ടിരുന്നതാണ്.
മൂന്നുവർഷത്തെ ദാമ്പത്യത്തിന്റെ അന്ത്യം. കുട്ടികൾ ഇല്ല. അത് ഒരുകണക്കിന് നന്നായി. ഇരുവർക്കും സ്വതന്ത്രമായി അവരുടെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താമല്ലോ? കുട്ടിയുടെ പേരിൽ ഒരു കശപിശ ഒഴിവായി.
ഏറെശ്രമിച്ചിട്ടും, ഒരുപാട് മധ്യസ്തരെല്ലാം ഇടപെട്ടിട്ടും, കോടതിയിലെത്തി, വിവാഹമോചനത്തിലെത്തിച്ചേർന്ന ബന്ധം. കാരണം ഒന്നുമാത്രം. ഇരുവരുടേയും കുടുംബത്തിലെ സാമ്പത്തികമായ അന്തരങ്ങൾ.
സന്തോഷത്തിന്റെ ആധിക്യം മനസ്സിൽ മറച്ചുവെച്ചുകൊണ്ട് ശബാന, കൂട്ടുകാരിയെനോക്കി. എല്ലാം വിശദമായി അറിയാനുള്ള ആകാംക്ഷയോടെ.
"കോടതിയിൽ നിന്നുമുള്ള വിധി നേരത്തേ വന്നിരുന്നല്ലോ? ഇന്ന് അവളുടെ വീട്ടുകാർ വന്ന് ഡ്രസ്സും, മറ്റു സാധനങ്ങളുമെല്ലാം എടുത്തുകൊണ്ട് പോയി." കൂട്ടുകാരി പറഞ്ഞുനിർത്തി.
മൂന്നുവവർഷങ്ങൾക്കുമുമ്പ് ഇതുപോലൊരു സായാഹ്നത്തിലാണ് കൂട്ടുകാരി തന്നോട് പറഞ്ഞത്.
"ഷമീർ നിന്നെ വഞ്ചിക്കുകയാണ്. ഓഫീസിൽ ഒരുമിച്ചു ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുമായി അവൻ ഇഷ്ടത്തിലാണ്. അവരൊന്നിച്ചു ടൗണിൽ ചുറ്റിയടിക്കുന്നത് പലരും കണ്ടിട്ടുണ്ട്. ഉടനേ വിവാഹം ഉണ്ടാകുമെന്നും പറയുന്നത് കേട്ടു."
ഒരുമാത്ര ഞട്ടിപ്പോയെങ്കിലും തന്നെ വഞ്ചിച്ചുകൊണ്ട് ഷമീർ, അങ്ങനൊന്നും ചെയ്യുകയില്ലെന്ന് കൂട്ടുകാരിയോട് അന്ന് തർക്കിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്റെ നെഞ്ചിൽ തീക്കനൽ കോരിയിട്ടുകൊണ്ടുള്ള ആ നടുക്കുന്ന വാർത്ത താനറിഞ്ഞു. കൂട്ടുകാരി തന്നോട് പറഞ്ഞതത്രയും സത്യമായിരുന്നു.
ഷമീർ തന്നെ മറന്നുകൊണ്ട് തന്റെ സ്നേഹത്തെ മറന്നുകൊണ്ട് മറ്റൊരുവളെ വിവാഹം കഴിക്കാൻ പോകുന്നു. ശിഷ്ട ജീവിതകാലം ഒരുമിച്ചു ജീവിക്കാനായി അവൻ സഹപ്രവർത്തകയായ സമ്പന്നയെ കണ്ടെത്തിയിരിക്കുന്നു.
മനസ്സൊന്നാകെ മരവിച്ചുപോയ നിമിഷം. ഏകാന്തതയുടെ, വീർപ്പുമുട്ടലുകളും, നെടുവീർപ്പുകളും നിറഞ്ഞ രാപ്പകലുകൾ. ഹൃദയത്തിൽ മൊട്ടിട്ടുതളിർത്ത പ്രണയത്തിന്റെ വല്ലികൾ വാടിക്കരിഞ്ഞിരിക്കുന്നു. ദിവസങ്ങൾ കടന്നുപോകവേ യാഥാർഥ്യവുമായി താൻ മെല്ലെ പൊരുത്തപ്പെട്ടു. പുതിയൊരു കൂട്ടുകാരനെ താനും കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന സത്യം. എന്നും ഏകയായി കഴിയാനാവില്ലല്ലോ?
