മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

സ്റ്റേജില്‍ നിന്നിറങ്ങിയതും ഗിരീശന്‍മാഷ് ആങ്കറിങ്ങ് നടത്തിയിരുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് തിരക്കടിച്ച് ചെന്നു. നന്ദി പ്രസംഗത്തിനുമുമ്പുത്തന്നെ അവള്‍ സ്ഥലം കാലിയാക്കിയിരുന്നു. അയാള്‍ അവിടെയുള്ളവരോടെല്ലാം ആ പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

പ്രസാധകന്‍ പ്രദര്‍ശനത്തിനായി നിരത്തി വെച്ചിരുന്ന പുസ്തകങ്ങളില്‍ നിന്നും അന്ന് പ്രകാശിതമായ അവളുടെ അച്ഛന്റെ കവിതാപുസ്തകം അയാള്‍ തിരഞ്ഞു കണ്ടെത്തി. അയാളത് കയ്യിലെടുത്തു. അതില്‍ നിന്നും എഴുത്തുകാരന്റെ മൊബൈല്‍ നമ്പര്‍ പകര്‍ത്തിയെടുത്തു. പുറംച്ചട്ടയില്‍ അയാളേയും കവിതയേയും കുറിച്ചെഴുതിയ വരികള്‍ മനസ്സിരുത്തി വായിച്ചു. പിന്നെ അവിടെ സന്നിഹിതരായിരുന്ന സ്ത്രീ എഴുത്തുകാര്‍ക്കിടയിലേക്ക് കാറ്റിലലയുന്ന കരിയില പോലെ തെന്നി വീണുകൊണ്ടിരുന്നു.

''സാറില്ലായിരുന്നെങ്കില്‍ ഞാനെഴുത്തുകാരിയേ ആകില്ലായിരുന്നു.'' രമാദേവി കൂട്ടുകാരിയോടായി അയാളുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചു പറഞ്ഞു. അയാള്‍ അഭിമാനത്താല്‍ വിജ്രംഭിതനായി അവളോട് ചേര്‍ന്നു നിന്നു. അതുകേട്ട് ഓടിയെത്തിയ ജെന്‍സി പറഞ്ഞു. 

''സാറെന്നെ വിളിക്കുമ്പോഴെല്ലാം എന്തെങ്കിലും കഴിച്ചോ എന്നല്ല. ഇന്നെത്ര എഴുതി എന്നാണ് തിരക്കാറ്. എന്തൊരു കരുതലാ... ഒരു വല്ലാത്ത മനുഷ്യന്‍ തന്നെ.''

അയാള്‍ക്ക് തന്നോട് അത്രമേല്‍ സ്‌നേഹവും കരുതലുമുണ്ടെന്ന് ജെന്‍സി ഊറ്റം കൊണ്ട് അയാളോട് ചേര്‍ന്നു നിന്നു. സാഹിത്യ അക്കാദമിയിലെ ഓഡിറ്റോറിയത്തില്‍ അന്നവിടെ സന്നിഹിതരായിരുന്ന അമ്പതിലേറെ സ്ത്രീകളില്‍ തൊണ്ണൂറുശതമാനം പേരും അയാളുടെ ഫോണ്‍ ലാളനയില്‍ വശംവദരായവരും അയാള്‍ക്ക് തന്നോടാണ് ഏറ്റവും പ്രിയം എന്ന് വിശ്വസിക്കുന്നവരുമായിരുന്നു. എന്നാല്‍ അയാളതിലൊന്നും തൃപ്തനായിരുന്നില്ല. അയാള്‍ വീണ്ടും വീണ്ടും പുതിയ പുതിയ ആളുകളെ തേടികൊണ്ടിരുന്നു. ഇതുകണ്ട് മാറി നിന്നിരുന്ന കവയിത്രി ലതിക കൂട്ടുകാരി സഫിയയോട് മന്ത്രിച്ചു.

''അങ്ങേര് മീട്ടുവില്‍ കുടുങ്ങാന്‍ സാധ്യത മണക്കുന്നുണ്ടല്ലോ.'' 

സഫിയ ഒന്ന് ചിന്തിച്ചിരുന്നശേഷം പറഞ്ഞു. 

