പള്ളിക്കവലക്കുമുന്നിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. വർഷങ്ങൾ മൂന്നുകഴിഞ്ഞെങ്കിലും പരിസരത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. കൈയിലിരുന്ന ചെറിയബാഗ് തോളിൽ തൂക്കിയിട്ടു മുന്നിൽക്കണ്ട പീടികയിലേക്ക് കയറി ഞാൻ.
സാധനങ്ങളെല്ലാം പെറുക്കിവെച്ചിട്ടു കടയടക്കാൻ തുടങ്ങുകയായിരുന്നു പീടികഉടമ 'അലിയാരിക്ക' എന്നെ കണ്ടു പുഞ്ചിരിച്ചു .
''അല്ല ഇതാര് അബ്‌ദുവോ ...നീ വരുന്ന വഴിയാ ...?''
''അതേ ...!'' ഞാൻ പറഞ്ഞു .
''എന്തൊക്കെയുണ്ട് വിശേഷങ്ങൾ ...എന്തെ രാത്രിയായിപ്പോയത് ...?''അലിയാരിക്ക എന്നെനോക്കി ആകാക്ഷയോടെ ഒരുപാട് ചോദ്യങ്ങൾ പുറപ്പെടുവിച്ചു .
ചോദ്യങ്ങൾക്കെല്ലാം ഏതാനും മൂളലിലൂടെ മറുപടിനൽകിയിട്ടു ഞാൻ പറഞ്ഞു .
''ഒരു പായ്‌ക്കറ്റ് സിഗരറ്റ്. ഇവിടുന്ന് ഇനി ഓട്ടോറിക്ഷ വല്ലതും കിട്ടുമോ ...?''
''ഇന്നിനി ഇവിടുന്ന് ഓട്ടോറിക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ് .നടന്നുതന്നെ പോകേണ്ടിവരും .''അലിയാരിക്ക എന്നെനോക്കി മറുപടിപറഞ്ഞു .
സിഗരറ്റിന്റെ കാശുകൊടുത്തിട്ട് നിലാവുപരന്നുകിടക്കുന്ന റോഡിലൂടെ വീട്‍ലക്ഷ്യമാക്കിഞാൻ മുന്നോട്ടുനടന്നു .നെൽപാടങ്ങളെ തഴികിയെത്തുന്ന തണുത്തകാറ്റും രാപ്പാടികളുടെ കളകൂജനങ്ങളും എന്നെ പൊതിഞ്ഞുനിൽക്കുന്നതായി എനിക്കുതോന്നി .
നടത്തത്തിനിടയിൽ ...ആരോ എന്നെ പിൻതുടരുന്നതുപോലെതോന്നി ഞാൻ പൊടുന്നനെ തിരിഞ്ഞുനോക്കി .ഒന്നുമില്ല. എല്ലാം എന്റെ വെറും തോന്നൽ മാത്രം .പക്ഷേ ,മുന്നോട്ടുനടന്നപ്പോൾ വീണ്ടും പിന്നിൽനിന്നും ആരുടെയോ കാലൊച്ച .ഒപ്പം പാദസരത്തിന്റെ ചില കിലുങ്ങലുകളും .ഈ സമയ ഒരു തണുത്തകാറ്റു വീശിയടിച്ചു . ചുറ്റുപാടും മുല്ലപൂക്കളുടെ മണം പരക്കുന്നത് ഞാനറിഞ്ഞു .ആ ഗന്ധം... അതുപകരുന്ന അനുഭൂതി ഒരുനിമിഷം എന്നിൽ ഭീതി ഉളവാക്കി .ആ ഭയം എന്നെ ഒരുനിമിഷം കഴിഞ്ഞകാലത്തിലേക്ക് കൂട്ടികൊണ്ടുപോയി .ഈ സമയം ഞാൻ നടന്നുനടന്ന് ഇലഞ്ഞേലി തോടിനുമുന്നിലെത്തിയിരുന്നു .
