"ശരിക്കും ഇഷ്ടമായോ?", അവൾ ചോദിച്ചു. പട്ടണത്തിൽ വസ്തു ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിലെ 'പ്രോപ്പർട്ടി കൺസൽട്ടൻറ്' ആണ് രേവതി. അതേ പട്ടണത്തിൽ താമസത്തിനായി വീടുതിരയുകയാണ്, അവിടേയ്ക്കു സമീപകാലത്തു സ്ഥലം മാറിവന്ന തേജസ്.
"നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ രണ്ടു കിടപ്പുമുറികൾ ഉള്ള വീടെന്തിനാണ്? ഞങ്ങളുടെ പക്കൽ ഒരു കിടപ്പുമുറിയുള്ള നല്ല വീടുകൾ ഉണ്ട്. വിലയും കുറവാണ്. നിങ്ങളുടെ വരുമാനത്തിന് അതാവും നല്ലത്.", രേവതി പറഞ്ഞു.
"ഒറ്റയ്ക്കല്ല, കുട്ടിമാളു ഉണ്ട്. അവൾ ഗർഭിണിയാണ്.", തേജസ് പറഞ്ഞു.
"അതു ശരി, അങ്ങനെയാണെങ്കിൽ ഭാര്യയെക്കൂടെ വീടു വാങ്ങുന്നതിൽ പങ്കാളിയാക്കിയാൽ കൂടുതൽ തുക വായ്പയായി ലഭിക്കുമല്ലോ." രേവതി അഭിപ്രായപ്പെട്ടു.
അയാൾ പൊട്ടിച്ചിരിച്ചു.
"എന്തെ ചിരിക്കാൻ?" അവൾ ചോദിച്ചു.
"കുട്ടിമാളു ഭാര്യയല്ല. എന്നെപ്പോലെ ഒറ്റയ്ക്കായതുകൊണ്ടു കൂടെ കൂട്ടിയതാണ്." പിന്നെ ഇതും കൂടി അയാൾ പറഞ്ഞു. "കുട്ടിമാളു പൂച്ചയാണ്, സുന്ദരിയാണ്."
ഇത്തവണ ചിരിച്ചത് അവളായിരുന്നു. പിന്നീടവൾ അതോർത്തു പലവട്ടം ഊറിച്ചിരിച്ചിട്ടുണ്ട്. അവൾക്കും പൂച്ചകളെ ഇഷ്ട്ടമായിരുന്നു. വെളുപ്പിൽ കറുത്ത പാടുകളുള്ള ഒരു കുഞ്ഞു പൂച്ച അവളുടെ കുട്ടിക്കാലത്തു മുത്തശ്ശിയുടെ വീട്ടിലുണ്ടായിരുന്നു. "അതിനെ ഒന്നു നിലത്തു വയ്ക്കുമോ എന്റെ കുട്ടിയേ" എന്ന് മുത്തശ്ശി ഇടയ്കിടയ്ക്കു പറയുമായിരുന്നു.
രേവതി കാട്ടിക്കൊടുത്ത പല വീടുകളും അയാൾക്കിഷ്ടമായി. തുടക്കത്തിലെതന്നെ അയാളുടെ ഇഷ്ടങ്ങൾ അവൾ നന്നായി മനസ്സിലാക്കിയിരുന്നു. തിരക്കിൽ നിന്നും അല്പം ഒഴിഞ്ഞുമാറി, വലിയ റോഡുകൾ ഒഴിവാക്കി, തുറസ്സുള്ള പ്രദേശത്തിനരികിൽ കാറ്റും വെളിച്ചവും ധാരാളമായി കടന്നുവരുന്ന ഒതുക്കമുള്ള വീടിനു മുൻപിലും പിറകിലും കണിശമായും മുറ്റമുണ്ടായിരിക്കണം. അവൾക്കും അത്തരം വീടുകളോടു പ്രണയമായിരുന്നു.
