(Abbas Edamaruku)
കുളികഴിഞ്ഞ് ഈറൻ തുണികൾ അയയിൽ ഉണക്കാനിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നത്. തുണികൾ വിരിച്ച് അയ ഉയർത്തി വയ്ക്കാനുള്ള കവരക്കമ്പ് കൈകയിൽ എടുത്തുകൊണ്ട് കുനിഞ്ഞു
നിവർന്ന അവൾ... വല്ലാത്തൊരു വിസ്മയത്തോടെ എന്നെ നോക്കി ഒരു നിമിഷം നിന്നു. മെല്ലെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
"അബ്ദു..."
സദാ ഗൗരവമാർന്ന മുഖത്ത് പ്രയാസപ്പെട്ട് ഞാൻ ഒരു പുഞ്ചിരി വിടർത്തി. പണ്ട് അവളെ കാണുമ്പോൾ ചിരിക്കാറുള്ള അതേ ചിരി. നനവുപറ്റിയ ശരീരത്തിൽ അയഞ്ഞുകിടന്ന അവളുടെ നിറം മങ്ങിയ നൈറ്റി കണ്ടപ്പോൾ എനിക്ക് തോന്നി അവൾ ഒരുപാട് മെലിഞ്ഞു പോയിട്ടുണ്ടെന്ന്. കമ്പ് നന്നായി കുത്തി നിറുത്തിയിട്ട് ഈറൻ തലമുടിയിൽ തോർത്തു കൊണ്ട് ചുറ്റിക്കെട്ടി കൊണ്ട് അവൾ ചോദിച്ചു.
"അബ്ദു എന്താ ഇപ്പോൾ വന്നത്.?"
ഒരുനിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ അവളെ തന്നെ നിർനിമേഷനായി നോക്കിക്കൊണ്ട് ഞാൻ നിന്നു. ഇടിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന അവളുടെ കൊച്ചു വീടിനുനേർക്ക് ഞാൻ നോക്കി.അതിന്റെ ചുവരുകൾ നിറംമങ്ങി അടർന്നു പോയിരിക്കുന്നു.
"അബ്ദു..."അവൾ വീണ്ടും വിളിച്ചു.
"കയറി വരൂ... എന്താ അവിടെ തന്നെ നിന്നത് ഒന്നും പറഞ്ഞതുമില്ല?" അവൾ എന്നെ ആനയിച്ചുകൊണ്ട് വീടിന് നേർക്ക് നടന്നു.
"ഇരിക്കൂ..."
പൂമുഖത്ത് രണ്ട് ഫൈബർ കസേര കിടക്കുന്നുണ്ട്. നിറംമങ്ങി പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ കസേരകൾ. അതിലൊന്നിൽ ഞാൻ മെല്ലെ ഇരുന്നു.
ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ കഴുത്തിൽ പറ്റിച്ചേർന്നു കിടന്ന ആ കൊച്ചുമാലയിൽ പതിഞ്ഞു. ഉള്ളിൽ ഒരു ആന്തൽ... ഞാൻ വിശ്വാസം വരാത്തതുപോലെ വീണ്ടും അതിലേക്കു സൂക്ഷിച്ചു നോക്കി. അവൾ എന്റെ നോട്ടം കണ്ടുകഴിഞ്ഞിരുന്നു. പുഞ്ചിരിയോടെ അവൾ എന്നെ നോക്കി ചോദിച്ചു.
"അബ്ദു എന്താ മാലയാണോ നോക്കുന്നത്.? നിനക്ക് ഓർമ്മയുണ്ടോ ഈ മാല എനിക്ക് സമ്മാനിച്ചത്? "
ഏഴുവർഷങ്ങൾക്കു മുമ്പ് ഞാൻ ഈ വീടിന്റെ ഇടനാഴിയിൽ വെച്ച് മറ്റാരും കാണാതെ അവൾക്ക് കൊടുത്ത സമ്മാനം. താൻ പണിയെടുത്ത് ആഗ്രഹിച്ചു മേടിച്ച മാല. താൻ വിവാഹം കഴിക്കുന്ന പെണ്ണിന് നൽകാനായി കരുതിവെച്ചത്. ഒരുകാലത്ത് ഇവൾ തന്റെ പ്രിയസഖി ആയിരുന്നില്ലേ. അതേ, തന്റെ ഹൃദയസ്പന്ദനം ആയിരുന്നു...ഹൃദയരക്തം ചാലിച്ചെടുത്ത ചിത്രം. എന്നിട്ടും...താൻ എന്തേ ആ വർണ്ണചിത്രത്തെ മുറിപ്പെടുത്തി.?
"നഫീസു... "
അവൾ ഒരു നിമിഷം ഞെട്ടിയെന്ന് തോന്നി. പണ്ട് ഞാൻ വിളിക്കാറുള്ള സ്നേഹമൂറുന്ന ആ വിളിയിൽ.
