ചാണിപ്പച്ച നിറമുള്ള തേയിലക്കാടുകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന തീവണ്ടി പാത അവസാനിക്കുന്നിടമാണ് ടോപ് സ്റ്റേഷൻ. കൽക്കരിപ്പുക തുപ്പി തീവണ്ടി കിതച്ച് കിതച്ച് നീങ്ങുമ്പോൾ ഉയരുന്ന കറുത്ത പുക വെളുത്ത പഞ്ഞിക്കെട്ട് മേഘങ്ങളിലേക്ക് ഇടകലരുന്നു. നിഴലും വെളിച്ചവും ഇടകലർന്ന ഒരു സുന്ദര ചിത്രം പോലെ!
ടോപ് സ്റ്റേഷനിൽ നിന്ന് താഴേക്ക് നോക്കിയാൽ, ദൂരെ അതിവിശാലമായ കൃഷിത്തോട്ടങ്ങൾ കാണാം. മാന്തോപ്പുകൾ,പയറുപാടങ്ങൾ, ഉഴുന്നു തോട്ടങ്ങൾ മുതലായവയുടെ, തമിഴ്നാടിന്റെ അതിവിശാലമായ ഒരു ആകാശക്കാഴ്ച... മലമടക്കുകളിലൂടെ, കീഴ്ക്കാം തൂക്കായ ഒറ്റയടിപ്പാതയിലൂടെ ഏഴുമൈൽ നടന്നാൽ തമിഴ്നാട്ടിലെത്താം .ചെറിയ ഒരു ഒറ്റയടി പാത മാത്രമാണുള്ളത് .വഴിയറിയാവുന്ന അപൂർവം ചിലർ മാത്രമേ മലയിറങ്ങി അങ്ങോട്ടേക്ക് പോകാറുള്ളൂ. അത്ര സാഹസികമായ ഒരു യാത്രയാണത്.
ഈ നാട് ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്. ഇവിടെ ജോലിക്കായും മറ്റും ഒരിക്കലെങ്കിലും വന്ന് താമസിച്ചിട്ടുള്ളവർ പിന്നെ ഇവിടം വിട്ട് പോകാൻ മടിക്കും. ഇവിടുത്തെ പ്രകൃതി ഭംഗിയും കുളിർമയുള്ള കാലാവസ്ഥയും മറ്റൊരിടത്തും ഉണ്ടാവുകയില്ല; ഇനി എങ്ങാനും തിരിച്ചു പോയിട്ടുണ്ടെങ്കിലോ, എപ്പോഴെങ്കിലുമൊക്കെ ഇങ്ങോട്ട് വരുവാൻ അവരുടെ മനസ്സ് കൊതിച്ചു കൊണ്ടേയിരിക്കും.
കോളേജിൽ നിന്നും എൻ.സി.സി.യുടെ"പളനിമല എക്സ്പെഡിഷ'ന് വേണ്ടിയാണ് അജിത്ത് ആദ്യമായി ടോപ് സ്റ്റേഷനിൽ വന്നത്. അജിത്തായിരുന്നു അണ്ടർ ഓഫീസർ- എന്നുവച്ചാൽ സംഘത്തിൻറെ നായകൻ. ഒരു കെ.എസ്.ആർ.ടി.സി ബസ് വാടകയ്ക്കെടുത്തായിരുന്നു യാത്ര. കാക്കി യൂണിഫോം അണിഞ്ഞ് ചുവന്ന തൂവൽ തൊപ്പി വച്ച് എടുത്താൽ പൊങ്ങാത്ത ബൂട്ടുമിട്ട് ഒരു ബസ് നിറയെ ൻ. സി. സി. കേഡറ്റുകൾ .!
ഇടയ്ക്ക് ഒരു ബെസ്സ് ഡിപ്പോയിൽ വണ്ടി നിർത്തിയപ്പോൾ തിരക്കു കുറഞ്ഞ വണ്ടി കണ്ട് കുറെ യാത്രക്കാർ ഓടിവന്ന് കയറി. കാക്കി അണിഞ്ഞ കുട്ടിപ്പട്ടാളത്തെ കണ്ട് അവർ ആദ്യം ഒന്ന് ഞെട്ടി. കാര്യമറിഞ്ഞപ്പോൾ അവരുടെ മുഖത്തുനിന്നും അമ്പരപ്പ് മാറി. അവിസ്മരണീയമായ ഒരു യാത്ര !
വളവുകളും തിരിവുകളും കഴിഞ്ഞ് ബസ് സുഖകരമായ ഒരു വേഗം കൈവരിച്ചപ്പോഴായിരുന്നു ആനന്ദരൂപൻ അലറി കരഞ്ഞത് :
"അയ്യോ... എൻറെ കണ്ണാടി ..."
