എഴുപതാം പിറന്നാളിന്റെ കേക്ക് മുറിച്ച് ഒരു കഷ്ണം കൈയ്യിലെടുത്തപ്പോൾ പരേതനായ തന്റെ കെട്ടിയോൻ വറീതു മാപ്പിളയെ നമിത ഓർത്തുസങ്കടപ്പെട്ടു. ആഘോഷം കഴിഞ്ഞ് ഒരു കസേരയിൽ ഇരുന്നപ്പോൾ മൂത്തമകൻ സണ്ണി ഒരു കത്തും പിടിച്ച് ഓടിവരുന്നു.
“പോസ്റ്റുമാൻ കൊണ്ടതന്നതാ, അമ്മച്ചിക്കുള്ളതാ….”
കവറൊന്നു മണത്ത ശേഷം അവരത് പൊട്ടിച്ച് വായിക്കാൻ തുടങ്ങി.
എന്നെ പ്രിയപ്പെട്ടവനായി കാണാത്ത, എന്നാൽ ഞാൻ പ്രിയപ്പെട്ടവളായി കാണുന്നവൾക്ക്,
അറിയാമായിരുന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയത്!. ഇപ്പോഴൊട്ടും സങ്കടം തോന്നുന്നില്ല. ഓർത്തു സങ്കടപ്പെടാൻ മാത്രം നീ എനിക്കിന്ന് ഒരു കാരണമല്ല. നിന്റെ ഹൃദയത്തിലൊരിടം ലഭിക്കാഞ്ഞതിൽ, ഇപ്പോഴും ലഭിക്കാത്തതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. എന്തുകൊണ്ടെന്നാൽ നിന്നെ ഞാൻ അർഹിക്കുന്നില്ല എന്നതു കൊണ്ടുതന്നെ. എന്നെ അർഹിക്കാൻ മാത്രം വലിയ പാപങ്ങളൊന്നും നീ ചെയ്തിട്ടില്ലെന്ന് എനിക്കു നന്നായി അറിയാം. എന്നിരുന്നാലും ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു.
എന്റെ ഹൃദയത്തിലെ മുഴുവൻ താഴ്‌വരകളിലും വളർത്തിയിരുന്ന ക്രിസ്മസ് ചെടികളിൽ ഞാൻ നിന്റെ മുഖം കൊത്തിവെച്ചിരിക്കുന്നു. എന്നെ തേടിവന്ന ഇളംകാറ്റുകളോടെല്ലാം ഞാൻ നിന്റെ കണ്ണുകളെക്കുറിച്ച് സ്വകാര്യം പറഞ്ഞിരുന്നു. ഞാൻ ഒരു അപ്രിയ സത്യം പറയുകയാണ്!. നീ എന്നോട് പൊറുക്കണം, നിന്നെ ഞാൻ എന്റെ ഭാര്യയായി കണക്കാക്കി എന്തൊക്കെയോ ചിന്തിക്കുകയും സങ്കൽപ്പിക്കുകയും ചെയ്തിരുന്നു. ഞാൻ വേദനകളും അവഗണനകളുമില്ലാതെ പൂർണ്ണനാകുന്നില്ല. ഇന്നു നിന്റെ എഴുപതാം പിറന്നാളിന് ഞാനിതു നിന്നക്കിതെഴുതുമ്പോൾ എനിക്കറിയില്ല, നിനക്കെന്നെ ഓർമയുണ്ടോ എന്ന്.
എങ്കിലും നീയറിയണം. സായാഹ്നങ്ങളിൽ ഞാൻ കണ്ടാസ്വദിച്ചിരുന്ന കല്ലടിക്കോടൻ മലനിരകളുടെ സുന്ദരീ! ഒറ്റപ്ലാവിങ്കൽ അവുക്കാദർ എന്ന ഞാൻ നിന്നെ പ്രണയിച്ചിരുന്നു. ഇപ്പോഴും എനിക്കു നിന്നെ ഇഷ്ടമാണ് പക്ഷേ കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി വിധവയായി ജീവിക്കുന്ന നിന്നെ വിവാഹം കഴിക്കാൻ ഞാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. എന്നിരുന്നാലും ഞാൻ ഓർക്കുകയാണ്, അറുപതുകളുടെ അവസാനം മുതൽ ഈ നിമിഷം വരെയും പ്രണയത്തോടെ നിന്നെയല്ലാതെ മറ്റാരെയും ഞാൻ നോക്കിയിട്ടില്ല. മനുഷ്യനായതു കൊണ്ടും വികാരങ്ങൾ എന്റെ വിവേകത്തേക്കാൾ അധികമായതു കൊണ്ടും എന്റെ ശരീരം വിശുദ്ധമല്ല. എന്നാൽ എന്റെ സ്നേഹത്തിന്റെ പരിശുദ്ധി, എന്റെ തൊട്ടരികിലുള്ള തേയിലച്ചെടികളോളമുണ്ട്. വട്ടവടയിലെ ഒരെസ്റ്റേറ്റിൽ ഇതിന്റെയും തോട്ടത്തിന്റെയും നടത്തിപ്പുകാരനായി ജീവിക്കുകയാണ് കഴിഞ്ഞ നാൽപതു വർഷമായി ഞാൻ. പാലാക്കാടു നിന്നും കല്യാണം കഴിഞ്ഞ് ഭരണങ്ങാനത്തെത്തുന്നതു വരെയും ഞാൻ നിന്നെ ഒരു നിഴൽപോലെ പിന്തുടർന്നിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ഞായറാഴ്ചകളിൽ ഞാൻ നിന്നെ കാണാറുണ്ട്.