എങ്കിലും, ആദ്യമാദ്യം വന്ന വിവാഹാലോചനകൾ താനോരോരോ കാരണങ്ങൾ പറഞ്ഞു മുടക്കിവിട്ടു. തന്നെ ഉപേക്ഷിച്ചുപോയെങ്കിലും ഷമീറിന്റെ മുഖം മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്.
എന്നാൽ, പിന്നീടുവന്ന ആലോചനകൾ സ്ത്രീധനത്തിന്റേയും, പഠിപ്പിന്റെയുമൊക്കെ പേരുപറഞ്ഞുകൊണ്ട് മുടങ്ങിപ്പോയി. അപ്പോഴെല്ലാം... ഒരതിഥിയെപ്പോലെ ഷമീറിന്റെ, ഓർമ്മകൾ തന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടാ ഓർമ്മകൾ പലപ്പോഴും ഭീകരരൂപം പൂണ്ട് പേക്കിനാവുകളായി തീർന്നു.
പ്രതാപം നഷ്ട്ടപ്പെട്ട പഴയ തറവാടിന്റെ പൂമുഖത്തിരുന്നുകൊണ്ട് ഒരു സായന്തനത്തിൽ ബാപ്പയെനോക്കി ഉമ്മാ, പറഞ്ഞു.
"വേണ്ടാത്ത മോഹങ്ങളും മനസ്സിൽ വെച്ചുകൊണ്ട് വന്ന വിവാഹങ്ങളൊക്കെ. മുടക്കിവിട്ടു പെണ്ണ്. മനസ്സിൽകൊണ്ടുനടന്നവൻ പുളികൊമ്പുകണ്ടപ്പോൾ അതിന്റെ പിന്നാലെ പോയി. നമ്മുടെ മോൾക്ക് നിരാശയുമായി."
ഉമ്മയുടെ വാക്കുകളിലെ കുറ്റപ്പെടുത്തലുകളും, സങ്കടങ്ങളുമെല്ലാം തനിക്കന്ന് നന്നായി മനസ്സിലായി. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ നഷ്ടപ്രണയത്തിന്റെ ഓർമ്മകളെ എന്നെന്നേക്കുമായി മനസ്സിൽനിന്നും തുടച്ചുനീക്കാൻ താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഇപ്പോഴിതാ ഷമീർ വിവാഹമോചനം നേടി എന്നറിഞ്ഞപ്പോൾ മനസ്സിനൊരു ചാഞ്ചാട്ടം.
പിറ്റേദിവസം, കുളികഴിഞ്ഞു അലക്കിയെടുത്ത വസ്ത്രങ്ങളും ബക്കറ്റിലാക്കി തോട്ടിൽനിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നവഴി... ഇടവഴിയിൽവെച്ച് ഒരു നിമിത്തം കണക്കെ ഷമീർ, മുന്നിൽ വന്നുനിന്നു.
"ശബാന, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? പെണ്ണുകാണാൻ വന്നവർ എന്ത് പറഞ്ഞിട്ടുപോയി?"
"എന്തുപറയാൻ പതിവുപല്ലവിതന്നെ... പിന്നെ പറയാമെന്നുപറഞ്ഞുപോയി."അവൾ മറുപടി നൽകി.
