(Jinesh Malayath)
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അജീഷ് ഉണർന്നത്. ഞായറാഴ്ചയുടെ ആലസ്യത്തെ നശിപ്പിച്ചതിന്റെ ഈർഷ്യയോടെ അവൻ വാതിൽ തുറന്നു. ഒരു പുരുഷനും സ്ത്രീയും നാലും ഒന്നും വയസ്സുള്ള രണ്ടു കുട്ടികളും. മുഖത്തെ ഈർഷ്യ പുറത്ത് കാണാതിരിക്കാൻ അവൻ പരമാവധി ശ്രദ്ധിച്ചു. എന്നാലും മുഖഭാവത്തിൽ നിന്ന് അത് വായിച്ചിട്ടെന്നോണം പുരുഷൻ ആദ്യമേത്തന്നെ ക്ഷമാപണം നടത്തി.
"ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം സർ,ഞങ്ങൾ ഒരു യാത്ര പോവുകയായിരുന്നു. വഴിയിൽ വച്ച് ബൈക്ക് ഓഫ് ആയിപ്പോയി. എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. ഇവരെ കുറച്ചു നേരം ഇവിടെ നിൽക്കാനനുവദിച്ചാൽ ഞാൻ എവിടെയെങ്കിലും പോയി പെട്ടന്ന് ശരിയാക്കി വരാം."
അവന് അതത്ര സ്വീകാര്യമായി തോന്നിയില്ല. പക്ഷേ ആ കുട്ടികളുടെ മുഖത്തു നോക്കുമ്പോൾ എന്തോ ഒരു നീറ്റൽ. അവന് ഭാര്യയെ ഓർമ്മ വന്നു. ആദ്യ പ്രസവത്തിനായി നാട്ടിൽ പോയതാണ് അവൾ. പക്ഷേ കഷ്ടകാലം കൊണ്ടോ എന്തോ രണ്ടു ദിവസത്തിനുള്ളിൽ അവർക്ക് ആ പൊന്നോമനയെ നഷ്ടപ്പെട്ടു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് അവൾ. അവൻ അറിയാതെ തലയാട്ടി.
അയാൾ പോയതോടെ ചെറിയൊരു സംഭ്രമത്തിലായ അവർ സിറ്റൗട്ടിലെ കസേരയിൽ കുഞ്ഞിനെയും കൊണ്ട് ഇരുന്നു. അവൻ വാതിലടച്ച് മുടങ്ങിപ്പോയ ഉറക്കം പുനരാരംഭിക്കാനായി റൂമിലേക്ക് നടന്നു. പക്ഷേ ഉറക്കം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ മനസ്സിൽ ആ കുഞ്ഞുങ്ങളുടെ മുഖം തെളിഞ്ഞു നിന്നു. അവർ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?അവൻ ഉടനെ ഫോണെടുത്ത് ഭാര്യയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അതിനു ശേഷം ആ ദിവസത്തെ ശപിച്ചു കൊണ്ട് വേഗം കുളി കഴിഞ്ഞ് അടുക്കളയിൽ കയറി മൂന്ന് ചായയുണ്ടാക്കി. വാതിൽ തുറന്നപ്പോൾ അതേ പടി ഇരിക്കുകയാണ് ആ അമ്മയും മക്കളും. അവന് കുറ്റബോധം തോന്നി. അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.അല്ലെങ്കിൽ നാളെ തൊട്ട് അയൽപക്കങ്ങളിൽ തന്റെ അസാന്മാർഗികത്വത്തിന്റെ വെബ്‌സീരീസുകൾ ഇറങ്ങിത്തുടങ്ങും.
ഒരു അങ്കലാപ്പോടെ അവർ ഹാളിലെ സോഫയിൽ ഇരുന്നു.എതിരെയുള്ള സീറ്റിൽ അജീഷും. മൂത്ത കുട്ടി ഒരു പാവയെപ്പോലെ അമ്മയുടെ സാരിത്തുമ്പും പിടിച്ച് അടുത്ത് നിൽക്കുന്നുണ്ട്. വേറൊരു പണിയും ഇല്ലാത്തതിനാൽ സ്വതേ അന്വേഷണകുതുകിയായ അവൻ അവരുടെ ജീവചരിത്രം ചികയാൻ തീരുമാനിച്ചു.
