"ഞാൻ കഷ്ടപ്പെട്ടിറ്റ് പൈസ ഇണ്ടാക്യേത്, നിന്ന കാൺക്കെ കുടിച്ചിറ്റ് കളയാനല്ലട, നാള പൈസ പൈസ തന്നിറ്റേങ്കില് നിന്ന ഞാൻ നാട്ട്ല് വന്നിറ്റ് തല്ലും."
വിജയന് സുമേഷിന്റെ ഭീഷണിയുണ്ടായി. വിജയൻ ദുബായിക്ക് പോയിനല്ലൊ.!, നാട്ടില് വന്നിനല്ലൊ.!, ബിസിനസ് ചെയ്തിനല്ലൊ.!, എല്ലം പൊട്ടിപ്പാളീസായി വീട് വിറ്റിനല്ലൊ.!, ലോൺ എട്ത്തിനല്ലൊ.!,കാറും, ബൈക്കും വിറ്റിനല്ലൊ.!, കുടിയൻന്നില്ലെ പേര് ഓന്റെ എല്ലാ പരാചയത്തിനേം ലഘൂകരിച്ചിനല്ലൊ.!, മംഗലം കൈച്ചിറ്റല്ലൊ.!, വാടകവീട്ടില് ന്ക്കാൻ തൊടങ്ങീനല്ലൊ.!, ബാക്കീല്ലെ സമ്പാദ്യം ഒരു ബാങ്ക് പാസ്ബുക്കും,കൊറെ കാർഡും, ഒരു ഫോണും,കുടിയൻന്നില്ലെ പേരും.
"ഓന് കുടി കൂടീറ്റ്പ്പ, എപ്പളും നാല് കാലിലെന്നെ,! പിന്നെങ്ങനെ ശരിയാല്."
"അങ്ങനെ കുടിച്ചൂടപ്പ, കുടിക്ക്ന്നേയ്ന് ഒര് കണക്കില്ലെ.! ഓനെങ്ങനെ എന്ന് പെണ്ണ് കിട്ടല്.?"
"കൈയ്യ്ന്ന കാലത്ത് നല്ലോണം കുടിച്ചിറ്റും, കളിച്ചിറ്റും നടന്നു.ഇപ്പൊ കണ്ടിലെ,കടം കേറീറ്റ് സ്വത്തെല്ലം ബിറ്റിറ്റ്,! പിന്നെങ്ങനെ ശരിയാല്.?
ഇങ്ങനെ കുറെ അഭിപ്രായങ്ങളുള്ളവരായിരുന്നു നാട്ട് വാസികൾ.വിജയനെ അതൊന്നും ബാധിച്ചിരുന്നില്ലെങ്കിലും,
"ഏ വിജയ നീയൊ ഇത്, എൻക്ക് തിരിഞ്ഞിറ്റെയില്ലപ്പ."
പരിചയക്കാരായ വീട്ടമ്മമാരുടെ മൂക്കത്ത് വിരൽ വയ്ക്കലും,പഞ്ചാത്തിഗയും തന്നെ തളർത്തുന്നുണ്ടെന്നറിഞ്ഞ് നീട്ടി വിളിക്കും.
"എന്റെ മുത്തപ്പാ....."
