1
എഴുപത്തിരണ്ടാം വയസ്സിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഒരാൾ എന്നെത്തേടി വന്നത്.
വൃഷണങ്ങൾ വീർത്ത് നന്നേ തൂങ്ങുകയും ലിംഗത്തിന് അതിന്റെ മുഴുവൻ ബലവും നഷ്ടപ്പെട്ട ഈ വേളയിൽ പെട്ടെന്ന് മറ്റൊരു കാര്യം കൂടി എന്നെ പിടികൂടി. ഫോർട്ടു കൊച്ചിയിലെ നേപ്പിയർ തെരുവിൽ നിന്ന് കിഴക്കോട്ടു പോകുമ്പോൾ കാണുന്ന വലിയൊരു പള്ളിക്കു പിന്നിൽ, ഒരു കോട്ടേഴ്സുണ്ട്. അവിടെ അമ്പത്തഞ്ചു വയസ്സു കഴിഞ്ഞ മദാമ്മയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയുണ്ട്. ഒരു കാര്യം ഞാനവർക്കു ചെയ്തുകൊടുത്താൽ സ്വർഗ്ഗം പോലൊരു രാത്രി അവരെനിക്ക് സമ്മാനിക്കാമെന്ന് വാഗ്ദത്തം ചെയ്തിട്ട് വർഷം കുറേയായി.
ചത്തുമലച്ചു കിടന്നാലും ഇനിയൊന്നും വരാനില്ല, അഭിസാരികക്കു പിറന്നവനാണെന്നറിയാം. അവർക്കു ജോലിക്കു ബുദ്ധിമുട്ടായപ്പോഴാണ് പീരുമേട്ടിലെ അനാഥാലയത്തിലെത്തിയത്.
നീളൻ ളോഹയും എല്ലാ ആഴ്ചയും കൊത്തിയരിഞ്ഞ് ചെറുതാക്കുന്ന പൊടിമീശന്മേൽ മണ്ടിക്കളിക്കുന്ന വിരലുകലുമില്ലാതെ ജൊനാഥനച്ഛന്റെ മുഖം എന്റെ മനസ്സിലേക്കു വരില്ല.
മുപ്പത്തിരണ്ടാം വയസ്സിലാണ് കോൺസ്റ്റബിളായത്, ആരെ വേണമെങ്കിലും തല്ലാനും തെറിവിളിക്കാനുള്ള ഒരു മേലാടയായേ ഞാനാ കുപ്പായത്തെ കണ്ടിട്ടുള്ളൂ.
പത്തുമുപ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പുള്ള ഇരുട്ടു കനത്ത ഒരു രാത്രി. സ്റ്റേഷൻ എസ്.ഐ ഗുണശേഖരൻ സാറിന്റെ കസേരയിൽ തലവെച്ച് നിദ്രയിലൂടെ ഞാൻ പകൽ വിളിച്ച തെറികളോരോന്നും കേട്ട് വീണ്ടുംവീണ്ടും അതിൽ നിന്നാനന്ദം കണ്ടെത്തുന്നതിനിടയിൽ ടെലഫോൺ കിടന്നു കൂവി. ഏതു നാശമാ ഈ നേരത്ത്!.
“ഹലോ ഫോർട്ടു കൊച്ചി പോലീസ് സ്റ്റേഷൻ, ആരാ?”
“സാറേ ഇവടെ മ്യൂസിയം റോഡിലെ പഴയ ഒരു ബിൽഡിങ്ങിൽ അപ്പനും അമ്മയും ഇല്ലാത്ത ഒരാൺകുട്ടീം പെങ്കുട്ടീം താമസിച്ചിരുന്നു.”
“അതിന്?”
“അതിൽ ആ ആൺകുട്ടി....തൂങ്ങിമരിച്ചതാണോ കൊന്നതാണോ എന്നൊന്നും അറിയില്ല സാർ”
“അഡ്രസ്സ് പറ”
“ഡേവിസ് പാലസ്, മ്യൂസിയം റോഡ്….”