"എന്റെ വിശേഷങ്ങളൊക്കെ നീ അറിഞ്ഞുകാണുമല്ലോ? ഞാനും, ഭാര്യയും തമ്മിൽ പിരിഞ്ഞു. ഇന്നലെ അവളുടെ വീട്ടുകാർ വന്ന് എല്ലാം എടുത്തുകൊണ്ടുപോയി. പരസ്പരം ചേരരുതാത്തവർ തമ്മിൽ ചേർന്നതിന്റെ പ്രതിഫലനം." കുറ്റബോധംകൊണ്ടോ, സങ്കടംകൊണ്ടൊ എന്തെന്നറിയില്ല, അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷമാണ് ഷമീർ, തന്നോട് സംസാരിക്കുന്നതെന്നകാര്യം അവൾ മനസ്സിലോർത്തു. എന്തൊക്കെയോ അവനോട് പറയണമെന്നുണ്ടായിരുന്നു. അവനെ ആശ്വസിപ്പിക്കണമെന്നും. പക്ഷേ, ഭയവും സംഭ്രമവുമെല്ലാം അവൾക്കുമുന്നിൽ മറതീർത്തു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു. ഒടുവിൽ അവൾ തപ്പിത്തടഞ് ഇത്രയും പറഞ്ഞു.
"എല്ലാം വിധിയാണ്. ഞാൻ പോകുന്നു." അവൾ അതിവേഗം വീട്ടിലേയ്ക്ക് നടന്നു.
രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ ഫോണിലേക്ക് ഷമീറിന്റെ കോൾവന്നു.
"ഹലോ, ശബാന ഉറങ്ങിയോ?"
"ഇല്ല, എന്താ?"
"എന്താണെന്ന് അറിയില്ല... എനിക്ക് നിന്നോട് എന്തൊക്കെയോ സംസാരിക്കണമെന്ന് പെട്ടെന്നൊരു തോന്നൽ. നിനക്ക് വിരോധമുണ്ടോ കേൾക്കുന്നതിൽ?"
"ഇല്ല ,പറഞ്ഞോളൂ..." അവൾ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു .
"എന്റെ വിവാഹമോചനവും, നിന്റെ വിവാഹം ഇതുവരെ നടക്കാത്തതുമെല്ലാം... ഒരു നല്ല നിമിത്തമായി എനിക്ക് തോന്നുന്നു. ഒരുകാലത്ത് നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചുകൊണ്ട് മറ്റൊരുവളെ കൂടെക്കൂട്ടി. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടി. ഇന്ന് ഞാൻ ഏകനാണ്... സ്വതന്ത്രനും. ശബാനയും അതുപോലെതന്നെയാണല്ലോ? അതുകൊണ്ട് വൈകിയാണെങ്കിലും നമുക്ക് ഒന്നായിക്കൂടെ? നിന്നെ സ്വന്തമാക്കാൻ എനിക്കൊരവസരംകൂടി തന്നുകൂടെ? ഇതെന്റെയൊരു അപേക്ഷയാണ്." പറഞ്ഞിട്ട് അവളുടെ മറുപടിക്കായി അവൻ കാത്തിരുന്നു.
അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മനസ്സ് പലവിധ ചിന്തകളാൽ കെട്ടുപിണഞ്ഞു. നൂലുപൊട്ടിയ പട്ടം കണക്കെ ആ മനസ്സ് ഒരുനിമിഷം ആടിയുലഞ്ഞു. ഇന്നലെകളുടെ ഓർമ്മകൾ വീണ്ടും വന്നുനിറയുന്നു. ഉള്ളിൽ മോഹപ്പൂക്കൾ വിടരുന്നു. ഒരിക്കൽ നഷ്ട്ടപ്പെട്ട വസന്തത്തെ തിരിച്ചുകിട്ടുമെന്ന് മനസ്സിലിരുന്നാരോ പറയുന്നു.
തന്റെ മോഹങ്ങൾ വീണ്ടും തളിർക്കുകയാണോ? താൻകണ്ടുകൂട്ടിയ സ്വപ്നങ്ങളത്രയും വൈകിയാണെങ്കിലും പൂവണിയാൻ പോവുകയാണോ? അവളുടെ ചിന്തകൾ ഒരുനിമിഷം കാടുകയറി. ഷമീറിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പുതിയവീട് ,പുതിയ ജീവിതം... ഒരുനിമിഷംകൊണ്ട് അവൾ ഒരുപാട് ആലോചിച്ചുകൂട്ടി.