''അതിന് സാധ്യതയില്ലെടീ... ഈ ഫോണിലൂടെയുള്ള ക്രീഢകള്‍കൊണ്ട് മാത്രം തൃപ്തനാണ് അദ്ദേഹം. അതിനപ്പുറം പോകാന്‍ ധൈര്യം അങ്ങേര്‍ക്കില്ലെടി. എന്റെ അടുത്ത് കുറേ വേലയിറക്കിയതല്ലേ...'' അതുകേട്ട് ലതിക പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു.

''എന്റെ അടുത്തും പലപ്പോഴും വിളിയെത്താറുണ്ട്. വാക്കുകള്‍ വളയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറയും. സാറെ, എനിക്ക് അല്പം പണിത്തിരക്കുണ്ട്. വെച്ചോട്ടെ...''

''എന്നാലും ഒരു വല്ലാത്ത പഹയന്‍തന്നെ. എത്ര പേരോട് കൊഞ്ചിക്കുഴഞ്ഞാലാ അങ്ങേര്‍ക്ക് സമാധാനം കിട്ടുക.''

''എന്റെ സഫിയാ... കടലിലെ തിരകളെ ഇല്ലാതാക്കാന്‍ ആര്‍ക്കാണ് കഴിയുക? ആര്‍ത്തിയുടെ കാര്യവും അതുതന്നെ... അയാളുടെ കാറ്റുപോകുവോളം ഇത് തുടരും. അത്ര തന്നെ...'' സഫിയ അതിനൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു. ലതിക ടീച്ചര്‍ തുടര്‍ന്നു.

''എന്റെ ആദ്യപുസ്തകം ഇറങ്ങിയ അന്ന് അദ്ദേഹം എന്നെ വിളിച്ചു. എനിക്കയാളെ ഒട്ടും പരിചയമില്ലായിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ പുസ്തകത്തില്‍ കൊടുത്തിരുന്നില്ല. എന്നീട്ടും അയാള്‍ നമ്പര്‍ തിരഞ്ഞുകണ്ടെത്തി എന്നെ വിളിച്ചു. കവിതകള്‍ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. ആനുകാലികങ്ങളില്‍ നിരന്തരം എഴുതണമെന്നു പറഞ്ഞു. എന്നീട്ട് കുറേ ആനുകാലികങ്ങളുടെ പേരുകള്‍ പറഞ്ഞു. അതിന്റെയെല്ലാം അഡ്രസ്സ് തരാമെന്നു പറഞ്ഞു. പിന്നെ ഓരോ ദിവസവും ഓരോ അഡ്രസ്സുകള്‍ തരുന്നതിനായി അയാള്‍ എന്നെ വിളിച്ചു. എന്റെ കവിതകള്‍ക്ക് നിരൂപണമെഴുതി എനിക്കയച്ചുതന്നു. അതെല്ലാം എന്നെ വാനോളം പുകഴ്ത്തുന്നവയായിരുന്നു. തട്ടുകിട്ടേണ്ട പൊട്ടക്കവിതകളെ പോലും നല്ലതെന്ന് അയാള്‍ വിധിച്ചു. അതോടെ എനിക്കയാളെ മനസ്സിലായി. പിന്നെ ഗിരീശന്‍ എന്ന പേര് ഞാന്‍ കുറേ കാലം എന്തെങ്കിലും ആവശ്യം വരുമ്പോള്‍ മാത്രം തുറക്കുന്നതിനായി അടച്ചുവെച്ചു.'' 

ഗിരീശന്‍ മാഷുടെ ഫോണ്‍ ഇടയ്ക്കിടെ മണിയടിച്ചുകൊണ്ടിരുന്നു. അയാളതെല്ലാം കയ്യോടെ ഓഫ് ചെയ്ത് ഓരോരോ സ്ത്രീകളുമായി മധുരഭാഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അതുകണ്ട് സഫിയ പറഞ്ഞു.

''നമ്മള്‍ ഒന്ന് ഡയല്‍ ചെയ്യുമ്പോഴേക്കും ഫോണ്‍ എടുക്കാറുള്ള അദ്ദേഹം എന്താ ഇത്രയും കോളുകള്‍ വന്നിട്ടും ഒന്നും എടുക്കാത്തത്.''