ബയ്യമ്മാറ് നാലഞ്ചാള് ഒന്നിച്ച് നിൽക്കുന്ന പല മുറികളുള്ള ആ മൂന്ന് നില കെട്ടിടത്തിൽ വിജയനും ഒരു മുറിയുണ്ട്.മപ്രാണത്ത് വീട്ടിലെ എളയസന്തതി, കൊപ്രക്കച്ചോടോം, വണ്ടിക്കച്ചോടോം,മരമില്ലും,തുണിമില്ലും, തൊടങ്ങി കേസായി കൂട്ടമായി. ഓഹരി കിട്ടിയ സ്ഥലോം വിറ്റ്, സ്വന്തമായുണ്ടായ വണ്ടീം വിറ്റ് വീട്ടുകാര ശല്യപ്പെടുത്തണ്ടാന്ന് കരുതി ഒറ്റമുറിയിൽ വാടകയ്ക്ക് കഴിയുന്ന വിജയന് പഴയൊരു കടക്കണക്കിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഫോൺ കോൾ വരുന്നു.എട്ടായിരം അടക്കാനുണ്ട് പണ്ട് സ്വത്തോഹരി വയ്ക്കുമ്പോൾ കുടുംബക്കാർക്കിടയിൽ താഴാണ്ടിരിക്കാൻ രജിസ്ട്രേഷനായി വാങ്ങിച്ചതാണ്. അന്ന് വളരെ പ്രതീക്ഷയോടെയാണ് സുമേഷ് പണം നൽകിയത്.കൂട്ടുകാരന് വേണ്ടി നല്ല കാര്യം ചെയ്തവനെന്ന ചാരിതാർത്ഥ്യം ഓന്ണ്ടായിരുന്നു പക്ഷെ അതിൽപ്പിന്നെ വിജയൻ സുമേഷിനെ വിളിച്ചതെയില്ല.എല്ലാ ബഹളങ്ങളിൽ നിന്നുമകന്ന് ഒറ്റയ്ക്കാണിപ്പോൾ. ബിസിനസിലേക്ക് കാലെടുത്തു വയ്ക്കുന്ന പുതിയ ജനറേഷനിലെ കുട്ടികൾ ആരെങ്കിലും വിളിച്ചാൽ എന്തിനെങ്കിലും കൂടെ പോകും, പഴയ വലിയ കുടിയനെന്ന നിലയിലും ബിസിനസ് ചെയ്ത് പൊട്ടിയവൻ എന്ന നിലയിലും, വിജയേട്ടന് ആരുമില്ല എന്ന ബോധത്തോടെയൊ അവരെന്തെങ്കിലും നൽകിയാൽ അതും വാങ്ങിച്ച് കൂട്ടുകാരോടും,നാട്ട്കാരോടും നിസംഗത നിറഞ്ഞ ഒരു ചിരി മാത്രം പ്രദർശിപ്പിച്ച് നടന്ന് നീങ്ങും. നാട്ടിലെ ആളുകൾ താടിക്ക് കൈയ്യും കൊടുത്ത് " എങ്ങനെ കൈഞ്ഞോനാണ്." എന്നൊരു സഹതാപസ്വരം മാത്രം,അതിനെ ആസ്വദിച്ച് ഒരു കോട്ടർ അരയിൽ തിരുകി ചിത്രവർണപ്പുള്ളിയുള്ള കമ്പായം ധരിച്ച് എന്നും ആ കവലയിലുണ്ടാകും, മദ്യത്തിന് വില കൂടിയപ്പോൾ ഒരിക്കൽ ചാനലുകാർ വിജയന് നേരെ മൈക്ക് പിടിച്ച് വീഡിയൊ പകർത്തിയത്, ബിവറേജിലെ മറ്റ് കുടിയന്മാർക്കിടയിൽ നില വർദ്ധിപ്പിച്ചിരുന്നെങ്കിലും ,വിജയനൊരു സ്ഥിരം കുടിയനാണെന്നുള്ള സ്ഥിതീകരണത്തിന് വഴിവെക്കും വിധത്തിൽ ആ ചാനലിലെ വാർത്ത പ്രചരിച്ചിരുന്നു.മനുഷ്യർ നിർമ്മിച്ച സാമ്പത്തിക വ്യവസ്ഥയ്ക്കകത്ത്, ക്രയവിക്രയ സംവിധാനത്തിനകത്ത് കുതിച്ചും, കിതച്ചും കാലിടറി വീഴുന്നവർ നിരവധിയുണ്ടെന്ന വിശ്വാസത്തിൽ, മരണത്തെ സ്വപ്നം കാണാത്തവന്റെ സമാശ്വാസത്തോടെ വിജയൻ ജീവിതത്തെ സധൈര്യം മുന്നോട്ടു നീക്കിയിരുന്നു.
