മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Madhavan K)

ആ വാതിലിനപ്പുറം മോർച്ചറി മുറിയിൽ, ഒരു കൗമാരക്കാരി മരിച്ചു മരവിച്ചു കിടപ്പുണ്ട്. 'സ്നേഹ'യെന്നാണു പേര്.

അവളെ ഞങ്ങൾക്കറിയാം. രാത്രികളിൽ, ഞങ്ങളുടെ കൂടെയായിരുന്നു അവളുടെ ഉറക്കം. നിശകളിൽ അവൾക്കു സുരക്ഷ ഒരുക്കിയിരുന്നതു ഞങ്ങളാണ്. പതിവില്ലാത്ത കരച്ചിൽ കേട്ട് എന്തോ സംശയം തോന്നി ഇന്നലെ രാത്രിയിൽ ഞങ്ങളെഴുന്നേറ്റു. പക്ഷെ...

അവൾക്കു ഭീഷണിയുണ്ടാകാറുണ്ട്, ഇല്ലെന്നല്ല. എന്നാൽ, അതവളുടെ മുത്തച്ഛൻ്റെ പ്രായവും പക്വതയുമുള്ള ഒരാളിൽ നിന്നായിരുന്നു. മാനസിക വൈകല്യം അഭിനയിച്ച് ഞങ്ങൾക്കിടയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അയാൾ. ഏതോ ഒരപരിചിതൻ.

രാത്രികളിൽ അവളെ സ്വന്തമാക്കാൻ അയാൾ പലവുരു ശ്രമിച്ചതാണ്. ഞങ്ങളയാളെ ചെറുത്തതാണ്. എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത അയാളെ അവസാനം കഴുത്തു കടിച്ചു പറിച്ചോ വലിച്ചു കുടഞ്ഞോ അയാളുടെ സുനാമി ഞെരിച്ചുടച്ചോ തീ കൊളുത്തിയോ പോലും കൊല്ലാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി രാത്രികളിൽ ഊഴമിട്ട് ഉറക്കൊളിച്ച് കാവലിരുന്നു. എന്നാൽ, അപകടം മണത്തറിഞ്ഞ് ജീവഭയമുള്ള അയാൾ ബുദ്ധിപൂർവ്വം തെരുവുവിട്ടു, പിന്നെ നാടും.

അയാളല്ല ഇതു ചെയ്തത്. അതു ഞങ്ങൾക്കുറപ്പുണ്ട്. ഞങ്ങൾ കണ്ടതാണ് രാത്രികളിൽ മാത്രം മാനസിക വൈകല്യം പുറത്തെടുക്കുന്ന ഒരു കൂട്ടം നഗരപുത്രന്മാരെ. അവരുടെ കിരാതമായ കേളികളെ. പകലുകളിൽ അവരുടെ പിതാക്കന്മാരും രാത്രികളിൽ അവരുമാണ് നഗരത്തെ ഭരിച്ചിരുന്നത്. സർവ്വ ശക്തരായിരുന്നു അവർ. അന്യായങ്ങളെ ന്യായങ്ങളാക്കാൻ കെൽപ്പുള്ളവർ. അവർക്കാർക്കും അവളുടെ സഹോദരനോ പിതാവോ ആകാൻ കഴിയുമായിരുന്നില്ല എന്നു ഞങ്ങൾക്കറിയാം. ആരോരുമില്ലാതെ ഒറ്റപ്പെട്ട ഏതോ ഒരു വഴിപോക്ക പെൺകുട്ടി. അതായിരുന്നു അവർക്കവൾ.

നാൾക്കുനാൾ വർദ്ധിച്ചു വരുന്ന അവളുടെ മേനിയഴകും രൂപവും അവരിൽ ചിലരുടെ ഉറക്കം കെടുത്തി. അതാകാം, പകലുകളിൽ ദൂരെ മാറി നിന്ന് അവരവളെ കണ്ടിട്ടും കാണാത്തതു പോലെ വീക്ഷിച്ചത്. പശിയകറ്റാൻ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ പതിവില്ലാത്ത സ്നേഹത്തോടെ അവളും നോക്കിയിരിക്കാം.