ലതികക്ക് ചിരി പൊട്ടി. അവള്‍ അല്പം ഉറക്കെത്തന്ന വിളിച്ചു പറഞ്ഞു.

''അതയാളുടെ ഭാര്യയാടി വിളിക്കുന്നത്. അതോണ്ട ആ കോളുകളെ വക വെയ്ക്കാത്തെ... ആ പെണ്ണുപ്പിള്ളയാണേല്‍ പുറത്തു പോയാല്‍ അപ്പം വിളിച്ചോണ്ടിരിക്കും. അത്രക്കും വിശ്വാസമാണയാളെ...''

സഫിയയും ഇതുകേട്ട് ചിരിച്ചു. ചിരിക്കുന്നതുകണ്ടായിരിക്കണം ഗിരീശന്‍ മാഷ് രണ്ടാളുടെയും അടുത്തേക്ക് ഓടിയെത്തി.

''എന്താ വിശേഷം. ഞാന്‍ കേള്‍ക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലല്ലോ...'' അതുകേട്ട് സഫിയ വിളിച്ചു പറഞ്ഞു 

''ഗിരീശന്‍ മാഷേ ഭാര്യ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ലതിക പറഞ്ഞപ്പഴാണ് ചിരി വന്നത്.''

''അത് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി.''

''അതിന് അധികം ബുദ്ധിയൊന്നും വേണ്ട സാറേ...''

അതുകേട്ട് അയാള്‍ പറഞ്ഞു.

''വല്ല്യ ശല്ല്യാ എന്റെ സഫിയാ... പുറത്തിറങ്ങ്യാ അപ്പോ വിളി തുടങ്ങും. ചവറ്... എടുത്താ വെക്കണ്ടേ... നൂറുകൂട്ടം ചോദ്യങ്ങളാ... എപ്പഴാ വര്വാ... ഇപ്പോഴെവിടെയാ ഉള്ളത്... കൂടെ ആരൊക്കെയുണ്ട്... രാത്രീല് ചോറിന് കറിയെന്താ വെയ്ക്കണ്ടത്... അങ്ങനെയങ്ങനെയങ്ങനെ...''

''പാവം. നല്ല വിശ്വാസംണ്ടേ...'' സഫിയ ആരോടെന്നില്ലാതെ അയാളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളതുകേട്ട് ചിരിച്ചു. പിന്നെ കുറേനേരം അയാളുടെ ഭാര്യയുടെ കുറ്റങ്ങള്‍ വിസ്തരിച്ചു പറഞ്ഞുകൊണ്ട് നിന്നു. കേട്ടുകേട്ട് ചെവി ചൂടാകാന്‍ തുടങ്ങിയപ്പോള്‍ ലതിക ടീച്ചര്‍ പറഞ്ഞു. 

''എന്റെ ബസ് വരാറായി. ഞാന്‍ പോണൂ.'' 

അതുകേട്ട് സഫിയയും പറഞ്ഞു.

''ഞാനും പോണൂ.'' രണ്ടുപേരും അതുംപറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നപ്പോള്‍ അയാള്‍ അവിടെ തമ്പടിച്ചിരുന്ന മറ്റുള്ളവരിലേക്ക് നടന്നുകയറി. 

വീട്ടിലെത്തിയതും പ്രാഥമിക കാര്യങ്ങളെല്ലാം തീര്‍ത്ത് അയാള്‍ തന്റെ എഴുത്തു മുറിയിലേക്ക് കയറി. ഭാര്യക്ക് അവിടെ പ്രവേശനമില്ലാത്തതിനാല്‍ അതാണ് വീട്ടിലെ അയാളുടെ സുരക്ഷിതമായ സ്ഥലം. അയാള്‍ അന്ന് സംഭരിച്ച പുതിയ നമ്പറില്‍ ഡയല്‍ ചെയ്തു. ഫോണ്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ പറയേണ്ട വാക്കുകള്‍ക്കായി അയാള്‍ കരുതല്‍ ശേഖരം തുറന്നു വെച്ചു.

''ഹലോ... ആരാണ്.'' ഫോണ്‍ ശബ്ദിച്ചു.

