മഴ..!പെരുമഴ..!! വൈക്കോൽ തുരുമ്പുകൾ കൊഴിയുന്ന മേൽക്കൂരയിലേക്ക് നോക്കി അബ്ദുക്ക നെടുവീർപ്പിട്ടു. മഴ തച്ചടിച്ചുപെയ്യുന്ന ഈ പാതിരാവിൽ പുര ഒന്നാകെ അമർന്നു വീണെങ്കിൽ എന്ന അയാൾ
ആഗ്രഹിച്ചു. അകത്തെ മുറിയിൽ നിന്നും കേൾക്കുന്ന പുര നിറഞ്ഞു നിൽക്കുന്ന പെണ്മക്കളുടെ നെടുവീർപ്പുകൾ ഒരു കൊടുങ്കാറ്റായി അബ്ദുക്കനെ കറക്കി വശം കെടുത്തി. മെലിഞ്ഞുണങ്ങിയ ഒരു കാവൽപട്ടിയെപോലെ പെണ്മക്കൾ ഉറങ്ങുന്ന മുറിയുടെ വാതിൽക്കൽ അയാൾ ഉറക്കമില്ലാതെ കിടന്നു. മിന്നിപൊലിയുന്ന ഇടിവാളിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു.
മൂത്തവളെയെങ്കിലും ഇറക്കാനായിട്ട് കണ്ണടഞ്ഞാൽ മതിയായി രുന്നു..റബ്ബേ..!
അയാൾ ഓലക്കീറിനുള്ളിലൂടെ കാണുന്ന മാനത്തേക്ക് നോക്കി..
അവൻ തന്റെ ദുആ കേൾക്കുന്നില്ലേ..അതോ മാനത്തിനപ്പുറത്തു കമ്പിത്തിരിയും..മാലപ്പടക്കവും പൊട്ടിച്ചു ഏതോ ആഘോഷത്തിരക്കിൽ പെട്ടിരിക്കുകയാണോ..??
ഇലയനക്കവും,ഇമയനക്കവും അറിയുന്നവനല്ലേ..
കേൾക്കാതിരിക്കില്ല..
സുബ്ഹി ബാങ്ക് കൊടുത്തു..
അബ്ദുക്ക വുളു എടുത്തു നമസ്കരിച്ചു..
ചെമ്മണ്ണുംകുന്നിന്റെ മോളിൽ രജത രശ്മികൾ തെളിഞ്ഞു..
നനഞ്ഞ മുറ്റത്തിന്റെ പുതുമയിലേക്ക് പുള്ളിക്കോഴിയും മക്കളും ഇറങ്ങി .
അരിപ്പൂവുകളും,നന്ത്യർവട്ടവും ഇന്നലെ പെയ്ത മഴയിലെ നനവ് ശിരസേറ്റി നിന്നു!!
ചെമ്മണ് പാതയിലൂടെ തൂവെള്ള തലക്കെട്ടുമായി ഒരാൾ പടികയറി വന്നുകുറച്ചുനേരം സംസാരിച്ചു.. പിന്നെ കയ്യാല ഇറങ്ങിപ്പോയി..
വൈകുന്നേരം അയാൾ വീണ്ടും വന്നു..കൂടെ ചുവന്നു തുടുത്ത വേറൊരാള്കൂടി..നീളൻ വെള്ളക്കുപ്പായം..തലയിൽ പുള്ളിതലപ്പാവ്..
അതെ!! അത് ഒരു അറബിയായിരുന്നു..
മൂത്ത മകൾ നഫീസയെ പെണ്ണ് കാണാൻ..!
മരവാതിലിന് പിന്നിൽ നിന്നും സ്വപ്നങ്ങൾ വറ്റിയ കണ്ണുകളോടെ അവൾ കണ്ടു..ചെങ്കദളി പോലെ ഒരാൾ..
പോയപ്പോൾ അറബി അബ്ദുക്കന്റെ കയ്യിലേക്ക് ഏതാനും നോട്ടുകൾ വെച്ചുകൊടുത്തു..
