(Abbas Edamaruku )
ആ ചെറിയഷെഡ്ഢിന്റെ വരാന്തയിൽ ഇരുന്നുകൊണ്ട് നോക്കിയാൽ മലമടക്കുകളും താഴ്വരങ്ങളുമൊക്കെ കാണാം. ഉദിച്ചുയരുന്ന സൂര്യനേയും അതിന്റെ കണ്ണഞ്ചിക്കുന്ന പ്രഭയയേയും കാണാം.
ആളുകൾ പതിവുപോലെ ഏലക്കാടുകളിൽ പണിയെടുക്കാൻ തുടങ്ങിക്കഴിഞ്ഞു. അന്നന്നത്തെ അന്നത്തിനുള്ള വകതേടുന്ന പാവങ്ങൾ. സ്ത്രീകൾ തലയിൽ തോർത്തുമുണ്ട് ചുറ്റിക്കെട്ടി കാടുവെട്ടി തെളിക്കുകയാണ്. ഏലചെടികൾക്ക് മരുന്നടിച്ചുകൊണ്ട് നിന്ന പുരുഷന്മാർ അവരെനോക്കി എന്തൊക്കെയോ തമാശകൾ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
നിറയെ ഏലവും, കാപ്പിയും, കുരുമുളകുമൊക്കെ പൂത്തുലഞ്ഞുനിൽക്കുന്ന ഈ മലയോരഗ്രാമം കാണാനും അവിടെ താമസിക്കാനുമൊക്കെ വല്ലാതെ സുഖമുള്ളകാര്യമാണ്. പക്ഷേ, ആ തണുപ്പണിഞ്ഞ മഞ്ഞുരുകുന്ന അന്തരീക്ഷത്തിലും മനസ്സാകെ വെന്തുരുക്കുകയാണ്.
കൃഷിയോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ പുറത്ത് ആവേശംകൊണ്ട് കുടുംബസ്വത്തായി കിട്ടിയ മലയോരത്തുള്ള ഈ കൃഷിയിടത്തിലേയ്ക്ക് കുടിയേറിയത് തെറ്റായിപ്പോയി... എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതുപോലൊരു തോന്നൽ. തോട്ടത്തിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഷെഡ്ഢിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതല്ലാതെ പുറത്തേക്കൊന്നിറങ്ങാൻപോലും കഴിഞ്ഞിട്ടില്ല.
നിരാശബാധിച്ച മനസ്സുമായി ചിന്തയിൽ മുഴുകി തോട്ടത്തിലേയ്ക്ക് കണ്ണുനട്ടിരിക്കുമ്പോൾ ഓർമ്മകൾ ദൂരെ നാട്ടിലേയ്ക്ക് പായുകയാണ്. നാട്ടിൽ ഭാര്യയും മകളുമൊത്തു കഴിഞ്ഞ ദിനങ്ങൾ. അവിടുള്ള കൃഷിസ്ഥലം ഒക്കെയും ഓർമ്മയിൽ നിറയുകയാണ്.
വീടിനുപിന്നിലുള്ള പാടവും അതിലെ നെൽകൃഷിയും മറ്റിതര കൃഷികളുമൊക്കെ കാണുന്നത് തന്നെ മനസ്സിന് കുളിരാണ്. അവിടെ ചെറിയ തോതിലാണെങ്കിലും ഉള്ളസ്ഥലത്ത് എന്തെങ്കിലുമൊക്കെ കൃഷിചെയ്യുകയും, വിളവെടുക്കുകയുമൊക്കെ ചെയ്യുമ്പോൾ എന്തൊരു സന്തോഷമാണ്.ഈ മലമുകളിലെ ഷെഡ്ഢിലിരിക്കുമ്പോൾ കാണുന്ന അത്ര കൃഷിയും, പ്രകൃതിഭംഗിയുമൊന്നും ഇല്ലെങ്കിൽപ്പോലും അവിടം എത്ര മനോഹരമാണ്.എന്നിട്ടും അതിലൊന്നും ഒതുങ്ങാതെ എല്ലാം ഇട്ടെറിഞ്ഞുകൊണ്ട് ഈ മലയോരത്തുള്ള ഏലക്കാട്ടിലേയ്ക്ക് തിരിക്കേണ്ടി വന്നു.