ബാല്യത്തിൽ അവൾ ഓടിക്കളിച്ച മുത്തശ്ശിയുടെ വീടിന്റെ വിശാലമായ മുറ്റം രേവതിയുടെ ദൗർബല്യമായിരുന്നു. വളർച്ചയുടെ പല ഘട്ടത്തിലും അതവൾ കൂട്ടുകാരോടും സഹപ്രവർത്തകരോടും പങ്കുവച്ചിട്ടുണ്ട്; അവിടെ കളിച്ചതും, മറിഞ്ഞുവീണു മുട്ടു പൊട്ടിയതും ഒക്കെ. എന്നെങ്കിലും ഒരു വീടു സ്വന്തമാക്കുമ്പോൾ അതുപോലെ ഒരു മുറ്റമുണ്ടായിരിക്കണമെന്നും, അതിന്റെ ഒരു കോണിൽ ഒരു മൂവാണ്ടൻ മാവുണ്ടായിരിക്കണമെന്നും അവൾ തീരുമാനിച്ചിരുന്നു.
കാറും കോളും നിറഞ്ഞ പിൽക്കാല ജീവിതത്തിൽ, അവളും മുത്തശ്ശിയും പട്ടണത്തിലെ വാടക വീട്ടിൽ എത്തപ്പെട്ടു. ഹ്രസ്വമായ വിവാഹ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും അവളെ കുറേയേറെ അന്തർമുഖിയാക്കിത്തീർത്തിരുന്നു. കൊഴിഞ്ഞു വീണ ഗതകാലപത്രങ്ങൾ അവളുടെ മനസ്സിന്റെ തിരുമുറ്റങ്ങളിൽ അഭംഗി ചാർത്തിക്കിടന്നു. എന്നെങ്കിലും അതു വാരിക്കൂട്ടി തീ കായുമ്പോൾ, ഒപ്പമിരുന്നു വർത്തമാനം പറയാൻ അടുപ്പമുള്ള ആരെങ്കിലും ഉണ്ടാകണമെന്നവൾ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു.
മുത്തശ്ശിയുടെ വീടും, മറ്റു ബന്ധുക്കളും നഷ്ടപ്പെട്ട രേവതി, പട്ടണത്തിലെത്തി അന്യരെ വീടുവാങ്ങാൻ സഹായിക്കുന്ന ജോലി കണ്ടെത്തിയത് അവൾക്കുതന്നെ ഒരത്ഭുതമായിരുന്നു. സിവിൽ എൻജിനീയറിങ്ങിൽ യോഗ്യത ഉണ്ടായിരുന്നിട്ടും എത്തപ്പെട്ടത് 'സെയിൽസ്' ൽ ആയിരുന്നു. ജീവിതത്തിൽ ഇത്തരം വൈരുധ്യങ്ങൾ ധാരാളമാണെന്നു സ്വന്തം ജീവിതത്തിലൂടെ അവൾ മനസ്സിലാക്കിയിരുന്നു.
വേനലിന്റെ ആരംഭത്തിലാണ് വീടുവാങ്ങാനുള്ള പദ്ധതിയുമായി തേജസ് അവളുടെയടുത്തെത്തുന്നത്. വിവാഹമോചനത്തോടെ പഴയ ബന്ധത്തിന്റെ കണക്കുകൾ തീർത്തപ്പോൾ, ഉണ്ടായിരുന്ന കിടപ്പാടം തേജസ്സിനു നഷ്ടപ്പെട്ടിരുന്നു. പുറമെ വലിയ കടവും. വേദനിപ്പിക്കുന്ന പരിസരങ്ങളിൽ നിന്നും രക്ഷപ്പെടാനായി അയാൾ പട്ടണത്തിൽ അഭയം തേടുകയായിരുന്നു.
എന്നെങ്കിലുമൊരിക്കൽ വീണ്ടുമൊരു ഇണക്കിളി ഉണ്ടാകണമെന്നും അതിനുള്ള പ്രാരംഭനടപടിയായി, സ്വന്തമായി ചെറുതെങ്കിലും, ഭംഗിയുള്ള ഒരു കൂടൊരുക്കണമെന്നും അയാൾ തീരുമാനിച്ചിരുന്നു.
