(Sathy P)
ഒരുപാടു പഴക്കമുണ്ട് ഓർമ്മകളുറങ്ങുന്ന താളുകൾക്ക്. അവയിൽ ചിലത് വാലൻപാറ്റകൾക്കു ഭക്ഷണമായിരിക്കുന്നു... എങ്കിലും ചിതലരിക്കാത്ത ചിലതു ബാക്കിയുണ്ട്.
ഓർമ്മത്താളുകൾ മറിക്കുമ്പോൾ മയിൽപ്പീലിത്തുണ്ടുകൾ തന്നെ കിട്ടണമെന്നു വാശി പിടിക്കാനാകില്ലല്ലോ. ഒരു നാലാം ക്ലാസ്സുകാരന്റെ കണ്ണുനീർ വീണുണങ്ങിയ ഒരു മഷിത്തണ്ടിന്റെയിലയാണ് എനിക്കിന്നു കൈയിൽത്തടഞ്ഞത്.
നിറയെ മദ്രാസീന്തകൾ തണൽ വിരിച്ചതായിരുന്നു ഞങ്ങളുടെ സ്കൂൾ മുറ്റം. ഇടവേളകളിൽ, മധുരവും പുളിയുമിടകലർന്ന രുചിയുള്ള അതിന്റെ പഴങ്ങൾ പെറുക്കാൻ ഞങ്ങൾ മത്സരിച്ചോടാറുണ്ട്.
'കള്ളി- പെൻസിൽ' എന്ന ഗാനം ഇടനാഴികളിൽ ഈണത്തിൽ കേൾക്കാമായിരുന്നു. കൈയിൽ മുള്ളു കൊള്ളാതെ കള്ളിച്ചെടി പറിച്ചു, മുള്ളു നീക്കി ചെറിയ കഷ്ണങ്ങളാക്കി പെൻസിലിനു പകരം നൽകുന്ന, കൗതുകമുള്ളൊരു വ്യാപാരം അക്കാലത്തു ഞങ്ങളുടെ എൽപി സ്കൂളിലുണ്ടായിരുന്നു. അതിന്റെ പരസ്യഗാനമാണു നേരത്തെ കേട്ടത്. നാലാം ക്ലാസ്സിലെ മുതിർന്ന കുട്ടികളാണു കച്ചവടക്കാർ. സ്‌ളേറ്റ് നല്ല ഭംഗിയായി വൃത്തിയാക്കാനാണ് ഈ കള്ളി. ഇന്നിപ്പോൾ കുട്ടികൾക്കു സ്‌ളേറ്റ് എന്താണെന്നറിയുമോ ആവോ... അന്നൊക്കെ മൂന്നാം ക്ലാസ്സിലായാലേ പേന കൊണ്ടെഴുതാനാവു.
പെൺകുട്ടികൾക്കിടയിൽ, ചെമ്പകപ്പൂ, റോസാപ്പൂ, പുളിങ്കുരു, നെല്ലിക്ക തുടങ്ങിയവയൊക്കെയാണ് പ്രചാരം. അതിനു പരസ്യഗാനമില്ല. എല്ലാം പരമ രഹസ്യമാണ്. പിന്നിലൊളിപ്പിച്ച കൈകൾ ആരും കാണാതെ പിന്നിലൂടെ തന്നെ കൈമാറുന്നവയാണവ.
വെയിലിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചിരുന്നത് സ്കൂൾ മുറ്റത്തു തണൽ വിരിച്ചു നിന്നിരുന്ന പ്ലാവും മാവുമൊക്കെയായിരുന്നു.
മഞ്ചാടിമണികൾ പൊഴിയുന്ന കളിസ്ഥലവും അതിനതിരു തീർക്കുന്ന കുന്നിക്കുരു പടർന്നു കിടക്കുന്ന വേലിയും ഓർമ്മയിലിന്നും പച്ചപ്പാർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അടുത്ത സുഹൃത്തായിരുന്നു ഉണ്ണികൃഷ്ണൻ. പെൺകുട്ടികളുടെ ഭാഗത്തു മുന്നിലെ ബെഞ്ചിൽ ഒന്നാമത് ഞാനും ആൺകുട്ടികളുടെ ഭാഗത്ത് ഒന്നാമത് അവനുമായിരുന്നു.