ഫോൺ വെച്ച ശേഷം ഞാനെന്റെ നിശ്വാസങ്ങളെ ശരിപ്പെടുത്താൻ ശ്രമിച്ചു. അതു മുടന്തുകയായിരുന്നു. ഞാനും ഹെഡ് കോൺസ്റ്റബിൾ ബഷീറും ഡ്രൈവർ മദനനും അവിടേക്ക് പുറപ്പെട്ടു. ഒട്ടു പഴക്കം ചെന്ന ഒരു ഇരുനിലകെട്ടിടം എങ്കിലും അതിന് സമീപത്തെ പുതിയ കെട്ടിടങ്ങളേക്കാൾ പ്രൗഢിയുണ്ടായിരുന്നു.
ഗോവണി കയറി മുകളിലെത്തിയപ്പോൾ നാലഞ്ചു പേർ കൂടിനിന്നിരുന്നു.
“സാർ ഞാൻ ജോർജ്, ചുവടെ വാടകക്ക് പാർക്കുന്നു. ഞാനാ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്.” പുള്ളിത്തുണിയിൽ പിടിച്ച് അയാൾ ഒരു മുറിയിലേക്ക് മുഖം തിരിച്ചു.
വാതിൽപ്പൊളിയിലൂടെ രണ്ടുകാലുകൾ.....തൊട്ടപ്പുറത്ത് കട്ടിലിൽ ഒരു പെൺകുട്ടിയിരിക്കുന്നു. സുന്ദരിയായ അവളുടെ കണ്ണുകളിൽ ആഴ്ന്നിറങ്ങിയ ഭയത്തിന്റെയും നിരാശയുടെയും കണങ്ങൾ ഞാൻ കണ്ടു.
“പോസ്റ്റുമോർട്ടമൊന്നും നടത്തണ്ട, ആത്മഹത്യയാ ഇവര്ടെ അപ്പനും അമ്മയും അടുത്തുള്ള പള്ളിസെമിത്തേരിയിലാണെന്നല്ലേ പറഞ്ഞത്, ഒരു കുഴി കുത്തി വേഗം മണ്ണിട്ടു മൂടാൻ പറ.” പിറ്റേന്ന് ഡേവിസിന്റെ ബോഡി തറയിലിറക്കി വച്ചപ്പോൾ എസ്.ഐ ഗുണശേഖരൻ സാറു പറഞ്ഞു. ഡേവിസിന്റെ മുഖത്ത് അവസാനമായി ചുംബിക്കുമ്പോൾ മേരിയുടെ മുഖത്ത് വികാരമേതും ഞാൻ കണ്ടില്ല. കൺതടങ്ങളുടെ ആഴങ്ങളിൽ അവൾ പൂഴ്ത്തിവെച്ച വികാരങ്ങൾ തിരിച്ചറിയാൻ അവൾക്ക് അപരിചിതനായ എനിക്കു കഴിയാത്തതാകണമെന്ന് ഞാൻ വിശ്വസിച്ചു.
വല്ലാർപ്പാടത്തെ അനാഥാലയത്തിൽ മേരിയെ ഒറ്റയ്ക്കുവിട്ട് തിരികെ ജീപ്പിലേക്കു നടക്കുമ്പോൾ സങ്കടവും ഒരു തരം വിഭ്രാന്തിയും എന്റെ മസ്തിഷ്കത്തിനകത്തു കിടന്ന് ചുരുണ്ടുകളിക്കുന്നുണ്ടായിരുന്നു. ജോർജ് ഏല്പിച്ച വാടക പൈസ കൊടുക്കാനായി പോയപ്പോൾ ഒരു ജോഡി പാവാടയും ബ്ലൗസും എന്റെ കാശിന് ഞാനവൾക്കായി വാങ്ങിച്ചിരുന്നു.
“ഇതു വാങ്ങിച്ചോ, പോലീസുകാരനായിട്ടല്ല കരുണേം സഹതാപോം ഒക്കെയുള്ള ഒരു മനുഷ്യൻ തരുന്നതായി കൂട്ടിയാൽ മതി.” ഒരുപാട് നിർബന്ധിച്ച ശേഷമാണവളത് വാങ്ങിയത്.