"നിങ്ങളെപ്പോലുള്ളവർ പെണ്ണുകെട്ടരുത്... നിങ്ങൾ കൃഷിയേയും പ്രണയിച്ചുകൊണ്ട് നടന്നാൽ ഭാര്യയായ എന്റെ ജീവിതം കഷ്ടത്തിലായാതുതന്നെ."
മുംതാസിൽ നിന്ന് ഇത്തരത്തിലുള്ള സംസാരങ്ങൾ ഉയരുമ്പോഴേല്ലാം വേദനയോടെ താൻ പറയും.
"നിന്നെ വിവാഹം കഴിച്ചെന്നുകരുതി എന്റെ ഇഷ്ടങ്ങളും മറ്റും ഉപേക്ഷിച്ചുകൊണ്ട് മറ്റൊരാളാവാൻ എനിക്കാവില്ല."
ഒടുവിൽ സഹികെട്ടപ്പോഴാണ് കുടുംബസ്വത്തായി കിട്ടിയ മലയിലെ തോട്ടത്തിലേയ്ക്ക് പെട്ടെന്ന് യാത്ര തിരിച്ചത്. കൃഷിയോട് തനിക്കുള്ള ഇഷ്ടം നന്നായി അറിയാവുന്നതുകൊണ്ട് ആരും തന്റെ തീരുമാനത്തെ എതിർക്കുകയോ സംശയിക്കുകയോ ചെയ്തതുമില്ല.
ബന്ധുക്കളുടേയും നാട്ടുകാരുടേയുമൊക്കെ കാഴ്ചയിൽ താനും മുംതാസും സ്നേഹത്തോടെ കഴിയുന്നവരാണ്. ജീവിതം ആസ്വദിച്ചു തുടങ്ങിയ യുവദമ്പതികൾ.കൃഷിചെയ്തു ജീവിതം വസന്തപൂരിതമാക്കിയവർ.
ഒരു ഉദ്യാനംപോലെയായിരിക്കണം എന്നും ജീവിതമെന്ന് താൻ ആഗ്രഹിച്ചിരുന്നു.പക്ഷേ, ഇഷ്ടക്കേടുകളുടെ കൂമ്പാരം തന്റെ ഉദ്യാനത്തെ കരിഞ്ഞുണങ്ങിയതാക്കി മാറ്റിയിരിക്കുന്നു.
ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ വീട്ടിൽ വരുമ്പോൾ... തന്റെ കൃഷിയെക്കുറിച്ചും അതിനോടുള്ള അടങ്ങാത്ത ആവേശത്തേക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ മുംതാസും അതൊക്കെ ആസ്വദിക്കുന്നതുപോലെ കേട്ട് പുഞ്ചിരിക്കും. പക്ഷേ, അപ്പോഴെല്ലാം അവളുടെമനസ്സിൽ തന്നോടുള്ള അമർഷം പുകയുകയാവും. അവളുടെ മനസ്സിൽ തനിക്ക് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയാത്ത വെറുമൊരു പരാജിതന്റെ രൂപമായിരിക്കും. മണ്ണിനോട് പടവെട്ടി ജീവിതം സന്തോഷപൂർണ്ണമാക്കാമെന്നു കരുതി പാടത്തും പറമ്പിലും വിയർപ്പൊഴുക്കി ദിനങ്ങൾ തള്ളിനീക്കുന്ന വെറും ബുദ്ധിശൂന്യനായ ഭർത്താവിന്റെ രൂപം.
സമയത്ത് പണിയെടുക്കാൻ കഴിയാത്തതുകൊണ്ടോ, കാലാവസ്ഥ അനുകൂലമാവാത്തതിന്റെ പേരിലോ, സമയത്ത് വളം കൊടുക്കാൻ കഴിയാതെ വന്നതിന്റെ പേരിലോ ഒക്കെ...വിളവ് മോശമായതുകൊണ്ട് വരുമാനം കുറഞ്ഞുപോകുന്ന അവസരങ്ങളിൽ പലപ്പോഴും അവളുടെ കുറ്റപ്പെടുത്തലുകൾ കേട്ട് ഉള്ളിൽ കരഞ്ഞിട്ടുണ്ട്.