''നിങ്ങള്‍ ഗേവിന്ദന്‍കുട്ടിയല്ലേ...'' അയാള്‍ ചോദിച്ചു. 

''അതേ... എന്താ സാറേ കാര്യം.'' 

''ഞാനൊരു കവിയും നിരൂപകനുമൊക്കെയാണ്. നിങ്ങളുടെ ഒരു പുസ്തകം ഞാനിന്ന് വായിക്കാനിടയായി.''

''അതേയോ... വളരെ നന്ദിയുണ്ട് സാറേ...''

''നിങ്ങള്‍ എത്ര പുസ്തകം എഴുതിയിട്ടുണ്ട്.''

''എന്റെ ആദ്യത്തെ പുസ്തകമാണ് സാറേ...''

''ആണോ... പുസ്തകം വായിച്ചാല്‍ പറയില്ല ട്ടോ... വളരെ തഴക്കം വന്ന എഴുത്തുകാരനെപ്പോലെയുണ്ടല്ലോ...''

''സാറിന്റെ ഇഷ്ടപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി സാറേ...''

''ഞാന്‍ തമാശ പറഞ്ഞതല്ല. ഒള്ളതുതന്നെയാണ് കേട്ടോ...''

''അതേയോ... ആദ്യായിട്ടാ ഒരാള് ആ പുസ്തകത്തേക്കുറിച്ച് അഭിപ്രായം പറയുന്നതിനായി വിളിച്ചത്. വളരെ സന്തോഷം.''

''ഞാന്‍ നിങ്ങളുടെ പുസ്തകത്തെക്കുറിച്ച് ഒരു നിരൂപണം തയ്യാറാക്കുന്നുണ്ട്.''

''നന്ദി സാറേ... പെരുത്ത് നന്ദി.''

''നിങ്ങളുടെ മകളായിരുന്നോ ഇന്ന് ആങ്കറിങ്ങ് നടത്തിയിരുന്നത്.''

''അതെ സാറെ.''

''എന്തൊരു മനോഹരമായ അവതരണം. ആ കുട്ടിക്ക് നല്ല ഭാവനയുണ്ട്. അച്ഛന്റെ ഗുണങ്ങള്‍ അവള്‍ക്കും കിട്ടിയിട്ടുണ്ട്.''

''നേരാ സാറേ... എല്ലാവരും പറയും അച്ഛന്റെ എല്ലാ ഗുണങ്ങളും മോള്‍ക്കു കിട്ടിയിട്ടുണ്ടെന്ന്. സാറൊരു വല്ലാത്ത മനുഷ്യന്‍ തന്നെ  എത്ര പെട്ടെന്നാണ് അതെല്ലാം കണ്ടെത്തിയത്.''

''എനിക്ക് ഗോവിന്ദന്‍കുട്ടീടെ മോളോടൊന്ന് സംസാരിക്കണമെന്നുണ്ട്. കഴിവുള്ളവരെ കാണാതെ പോകരുത്.''

''ഓ, അതിനെന്താ...''

''വീട്ടില്‍തന്നെയാണോ താമസം''

അല്ല. അവളുടെ ഭര്‍ത്താവിനോടൊപ്പമാണ്.''

''ദൂരെയാണോ...''

''അല്ല. അടുത്തുതന്നെയാ...''

''നമ്പര്‍ കിട്ടാന്‍ സാധ്യതയുണ്ടോ....''

''അതിനെന്താ, സാറെഴുതിയെടുത്തോളൂ...''

പേനയും പേപ്പറുമെടുത്ത് ഗിരീശന്‍ മാഷ് എഴുതാന്‍ തുടങ്ങി. എന്നിട്ട് സന്ധ്യാമേനോന്‍ എന്നെഴുതിയ ആ കടലാസില്‍ ചൂണ്ടു വിരലമര്‍ത്തി തഴുകികൊണ്ടിരുന്നു. 

നമ്പര്‍ കിട്ടി കഴിഞ്ഞതും ഗോവിന്ദന്‍കുട്ടിയോട് സംസാരിക്കാനുള്ള താല്പര്യമെല്ലാം അയാളില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. 

''ശരി. ഞാന്‍ പിന്നെ വിളിക്കാം. നിരൂപണം തയ്യാറായി കഴിഞ്ഞാല്‍ അയച്ചു തരാം.''