"മജീദ് എവിടെ പോയതാ.? നിന്റെ മോൾ എവിടെ.? "
ഒരുനിമിഷം അവളുടെ മുഖത്ത് ശോകം നിറഞ്ഞു. അവൾ നനവാർന്ന മിഴികളോടെ ദയനീയമായി എന്നെ നോക്കി.
"മോള് നേഴ്സ്സറിയിൽ പോയി, ഇക്കാ വണ്ടി ഓടിക്കാൻ പോയി. സന്ധ്യയാകുമ്പോൾ വരും... ചിലപ്പോൾ രാത്രിയാകും. എന്തായാലും വരും. നാലുകാലിൽ ആയിരിക്കുമെന്ന് മാത്രം."അവരുടെ ശബ്ദമിടറി.
"നഫീസു..."ഞാൻ വീണ്ടും വിളിച്ചു.
എന്റെ വിളികേട്ട് അവൾ മുഖമുയർത്തി എന്നെ നോക്കി. ആ കൃഷ്ണമണികളിൽ ഞാൻ കണ്ടു...വല്ലാത്ത തിരയിളക്കം. പണ്ട് അവളുടെ കൃഷ്ണമണികളിൽ താൻ കണ്ടിരുന്ന അതേ നിസ്സഹായതയുടെ നീർതിളക്കം.
ഏഴുവർഷങ്ങൾക്ക് മുൻപാണ് ഇവളെ താൻ ആദ്യമായി പരിചയപ്പെട്ടത്. അതും ഇതുപോലൊരു വേനൽക്കാലത്ത്. നാട്ടിലെ താമസം വിട്ട് ടൗണിലേക്ക് താമസം മാറ്റിയെങ്കിലും വീടും, തൊടിയും വിറ്റിരുന്നില്ല. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് പുരയിടം വൃത്തിയാക്കാനും, ചിലതൊക്കെ കൃഷിയിറക്കാനും ആയിട്ടാണ് ഞാൻ ജന്മനാട്ടിൽ വീണ്ടും എത്തിച്ചേർന്നത്. പകൽ മുഴുവൻ പണിക്കാരോടൊത്ത് പറമ്പിൽ ജോലി... രാത്രി പഴയ വീട്ടിൽ താമസം. കടയിൽനിന്ന് ഭക്ഷണം.
വീടിനു മുന്നിൽ ഒരു കൊച്ചു വീടുണ്ട്. നാട്ടിലെ വലിയ ജന്മിയുടെ വകയാണ് ആ വീട്. അവിടെ പലപ്പോഴും വാടകക്കാർ ഉണ്ടാവാറുണ്ട്. ആകുറി ഞാൻ നാട്ടിൽ താമസത്തിന് വന്നപ്പോൾ... അവിടെ താമസക്കാരായി നഫീസുവും, ഉമ്മയുമാണ് ഉണ്ടായിരുന്നത്.
അയൽവക്കത്തെ പറമ്പ് എന്ന നിലയിൽ പലപ്പോഴും...നഫീസുവും, ഉമ്മയും ചൂട്ട്, വിറക്, വെള്ളം എന്നിവയൊക്കെ എടുക്കാൻ എന്റെ പുരയിടത്തത്തെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ നാട്ടിലെത്തിയ ആദ്യദിവസം തന്നെ നഫീസുവുമായി പരിചയത്തിലായി. വെയിൽ ഉറയ്ക്കുന്നതുവരെ പുരയിടത്തിൽ ജോലി... അത് കഴിഞ്ഞാൽ പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ വായനയും, കുത്തിക്കുറിക്കലുകളും ഒക്കെ ആയി സമയം പോക്കും. നാട്ടിൽനിന്നു കൊണ്ടുവന്ന പുസ്തകങ്ങളും, പത്രങ്ങളും ഒക്കെ ഒഴിവുസമയങ്ങളിലെ വിരസതയ്ക്ക് ഒരു പരിധിവരെ പരിഹാരമായി. ഇതിനിടയിലെപ്പോഴോ എന്റെ വായന കണ്ടറിഞ്ഞ് നഫീസു, പുസ്തകങ്ങൾ ഉണ്ടോ എന്ന് ചോദിക്കുകയും വായിക്കാനായി വാങ്ങി കൊണ്ടു പോവുകയും ചെയ്തു.