വണ്ടിയുടെ ജനലിലൂടെ ആനന്ദരൂപന്റെ കണ്ണട കൈ തെറ്റി പുറത്തേയ്ക്ക് തെറിച്ചു വീണതാണ്. ഒരു ടീം ലീഡറിന് വേണ്ടത് പെട്ടെന്ന് ചിന്തിക്കുവാനും ഉചിതമായ തീരുമാനം എടുക്കാനുമുള്ള വേഗതയാണ്- അണ്ടറോഫീസർ അജിത്തിനതുണ്ടായിരുന്നു. യൂണിഫോമിന്റെ ഭാഗമായ പോലീസ് വിസിൽ അയാൾ ഉച്ചത്തിൽ മുഴക്കിയപ്പോൾ വണ്ടി പെട്ടെന്ന് നിന്നു.
സർജന്റെ രമേഷ് ചന്ദ്രയുടെ ചെവിയിൽ എന്തോ കുശു കുശുത്തശേഷം അജിത്ത് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി കണ്ണട വീണിടത്തേക്ക് ഓടിപ്പോയി .
കണ്ടക്ടറോട് കാര്യം പറഞ്ഞ് ധരിപ്പിച്ച് ബെല്ലടിച്ച് വണ്ടി നിർത്തി വരുമ്പോഴേക്കും വാഹനം കുറേ ദൂരം കൂടി ഓടിയിട്ടുണ്ടാവും. ഇപ്പോൾ സർജന്റ് രമേശ് ചന്ദ്ര കാര്യങ്ങൾ എല്ലാവരോടുമായി വിവരിച്ച് കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയാണ് സമയനഷ്ടം ഒഴിവാക്കുന്നത്!
വഴിയോരത്തേക്ക് തെറിച്ചുവീണ ആനന്ദരൂപന്റെ കണ്ണടയുമായി അജിത്ത് വണ്ടിയിലേക്ക് തിരിച്ച് കയറി വന്നു. അയാളുടെ തല മുഴുവൻ വിയർത്ത് തൊപ്പിയുടെ അരികിലൂടെ വിയർപ്പ് നെറ്റിയിലേക്ക് ഒഴുകി യിറങ്ങുന്നുണ്ടായിരുന്നു. താൻ വലുതായി ഒന്നും തന്നെ ചെയ്തില്ല എന്ന ഭാവം അയാൾ മുഖത്ത് സൂക്ഷിക്കുകയായിരുന്നു. എല്ലാ കണ്ണുകളും ആരാധനയോടെ അയാളുടെ മേൽ വീഴുമ്പോഴേക്കും വണ്ടി വീണ്ടും ഓടി തുടങ്ങുകയായി...
മലകളുടെ അരികുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ടോപ് സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. എല്ലാവരുടെയും പല്ലുകൾ കൂട്ടിയിടിക്കുന്നു. മൂന്ന് ദിവസമായിരുന്നു എൻ.സി.സി. ക്യാമ്പ്. രാവിലെയു" വൈകിട്ടും കാക്കിയിട്ട് ചുവപ്പ് തൂവൽ വച്ച തൊപ്പി അണിഞ്ഞ കേഡറ്റുകളുടെ പരേഡ് മലമ്പാതയിലൂടെ കടന്നുപോകുന്നത് അവിടത്ുകാർ കൗതുകത്തോടെ നോക്കി നിന്നു. ചിലരെങ്കിലും ഇന്നും ഓർക്കുന്നുണ്ടായിരിക്കണം അന്നത്തെ പരേഡ്.
ജോലിയൊക്കെ സമ്പാദിച്ച്, ഒരിക്കലെങ്കിലും വീണ്ടും ഇവിടെ ഒരുമിച്ചു കൂടണം എന്ന് തീരുമാനിച്ചാണ്അജിത്തും കൂട്ടരും അന്ന് ടോപ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
എന്നാൽ അത്രയധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നില്ല. ഉപരിപഠനത്തിനായി പലയിടങ്ങളിലേക്ക് ചിതറി പോയിരുന്നെങ്കിലും കത്തുകളിലൂടെയും വല്ലപ്പോഴും ഉള്ള ഫോൺവിളികളിലൂടെയും അവരുടെ കോളേജ് സൗഹൃദങ്ങൾക്ക് ജീവൻ നിലനിൽക്കുന്നുണ്ടായിരുന്നു .
ശ്രീകുമാറാണ് ആദ്യം ആഗ്രഹം പുറത്തുവിട്ടത്:
"പച്ചപ്പ് പരന്നു കിടക്കുന്ന വിശാലമായ ആ പുൽ തകിടിയിലൂടെ എനിക്ക് കൈകൾ വിരിച്ചുപിടിച്ചൊന്ന് ഓടണം ...പിന്നെ തല പുല്ലിൽ തൊടാതെ കരണം മറിയണം..." ആഗ്രഹത്തിന്റെ തീവ്രത വെളിവാക്കുന്ന അത്യുച്ചത്തിലുള്ള ഒരു കൂവലോടയാണ് ശ്രീകുമാർ ആ വാചകം പറഞ്ഞവസാനിപ്പിച്ചത്. ഇങ്ങനെയൊന്ന് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അജിത്ത് .ക്രിസ്തുമസ് അവധിക്ക് നാട്ടിൽ വരുമ്പോൾ ,പുതുവത്സര പുലരി ടോപ്സ്റ്റേഷന് മുകളിൽ നിന്ന്...!