അയാളുടെ കയ്യിലിരുന്നു ആ കറൻസികൾ വിറച്ചു..അതിലേക്ക് കണ്ണീരിറ്റി..
ആ നിക്കാഹ് കഴിഞ്ഞു..അറബി തിരിച്ചു പോയി..മാസാമാസം പണമെത്തി..അബ്ദുക്കന്റ വീട്ടിൽ നല്ല ഭക്ഷണം എത്തി..പക്ഷെ അബ്ദുക്കക്ക് അതു തൊണ്ടയിൽ തങ്ങി..
നഫീസനെ വിറ്റ കാശ് ആണ് ഇതെന്ന് അയാളുടെ ഖൽബിൽ ഇരുന്നു ആരോ കുറ്റപ്പെടുത്തി...
നഫീസ പോവുകയാണ് ഭർത്താവിന്റെ അരികിലേക്ക്..അവൾ ഓർത്തു തനിക്ക് അയാളോട് എന്താണ് തോന്നുന്നത്..?സ്നേഹമാണോ..അറിയില്ല..അയാൾ എന്തൊക്കെയോ സംസാരിച്ചിരുന്നു..പക്ഷെ ഒരു വിഡ്ഢിയെ പ്പോലെ താൻ കണ്ണും മിഴിച്ചിരിക്കുകയായിരുന്നു..
വിമാനം ഇറങ്ങി..
Airportil ഡ്രൈവർ മാത്രം ആയിരുന്നു വന്നത്..കാറിൽ കയറി ...
മിന്നുന്ന റോഡിലൂടെ കുലുക്കാമേതുമില്ലാതെ ആ കാർ നീങ്ങി..
കൊട്ടാര തുല്യമായ ഒരു വീടിനു മുന്നിൽ കാർ നിന്നു..
വീടിനകത്തു നിന്നും അസമാന്യം തടിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു..
കടും ചുവപ്പ് വസ്ത്രവും,അവരുടെ കയ്യിലെ തടിച്ച വളകളും നഫീസ കണ്ടു..
അവർ അവളെ ആശ്ലേഷിച്ചു..
അകത്ത് വല്ലാത്ത തണുപ്പ്..നിലത്തു വെള്ളം ഒഴിച്ച പോലെ തിളക്കം..മേൽക്കൂരയിൽ നിന്നും തൂങ്ങുന്ന കൂറ്റൻ അലങ്കാര വിളക്കുകൾ..ഊദിന്റെ പരിമളം..എമ്പാടും മുറികൾ..വിശാലമായ ഭക്ഷണ മേശ.. ചുമരിൽ വലിയ ചിത്രങ്ങൾ..!!
അവൾക്ക് ആകെ അങ്കലാപ്പ് തോന്നി..
താൻ വന്നുകയറിയ ഹാളിന്റെ അകത്തു വെക്കാൻ മാത്രമേ തന്റെ കൂര ഉള്ളു എന്നവൾക്ക് തോന്നി..
ആ സ്ത്രീ അവളെ സോഫയിൽ ഇരുത്തി..കുടിക്കാൻ തണുത്തതെന്തോ കൊടുത്തു. അത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല..
എവിടെയാണ് തന്റെ ഭർത്താവ്..??അവൾ നാലുപാടും നോക്കി..അയാൾ ഇവിടെയില്ലേ.. കടലുകടക്കാനുള്ള കടലാസുകൾ ശരിയാക്കുമ്പോൾ ആണ് അയാളുടെ പേര് യുസുഫ് ആണെന്ന് പോലും അറിയുന്നത്..
അകത്തു നിന്നും പരിഷ്കൃത വേഷം ധരിച്ച ഒരുവൾ ഇറങ്ങി വന്നു.."മാമ"എന്നു വിളിച്ചു തടിച്ച സ്ത്രീയോട് എന്തൊക്കെയോ പറഞ്ഞു നടന്നുപോയി..തന്നെ ഗൗനിച്ചതെയില്ല..അവളുടെ തുടുത്തു മിനുത്ത പാദങ്ങൾ നിലത്തമരുന്നത് കാണാൻ നല്ല ചേല്..!