''ഓകെ സാര്‍.''

''ഓകെ.''

അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ പുതിയതായി എഴുതിയെടുത്ത നമ്പറ് ഫോണില്‍ സേവ് ചെയ്യാന്‍ ശ്രമിച്ചു. സന്ധ്യാമേനോന്‍ എന്നുണ്ടായിരുന്നത് ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ഏതു സന്ധ്യയാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേനേ... സന്ധ്യകള്‍ തന്നെ എത്ര പേരാ... അയാള്‍ മനസ്സില്‍ നിനച്ചു. ഫോണ്‍സ്റ്റോറേജ് നിറഞ്ഞു കഴിഞ്ഞിരുന്നു. അതിനാല്‍ സിമ്മിലാണ് ഇപ്പോള്‍ സേവ് ആകുന്നത്. രണ്ട് സിമ്മുള്ളതിനാല്‍ രണ്ടിലും നിറയുവോളം സേവ് ചെയ്യാലോയെന്ന് അയാള്‍ നെടുവീര്‍പ്പിട്ടു. 

നമ്പര്‍ ഡയല്‍ ചെയ്‌തെങ്കിലും ഫോണ്‍ എടുത്തില്ല. കുറേ നേരത്തെ പരിശ്രമത്തിലൊടുവില്‍ അങ്ങേത്തലക്കല്‍ നിന്നും ശബ്ദമുയര്‍ന്നു. അയാള്‍ സന്തോഷവാനായി. ആ സന്തോഷം മുഴുവന്‍ വാക്കുകളായി പറന്നു. എന്തൊക്കെയാണ് പറഞ്ഞതെന്നോ എന്തൊക്കെയാണ് പറയാന്‍ ഉദ്ദേശിച്ചിരുന്നത് എന്നതെല്ലാം അയാള്‍ മറന്നു. പരിസരം മറന്ന്... തന്നെത്തന്നെ മറന്ന്... അയാളുടെ മിഴികളില്‍ ഒരാള്‍ മാത്രമായി മാറി. അത്രയ്ക്കും അയാള്‍ക്ക് അവളെ ഇഷ്ടം തോന്നിയിരുന്നു. ചെവിയില്‍ ചൂടുതട്ടാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ ലൗഡ്‌സ്പീക്കറിലിട്ട് സംഭാഷണം തുടര്‍ന്നു. അവള്‍ ഒന്നും പറഞ്ഞിരുന്നില്ല. അയാള്‍ അങ്ങോട്ട് ഒഴുകുകയായിരുന്നു. ഒഴുകിയൊഴുകി തൊണ്ട വറ്റി വരണ്ടപ്പോള്‍ ഒന്നു നിര്‍ത്തി. അപ്പോഴേക്കും അവള്‍ അങ്ങേത്തലക്കല്‍ കട്ട് ചെയ്തിരുന്നു. അയാള്‍ക്ക് നിരാശ തോന്നി. എങ്കിലും കരുതി. സാരമില്ല. ഇനിയും വിളിക്കാലോ...

അടുത്ത ദിവസം വൈകീട്ട് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ പരിചയക്കാരനാണ് വിളിക്കുന്നതെന്ന് തോന്നി. അത്രയേറെ സൗഹൃദപരമായിരുന്നു ആ വിളി. അതിനാല്‍ വളരെ സൗമ്യമായി തന്നെ തിരക്കി.

''എന്താ സാറേ, ആവശ്യം.''

''ഒരു കാര്യം അന്വേഷിച്ചറിയാനായിരുന്നു.''

''ഫോണിലൂടെ പറഞ്ഞാല്‍ പോരേ...''

''അത് നിങ്ങള്‍ എന്നും ചെയ്യുന്ന കാര്യങ്ങളല്ലേ... ഇവിടെ അതുപോര... നേരിട്ടൊന്നു വരണം. സാറിന് ചില സംശയങ്ങളുണ്ട്. അതൊന്നു നിവൃത്തിച്ചു കൊടുക്കണം.''

''ഓ, അതിനെന്താ...''

''അപ്പോള്‍ നാളെ പത്തുമണി...''

''ശരി സാറേ.'' 

