mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(T V Sreedevi)

പട്ടണത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റു സമൂച്ചയത്തിന്റെ പതിന്നാലാം നിലയിലാണ് ദേവശ്രീയും, നിരഞ്ജനും താമസിക്കുന്നത്. ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്നും പുറത്തേക്കുള്ള ജാലകത്തിന്റെ തിരശീല നീക്കിയാൽ  കാണുന്ന വഴിയുടെ ഒരു വശം പാടമാണ്. പാടത്തിനടുത്തായി രണ്ടുമൂന്നു വീടുകളുണ്ട്. അതിലൊന്നിൽ നിന്നാണ്  ഫ്ലാറ്റിലെ  താമസക്കാർക്ക് പാലു കൊടുക്കുന്നത്.


അവിടെ രണ്ടുമൂന്നു പശുക്കളും, അവരുടെ കിടാങ്ങളും, പാടത്തു മേഞ്ഞു നടക്കുന്നതും മുറ്റത്ത്‌ കുട്ടികൾ കളിച്ചു തിമിർക്കുന്നതും ദേവക്ക് ഇഷ്ടമുള്ള കാഴ്ചയാണ്. ലോക്ക് ഡൗൺ കാലമായതുകൊണ്ട് നിരഞ്ജനും വർക്ക്‌ അറ്റ് ഹോംആണ്. കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഈ ജാലകത്തിന്റെ തിരശീലമാറ്റി ജനലഴികളിൽ പിടിച്ച് ആ കുട്ടികളുടെ കളി കണ്ടുനിൽക്കുന്നതാണ് ദേവയുടെ ഇഷ്ട വിനോദം...

അവരുടെ ഓട്ടവും, ഉരുണ്ടു വീഴലും പിടഞ്ഞെണീക്കലും, തർക്കങ്ങളും, അടിപിടികളും ഇഷ്ടം കൂടലും എല്ലാം കണ്ട് ജനൽക്കമ്പികളിൽ പിടിച്ചുനിന്ന് അവൾ തനിയെ ചിരിക്കും
"എന്റെ ഭാര്യക്കു വട്ടായോ..?" ഒരു ദിവസം നിരഞ്ജൻ ചോദിച്ചു.
അവൾ അവനെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് വന്ന് ആ കാഴ്ച കാട്ടിക്കൊടുത്തു.
കുട്ടികളില്ലാത്ത അവർക്ക് ആ കാഴ്ച ഇമ്പം നൽകുന്നതായിരുന്നു.
"പാവം ദേവ..." നിരഞ്ജൻ ചിന്തിച്ചു,
അവൾക്ക് അമ്മയാകാനുള്ള  യാതൊരു തടസ്സവുമില്ല. പ്രശ്നം നിരഞ്ജനു തന്നെയാണ്. വേണ്ടതു പോലെ ചികിത്സയും നടത്തുന്നുണ്ട്. അധികം വൈകാതെ ഒരു കുട്ടിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണവർ

ഒരു ദിവസം...
ജാലകത്തിരശീല മാറ്റി താഴേക്കു നോക്കി നിൽക്കുമ്പോഴാണ് ദേവ കണ്ടത്. മൂന്നു ആൺകുട്ടികൾ. മൂത്തവൻ രണ്ടാമനെ ഇടിച്ചു താഴെ ഇടുന്നു. അവൻ പിടഞ്ഞെണീക്കുമ്പോൾ  തൊഴിച്ചു താഴെ ഇട്ട് വീണ്ടും ചവിട്ടുന്നു.

'എന്റെ ദൈവമേ..!' ദേവ നെഞ്ചത്ത് കൈവച്ചുപോയി.
നിരഞ്ജൻ അവിടെ ഉണ്ടായിരുന്നില്ല. ഏതോ ഒരുൾപ്രേരണയാൽ അവൾ ലിഫ്റ്റിറങ്ങി താഴേയ്ക്കു ചെന്നു. റോഡ്  മുറിച്ചുകടന്ന് അങ്ങോട്ടോടിച്ചെന്നു.  അപ്പോഴേയ്ക്കും അയൽക്കാർ ഓടിക്കൂടി. അപ്പോഴാണ് അടികൊണ്ടു വീണത് ഫ്ലാറ്റിൽ പാല് കൊണ്ടു വരുന്ന മനുക്കുട്ടനാണെന്ന് ദേവക്ക് മനസ്സിലായത് ക്ഷീണിച്ച ശരീരവും വാടിയ മുഖവുമുള്ള മനുക്കുട്ടനെ ദേവക്ക് ഇഷ്ടമായിരുന്നു. മിക്ക ദിവസങ്ങളിലും ദേവ  ആ അഞ്ചു വയസ്സുകാരന് വയറുനിറയെ ചായയും പലഹാരങ്ങളും കൊടുക്കാറുണ്ട്. അവന്റെ വയറുനിറയുന്നത് വരെ അവൾ അടുത്തിരിക്കും.