പരസ്പരം സ്നേഹിച്ച കുറ്റത്തിന് രണ്ട് കുടുംബങ്ങളിൽ നിന്നും പടിയിറക്കപ്പെട്ട് ഇവിടെ വന്ന് കൂടിയതാണവർ. ഭർത്താവിന് ഒരു ഒരു പാക്കിങ് കമ്പനിയിലാണ് ജോലി. തുച്ഛമായ ശമ്പളത്തിലും സമാധാനത്തോടെ ജീവിക്കുന്നു. രണ്ടു കുട്ടികളായിട്ടുപോലും രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കിയിട്ടില്ല. പഴയ ബൈക്ക് മാറ്റി പുതിയതൊന്ന് വാങ്ങണമെന്ന് കരുതിയിരുന്നെങ്കിലും കൊറോണ കാരണവർ വിലക്കിയത് കാരണം ഇതുവരെ സാധിച്ചിട്ടില്ല. അജീഷിന് അത്ഭുതം തോന്നി. ഇതു തന്നെയല്ലേ തന്റെ ജീവിതവും?ഒരു മാറ്റം മാത്രം. ഭാര്യവീട്ടുകാരുടെ സപ്പോർട്ട്. പക്ഷേ ആ സപ്പോർട്ട് അവൾക്ക് മാത്രമേയുള്ളൂ. തനിക്ക് ഇന്നും രണ്ട് വീടും അന്യമാണ്. പിന്നെ വാശിയും നല്ലൊരു ജോലിയും ഉള്ളതുകൊണ്ട് അതിന്റെ തീവ്രത അറിഞ്ഞിട്ടില്ലെന്നു മാത്രം.
സ്വന്തം ജീവിതചരിത്രങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് അവരുടെ ഫോൺ ബെല്ലടിച്ചത്. ഭർത്താവാണ്.വണ്ടി ശരിയാവാൻ ഇനിയും സമയമെടുക്കുമത്രേ. അവൻ ഉടനെ അവരുടെ ഫോൺ വാങ്ങി അയാളോട് സംസാരിച്ചു."ഇവിടത്തെ കാര്യം ഒന്നുകൊണ്ടും പേടിക്കേണ്ട. നിങ്ങൾ വണ്ടി ശരിയാക്കിയിട്ട് വന്നാൽ മതി." അയാളുടെ സ്വരത്തിൽ രൂപപ്പെട്ട ആശ്വാസം അവൻ തിരിച്ചറിഞ്ഞു. ആ ഫോൺ വെച്ചപ്പോഴേക്കും അവരുടെ ഉള്ളിലുണ്ടായിരുന്ന അകൽച്ച പൂർണമായും അകന്നിരിന്നു. അവരുടെ നിർദേശപ്രകാരം അവൻ മാർക്കറ്റിൽ പോയി പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവന്നു. അവരെ വീട്ടിലാക്കി പോകുന്നതിൽ അവനൊരു അവിശ്വാസവും തോന്നിയില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു നല്ല സദ്യ തന്നെ ആ സ്ത്രീ തയ്യാറാക്കി. സ്വന്തം അമ്മയുടെ കൈപ്പുണ്യം അവൻ ആ ഭക്ഷണത്തിൽ അനുഭവിച്ചു. കുറേ കാലമായി ഫാസ്റ്റ്ഫുഡ് മാത്രം രുചിച്ചുശീലിച്ച അവന് അതൊരു തിരിച്ചറിവിന്റെ നിമിഷമായിരുന്നു. അവൻ അമ്മയെ ഓർത്തു. അമ്മയോടൊത്തുള്ള പഴയ കാലം ഓർത്തു. മുന്നിൽ നിന്ന് വിളമ്പിത്തരുന്ന ആ അജ്ഞാതസ്ത്രീയിൽ അജീഷ് സ്വന്തം അമ്മയെ കണ്ടു. അവരുടെ പുഞ്ചിരിയിൽ അമ്മയുടെ വാത്സല്യമുണ്ടായിരുന്നു. അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു.
ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും അവന്റെ മനസും വയറും ഒരുപോലെ നിറഞ്ഞു. അമ്മയുടെ സാരിത്തുമ്പിൽ ചുറ്റി നടന്നിരുന്ന പാവക്കുട്ടിക്ക് അപ്പോഴേക്കും നൂറു നൂറു നാവുകൾ മുളച്ചിരുന്നു. അവൾ വിശ്രമമില്ലാതെ ആ വീടുമുഴുവൻ പാറി നടന്നു. ആദ്യമായാണ് അവൾ അങ്ങനെയൊരു വീട് കാണുന്നതെന്ന് തോന്നുന്നു. എത്ര നേരം അതും നോക്കിയിരുന്നു എന്നറിയില്ല. പെട്ടന്നാണ് ആ സ്ത്രീ അടുത്തുവന്ന് അവന്റെ തലയിൽ തഴുകിക്കൊണ്ട് അടുത്തിരുന്നത്. അവൻ തിരിഞ്ഞു നോക്കി. "അജീഷിന് ഒരു തവണയെങ്കിലും അമ്മയെ ഒന്ന് വിളിച്ചൂടെ. ഒരുപക്ഷേ അവർ അത് ആഗ്രഹിക്കുന്നുണ്ടെങ്കിലോ?" ഒരു നിമിഷം!അവന്റെ ശരീരമൊന്നു വിറച്ചു!അടുത്ത നിമിഷം അവൻ അവരുടെ കൈ കൂട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു! അവർ അവനെ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ മനസിലെ ഭാരം തീരുന്നത് വരെ അവിടെയിരുന്നു.
പാവക്കുട്ടി അപ്പോഴും കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. അവൻ മോളെ അടുത്തുവിളിച്ചു. "നിങ്ങളെങ്ങോട്ട് പോകാൻ ഇറങ്ങിയതാ?
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. "കുറേ ദിവസമായി അച്ഛൻ ഞങ്ങളെ ടൂർ കൊണ്ടോവാം എന്ന് പറഞ്ഞിട്ട്. അച്ഛന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു. ഇപ്പോ കുറച്ച് പൈസ കിട്ടിയപ്പോ എനിക്ക് ഇഷ്ടപ്പെട്ടിടത്തേക്കൊക്കെ കൊണ്ടോവാം ന്നും പറഞ്ഞ് ഇറങ്ങിയതാ. പക്ഷേ ഇപ്പൊ അച്ഛന്റെ കയ്യിലത്തെ പൈസയൊക്കെ കഴിഞ്ഞിട്ടുണ്ടാവും." ആ സ്ത്രീ അവളെ കണ്ണുകൊണ്ട് വിലക്കുന്നുണ്ടായിരുന്നു. പക്ഷേ അവളതൊന്നും ശ്രദ്ധിച്ചതേയില്ല.
അയാൾ തിരിച്ചെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. വന്ന ഉടനേ അയാൾ അവനോട് നന്ദി പറഞ്ഞ് അവരെയും കൊണ്ട് പോവാൻ തയ്യാറായി. വിയർത്തുകുളിച്ച് നിൽക്കുന്ന അയാളെ കണ്ടാൽ തന്നെ അറിയാമായിരുന്നു പാവം ഇന്ന് ഒന്നും കഴിച്ചിട്ടില്ല എന്ന്. അയാളോട് കുളിച്ചുവന്ന് ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് അവൻ പറഞ്ഞപ്പോൾ അയാളൊന്നു പകച്ചു.
കുളി കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ ഉടനെ അവൻ അവരുടെ മുൻപിൽ വെച്ചുതന്നെ മാനേജരെ വിളിച്ചു.
"ഹെലോ സർ, എന്റെ ചേച്ചിയും ഭർത്താവും കുട്ടികളും ഇന്ന് അപ്രതീക്ഷിതമായി വിരുന്നു വന്നിട്ടുണ്ട്. നാളെ ഞങ്ങൾ ഒരു ടൂർ പോവുകയാണ്. അതുകൊണ്ട് ഞാൻ രണ്ടു ദിവസം ലീവിലായിരിക്കും." പകച്ചു നിന്ന അവരുടെ മുഖത്ത് നോക്കാതെ അവൻ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.