വർക്കി ചേട്ടൻ ആള് ഉടായിപ്പ് ആണെന്ന് പൊതുവിൽ ഒരു സംസാരം ഉണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും എനിക്ക് തോന്നിയിരുന്നില്ല. മറ്റുള്ളവർ പറയുന്നത് വെച്ച് ഒരാളോട് മുൻവിധിയോടെ ഞാൻ പെരുമാറില്ലായിരുന്നു.
ഡ്രൈവിങ്ങിലും വണ്ടി സൂക്ഷിക്കുന്നതിലും വർക്കി ചേട്ടൻ മിടുക്കനായിരുന്നു. കോളേജിൽ വണ്ടി പാർക്ക് ചെയ്ത് വിദ്യാർത്ഥികൾ ഒക്കെ ഇറങ്ങികഴിഞ്ഞ് ടയറും ബോഡിയും ഒക്കെ ഒന്ന് തട്ടി തടവി നിൽക്കാറുണ്ട് വർക്കിച്ചേട്ടൻ.
പത്ത് മിനിറ്റ് ഉണ്ട് ക്ലാസ്സ് തുടങ്ങാൻ. കാൻറീനിൽ നിന്ന് ഒരു ചായ കുടിക്കാം... എന്ന് വിളിച്ചാൽ ഒന്നും അയാൾ വരാറില്ല.
ലോഗ് ബുക്കിൽ കിലോമീറ്ററും സമയവുമൊക്കെ രേഖപ്പെടുത്തി വണ്ടിയിൽ നിന്ന് അയാൾ ചാടി ഇറങ്ങുമ്പോൾ ഫസ്റ്റ് അവർ പാതി ആയിട്ടുണ്ടാവും. അന്നേരം നേരെ പോകുന്നത് അഡ്മിനിസ്ട്രേഷൻ ഓഫീസറുടെ അടുത്തേക്കാണ്. ലോഗ് ബുക്ക് കക്ഷത്തിൽ ഒതുക്കിപ്പിടിച്ച് മുണ്ടി നിൻറെ മടിക്കുത്ത് അഴിച്ചിട്ട് ഒരു ഗുഡ്മോർണിംഗ് അടിയുണ്ട്! എന്ത് തിരക്കിലാണെങ്കിലും ഏ ഒ സാർ വർക്കിയുടെ ബുക്ക് വാങ്ങി നോക്കി, "ഫാത്തിമ ഇത് നോക്കിക്കേ...." എന്നൊരു കല്പനയാണ്.
വർക്കി ചേട്ടൻ തന്നെ ക്ലർക്ക് ഫാത്തിമയുടെ മേശപ്പുറത്തേക്ക് ലോഗ് ബുക്ക് എത്തിക്കും. പിന്നെ ഫാത്തിമയും വർക്കി ചേട്ടനും കുശുകുശു...ന്ന് ഓരോന്ന് സംസാരിക്കും. അന്ന് സഞ്ചരിച്ച ദൂരവും വണ്ടി പുറപ്പെട്ട സമയവും മറ്റും മറ്റും ക്ലിയർ ആക്കി ഏ ഒ സാറിൻറെ ഒപ്പും വാങ്ങി, ലോഗ് ബുക്ക് വണ്ടിയിൽ കൊണ്ട് വെച്ച ശേഷം മാത്രമേ അയാൾ ചായ കുടിക്കാനായി കാൻറീൻ ലേക്ക് പോകാറുള്ളൂ.
കാൻറീൻ ലും മറ്റ് ഡ്രൈവർമാരെ പോലെയോ തോട്ടക്കാരെപോലെയോ അയാൾ ശബ്ദമുയർത്തി സംസാരിക്കാറു പോലും ഇല്ല. ഒരു പൊറോട്ട ചുരുട്ടിപ്പിടിച്ച് കടിച്ച് ചായയും കുടിച്ച് വേഗം സ്ഥലം കാലിയാക്കും.