നാലുപേർക്കേ പക്ഷേ വന്നുകൂടാൻ കഴിഞ്ഞുള്ളൂ. നാലഞ്ചു വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത് .കെട്ടിപ്പിടിച്ചും വയറ്റത്തടിച്ചുമെല്ലാം സ്നേഹം കൈമാറി. മലമുകളിലേക്ക് കയറുവാൻ തീരുമാനിച്ചു. നേരം പുലരുന്നത് പുതുവർഷത്തിലേക്കാണ്... മഞ്ഞു പുതച്ച മലമുകളിൽ നിന്ന് ആകാശത്തേക്ക് ആർപ്പു വിളിച്ചു വേണം പുതുവർഷ പുലരിയെ സ്വാഗതം ചെയ്യുവാൻ ! ആഹ്ലാദത്തിന്റെ തിരതല്ലലിൽ മലമുകളിൽ ആർപ്പുവിളിക്കുമ്പോൾ താഴെ അടിവാരങ്ങളിൽ പൂത്തിരിയും മത്താപ്പും വിരിയുന്നുണ്ടായിരിക്കും...!
മലമുകളിൽ നിന്നുള്ള കാഴ്ച അതിവിശാലമായ ദൃശ്യമാണ്.അടുക്കടുക്കായ മലനിരകൾ... ഒരടുക്കിനടുത്തായി മറ്റൊരു മലനിര. പിന്നെ അതിനു പിന്നിൽ അടുക്കടുക്കായി വീണ്ടും മലനിരകൾ... വെള്ളനിറമുള്ള പഞ്ഞിക്കെട്ട് മഞ്ഞുമേഘങ്ങൾ ഇടയ്ക്കിടയ്ക്ക് ചിതറിക്കിടക്കുന്നുണ്ട്. ഇവിടെ, ഈ മലയുടെ ഇടത്തെ ചെരുവിൽ പള്ളി വക ശ്മശാനമൊന്നുണ്ട് .മൺകൂനകളിൽ കുമ്മായം പൂശിയിരിക്കുന്ന കുഴിമാടങ്ങളുടെ തലയ്ക്കൽ മരക്കുരിശുകൾ നാട്ടിയിരിക്കുന്നു. ചില മരക്കുരിശുകളിൻ മേൽ വാടിയ പൂമാലകൾ തൂങ്ങിക്കിടക്കുന്നുണ്ട്. ക്രിസ്തുമസ് മരത്തിൻറെ ഇലകൾ വീണുണങ്ങി തിരികൾ പോലെ കുഴിമാടങ്ങളുടെ മേൽ പുതഞ്ഞിരിക്കുന്നു.
കുഴിമാടങ്ങൾക്കിടയിലെ അല്പം ഉയർന്ന പുൽത്തകിടിയിൽ വിരിച്ച പത്രക്കടലാസിനുമേൽ ശ്രീകുമാർ വിദേശമദ്യക്കുപ്പിയും ക്ലാസുകളും നിരത്തി. വെളുത്ത മേഘങ്ങളും കോടമഞ്ഞും ലഹരിയായി ഉന്മാദം നീട്ടി തുടങ്ങിയപ്പോൾ അവർ വാതോരാതെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.. തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടപ്പോൾ, കുഴിമാടങ്ങളിലെ പൂമാലകൾ തൂക്കിയ മരക്കുരിശുകൾ പിഴുതെടുത്ത് തലയ്ക്കു മുകളിലുയർത്തിപ്പിടിച്ച് വട്ടത്തിൽ നൃത്തം ചെയ്ത് ഉറക്കെ തെറിപ്പാട്ട് പാടി. ചുവടു പിഴച്ചവർ അവിടെയായി വീണ് ബോധം കെട്ടുറങ്ങി. നിലത്തിന് തണുപ്പ് കൂടിക്കൂടി വരുന്നതൊന്നും ആരുമറിഞ്ഞതേയില്ല.
മഞ്ഞിൽ കുതിർന്ന് തണുത്തുവിറച്ച് കോച്ചി വലിച്ച് ഓരോരുത്തരായി ഉറക്കമുണർന്നപ്പോഴേയ്ക്ക് വെയിൽ വീണിരുന്നു.