പതിയെ പതിയെ സൗഹൃദത്തിന്റെ അതിരുവിട്ട്... സ്നേഹത്തിന്റെ പാതയിലൂടെ പ്രണയത്തിന്റെ ആഴക്കടലിലേയ്ക്ക് ഞാൻ വഴുതിവീണു. നഫീസു എന്ന നിഷ്കളങ്കയും, അവളുടെ ഉമ്മയും, ആ കൊച്ചുവീടും എല്ലാം കുറച്ചു ദിവസങ്ങൾ കൊണ്ട് എന്റെ ഹൃദയത്തിൽ കയറിപ്പറ്റി. ഹാർട്ട്‌രോഗിയായ ആ ഉമ്മയും, മോളും വളരെ ബുദ്ധിമുട്ടി കൂലിപ്പണിയും മറ്റുമെടുത്താണ് കഴിയുന്നത്. പറയത്തക്ക ബന്ധുക്കൾ ആരും തന്നെ അവർക്കുണ്ടായിരുന്നില്ല.
അങ്ങനെ പ്രണയാതുരമായ ദിനങ്ങൾ ഒന്നൊന്നായി കടന്നു പോയിക്കൊണ്ടിരിക്കവേ... പെട്ടെന്ന് വിദേശത്ത് പോകാൻ തയ്യാറെടുത്തു നിന്ന എനിയ്ക്കുള്ള വിസ സുഹൃത്ത് അയച്ചു തന്നത്. ഈ വിവരം അറിയിച്ചുകൊണ്ട് വീട്ടിൽ നിന്ന് വിളിവന്നതും ഞാനാകെ ധർമ്മസങ്കടത്തിലായി. നഫീസുവിനോട് എന്ത് പറയും... അവളെ വിട്ടുപിരിഞ്ഞുകൊണ്ട് പെട്ടെന്ന് എങ്ങനെ വിദേശത്തേക്ക് പോകും. എന്തായാലും പോയേ തീരൂ...
അന്ന് വൈകുന്നേരം എന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളം കോരാൻ എത്തിയ അവളെ... വീടിന്റെ മുറിക്കുള്ളിൽ വെച്ച് ഞാൻ നെഞ്ചോട് ചേർത്തു. ആ സമയം അവളുടെ മുടികെട്ടിൽ നിന്നുയർന്ന കാച്ചെണ്ണയുടെ ഗന്ധം എന്റെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു. എല്ലാം മറന്നുള്ള നിമിഷങ്ങൾ... ഒരു പെണ്ണിന് വിലപ്പെട്ടതെല്ലാം ഞാനന്ന് നഫീസുവിൽ നിന്ന് കവർന്നെടുത്തു. പിന്നീട് എത്രയോ പ്രാവശ്യം പുതുമ നശിച്ച ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ എന്റെ വീട്ടിലും,രാത്രികാലങ്ങളിൽ ഉമ്മാ ഉറങ്ങിക്കഴിയുമ്പോൾ... അവളുടെ വാടകവീടിന്റെ ഉള്ളറയിൽ വെച്ചും ഞാനവളെ സ്വന്തമാക്കി.
ഒരു പുരുഷനു മുന്നിൽ സമർപ്പിക്കാൻ സ്ത്രീ പരിശുദ്ധിയോടെ കാത്തുവെക്കുന്നതത്രയും നഫീസുവിൽ നിന്ന് ഞാൻ സ്വന്തമാക്കി. ഒരുനാൾ അവളെ മാറോടു ചേർത്ത് വികാരത്തള്ളലിന്റെ നിർവൃതിയിൽ തളർന്നു കിടക്കുമ്പോൾ അവൾ മെല്ലെ എന്റെ മിഴികളിൽ നോക്കി ചോദിച്ചു.
"അബ്ദു... നീ എന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ? അതോ എന്റെ ശരീരത്തെ മാത്രമാണോ നീ ഇഷ്ടപ്പെടുന്നത്.? "
"നഫീസു, എന്താ ഇത്? നീ എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയിരിക്കുന്നത്? " എഴുന്നേറ്റിരുന്ന് അവളുടെ മിഴികൾ തുടച്ചുകൊണ്ട് മാറോടു ചേർത്തണച്ചു. അപ്പോൾ കുളിരു പകർന്നു കൊണ്ട് പുറത്ത് രാത്രി മഴ ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു.
പിന്നീടും എത്രയോ തവണ... നിനക്ക് ഞാനുണ്ട് എന്ന പൊയ്‌വാക്ക് പറഞ്ഞുകൊണ്ട് ഒരു വേനൽമഴയായി ഞാൻ ഇവളിലേയ്ക്ക് പെയ്തിറങ്ങി യിട്ടുണ്ട്. ഒടുവിൽ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിന്റെ തലേരാത്രി... അവളുടെ വീട്ടിൽ കടന്നുചെന്ന് അവളെ നെഞ്ചോട് ചേർത്തുപിടിച്ച് എന്റെ കയ്യിൽ ഉണ്ടായിരുന്നു സ്വർണമാല അവൾക്ക് സമ്മാനിച്ചു.