"എന്റെ മുത്തപ്പാ.. മംഗലം കൈക്കാത്തത് നന്നായി, വീട് വിറ്റത് നന്നായി,വണ്ടി വിറ്റത് നന്നായി, പണത്തിന്റെ കണക്ക് കൂട്ടലെല്ലം അവസാനിപ്പിച്ചത് നന്നായി," എന്നെല്ലം ചിന്തിച്ച് ഒറ്റമുറീല് മേലോട്ട് നോക്കീറ്റ് കെടക്കും. തന്നെ ഉപദേശിക്കാനുള്ള ആളുകളിൽ നാട്ടിലെ ബഹുമാന്യമുഖമുള്ള ദുരന്തങ്ങളെല്ലാവരും വിജയനെ കാണാൻ ക്യൂ നിന്നിരുന്നു. എല്ലാവരുടെയും സംസാരങ്ങൾ സംഗീതം പോലെ ആസ്വദിച്ച് ആകെയുണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് ഓടയിലെവിടയൊ കളഞ്ഞ് മുകളിലേക്ക് നോക്കി അട്ടത്ത് ഭാവിയുടെ ഒരംശവും ഇല്ലായിരുന്നു. പിന്നെ ഉറക്കെ ചിരിച്ചിരിക്കുമ്പോഴായിരുന്നല്ലൊ സുമേഷിന്റെ വിളി. ആശ്രിതവത്സരരായ ജീവിതങ്ങളും,കാറും,എ.സി ബാറുകളും,ആഘോഷങ്ങൾക്കിടയിലെ സ്പോൺസർഷിപ്പുകളും, എല്ലാം കഴിഞ്ഞകാല ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലായി സുമേഷിനെ ഓർക്കുന്നതോടൊപ്പം നഷ്ടങ്ങൾ ഓർത്തെടുക്കാനുള്ള സമയമാണ്. താൻ വിറ്റ വാഹനങ്ങൾ നിരത്തിലൂടെ പോകുന്നത് കാണുമ്പോൾ കാൽനടയാത്രക്കാരന്റെ ജാള്യതയോടെ അതിനെ നോക്കി നിൽക്കും.
"നിങ്ങൊ കുടി നിർത്ത്യാ മാത്രം മതി, എന്നിറ്റ് വെറ്തെ ഒന്നിച്ച് നിന്ന് തന്നാ മതി."
ബിസിനസ്സിലേക്ക് കാലെടുത്തുവെക്കാൻ ധൃതിപ്പെടുന്ന പുതിയ കുട്ടികൾ ഒരു ഫുൾ ബോട്ടിൽ കമ്പനിയിൽ കുശലം പറയുമ്പോൾ, ഞാനിനി കുടിക്കില്ലെന്ന പ്രതിജ്ഞയ്ക്കൊപ്പം സുമേഷിന് വേണ്ടി നാളെയുണ്ടാക്കേണ്ട എട്ടായിരം രൂപയുടെ ആവശ്യത്തിനായി വീണ്ടും എവിടെ തെണ്ടണമെന്ന ചോദ്യവും.
"കച്ചോടാവുന്നേയ്ന് മുമ്പെ പൈസ ചോദിച്ചൂട."
ചെറുപ്പക്കാർ കൈമലർത്തിയ കാരണങ്ങളിലൊന്നിൽ ശ്രദ്ധിക്കാതെ. പള്ളിക്കര ബീച്ചിലെ കടലിനൊപ്പം ജീവിതാനുഭവത്തിന്റെ ഒരു കടലും പേറി,ആ കടലിന്റെ ആഴത്തിൽ ഒരു കൂട് കെട്ടി,പരൽമീനുകൾക്കൊപ്പം നീന്തിക്കളിച്ചിനി ജീവിക്കാമെന്ന ചിന്തയെപ്പൊഴൊ വന്നിരുന്നു.ഇരുപത് രൂപ ടിക്കറ്റെടുത്ത് രാവിലെ മുതൽ സന്ധ്യ വരെ പാർക്കിൽ കറങ്ങിയ ശേഷം. തന്റെ മുറിയിലേക്ക് കയറാനുള്ള ഗ്രൗണ്ട് ഫ്ലോറിലെ ചവിട്ടുപടിയിൽ ചവിട്ടവെ, ബാർബർ ഷാപ്പുകാരൻ തമിഴൻ രാജു അണ്ണാ എന്നും വിളിച്ച് അടുത്ത് വന്നു
"ദാ ഒരു കാർഡ്, അണ്ണന്റെ പേരാണ്."