പോകെപ്പോകെ ഞാൻ അവൾക്ക് പരിചിതനായി എന്നുറപ്പായപ്പോൾ ഒരു ഞായറാഴ്ച ദിവസം കായലിനു ചാരെ വെച്ച് അവളെന്നോട് ഡേവിസിന്റെയും അവളുടെയും കഥ പറയാനാരംഭിച്ചു.
പണ്ടെങ്ങോ കടൽകടന്നുവന്ന ബ്രിട്ടീഷുകാരൻ സായിപ്പിന്റെ സന്താനപരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു എന്റപ്പൻ ഗോൺസാലോ ഫെറണാണ്ടസ്. അപ്പന്റെ ചെമ്പിച്ച മുടിയും പൂച്ചകണ്ണുകളും അതുപോലെ ഡേവിസിനും കിട്ടിയിരുന്നു. അപ്പാപ്പനാണ് ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടം നിർമിച്ചത്. വറുത്ത മീൻ, ചതച്ചരച്ച ഇഞ്ചിയിലും തേങ്ങാപ്പാലിലും മുക്കി എണ്ണയിൽ പൊരിച്ചെടുത്ത് വാറ്റുചാരായത്തിനൊപ്പം ആളുകൾക്ക് സേവിക്കലായിരുന്നു മൂപ്പിലാന്റെ പണി.
അമ്മച്ചി ഒട്ടു വടക്കു നിന്നാ, മണ്ണാർക്കാട്. വെളിവുറക്കാത്ത പ്രായത്തില് കണ്ട പള്ളിപ്പെരുന്നാളും കൂടിനടക്കുന്ന കാലത്ത് പാലക്കയത്തെ ഒരു പെരുന്നാളിന്റന്നാ അവര് കണ്ടുമുട്ടിയേ. മൂന്നരവർഷം മാത്രേ ഒരുമിച്ചു ജീവിച്ചുള്ളൂ, ദീനം വന്നാ മരിച്ച്, അമ്മച്ചി പോയി അടുത്ത പുലർച്ചെ അപ്പൻ തൂങ്ങി. അപ്പന് അമ്മച്ചിയായിരുന്നു ഞങ്ങളേക്കാൾ വലുത്!.
അതു പറഞ്ഞുനിർത്തിയ ശേഷം മേരി നിമിഷനേരത്തേക്ക് എന്നെ നോക്കി ആർദ്രമായി പുഞ്ചിരിച്ചു.
അപ്പാപ്പനാ പിന്നീടങ്ങോട്ട് ഞങ്ങളെ വളർത്തിയത്, ഞങ്ങളെ നോക്കാൻ ഷാപ്പ് വിറ്റു, ഞങ്ങളുടെ നല്ലതിനു വേണ്ടി വീട്ടിലെ വാറ്റും നിർത്തി.
ഞായറാഴ്ചകളിൽ ഞങ്ങളുടെ കൂടെ പള്ളിയിലേക്കും അപ്പന്റേം അമ്മച്ചീടേം കല്ലറകൾക്കരികിലേക്കും വരാൻ തുടങ്ങിയതോടെ അപ്പാപ്പൻ പതിയെ ഒരു വിശ്വാസിയായി.
എൺപതിലെ ഡിസംബറിൽ, ക്രിസ്മസിനും മുന്നേ അപ്പാപ്പൻ പോയി. ഗോവണിയിൽ നിന്നു വീണ് ഒരു ദിവസം നേരം പുലർന്നപ്പോൾ അപ്പാപ്പന്റെ കണ്ണുകളുടെ വ്യാപ്തിയും ശബ്ദത്തിന്റെ ആഴവും കുറഞ്ഞുവരുന്നുണ്ടായിരുന്നു.
അപ്പാപ്പൻ ഡേവിസിനെ വിളിച്ച് അരികിലിരുത്തി.