"ആന്റിയെ എനിക്ക് വലിയ ഇഷ്ടമാ.എന്റെ അമ്മേ പ്പോലെ." ഒരു ദിവസം അവൻ പറഞ്ഞു.
"മോൻ എന്നെ ദേവമ്മ എന്ന് വിളിച്ചാൽ മതി കേട്ടോ." അവൾ പറഞ്ഞു.
അവന്റെ വീട്ടിലുള്ളത് രണ്ടാനമ്മയാണെന്നും അവന്റെ അമ്മയെ അച്ഛൻ ഉപേക്ഷിച്ചുവെന്നും അവൻ പറഞ്ഞാണ് ദേവ അറിഞ്ഞത്.

ദേവ വേഗം അങ്ങോട്ടു ചെന്നു. അവന്റെ ചുറ്റും കൂടി കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. ദേവ അവരുടെ ഇടയിലേക്കു  ചെന്നു. മനുക്കുട്ടന്റെ നെറ്റിപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ശരീരമാകെ അടിയും ഇടിയും കൊണ്ടതിന്റെ പാടുകളായിരുന്നു. ആരോ അവനെ താങ്ങി എഴുന്നേൽപ്പിച്ചു. 

"പാവം അതിന്റ കഷ്ടകാലം തള്ള ഉപേക്ഷിച്ചു പോയപ്പോൾ തുടങ്ങി." കൂടിനിന്ന പെണ്ണുങ്ങളിൽ ആരോ പറഞ്ഞു.

"പോയതല്ലല്ലോ അതിനെ ഓടിച്ചതല്ലേ ഈ ഭൈരവി. അവടെ തന്തയാരാന്നറിയാത്ത ചെക്കനേം കൊണ്ടല്ലേ   ഈ എമ്പോക്കീടെ കൂടെ പൊറുതിക്കു വന്നത്." വയസ്സായ ഒരു സ്ത്രീ പറഞ്ഞു
"ഇപ്പം അവടെ ഭരണമല്ലേ..." 

ദേവക്ക്  അവരുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ കുറെയൊക്കെ മനസ്സിലായി. മനുക്കുട്ടന്റെ അമ്മ ഒരു പാവമായിരുന്നു.ഇപ്പോൾ കൂടെയുള്ള സ്ത്രീയുമായുള്ള അടുപ്പം തുടങ്ങിയതിൽ പിന്നെ മനുക്കുട്ടന്റെ അച്ഛന് അവനെയും അമ്മയെയും ഇഷ്ടമല്ലാതായി. ഒരു ദിവസം 'തങ്കമ്മ 'എന്ന ആ സ്ത്രീയെയും പത്തു വയസ്സുള്ള അവരുടെ മകനെയും കൂട്ടി അയാൾ വീട്ടിലേക്കു വന്നു. മനുക്കുട്ടന്റെ അമ്മയുടെ എതിർപ്പുകളൊന്നും ഫലം കണ്ടില്ല. പിറ്റേന്ന് അവന്റെ അമ്മ മനുക്കുട്ടനെയും കൊണ്ട് അവരുടെ വീട്ടിൽ പോകാനിറങ്ങി. എന്നാൽ കുട്ടിയെ വിട്ടുകൊടുക്കാൻ അയാൾ സമ്മതിച്ചില്ല.
   