അവളുടെ മരണ വൃത്താന്തമറിഞ്ഞ്, ആദ്യം മോർച്ചറിയിലെത്തിയത് മധ്യവയസ്കയായ അമ്മയാണ്. കരുണയെന്നോ മറ്റോ ആയിരുന്നു അവരുടെ പേര്. മുമ്പ് ഞാനവരെ കണ്ടിട്ടില്ല. കണ്ടപ്പോൾ, ദാരിദ്ര്യത്തിൻ്റെ പ്രതിരൂപം പോലെ. 

മകളുടെ മേനിയഴക് അവരിലേക്കെത്തിയില്ല. ശരീരം മൊത്തത്തിൽ കറുത്തും കുറുകിയും കണ്ണുകൾ കുഴിഞ്ഞും ഇരുന്നു. അംഗങ്ങൾക്കു പഴയ ലാവണ്യമില്ലാതെയും കവിളുകൾ ഒട്ടിയും മുൻവശം പല്ലുകൾ കൊന്ത്രച്ചും കാണപ്പെട്ടു.

മകൾ മോർച്ചറികത്തുണ്ടെന്ന് ഞങ്ങളിൽ നിന്നറിഞ്ഞ അവർ വലിയ വായിൽ നിലവിളിക്കാനും ഇടവേളകളിൽ ദൈവത്തോടു പരിഭവിക്കാനും തുടങ്ങി. പന്നെ, ആരോടെന്നില്ലാതെ ഉറക്കെ ആക്രോശിച്ചു. ദൗർഭാഗ്യവശാൻ ആ രംഗങ്ങൾ കാണാൻ ഒട്ടും ഭംഗിയില്ലായിരുന്നു. അവർക്ക് വേണ്ടത്ര ശബ്ദ സൗകുമാര്യവും ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ അവരെ കണ്ടെത്തിപ്പിടിക്കാനും അവരുടെ അടുത്തേക്കു ചെന്ന് ആശ്വാസവചനങ്ങൾ പറഞ്ഞു സമാധാനിപ്പിക്കാനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായി ചാനലുകളാരും ആ വഴിയെത്തിയില്ല. കൊലപാതകികളായ കൗമാരക്കാരിൽ ഒരാൾ സമൂഹത്തിലെ ഉന്നതി അലങ്കരിക്കുന്ന ഒരു മാന്യൻ്റെ മകനാണെന്ന വിവരം അവരും മറ്റു മാധ്യമങ്ങളും മുൻകൂട്ടി അറിഞ്ഞിരുന്നു.

എങ്കിലും കണ്ടും കേട്ടും മോർച്ചറിക്കു മുമ്പിൽ ചിലരൊക്കെ എത്തി. അവർ കൂട്ടം കൂടി നിന്ന് കുശുകുശുത്തു. അവർക്ക് അവൾ അപരിചിതയായതിനാൽ വന്നവർ വന്നതു പോലെ തിരിച്ചു പോയി. തെരുവു നായ്ക്കളും ഞാനും ആ അമ്മയും ബാക്കിയായി.

അവൾക്ക് എന്താണു സംഭവിച്ചതെന്ന് ഞങ്ങൾക്കറിയണമായിരുന്നു. അവളെ ഒരു നോക്കു കാണാൻ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ക്ഷമയോടെ ഞങ്ങൾ കാത്തിരുന്നു. എവിടെ നിന്നോ ഇടയ്ക്കിടെ കാക്കയെപ്പോലെ പറന്നു വന്ന ആശുപത്രി കാവൽക്കാരൻ ഞങ്ങളെ അപരിചിത ഭാവത്തിൽ നോക്കുകയും ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. എന്തിനാണിവിടെയിരുന്ന് നേരം കളയുന്നതെന്ന് ഞങ്ങളോടും ആ പെൺകുട്ടിയുടെ അമ്മയോടും ഇടയ്ക്കിടെ ചോദിച്ചു. മോർച്ചറി തുറക്കാൻ പത്തു മണികഴിയുമെന്ന് അയിക്കുകയും ചെയ്തു.