“മേരിയെ നോക്കിക്കോണേ!” അപ്പാപ്പന്റെ നനഞ്ഞ കണ്ണുകൾ ഉണങ്ങും മുമ്പേ ഞങ്ങളെ ഈറനണിയിച്ച് അദ്ദേഹത്തിന്റെ ആത്മാവ് പതിയെ കടന്നുപോയി.
അപ്പാപ്പൻ മരിക്കുന്നതിനും നാലുകൊല്ലം മുമ്പാണ് തെക്കു നിന്നുള്ള അഞ്ചുപേർ വീടിന്റെ താഴെനിലയിൽ വാടകയ്ക്കു താമസിക്കാൻ തുടങ്ങിയത്. മാസം ഒരാൾക്ക് അഞ്ചു രൂപയായിരുന്നു വാടക.
ഇച്ചായൻ ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇടയ്ക്ക് ആ കുട്ടിയേയും കൂട്ടി അവൻ വീട്ടിലേക്ക് വരുമായിരുന്നു. മീനാക്ഷി എന്നായിരുന്നു അവളുടെ പേര്. പൊട്ടുതൊട്ട അവളുടെ വെളുത്ത നെറ്റി വിശാലമായിരുന്നു, കവിളുകളും. ഇച്ചായനെപ്പോലെ എനിക്കും ആ കുട്ടിയെ ഒരുപാട് ഇഷ്ടമായി. മീനുചേച്ചി എന്നായിരുന്നു ഞാനവളെ വിളിച്ചിരുന്നത്.
പെട്ടെന്നൊരു ദിവസം രാത്രി ഗോവണി കയറിയെത്തുന്ന വാതിലിൽ മുട്ടുകേട്ട് ഞാനും ഇച്ചായനും എഴുന്നേറ്റു......ഇച്ചായൻ തൂങ്ങിയതല്ല, കൊന്നു കെട്ടിത്തൂക്കിയതാണ്.
“ആര്?”
ഞാൻ പറയാം. മീനാക്ഷിയുടെ അച്ഛനായിരുന്നു അത്. കഴുകന്റെ കണ്ണുകളുള്ള അയാളുടെ മരണവാർത്ത എനിക്കു കേൾക്കണം. നിങ്ങളെക്കൊണ്ട് കഴിയുമോ?
ഞാൻ സ്തംഭിച്ചുപോയി, എന്റെ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അവളെന്നെ വിട്ട് മുന്നോട്ടു നടക്കാനാരംഭിച്ചത്.
“വാർത്ത കേൾപ്പിച്ചാൽ!” ഞാൻ ചോദിച്ചു.
“അയാൾ തൊട്ടുമണപ്പിച്ച എന്റെ മുലകൾക്കു താഴെ വേറെ ചിലതുണ്ട്, അയാളുടെ മരണവർത്തയ്‌ക്കു കാരണക്കാരനായവന്.....”
ഞാൻ കൂടുതൽ പതറി, വിഭ്രാന്തിയുടെ മനോനിലകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ എന്തോ മന്ത്രിച്ചുകൊണ്ട് നടന്നകലുന്ന മേരിയെ ഞാൻ അല്പം സന്ദേഹത്തോടെ നോക്കിനിന്നു.
2
രാവിലെത്തന്നെ ഒരു കത്തെഴുതാനുണ്ടായിരുന്നു. എഴുപത്തിരണ്ടിൽ കണ്ണുകൾക്ക് അതിന്റെ യജമാനനോട് പഴയത്ര കൂറോ ശുഷ്കാന്തിയോ ഇല്ല. അതുകൊണ്ടുതന്നെ കാതുകൾക്കു മുകളിൽ കണ്ണട നാട്ടാതെ ഒന്നും എഴുതാനുമാകില്ല. പേനയെടുത്ത് ഒരു വെളുത്ത കടലാസിൽ കുറിച്ചു.