"രാത്രി 12 ന് ഹാപ്പി ന്യൂ ഇയർ എന്ന് ആർത്തു വിളിക്കാൻ പറ്റിയില്ലല്ലോടാ..." അജിത്ത് ദുഃഖത്തോടെ പറഞ്ഞു.
"ഇപ്പ വിളിക്കാടാ..."
ശ്രീകുമാറിന്റെ തണുത്തടഞ്ഞ തൊണ്ടയിൽ നിന്നും വെള്ളി വീണ ശബ്ദമുയർന്നു :
"ഹാപ്പി ന്യൂ ഇയർ... ഹാപ്പി ന്യൂ ഇയർ..." അങ്ങനെ അന്നും, പൂർത്തിയാകാത്ത ആഗ്രഹങ്ങളുമായി മലയിറങ്ങുമ്പോഴും ഇനിയും ടോപ് സ്റ്റേഷനിൽ വരാൻ മനസ്സ് കൊതിച്ചു തുടങ്ങിയിരുന്നു.
ഉയർന്ന വരുമാനം ലഭിക്കുന്ന ഉദ്യോഗവുമായി രണ്ടു വർഷത്തിലേറെയായി അജിത്തിപ്പോൾ മാളൂരിലാണ്. തീപ്പെട്ടി കൂടുകൾ പോലുള്ള സിസ്റ്റം ക്യാബിനുള്ളിൽ തലകുനിച്ചിരിക്കുന്നവരാണ് അജിത്തിന്റെ ഓഫീസിൽ മുഴുവനും. ഒന്നോ രണ്ടോ പേർ മാത്രം ഇടയ്ക്കെഴുന്നേറ്റ് റിഫ്രഷ്മെന്റിനായി പോകുന്നുണ്ട്. കസേരയിൽ ഒന്ന് കറങ്ങി തിരിഞ്ഞാൽ കണ്ണാടി ചുമരിലൂടെ മാളൂർ പട്ടണം മുഴുവൻ അയാൾക്ക് കാണാം. ബാംഗ്ലൂർ സിറ്റിയിൽ തന്നെയാണ് മാളൂർ ;അത്ര തിരക്കുപിടിച്ചതല്ലെന്ന് മാത്രം.
ഒരു കോഫി കുടിക്കാം എന്ന് കരുതി അജിത്ത് കഫറ്റീരിയയിലേക്ക് ചെന്നപ്പോൾ രേവതിയും ഷാനും ജിൻസും എല്ലാമുണ്ട് അവിടെ. അങ്ങനെ സംഭവിക്കാറേ ഇല്ലാത്തതാണ്. ഏറ്റവും പ്രിയപ്പെട്ട ആരെങ്കിലും ഒരാളെ കണ്ടാലായി! ഇന്നിതാ എല്ലാവരുമുണ്ട്.
വെടിവട്ടത്തിനിടയിൽ, 'കണ്ണുകൾക്ക് ആയാസം കുറയ്ക്കാനായി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം' ഹരിതാഭയിലേക്ക് കണ്ണോടിക്കുന്നതാണ് എന്ന സൂത്രം ഷാൻ സദസ്സിൽ വിളമ്പി.
"അതിനിവിടെ എവിടെയാണ് 'ഹരിതാഭ'..."? എന്നായി രേവതി .അവളുടെ തുടുത്ത കവിളുകളിൽ ഇച്ഛാഭംഗം നിഴലാടുന്നുണ്ടായിരുന്നു.
"അടിപ്പനൊരു സ്ഥലമുണ്ട് - ടോപ് സ്റ്റേഷൻ !" അജിത്ത് പ്രസ്താവിച്ചു.
"അവിടുത്തപ്പോലെ പച്ചപ്പ് ലോകത്ത് വേറൊരു ഇടത്തുമില്ല.."
"തനിക്കെപ്പോഴുമുണ്ടല്ലോ ഒരു ടോപ് സ്റ്റേഷൻ" രേവതി കൊഞ്ഞനം കുത്തി.
"ചെന്ന് നോക്കിയാലറിയാം.. എന്തരാണോ എന്തോ..?
"അജിത്തേ നീ ഞങ്ങളെ കൊണ്ടുപോകുമോ ഈ ടോപ് സ്റ്റേഷനിലേക്ക് ..."?
ഗോപിക ചോദിച്ചു." നമുക്കൊരു ട്രിപ്പ് വയ്ക്കാം..?!"
അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അജിത്ത്. പിടിപിടീന്നായിരുന്നു തീയതി തീരുമാനിച്ചതും ,പൈസ പിരിച്ചെടുത്തതും, വണ്ടി ബുക്ക് ചെയ്തതും ...! ഇരുപത്തിനാല് പേരുടെ ഒരു വിനോദയാത്ര ! കിടിലൻ ബാനർ വലിച്ചുകെട്ടിയ എയർകണ്ടീഷൻഡ് ട്രാവലർ നിരത്തിലൂടെ ടോപ്സ്റ്റേഷനിലേക്ക് ചീറിപ്പാഞ്ഞു. കാതടപ്പിക്കുന്ന സംഗീതം വാഹനത്തിൽ മുഴങ്ങുമ്പോൾ, ചിലർ മുൻഭാഗത്തായി നൃത്തച്ചുവടുകൾ വയ്ക്കുന്നു. പിൻഭാഗത്തുള്ള സീറ്റുകളിൽ ചിലർ പ്രണയജോഡികളെ പോലെ ഉരുമ്മിയിരിക്കുന്നു .എത്ര പെട്ടെന്നാണ് ഇത്തരം സൗഹൃദങ്ങൾ തളിർക്കുന്നത് ? അതിശയം തോന്നുന്നു!
അതിർത്തി ഗ്രാമമായ കൊരങ്ങണിയിൽ ട്രാവലറെത്തിയപ്പോൾ നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ. തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ഒരു ഡിപ്പോയും ചെറിയ ഒന്ന് രണ്ട് കടകളും മാത്രമാണവിടെയുള്ളത്. ചായക്കടയിലെ ഇഡ്ഡലി ചെമ്പിൽ നിന്നും ആവി ഉയരുന്നു. ബസ്റ്റാൻഡിനപ്പുറത്തേക്ക് വനമാണ്. രാവിലെ തന്നെ മലകയറാം എന്നാണ് അജിത്ത് എല്ലാവരോടും പറഞ്ഞ് മൂപ്പിച്ച് നിർത്തിയിരിക്കുന്നത്. കൊരങ്ങിണിയിൽ നിന്ന് ഏഴു മൈൽ ദൂരമുണ്ട് ടോപ് സ്റ്റേഷനിലേക്ക്. താഴ്വാരത്തുനിന്ന് നോക്കുമ്പോൾ ആകാശം മുട്ടുന്ന ഉയരത്തിൽസർപ്പിളാകൃതിയിൽ തലയുയർത്തി നിൽക്കുന്ന ടോപ് സ്റ്റേഷൻ കാണാം.
നിലക്കടല പാടങ്ങൾക്കിടയിലൂടെ നടന്ന് നെൽപ്പാടങ്ങളും കടന്ന് ചെന്നപ്പോൾ തെളിനീരൊഴുകുന്ന അതിമനോഹരമായ ഒരു കൊച്ചരുവിയുടെ കരയിലെത്തി. അരുവി മുറിച്ചു കടന്ന് കുറെ ദൂരം കൂടി നടന്നു കഴിയുമ്പോൾ സെൻട്രൽ പോയിന്റിലെത്തും. സെൻട്രൽ പോയിന്റിൽ പുല്ലുമേഞ്ഞ അഞ്ചാറ് വീടുകൾ മാത്രമേ കാണാനുള്ളൂ.
പുൽ തൈലത്തിന്റെ ഗന്ധമാണ് സെൻട്രൽ പോയിൻറ് ഗ്രാമത്തിന് .പുല്ല് വാറ്റുന്നതാണ് ഇവിടത്തുകാരുടെ ജോലി .ഇവിടം മുതൽ ടോപ് സ്റ്റേഷൻ വരെ കോറ പുല്ല് വളർന്ന് തഴച്ച് നിൽക്കുകയാണ് .കോറ പുല്ല് ആരും നട്ടുവളർത്തുന്നതല്ല. വാറ്റാനാവശ്യത്തിന് പുല്ലുണ്ട് മലനിരകളിൽ .സെൻട്രൽ പോയിന്റിലെ താമസക്കാർ വന്ന് പുലരിഞ്ഞു തലച്ചുമടായി കൊണ്ടുപോകും. അതവിടെ എപ്പോഴും വളർന്നുകൊണ്ടേ ഇരിക്കുകയാണ്.
കണ്ണൻ തേവൻ കുന്നുകളിലെ തേയില ഫാക്ടറികളിൽ നിന്ന് ടോപ്പ്സ്റ്റേഷൻ വരെ ആവിയന്ത്രം ഘടിപ്പിച്ച തീവണ്ടികളിൽ തേയില നിറച്ച പെട്ടികൾ വരുമായിരുന്നു. ടോപ് സ്റ്റേഷനിൽ നിന്ന് 'റോപ്പ് വേ' വഴിയാണ് ചരക്ക് കൊരങ്ങയിലേക്കെത്തുന്നത് .അവിടുന്നാണ് ബോഡി നായ്ക്കന്നൂരിലേക്കും പിന്നെ കപ്പൽ കയറി വെള്ളക്കാരുടെ പ്രഭാതങ്ങളിൽ നവോന്മേഷമായി മേശപ്പുറത്തെത്തുന്നതും.