ഞാനും 'ആതിരയും' പലപ്പോഴും കണ്ടുമുട്ടാറുള്ള ഇലഞ്ഞേലിപ്പാലം .ഈ തോട്ടിലെ മണലിലും വെള്ളത്തിലുമെല്ലാം ഞങ്ങളുടെ കാൽപാടുകളുണ്ട് .ഈ തോട്ടിലെ കുഞ്ഞോളങ്ങൾക്കുപോലും ഉണ്ടാകും ഞങ്ങളുടെ പ്രണയത്തിന്റെ ഒരുപാട് കഥകൾ പറയാൻ .
പിന്നിൽ നിന്നും പാദസരങ്ങളുടെ കിലുക്കം വീണ്ടും കേൾക്കുന്നു .ഇരുളിൽ അവളുടെ അവ്യക്തമായ രൂപം മിന്നിത്തിളങ്ങുന്നു .അവളുടെ കരിംകാർകൂന്തലുകൾ ഇരുളിൽ ആടിയുലയുന്നു .ആ കണ്ണുകൾ ഇരുളിലും വല്ലാതെ തിളങ്ങുന്നു .തുടുത്ത കവിളിണകൾ കോപംകൊണ്ടു ചുവന്നിരിക്കുന്നു .അവൾ എന്നെനോക്കി ചിരിക്കുകയാണ് .
''ഒടുവിൽ നീ ഇവിടേക്ക് വന്നുവല്ലേ ...?ഞാൻ കരുതി ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചുവരില്ലെന്ന് .''പറഞ്ഞിട്ട് അവൾ എന്നെനോക്കി ആർത്തു ചിരിച്ചു .
അവളുടെ സാന്നിധ്യമറിഞ്ഞു ഞാൻ ഞെട്ടിത്തരിച്ചുപോയി .അതേ അവൾതന്നെ .'ആതിര' ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നവൾ .ഒടുവിൽ തന്റെ ചതിയിൽപെട്ടുകൊണ്ട് മനംനൊന്ത് ...രണ്ടുവർഷം മുൻപ് ആത്മഹത്യ ചെയ്തവൾ .അവളിതാ തന്റെ മുന്നിൽ വന്നുനിൽകുന്നു .ഒരു ദുരാത്മാവായി .സർവശക്തിയും കാലുകളിലേക്ക് ആവാഹിച്ചുകൊണ്ട് ഞാൻമൂന്നോട് കുതിച്ചുപാഞ്ഞു .അപ്പോഴെല്ലാം അവളുടെ നിർത്താതെയുള്ള ചിരിയുടെ അലയടികൾ എന്റെ കാതിൽ വന്നുപതിച്ചുകൊണ്ടിരുന്നു .അവൾ എന്നെ പിൻതുടരുകയാണെന്ന തിരിച്ചറിവ് എന്നെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു .എത്രനേരം ഓടിയെന്നറിയില്ല ആലകത്തുകാവിന്റെ ആൽത്തറക്കുമുന്നിലെത്തിയിരുന്നു ഞാനപ്പോൾ .വല്ലാത്ത കിതപ്പോടെ ഞാൻ ആ ആൽത്തറയിലേക്കിരുന്നു .
ഇരുളിലൂടെ ഞാൻ ദൂരേക്ക് മിഴികൾ പായിച്ചു .അതാ അകലെയായി തലയുയർത്തി നിൽക്കുന്ന ഭൂതത്താൻ മല .അതിന്റെ അടിവാരത്തിലാണ് തന്റെ വീട് .വീടെത്തണമെങ്കിൽ ഇനിയും ഒരുപാട് വഴിദൂരമുണ്ട് .അധികം ദൂരത്തല്ലാതെ ...പോകുന്നവഴിക്ക് അവളുടെ വീടുണ്ട് .ആ ഓർമ്മ എന്നെ കൂടുതൽ തളർത്തി .
