(അണിമ എസ് നായർ)
മൃഗബലിയ്ക്കും മനുഷ്യ ബലിയ്ക്കും അറുതിയില്ലാത്ത, പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജീരിയൻ രാജ്യത്തിന്റെ തെക്ക്, ഹില്യജി വംശജർ പുറം ലോകവുമായി ബന്ധമില്ലാതെ വസിച്ചു പോന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ നാളേക്ക് യമലോകം പൂകേണ്ടവർ വരെ മരണത്തെ മുന്നിൽ കണ്ടു.
ഇതിൽ നിന്നുമൊരു മോക്ഷമായിരുന്നു, മനുഷ്യ ബലിയ്ക്ക് ഇരയാക്കിയതിലൂടെ അമ്മയെ നഷ്ടമായ എനിയ എഗ്സിയെന്ന പന്ത്രണ്ടു വയസ്സുകാരിയുടെ ആവശ്യം. അറിവായ കാലം മുതൽ അവൾക്കൊപ്പം കൂടിയതാണ് ഡിവൈൻ. ഒരുപാട് ദൂരെ നിന്നും അവളെ കാണുവാൻ ഓടിയെത്തുന്ന അവളുടെ കളിക്കൂട്ടുകാരൻ. അവനും അവളുടെ അതേ പ്രായം. കളികൾക്കും ചിരികൾക്കുമപ്പുറം, അവിടെ നിലനിന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമെതിരെ ആരും കേൾക്കാതെ അവർ ശബ്ദമുയർത്തി.
പഠനത്തിൽ മിടുക്കിയായിരുന്നു എനിയ. പതിനാല് വയസ്സുവരെ മുത്തശ്ശിയ്ക്കൊപ്പം. മുത്തശ്ശിയുടെ മരണ ശേഷം ഒറ്റപ്പെടലിന്റെ വേദനയറിയിക്കാതെ ഡിവൈൻ അവളെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
പഠിയ്ക്കുക, പഠിപ്പിക്കുക എന്നതെല്ലാം ഒരു തരം താഴ്ന്ന പ്രവർത്തിയായി അവിടെയുള്ള ഒരു വിഭാഗം ആൾക്കാർ കണ്ടു പോന്നു. എന്നാൽ ക്ലാസ്സിൽ മറ്റുള്ളവർക്ക് സ്ഥാനം നൽകാതെ അവൾ എപ്പോഴും ഒന്നാം സ്ഥാനം ഉറപ്പിച്ചു. അവനാകട്ടെ പഠനത്തിൽ വളരെ പിന്നിലും. പഠിച്ച് ഉയരങ്ങളിലെത്തുക, അതു വഴി അവിടെ നിലനിൽക്കുന്ന ദുർനടപടികൾക്കെതിരെ പോരാടുക അതായിരുന്നു എനിയയുടെ സ്വപ്നം. ഉയർന്ന ക്ലാസ്സിലേയ്ക്ക് എത്തിച്ചേരണമെന്നും സ്വയം മാർഗ്ഗം തിരഞ്ഞെടുക്കണമെന്നുമുള്ള അവളുടെ ദൃഢ നിശ്ചയം ഒടുവിൽ വളരെ ദൂരം സഞ്ചരിച്ച് പഠിയ്ക്കുക എന്നതിലേയ്ക്ക് വഴിമാറി. ആരോഗ്യ മേഖല തിരഞ്ഞെടുത്ത അവൾ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കുവാനും കൂടുതൽ അറിവ് നേടുവാനും തുടങ്ങി. ആവശ്യമായ അറിവില്ലാത്തതു തന്നെയാണ് ഇത്തരം അനുഷ്ഠാനങ്ങൾ നിലനിന്നു പോരുന്നതെന്ന് അവൾ മനസ്സിലാക്കുകയും, എന്നാൽ കഴിയുന്ന അറിവ് അവരിലേക്ക് എത്തിക്കുകയും ചെയ്യണമെന്ന് അവൾ ഉറപ്പിച്ചു. അതിനായി, ആദ്യ ഘട്ടമെന്ന നിലയിൽ അവൾ അവരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. അവളുടെ വേഷഭൂഷതികൾ കണ്ട അവർ, അവൾ നമ്മളിൽ നിന്നും അകന്നു