അടുത്തടുത്തു കൈയകലത്തിരിക്കുന്ന ഞങ്ങൾ പലപ്പോഴും ഹോംവർക്ക് ചെയ്യുന്നതും ഊണു കഴിക്കുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. അവന്റെ വീട്ടിൽ കാളവണ്ടിയുണ്ട്. നല്ല ഒത്ത രണ്ടു കാളകളാണ് അവന്റെ അച്ഛനുള്ളത്. അവയ്ക്കു വേണ്ടി ഉണ്ടാക്കുന്ന പുഴുങ്ങിയ മുതിരയിൽ ഉപ്പുമിട്ടു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയുമിട്ടതാണ് മിക്കവാറും അവന്റെ കറി. എന്റെ ചോറ്റു പത്രത്തിലെ ഉപ്പുമാങ്ങയും ഉപ്പിലിട്ട നെല്ലിക്കയുമൊക്കെ അവനു ഞാൻ കൊടുക്കാറുണ്ട്. പകരം അവന്റെ മുതിര സ്വാദു നോക്കാൻ വാങ്ങും.
ഞങ്ങളുടെ കണക്കദ്ധ്യാപകനായ ഗോപാലൻ മാഷു വിളമ്പുന്ന, ചോളപ്പൊടികൊണ്ടുണ്ടാക്കിയ മഞ്ഞ നിറത്തിലുള്ള ഉപ്പുമാവു ചില ദിവസങ്ങളിൽ ഞങ്ങൾ ചോറ്റുപാത്രത്തിന്റെ അടപ്പിൽ വാങ്ങി പങ്കിട്ടു കഴിക്കാറുണ്ട്. അന്നൊക്കെ കഞ്ഞിക്കും പയറിനും പകരം ഉപ്പുമാവായിരുന്നു സ്കൂളിൽ കൊടുത്തിരുന്നത്. ഗോതമ്പും ചോളപ്പൊടിയും ഉപയോഗിച്ച് പാമോയിൽ ചേർത്തുണ്ടാക്കുന്ന വിഭവം. അമേരിക്കക്കാരുടെ സൗജന്യമായിരുന്നത്രെ!
ഊണു കഴിഞ്ഞുള്ള ഉച്ചനേരങ്ങളിൽ പെൺകുട്ടികളുടെ കളികളായ കല്ലുകളിയും വട്ടുകളിയുമൊക്കെ ഞാൻ കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ അവൻ ഗ്രൗണ്ടിലുള്ള വലിയ പ്ലാവിന്റെ ഉയർന്നു നിൽക്കുന്ന വേരുകൾക്കിടയിലിരുന്നു മണലിൽ ചിത്രങ്ങൾ വരക്കുന്നുണ്ടാവും... പറക്കുന്ന കുതിരപ്പുറത്തെ രാജകുമാരനും രാജകുമാരിയും, അലാവുദീന്റെ അത്ഭുതവിളക്കും ഗുരുവായൂർ കേശവനും, ഉണ്ണിക്കണ്ണനുമൊക്കെ അവന്റെ വിരലിലൂടെ മണലിൽ വാർന്നിറങ്ങും.
സ്കൂളിനു മുന്നിലൂടെ ചിലപ്പോഴൊക്കെ നടന്നു പോകാറുള്ള പ്രാകൃത രൂപീയായ 'കണ്ടൻകുട്ടി'യെ എല്ലാവർക്കും പേടിയാണ്, ഭ്രാന്താണത്രെ!