ബോംബെയിലെ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആതിരയുടെ മരണവാർത്ത അറിയുന്നത് .സുഹൃത്തു ഫോണിൽ വിളിച്ചുപറയുകയായിരുന്നു .ആ രാത്രിയിൽ കുറ്റബോധംകൊണ്ട് മുറിയിലിരുന്ന് ഞാൻ ഒരുപാട് നേരം പൊട്ടിക്കരഞ്ഞു .
ഏതാനും നേരത്തെ വിശ്രമത്തിനുശേഷം ഞാൻ വീണ്ടും മുന്നോട്ടുനടന്നു .ഒന്നും സംഭവിക്കില്ല .എല്ലാം തന്റെ വെറും തോന്നലുകളാണ് മനസ്സിനെ ധൈര്യപ്പെടുത്തി .നടന്നുനടന്ന് ആതിരയുടെ വീടിനുമുന്നിലെത്തിയ ഞാൻ ഒരുനിമിഷം എന്തിനെന്നറിയാതെ നിശ്ചലനായി നിന്നുപോയി .കാലുകൾ മുന്നോട്ടു ചലിച്ചില്ല എന്ന് പറയുന്നതാവും ശരി .ഒരുനിമിഷം എന്റെ കാലുകൾ ആതിരയുടെ വീടിനുനേർക്ക് ചലിക്കുന്നത് ഞാനറിഞ്ഞു .വല്ലാത്തൊരു ഭ്രാന്തമായ ആവേശത്തോടെ ആ വീടിന്റെ തുരുമ്പുപിടിച്ച ഗെയ്റ്റുതള്ളിതുറന്നുഞാൻ അകത്തുകടന്നു .വർഷങ്ങളായി ആൾതാമസമില്ലാത്ത ആ മുറ്റത്തു ഞാൻ കാലുകുത്തിയതും ...വല്ലാത്ത ശബ്ദത്തോടെ ചിലച്ചുകൊണ്ട് ഒരുകൂട്ടം പക്ഷികൾ ദൂരേക്ക് പറന്നുപോയി .അതുവരെയും ഉണ്ടായിരുന്ന നിലാവെളിച്ചവും പൊടുന്നനെ മങ്ങാൻതുടങ്ങി .എങ്ങുനിന്നോ ചില നായകളുടെ നീട്ടിയുള്ള ഓരിയിടൽ മാത്രം നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഉയർന്നുകേട്ടു .നേരിയതോതിൽ തണുത്തകാറ്റു വീശുന്നുണ്ട് .ചുറ്റുപാടും മുല്ലപ്പൂവിന്റെ ഗന്ധംകൊണ്ട് നിറയുന്നു .ഒരു സുന്ദര സ്വപ്നംപോലെ ആതിര ഒരിക്കൽകൂടി എന്റെ മനസ്സിൽ വന്നു നിറഞ്ഞു .
മതിൽ ചാടിക്കടന്നുകൊണ്ട് ആതിരയുമായി സംഗമിക്കാറുള്ള മുറിയുടെ അരികിലേക്ക് ഞാൻ മെല്ലെ നടന്നു .മുറിയുടെ ജനാലക്കരികിലായി കുറ്റിമുല്ലകൾ പൂവിട്ടുനിൽകുന്നു .ഏതാനും മുല്ലപ്പൂക്കൾ ഞാൻ പറിച്ചെടുത്തു ചുണ്ടോടു ചേർത്തു .പൂക്കൾക്ക് പഴയ ഗന്ധമില്ല .പരിചാരകയുടെ വിയോഗം മുല്ലച്ചെടിയേയും നിരാശയിലാഴ്ത്തിയിട്ടുണ്ടെന്ന് എനിക്കുതോന്നി .
''ഈ കുറ്റിമുല്ലകൾ പൂവിടുമ്പോൾ ഞാൻ ആഗ്രഹിക്കുന്നതൊക്കെ നടക്കും .''ഒരിക്കൽ ആതിര പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഒരിക്കൽകൂടി മാറ്റൊലിക്കൊണ്ടു .