"എന്താണിത്? "അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
"ഇതൊരു സ്വർണ്ണമാല ആണ്. ഇത്രകാലം കൊണ്ട് ഞാൻ ജോലി ചെയ്ത് സമ്പാദിച്ചത്. ഞാൻ നിക്കാഹ് കഴിക്കുന്ന പെണ്ണിന് കൊടുക്കുവാനായി ഉണ്ടാക്കി വെച്ചതാണ്."
"അതോ, ഇത്രനാളും എന്റെ ശരീരം നിനക്കുമുന്നിൽ കാഴ്ചവച്ചതിനുള്ള പ്രതിഫലമാണോ?" അവൾ എന്റെ വാക്കുകളെ വിശ്വാസം വരാത്തതുപോലെ എന്നെ നോക്കി.
"ഒരിക്കലും അല്ല. ഇത് എന്റെ ഒരു സമ്മാനമാണ് ഞാൻ പോയാലും നീ എന്നെ മറക്കാതിരിക്കാൻ. ഏറിയാൽ രണ്ടു വർഷം അതിനുള്ളിൽ ഞാൻ മടങ്ങിയെത്തും. പിന്നെ നമ്മുടെ നിക്കാഹ്." അന്ന് അവളോട് യാത്ര പറഞ്ഞു.
ആ സമയം ഞാൻ കൊടുത്ത ഒരു പവന്റെ മാല.... ആയിരം പവന്റെ മറ്റോടെ അവൾ നെഞ്ചോട് ചേർത്തു. എന്നിട്ട് പറഞ്ഞു.
"അബ്ദു പോയ് വരൂ... നിനക്കായി എത്രകാലം കാത്തിരിക്കാനും ഈ നഫീസു തയ്യാറാണ്."
നാടുവിട്ടു വിദേശത്ത് ജോലിക്ക് ചെന്നതോടെ... ഞാൻ ആളാകെ മാറി. നഫീസുവെന്ന നിഷ്കളങ്കയായ പെൺകുട്ടിയെ എന്നെന്നേക്കുമായി മറക്കാൻ ശ്രമിച്ചു. പലകുറി അവൾ വിശേഷങ്ങൾ തിരക്കി കൊണ്ടും, നാട്ടിലെ വിവരങ്ങളെക്കുറിച്ചും മറ്റും പറഞ്ഞ് കത്തുകളെഴുതി. ഒന്നിനുപോലും ഞാൻ മറുപടി അയച്ചില്ല. ഫോൺ കോളുകൾ അറ്റൻഡ് ചെയ്തില്ല. തന്റെ കാര്യം കണ്ടു കഴിഞ്ഞു. ഇനി അവളെ ഒഴിവാക്കണം അതായിരുന്നു എന്റെ ആഗ്രഹം. ഒരിക്കൽ അവളുടെ കത്ത് വന്നത് അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്ന എന്നറിയിച്ചു കൊണ്ടാണ്. അതിനും താൻ മറുപടി അയച്ചില്ല. പിന്നീട് അവസാനമായി ഒരു കത്ത് കൂടി വന്നു. അതിൽ ഇത്രയും എഴുതിയിരുന്നു.
"കഴിഞ്ഞ ആഴ്ച രാത്രിയിൽ ഉമ്മയ്ക്ക് പെട്ടെന്ന് അസുഖം കൂടി.ആശുപത്രിയിൽ കൊണ്ടുപോകും വഴി മരണപ്പെട്ടു. ഞാൻ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം. എന്നെ വിവാഹം കഴിക്കാൻ മജീദിനെ കൊണ്ട് ബന്ധുക്കളൊക്കെയും നിർബന്ധിക്കുന്നു. ഞാൻ അനുവാദം കൊടുത്തിട്ടില്ല. അബ്‌ദുവിന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്ന കാര്യം ഞാൻ പറഞ്ഞല്ലോ.? അബ്‌ദുവിന്റെ തീരുമാനം എന്തുതന്നെയായാലും അറിയിക്കണം. "
"തല്ക്കാലം ഇവിടെനിന്നു വരവ് നടക്കില്ലെന്നും കഴിഞ്ഞതൊക്കെ മറക്കണമെന്നും... മജീദിനെ വിവാഹം കഴിക്കണമെന്നും അറിയിച്ചുകൊണ്ട് ഞാൻ അവൾക്ക് ഒരു മറുപടി അയച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ഒരു നിഷ്കളങ്കയായ പെൺകുട്ടിയോട് താൻ ചെയ്തത കൊടും ക്രൂരത. ഒരിക്കലും മാപ്പർഹിക്കാത്ത ചതി.
അബ്ദു ഇരിക്കൂ...ഞാൻ ചായ ഇടാം." ഒരു നിമിഷം അനന്തതയിൽ നിന്നെന്നവണ്ണം എന്റെ ഓർമ്മകൾക്ക് തടയിട്ടുകൊണ്ട് അവളുടെ ശബ്ദം എന്റെ കാതിൽ വന്നു പതിച്ചു.