ഇടയ്ക്ക് ലൈബ്രറിയിൽ ബുക്കുകൾ അടുക്കാനും ഓഫീസിൽ കോപ്പി എടുക്കുന്ന പേപ്പറുകൾ തുന്നി കെട്ടാനും ഒക്കെ അയാളെ കാണാറുണ്ട്. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് എവിടെയെങ്കിലും ഒക്കെ അയാൾ ഉണ്ടാവും; മടിയനല്ല.
ഉച്ചയൂണിന് ശേഷമുള്ള വെടിവട്ടത്തിനിടയ്ക്കാണ് വർക്കി ചേട്ടൻ ശബ്ദമുയർത്തി എന്തെങ്കിലും സംസാരിക്കാറുള്ളത്. തോട്ടക്കാരൻമാരും മറ്റ് ഡ്രൈവർമാരുമെല്ലാം പറയുന്ന വീരസ്യങ്ങളെ കൗണ്ടർ അടിച്ച് എല്ലാവരെയും ചിരിപ്പിക്കുന്ന വിരുതനും കൂടിയാണ് വർക്കിച്ചേട്ടൻ.
വെള്ളിയാഴ്ച ദിവസങ്ങളിൽ മറ്റൊരു വർക്കിചേട്ടനെയാണ് നമുക്ക് കാണാൻ കഴിയുക. അന്ന് അയാൾ ഉപവാസത്തിൽ ആയിരിക്കും. പച്ചവെള്ളം പോലും കുടിക്കുകയില്ല. അനാവശ്യ സംസാരങ്ങൾ ഇല്ല വെടിവട്ടത്തിന് പോലും അയാൾ വരികയില്ല. ബസ്സിൽ തന്നെയായിരിക്കും മുഴുവൻ സമയവും.
"വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ പ്രാർത്ഥനയാണ് ഓരോ മനുഷ്യന്റെയും വിജയത്തിന് പിന്നിൽ..." ഒരു വെള്ളിയാഴ്ച ദിവസം ബസ്സിലേക്ക് കയറി ചെന്ന് എന്നോട് വർക്കിചേട്ടൻ പറഞ്ഞു. ഓർമ്മവച്ച കാലം മുതൽ തന്നെ വണ്ടി പണിയാണ്... ആദ്യം ലോറി... കൂപ്പിൽ തടി കയറ്റി കൊണ്ട്... പിന്നെ ലൈൻ ബസ്.. ഹൈറേഞ്ചിലെ പേരുകേട്ട പ്രൈവറ്റ് ബസ് കമ്പനിയിൽ...!
ചെറുക്കൻ പണിക്കുപോയി തുടങ്ങിയതോടെയാണ് ലൈൻ ബസ്സിലെ പണി നിർത്തിയത്. മകളെ കെട്ടിച്ചു വിട്ടു. മകനും കെട്ടി. പറമ്പിൽ നൂറ് ചുവട് ഏലം ഉണ്ട്... അതുമതി !
- നല്ലൊരു മനുഷ്യൻ...!
എന്നാൽ എൻറെ ധാരണയെ തിരുത്തിയ സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. ടൗണിൽ അന്ന് വലിയ വാഹന തിരക്കായിരുന്നു. കോളേജ് ബസ് രണ്ടുമൂന്നു മിനിറ്റ് വൈകിയാണ് തിരക്കിലേക്ക് എത്തിപ്പെട്ടത്. ഒൻപതു മണിക്ക് ക്ലാസ് തുടങ്ങുന്നതിന് പതിനഞ്ചു മിനിറ്റ് മുമ്പ് ബസ് ക്യാമ്പസിൽ എത്തേണ്ടതുണ്ട്. എന്നാലേ കുട്ടികൾക്കും ടീച്ചർമാർക്കുൊക്കെ വാഷ് റൂമിലക്കെ ഒന്ന് പോയി കൃത്യസമയത്ത് ക്ലാസിൽ കയറാൻ കഴിയൂ !