“ഞാൻ അകലേക്കു പോകുകയാണ്, എന്നെയാരും പിന്തുടരരുത്. എന്റെ സന്തോഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ കത്ത് ലഭിക്കുന്ന നിമിഷം നിങ്ങളെന്നെ മറക്കുക-
എന്ന്
ഗുണശേഖരൻ”
ഞാൻ താമസിക്കുന്ന ഈ കെട്ടിടത്തിൽ നിന്നും മൂന്നാമതു കാണുന്ന ആ വലിയതും പുതിയതുമായ കെട്ടിടത്തിലാണ് ശേഖരൻ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അടുത്ത ഓർക്കിഡ് ഷോപ്പിൽനിന്നു വരുത്തിച്ച പോർട്ടിക്കോവിലെ ചെടികൾക്കു വെള്ളം നനയ്ക്കുകയായിരുന്നു അയാൾ.
പിരിച്ചുവെച്ച മീശ ഇന്ന് പതിവില്ലാതെ താഴ്ത്തിയിട്ടുണ്ട്.
“ഞാനൊന്ന് കുളിച്ചിട്ടു വരാം, നീയിരിക്ക്” ഗുണശേഖരൻ വെള്ളം നനച്ചുകൊണ്ടിരുന്ന കുപ്പി താഴെ വെച്ചുപോയി. വീട്ടുജോലിക്കാരി അടുക്കളയിലായിരിക്കെ ഞാൻ ഗുണശേഖരന്റെ മുറിയിലേക്ക് നടന്നു. അയാളുടെ ബെഡിനടിയിലായി ഞാൻ പോക്കറ്റിൽ നാലായി മടക്കിവെച്ചിരുന്ന കത്തുവെച്ചു.
“നടക്കാം കൊറേ ആയില്ലേ!” ഗുണശേഖരൻ പറഞ്ഞു.
താളാത്മകമായി വീശിക്കൊണ്ടിരുന്ന കാറ്റിനെ മദിച്ചുകൊണ്ട് ഞങ്ങൾ ഇരുവരും നടന്നു.
വടുതലയിൽ നിന്നും ബോട്ടുകയറി മൂലമ്പിള്ളി ജെട്ടിയിലിറങ്ങിയ ശേഷം മദനന്റെ വീട്ടിലേക്ക് നടക്കവേ തെങ്ങുകളും ഇരുവശത്തും കായലും മാത്രമായപ്പോൾ ഞാൻ നടത്തം നിർത്തി, ശേഖരൻ രണ്ടടി നടന്ന ശേഷം ഞാൻ നടക്കുന്നില്ലാ എന്നു മനസ്സിലാക്കിയ ശേഷം എന്നെ തിരിഞ്ഞുനോക്കി.
“എന്താഡോ നിന്നേ!”
“താനാ കായലിച്ചാടിച്ചത്ത തന്റെ മകളെ ഓർക്കുന്നുണ്ടോ?”
ശേഖരൻ എന്റെ അടുത്തേക്ക് വന്നുനിന്നു.
“ആ എന്താ?” അയാളെന്നെ രൂക്ഷമായൊന്ന് നോക്കി.
“മിഞ്ഞാന്ന് ഒരാളെന്നെ കാണാൻ വന്നിരുന്നു. താനറിയും അവരെ, ജാനകി...”
പാതിമുറിഞ്ഞ ബോധക്ഷയത്തിലേക്ക് ബോധമുണ്ടായിരിക്കെ അയാൾ വീഴുന്നത് ഞാൻ കണ്ടു. മേരിയെ ഞാൻ മറന്നിരുന്നില്ല. പക്ഷേ മേരിക്കുവേണ്ടി ഗുണശേഖരനെ കൊല്ലാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല.
ഇന്നലെ ജാനകി എന്നെത്തേടി വരുന്നതുവരെ ഗുണശേഖരന്റെ കാലനാകാനുള്ള അഭിനിവേഷം എനിക്കുണ്ടായിരുന്നില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി വൈകുന്നേരം ഒറ്റയ്ക്കിരിക്കാനാണ് എനിക്കിഷ്ടം. പെട്ടെന്നാണ് ഒരോട്ടോറിക്ഷ വീടിന്റെ മുന്നിൽ വന്നുനിന്നത്.