"നിൽക്കൂ...ചായ ഒന്നും വേണ്ട." ഞാൻ മെല്ലെ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.
അവൾ മെല്ലെ ഉൾമുറിയിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് വാതിലിൽ ചാരി നിന്നുകിതച്ചു. ഒരു നിമിഷം ഞാൻ അവളുടെ മിഴികളിലേയ്ക്ക് നോക്കി. ആ മിഴികൾ ഏതോ ഓർമ്മയിലെന്നവണ്ണം നിറയുന്നതും, ചുണ്ടുകൾ വിതുമ്പലടക്കാനെന്നവണ്ണം വിറകൊള്ളുന്നതും ഞാൻ കണ്ടു.
തലമുണ്ടിനുള്ളിൽ പൊതിഞ്ഞു വച്ച അവളുടെ ഈറനണിഞ്ഞ കാർകൂന്തൽ കൈ ഉയർത്തി ഒതുക്കിക്കൊണ്ട്...അവളുടെ തോളിൽ കയ്യിട്ട് പൊടുന്നനെ അവളെ എന്നിലേയ്ക്ക് ചേർത്തുകൊണ്ട് അവളുടെ കണ്ണീരണിഞ്ഞ ചുണ്ടിൽ അമർത്തി ചുംബിച്ചു ഞാൻ. ഉലുവയുടേയും, മഞ്ഞളിന്റേയും ഗന്ധം. പൊള്ളലേറ്റിട്ടെന്നവണ്ണം അവളൊന്നു പിടഞ്ഞു. ബലമായി എന്റെ കയ്യെടുത്തുമാറ്റികൊണ്ട് നിസ്സഹായയായി എന്നെ നോക്കി അവൾ തേങ്ങി.
"അബ്ദു...അരുത് ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്. അത് മറക്കരുത്." അവൾ വിതുമ്പി.
എന്റെ നാവിൽ അവളെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകൾ കിട്ടിയില്ല. നിശ്ചലനായി ഞാനാ മിഴികളിലേക്ക് നോക്കി നിന്നു. തുടർന്ന് അവളുടെ കണ്ണീർ കൈവിരൽ കൊണ്ട് തുടച്ചു മാറ്റി.
"നഫീസു...നിനക്കെന്നോട് വെറുപ്പ് ഇല്ലേ? പറയൂ നഫീസു... നിന്നിലെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തു നാടുവിട്ടു പോയ ഈ ദ്രോഹിയെ കൊല്ലാനുള്ള ദേഷ്യമില്ലേ നിനക്ക്? "
"ഇല്ല, ഒരിക്കലുമില്ല...എത്ര ശ്രമിച്ചിട്ടും ഇതുവരെ എനിക്ക് അതിന് കഴിയുന്നില്ല. അത്രമേൽ നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നു. മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട ഒരു പുരുഷൻ അവൻ എത്രയൊക്കെ വേദനിപ്പിച്ചാലും അവനെ സ്നേഹിക്കുന്ന പെണ്ണിന് അതൊന്നും ഒരു വേദനയാവില്ല. വേദനിച്ചാൽ തന്നെ അതെല്ലാം താൽക്കാലികം മാത്രം. അയാളെ ഒരുകാലത്തും വെറുക്കാനും അവൾക്കാവില്ല.
"അബ്ദു ഒരിക്കൽ എനിക്ക് തന്ന ഈ മാല... എന്റെ മഹറായി കണക്കാക്കണം എന്ന് പറഞ്ഞു കൊണ്ട് എനിക്ക് സമ്മാനിച്ച ഈ മാല മതി... ഈ ജന്മം മുഴുവൻ എനിക്ക് സൂക്ഷിച്ചുവെക്കാൻ. നിന്നെ ഓർത്തു വയ്ക്കാൻ.എന്നിലെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തതിന്റെ കൂടെ എന്റെ മനസ്സും നീ കവർന്നെടുത്തു. അതിനുള്ള പ്രതിഫലമായി നീ തന്ന നിന്റെ ഇഷ്ട സമ്മാനത്തെ ഇത്രകാലവും ഞാൻ സൂക്ഷിച്ചുവെച്ചു. എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഞാൻ ഇത് നഷ്ടപ്പെടുത്തുന്നില്ല. ഇനിയുള്ള കാലവും എന്റെ മരണം വരെയും ഞാൻ ഇത് സൂക്ഷിച്ചു വെക്കും." അവൾ മാല ചുണ്ടോടു ചേർത്തു.