വണ്ടിയുടെ സൈഡ് നോക്കി ഡ്രൈവർക്ക് പറഞ്ഞുകൊടുക്കുന്ന ഒരു അധിക ചുമതല കൂടി ആയിടയ്ക്ക് എനിക്ക് കിട്ടിയിരുന്നു. പതിവായി ബസിൽ കയറുന്ന കുട്ടികളുടെയും ടീച്ചർമാരുടെയും ബസ്ഫെയർ കൃത്യമായി ഓഫീസിൽ അടക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്ന ചുമതല എനിക്ക് തന്നു കൊണ്ടായിരുന്നു എ ഒ സാർ അതിനു തുടക്കമിട്ടത്.
കോളേജ് ബസ്സിൽ സൗജന്യ യാത്ര എന്ന ഓഫർ തന്നു കൊണ്ടായിരുന്നു എന്നെ കുരുക്കിയത്. 'വണ്ടിക്കൂലി ഫ്രീ' ! എന്നു കേട്ടതും ഞാൻ പോയി കുടുങ്ങി എന്നു പറഞ്ഞാലും തെറ്റില്ല. അതായിരുന്നു കൂടുതൽ ശരി.
കോളേജ് വിട്ട് തിരിച്ചുപോകുന്ന ട്രിപ്പിൽ നേരത്തെ എൻറെ വീട്ടുപടിക്കൽ ഇറങ്ങി ചായ കുടിക്കാമായിരുന്നു എനിക്ക്. ഇപ്പോൾ വണ്ടി പാർക്ക് ചെയ്യുന്നിടത്ത് വരെ പോയി തിരിച്ചു വീട്ടിലേക്ക് നടക്കേണ്ട ദുരവസ്ഥയുമായി.
പാർക്ക് ചെയ്യുന്നിടത്ത്, വണ്ടിയുടെ ബാക്ക് 'സൈഡ് 'ചേർത്ത് ഒതുക്കി നിർത്തുന്നത് പിറ്റേന്ന് വണ്ടിയെടുത്തു പോരുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ്. രണ്ട് വശത്തു നിന്നും വരുന്ന വണ്ടികൾ നോക്കി ബസ്പുറകോട്ട് ഒതുക്കി ഇടുമ്പോൾ, ബാക്കിൽ നോക്കി പറഞ്ഞു തരാൻ ഒരു ആൾ കൂടിയേതീരൂ... എന്ന് വർക്കിച്ചേട്ടൻ നിർബന്ധം പിടിച്ചു.
"ഇത്രയും നാൾ എങ്ങനെ ആയിരുന്നു വണ്ടി പുറകോട്ട് എടുത്തിരുന്നത്" .....?ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
"പിള്ളേര് ആരെങ്കിലും ബാക്ക് പറഞ്ഞുതരും... അത് ശരിയല്ലല്ലോ സാറേ.!
അയാൾ പറഞ്ഞു. എൻറെ വർക്കിചേട്ടാ... ഇതുമാത്രം എനിക്ക് പറ്റുകേല... എനിക്ക് വീട്ടുപടിക്കൽ ഇറങ്ങണം...
ഈ വിഷയം അയാൾ നേരെ ചെന്ന് എ ഓ സാറിനോട് പറഞ്ഞു കളഞ്ഞു. സാർ എന്നെ വിളിപ്പിച്ചു. ".......ഇതുമാത്രം ഒന്ന് ഒഴിവാക്കി തരണം സാർ...." ഞാൻ പറഞ്ഞു.
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ....? എല്ലാവരും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞാൽ എങ്ങനെയാ ഇതൊക്കെ നടത്തിക്കൊണ്ടുപോകുന്നത്...?
എന്നെ സമ്മർദത്തിൽ ആക്കുന്ന വിധത്തിലായിരുന്നു ഏ ഒ സാറിൻറെ മറുപടി.
"....ശരി സാർ ....ഞാൻ പോയി കൊള്ളാം ......" പെട്ടു പോയല്ലോ എന്നോർത്ത് ഞാൻ പുറത്തേക്കിറങ്ങി. അന്നൊരു നീരസം തോന്നിയെങ്കിലും വർക്കിച്ചേട്ടൻറെ ഭാഗത്ത് ശരി ഉണ്ടെന്ന് എൻറെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു...
"സാറേ ....ആ സൈഡ് ഒന്നു നോക്കിക്കേ.... വർക്കിചേട്ടൻറെ അലർച്ച എന്നെ ഉണർത്തി.