പോയെന്നും കുറ്റവാളിയാണെന്നും ധരിച്ച് അമ്പു കൊണ്ട് ദേഹത്തു കുത്തി പരിക്കേൽപ്പിക്കുകയും അവളെ കല്ലെറിഞ്ഞു ഓടിക്കുകയും ചെയ്തു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട അവൾക്ക്, മാറ്റങ്ങൾ അത്ര എളുപ്പമല്ലെന്ന് മനസ്സിലാവുകയായിരുന്നു. ഇനിയുള്ള യാത്രയിൽ ഡിവൈനെയും ഒപ്പം കൂട്ടുക; അത് ഒരു പക്ഷേ ലക്ഷ്യത്തിലേയ്ക്ക് വളരെ വേഗം എത്തിച്ചേക്കാമെന്ന് അവൾ ചിന്തിച്ചു. അവർ അതിനായുള്ള പദ്ധതികൾ അസൂത്രണം ചെയ്തു. ഒരിക്കൽ കൂടി അവരിലൊരാളായി അവൾ അവിടെ എത്തി. എന്നാൽ പ്രതീക്ഷകളെ തകിടം മറിക്കുമാറ്, അവളെ കണ്ടാൽ പിടിച്ച് ചുട്ടു തിന്നുക എന്നതായിരുന്നു അവർക്കിടയിലെ പദ്ധതി. വലിയ പാറ കല്ലുകൾ കൂട്ടി ഇരയെ കാത്തിരുന്ന അവർക്കിടയിലേയ്ക്ക് അവൾ പുഞ്ചിരിയോടെ ഇറങ്ങി ചെന്നു. അവളെ കണ്ടതും അവർക്കിടയിൽ നിന്നുമുയർന്ന ആക്രോശങ്ങൾ, അവളെ കാര്യങ്ങൾ തിരിച്ചറിയുന്നതിന് സഹായിച്ചു. ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവൾ അവിടെ നിന്നും ഓടുവാൻ ശ്രമിച്ചുവെങ്കിലും, അവരെല്ലാവരും ചേർന്ന് വളഞ്ഞു പിടിച്ച് അവളെയും അവനെയും ബന്ധനസ്ഥരാക്കി.
പ്രദേശവാസികളെല്ലാം തടിച്ചുകൂടി. അവളിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച അവർ ഒടുവിൽ നാളെ രാവിലെ തന്നെ അവളെ കമ്പിയിൽ കൊരുക്കുവാനുള്ള നടപടികളിലേയ്ക്ക് നീങ്ങി. ഒരുക്കങ്ങൾ കഴിഞ്ഞ് ഇരകളെ ഭദ്രമായി മൂന്നാൾ വലിപ്പമുള്ള മരത്തിന്റെ രണ്ട് വശങ്ങളിലായി ചേർത്തു വച്ച് കെട്ടി. നാളേയ്ക്കുള്ള ആഹാരത്തിൽ കാർക്കിച്ചു തുപ്പി ആദരവ് കാണിച്ച് കൂരകളിലേയ്ക്ക് മടങ്ങി.
പരസ്പരം കാണാനാകാതെ ഒരു മരത്തിന്റെ ഇരു പുറങ്ങളിൽ അവർ...
എങ്ങും ഇരുട്ട് നിറഞ്ഞു. മൃഗീയതയിൽ നിന്നും കുരുത്തവരാണെങ്കിൽ അവരുടെ ചിന്തകൾ സഞ്ചരിക്കുന്ന വഴികൾ നമ്മുടേതും കൂടി ആകണമല്ലോ., ഡിവൈൻ കയ്യിൽ കരുതിയ ചെറിയ പിടിയുള്ള കത്തി വളരെ ശ്രമഫലമായി കീശയിൽ നിന്നുമെടുത്ത് വള്ളി മുറിക്കുവാനുള്ള പണിപ്പാട് തുടങ്ങി. എന്നാൽ ഇതൊന്നുമറിയാതെ അവശയായി തളർന്നുറങ്ങുകയായിരുന്നു എനിയ. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ അവൻ വള്ളി മുറിച്ചു മാറ്റി. പതിയെ പുറത്തു കടന്നു. എനിയയുടെ അടുത്തെത്തി അവളെ വിളിച്ചു. മനോബലത്താൽ അവശേഷിച്ച അല്പം ഓർമയുണ്ട് അവൾക്ക്. കണ്ണുകൾ തുറന്നു. കാര്യങ്ങൾ മനസ്സിലാക്കി.