എന്നിട്ടും, ഞങ്ങളാരും അവിടെ നിന്നനങ്ങിയില്ല. പത്തു മണിയല്ല പിറ്റേന്നു രാത്രി പന്ത്രണ്ടുമണിയായാലും ഞങ്ങൾ പോകുമായിരുന്നില്ല. കാരണം ആ കൗമാരക്കാരി ഞങ്ങളുടെ ഹൃദയമായിരുന്നു.

ഇനിയെന്തെന്നറിയാതെ, ഞാനും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി. രാത്രികളും പകലുകളും ഞങ്ങളെ പോറ്റിയിരുന്നത് ആ നഗരത്തിൻ്റെ തെരുവായിരുന്നു. നഗരസഭയുടെ മാലിന്യവണ്ടി വരുന്നതും കാത്ത്, വിശാലവും ചപ്പുചവറുകൾ നിറഞ്ഞതുമായ പനപ്പറമ്പിലെ ഒരു മരത്തിൻ്റെ ചുവട്ടിൽ, ക്ഷമയോടെ കാത്തു നിൽക്കുന്ന ഞങ്ങളുടെ കൂട്ടത്തിൽ ഇനിയവളുണ്ടാകില്ലല്ലോ എന്ന ചിന്ത ഞങ്ങളെ ദുഃഖിപ്പിച്ചു.

എന്നും ഒന്നു തിരയണമെന്നേയുള്ളൂ, ഞങ്ങളുടെ ഒട്ടിയ വയറ്റിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ആ വാഹനം വിസർജ്ജിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ധാരാളമായിരുന്നു. 

അൽപ്പം കഴിഞ്ഞപ്പോൾ, വഴിതെറ്റിയതു പോലെ ഒരു പോലീസ് ജീപ്പ് കയറ്റം കയറി മോർച്ചറി മുറ്റത്തേക്കെത്തി. ഓടിയെത്തിയ സെക്യൂരിറ്റിക്കാരനോട് ഞങ്ങളെ നോക്കി അവരെന്തോ കുശുകുശുത്തു. അവളുടെ അമ്മ ഹൃദയം പൊട്ടി കരയുന്നതു കണ്ട്, നിങ്ങളവളുടെ ആരെങ്കിലുമാണോയെന്നും എന്താണു സംഭവിച്ചതെന്നും പോലീസുകാർ അവരുടെ അടുത്തേക്കു ചെന്ന് അന്വേഷിച്ചു.

രാത്രിയിൽ തളർന്നുറങ്ങിക്കിടന്ന അവരുടെ മകളെ, ഒരു പറ്റം ചെന്നായ്ക്കൾ ബലമായി ഞങ്ങൾക്കിടയിൽ നിന്നും വലിച്ചിഴച്ചു കൊണ്ടു പോയതും ഞാനുൾപ്പടെയുള്ള തെരുവു നായ്ക്കൾ ശണ്ഠക്കൊരുങ്ങിയതും അവർ ഞങ്ങളെ തല്ലിച്ചതച്ചതും ആ അമ്മയ്ക്ക് അറിയുമായിരുന്നില്ല.

അതിലൊരുവൻ്റെ ഒഴിഞ്ഞ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോയതും പതുപതുത്ത കിടക്കയിൽ കിടത്തിയതും അവളുടെ നിലവിളി അസ്തമിപ്പിച്ചതും ഇളം മാംസം രുചിയോടെ രുചിച്ചതും പല ഭാഗങ്ങളിൽ നിന്നും ചോരയൊലിപ്പിച്ചതും അവൾ തണുത്തു വിറങ്ങലിച്ചതും ദൈവം മാത്രമേ കണ്ടിരുന്നുള്ളൂ, അറിഞ്ഞുള്ളൂ. ദൈവത്തിൻ്റെ ചിറകുകൾ കാലേക്കൂട്ടി അരിയപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനു പ്രതികരിക്കാനാകില്ലായിരുന്നു. കൊമ്പൊടിഞ്ഞ നിയമത്തെപ്പോലെ നിസ്സഹായനായിരുന്നു ദൈവവും.