അയാൾ കൊന്തക്കുളത്തിൽ നിന്നു തവളയെപ്പിടിച്ചു പച്ചക്കു തിന്നുമെന്നൊക്കെയാണ് കുട്ടികൾക്കിടയിൽ സംസാരം. അയാൾക്കു തങ്ങളെക്കാണുമ്പോൾ വെറുമൊരു തവളയായി തോന്നിയാലോ എന്നു ഭയന്നോ എന്തോ അയാളെക്കാണുമ്പോൾ സ്ഥലത്തെ പ്രധാന വില്ലന്മാർ വരെ ഒളിക്കുന്നതു കാണാം. പക്ഷെ ഉണ്ണികൃഷ്ണനെക്കണ്ടാൽ അയാൾ ചിരിക്കും. ഉണ്ണികൃഷ്ണൻ അവന്റെ അച്ഛന്റെ ചായക്കടയിൽ വരുന്ന അയാൾക്കു പുട്ടും വെള്ളേപ്പവുമൊക്കെ വയറു നിറച്ചു കൊടുക്കുമത്രേ. ആഴ്ചയിലൊരിക്കൽ അവന്റെയച്ഛൻ അയാൾക്ക് എണ്ണയും സോപ്പും കൊടുത്ത് അതെ കൊന്തക്കുളത്തിൽ കുളിപ്പിച്ചെടുക്കും.
വല്ലപ്പോഴും വെള്ളാമ്പലുകൾ മിഴിതുറക്കുന്ന നിറയെ കുളവാഴയും ചണ്ടിയും മൂടിക്കിടക്കുന്ന ഈ കൊന്തക്കുളത്തിനുമുണ്ടൊരു കഥ പറയാൻ. സ്കൂളിനു മുന്നിലൂടെ പോകുന്ന ടാറിട്ട റോഡ്, സ്കൂളിൽ നിന്നും ഒരു നൂറു മീറ്റർ കിഴക്കോട്ടു പോയാൽ പിന്നെ ഒരിറക്കമാണ്. രണ്ടു വശവും പാടം. റോഡിനു തെക്കുവശത്തു പാടത്തിനു പടിഞ്ഞാറായിട്ടാണു കൊന്തക്കുളം. വയലിനും കുളത്തിനുമിടക്കു നല്ലൊരു കൈത്തോടുമുണ്ട്. ഉച്ചയൂണു കഴിഞ്ഞു പാത്രം കഴുകാൻ ഞങ്ങളൊക്കെ ആ തോട്ടിലും കുളത്തിലുമൊക്കെ പോകാറുണ്ട്. കണ്ണീരു പോലെയാണ് ആ തോട്ടിലെ വെള്ളം.
ഇടവപ്പാതി പെയ്തിറങ്ങുന്ന സമയത്തു പാടവും കുളവും തോടുമൊക്കെ ഒന്നാകും. അങ്ങനെ പാടവും കുളവും തോടും നിറഞ്ഞ് ഒന്നായ സമയത്ത് ഒരിക്കലവിടെ ആനയെ കുളിപ്പിക്കാൻ പോയ ഒരു പാപ്പാൻ ആ കുളത്തിൽ മുങ്ങിത്താഴ്ന്നിട്ടുണ്ടെന്നാണ് സമീപവാസികളായ കുട്ടികൾ പറഞ്ഞു പരന്ന കഥകളിലൂടെ ഞങ്ങൾ അറിഞ്ഞിട്ടുള്ളത്. പാപ്പാന്റെ ഉറ്റമിത്രമായ ആന അവിടെ കയറ്റത്തുള്ള പറമ്പിലെ പ്ലാവിൻചോട്ടിൽ കിടന്നു പാപ്പാനെയോർത്തോർത്തു ജലപാനം കഴിക്കാതെ ചരിഞ്ഞെന്നതു പിൻ ചരിത്രം.
മകരച്ചൊവ്വയ്ക്കും*ഇരുപത്തെട്ടുച്ചാലിനുമൊക്കെ ആന ആ മരച്ചുവട്ടിൽ ചിന്നം വിളിച്ചു നിൽക്കുന്നതായി കണ്ടിട്ടുണ്ടെന്നും ആനയും പാപ്പാനും ചേർന്നു കൊന്തക്കുളത്തിൽ വരുന്നവരെ വെള്ളത്തിൽ വലിച്ചു താഴ്ത്തുമെന്നും അങ്ങനെ പലരും മുങ്ങിമരിച്ചിട്ടു മൂന്നാം ദിവസം പൊന്തി വന്നിട്ടുണ്ടെന്നും മറ്റും കുളത്തിന്റെ തൊട്ടടുത്തു താമസിക്കുന്ന ലീനയാണ് പറഞ്ഞത്.