ഒച്ചപ്പാടുകൾ ഉണ്ടാക്കാതെ അവിടെ നിന്നും ഉടൻ രക്ഷ നേടുക. കുറച്ചു സമയം കഴിഞ്ഞാൽ പിന്നെ ജീവൻ തന്നെ അപകടത്തിലാകും. അവർ പതിയെ അവിടെ നിന്നും പുറത്തേയ്ക്കുള്ള വഴിയിലൂടെ, ഇരുട്ടിൽ നിന്നും മോചനം നേടുന്ന വെളിച്ചത്തിന്റെ സഹായത്താൽ ഓടി രക്ഷപ്പെട്ടു.
കാര്യങ്ങൾ വിചാരിക്കുന്ന പോലെയല്ല, പദ്ധതികൾക്കും ചലനങ്ങൾക്കുമപ്പുറം പൊളിച്ചെഴുതാനാകാത്ത ഒരു സമൂഹം അവിടെ ഉണ്ട്. കാലം അവയെ മാറ്റും, എല്ലാം പതിയെ മാറും...! ഞാൻ വരും നമ്മുടെ ലക്ഷ്യം പൂർത്തിയാക്കുവാൻ.
അവൾ അവനെ പുണർന്നു. പോയ് വരാം. നീ സന്തോഷമായിരിക്കണം. അവളുടെതായ പുതിയ ലോകത്തേയ്ക്ക്, താൽക്കാലികമായി അവനോട് വിട പറഞ്ഞ് അവൾ യാത്രയായി.
മനുഷ്യ ശരീരം ഇത്രയും നിഗൂഢതകൾ നിറഞ്ഞതായിരുന്നുവോ, പച്ചയ്ക്കും, ചുട്ടും തിന്നുന്നവർ ഇത് വല്ലതും അറിയുന്നുണ്ടോ...? അനാട്ടമി ഹാളിലെ ഓരോ ശരീരത്തിനും പറയുവാൻ ഓരോരോ കഥകൾ. ഒയിഫോ അന, അവൾ എനിയയുടെ ഉറ്റ ചങ്ങാതിയായി മാറി.
നൈജീരിയയിലെ എഗ്മണ്ട് ആശുപത്രിയിൽ ഓരോ ദിവസവും നൂറിലേറെ ശവശരീങ്ങൾ എത്തുമായിരുന്നു. പഴക്കം ചെന്നതും, ദ്രവിച്ച്, അവയവങ്ങൾ അഴുകി വീണതും, കണ്ണില്ലാത്തതും ഒക്കെയായി....
'ആദ്യമൊക്കെ ഇത് കാണുമ്പോൾ ഓടി പോകാൻ തോന്നിയിട്ടുണ്ട്. എന്നാൽ ഇവിടേയ്ക്ക് എത്തിയ വഴികൾ ചിന്തയെ നിസ്സാരപ്പെടുത്തുന്നു', അവൾ ഒഫിയോ അനയോട് പറയുമായിരുന്നു.
'കുറ്റകൃത്യങ്ങൾ അരങ്ങേരുന്ന, വെറുപ്പ് ഉളവാക്കുന്ന സംസ്കാരമാണ് ഇവിടെയും, തെറ്റുകൾക്ക് മാത്രമല്ല ശിക്ഷ, അവർക്ക് തോന്നിയവരെ അവർ വെടിയുണ്ടകൾക്ക് ഇരയാക്കും. ഒന്നിൽ നിന്നും രക്ഷ നേടി ഇവിടെ എത്തിയപ്പോൾ ഇവിടെയും..' കണ്ണുനീരോടെ എനിയ പറഞ്ഞു നിർത്തി.