അവൻ ഉപകാരമുള്ളവനാണ്, കുറെ കാലമായി സ്വന്തമായി രണ്ടു മൂന്ന് ബാർബർ ഷാപ്പുകളും, നാട്ടിലെ ബന്ധുക്കളെല്ലാവരും പണിക്കാരായും,കുടാണ്ട് കുടുംബമായി ജീവിക്കുന്ന അവന് വിജയനോടുള്ള സ്നേഹവും വിശ്വാസവും പണ്ട് വല്ല്യശ്ശമാൻ നാരായണൻ നായരുടെ മോത്തേക്ക് നാല് പൊട്ടിച്ചപ്പൊ തൊടങ്ങ്യതാണ്. അന്നങ്ങനെയായിരുന്നല്ലൊ വരുത്തന്മാരോടുള്ള ഇവിടുത്തെ ആളുകളുടെ ഒരു നോട്ടം.യശ്ശമാനനായതോണ്ട് പിന്ന പറയെ വേണ്ട.രാജുന്റെ മോത്തേക്ക് വീതുളി വീശിയ ആശാരിക്കോരന്റെ ചങ്കിന്റെ തൊലി നുള്ള്യേതും രാജൂന് വല്ല്യൊരു കാര്യമായി തോന്നിയിരുന്നു. ഇതെല്ലാം ഓർത്തോണ്ട് ക്രെഡിറ്റ് കാർഡും പിടിച്ച് ഓൻ ഓടി വരുന്നത് എന്നൊ കളഞ്ഞുപോയ നിധി പോലെ വിജയന് തോന്നി.അതും വാങ്ങി മുറിയിലേക്ക് പോയി.മൊബൈൽ ഫോൺ ഓണാക്കി.ബാങ്കിംഗ് ആപ് ഡൗൺലോഡാക്കി ക്രെഡിറ്റിന്റെ അളവ് നോക്കി.പതിനായിരുറ്പ്യ ഇണ്ട്.
തമിഴൻ രാജു പത്തരയോടെ ബാർബർ ഷാപ്പടച്ച് ഒരു കുപ്പി റമ്മുമായി മുറിയിലേക്ക് ചെല്ലവെ, വിജയന്റെ മുറിയിലെ ചാരാത്ത കതകും വെളിച്ചവും കണ്ട് കയറി നോക്കി.
"അണ്ണാ ഇനിയണ്ണൻ പേടിക്കവെ വേണ്ട, തിരിച്ചു കെടച്ചാച്ചില്ലെ, എന്റടുത്തും സ്മാർട്ട് കാർഡിറുക്ക്.... കടം വാങ്ങലാം,പൈസ അക്കൗണ്ട്ന്നെ പിടിക്കു."
പൊടിപിടിച്ച് മൂലയിൽ എ.ടി.എം കാർഡിനൊപ്പമുള്ള ബാങ്ക് പാസ്ബുക്ക് രണ്ടും പരസ്പരം പരിചയമില്ലാത്തവരെന്ന പോലെ കട്ടിലിനടിയിലും അലമാരമൂലയിലുമായി കിടക്കുന്നു.അത് രണ്ടും പെറുക്കി പൊടിതട്ടി ഒന്നിച്ച് വച്ചു. കള്ളച്ചിരിയോടെ അണ്ണനോട് എട്ടായിരം രൂപ ചോദിച്ചെങ്കിലും, രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുള്ള അവന്റെ സങ്കടം ആ കരി ഓയിൽ നിറമുള്ള റമ്മിനൊപ്പം ഒഴുകാൻ വിട്ട്.
"കാർഡ് ആക്റ്റിവേറ്റ് പണ്ണ്ങ്കൊ പണം ലഭിക്കും."