എത്രയോ പോലീസുകാര്‍ തന്റെ വായനക്കാരും ആരാധകരുമായിട്ടുണ്ട്. അവരില്‍ ആരെങ്കിലുമാകാം വിളിച്ചത്. അയാള്‍ നിനച്ചു. അതിനാല്‍ത്തന്നെ സ്റ്റേഷനിലേക്ക് അയാള്‍ നേരത്തേത്തന്നെ ചെന്നു. അവിടെയെത്തിയപ്പോള്‍ പരിചയക്കാരെ ആരേയും കണ്ടില്ല. പേരു പറഞ്ഞു പരിചയപ്പെടുത്തി. അതുകേട്ട റൈറ്റര്‍ അയാളെ അടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. 

''എന്തോ അറിയാനുണ്ടെന്നു പറഞ്ഞിരുന്നു. ചോദിക്കാണെങ്കില്‍ കാര്യങ്ങള്‍ പറഞ്ഞ് എനിക്ക് പോകാമായിരുന്നു.''

''തിരക്കടിക്കണ്ട. സാറ് വരട്ടെ. അതുവരെ നമുക്ക് കുറച്ച് സംസാരിച്ചിരിക്കാന്നേ...'' റൈറ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

''എനിക്ക് പോയിട്ട് ഒന്നു രണ്ടു പേരെ കാണാനുണ്ടായിരുന്നു.''

''നമുക്കെത്ര പേരെ വേണമെങ്കിലും കാണാന്നേ... എന്താ നിങ്ങള് പെണ്ണുങ്ങളോട് മാത്രമേ വായ് തുറക്കൂ. എങ്കില്‍ വനിതാ കോണ്‍സ്റ്റബിളുമാരെ വിളിക്കാം.''

ഗിരീശന്‍ മാഷ് ഒന്നും മിണ്ടിയില്ല. അയാള്‍ ക്ഷമയോടെ കാത്തിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരെല്ലാം ഓരോ തിരക്കുകളുമായി ഓടി നടക്കുന്നുണ്ടായിരുന്നു. പാറാവു നിന്നിരുന്നവര്‍ അയാളെ നോക്കി ചിരിച്ചു. പലതും ചോദിച്ചു. ഒന്നും അയാള്‍ക്ക് വ്യക്തമായില്ല. പതിനൊന്നര മണിയായി കാണും ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനിലേക്ക് ജീപ്പില്‍ പാഞ്ഞുവന്നു. അയാള്‍ വന്നതും തന്റെ ചേംബറിലേക്ക് പോയി. പുറകെ റൈറ്റര്‍ അകത്തുകടന്നു. കുറച്ചു കഴിഞ്ഞ് ഒരു പാറാവുകാരന്‍ വന്നു പറഞ്ഞു.

''തന്നെ സാറു വിളിക്കുന്നു.''

'തന്നെ' എന്നു പാറാവുകാരന്‍ വിളിച്ചത് അയാളിലല്പം അസ്‌കിതയുണ്ടാക്കി. താന്‍ ആരാണെന്നറിയാത്ത ഏതെങ്കിലും പോലീസുകാരനാകുമെന്നയാള്‍ സമാധാനിച്ചു. അയാള്‍ അകത്തേക്ക് കടന്നു ചെന്നു. ഇന്‍സ്‌പെക്ടര്‍ അയാളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ സന്തോഷത്തോടെ അദ്ദേഹത്തിനഭിമുഖമായി ഇരുന്നു. ഇതൊന്ന് കേട്ട് നോക്കൂ. അയാള്‍ ഒരു ഇയര്‍ഫോണ്‍ കാതില്‍ വെച്ചുതന്നു. അതുകേട്ട് അയാള്‍ക്കുതന്നെ ലജ്ജ തോന്നി. തന്നോടുതന്നെ അയാള്‍ക്ക് അറപ്പു തോന്നി.

''ഇത് താങ്കളുടെ സ്വരമല്ലേ?''

''അതേ...''

''താങ്കള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലള്ള ആളാണോ?''

''അല്ല.''

''അതിനര്‍ത്ഥം താങ്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണോ?''

അയാള്‍ ഒന്നും മിണ്ടിയില്ല. 