മലമുകളിൽ നിന്നും റോപ്പ് വേയിലൂടെ ഊർന്നിറങ്ങുന്ന കണ്ടെയ്നറുകൾക്ക് നെടുംകുറുക്കിലെത്തുമ്പോഴേക്കും വേഗം കുറയും. അവിടെനിന്ന് ശക്തിയായൊന്ന് തള്ളി കൊടുത്താലേ ചരക്ക് വീണ്ടും വേഗം കൈവരിച്ച് മുന്നോട്ട് നീങ്ങുകയുള്ളൂ. അങ്ങനെ തള്ളിക്കൊടുക്കാൻ ആളു നിന്നിരുന്നസ്ഥലത്തിൻറെ പേരാണ് സെൻട്രൽ പോയിൻറ് .
ഇന്നിപ്പോൾ അതൊന്നുമില്ല. അഞ്ചാറ് പുല്ലുമേഞ്ഞ വീടുകളും, നാവിൽ നവാപ്പഴത്തിന്റെ വയലറ്റ് നിറവും ചുണ്ടിൽ ചെന്തമിഴുമായി ഓടിക്കളിക്കുന്ന കുറേ കുട്ടികളും മാത്രം ..!
കയറ്റം ഒട്ടും എളുപ്പമായിരുന്നില്ല. കൊടും എളുപ്പമായിരുന്നില്ല.കൊടും കുത്തനെയുള്ള കയററമാണ്. കൂറ്റൻ പാറ കൊടുമുടിയായി ഉയർന്നുനിൽക്കുന്ന പളനിമലയിൽ, മഴക്കാലത്ത് വെള്ളം കുതിച്ചൊഴുകിയ ചാലുകളിൽ കട്ടിപ്പായൽ പിടിച്ചിരിക്കുന്നു .പാറച്ചരുവിലെ നിഴലിൽ ഇരു കൈകളും ഇടുപ്പിലൂന്നി അവർ നിന്നു. ഗോപികയുടെ തലമുടിയാകെ പാറിപ്പറന്നിരിക്കുന്നു .തലമുടിയിൽ നിന്നും വിയർപ്പ് ചാലുകളൊഴുകിയിറങ്ങി മുഖമാകെ കുതിർന്നിരിക്കുന്നു .കണ്ണുകളിൽ വിയർപ്പിന്റെ ഉപ്പു കലർന്ന് നീരൊഴുകുന്നു.
അവളുടെ മുഖം, ചായങ്ങളില്ലാതെ വർണ്ണങ്ങളില്ലാതെ വിയർപ്പിൽ കുതിർന്ന് ഇതിനുമുമ്പ് അജിത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വിയർപ്പ് മുത്തുമണികളണിഞ്ഞ് കിതയ്ക്കുന്ന ഗോപികയ്ക്ക് ഇതുവരെയില്ലാത്ത സൗന്ദര്യമുണ്ടെന്ന് അജിത്തിന് തോന്നി.
മലയുടെ ചരിവുകളിൽ ചാഞ്ഞും ഉയർന്നും എഴുന്നു നിൽക്കുന്ന വലിയ പാറക്കല്ലുകളുണ്ട്. ഒന്നൊന്നരയാള്‍ ഉയരമുള്ള കൂറ്റൻ പാറകൾ! മരങ്ങൾ ഒന്നോ രണ്ടോ മാത്രം ...ഒരു ചൗക്കയോ ഞാവലോ.. അവ തമ്മിൽ ദൂരവുമുണ്ടാകും .ആളുയരത്തിലാണ് കോറപ്പുല്ലുകൾ വളർന്നുനിൽക്കുന്നത്.
ഷാനിന്റെ മുമ്പിൽ ഫിദ ഒരു കൊച്ചു കുട്ടിയെ പോലെ വിതുമ്പി.അവൻറെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് അവളുടെ തട്ടമിട്ട തലകൊണ്ട് നെഞ്ചിൽ അഞ്ചാറു വട്ടമിടിച്ചു. അവളുടെ പരിഭവവും കൊഞ്ചലുമെല്ലാം ഷാനു മാത്രമേ മനസ്സിലാകുന്നുള്ളൂ .അവർ നിൽക്കുന്നിടത്തെ കോറപ്പുല്ലുകൾക്ക് ഫിദയെക്കാൾ ഉയരമുണ്ടായിരുന്നു. ഷാനിന്റെ തോളും തലയും മാത്രമായിരുന്നു, അജിത്തിനും ഗോപികയ്ക്കും ചരിവിൽ നിന്നും കാണാൻ കഴിയുന്നത് .
"ഷാനേ.. ഓരം പറ്റി പോകുന്നതെല്ലാം കൊള്ളാം ...കോടമഞ്ഞ് വീഴുന്നതിനു മുമ്പേ അവളേം കൊണ്ട് ടോപ്പിലെത്തണം കേട്ടോ .." അജിത്ത് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"നീ പോടാ.. "ഷാൻ തിരിച്ചു കൂവി.
