(T V Sreedevi~)
[ആദ്യം തന്നെ പറയട്ടെ, ഇതൊരു സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.]
അന്നു ഞങ്ങളുടെ നാട്ടിൽ ആകെ ഒരു ട്യൂട്ടോറിയൽ കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്കു തൊഴിലും പത്താം ക്ലാസ്സിൽ തോറ്റവർക്കു വീണ്ടും ചേർന്നു പഠിച്ചു പരീക്ഷയെഴുതാനുമൊക്കെയുള്ള ഒരേ ഒരാശ്രയം.
ഇന്നത്തെപ്പോലെ മോഡറേഷനും മാർക്കുദാനവുമൊന്നുമില്ലാതിരുന്ന അക്കാലത്തു പത്തിൽ തോൽക്കുന്നവരുടെ എണ്ണവും കൂടുതലായിരുന്നു. അന്ന് മലയാളം, ഹിന്ദി, മുതലായ വിഷയങ്ങൾക്ക് പതിനേഴര മാർക്കു കിട്ടിയാലേ വിജയിക്കുമായിരുന്നുള്ളു.
"മനക്കുരുന്നിൽ കനിവുള്ള സാറേ.., എനിക്ക് പതിനേഴര മാർക്കു തരണേ.."എന്നൊക്കെ എസ്. എസ്.എൽ.സിയുടെ ഉത്തരക്കടലാസ്സിൽ എഴുതി വച്ച് മാർക്കിരക്കുന്ന വിരുതന്മാരുണ്ടായിരുന്ന കാലം..
അന്ന് ആ ട്യൂട്ടോറിയലിൽ ചേരാൻ ധാരാളം കുട്ടികളുണ്ടായിരുന്നു. ഹിന്ദി വിദ്വാൻ, മലയാളം വിദ്വാൻ, അവധിക്കാല ട്യൂഷൻ ക്ലാസുകൾ..,
എല്ലാം അവിടെയുണ്ടായിരുന്നു.
പത്തിൽ തോറ്റിട്ടു രണ്ടാമതും പരീക്ഷയെഴുതാൻ അവിടെ ചേർന്നതായിരുന്നു 'ശാലിനി. പേരുപോലെ തന്നെ ശാലീന സുന്ദരിയായിരുന്നു അവൾ.
കാളിദാസന്റെ ശകുന്തളയെപ്പോലെ, നളചരിതം കഥയിലെ ദമയന്തിയെപ്പോലെ അതിസുന്ദരിയായിരുന്ന ശാലിനിയുടെ വരവോടെ കോളേജിലെ ഹാജർ നില ഗണ്യമായി വർദ്ധിച്ചു. വല്ലപ്പോഴും തലകാണിച്ചിരുന്ന,പലപ്രാവശ്യം തോറ്റു തൊപ്പിയിട്ട ചെറുപ്പക്കാർ കൃത്യമായി ക്ലാസ്സിൽ ഹാജരായി.
ശമ്പളം കുറവായിരുന്നതുകൊണ്ട് വരാൻ മടികാണിച്ചിരുന്ന അദ്ധ്യാപകരും ക്ലാസ്സെടുക്കാൻ മത്സരിച്ചു തുടങ്ങി. സത്യം പറഞ്ഞാൽ പെൺകുട്ടികൾക്കു പോലും നോക്കിനിൽക്കാൻ തോന്നുന്നതു പോലെയുള്ള സൗന്ദര്യത്തിന്റെ ഉടമയായിരുന്നു ശാലിനി.
ചന്ദ്രക്കലപോലെയുള്ള വെളുത്തു സുന്ദരമായ നെറ്റിയിലേക്കു വീണു കിടക്കുന്ന ചുരുണ്ട അളകങ്ങളും ചിരിക്കുമ്പോഴുള്ള അധരഭംഗിയും തുടുത്ത കവിളുകളിൽ പ്രത്യക്ഷപ്പെടുന്ന വിരിയുന്ന നുണക്കുഴികളും
വിടർന്നു നീണ്ട കരിമിഴികളും വെണ്ണതോൽക്കുമുടലുമുള്ള ശാലിനി,അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉറക്കം കെടുത്തി. അവരുടെ സ്വപ്നങ്ങളിൽ ദിവസവും വന്ന് ഇക്കിളിപ്പെടുത്തി.