അങ്ങനെ ഞങ്ങൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. സ്കൂളടക്കാറായി. മീനസൂര്യൻ ഉച്ചത്തിലങ്ങനെ ഉദിച്ചു നിൽക്കുന്നൊരു വെള്ളിയാഴ്ച. ക്ലാസ് ടീച്ചറായ സിസിലി ടീച്ചർ കയറിവന്നതു തലവേദനയുമായിട്ടായിരുന്നു. ഹാജർ വിളിച്ചശേഷം കുറച്ചുസമയം ഞങ്ങളോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ടു ടീച്ചർ ഡെസ്കിൽ തലവെച്ചു കിടന്നു.
അല്പം കഴിഞ്ഞു ഉണ്ണികൃഷ്ണനെ അടുത്തു വിളിച്ചു. അവനോട് ഒരു ചായ വാങ്ങി വരാൻ പറഞ്ഞു. സ്കൂളിന്റെ തൊട്ടടുത്ത ചായക്കട അവന്റെ അച്ഛന്റേതാണല്ലോ. ഉണ്ണികൃഷ്ണൻ സന്തോഷത്തോടെ ചായ വാങ്ങാനായി പുറത്തേക്കു പോയി. അല്പസമയത്തിനുള്ളിൽ അവൻ ചായയുമായി തിരിച്ചുവന്നു.
ക്ലാസ്സിലേക്കു കയറുമ്പോഴാണ് അവനതു കണ്ടത്. കയ്യിലിരിക്കുന്ന ചായഗ്ലാസ്സിൽ ഒരു കറുത്ത ഉറുമ്പ് കിടന്നു നീന്തിത്തുടിക്കുന്നു. പെട്ടെന്ന് അവൻ ഉറുമ്പിനെ ചൂണ്ടു വിരലുപയോഗിച്ചു സമർത്ഥമായി പുറത്തേക്കെടുത്തു. ശേഷം വിജയിയുടെ ചിരിയോടെ ചായ ടീച്ചറുടെ മുന്നിൽ വെച്ചു.
ഇതുകണ്ട് ടീച്ചറുടെ ഭാവം മാറി, ടീച്ചർ രോഷാകുലയായി.
"നീയെന്തിനു ചായയിൽ കയ്യിട്ടു. നീ കൈയിട്ടിളക്കിയ ചായയാണോ ഞാൻ കുടിക്കേണ്ടത്? നീ തന്നെ കുടിക്ക്."
അതുകേട്ട അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇത്രയും പേരുടെ മുന്നിൽ വച്ചു താൻ അപമാനിക്കപ്പെട്ടതു പോലെ അവനു തോന്നിക്കാണും. ഉറുമ്പു വീണ ചായ, ടീച്ചറെങ്ങനെ കുടിക്കും എന്നു കരുതിയാണ് അവൻ കയ്യിട്ട് ഉറുമ്പിനെ പുറത്തെടുത്തു കളഞ്ഞത്. അത് ഇത്ര വലിയ മഹാപരാധമാകുമെന്ന് അവന്റെ കുഞ്ഞുമനസ്സിൽ ഒരിക്കലും കരുതിയില്ല. വിക്കി വിക്കി അവനതു പറയാൻ ശ്രമിച്ചെങ്കിലും ടീച്ചറുടെ ദേഷ്യം അടങ്ങിയില്ല. ടീച്ചർ പിന്നെയും പറഞ്ഞു:
"കുടിക്കെടാ, ഇപ്പോൾ ഇവിടെ നിന്നു നീ തന്നെ കുടിക്ക്."
