'ഹജ്ജ് 'ചടങ്ങുകളുടെ പ്രാരംഭം. പ്രാർത്ഥനകൊണ്ട് മനസ്സും, ശരീരവും ഒരുക്കി തീർഥാടകര് മിനായിലെ കൂടാരത്തിൽ രാപ്പാർക്കും. കദീസുമ്മ പെട്ടെന്ന് അധികം വാർത്തകളിലേക്ക് കടക്കാതെ പെട്ടെന്ന് ടെലിവിഷൻ ഓഫ് ചെയ്തു, പിന്നെ മനസ്സിൽ 'ലബ്ബായ്ക്കല്ലാഹുമ്മ ലബൈയ്ക്ക്' എന്ന പ്രാർത്ഥന നിറവിൽ ഒരല്പം കണ്ണുകൾ അടച്ചു, സ്വീകരണ മുറിയിലെ സോഫയിൽ കുത്തിരുന്നു.
തൂവെള്ള ബ്ലൗസും, വെള്ള തട്ടവും, പൂവിന്റെ കുത്ത്കുത്തായുള്ള മുണ്ടും, കാത് നിറയെ ചിറ്റും, വലിയ ജിമിക്കി കമ്മലും, അണിഞ്ഞ കദീസുമ്മക്ക് ഇപ്പോഴും സൗന്ദര്യത്തിനും, പ്രൗഡിക്കും, പത്രാസിനും, ഒരു കുറവൊന്നുമില്ല എങ്കിലും, എഴുപത്തഞ്ച് വയസ്സുള്ള കദീസുമ്മക്ക് അൻപതിലേക്കും. അറുപതിലേക്കും ഒന്ന് മടങ്ങേണ്ടിയിരുന്നു. അവിടെ ലീലാമ്മയുംകുടുംബവും, ശോശാമ്മയും കുടുംബവും എത്തി നിന്നു. പെരുന്നാളിന്റെ തലേന്ന് അടുക്കളയിൽ വന്ന്, ഇറച്ചി കഴുകുകയും, ഉള്ളി മുറിക്കുകയും, നെയ്യപ്പത്തിലേക്കുള്ള മാവ് കൂട്ടുകയുമൊക്കെ ചെയ്യാൻ അവരായിരിക്കും മുന്നിൽ. അതിലൊക്കെ ഉപരിയായി, തമാശകളും, കളിയും, ചിരിയുമൊക്കെയായി ആകെ ബഹളം ആയിരിക്കും. വീട് നിറയെ കുട്ടികൾ, അയൽവക്കത്തെ വീട്ടിലേക്ക് ഒക്കെ എത്തിക്കാനായി അച്ചപ്പവും, കുഴലപ്പവുമൊക്കെ ഉണ്ടാക്കുക ശോശാമ്മയാണ്. അതിന്റെ ഒരു ടേസ്റ്റ് ഇന്നും നാവിൻ തുമ്പത്തു വന്ന് നിൽക്കുന്നു.
ഓർമകളെ ബന്ധിപ്പിച്ഛ് കൊണ്ട് കദീസു മ്മയുടെ മരുമകൾ സീന ചൂലുമായി അങ്ങോട്ട് വന്നു.
"മോളെ...."നാളെ ബല്യരുന്നാൽ അല്ലെ. കുറച്ചു നെയ്യപ്പം ഉണ്ടാക്കിയാലോ."
"വേണ്ടാ, കുട്ടികൾ ഒന്നും തിന്നൂലുമ്മാ, പിന്നെ വെറുതെ എന്തിനാ. "സീന അല്പം നീരസത്തോടെ പറഞ്ഞു.
"വരുന്നോർക്ക് കൊടുക്കാലോ!പിന്നെ അയലത്തോർക്ക് എന്തെങ്കിലും കൊടുക്കേണ്ടേ."