വേണ്ടാ... ഒന്നും വേണ്ടാ. പൊടുന്നനെ അവൾ തന്റെ വഴിവിട്ട ചിന്തകൾക്ക് വിലങ്ങുതടിയിട്ടു. കഴിഞ്ഞതൊന്നും ഇനി പുതുക്കിയെടുക്കണ്ട. ഇന്നലെകൾ ഇന്നലകളായിത്തന്നെ ഇരിക്കട്ടെ. ഇന്നലെകൾ മരിച്ചുകഴിഞ്ഞു. ഇനി നാളെകളാണ് ഉള്ളത്. അതിനാണ് ജീവനുള്ളത്. അവിടെ മരിച്ചതിനു സ്ഥാനമില്ല. അവൾ മനസ്സിലുറപ്പിച്ചു.
"ശബാന, എന്താ ഒന്നും മിണ്ടാത്തെ? എന്റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ലല്ലോ? എന്തായാലും തുറന്നുപറഞ്ഞുകൊള്ളൂ... എനിക്ക് വിരോധമൊന്നുമില്ല. മറ്റന്നാൾ ഞാൻ ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകും. അതിനും മുന്നേ ശബാനയുടെ മറുപടി കിട്ടിയാൽ.. .ആ മറുപടി അനുകൂലമാണെങ്കിൽ അത് വീട്ടുകാരോട് പറഞ്ഞേൽപ്പിച്ചിട്ടു പോകാമെന്നുകരുതി." ഷമീർ ആകാംക്ഷകൊണ്ടു.
"വേണ്ടാ ,കഴിഞ്ഞതൊന്നും ഇനി പുതുക്കണ്ട. എനിക്ക് എന്നിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഒരിക്കൽ അറ്റുപോയ നമ്മുടെ പ്രണയത്തിന്റെ കണ്ണികൾ ഇനിയും വിളക്കിച്ചേർക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. നമ്മുടെ പ്രണയബന്ധത്തിന് പണ്ടും വിശ്വാസത്തിന്റെ വിടവുകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ മനസ്സിലാക്കിയിട്ടും... നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിയാതെപോയത് . ഇനിയും നിനക്കെന്നെ പൂർണ്ണമായും മനസ്സിലാക്കാനാകുമെന്ന് എനിക്ക് ഉറപ്പുമില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല." അവൾ പറഞ്ഞുനിർത്തി. ആ സമയം അവളുടെ കണ്ണുകൾ നീരണിഞ്ഞിരുന്നു.
"ഓക്കേ, ശബാനാ .എനിക്ക് മനസ്സിലാകും നിന്റെ ഹൃദയവും... അതിനുള്ളിലെ വേദനയുമെല്ലാം. എനിക്ക് ഒട്ടും സങ്കടമില്ല. നിന്നോട് ഇതൊന്നും ചോദിക്കാൻപോലും ഞാൻ അർഹനല്ല. എന്നിട്ടും എന്റെ മനസ്സിന്റെ അതിമോഹം എന്നെക്കൊണ്ട് ഇതെല്ലാം ചോദിപ്പിച്ചു. നിനക്ക് വേദനിച്ചെങ്കിൽ മാപ്പ്. മറ്റന്നാൾ ഞാൻ പോകും. നിനക്ക് എല്ലാവിധ നന്മകളും നേരുന്നു." അത്രയും പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു .
ശബാന, ഫോൺ ഓഫ് ചെയ്തിട്ട് ഒരുനിമിഷം ചിന്തിച്ചു. തന്റെ തീരുമാനം തെറ്റോ, ശരിയോ എന്ന്. അതെ, തന്റെ തീരുമാനമാണ് ശരി. കഴിഞ്ഞുപോയതൊന്നും ഇനി ഓർത്തെടുക്കണ്ട. അറ്റുപോയതിനെ വിളക്കിച്ചേർക്കുകയും വേണ്ട. ഇന്നലകൾ ഇന്നലകളായിത്തന്നെ അവശേഷിക്കട്ടെ.
ഇന്നല്ലെങ്കിൽ നാളെ തനിക്കും ഉണ്ടാകും ഒരു പുതിയകൂട്ട്. ഇല്ലെങ്കിൽ വേണ്ടാ. എല്ലാം തന്റെ വിധിയെന്നുകരുതി സമാധാനിക്കണം. അവൾ മനസ്സിലുറപ്പിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കെയടച്ചു.