നരച്ചമുടികൾ മുന്നിലേക്ക് ചീകിയൊതുക്കി വച്ചിരിക്കുന്നു. നീലനിറത്തിലുള്ള സാരിയിൽ അവരുടെ ആഭിജാത്യം തിളങ്ങിനിന്നിരുന്നു. അവരെന്നോട് പറഞ്ഞുതുടങ്ങി.
ഗുണശേഖരന്റെ ഭാര്യയായി ഞാൻ വരുന്നത് ഇരുപത്തിനാലാമത്തെ വയസ്സിലാണ്. അയാളൊരു ഷണ്ഡനായിരുന്നു. നിത്യവും എന്റെ മാറിൽ മുഖമമർത്തി എന്തൊക്കെയോ ചെയ്തിട്ട് കൂർക്കം വലിച്ചുറങ്ങാനല്ലാതെ അയാൾക്കൊന്നിനും കഴിവുണ്ടായിരുന്നില്ല.
ആ നിമിഷം എന്റെ മനസ്സിനകത്ത് ഒരിടിത്തീ വെട്ടിയിറങ്ങി. ഉമിനീരു വലിച്ചിറക്കിയ ശേഷം ഞാൻ അവരോടു ചോദിച്ചു:
“മീനാക്ഷി?”
“മദനനിലുണ്ടായതാണ്.”
മദനൻ അല്പം മെലിഞ്ഞിട്ടായിരുന്നു, വെളുത്ത മുഖം. കഴിഞ്ഞ ഇരുപത്തഞ്ചുവർഷത്തിലേറെയായി മദനൻ തളർന്നുകിടപ്പാണ്. അയാളുടെ കരവലയത്തിൽ നിന്ന് ഒരിക്കൽമാത്രമേ പോലീസ് ജീപ്പിന് ചാഞ്ചാട്ടം സംഭവിച്ചിട്ടുള്ളൂ. അതയാളുടെ വലതുകാലുകൊണ്ടാണ് പോയതെന്നുമാത്രം.
“മീനാക്ഷിയെ കൊന്നതാണ്!”
“ആര്?” ഞാൻ കിടുങ്ങിവിറച്ചില്ല, അത്ഭുതത്തിന്റെ ചെറുകണികപോലും മനസ്സിലേക്ക് ഇഴഞ്ഞുവന്നില്ല.
“ഗുണശേഖരൻ തന്നെ!” ജാനകി പുറത്തുവിട്ട നിശ്വാസം എന്നെ ദുഃഖത്തിലാഴ്ത്തി.
“എന്താ നീ എന്നെ കൊല്ലുമോ?” ഗുണശേഖരൻ എന്നോടു ചോദിച്ചു.
കൈയ്യിലെടുത്ത കല്ല് അയാളുടെ ഇടതുകണ്ണ് ലാക്കാക്കി എറിഞ്ഞു. നിണം പുറത്തേക്കൊഴുകി. എല്ലൊടിയുന്നതിന്റെ ശബ്ദം കേൾക്കുന്നതുവരെ അയാളുടെ കൈ പുറകിലേക്ക് വലിച്ചുപിടിച്ചപ്പോൾ എന്നിൽ ഒരാനന്ദത്തിന്റെ മുളപൊട്ടി. ജീവച്ഛവമായെന്നുറപ്പായപ്പോൾ വിടക്കാകാതെ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്ന ഒരു സല്യൂട്ട് അയാൾക്കു നല്കി, അയാളതിന് ഒട്ടും അർഹതയില്ലെങ്കിൽ പോലും.
മദനന് സന്തോഷമാകുമായിരിക്കും മറ്റന്നാൾക്കുള്ളിൽ പോലീസ് എന്നെത്തേടിവരുമായിരിക്കും. നാളെ മേരിയെപ്പോയി കാണണം. ബാക്കിയുള്ള മേലാട്ടം എന്നെ മത്തുപിടിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.⬛️
-END-