"ഈ മാസത്തെ ചിട്ടിപ്പണം കൊടുത്തിട്ടില്ല, ഗ്യാസ് തീർന്നിരിക്കുന്നു, ഫോൺ മാറ്റിവാങ്ങാറായി, ചുരിദാറിന്റെയൊക്കെയും നിറംമങ്ങിപ്പോയി, നൈറ്റിയുടെ ഫാഷൻ പോയി..." ഇങ്ങനെ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അവൾ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.
ചിലപ്പോഴെല്ലാം ഭ്രാന്ത് ബാധിച്ചവളെപ്പോലെ മൂന്നുവയസ്സുള്ള ഏകമോളെ ചൊല്ലിയാവും ദേഷ്യം തീർക്കാനെന്നവണ്ണം പരാതികൾ പറയുന്നത്.
"ഒരു പെങ്കൊച്ചിന്റെ പിതാവാണെന്നുള്ള ഓർമ്മപോലും നിങ്ങൾക്ക് ഇല്ലല്ലോ എന്നോർത്തിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു."
സാമ്പത്തിക ഞെരുക്കത്തിനിടയിലും കഴിയുന്നതുപോലെ മുംതാസിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പറയുന്നതൊക്കെ വാങ്ങിക്കൊടുത്തും, ചെയ്തുകൊടുത്തും, ടൂറ് പോയിട്ടുമൊക്കെ... എന്നാൽത്തന്നെയും ഒടുക്കം അവളുടെ മുന്നിൽ പരാജിതനാവുകയാണ് ചെയ്യാറ്.
ആദ്യമായി തന്റെ കൃഷിമികവിന് പഞ്ചായത്തുതലത്തിൽ ഒരു അവാർഡ് കിട്ടിയപ്പോൾ എത്ര ആവേശത്തോടെയാണ് അവളോട് പറഞ്ഞത്.
"ആഹാ... കൊള്ളാല്ലോ..."എന്നുപറഞ്ഞുകൊണ്ട് ചുണ്ടുകോട്ടി അവൾ നടന്നുപോയപ്പോൾ ഇതാണോ ഇത്രവലിയ കാര്യം... ഇനിയിപ്പോൾ മറ്റൊന്നും വേണ്ടല്ലോ... എന്നഭാവം അവളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.
പിന്നീടൊരിക്കലും കൃഷിയെക്കുറിച്ചോ, അതിന്റെ വിജയത്തേക്കുറിച്ചോ സംസാരിച്ചുകൊണ്ട് അവളുടെ അടുക്കൽ പോയിട്ടില്ല. കിട്ടുന്ന അംഗീകാരങ്ങളും, സന്തോഷങ്ങളുമൊക്കെ ഉള്ളിതന്നെ ഒതുക്കിവെച്ചുകൊണ്ട് മറ്റുള്ളവരുടെ അനുമോദനങ്ങളിൽ സന്തോഷം കണ്ടെത്തി.
പ്രതികൂലസാഹചര്യങ്ങൾക്കിടയിലും കൃഷിയെ കൈവിടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിക്കുന്ന യുവാവിന്റെ അഭിമുഖം പ്രാദേശിക ചാനലിൽ വന്നതോടെയാണ് അവൾക്ക് പൂർണ്ണമായും മനോനിയന്ത്രണം നഷ്ടമായതും ഭ്രാന്തുബാധിച്ചതുപോലെ തനിക്കുനേരെ ശബ്ദമുയർത്തിയതും.