അവളോട് പ്രണയാഭ്യർഥന നടത്താൻ പലരും ആഗ്രഹിച്ചെങ്കിലും തങ്ങൾക്ക് യോഗ്യതയില്ലെന്നു കരുതിയിട്ടോ എന്തോ പലരും മനസ്സിലുള്ളതെല്ലാം കത്തുകളാക്കി വച്ചെങ്കിലും ഒന്നും കൈമാറിയില്ല. അവൾക്ക് ഏറ്റവും പ്രയാസമുള്ള വിഷയം ഹിന്ദിയായിരുന്നു. ഒരു ദിവസം ശാലിനിയുടെ അച്ഛൻ ട്യൂട്ടോറിയലിൽ വന്നു. ഹിന്ദിപഠിപ്പിക്കുന്ന ദിവാകാരൻ മാഷിനെക്കാണാനായിരുന്നു ആ വരവ്.
"എന്റെ മോളെ ഒന്നു രക്ഷിക്കണം മാഷെ," ഹിന്ദിക്കൊഴികെ ബാക്കിയെല്ലാ വിഷയങ്ങൾക്കും അവൾ കടന്നുകൂടും.സാറ് അവൾക്കു ഹിന്ദിയൊന്നു പഠിപ്പിച്ചുകൊടുക്കണം. ക്ലാസ്സുകഴിഞ്ഞു ഒരു മണിക്കൂർ അവൾക്ക് പ്രത്യേകമായി ഒന്നു പറഞ്ഞുകൊടുത്താൽ വലിയ ഉപകാരം. ഞാൻ അതിനു പ്രത്യേകം ഫീസ് തരാം. "
ശാലിനിയുടെ അച്ഛൻ മാഷിനോട് അഭ്യർത്ഥിച്ചു. സന്തോഷം കൊണ്ട് ദിവാകരൻ മാഷിന് ശ്വാസം വിലങ്ങി. കേട്ടിരുന്ന മറ്റ് അദ്ധ്യാപകർക്ക് ഹൃദയം നിലച്ചതു പോലെ തോന്നി.
"കണക്കു വേണ്ടേ?" സഹിക്കാൻ കഴിയാതെ കണക്കു പഠിപ്പിക്കുന്ന ബാബുസാർ ചോദിച്ചു.
"കണക്ക് അവൾക്ക് നല്ല എളുപ്പമാ സാറേ. ചെറുപ്പം മുതലേ കണക്കിനു നല്ല മാർക്കാ." ശാലിനിയുടെ അച്ഛൻ പറഞ്ഞു.
ജീവിതത്തിൽ ആദ്യമായി, കണക്കെടുത്തു പഠിച്ചതിൽ ബാബുസാറിന് ദുഃഖം തോന്നി.
"സയൻസ് വേണ്ടേ?"എന്നു ചോദിക്കണമെന്ന് ജോസഫ് സാറിനു തോന്നിയെങ്കിലും വെറുതെ നാണം കെടേണ്ട എന്നു വിചാരിച്ചു മനസ്സിലടക്കി. അങ്ങനെ എല്ലാവരുടെയും കണ്ണിലെ കരടായിക്കൊണ്ട് പിൻസിപ്പലിന്റെ അനുവാദത്തോടെ ദിവാകരൻ സാർ ശാലിനിയെ ഹിന്ദി പഠിപ്പിച്ചു തുടങ്ങി.
സ്റ്റാഫ് റൂമിലിരുന്ന് പഠിപ്പിച്ചാൽ മതിയെന്ന പ്രിൻസിപ്പലിന്റെ നിർദ്ദേശമുണ്ടായിരുന്നു. അതു സ്ഥാപനത്തിനു വലിയ പുരോഗതിയുണ്ടാക്കി. എന്നും നാലുമണിയ്ക്കുള്ള ബസ്സിൽ കൃത്യമായി പോയിക്കൊണ്ടിരുന്ന ജോസഫ് സാർ യാത്ര അഞ്ചുമണിയിലേക്കു മാറ്റി. ബാബുസാർ ദിവസവും കണക്കിനു ടെസ്റ്റുപേപ്പർ നടത്തി. നാലുമണിക്ക് ശേഷം ഉത്തരക്കടലാസ്സുകൾ സ്റ്റാഫ് റൂമിൽ ഇരുന്നു തന്നെ നോക്കി മാർക്കിട്ടു.വിദ്യാർഥികളിൽ പലരും സംശയം തീർക്കാൻ നാലുമണിക്കൂശേഷം സ്റ്റാഫ് റൂമിൽ വന്നുതുടങ്ങി. ഇതിനിടയിൽ ശാലിനിയ്ക്ക് അഭിമുഖമായി സ്വന്തം സീറ്റിലിരുന്ന് ദിവാകരൻ സാറും അവൾക്ക് ഹിന്ദിപാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.