തുടർന്നു ഞാൻ മെല്ലെ വീടിന്റെ കിഴക്കുഭാഗത്തുള്ള കിണറിനരികിലേക്ക് നടന്നു .ആതിര ആത്മഹത്യ ചെയ്തകിണർ ...കിണറിനരികിൽ നിന്നുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഞാൻ മിഴികൾ പായിച്ചു .അതിനുള്ളിലെ കറുത്തിരുണ്ട ജലം വല്ലാതെ ഓളം വെട്ടുന്നത് ഞാൻകണ്ടു .വിശുദ്ധിയുടേയും,നന്മയുടേയും,സ്നേഹത്തിന്റെയുമെല്ലാം പ്രതീകമായ എന്റെപാവം ആതിരയുടെ ആത്‌മാവ് അവസാനമായി സ്നാനം ചെയ്ത ജലം .
ആതിരയുടെ കരിംകൂവളമിഴികളും, തുടുത്തകവിളിണകളും, ചിരിക്കുമ്പോൾ വിടരാറുള്ള നുണക്കുഴികളുമെല്ലാം ഒരിക്കൽകൂടി എന്റെമനസ്സിലേക്ക് ഓടിയെത്തി .അവളുടെ മനസുപിടഞ്ഞുകൊണ്ടുള്ള തേങ്ങലുകൾ എന്റെ കാതിൽ ആ നിമിഷം മാറ്റൊലിക്കൊണ്ടു .
''ആതിരേ ...എന്നോട് ക്ഷമിക്കൂ .നിന്നെ മോഹിപ്പിച്ചിട്ടു കടന്നുകളഞ്ഞ ...ഈ പാപിക്ക് മാപ്പുതരൂ ...!''കിണറിന്റെ ആഴങ്ങളിലേക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് ഞാൻ തിരിച്ചുനടക്കാനൊരുങ്ങി .
പൊടുന്നനെ പിന്നിൽനിന്നും ഒരുകാൽപെരുമാറ്റം .പാദസരങ്ങളുടെ തേങ്ങലുകൾ .മുല്ലപ്പൂവിന്റെ ഗന്ധം മൂക്കിൽ തുളഞ്ഞുകയറുന്നു .അതാ...ആതിര .അവൾ തന്നെ നോക്കി ചിരിക്കുന്നു .അവളുടെ കാർകൂന്തലുകൾ പാറിപ്പറക്കുന്നു . കണ്ണിൽ അഗ്നിയെരിയുന്നു .കവിളിലൂടെ രക്തത്തുള്ളികൾപോലെ കണ്ണുനീർ ഒഴുകിയിറങ്ങുന്നു .അവൾ എന്നെനോക്കി ആർത്തു ചിരിക്കുന്നു .
''നീ പോവുകയാണോ എന്നെ തനിച്ചാക്കി ...എത്ര നാളുകളായി ഞാൻ നിന്റെ ഈ വരവിനായി കാത്തിരിക്കുന്നു .ജീവിതത്തിലോ നമുക്കൊരുമിക്കാൻ കഴിഞ്ഞില്ല .മരിച്ചിട്ട് ആത്മാവായിട്ടാണെങ്കിലും എനിക്ക് നിന്നോടൊപ്പം ചേരണം .എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും ഈ നാട്ടിലേക്ക് വരുമെന്ന് .ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു വർഷങ്ങളായി .നീ കവലയിൽ ബസ്സിറങ്ങിയപ്പോൾ മുതൽ ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു .ഇടക്ക് നീ എന്നെ കണ്ടു ഭയന്നോടിയപ്പോഴും എനിക്കറിയാമായിരുന്നു നീ ഇവിടെത്തന്നെ വന്നെത്തുമെന്ന് .അല്ലെങ്കിലും എന്റെ മായാവലയത്തിൽ നിന്നും രക്ഷപെടാൻ നിനക്കാവില്ലല്ലോ ...?''പറഞ്ഞിട്ടവൾ എന്നെനോക്കി ആർത്തുചിരിച്ചു .