അവൻ ഗൂഗിൾ പെയിൽ കൂടി ഫോൺ റീചാർജ് ചെയ്ത് ആശ്വസിപ്പിച്ചു.കുറെ കാലം ചത്തിരുന്ന ഫോണിന് പെട്ടെന്ന് ജീവൻ വച്ചപ്പോഴുണ്ടായേക്കാവുന്ന വെപ്രാളം എല്ലാ ആപ്ലിക്കേഷനുകൾക്കുമുണ്ട്.ഫോൺ പെ അക്കൗണ്ടുകൾ ഏറെ കാലമായി തുറക്കാത്തതിൽ പ്രതിഷേധിച്ച് കുറേ സമ്മാനപ്പൊതികളും, ബാങ്ക് ബാലൻസും സന്ദേശമയച്ച് രേഖപ്പെടുത്തിയിരിക്കുന്നു. വാട്സപ്പിൽ ആരും സന്ദേശമയച്ചിരുന്നില്ല. ഫെയ്സ്ബുക്കിൽ നിരവധി ഫ്രണ്ട് റിക്വസ്റ്റുകളുണ്ട്,ഇ.മെയിലിൽ കുറെ ഫേക്ക് ഐഡിയിൽ നിന്നുള്ള ഓഫറുകളും, ആ മൊബൈൽ തുറക്കുമ്പോൾ ഹണിട്രാപ്പിൽ പെട്ട് പണമപഹരിക്കപ്പെട്ട അവിവാഹിതന്റെ വിജയനെ തേടിയെത്തും. ബാങ്ക് ആപ് വീണ്ടും ഇൻസ്റ്റാളാക്കി, ഫോൺ സ്വിച്ച് ഓഫ് ആക്കി കിടക്കയിലേക്ക് ഒരു ഏറ് കൊടുത്തു.
"അണ്ണ പൈസ കെടക്കും,... പെട്രോൾ പമ്പിലെ പൈസ കെടക്കും....ധൈര്യമായിറിങ്കൊ."
വിജയൻ വീണ്ടും കടം കിട്ടുമെന്ന പ്രതീക്ഷയിൽ പഴയ തിരിമറി ഡീലിംഗിന്റെ വിശ്വാസ്യതയിൽ ഫോണോണാക്കി,പണമുണ്ടെന്ന് ബോധ്യമുള്ളവർക്കെല്ലാം മെസേജയച്ചു. ഒരു പ്രയോജനവുമില്ല, ആരും പ്രതികരിക്കുന്നില്ല, രാജു ഒഴിച്ച് വച്ച ഗ്ലാസിൽ നിന്ന് ഒന്ന് അകത്താക്കിയപ്പോൾ അവൻ " അണ്ണാ...." എന്ന് വിളിയോടെ എതിർപ്പ് പ്രകടിപ്പിച്ചു. നിങ്ങൾ വീണ്ടും തുടങ്ങിയൊ എന്ന ധ്വനി അതിലുണ്ടായിരുന്നു. " എന്റെ മുത്തപ്പാ..... " എന്നും വിളിച്ച്,പടക്കെ,പടക്കെ നാല് പെഗ്ഗുകത്താക്കി കട്ടിലിലേക്ക് വീണു. തമിഴൻ രാജു കതകടച്ച് പുറത്തേക്ക് കടന്നതും, നേരം പുലർന്നതും ഒന്നിച്ചെന്ന പോലെ വിജയൻ എഴുന്നേറ്റു.പല്ല് തേച്ച്, കുളിച്ച്,കുറി തൊട്ട്, വെളുത്ത മുണ്ടും, കറുത്ത ഷർട്ടും ധരിച്ച് മുടി ചീകിയൊതുക്കി, ബാങ്ക് പാസ് ബുക്കും, ക്രെഡിറ്റ് കാർഡും,എ.ടി.എം കാർഡും,ഫോണുമെടുത്ത് ഒന്നാം നിലയിറങ്ങി. തമിഴൻ രാജുവിന്റെ ബാർബർ ഷോപ്പിൽ നിന്നും ഒന്നുകൂടി മിനുങ്ങി. നാൽപത്തിരണ്ട് വയസായിട്ടും ഇനിയും ദാമ്പത്യത്തിന് ജീവിതം ബാക്കിയുണ്ടെന്ന രാജുവിന്റെ ഓർമ്മപ്പെടുത്തൽ വിജയനിൽ ചിരിയുണർത്തി. അവൻ സുമേഷിനെ വിളിച്ച് രണ്ട് മണിക്ക് ടൗണിലെത്താൻ പറഞ്ഞു.