"നിങ്ങടെ ഒരു ഒടുക്കത്തെ കൃഷികാരണം നാട്ടിൽ തലയുയർത്തി നടക്കാനാവാത്ത അവസ്ഥയായി മാറിയിരിക്കുന്നു. ബന്ധുക്കൾക്കും, നാട്ടുകാർക്കുമൊക്കെ എന്നെക്കാണുമ്പോൾ ഒരുതരം പരിഹാസമാണ്. ഈ കൃഷിയല്ലാതെ വേറെയെന്തെങ്കിലുമൊരു ജോലി ചെയ്തുകൂടെ നിങ്ങൾക്ക്. വല്ല വിദേശത്തും പോയി അടിമ്മപ്പണി ചെയ്താൽ പോലും ഇതിനേക്കാൾ ഭേതമാണ്. ഒരു ലാഭവുമില്ലാതെ ജീവിതം പഴക്കാനുള്ള ഒരു തൊഴിൽ. ഇന്നത്തെക്കാലത്ത് ആരാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നത്...മടുത്തു എനിക്ക്."
ഒന്നും മിണ്ടിയില്ല. ജീവിതത്തിൽ താങ്ങായി കൂടെനിൽക്കേണ്ടുന്ന ഭാര്യയുടെ ഭാഗത്തുനിന്നുള്ള അത്തരം അതിരുവിട്ട സംസാരങ്ങളും, പ്രവൃത്തികളും അധികരിച്ചുതുടങ്ങിയപ്പോൾ നിരാശയുടെ പടുകുഴിയിൽ പെട്ടുഴറിക്കൊണ്ട് ഏതാനുംദിവസം കഴിഞ്ഞുകൂടി. ഒടുവിൽ അവളുടെ ഇഷ്ടക്കേടുമൂലം ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടന്ന ഈ മലമണ്ണിലേയ്ക്ക് കുടിയേറാൻ തീരുമാനിച്ചു. ഇവിടേയ്ക്ക് യാത്രാതിരിക്കുമ്പോൾ എന്തുപറഞ്ഞുകൊണ്ട് ഇറങ്ങണമെന്നറിയാതെ അവൾക്കുമുന്നിൽ നിൽകുമ്പോൾ അവൾ പുച്ഛത്തോടെ പറഞ്ഞു.
"ഇവിടുത്തെ ദേഹണ്ണമൊന്നും പോരാഞ്ഞിട്ട് ഇനി ആ വനത്തിലേയ്ക്ക് കൂടി കുടിയേറാനാണല്ലൊ തീരുമാനം.നന്നായി... നിങ്ങളെപ്പോലൊരാൾക്ക് അതാണ് നല്ലത്. നാടും കുടുംബവുമൊന്നും പറ്റില്ല."മുഖത്തുനോക്കാതെയാണവൾ സംസാരിച്ചത്.
"ഇവിടെ ഇങ്ങനെ മിണ്ടാതെയും പറയാതെയും ജീവിക്കുന്നതിലും നല്ലത് അതാണെന്ന് തോന്നുന്നു."
"അങ്ങനെയാണ് തോന്നുന്നതെങ്കിൽ അതുതന്നെ നടക്കട്ടെ.ഭാര്യയുടെ ഇഷ്ടത്തേക്കാൾ കൂടുതൽ കൃഷിയേയും മണ്ണിനേയുമൊക്കെ സ്നേഹിക്കുന്ന ആളോട് എന്തുപറയാൻ...എല്ലാം അവസാനിപ്പിച്ച് പോകുന്നതിനുമുൻപ് എന്നെയും മോളെയും എന്റെ വീട്ടിൽ കൊണ്ടുചെന്ന് ആക്കിയേക്കൂ...ഇനിയുള്ളകാലം നിങ്ങൾക്കൊപ്പമുള്ള ജീവിതം ബുദ്ധിമുട്ടാണെനിക്ക്."അവൾ തീർത്തുപറഞ്ഞു.
അഞ്ചുവർഷത്തോളം ഭാര്യയായി കൂടെകഴിഞ്ഞവളാണ് യാതൊരുബന്ധവുമില്ലാത്തവളെപ്പോലെ സംസാരിക്കുന്നത്. ഒടുവിൽ അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് യാത്രപറഞ്ഞ് അവിടുന്ന് തിരിക്കുമ്പോൾ ഒന്ന് മുഖംതിരിച്ചു നോക്കുകപോലും ചെയ്തില്ല അവൾ.