മാസങ്ങൾ കഴിഞ്ഞു പോയി. എസ്. എസ്. എൽ. സി. പരീക്ഷയുടെ ടൈം ടേബിൾ വന്നു. ആദ്യവിഷയമായ മലയാളം പരീക്ഷയുടെ രണ്ടു ദിവസം മുൻപു ഹിന്ദി ക്ലാസ്സ് നിർത്തുകായാണെന്ന് മാഷ് ശാലിനിയോട് പറഞ്ഞു. അന്നുവരെ തനിക്കു ശാലിനിയോട് തോന്നിയ പ്രണയം ചെറുപ്പക്കാരനും സുന്ദരനുമായ ദിവാകരാൻസാറു വെളിപ്പെടുത്തിയിരുന്നില്ല. താൻ പഠിപ്പിക്കുന്ന കുട്ടിയോട് അങ്ങനെ ചോദിക്കുന്നത് അനുചിതമാണെന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു.
എന്നാൽ അവസാനത്തെ ദിവസം ക്ലാസ്സ് കഴിഞ്ഞപ്പോൾ ശാലിനി ഒരു തുണ്ടു കടലാസ്സ് മാഷിന്റെ മുൻപിൽ വെച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മാഷ് വിറയാർന്ന കരങ്ങളോടെ തുടിക്കുന്ന മനസ്സോടെ ആ തുണ്ട് കടലാസ് കൈയിലെടുത്തു. അതിൽ ഇങ്ങനെഎഴുതിയിരുന്നു.
"പ്രിയ മാഷെ, അവിവേകമാണെങ്കിൽ എന്നോടു ക്ഷമിക്കണം. എനിയ്ക്കിനി മാഷിനെക്കാണാതെ ജീവിക്കാൻ പറ്റില്ല. മാഷ് എന്നെ ഉപേക്ഷിക്കരുത്."
"എസ്. എസ്. എൽ. സി. കഴിഞ്ഞ് ഞാൻ ഇവിടെ ഹിന്ദി വിദ്വാൻ പഠിക്കാൻ ചേരും. എനിക്കിപ്പോൾ മാഷിനോടെന്നപോലെ ഹിന്ദിയോടും പ്രണയമാണ് എനിക്കിപ്പോൾ ഹിന്ദിയാണ് ഏറ്റവും ഇഷ്ടമുള്ള വിഷയം.
മാഷിന്റെ സഹായമുണ്ടെങ്കിൽ മാത്രമേ ഇതെല്ലാം നടക്കുകയുള്ളു. സഹായിക്കണം."
കത്തുവായിച്ചുകഴിഞ്ഞു മാഷ് തലയുയർത്തി നോക്കി. ശാലിനി മൗനമായി കരയുകയായിരുന്നു. കണ്ണുനീർത്തുള്ളികൾ അവളുടെ തുടുത്ത കവിളുകളിൽക്കൂടി ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. ആ പ്രണയാഭ്യർഥന തള്ളിക്കളയാൻ മാഷിനു കഴിയുമായിരുന്നില്ല. അനേകം പേർ കൊതിക്കുന്ന ആ സൗന്ദര്യധാമം, തന്നെ പ്രണയിക്കുന്നുവെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ അദ്ദേഹം സ്തംഭിച്ചിരുന്നു പോയി. പിരിയുന്നതിനുമുൻപ് മാഷും തന്റെ പ്രണയം വെളിപ്പെടുത്തി.
പിന്നീട് ശാലിനി അവിടെത്തന്നെ ഹിന്ദി വിദ്വാൻ പഠിച്ചു പാസ്സായി. മാഷിന്റെ ശാലിനിയെന്ന് എല്ലാവരും അവളെയംഗീകരിച്ചു. അവർ വിവാഹിതരായി. രണ്ടുപേരും ഒരുമിച്ചു ഹിന്ദി അദ്ധ്യാപകരായി ഒരേ സ്കൂളിൽ ജോലി ചെയ്തു.
ഇണക്കുരുവികളെപ്പോലെ അവർ പ്രണയിച്ചുകൊണ്ടിരുന്നു. അവർ ഒന്നിച്ചു സ്കൂളിലേക്ക് നടന്നു പോകുന്നത് കാണാൻ ഗ്രാമവാസികൾക്കും സന്തോഷമായിരുന്നു. നളനും ദമയന്തിയും പോലെ.