"ഇപ്പോൾ പൊയ്ക്കൊള്ളു. ഞാൻ എന്നും നിന്റെ നന്മയ്ക്ക് വേണ്ടി മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ... ഞാൻ ആദ്യമായി അറിഞ്ഞ പുരുഷൻ നീയാണ്. നിന്നെ വെറുക്കാൻ എനിക്ക് ആവില്ല. അന്നും ഇന്നും." പിന്നീട് അവൾ പലതും പറഞ്ഞെങ്കിലും അതൊന്നും ഞാൻ കേട്ടില്ല. എന്റെ മനസ്സ് നിറച്ചും വർഷങ്ങൾക്കുമുൻപ് എന്റെ മാറിൽ പറ്റിചേർന്നുനിന്നു ആ നിഷ്കളങ്കയായ പെൺകുട്ടിയുടെ മുഖമായിരുന്നു.
"അബ്ദു ഇരിക്കൂ...ഞാൻ ചായ എടുക്കാം കുടിച്ചിട്ട് പോയാ മതി. "അവളിൽ നിന്ന് അകന്നുമാറി ഞാൻ വീണ്ടും കസേരയിൽ വന്നിരുന്നു. ചായ കൈകളിലേക്ക് തരുമ്പോൾ...അവൾ ചോദിച്ചു. "അബ്ദു നിന്റെ പെണ്ണ് സുഖമായിരിക്കുന്നോ? അവൾ എങ്ങനെ സുന്ദരിയല്ലേ.? "
"അതെ."
"കുട്ടികൾ എത്ര പേരുണ്ട്? "
"ഇതുവരെ ഇല്ല, രണ്ടുവട്ടം അബോർഷനായി. ഇപ്പോഴും കാത്തിരിപ്പിലാണ്." ഞാൻ നിരാശയോടെ തലകുമ്പിട്ടു.
"സമാധാനിക്കൂ... എല്ലാം അള്ളാഹുവിന്റെ തീരുമാനമല്ലേ. കാത്തിരിക്കൂ..."
"അതെ, അള്ളാഹുവിന്റെ തീരുമാനമാണ് എല്ലാം. എന്റെ ഹൃദയം വേദന കൊണ്ട് നിറഞ്ഞു. നിന്നോട് കാട്ടിയ ക്രൂരതയ്ക്ക് അള്ളാഹു എന്നെ പരീക്ഷിക്കുന്നതാണ് ഇതെല്ലാം. അല്ലെങ്കിൽ തന്നെയും അങ്ങനെ കരുതി സമാധാനിക്കാൻ ആണ് എനിക്കിഷ്ടം. അത്രയ്ക്ക് ക്രൂരതയല്ലേ നിന്നോട് ഞാൻ കാട്ടിയത്. ഒരു പുരുഷനും ചെയ്യരുതാത്തത്. നീയെന്ന പെണ്ണിനെ നിന്നിലെ സ്ത്രീത്വത്തെ... എല്ലാം ഈ കാമഭ്രാന്തനായ ഞാൻ ശരിക്കും നശിപ്പിക്കുകയായിരുന്നില്ലേ? നിന്നെ ഒരു ജീവച്ഛവം ആക്കി മാറ്റിയില്ലേ ഞാൻ? ആ കുറ്റബോധം ഓരോ നിമിഷവും എന്റെ മനസ്സിനെ നീറ്റുന്നു."
"എത്രയെത്ര ആശുപത്രികൾ, നേർച്ചകൾ, പ്രാർത്ഥനകൾ.... എന്നിട്ടും അള്ളാഹു ഇതുവരെ എന്നോട് കനിഞ്ഞില്ല. വിവാഹം കഴിഞ്ഞു വർഷം നാല് ആയിട്ടും ഒരു ബാപ്പ ആകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. എല്ലാം നിന്നോട് കാട്ടിയ ക്രൂരതയുടെ ശിക്ഷ. നിന്റെ കണ്ണുനീരിന്റെ ശാപം."
"ചെയ്തുപോയ തെറ്റുകൾക്ക് ഒന്നിനും പരിഹാരമല്ല എന്റെ ഈ ഏറ്റുപറച്ചിലും, ഞാനൊഴുക്കിയ കണ്ണുനീരുമെന്ന് എനിക്കറിയാം. എങ്കിലും എന്റെ ഒരു മനസ്സമാധാനത്തിന് ഇവിടെ വന്ന് നിന്നോട് എല്ലാം ഏറ്റു പറഞ്ഞുകൊണ്ട് മാപ്പിരക്കണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ വന്നത്... എനിക്ക് നീ മാപ്പു തരില്ലേ? " ഞാനവളുടെ മിഴികളിലേയ്ക്ക് നോക്കി.
അവൾ തലമുണ്ട് കൊണ്ട് എന്റെ മിഴികൾ തുടച്ചു.