''ഇതില്‍ നിങ്ങള്‍ സംസാരിച്ചത് ആരോടാണ് എന്നറിയുമോ?''

''അറിയാം. ഗോവിന്ദന്‍കുട്ടിയുടെ മകളോട്.''

''അപ്പോള്‍ ആളെ അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിച്ചത്. അല്ലേ?''

''അതേ...''

''ശരി. ആ പേപ്പേഴ്‌സെല്ലാം ഒന്ന് ഒപ്പിട്ടു കൊടുത്തേക്ക്.''

അതുകേട്ടതോടെ അയാള്‍ക്ക് അല്പം ആശ്വാസം തോന്നി.  റൈറ്ററുടെ പുറകെ ഇന്‍സ്‌പെക്ടറുടെ ചേംബറില്‍ നിന്നും പുറത്തുകടന്നു. റൈറ്റര്‍ കൊടുത്ത പേപ്പറുകളിലെല്ലാം അയാള്‍ ഒപ്പു വെച്ച് പുറത്തുകടക്കാന്‍ എണീറ്റപ്പോള്‍ റൈറ്റര്‍ പറഞ്ഞു.

''ഏതായാലും ഞങ്ങള്‍ താങ്കളെ ഇവിടെ വിളിച്ചു വരുത്തിയതല്ലേ... ചില ചെറിയ ചടങ്ങുകള്‍ കൂടി കഴിഞ്ഞ് പോകാം.''

അയാളിലപ്പോള്‍ അല്പം ഭയം കടന്നു വരാതിരുന്നില്ല. എങ്കിലും താനൊരു പ്രസിദ്ധനായ എഴുത്തുകാരനല്ലേയെന്ന ആത്മധൈര്യം അയാളെ തളര്‍ത്താതെ നിര്‍ത്തി. കുറച്ചു കഴിഞ്ഞതും റൈറ്റര്‍ വിളിച്ചു. കൂടെ ഇറങ്ങിചെന്നപ്പോള്‍ ജീപ്പില്‍ കയറാന്‍ പറഞ്ഞു. ജീപ്പ് അയാളേയുംകൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയുടെ പടിക്കലെത്തിയപ്പോള്‍ അയാള്‍ തിരക്കി. 

''എന്തിനാണ് ഇവിടേയ്ക്ക് വന്നത്.''

''ഒരു ചടങ്ങിന് വേണ്ടി.'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളും കൂടെ ചിരിച്ചു. 

ഡോക്ടറുടെ കുറിപ്പടിയുമായി പോലീസുകാര്‍ അയാളെ വീണ്ടും ജീപ്പില്‍ കയറ്റി. നേരെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജീപ്പ് ചെന്നു നിന്നത്. കോടതി വരാന്തയിലെ തിങ്ങിനിറഞ്ഞ ജനമധ്യത്തിലൂടെ അയാളെ അവര്‍ കോടതിഹാളിലേക്ക് പ്രവേശിപ്പിച്ചു. എല്ലാവരുടേയും കണ്ണുകള്‍ അയാളെ കൊത്തിവലിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക് ആദ്യമായി നാണം തോന്നി. തന്നെ കൊണ്ടു വന്ന പോലീസുകാരിലൊരാള്‍ ഓഫീസില്‍ കൊണ്ടുപോയി സീല്‍ വെപ്പിച്ച് പേപ്പറുകള്‍ ബെഞ്ച് ക്ലര്‍ക്കിന് കൈമാറി. ബെഞ്ച് ക്ലര്‍ക്ക് മജിസ്‌ട്രേറ്റിനുനേരെ അതു നീട്ടിയെങ്കിലും കോടതി പിരിയാന്‍ നേരമായതിനാല്‍ അത് സ്വീകരിക്കാതെ മജിസ്‌ട്രേറ്റ് എണീറ്റ് എല്ലാവരേയും വണങ്ങികൊണ്ട് ചേംബറിലേക്ക് നടന്നുപോയി. 

അല്പനേരത്തിനു ശേഷം ബെഞ്ച് ക്ലര്‍ക്ക് വന്ന് പോലീസുകാരോട് പറഞ്ഞു.

''ചേംബറിലേക്ക് കൊണ്ടു വന്നോളൂ.''