"നിനക്ക് അടങ്ങിയൊതുങ്ങി ഇവിടെ കഴിഞ്ഞാലെന്താ?" അയാൾ ചോദിച്ചു. ഒടുവിൽ കരഞ്ഞുകൊണ്ട് മനുക്കുട്ടന്റെ അമ്മ ഇറങ്ങിപ്പോയി. തങ്കമ്മയുടെ പത്തുവയസ്സ്കാരൻ മകന് മനുക്കുട്ടനെ തീരെ
ഇഷ്ടമായിരുന്നില്ല. ഇപ്പോൾ മനുക്കുട്ടനെ ആർക്കും കണ്ടുകൂടാ. തങ്കമ്മയുടെ മകന്റെ ഇടിയും അടിയും കൊണ്ട് അവൻ വലഞ്ഞിരിക്കുന്നു. അവന്റെ അച്ചനും അവനെ കണ്ടുകൂടത്രേ. അയല്പക്കത്തുള്ളവരെ ഭയന്നിട്ടാണ് അവർ അവനു ഭക്ഷണമെങ്കിലും കൊടുക്കുന്നത്. അവിടെ കൂടിനിന്നവർ പറഞ്ഞാണ് ദേവയറിഞ്ഞത്..!

"അവന്റെ അമ്മ?" ദേവ ചോദിച്ചു
"അതിനെ രണ്ടാമത് കല്ല്യാണം കഴിച്ചു. അമ്മാവന്റെ മകൻ. അവക്ക് പരമാനന്ദമാ...! ഒരു കൊച്ചുമുണ്ട്. ഈ കൊച്ചിനെ ഓർത്തൊള്ള ദുഃഖം മാത്രേ അവക്കൊള്ളു." പ്രായം ചെന്ന ഒരു സ്ത്രീ പറഞ്ഞു.

പല വിധ ചിന്തകളുമായാണ് ദേവ ഫ്ലാറ്റിലേക്ക് മടങ്ങിയത്. നിരഞ്ജൻ വരാൻ കാത്തു നിൽക്കുകയായിരുന്നു ദേവ. വിവരങ്ങളെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് അവൾ അവനോട് പറഞ്ഞു. അവസാനം അവൾ പറഞ്ഞു, "അവനെ നമുക്ക് തരാമോ എന്ന് ചോദിക്കാം ഏട്ടാ..!"

നിരഞ്ജൻ അവളെ അദ്‌ഭുതത്തോടെ നോക്കി.
"നീ എന്തൊക്കെയാ ദേവ പറയുന്നത്? അത്തരംസാഹചര്യത്തിലുള്ള ഒരു കുട്ടിയെ, നമ്മളെങ്ങനെ...?" "തന്നെയുമല്ല സ്വന്തം അമ്മയ്ക്കു പോലും അവനെ അയാൾ കൊടുത്തില്ലല്ലോ." അവൻ  പറഞ്ഞു
"അയാൾ പാലിന്റെ പൈസ വാങ്ങാൻ വരുമ്പോൾ നമുക്കൊന്ന് ചോദിക്കാം ഏട്ടാ."

ഒടുവിൽ അവളുടെ സമ്മർദ്ദത്തിന് വഴങ്ങി അവനും സമ്മതിച്ചു. രണ്ടുദിവസം കഴിഞ്ഞ് അയാൾ പാലിന്റെ പൈസ വാങ്ങാൻ വന്നു.  നിരഞ്ജൻ അയാളോട് ചോദിച്ചു, "എന്താണ് അവിടെ ?"
"എന്നും മനുവിന്റെ കരച്ചിൽ കേൾക്കാമല്ലോ.."
"ഓ.. "
അയാൾ ചിറികോട്ടി.
"അവൻ മഹാ വാശിക്കാരനാ... അവന്റെ പെറ്റ തള്ളേപ്പോലെ..!" "ആരുമായി ചെരില്ല."
"എന്നാപ്പിന്നെ അവന്റെ അമ്മക്ക് കൊടുത്തുകൂടെ...?"നിരഞ്ജൻ വീണ്ടും ചോദിച്ചു.
"സാറിന് അവനെ തന്നാലും ഞാൻ അവക്ക് കൊടുക്കൂല്ല... സാറേ..   ആ എരണം കെട്ടവൾ അമ്മാവന്റെ മോനെയും കെട്ടി സുഖിക്കുവാ! ഈ ഒരു ദുഃഖവെങ്കിലും അവക്കിരിക്കട്ടെ."
"എങ്കിൽപ്പിന്നെ  അവനെ ഞങ്ങക്ക് തരാൻ ബാലന് സമ്മതമാണോ.?"
"ഞങ്ങൾക്ക്‌ കുട്ടികളില്ലല്ലോ?" നിരഞ്ജൻ ചോദിച്ചതുകേട്ട് അയാൾ  വിശ്വാസം വരാതെ തരിച്ചുനിന്നുപോയി.
"സാറ് സത്യമാണോ പറയുന്നത്?"അയാൾ ചോദിച്ചു.
"സത്യമാണ്." നിരഞ്ജൻ പറഞ്ഞു.
"ഇവിടെയാകുമ്പോൾ തനിക്കെന്നും കാണാമല്ലോ..." ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അയാൾ വിങ്ങി വിങ്ങിക്കരഞ്ഞു. "എനിക്കവനെ ഇഷ്ടമല്ലാഞ്ഞല്ല സാറേ..., എന്റെ സാഹചര്യം അങ്ങനെയായിപ്പോയി.."