മാമ"എന്ന വിളിയിൽ നിന്നും ഇത് ഇവിടുത്തെ ഉമ്മയാണ് എന്ന അവൾക്ക് മനസ്സിലായി..
ഒടുവിൽ അയാൾ വന്നു..കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.. അവർ മുറിയിൽകയറി വാതിൽ അടച്ചു..നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..
അവൾ തളർന്ന് ഇരുന്നു..
താൻ ഒരു മൂന്നാം ഊഴക്കാരിയാണ് എന്ന് അവൾക്ക് മനസ്സിലായി..
തന്റെ വീട്ടിലെ പട്ടിണി മാറിയല്ലോ.. അവൾ വേറൊന്നും ഓർത്തില്ല..
പ്രതിമ പോലെ ഇരുന്നു..
നേരം കുറെയായി..വീട്ടിൽ വിളക്കുകൾ തെളിഞ്ഞു..പകൽപോലെ..
അവൾ മെല്ലെ എണീറ്റു..
വീട്ടുകാർ ആരും അടുക്കളയിലേക്ക് പോകുന്നേയില്ല.. അടുക്കളയിൽ ഇടുങ്ങിയ കണ്ണുകളുള്ള ഫിലിപ്പിനോകൾ ആണ് പരിചാരകർ..
വെറുതെ ഓരോന്നും നടന്നു കണ്ടു..അവൾ ആ മുറിയുടെ വാതിൽക്കൽ എത്തിയതും വാതിൽ തുറന്നതും ഒന്നിച്ച്..
"ഏഷ്??"
യുസുഫ് പുരികമുയർത്തി..
ശബ്ദത്തിലെ ധാർഷ്ട്യം കണ്ട് അവൾ പേടിച്ചു പോയി..!
അവൾ തലകുനിച്ചു നിന്നു..
കവിളിൽ അയാളുടെ കൈപ്പത്തി ആഞ്ഞു പതിച്ചു..!!
അവൾക്ക് സ്ഥലകാല ബോധം വീണ്ടു കിട്ടാൻ മിനിറ്റുകൾ വേണ്ടി വന്നു..
അലങ്കരിച്ച ഒരു ജയിൽ ആണ് ഇതെന്ന് അവൾക്ക് മനസ്സിലായി..
അനുവദിക്കപ്പെട്ട മുറിയിൽ നിന്നും പുറത്തിറങ്ങാൻ പരിമിതികൾ ഉണ്ട്..
"പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം"
അവൾ കവിവാക്യം ഓർത്തു..
അയാൾക്കു തോന്നുന്ന ദിവസം അയാളുടെ ഭാര്യആയി..അല്ലാത്തപ്പോൾ മുറിയിൽ..ആരോടെങ്കിലും ഒന്നു മിണ്ടിപ്പറയാൻ കഴിഞ്ഞെങ്കിൽ..
കുറെ കരഞ്ഞു..
മാമ"ക്ക് അല്ലാതെ ആർക്കും അവളോട് ഒരു അലിവും തോന്നിയില്ല..അവർ വല്ലപ്പോഴും വിളിച്ചു തരുന്ന ഫോണിൽ ബാപ്പയോടും അനിയത്തിമാരോടും സംസാരിച്ചു..
അവൾ കരയുന്നത് കാണുമ്പോൾ മാമ അവളെ ആശ്വസിപ്പിച്ചു.."അല്ലാഹ് അതീക് ജസ"(അള്ളാഹു നിനക്ക് പ്രതിഫലം തരും)
കരഞ്ഞു മടുത്തു..
ഉറങ്ങാൻ കിടന്നപ്പോൾ
പണ്ട് മദ്രസയിൽ ഉസ്താദ് പറഞ്ഞ ഒരു കാര്യം അവൾ ഓർത്തു..
"ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായ പെണ്ണ് സ്വർഗത്തിൽ ഫിർഔൻറെ ഭാര്യ ആസിയ ക്ക് ഒപ്പമായിരിക്കും "എന്ന്..