നേരിൽ കണ്ട സംഭവങ്ങൾ നിയമപാലകരോട് പറയേണ്ടത് ഞങ്ങളാണ്. ആ തെളിവ് കുറ്റവാളികളിലേക്കു നീളും എന്നു ഞങ്ങൾക്കറിയാം. ചെയ്തവരിൽ പലരും പകൽ മാന്യന്മാരാണ്. ഏതു രാത്രിയിലും ഞങ്ങൾക്കവരെ തിരിച്ചറിയുകയും ചെയ്യാം. പക്ഷെ...

ഒന്നും പറയാനാകുന്നില്ല ഞങ്ങൾക്ക്. തകർന്ന ഹൃദയങ്ങളിൽ നിന്നും വാക്കുകൾ തെളിവുകളായി
പുറത്തേക്കു വരാറില്ലല്ലോ?  അഥവാ, ഞങ്ങളെന്തെങ്കിലും പറഞ്ഞാലും തെരുവിൻ്റെ സന്തതികളുടെ മൊഴികൾക്ക് ഇവിടെ എന്താണു വില? ഈ അമ്മ പോലും ഞങ്ങളെ വിശ്വസിച്ചേക്കില്ല.

എന്നിട്ടും ഞങ്ങൾ ചെന്നു, ചിലതൊക്കെ പറയാനും അറിയാവുന്ന ചില സൂചനകൾ പോലീസിനു കൊടുക്കാനും. നായ്ക്കൾ മുറുമുറുത്തതേയുള്ളൂ. അവർക്ക് അവരുടെ ഭാഷ. നടന്ന സംഭവങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ ഞാൻ എൻ്റേതായ ഭാഷയിൽ പോലീസിനോടു പറഞ്ഞു.

"എതാ ഈ പുതിയ പൊട്ടൻ?" ഓടിയെത്തിയ കാവൽക്കാരനോട് പോലീസ് കൗതുകത്തോടെ ചോദിച്ചു. പോ പട്ടികളെ പുറത്ത് എന്നും പറഞ്ഞ് എന്നെയും പട്ടികളേയും അയാൾ കല്ലെറിഞ്ഞോടിച്ചു. പോലീസാകട്ടെ ഞങ്ങളെ ഗൗനിച്ചതു പോലുമില്ല.

"അവർ വന്നില്ലെ? ഇനി പേടിക്കാനൊന്നുമില്ല. നടപടികളുമായി അവർ മുന്നോട്ടു പോകട്ടെ. പോസ്റ്റ്മാർട്ടം നടക്കുമ്പോൾ അവളുടെ ശരീരത്തിൽ നിന്നും വേണ്ടത്ര തെളിവുകൾ ലഭിക്കും. ആ തെളിവുകൾ കൊലയാളികളിലേക്കു നീളും. അവർ പിടിയിലാകും, ശിക്ഷിക്കപ്പെടും. ഉറപ്പ്." കപ്പേളയിലെ ചില്ലുകൂട്ടിൽ നിന്നും ചില്ലുകവാടം തുറന്നു പുറത്തു വന്ന സെൻ്റ് ജോർജ്ജ് പുണ്യാളൻ ഞങ്ങളെ സമാധാനിപ്പിച്ചു.

അൽപ്പം കഴിഞ്ഞപ്പോൾ നഗരസഭയുടെ മാലിന്യവണ്ടി അരിച്ചരിച്ച് അതുവഴി വന്ന് കയറ്റം കയറി മോർച്ചറിയിലേക്കു പോയി. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ മോർച്ചറിയുടെ മുന്നിലെ റോഡിൽ പകച്ചു നിന്നു. അവളെ കാണാഞ്ഞ് ഞങ്ങളുടെ മനം നൊന്തു.