രേവതിയുടെ പ്രൊഫഷണൽ സഹായത്തിൽ തേജസ്സ് സംതൃപ്തനായിരുന്നുവെങ്കിലും, ഭവനവായ്പ ലഭിക്കുന്നതിൽ പരാജയങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. അതിനു കാരണം തേജസ്സിന്റെ സാമ്പത്തിക ചുറ്റുപാടുകൾ തന്നെയായിരുന്നു. ആഴ്ചകൾ കൊണ്ട്, നിരന്തരമായ ചർച്ചകളിലൂടെ, വീടു വാങ്ങുന്നതിൽ അവർ വളരെ പുരോഗമിക്കുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.
നാലു വാരങ്ങൾക്കു ശേഷം മറ്റൊരു വീടു കാണാനായി അയാളെ അവൾ ക്ഷണിച്ചിരുന്നു. അവളുടെ സ്വപ്നഗൃഹം പോലെ, മുറ്റവും അതിന്റെ ഒരു കോണിൽ മൂവാണ്ടൻ മാവുമുള്ള ആ വീടിനരികിൽ അയാളെ കണ്ടപാടെ രേവതി ചോദിച്ചു.
"ഹലോ തേജസ്, എന്തുണ്ട് വിശേഷം?"
"ഹലോ രേവതി, നല്ല വിശേഷം. രേവതിയുടെ സ്വപ്നങ്ങളിലെ വീടാണല്ലോ എനിക്കായി താൻ ഈ കണ്ടെത്തിയത്. മുറ്റവും മൂവാണ്ടൻ മാവുമുള്ള ഈ വീട് കഴിയുമെങ്കിൽ താൻ സ്വന്തമാക്കിക്കോളു. എന്റെ പക്കലുള്ള ഡെപ്പോസിറ്റ് തുക രേവതിക്കു തരുന്നതിൽ സന്തോഷമേ ഒള്ളു. സാവധാനം തിരികെ തന്നാൽ മതി."
"വളരെ സന്തോഷമുണ്ട് തേജസ്; ഇങ്ങനെ കേട്ടതിൽ. അത് പോകട്ടെ, കുട്ടിമാളു എന്തു പറയുന്നു?"
"വിഷയം മാറ്റണ്ട കാര്യമില്ല. അവൾക്കല്പം ക്ഷീണമുണ്ട്. പ്രസവത്തിനു മുൻപുതന്നെ വീടുവാങ്ങണമെന്നു അവൾക്കു വലിയ നിർബന്ധം. പിന്നെ... പ്രസവ ശുശ്രൂഷയ്ക്ക് ആരെയെങ്കിലും കണ്ടെത്തുകയും വേണം. നടക്കുമോ വല്ലതും?"
"തേജസ്സിന് ഇഷ്ട്മാണെങ്കിൽ നമുക്കതു നടത്തിക്കളയാം." രേവതി പെട്ടെന്നു പ്രതിവചിച്ചു.
സംശയനിവാരണത്തിനായി അവൾ വീണ്ടും ചോദിച്ചു, "ശരിക്കും ഇഷ്ടമായോ?"
മനോഹരമായ അവളുടെ കണ്ണുകൾ വായിച്ചുകൊണ്ടയാൾ പറഞ്ഞു. "നൂറുവട്ടം"
ഒരുപാടു നാളുകൾക്കു ശേഷം അപ്പോളവൾ വ്രീളാവതിയായി ഇങ്ങനെ മൊഴിഞ്ഞു. "ബന്ധത്തിലുള്ള ഒരുപാടുപേർക്കു മുത്തശ്ശി പ്രസവ ശുശ്രൂഷ ചെയ്തിട്ടുള്ളതാണ്. അവരാരും പിന്നീട് തിരിഞ്ഞു നോക്കിയിട്ടുകൂടിയില്ല. കുട്ടിമാളു ഒരു മൃഗമല്ലേ, മനുഷരെപ്പോലെ ഒരിക്കലും നന്ദികേടു കാട്ടില്ലെന്നെനിക്കു ഉറപ്പുണ്ട്."
അയാൾ പുഞ്ചിരിച്ചു. "അതു നന്നായി. കുട്ടിമാളുവിനു രേവതിയുടെ മുത്തശ്ശിയെ ഇഷ്ടമാകും. നൂറുവട്ടം."