കാര്യം ശരിയാണ് ,ചിലപ്പോൾ നട്ടുച്ചയ്ക്ക് പോലും ആകാശത്തുനിന്ന് കോടമഞ്ഞിറങ്ങി വരും. ഇടത്തുനിന്നും വലതുനിന്നും പുക പോലെ വെളുത്ത മഞ്ഞ് അവിടമാകെ പൊതിയും . അടുത്തു നിൽക്കുന്ന ആളിനെ പോലും കാണാനാവുകയില്ല. പരിചയമുള്ളവർക്ക് പോലും വഴി തെറ്റി പോകും .
"ആകാശം മുഴുവൻ നീലയാ.. വെളുത്ത ഒരു മേഘത്തുണ്ട് പോലും മാനത്തില്ല... അതുകൊണ്ട് ഇന്ന് മഞ്ഞൊന്നും വരികയില്ല... നിങ്ങള് വേഗം മല കേറാൻ നോക്ക് ..."തനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ ഷാൻ വിളിച്ചുപറഞ്ഞു .
വേനൽക്കാലത്ത് പാറപ്പുറത്തെ മണ്ണാണ് ആദ്യം ഉണങ്ങി തുടങ്ങുന്നത്. ചാലുകളിലെ കട്ടിപ്പായൽ പിന്നീട് കരിഞ്ഞു തുടങ്ങും. കോറ പുല്ലുകൾ ചുവട്ടിൽ നിന്നാണ് ഉണങ്ങിവരുന്നത്. ചെടിയുടെ കടഭാഗത്തിന് മഞ്ഞനിറം വീഴുമ്പോഴും ,ഇലകളുടെ അഗ്രങ്ങൾക്ക് പച്ച നിറമായിരിക്കും. താഴ്വാരത്തു നിന്നു നോക്കുമ്പോൾ പച്ചപ്പുൽ മെത്തയാണെന്നൊക്കെ തോന്നും; കിടന്നുരുളാനും!
താൻ കയറി നിൽക്കുന്ന പാറയിലേക്ക്, ശില്പയെ ജിൻസ് കൈപിടിച്ച് വലിച്ച് കയറ്റി. ശില്പയുടെ ജീൻസ് പാന്റിൽ പറ്റിപ്പിടിച്ചിരുന്ന ഒട്ടു പുല്ലുകൾ ഓരോന്നായി ജിൻസ് പറിച്ചു കളഞ്ഞു കൊണ്ടിരുന്നു. തലയ്ക്ക് പിറകിൽ കൈകൾ കോർത്തുവെച്ച് ശില്പ പാറപ്പുറത്ത് നീണ്ടു നിവർന്നു കിടന്ന് കിതപ്പാറ്റി. അവരിരുവരുടെയും വസ്ത്രം വിയർത്ത് കുതിർന്ന് ശരീരത്തോട് ഒട്ടിച്ചേർന്നിരുന്നു.
ടോപ്പിലേക്ക് ഇനി രണ്ടു മൈലു കൂടിയേ ദൂരമുണ്ടാവൂ... വിയർത്തെങ്കിലും, തളർന്നെങ്കിലും കുട്ടിക്കാലത്തെപ്പോഴോ കളിച്ച് തിമിർത്ത ആ ഒരു സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത് .
"താങ്ക്യൂടാ...അജിത്തേ.."ഗോപിക ഒരു സല്യൂട്ടടിച്ചു ."നിൻറെ ടോപ് സ്റ്റേഷൻ കിടിലൻ തന്നെ..! എല്ലാവരുടെയും സൗഹൃദം ഇപ്പോൾ വളരെയേറെ ദൃഢമായിരിക്കുന്നു. ജോഡികളായി തിരിഞ്ഞവർ വളരെ ഏറെ ഇഴുകി ചേർന്നിരിക്കുന്നു. ടോപ്സ്റ്റേഷനിൽ എത്തി, ആ രാത്രി മൂന്നാറിന്റെ തണുപ്പിൽ ഉറങ്ങി ,ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി വീണ്ടും മാളൂർ പട്ടണത്തിലേക്ക് മടങ്ങാനാണ് പ്ലാൻ.
അഗാധ കൂപമായ നരകത്തിൽ നിന്നും അന്നേരം വല്ലാത്തൊരു കാറ്റ് കുതിച്ചുയർന്നു. ചുറ്റുമുള്ള ചെടികൾക്ക് അലോസരമുണ്ടാക്കാതെ, ചില കാട്ടുമരങ്ങളുടെ മേൽ കാറ്റു പിടിച്ചു. ഉറഞ്ഞ് തുള്ളിയ ആ മരങ്ങൾ വന്യമായ ഒരു പൈശാചിക നൃത്തമാടി. ആ കൂടെ ചുറ്റുമുള്ള ചെടികളും ചേർന്ന് ആടിത്തുടങ്ങി .ചില മരങ്ങൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു...