ഞാൻ തല പുറത്തേക്കിട്ട് നോക്കി. മുൻപിലും പുറകിലും വണ്ടി ഉണ്ട്. അല്പം ഒരു വഴി കിട്ടിയാൽ മുമ്പിലെ വണ്ടിയെ മറികടന്ന് ബസ്സിനു കയറി പോകാം. ഞാൻ മുമ്പിലെ കാറുകാരനോട് വിളിച്ചുപറഞ്ഞു: ".... ഒന്ന് ഒതുക്കി തരാമോ"......? കാറുകാരൻ വണ്ടി ഒന്ന് അനക്കിയതേയുള്ളൂ, വർക്കി ചേട്ടൻ വണ്ടി പെട്ടെന്ന് മുന്നോട്ടെടുത്തു ."പോകല്ലേ.. പോകല്ലേ..." ഞാൻ അലറി. വർക്കി ചേട്ടൻ വണ്ടി നിർത്തിയില്ല. വണ്ടി ചെന്ന് കാറിലിടിച്ചു. കാറിൻറെ ഇൻഡിക്കേറ്റർ ലൈറ്റുകൾ അപ്പാടെ പൊളിഞ്ഞുവീണു. എല്ലാവരും ഒച്ചവെച്ചു.
വണ്ടിനിർത്തി വർക്കി ചേട്ടൻ ചാടി ഇറങ്ങി കാറ് കാരൻറെ അടുത്തെത്തി പറഞ്ഞു: "... ബസ്സിൻറ പുറകെ വന്നേരെ.. കോളേജിൽ സമയത്തിന് എത്തണം... പൈസ ഞാൻ തരാം..."
വഴി ക്ളിയറായി. ബസ്സ് മുന്നോട്ട് കുതിച്ചു. കാറുകാരൻ പുറകെ ഉണ്ട്. "അതിനൊരു മൂവായിരം രൂപയോളം ആകും.... നമുക്ക് പകുതി പകുതി ഇട്ട് കൊടുത്ത് അവനെ പറഞ്ഞു വിടാം..." വർക്കി ചേട്ടൻ പറഞ്ഞു. ഞാൻ ഞെട്ടി. എനിക്ക് സങ്കടവും ദേഷ്യവും വന്നു: "ഞാൻ പോകല്ലേ പോകല്ലേ എന്ന് പറഞ്ഞതല്ലേ... ചേട്ടനല്ലേ വണ്ടി എടുത്തത്... ഞാൻ എന്തിനാ പൈസ തരുന്നത് ...? ഞാൻ ഒച്ച വെച്ചു.
"....എന്നാൽ വേണ്ട ...ഞാൻ കൊടുത്തോളാം ..." അയാൾ ശാന്തനായി പറഞ്ഞു .
വണ്ടിനിർത്തി. കുട്ടികൾ ടീച്ചർമാർഎല്ലാവരും നടന്നു നീങ്ങി, ഞാൻ വർക്കി ചേട്ടൻറെ അടുത്തേക്ക് പോയില്ല... അയാൾ അല്ലേ വണ്ടി കൊണ്ടേ ഇടിച്ചത്... അയാൾ കൊടുക്കട്ടെ... കാറുകാരൻ അയ്യായിരം ചോദിച്ചാൽ അയാൾ എന്ത് ചെയ്യും...?
ആപത്തിൽ അയാളെ കൈവിട്ടു പോകുന്നത് ശരിയാണോ...? എൻറെ മനസ്സ് ചോദിക്കുകയാണ്... ആയിരം രൂപ എങ്കിലും കൊടുക്കാമായിരുന്നു...
എന്തിന് ...?എൻറെ തെറ്റ് അല്ലല്ലോ...!
കുറച്ചുകഴിയുമ്പോൾ വർക്കിച്ചേട്ടൻ വിളിക്കും. ആയിരം രൂപ കൊടുത്തേക്കാം... ഞാൻ മനസ്സിൽ ഉറപ്പിച്ചു... എന്തിനാണ്... നക്കാപ്പിച്ച അഞ്ഞൂറ് കുറക്കുന്നത്...? പോട്ടെ...!. അതും കൊടുത്തേക്കാം...