ഞാനാകെ ഭയംകൊണ്ട് വിറച്ചു .എന്തുചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി .ഒരിക്കൽ ആതിര തന്റെ എല്ലാമെല്ലാമായിരുന്നു .പക്ഷേ ,ഇന്നവൾ തന്റെ ആരുമല്ല .അതിലുപരി അവളിന്നൊരു ദുരാത്മാവാണ് .തന്റെ ചതിയിൽപെട്ടുകൊണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്തവൾ .അവൾക്ക് തന്നോട് അടങ്ങാത്ത പകയുണ്ട് .അതുകൊണ്ടുതന്നെ അവൾ എന്ത് ചെയ്യാനും മടിക്കില്ല .ഇവിടേക്ക് കടന്നുവന്നതുതന്നെ അബദ്ധമായി .അതും അവളുടെ മായയായിരുന്നില്ലേ .മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞോടാനൊരുങ്ങി .
പൊടുന്നനെ അവളെന്നെ കടന്നുപിടിച്ചു .''എന്നെ പറ്റിച്ചിട്ടു കടന്നുകളയാമെന്നു വിചാരിച്ചോ നീ ..?വിടില്ല ഞാൻ .'' അവൾ എന്നെ ശക്തമായി വരിഞ്ഞുമുറുക്കി .
ഞാൻ ബലം പ്രയോഗിച്ചുകൊണ്ട് വിടുവിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .അവളുടെ കരങ്ങൾക്ക് അത്രമാത്രം ശക്തിയുണ്ടായിരുന്നു .ചുറ്റും കാറ്റിന്റെ ആരവം .ശരീരത്തിനാകെ ബലം കുറയുന്നപോലെ .അവളുടെ ശരീരത്തിൽനിന്നും ഉയരുന്ന കാലങ്ങൾപഴക്കമുള്ള കാച്ചെണ്ണയുടെ ഗന്ധം എന്റെ മൂക്കിൽ തുളച്ചുകയറുന്നു .അവൾ എന്നെ ആഞ്ഞുപുണരുകയാണ് .അവളുടെ ചുണ്ടുകൾ എന്റെ ശരീരത്തിൽ മുദ്രണങ്ങൾ തീർക്കുന്നു .മുറ്റത്തെപുൽത്തകിടിയിലേക്ക് അവൾ എന്നെയുംകൊണ്ട് കിടന്നു. വല്ലാത്തൊരു മായാലോകത്തെത്തിൽപ്പെട്ട പ്രതീതിയായിരുന്നു എനിക്കപ്പോൾ .അങ്ങനെ എത്രനേരം കടന്നുപോയെന്നറിയില്ല .
ഒടുവിൽ എല്ലാംകഴിഞ്ഞു പിടഞ്ഞെഴുനേൽക്കാനൊരുങ്ങിയ എന്നെയുംകൊണ്ടവൾ ആ കിണറിന്റെ ആഴങ്ങളിലേക്ക് പറന്നിറങ്ങി .എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ ,കഴിഞ്ഞില്ല .ഒന്നുറക്കെകരയാനോ ,ഒന്നു കുതറാനോ കഴിയാത്തവിധം അവളെന്റെ ശരീരത്തെ തളർത്തിക്കളഞ്ഞിരുന്നു .
മൂന്നുവര്ഷങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തുന്ന എന്നെക്കാണാനായി കാത്തിരിക്കുന്ന മാതാപിതാക്കളുടേയും ,സഹോദരിമാരുടെയും മുഖങ്ങൾ മനസ്സിലോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി .പക്ഷേ ,എന്തുചെയ്യാം ...ചതിയുടെ പ്രതിഭലം ...ശിക്ഷ ...അത് മരണമാണല്ലോ ...!