എഴുപതിലും നീ സുന്ദരിയാണ്, ഒരുപക്ഷേ നിന്റെ കൊച്ചുമകളേക്കാൾ!.
ഇങ്ങനെയൊരു കത്ത് എഴുതാൻ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ കാര്യമായി കവിത എഴുതാൻ തുടങ്ങിയിട്ട്. മിക്കതും നിന്നെക്കുറിച്ചായിരുന്നു, അതൊന്നും ഞാൻ ആർക്കും തന്നെ അയച്ചുകൊടുത്തിരുന്നില്ല. നിന്റെ എഴുപതാം പിറന്നാളിന് ഇങ്ങനെയൊരു സമ്മാനം തരണമെന്ന് അവിചാരിതമായി തോന്നിയതാണ്. കഴിഞ്ഞ ജനുവരി പതിനാറിന് പള്ളിയുടെ മുന്നിലെ കടയിൽ നിന്നു നീ മേടിച്ച അതേ ആഴ്‌ചപ്പതിപ്പിൽ നിന്നെക്കുറിച്ച് ഞാനെഴുതിയ കവിതയുണ്ട്. എന്തുതന്നെയായാലും നീയത് വായിക്കണം, കാരണം ബാക്കിയുള്ളവർക്ക് അത് വെറുമൊരു കവിതയായിരിക്കുമ്പോഴും അതു നിനക്കുള്ള എന്റെ സമ്മാനമാണ്. പിന്നെ ഞാൻ എന്റെ ദിനങ്ങൾ അടുത്തു കാണുന്നു, അത് എണ്ണപ്പെട്ടതുപോലെ തോന്നുന്നു. വരണമെന്നു തോന്നിയാൽ, കത്തെഴുതണമെന്ന് തോന്നിയാൽ അഡ്രസ്സ് ഈ കവറിനു പുറത്തുണ്ട്!. നിനക്കു വരാം, വരാതിരിക്കാം, അവഗണിച്ച ഇത്രയും വർഷങ്ങളെ ഞാൻ പൂർണ്ണമായും മറന്നു. കാത്തിരിക്കുന്നത് നീ എന്നെ പരിഗണിക്കാൻ പോകുന്ന ആ ഒരു നിമിഷത്തിനു വേണ്ടിയാണ്.
എന്ന്
സ്നേഹത്തോടെ
എൻ.ജെ.
അവരുടെ ഉള്ളിൽ ചെറിയൊരു തീനാളം കാളി. എൻ.ജെ, നമിതാ ജെയ്സൻ അപ്പച്ചന്റെ പേരു ചേർത്തുള്ള പേരിന്റെ ചുരുക്കം. ഇതായിരിക്കുമോ അയാളുടെ തൂലികാനാമ!. ആത്മഗതം നിർത്തി, അവർ മൂത്തമകൻ സണ്ണിയോട് ആഴ്‌ചപ്പത്തിപ്പ് മേടിച്ചു വരാനാവശ്യപ്പെട്ടു.
“അമ്മച്ചിക്കെന്തിനാ ഇപ്പോയിത്!” ആഴ്ചപ്പതിപ്പ് നമിതയുടെ കൈയ്യിൽ കൊടുക്കുമ്പോൾ സണ്ണി സംശയത്തോടെ ചോദിച്ചു.
“വായിക്കണംന്നു തോന്നി അത്രമാത്രം!”
ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം പേജിൽ വലുതാക്കി എഴുതിയിരിക്കുന്നു ‘കവിത എൻ.ജെ’. ഒരു ചെറുകാറ്റ് അവരുടെ മൂക്കിൽ നിന്ന് പുറത്തേക്കു വീശി.
കവിത
നീ!
ഏഴു ഭൂഖണ്ഡം മുഴുവൻ തിരഞ്ഞാലും നിന്നെപ്പോലൊരാൾ
പകരമാകുമോ എന്നിൽ
ഹൃദയങ്ങളിൽ, നീയായി മാറിയ കനലിൽ ഞാനെരിയുന്ന
ദൂരമിൽ ഏകയായ് ചന്ദ്രബിംബം പാടിയോ
ഭൂമിയിൽ, നിറവേനലിൽ സൂര്യനെരിയും താപമായ്
സ്നേഹത്തിൻ ഇടനാഴിയിൽ ഞാൻ വരും നിനക്കായ് ഒരിക്കൽ, എവിടെയോ പോയ്മറഞ്ഞ എൻനിറദീപമേ
ഹൃദയങ്ങളിൽ, നീയായി മാറിയ കനലിൽ ഞാനെരിയുന്നൂ
സ്നേഹത്തിൻ ഇടനാഴിയിൽ ഞാൻ വരും നിനക്കായ്,
എവിടെയോ പോയ്മറഞ്ഞ ദീപമേ
ജന്മാന്തനിദ്രയിൽ ഞാൻ കണ്ടുണരുന്ന മുഖമേതെന്ന്
നീ ചൊല്ലുമോ?.
നമിത പേജടച്ചു വെച്ച ശേഷം കണ്ണുകൾ ചിമ്മി. ഓർമയിൽ പതിനെട്ടുകാരൻ അവുക്കാദറിന്റെ തെളിഞ്ഞ മുഖം!.