"ഇപ്പോ ആരും അങ്ങോട്ടും, ഇങ്ങോട്ടും കൊടുക്കൽ വാങ്ങലും ഒന്നും ഇല്ല, കുട്ടിയോൾടെ ഫ്രെണ്ട്സ് ഒക്കെ വരുന്നുണ്ട്, അവർക്ക് തന്നെ വെച്ച് വിളമ്പാൻ വയ്യ." അവൾ അതും പറഞ്ഞു അടിച്ചു വാരി അവിടം വിട്ട് പോയി.
സത്യത്തിൽ കദീസുമ്മക്ക് നെയ്യപ്പം തിന്നാൻ കുറച്ചു പൂതി ഒക്കെ ഉണ്ടായിരുന്നു. പറയാനൊരു മടി. കഴിഞ്ഞ ചെറിയ പെരുന്നാളിന് ഒരു സംഭവം കദീസുമ്മാ ഓർത്തെടുത്തു. പഴയ വീടിന്, മതിലും, ഗേറ്റുമൊന്നുമില്ലായിരുന്നു, ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം. എന്നാൽ പുതിയ വീട് കൊട്ടാരം പോലെ ഉള്ളതായിരുന്നു. ഗേറ്റിന്റെ പുറത്ത് ഒരാളുപോലും നിന്നാൽ കാണൂലാ, പെരുന്നാളിന്റെ തലേന്ന് രാത്രി ഗേറ്റ് ഒച്ചപ്പെടുത്തുന്ന സൗണ്ട് കേട്ടാണ് മോൻ, ഷുക്കൂർ ഗേറ്റിന്റെ അടുത്ത് എത്തിയത്. ശോശാമ്മയായിരുന്നു അത്.
"ശോശാമ്മച്ചി വരൂ,"ഷുക്കൂർ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് വന്ന അവര് ചുറ്റും, പേടിയോടെ നോക്കി കദീസുമ്മയുടെ അടുത്തെത്തി. അവരുടെ കയ്യിലെ കുടയിൽ നിന്ന് അവര് ചൂടുള്ള മൂന്നു നെയ്യപ്പം പുറത്തെടുത്തു." അനക്ക് വല്യ ഇഷ്‌ടമല്ലേ....ഞാൻ വൈകുന്നേരം ചുട്ടെടുത്തതാ,അനക്ക് തരാനായിട്ട്. ആരും കാണണ്ടാ തിന്നോ." കദീസുമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി ഇറങ്ങി.സന്തോഷം കൊണ്ട് അവര് കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു.
"ലീലാമ്മയുടെ വിശേഷം എന്താ...."
വിശേഷം,എല്ലാവരുടെയും ഒക്കെ കണക്കാ.ആരെയും പറഞ്ഞിട്ട് കാര്യല്ല,
"ഇപ്പോഴത്തെ ജീവിത രീതിയൊക്കെ ഇങ്ങിനെയല്ലേ, കാലത്തിനനുസരിച്ചു കോലം കെട്ടിയല്ലെ മതിയാകൂ."കദീസുമ്മ പറഞ്ഞു.
"എന്നാലും ഈ കൊട്ടാരം പോലത്തെ വീട്ടിലൊക്കെ നിന്നിട്ട് ശ്വാസംമുട്ടാ... ഒന്ന് നീട്ടി തുപ്പാൻ പോലും സ്ഥലമില്ല.,," "നമുക്ക് ഒരു ദിവസമെങ്കിലും, പഴയത് പോലെ കഴിയണം, എന്ത് രസമായിരുന്നു അന്നൊക്കെ.
ഓണത്തിന് നമുക്കെല്ലാവർക്കും ലീലാമ്മയുടെ വീട്ടിലേക്ക് തലേന്ന് തന്നെ പോയി കൂടണം, അവൾ അതിനുള്ള ഒരുക്കത്തിലാണ്. ഷുക്കൂറിനോട് ഞാൻ പറഞ്ഞു സമ്മതിച്ചോളാം."ശോശാമ്മ പറഞ്ഞു.