ഉടനെ ഡ്യൂട്ടി പോലീസുകാര്‍ അയാളേയും കൂട്ടി മജിസ്‌ട്രേറ്റിന്റെ ചേംബറിലേക്ക് കൊണ്ടുപോയി. അവിടെ ചെല്ലുമ്പോള്‍ മജസ്‌ട്രേറ്റ് പോലീസ് നല്‍കിയ എഫ് ഐ ആറും റിമാന്റ് റിപ്പോര്‍ട്ടും വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അകത്തുകടന്നതും തലയുയര്‍ത്തി ഒന്നു നോക്കി. എന്നീട്ട്  ചോദിച്ചു.  

''താങ്കള്‍ക്കെന്തെങ്കിലും പരാതിയുണ്ടോ?''

അയാള്‍ക്കത് മനസ്സിലായില്ല. അയാള്‍ മിഴിച്ചുനോക്കി നിന്നു. മജിസ്‌ട്രേറ്റ്  വീണ്ടും പറഞ്ഞു.

''പോലീസുകാര്‍ക്കെതിരെ താങ്കള്‍ക്കെന്തെങ്കിലും പരാതിയുണ്ടോയെന്നാണ് ചോദ്യം?'' അയാളുടനെ അതിന് മറുപടി നല്‍കി. ''ഇല്ല.'' ഒപ്പം അയാളോര്‍ത്തു. താനെന്തിന് പോലീസുകാര്‍ക്കെതിരെ പരാതിപ്പെടണം.

പിന്നെ ചോദ്യവും പറച്ചിലുകളുമുണ്ടായില്ല. മജിസ്‌ട്രേറ്റ് തലകുനിച്ചിരുന്ന് ആ പേപ്പറുകളില്‍ കുനുകുന എഴുതി ബെഞ്ച് ക്ലര്‍ക്കിന് കൈ മാറി. അയാള്‍ പറഞ്ഞു. 

''പുറത്തിറങ്ങി നിന്നോളൂ.''

മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അയാള്‍ അന്നത്തെ ആ ദിവസം ഓര്‍ത്തു. ചില ഓര്‍മ്മകള്‍ ഒരിക്കലും മറക്കാനാകാത്തതാണ്. എത്ര രസകരമായിരുന്നു ആ ഓര്‍മ്മകള്‍. അതിങ്ങനെയൊക്കെ പരിണമിക്കുമെന്ന് സ്വപ്നത്തില്‍ പോലും അയാള്‍ നിനച്ചതല്ല. എത്രയോ ആളുകളെ താന്‍ ഫോണിലൂടെ വിളിച്ച് സംസാരിച്ചിരിക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ പോലീസുകാരോടൊത്ത് പുറത്തു കടന്ന് കോടതി വരാന്തയിലെ ബെഞ്ചിലിരുന്നു. കുറെ കഴിഞ്ഞ് സെക്ഷന്‍ ക്ലര്‍ക്ക് വന്ന് രണ്ടു അടയാളങ്ങള്‍ ചോദിച്ചറിഞ്ഞുപോയി. കൂടെയുള്ള പോലീസുകാരോടായി അപ്പോഴയാള്‍ ചോദിച്ചു. 

''എന്താണ് പ്രശ്‌നം?''

ആ ചോദ്യത്തിന് പോലീസുകാര്‍ കൈമലര്‍ത്തി. വാറണ്ടും വാങ്ങി അയാളെ ജയിലിലേക്ക് കൊണ്ടു പോകുമ്പോള്‍ പോലീസുകാര്‍ അയാളോട് ചോദിച്ചു.

''കഴിഞ്ഞ ദിവസം നിങ്ങള്‍ മണിക്കൂറുകളോളം ഫോണിലൂടെ അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞത് ആരോടാണ് എന്നറിയുമോ?''

''ഗോവിന്ദന്‍കുട്ടിയുടെ മകളോട്...'' 

ഒരു പോലീസുകാരന്‍ അത് തിരുത്തി.

''അല്ല. ഇന്‍സ്‌പെക്ടറുടെ ഭാര്യ സന്ധ്യമേനോനോട്...''

അതോടെ അയാള്‍ക്ക് വാക്കുകളില്ലാതായി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