ഇരുട്ട് കട്ടപിടിച്ച ആ നട്ടപ്പതിരായിൽ അവൾ തീരുമാനിച്ചു..
ഇനി കൊന്നു കണ്ടം വെട്ടിയാലും കരയൂലെന്നു..!!
കണ്ണീർ ഒലിക്കുന്ന കവിളുകളുമായി ഇരിക്കുന്നവളെ ആർക്കാണ് വില..??!!
കാലം അങ്ങനെ പാഞ്ഞു പോയി..ഒരിക്കലും നാട്ടിലേക്ക് പോയില്ല..
പുഴയും, വയലും,മഴയും,കണ്ടില്ല..
ബാപ്പനെയും അനിയത്തി മാരെയും കണ്ടില്ല..
ജനലുകൾ തുറന്നാൽ കാണുന്നത് കന്മതിലുകൾ..!!
ഒരുദിവസം വില്ലയിലേക്ക് ആ വാർത്ത എത്തി..യുസുഫിന് ആക്‌സിഡന്റു പറ്റിയിരിക്കുന്നു..!!
അവന്റെ 2 ഭാര്യമാരും,ഉമ്മയും..3 കാറുകളിൽ പുറപ്പെട്ടു.. അവളെ ആരും വിളിച്ചില്ല..
അവൾക്ക് ഒന്നും തോന്നിയില്ല.. ഒരിക്കൽ പോലും സ്നേഹം അഭിനയിക്കുകയെങ്കിലും ചെയ്യാത്ത ഒരാൾക്ക് അപകടം പറ്റിയാൽ തനിക്കെന്താ..??
പക്ഷെ തന്റെ കുടുംബം രക്ഷപ്പെടുത്തിയ ആളാണ്..
അനിയത്തിമാർക്ക് ഒരു ജീവിതമുണ്ടായത്..ചോരുന്ന വീടിനു പകരം നല്ല ഒരു വീടുണ്ടായത്..
അല്ലാഹ്.. അദ്ദേഹത്തിന്റെ,ആയുസ്സ് നീട്ടിക്കൊടുക്കണെ..??
രണ്ടു കാലുകളും മുറിച്ചു മാറ്റിയ നിലയിൽ ആണ് യൂസഫ് തിരിച്ചു വന്നത്..മാമ മാത്രമായിരുന്നു അയാളുടെ കൂടെ ഉണ്ടായിരുന്നത്..
അപ്പോൾ അവർ രണ്ടുപേരും എവിടെ..??
ആരോട് ചോദിക്കാൻ..!
അതിശയകരമായ കാര്യം..അവളുടെ മുറിയിലേക്ക് ആണ് യുസുഫിനെ കിടത്തിയത്..എന്നതാണ്..
കട്ടിലിൽ കിടന്ന അയാൾ ഒരു പുഴുവിനെ പോലെ തോന്നിച്ചു..
അവൾ അയാളുടെ വിസർജ്യം വൃത്തിയാക്കി..അയാളെ കഴുകി തുടച്ചു.. ..ഭക്ഷണം കൊടുത്തു..
സ്പൂൺ വായിലേക്ക് വെച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അവൾ കട്ടിലിൽ ഇരുന്നു..
അയാൾ അവളെ മറോടണച്ചു ,നെറുകയിൽ മുകർന്നു..
"നഫീസാ..
അഹുബ്ബക് യാ ഹബീബ്തീ.."**
ആദ്യമായി അയാൾ അവളുടെ പേരുച്ചരിച്ചു..
അവൾക്ക് അയാളോട് തീവ്രമായ പ്രണയം തോന്നി..!!മന്വന്തരങ്ങളായി ഉള്ളിലെ അറയിൽ താഴിട്ടുപൂട്ടിയ ശക്തമായ പ്രണയം..!
അത് സകല സ്വാതന്ത്ര്യതോടെയും ഒഴുകി.. തെളിഞ്ഞ ഒരു നദി പോലെ...!!
(അഹുബ്ബക് യാ ഹബീബ് തീ *_ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയപ്പെട്ട വളെ...)