ഈ മലയോരത്ത് എത്തിയാലെങ്കിലും മനസ്സിന് അൽപ്പം ആശ്വാസം കിട്ടുമെന്ന് കരുതി. പക്ഷേ,നിരാശബാധിച്ച മനസ്സ് അതിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാതെ കഴിയുകയാണ്. മുംതാസുമൊത്ത് വീട്ടിൽ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടും ഒന്നുമല്ലെന്നൊരു തോന്നൽ.
അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് കൃഷിയെ സ്നേഹിച്ച് കൃഷിചെയ്തു ജീവിക്കാനായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങിതിരിച്ച തന്റെ മനസ്സ് മടിച്ചുനിൽക്കുന്നത്. കൃഷിചെയ്യാനായി ആവേശത്തോടെ പാഞ്ഞെത്തിയ താനെന്തേ തളർച്ചബാധിച്ചവനെപ്പോലെ വീട്ടിൽ തന്നെ കഴിയുന്നത്. തിരിച്ചുപോകണം. മുംതാസിനെ കൂട്ടിക്കൊണ്ടുവരണം. അവളുടെ ഇഷ്ടത്തിനൊത്തു ജീവിക്കണം. എന്നെല്ലാം മനസ്സ് പറയുന്നതുപോലൊരു തോന്നൽ.
പെട്ടെന്ന് ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു ജീപ്പ് കുന്നുകയറി ഷെഡ്ഢിന്റെ മുറ്റത്തുവന്നുനിന്നു. വന്നിരിക്കുന്നത് മുംതാസിന്റെ വീട്ടുകാരാണ്. അവൾ കുടുംബാഗങ്ങളുമൊത്തു തന്നെ തിരിച്ചുവിളിക്കാൻ വന്നതാവണം. അതുവരെയും നിരാശയുടെ കയത്തിൽപെട്ടു ചുട്ടുനീറിക്കഴിഞ്ഞ മനസ്സിന് വല്ലാത്തൊരു കുളിര് അനുഭവപ്പെട്ടു. ഉള്ളിൽ സന്തോഷം തിരതല്ലുകയാണ്. ഒരാഴ്ചയായി പിണങ്ങിക്കഴിഞ്ഞ ഇരുമനസ്സുകൾ ഇന്നുവീണ്ടും കൂടിച്ചേരും. പരസ്പരം സങ്കടങ്ങൾ പറഞ്ഞുതീർക്കും... ഒന്നാകും...കെട്ടിപ്പുണരും.ഉള്ളിലെ സന്തോഷം മറച്ചുവെച്ചുകൊണ്ട് ചുണ്ടിലൂറിയ പുഞ്ചിരി പണിപ്പെട്ടടക്കി എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
മുറ്റത്തെത്തിയപ്പോഴാണ് മനസ്സിലായത് ജീപ്പിനുള്ളിൽ മുംതാസിന്റെ ബാപ്പയും സഹോദരനും മാത്രമേ വന്നിട്ടുള്ളൂ എന്ന്. ബാപ്പ കത്തുന്നമിഴികളോടെ തന്നെ നോക്കുകയാണ്. പരസ്പരം കണ്ടുമുട്ടിയ കൊടിയ ശത്രുവിനെയെന്നപോലെ.എന്തെങ്കിലുമൊന്നു സംസാരിക്കാനാവാതെ വിളറിയ പുഞ്ചിരിയോടെ നാവിറങ്ങി നിന്നു.
"മര്യാദയ്ക്ക് പുറപ്പെടാൻ ഒരുങ്ങ്. അവൾ നിന്നെ കാത്ത് കരച്ചിലുമായി കഴിയുകയാണ്. നിന്നെ കൂട്ടിക്കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്." ഇങ്ങനെയൊക്കെ ബാപ്പയും സഹോദരനും പറയുമെന്ന് കരുതി.