ബാങ്ക് ആപ്പിൽ പത്തായിരം രൂപ ക്രെഡിറ്റുണ്ട്. പക്ഷെ സാധനങ്ങളായിട്ടെ കിട്ടുകയുള്ളൂ. വിജയൻ കുറെ നേരം ചിന്തിച്ച്, രാജു പറഞ്ഞത് പ്രകാരം പെട്രോൾ പമ്പിലേക്ക് തന്നെ ആദ്യം കാലെടുത്ത് വച്ചു.
"ഏട്ട പറ്റിപ്പോയി,എനക്ക് എട്ടായിരുറുപ്യേരെ ആവശ്യൂണ്ട്,.... എന്റെ ക്രെഡിറ്റ് കാർഡില് പൈസേണ്ട്,... ഒരഞ്ഞൂറുറ്പ്യ ന്ങ്ങൊ അധികം എട്ത്തൊ,... ഒന്ന് സഹായിക്കണം....ഏട്ട..."
നീലവസ്ത്രമണിഞ്ഞ അയാൾ കുറെ സമയം വിജയനെ നോക്കി നിന്നു. എവിടയൊ കണ്ട് മറന്ന മുഖം പോലെ, ടി.വിയിലായിരിക്കും, കള്ള് കുടിയന്റെ രൂപത്തിൽ എങ്കിലും സാരമില്ല, ഓഫീസ് ചൂണ്ടിക്കാട്ടി. അവിടെ കൗണ്ടറിൽ എ.ടി.എമ്മിൽ നിന്നും കാശെടുക്കാൻ വന്നവരുടെ ധൃതികൂട്ടലായിരുന്നു. വിജയന്റെ ആവശ്യം പറഞ്ഞു കേട്ടപ്പൊഴേ ഇവിടെയില്ലെന്ന് കൗണ്ടറുടമ പറഞ്ഞു.ടൗണിലെ നാലഞ്ച് പമ്പുകളിൽ നിന്നും ഇങ്ങനെ മടങ്ങി. പലചരക്ക് കടയിൽ നിന്നും, ജ്വല്ലറിയിൽ നിന്നും, ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ഇങ്ങനെ നിരാശനായി മടങ്ങി.എങ്കിൽ ഇടയ്ക്കിടെ സുമേഷിന്റെ കോൾ വന്നുകൊണ്ടിരുന്നു.
"ടാ.... ടൗണിലേക്ക് ഈട്ന്ന് എത്ര ദൂരൂണ്ട്.?"
"എത്ര പൈസേരെ എണ്ണ വേണം.?"
"എട ഞാനേട നിക്കണ്ടത്.?"
എന്നൊക്കെ ചോദിച്ച് വിജയനെ ശല്ല്യപ്പെടുത്തിക്കൊണ്ടിരുന്നു. സമയം പന്ത്രണ്ട് മണിയായിരിക്കുന്നു. " എന്റെ മുത്തപ്പാ...." എന്നും പറഞ്ഞ് അവൻ നഗരത്തിലെ പരിചയമുള്ള ബാറിലേക്ക് കയറി. ആവശ്യം പറഞ്ഞപ്പോൾ വൈറ്റർ വിജയനെ നോക്കി ചിരിച്ചു.
"ന്ങ്ങൊ ഇരിക്ക് ഏത് ബ്രാൻഡ് വേണ്ടത്.? "
വിജയന് കാശ് മതി.തന്റെ അവസാനത്തെ കടക്കാരനെയും പറഞ്ഞു വിടാനുള്ളത്.കടങ്ങൾ വീട്ടാനുള്ളതാണ്, അത് ബാങ്കിലായാലും, വെക്തികളിലായാലും, ഇനി എല്ലാ കടങ്ങളും കടപ്പാടുകളും നീങ്ങിക്കഴിഞ്ഞാൽ ശേഷിക്കുന്ന ഇരുപതൊ,ഇരുപത്തിയഞ്ചൊ വർഷം, അത്രകാലം മാത്രം സ്വന്തം ആയുസ് തിട്ടപ്പെടുത്തി. വൈറ്റർ മാനാജറെ കാട്ടിക്കൊടുത്തു .വിജയൻ മാനേജരോട് സംസാരിക്കവെ.
"ഞാൻ ടീവീല് കണ്ടിരുന്നു."