പ്രേതം ബാധിച്ചതുപോലെയായിരുന്നു ടീച്ചറുടെ പെരുമാറ്റം. നന്നായി പഠിക്കുന്ന ഞാനും ഉണ്ണികൃഷ്ണനുമൊക്കെ ടീച്ചറുടെ കണ്ണിലുണ്ണികളാണ്. ആ ഉണ്ണികൃഷ്ണനോടാണ് ടീച്ചറിങ്ങനെ... എനിക്കും കരച്ചിൽ വന്നു.
നല്ല വെയിലിൽ പുറത്തു പോയിവന്ന അവന്റെ നെറ്റിയിലെ വിയർപ്പുമുത്തുകൾക്കൊപ്പം കണ്ണിൽനിന്നും നീർമുത്തുകൾ ഉരുണ്ടു വീണു. ആ ചായ മുഴുവൻ അവനവിടെ നിന്നു കുടിച്ചു. പിന്നെ പുറംകൈയാൽ മുഖമമർത്തിത്തുടച്ചു ഗ്ലാസ്സും, ടീച്ചർ നൽകിയ പൈസയുമായികുനിഞ്ഞ ശിരസ്സോടെ പുറത്തേക്ക് പോയി.
അവൻ്റെ വിതുമ്പുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും എന്നെ വല്ലാതെ നോവിച്ചു. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചു. ഉച്ചക്കു ക്ലാസ്സിൽ വന്നു പുസ്തകമെടുത്തു പോയ അവന്റെ പിന്നാലെ ഞാൻ ഓടിച്ചെന്നെങ്കിലും അവനൊന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല. സങ്കടത്തോടെ ഞാൻ തിരിയെപ്പോന്നു. പിന്നെയന്നവൻ തിരിച്ചു വന്നില്ല.
പിറ്റേ ആഴ്ച മുതൽ വർഷാവസാന പരീക്ഷ തുടങ്ങി. പരീക്ഷക്കു ഞങ്ങൾ വേറെ വേറെ ക്ലാസ്സിലായിരുന്നു. പരീക്ഷയ്ക്കിടയിലൊന്നും അവനെപ്പിന്നെ ഞാൻ കണ്ടതേയില്ല. അവന്റെ കരയുന്ന മുഖം ഇടയ്ക്കിടെ എനിക്കോർമ്മ വരുമായിരുന്നു.
പിന്നീടൊരിക്കലും ഞാനവനെ കണ്ടിട്ടില്ല. വനിതാ കോളേജുകളിൽ മാത്രം പഠിച്ച ഞാൻ അവൻ കോളേജിൽ പഠിച്ചെങ്കിൽ കൂടി അവനെ കാണാനിടയില്ല. പിന്നെ, ജീവിതം നാട്ടിൽ നിന്നകറ്റിയപ്പോഴും പഴയതു പലതും വെറും ഓർമ്മകൾ മാത്രമായി. ഇനിയിപ്പോൾ അവനെ കണ്ടാലും ഞാൻ അറിയണമെന്നുമില്ല. എത്രയോ ഉണ്ണികൃഷ്ണന്മാർ കയറിയിറങ്ങിപ്പോയ വഴികളിൽ പത്തുവയസ്സിലെ ആ മുഖം ഇപ്പോൾ എങ്ങനെ തിരിച്ചറിയാൻ?
കള്ളി കൊണ്ടു മാത്രം സ്ളേറ്റു മായ്ച്ചിരുന്ന എനിക്ക് മഷിത്തണ്ടാണ് അതിലും നല്ലതെന്നു പറഞ്ഞു ദിവസവും മഷിത്തണ്ടു വേരോടെ പറിച്ചു കൊണ്ടുവന്നു തന്നിരുന്ന പ്രിയപ്പെട്ട കൂട്ടുകാരാ, ആ മഷിത്തണ്ടിലെ നീരു മുഴുവൻ വറ്റും വരെ തുടച്ചിട്ടും ഇന്നെന്റെ സ്ളേറ്റിലെന്തേ നിന്റെ മുഖം മാത്രം തെളിയാത്തത്!