കുറെ കഴിഞ്ഞ്, ആ വണ്ടി കയറ്റമിറങ്ങി വന്നു. തിരിച്ചു പോകുമ്പോൾ എൻ്റെ കൂടെയുള്ള നായ്ക്കൾ പ്രതിഷേധം പോലെ കുരച്ചു കൊണ്ട് അതിൻ്റെ പുറകിലൂടെ ഓടുന്നതു ഞാൻ ശ്രദ്ധിച്ചു.

പുറകിലെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വണ്ടിയുടെ ആട്ടത്തിനനുസരിച്ച് ആടിയാടി അവളുടെ ശരീരം! എനിക്കു വിശ്വസിക്കാനായില്ല.

പശിയകറ്റാനായി ഞങ്ങൾക്കൊപ്പം മരത്തണലത്ത് ഇതേ വണ്ടിയെ കാത്തിരുന്നവളെ നിസ്സഹായതയോടെ ഞാനോർത്തു. ഒന്നു കണ്ണടച്ചപ്പോൾ, എനിക്കു ചുറ്റിലും നിരന്നിരുന്ന ചെകുത്താന്മാർ ആർത്തലച്ചു ചിരിച്ചു.

"എല്ലാം എല്ലാവർക്കും അറിയാം. ചില അറിവുകൾ അറിഞ്ഞില്ലെന്നു നടിക്കുന്നതാണ് നല്ലത്. അതാവും ചിലപ്പോൾ ഏറ്റവും വലിയ അറിവ്." പുണ്യാളൻ ചില്ലുകൂട്ടിൽ നിന്നും ഇറങ്ങി വന്നു.

"കാഴ്ചക്കാരുടെ റോളാണ് നല്ലത്. കാഴ്ചയുണ്ടായാൽ മാത്രം മതി. പ്രതികരിക്കേണ്ടതില്ല. കേൾവിക്കാരുടെ റോളും നല്ലതാണ്. കേട്ടിട്ടും കേൾക്കാതെ...." പുണ്യാളൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

തങ്ങളുടെ പുണ്യാളനെ ആരോ മോഷ്ടിച്ചെന്നും പറഞ്ഞ് രാത്രിക്കു രാത്രി പള്ളിക്കമ്മറ്റിക്കാർ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സടകുടഞ്ഞെഴുന്നേറ്റു. സംഭവം വർഗ്ഗീയതയിലേക്കുള്ള പോക്കാണ്. കാലാപമൊഴിവാക്കാൻ പോലീസ് വാഹനങ്ങൾ നഗരത്തിലുടനീളം ചീറിപ്പാഞ്ഞു.

വാർത്ത കാട്ടുതീ പോലെ പടർന്നു. വിശ്വാസികൾ സംഘടിച്ചു. ചാനലുകാർക്കും മാധ്യമങ്ങൾക്കും ചാകര. അവർ പാഞ്ഞെത്തി. പ്രതീക്ഷിക്കാതെ വലിയൊരു കോളൊത്തു. 

"നിങ്ങളെപ്പോലെ, അവളെൻ്റെയും മകളാണ്."
തലേന്നു രാത്രിയിൽ പുണ്യാളൻ ഞങ്ങൾക്കിടയിലിരുന്ന് വിതുമ്പിയത് ഓർമ്മ വന്നു. അന്നാണ്, അവസാനമായി ഞങ്ങൾ പുണ്യാളനെ കണ്ടത്.

ഇന്ന് ആ ചില്ലു വാതിലിനപ്പുറം ശൂന്യമാണ്, ഞങ്ങളുടെ മനസ്സുപോലെ. ഒഴിഞ്ഞ കപ്പേള കാണുമ്പോൾ ഒടുങ്ങാത്ത വേദന ബാക്കിയാകുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