"ആ പോവാം, ഒരു ദിവസമെങ്കിലും പഴേ പോലെ"കദീസുമ്മയുടെ കണ്ഠമിടറി.
ആ ഓർമകളോടെ കദീസുമ്മ വരാന്തയിൽ പോയിരുന്നു ഇടക്കിടെ പുറത്തേക്ക്നോക്കി. നെയ്യപ്പം മോഹിച്ചിട്ട് അല്ല, നല്ല നാളായിട്ട് കൂട്ടുകാരിയെ ഒന്ന് കാണാൻ വേണ്ടിട്ട്.
പെരുന്നാളിന്റെ അന്ന് പെരുന്നാൾ നിസ്കാരത്തിനു മുമ്പ് ഷുക്കൂറിനോട് ഉമ്മ അഞ്ഞൂറ് രൂപ ചോദിച്ചു.
"എന്തിനുമ്മാ.... ഉമ്മാക്ക് ഇപ്പൊ പൈസ "
"അത് മോനെ,ഇനിക്ക് കുട്ടോൾക്കൊക്കെ കൊടുക്കണം." അവർക്കുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്, പിന്നെ എന്തിനാപ്പൊ എന്ന് പറഞ്ഞെങ്കിലും, ചെറിയ ഒരു നീരസത്തോടെ, പൈസ ഒന്നും ഇല്ലാ എന്ന് പറഞ്ഞെങ്കിലും, അഞ്ഞൂറ് രൂപ ഉമ്മാക്ക് എടുത്തു കൊടുത്തു.
കുളിയും, നിസ്കാരമൊക്കെ കഴിഞ്ഞു ഉമ്മ സ്വീകരണ മുറിയിൽ എത്തി. ഒപ്പനയും, മാപ്പിള പാട്ടുമൊക്കെ ഉണ്ടാകുമെന്ന് നീരിച്ചു ടി വി ഓൺ ചെയ്തു. അപ്പോളതാ, എവിടുന്നാന്ന് അറിയൂല ഇരുപതു വയസ്സ്കാരൻ അഫ്സലു, തുടങ്ങി അഞ്ചു വയസ്സുകാരൻ അമലു വരെ ടി വി ക്ക് മുന്നിൽ എത്തി,റിമോട്ട് കൈക്കലാക്കി. ആയിഷുമ്മക്ക് എന്തൊക്കെയോ പൊറുതിക്കേട്, അവര് അടുക്കളയിലേക്ക് പോയി. മരുമോൾ അടുക്കളയിൽ കിടന്ന് ചക്രശ്വാസം വലിക്കുകയാണ്.
"മോളെ.... ഞാൻ എന്തെങ്കിലും ചെയ്യണോ."
"വേണ്ടുമ്മാ...കഴിഞ്ഞു, ഇനിപ്പം പാത്രം കഴുകി വെക്കാൻ കൂടി ഉള്ളൂ. ഉമ്മ അകത്തു പോയി ഇരിക്ക്. ചോറ് വിളമ്പുമ്പം വിളിക്കാം,"ഉമ്മ വീണ്ടും അടുക്കളയിൽനിന്ന് സ്വീകരണ മുറിയിൽ എത്തി.
കദീസുമ്മയെ എല്ലാരും നല്ലോണം നോക്കുന്നുണ്ട്, ന്നാലും എന്തോ ഒരു ഒറ്റപ്പെടൽ.പിന്നെ അവര് വെറുതെ വരാന്തയിൽ പോയിരുന്നു പുറത്തേക്ക് നോക്കി നിന്നു. അകത്തേക്ക് നോക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ. കുറച്ചു നേരം നിന്നപ്പോളേക്കും അടുക്കളയിൽ നിന്ന് ചോറ് വിളമ്പി എന്ന് പറഞ്ഞു വിളി വന്നിരുന്നു.