"അരുത് ഇങ്ങനെ ഒന്നും പറയരുത്. അബ്‌ദുവിന്റെ മേൽ ഒരു ശാപം പതിച്ചിട്ടില്ല. എനിക്കതിന് ഈ ജന്മം കഴിയുകയുമില്ല. എന്നും എന്റെ മനസ്സിൽ നീ നിറഞ്ഞുനിന്നിട്ടേ ഉള്ളൂ... നീയീ സ്വർണമാല എന്റെ കൈയിൽ വെച്ച് തന്ന നിമിഷം ഞാൻ പല രാത്രികളിലും കിനാവ് കാണാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ നീ ഒരു ബാപ്പയാകും. നിനക്ക് കുട്ടികൾ ഉണ്ടാവും. അള്ളാഹു നിന്നെ കൈവിടില്ല. എന്റെ പ്രാർത്ഥന എന്നും നിനക്ക് കൂട്ടിനുണ്ടാകും."
"സ്നേഹം എന്തെന്ന് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി അറിഞ്ഞത് നിന്നിൽ നിന്നാണ്. ഇടയ്ക്കുവെച്ച് അത് കിട്ടാതെയായെങ്കിലും കിട്ടിയതത്രയും എന്നിൽ നിന്നു നഷ്ട്ടപ്പെട്ടുപോയിട്ടില്ല... ഞാൻ ഉറച്ചു വിശ്വസിക്കുന്നു." അവൾ പറഞ്ഞുകൊണ്ടിരുന്നു.
"ഇതാ ഈ മാലയുണ്ടല്ലോ എന്റെ മരണംവരെ ഞാനിത് സൂക്ഷിക്കും...നിന്റെ ഓർമ്മയ്ക്കായി. ഇതെന്നും എന്റെ കഴുത്തിൽ ഇതുപോലെ ഉണ്ടാവും. ഇത് കഴുത്തിൽ ഉള്ളിടത്തോളം നീയും നിന്റെ ഓർമ്മകളും എനിക്ക് അന്യമല്ല. എന്റെ ഒരു ശാപവും നിനക്ക് ഉണ്ടാവുകയുമില്ല. ധൈര്യമായി പോകൂ...ഭാര്യയുമൊത്ത് സന്തോഷത്തോടെ ജീവിക്കുക. നിനക്ക് കുട്ടികളുണ്ടാകാനായി ഞാനും ഒരു നേർച്ച കഴിക്കുന്നുണ്ട് നമ്മുടെ പള്ളിയിൽ."
"അബ്ദുവിന് കഴിക്കാൻ എന്തെങ്കിലും തരാമായിരുന്നു ഞാനത് മറന്നു. ഉമ്മാ മരിച്ചതോടെ ഞാൻ ഇവിടെ ഒറ്റയ്ക്കായി... ആ സമയത്താണ് കുടുംബക്കാരും, നാട്ടുകാരും എല്ലാം കൂടിച്ചേർന്ന് അകന്ന ബന്ധുകൂടിയായ ഡ്രൈവർ മജീദിനെ കൊണ്ട് എന്നെ കെട്ടിച്ചത്. നീയും അറിയുമല്ലോ അവനെ പണ്ട് പലപ്പോഴും വഴിയിൽ വെച്ച് എന്നെ നോക്കി അസഭ്യം പറയാറുള്ള അവനെനെക്കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത് അല്ലേ? "
"പലപ്പോഴും മദ്യപിച്ച് ലക്ക് കെട്ട് വന്ന് എന്നെ ഉപദ്രവിക്കും. ഇടയ്ക്ക് നിന്റെ പേര് വിളിച്ചു പറഞ്ഞു കൊണ്ടാവും ഉപദ്രവം. കൂട്ടുകാരിൽ ആരൊക്കെയോ എരികേറ്റി വിടുന്നതാവണം. അവരിൽ പലർക്കും എന്റെ ശരീരത്തിൽ നോട്ടമുണ്ട്. ഇതുവരെ ഞാൻ ആർക്കുമുന്നിലും വഴങ്ങിയിട്ടില്ല. എത്ര നാൾ പിടിച്ചു നിൽക്കാൻ ആകുമെന്ന് അറിയില്ല. എന്തായാലും പട്ടിണി വരാതെ അയാൾ എന്നെയും മോളെ നോക്കുന്നുണ്ട്... അത് തന്നെ വലിയ കാര്യം. നമ്മുടെ മോളെ ഓർത്താണ് ഞാൻ എല്ലാം സഹിക്കുന്നത്. ഇല്ലെങ്കിൽ എത്രയോ പണ്ടേ ഞാൻ ഈ ലോകത്ത് നിന്ന് യാത്രപറഞ്ഞു പോയേനെ. "അവൾ വാതിൽ ചാരി നിന്നു തേങ്ങി. ഒരു നടുക്കം എന്നിലുണ്ടായി. ഞാൻ ദയനീയമായി അവളെ നോക്കി.