'എനിക്കറിയാം, നിന്റെ ലക്ഷ്യങ്ങൾക്കൊപ്പം, ഡിവൈൻ മാത്രമല്ല ഞാനുമുണ്ട് ഇനി'. ഒഫിയോയുടെ വാക്കുകൾ എനിയയുടെ കാതുകളിൽ മുഴങ്ങി കേട്ടു.
'വരൂ, സമയമായി മേശമേൽ ആൾ എത്തിയിരിക്കുന്നു'. ഒഫിയോ എനിയയെയും കൂട്ടി നടന്നു.
മനസ്സിനൊരു സുഖമില്ല, എന്താണ് കാരണമെന്ന് അറിയുകയുമില്ല. അല്ലെങ്കിലും അങ്ങനെ തന്നെയല്ലേ... മനസ്സിന്റെ മന്ത്രണങ്ങൾ അസ്വസ്ഥത ഉളവാക്കി. ആയുധങ്ങളുമെടുത്ത് മേശമേൽ എത്തി.
'ഓഹ്, ഇതും അത് തന്നെയാണ് വെടിയുണ്ടകൾക്ക് കീഴടങ്ങിയ പാവം ചെറുപ്പക്കാരൻ..'
ഒഫിയോ ആദ്യ ഘട്ടത്തിലേയ്ക്കുള്ള മൂർച്ചയേറിയ കത്തി കയ്യിലെടുത്തു.
മേശമേൽ കിടക്കുന്ന ആളിന്റെ മുഖത്തേയ്ക്ക് നോക്കിയ എനിയ ഒരു നിമിഷം സ്ഥബ്ധയായി. കണ്ണുകളിൽ നിന്നും അവളറിയാതെ കണ്ണുനീർ ഒഴുകിയിറങ്ങി. അടുത്ത നിമിഷം, പരിസര ബോധം നഷ്ടമായ അവൾ അലമുറയിട്ട് നിലവിളിക്കുവാൻ തുടങ്ങി.
'ഡിവൈൻ.... എന്റെ ഡിവൈൻ...'
അവളുടെ നിലവിളി അവിടമാകെ കൊടുംബിരി കൊണ്ടു. കാരണമറിയാതെ തടിച്ചു കൂടിയ ജനങ്ങൾ ദുഃഖ കൈ പൂണ്ടു.
ഒഫിയോയ്ക്ക് കാര്യങ്ങൾ മനസ്സിലായി. അവൾ എനിയയെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.
അവൻ എങ്ങനെ ഇവിടെ എത്തിയെന്നും, ഒരാളെയും ഉപദ്രവിക്കുവാൻ കഴിയാത്ത അവന് എങ്ങനെ ഈ അവസ്ഥ വന്നുവെന്നും ചോദിച്ച് എനിയ വാവിട്ടു കരഞ്ഞു.
"അതേ, ഇവിടെ ഇങ്ങനെയാണ്. കാരണങ്ങൾ വേണമെന്നില്ല, തെറ്റിനും ശിക്ഷയ്ക്കുമിടയിൽ പോലീസിന് അവരുടേതായ നിയമങ്ങളും ശരികളുമുണ്ട്. ഇവിടെ അത് മാത്രമേ നടപ്പിലാകുകയുള്ളൂ. അന്ന് എനഗുവിൽ കൊണ്ട് തള്ളിയ ശവശരീരങ്ങളിൽ നിരപരാധിയായ എന്റെ മകനും അവരുടെ വെടിയുണ്ടയിൽ ജീവൻ പൊലിഞ്ഞവൻ. ഇന്നും, അവൻ വരുമെന്ന പ്രതീക്ഷയിൽ അവളിരിക്കുന്നു, അവന്റെ അമ്മ...!
ഒരിക്കലും മാറ്റാൻ കഴിയാത്ത ചില നിയമങ്ങൾ...ഒരിക്കലും ജയിക്കാനാകാതെ നമ്മളും. വൃദ്ധൻ ഊന്നു വടി മുന്നിലേക്ക് നീക്കി...