എന്നൊരു സ്നേഹവാത്സല്യവും മുഖത്ത് കണ്ടു. ആ സ്നേഹവാത്സല്യം എല്ലാ കസ്റ്റമേഴ്സിനോടും അയാൾ കാണിക്കുന്നതായിരുന്നു. അയാൾക്ക് വിജയനെ അറിയാമായിരുന്നു. തൊണ്ണൂറ്റഞ്ച് കാലത്ത് ആഢംബര കാറുകളിൽ വന്നിറങ്ങി,റൂമെടുത്ത് കുടിച്ച് അർമ്മാദിച്ചവരുടെ കൂട്ടത്തിൽ, രണ്ടായിരമായപ്പോഴേക്കും റിക്ഷയിൽ വന്നിറങ്ങി എ.സിയിലിരുന്ന് കുടി തുടർന്നിരുന്നു.രണ്ടായിരത്തി പത്തോടെ വിയർത്ത് ഒലിച്ച്, നടന്ന് വലഞ്ഞ് അയാൾ ലോക്കൽ കൗണ്ടറുകളിൽ അഭയം തേടിയിരുന്നു.
"ഓ... അതിനെന്താ ഞാൻ കൗണ്ടറിൽ പറയാം.... പക്ഷെ ഒരു പ്രശ്നൂണ്ട്, രണ്ടായിരുറുപ്യ മാത്രമെ കിട്ടൂ.."
വിജയൻ മനസിൽ പ്ലാനുണ്ടാക്കി അത് മതിയെന്ന് വിനീതമായി തലയാട്ടി. ആരും ശ്രദ്ധിക്കാത്ത വിധത്തിൽ. മുകളിലെ ലക്ഷ്വറി കൗണ്ടറിൽ കയറി ഇരിപ്പായി. അവിടത്തെ വൈറ്റർ തോമസേട്ടൻ ചിരിച്ചു കൊണ്ട് വിജയനടുത്തെത്തി.
"ഒരു പെഗ്ഗ് മാജിക് മൂമെന്റ് ഒരു സ്പ്രിന്റ്, "
കുറെ കുശലം പറച്ചിലിന് ശേഷം തന്റെ ആവശ്യമറിയിച്ച നിവേദനം അയാൾക്ക് കൈമാറി, അയാൾ തലയാട്ടി. രണ്ടായിരം രൂപ അധികമെടുത്ത് വന്നു. വിജയൻ അവിടെ നിന്നും പുറത്തിറങ്ങി എ.സി കൗണ്ടറിലോട്ട് കയറി പതിവ് പോലെ " ഒരു പെഗ്ഗ് കോണ്ടസ." എന്നും പറഞ്ഞ് ഇരിപ്പായി, ഇങ്ങനെ ആ ബാറിലെ ഓരൊ കൗണ്ടറിൽ നിന്നും മദ്യം വാങ്ങി എട്ടായിരം രൂപ സമ്പാദിച്ച് പുറത്തിറങ്ങിയപ്പോൾ ആശ്വാസം കൊണ്ട് നീട്ടി വിളിച്ചു.
"എന്റെ മുത്തപ്പാ നീ കാത്തു."
ആയിരം രൂപയോളം അധികം ചെലവായതിനോട് പുല്ല് വില കൽപ്പിച്ച്.ആടിക്കുഴഞ്ഞ് ചേറ് പറ്റിയ വെളുത്ത മുണ്ടും ധരിച്ച് കുട്ടുകാരന്റെ മുന്നിലേക്ക് എട്ടായിരം രൂപ നീട്ടി. വിജയനൊരിക്കലും നന്നാകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന ധാരണയിൽ സുമേഷ് കാറിൽ നിന്നുപോലും ഇറങ്ങാതെ,കാശ് വാങ്ങി ഒന്നും മിണ്ടാതെ ധൃതിയിൽ പോകുന്നത് ആടിക്കുഴഞ്ഞ് കള്ള്കുടിയന്റെ എല്ലാ ചമ്മലോടും കൂടി വിജയൻ അന്നവസാനമായി നീട്ടി വിളിച്ചു.
"എന്റെ മുത്തപ്പാ.... കാത്തോളണെ...."