എവിടെനിന്നാണ് തീനാളങ്ങൾ ഉയർന്നുവന്നതെന്ന് ആർക്കുമറിയില്ല. ചുറ്റോട് ചുറ്റും ശീൽകാര ശബ്ദത്തോടെ കാട്ടുതീ, പാഞ്ഞോടി.. കാണുന്നതെല്ലാം ദഹിപ്പിച്ച് തീർക്കാനുള്ള ആർത്തി പിടിച്ച വേഗം അവയ്ക്ക് ഉണ്ടായിരുന്നു.
കത്തിതീർന്ന ,ചൂടുമാറാത്ത ചാമ്പലുകൾ കാറ്റിൽ പറന്ന് വന്ന് അജിത്തിന്റെ തലമുടിയിൽ വീണു. ഗോപികയുടെ മുടിയിഴകളിലും കരിഞ്ഞ ഇലകളുടെ തരികൾ വന്നുവീഴുന്നത് അയാൾ കണ്ടു. വല്ലാത്തൊരു ഭയപ്പാടോടെ മലയുടെ അരികിലേക്ക് ഓടിയെത്തി അയാൾ താഴേക്ക് നോക്കി. ഇന്നുവരെ കണ്ടിട്ടില്ലാത്ത കാടിൻറെ മറ്റൊരു മുഖം അന്ന് അയാൾ ആദ്യമായി കണ്ടു. തലമുടിക്ക് തീപിടിച്ച് മുടിയാട്ടം ആടുന്ന ഒരു ഭ്രാന്തിയെപ്പോലെ, തീയും പുകയുമായി കാട് നിന്നു കത്തുന്നു .മലമുകളിലേക്ക് കാട്ടുതീ വേഗത്തിൽ അതിവേഗത്തിൽ പടർന്നു പിടിക്കുകയാണ് ..ഗോപികയുടെ കൈപിടിച്ച് വലിച്ച് അയാൾ ഓടി.
കൂടെയുള്ളവർ എവിടെയെല്ലാമാണെന്ന് ആർക്കും അറിയില്ലായിരുന്നു. ആർക്കുമാർക്കും ആരെയും അന്വേഷിക്കുവാനും കഴിയുമായിരുന്നില്ല. ഓട്ടത്തിനിടയിൽ പേരുകൾ വിളിച്ച് കരഞ്ഞ് കൂകിയെങ്കിലും എല്ലാം വെറും വനരോദനങ്ങളായി.
ചുറ്റും കറുപ്പ് നിറമായിരുന്നു .കനൽ തീയുടെ ജ്വാലയ്ക്കുള്ളിലേക്ക് അവർ ചേർക്കപ്പെട്ടു. ഷാൻ ഫിദയെ തൻറെ ഉടുപ്പിനുള്ളിൽ പൊതിഞ്ഞുപിടിച്ച് പാറച്ചരുവിലേക്ക് ചേർന്നുനിന്നു. ആളിയുയർന്ന അഗ്നി നാവുകൾ പാറയോടൊപ്പം ചേർന്ന് വലിയൊരു തീഗോളമായി ചേർന്ന് കത്തി. അജിത്തിന്റെ കൈപ്പിടിയിൽ നിന്നും ഗോപിക ഊർന്നു പോയതു പോലുമയാൾ അറിഞ്ഞില്ല.
കറുപ്പിനും കനൽ തീയ്ക്കുമപ്പുറം കറുത്ത പുക ഉയരുന്നു. അജിത്തിന് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ മൂക്കിലൂടെയും വായിലൂടെയും ആർത്തുയർന്ന കട്ടക്കരിമ്പുക തള്ളി കയറി. ബോധം മറഞ്ഞ് കൈകാലുകൾ കോച്ചി വലിച്ച് പിടഞ്ഞു വീണു കിടന്നപ്പോൾ അയാളുടെ ശരീരത്തിലേക്ക് പുല്ല് കത്തി അമർന്ന് കനൽ പൊടിയുന്ന ശബ്ദത്തോടെ തീ പാഞ്ഞു കയറി.
മലകയറിയവരുടെ ശരീരങ്ങൾ കരിക്കട്ടകളായി അവിടവിടെ ചിതറിക്കിടക്കുമ്പോഴും കരിമ്പുക ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു. ടോപ് സ്റ്റേഷനെക്കാൾ ഉയരത്തിലേക്ക്... വെള്ള മേഘങ്ങളും കടന്ന്... തീവണ്ടി തുപ്പിയ കൽക്കരിപ്പുകയുമായി കലർന്ന് ദൂരേക്ക്... അങ്ങ് ദൂരേയ്ക്ക് .. ആർക്കുമറിയാത്ത കാണാ കാഴ്ചകളുടെ വിശാലതയിലേക്ക്...