"കുഞ്ഞ്... നമ്മുടെ കുഞ്ഞ്."
"മജീദിനെ വിവാഹം കഴിക്കുമ്പോൾ അവൾ എന്റെ വയറ്റിൽ ജന്മം എടുത്തു കഴിഞ്ഞിരുന്നുവല്ലോ? അവളെ കൊല്ലണം എന്ന് എല്ലാവരും പറഞ്ഞു... പക്ഷേ, ഞാൻ സമ്മതിച്ചില്ല. എന്റെ കുഞ്ഞിനെ തൊടാൻ ഞാൻ അനുവദിക്കില്ല അങ്ങനെ ചെയ്‌താൽ ഞാൻ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു. ഒടുവിൽ ഗർഭിണിയായ എന്നെ ഏറ്റെടുക്കാൻ രണ്ടാംകെട്ടുകാരനായ മജീദ് തയ്യാറായി. എന്തൊക്കെ പറഞ്ഞാലും, ഉപദ്രവിച്ചാലും കുഞ്ഞിനോട് അയാൾ ഇന്നുവരെ മോശമായി പെരുമാറിയിട്ടില്ല. ഇപ്പോൾ ആ കുഞ്ഞു ഉള്ളതാണ് എനിക്ക് ഏക ആശ്വാസം. നരകിച്ചുള്ള ഈ ജീവിതത്തിൽ ഒന്നു മിണ്ടി പറയാൻ എനിക്ക് ഒരാൾ ഉണ്ടായല്ലോ. അങ്ങനെ നിന്റെ ഓർമ്മകളുമായി അവളും ഞാനും ഈ കൊച്ചുവീട്ടിൽ ഇന്നും കഴിഞ്ഞുകൂടുന്നു. ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതാവും ശരി." അവൾ ഒരു ദീർഘനിശ്വാസത്തോടെ മിഴികൾ തുടച്ചു.
ഒരു യാത്ര പറച്ചിലോടെ അവിടെ നിന്ന് ഇറങ്ങാനുഉള്ള മനസ്സ് ഉണ്ടായിരുന്നില്ലെങ്കിലും... ഞാൻ മെല്ലെ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളെ നോക്കി പറഞ്ഞു.
"പോട്ടെ.? "
അവൾ എന്നെ നോക്കി പുഞ്ചിരിതൂകികൊണ്ട് നിറമിഴികൾ തുടച്ചു.
ഒരുനിമിഷം അവളെ പുണർന്നു ചുംബിക്കാനും ആ കണ്ണുനീർതുള്ളികൾ ചുണ്ടുകളാൽ ഒപ്പിയെടുക്കാനും എന്റെ മനസ്സ് കൊതിച്ചു. ഇരുട്ടു നിറഞ്ഞ ഉൾമുറിയിലേക്ക് അവളെയും ആനയിച്ചുകൊണ്ട് ഞാൻ നടന്നു. തുറന്നുകിടന്ന പൊട്ടിപ്പൊളിഞ്ഞ ജനാലയുടെ വിടവിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുന്ന വെളിച്ചത്തെ വകവെക്കാതെ ഞാൻ അവളെ കെട്ടിപ്പുണർന്നു. കവിളിലും, ചുണ്ടിലും, നെറ്റിയിലും, കഴുത്തിലും, മാറിലും എല്ലാം...ഞാൻ അമർത്തി ചുംബിച്ചു. വർഷങ്ങൾക്കു മുൻപ് അവളെ പുണർന്നുചുംബിച്ച അതേ ആവേശത്തോടെ,അതേ അനുഭൂതിയോടെ .
"അബ്ദു എന്താ ഇത്.? വിടൂ... ആരെങ്കിലും കാണും. വേണ്ട... വേണ്ട..."അവൾ ദുർബലമായി വിളിച്ചു പറഞ്ഞു കൊണ്ട് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു .
ഒടുവിൽ ഞാൻ അവൾക്കു മുന്നിൽ മുട്ടു കുത്തിയിരുന്നു. എന്നിട്ടാ കരങ്ങൾ കൂട്ടിപ്പിടിച്ചു കൊണ്ട് ഒരിക്കൽ കൂടി കരഞ്ഞുകൊണ്ട് മാപ്പിരന്നു. തുടർന്ന് തലകുമ്പിട്ടുകൊണ്ട് ഒരു പരാജിതനെപ്പോലെ അവിടെ നിന്ന് ഇറങ്ങി നടന്നു.
അപ്പോൾ കേട്ടു ഇരുട്ടറയിൽ നിന്നും ഒരു തേങ്ങൽ... കാറ്റിന്റെ ഇരമ്പൽ പോലെ... ഹൃദയം പൊട്ടിത്തകർന്നുള്ള ഒരു പെണ്ണിന്റെ തേങ്ങലുകൾ.