മുംതാസിനെ കാണാനും അവളോടൊത്തു കഴിയാനും അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. ഒരിക്കൽപ്പോലും തന്നെ സന്തോഷിപ്പിക്കുന്ന ഒന്നും അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും കുറ്റങ്ങളും കുറവുകളും മാത്രം. പക്ഷേ, തന്നെ വേദനിപ്പിക്കാനായി അവൾ പ്രയോഗിച്ച വാക്കുകളും, അവഗണിക്കുന്ന അവളുടെ പ്രവർത്തികളുമൊക്കെ മറക്കാനും പൊറുക്കാനും അവന് ഒരുനിമിഷം കഴിഞ്ഞു. തന്റെ ജീവിതം മുന്നോട്ട് ചലിക്കണമെങ്കിൽ മുംതാസ് കൂടെയുണ്ടായേ തീരൂ എന്ന് മനസ്സുപറയുന്നു.
"ഞങ്ങൾ ഇപ്പോൾ വന്നത് നിന്നെ കണ്ട് അത്യാവശ്യമായി ചിലത് പറയാനാണ്. അത് നേരിൽത്തന്നെയാവണമെന്ന് തോന്നി. അതിനാണ് വന്നത്." ബാപ്പയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു.
"ഒന്നും പറയണ്ട...എല്ലാം എനിക്കറിയാം. ഞാൻ നിങ്ങൾക്കൊപ്പം വരാൻ എപ്പോഴേ തയ്യാറായിക്കഴിഞ്ഞു..."എന്ന് വിളിച്ചുപറയണമെന്നുതോന്നി. പക്ഷേ, പറഞ്ഞില്ല... ഇത്രമാത്രം പറഞ്ഞു.
"കയറിയിരിക്കൂ..."
"വേണ്ട... ഇരുന്ന് സംസാരിക്കാൻ മാത്രമുള്ളതൊന്നും ഇല്ല. ഫോണിൽക്കൂടി പറഞ്ഞാൽ ശരിയാവില്ലെന്നു തോന്നി. അതുകൊണ്ട് നേരിട്ടുവന്നു എന്നുമാത്രം."ബാപ്പ ഒരുനിമിഷം നിറുത്തിയിട്ട് അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി.
"മുംതാസും നീയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അവൾ അതിന് തയ്യാറായിക്കഴിഞ്ഞു. ആ സ്ഥിതിക്ക് നീകൂടി വേണ്ടുന്നത് ചെയ്യണം. നിനക്കൊപ്പം ഇനിയും തുടർന്ന് ജീവിക്കാൻ അവൾക്ക് താല്പര്യമില്ല. നിർബന്ധിച്ച് പറഞ്ഞയക്കാൻ ഞങ്ങൾക്കും. കൂടാതെ ബന്ധം പിരിഞ്ഞുകഴിഞ്ഞാൽ അവളെ സ്വീകരിക്കാൻ അവളുടെ മാമയുടെ മകനൊരാൾ തയ്യാറുമാണ്. ആൾക്ക് ഗവണ്മെന്റു ജോലിയാണ്."
ഹൃദയത്തിൽ വല്ലാത്തൊരു നടുക്കം. കാലുകൾക്ക് വല്ലാത്ത ബലക്ഷയം. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ.പെട്ടെന്ന് കൂട്ടത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനെപ്പോലെ അവൻ മുഖമുയർത്തി നിറമിഴികളോടെ അവരെനോക്കി നിന്നു.
"പറഞ്ഞതത്രയും മനസ്സിലായെന്നു കരുതുന്നു. എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണം." ആജ്ഞപോലെ പറഞ്ഞിട്ട് മകനേയും കൂട്ടി അദ്ദേഹം നടന്നകന്നു.
ഉള്ളിലെ നടുക്കത്തിൽ നിന്ന് അല്പമൊന്നു മോചിതനയിക്കൊണ്ട് എന്തെങ്കിലുമൊന്നു പറയാനായി അവൻ നാവുയർത്തിയപ്പോഴേയ്ക്കും... ജീപ്പ് സ്റ്റാർട്ടായി കുന്നിറങ്ങാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.