ഉച്ചയായിട്ടും വിളി വന്നില്ല! ഞാൻ പതിയെ വണ്ടിക്ക് അരികിലേക്ക് നടന്നു. ആൾ വണ്ടി ക്കകത്തിരിപ്പുണ്ട് .
"....എത്ര രൂപ കൊടുത്തു .....? ഞാൻ ചോദിച്ചു.
" ...രണ്ടായിരം കൊടുത്ത് ഒതുക്കി..." വർക്കിച്ചേട്ടൻ ചിരിച്ചു .
".....ഞാൻ ആയിരം തന്നേക്കാം..."
അയാൾ ഉറക്കെ ചിരിച്ചു....
"... വേണ്ട... കോളേജിൽ നിന്ന് കൊടുത്തു.... നമ്മുടെ തെറ്റല്ലല്ലോ..... ഞാൻ എ ഒ സാറിനോട് കേറി കാര്യം പറഞ്ഞു. ....അവൻ പൈസ മേടിച്ചു പോയി.... ഹഹഹ..." വർക്കിച്ചേട്ടൻ വീണ്ടും ചിരിച്ചു...
എത്ര നല്ല മനുഷ്യൻ ....കാര്യങ്ങൾ മാനേജ് ചെയ്യാൻ അറിയാം... തിരികെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചു.
മൂന്നുമണിയുടെ ഇൻറർവെല്ലിന് കാൻറീനിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഏഴാം ബസ്സിലെ ഡ്രൈവർ സത്യൻ വന്ന് തോളിൽ കൈ വച്ചു.
"സത്യാ... ചായ പറയട്ടെ ..."ഞാൻ ചോദിച്ചു.
"കുടിച്ചു... ഞാൻ സാറിനെ കണ്ടതുകൊണ്ട് ഇങ്ങോട്ട് കയറി വന്നതാ... അറിയാൻ പാടില്ലേൽ പിന്നെ എന്തിനാ സാറേ സൈഡ് പറയാൻ പോകുന്നത്..? അത് സാറിൻറെ പണി അല്ല എന്ന് പറയണം. എനിക്ക് കാര്യം മനസ്സിലായില്ല. ഞാൻ സത്യത്തെ മുഖത്തേക്ക് നോക്കി:
"എന്താ സത്യാ...."
"അല്ല ...കോളേജിൻറെ പൈസ പോയീന്നും പറഞ്ഞ് ഓഫീസിൽ സംസാരം കേട്ടു..."
"ഞാനെന്തു ചെയ്തു ....?
"സാറ് പുതിയതല്ലേ... പരിചയമില്ലാതെ സൈഡ് പറഞ്ഞു കൊടുത്ത് വണ്ടി പോയി ഇടിച്ചു..." എന്നാണ് വർക്കി ചേട്ടൻ ഏ ഒ സാറിനോട് പറഞ്ഞത്.
"സാർ എന്തിനാ വെറുതെ വില കളയണേ...
"അങ്ങനെയല്ല സത്യാ"... ഞാൻ പറയുന്ന തൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ കാൻറീൻറെ പുറത്തേക്ക് നടന്നു.
-കാര്യങ്ങൾ മാനേജ് ചെയ്യാൻ അറിയാവുന്ന ആൾ! പ്ലേറ്റ് തിരിച്ചു വച്ചിരിക്കുന്നു !
"..... വണ്ടി പണി എന്നുവെച്ചാൽ അങ്ങനെയാ... നമ്മൾ ഓടിക്കാൻ പഠിച്ചാൽ മാത്രം പോരാ... മറ്റവൻ വന്ന് ഇങ്ങോട്ട് കേറ്റാതിരിക്കാനും പഠിക്കണം..." വർക്കിച്ചേട്ടൻ ഇടയ്ക്ക് എന്നോ പറഞ്ഞ ആ വാചകം ഇപ്പോഴും എൻറെ ചെവിയിൽ മുഴങ്ങാറുണ്ട്, ഇടയ്ക്കൊക്കെ !