"ഞാൻ ഇച്ചിരി മദ്യപിക്കും. അതുകഴിഞ്ഞാൽ എനിക്കൊരു വെളിവുമില്ല... "ആ സമയം നോക്കി അവളെന്നെക്കൊണ്ട് എന്റെ കുഞ്ഞിനെ തല്ലിക്കും എല്ലാമെന്റെ മാത്രം കുറ്റമാ! "
അയാൾ വീണ്ടും കരഞ്ഞു.
"സാറ് അവനെ എടുത്തോ സാറേ... എനിക്ക് നൂറുവട്ടം സമ്മതമാ!
എന്റെ മോൻ രാജാവായി ജീവിക്കട്ടെ." അയാൾ കൈകൂപ്പി.

പിന്നെ അടുത്ത ഒരു ദിവസം മനുക്കുട്ടനെയും  കൂട്ടി ദേവയും, നിരഞ്ജനും മനുവിന്റെ അമ്മയെക്കാണാൻ പോയി. മനുവിന്റെ അമ്മയുടെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തത് മനുക്കുട്ടന്റെ അച്ഛൻ ബാലനാണ്. അമ്മയും മകനും കെട്ടിപ്പിടിച്ചു കരഞ്ഞു.
"സാറിനു നൂറു പുണ്യം കിട്ടും! സാറിന്റടുത്ത് അവനു സ്വർഗ്ഗമായിരിക്കും. തന്നേമല്ല എനിക്ക് ഇടയ്ക്കൊക്കെ അവനെ വന്നു കാണാല്ലോ." അവൾ ആശ്വസിച്ചു.
"ദേവമ്മയും എന്റമ്മേപ്പോലെ തന്നെയാ  അമ്മേ.., എന്നെ വല്ല്യ ഇഷ്ടാ." മനുക്കുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ എല്ലാ കാര്യങ്ങളും പെട്ടെന്നായിരുന്നു.
അധികം താമസിക്കാതെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി നിരഞ്ജനും ദേവയും മനുക്കുട്ടനെ ദത്തെടുത്തു. അയലത്തുകാർക്കെല്ലാം സന്തോഷമായി. ഇന്ന് നിരഞ്ജന്റെയും ദേവയുടെയും പൊന്നോമനയായി മനുക്കുട്ടൻ അവരോടൊമുപ്പണ്ട്. അവന്റെ അച്ഛൻ ബാലനാണ് ഇപ്പോൾ അവർക്കു പാലുകൊണ്ടുവരുന്നത്.
അയാൾ എന്നും മകനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും. വേണ്ടെന്നു പറഞ്ഞാലും അവനു പലഹാരങ്ങൾ വാങ്ങിക്കൊടുക്കും. അയാൾക്കും സന്തോഷമാണ്. മാസത്തിൽ ഒരു തവണയെങ്കിലും മനുക്കുട്ടന്റെയമ്മ ഭർത്താവിന്റെ കൂടെ മനുക്കുട്ടനെ കാണാനെത്തും. കുറേ പലഹാരങ്ങളുമായി ദേവയും നിരഞ്ജനും അതിൽ സന്തോഷമേയുള്ളൂ. മനുക്കുട്ടന്റെ സന്തോഷമാണ് അവർക്കു വലുത്!

അടുക്കളയിലെ ആ ജാലകം ദേവയിപ്പോൾ തുറക്കാറില്ല. അവൾക്ക് സന്തോഷം കിട്ടിക്കൊണ്ടിരുന്ന കാഴ്ച ഇപ്പോൾ അവളുടെ കൂടെ തന്നെയുണ്ടല്ലോ!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