(Remya Ratheesh)
ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വരുണിന്റെ ഫോണിലേക്ക് മാളുവിന്റെ കോൾ വന്നത്. എന്താണാവോ. അല്ലെങ്കിലും ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ല. ഇടക്കിടെ
വിളിച്ചുകൊണ്ടിരിക്കണം സ്നേഹം കൊണ്ടാണ് എന്നാലും ഒരു ബോധവും ഇല്ലാത്ത പെണ്ണാണ്. ഓഫീസിൽ മീറ്റിങ് ടൈമിലൊക്കെ വെറുതെ വിളിക്കും. അഥവാ ഫോൺ കട്ടോ മറ്റോ ചെയ്താ അന്നത്തേക്ക് മുഖം വീർപ്പിക്കാനുള്ള വകയുമായി. ഒരു ചെറുചിരിയോടെ അവനാ കോൾ അറ്റൻഡ് ചെയ്തു .
''അതില്ലേ വരു നിന്റെ വാട്സപ്പിലേക്ക് ഞാനൊരു കാര്യം അയച്ചിട്ടുണ്ട്. നീയതിപ്പോ തന്നെ വായിക്കണം".
"എന്താത് വല്ല കഥയോ, കവിതയോ ആണേൽ ന്റെ പൊന്നു മാളൂ എനിക്കതിപ്പം വായിക്കാൻ നേരംല്ല്യ".
"ഇത് കഥയൊന്നും അല്ലന്നേ, ഒരു കത്താ ".
"കത്തോ...!''
ആകാംക്ഷയോടെ അവന്റെ ശബ്ദം ഉയർന്നു പോയി.
"ആ കത്ത് തന്നെ ഭാര്യയുടെ സ്നേഹിതനെ അന്വേഷിച്ചു കൊണ്ട് ഭർത്താവിന്റെ കത്ത്".
"നിനക്കിതെവിടുന്ന് കിട്ടി, ന്റെ മാളുവേ?'' "അതേ ഇന്ന് വാട്സപ്പിൽ നമ്മുടെ ഫാമിലി ഗ്രൂപ്പിലേക്ക് ആരോ ഷെയർ ചെയ്തതാ അത് വായിച്ചപ്പോ തൊട്ട് എനിക്കെന്തോ വിഷമം പോലെ... നീ കൂടിയൊന്ന് വായിക്ക്."
"ആ ശരി ശരി നീ ഫോൺ വെച്ചോ..."
വരുൺ ഡാറ്റ ഓൺ ചെയ്ത് വാട്സപ്പ് തുറന്നു. മാളൂന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് അവനത് ഓപ്പൺ ചെയ്തു. മിഴികൾ മെല്ലെ ആ വരികളിലൂടെ ഇഴഞ്ഞു നീങ്ങി...
"പ്രിയപ്പെട്ട വരുൺ...
ഇങ്ങനെയൊരു കത്ത് നിനക്കയക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല. എങ്കിലും ഈ കത്ത് നിന്നെയൊരുപാട് സന്തോഷിപ്പിക്കുമെന്നറിയാം.
ഫേസ്ബുക്കും, വാട്സപ്പും അരങ്ങു വാഴുന്ന ഈ കാലത്ത് ഈ കത്തെഴുതുന്ന എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നും. ഭ്രാന്ത് തന്നെയാണ്. അക്ഷരങ്ങളെ കൊണ്ടിങ്ങനെ വാക് തോരണം നടത്താൻ. മനസിലൊളിപ്പിച്ച പല യാഥാർത്ഥ്യങ്ങളും ഇങ്ങനെ അക്ഷരങ്ങളുടെ കൂട്ടു പിടിച്ച് വിളിച്ചു പറയുകാന്നത് ഒരു ഭ്രാന്തു തന്നയല്ലേ....? ഇപ്പോ തന്നെ നീ കാണുന്നില്ലേ എഴുതി തുടങ്ങുന്നതിനു മുന്നേ തന്നെ അക്ഷരങ്ങളെന്നെ മറുതുരുത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയാണ്.
ഈ എഴുത്ത് നിന്നരികിലെത്തിയാൽ നീയെന്നെ തേടിയെത്തുമോ...?ചിലപ്പോ എത്തുമായിരിക്കും കാരണം നീയങ്ങനാണ്. ജീവിതത്തിൽ നമ്മളെ സന്തോഷിപ്പിച്ചവരെ നാമെന്നും ഓർത്തുവയ്ക്കണമെന്നില്ല. പക്ഷെ കരയിപ്പിച്ചവരെ നാമൊരിക്കലും മറക്കുകയുമില്ല അല്ലേ ...?സൗഹൃദ ത്തിന്റെ പേരിൽ എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്നെ പ്രതിയാണ് . അതുകൊണ്ടല്ലേ അക്ഷരങ്ങളിലൂടെ മാത്രം പരിചയപ്പെട്ട നീയെന്നെ തേടിയെത്തിയത്. എനിക്കത് വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു. പലപ്പോഴും നിന്റെ ജല്പനങ്ങളെല്ലാം വെറുമൊരു ചോക്ലേറ്റ് പയന്റെ വാക്കുകൾ മാത്രമായിട്ടാണെനിക്ക് തോന്നാറ്, നീയെന്റെ മുന്നിൽ വരും വരെ...
അന്ന് നീ വന്നപ്പോൾ ന്റെ ഇച്ചു എന്നോട് പറഞ്ഞു. അവന് നിന്നോട് പ്രേമമാണെന്ന്. അതോണ്ടാണ് ഒരിക്കലും കാണാത്ത എന്നെ തേടി നീയെത്തിയത് എന്ന്. "നിനക്കറിയാലോ...ന്റെ ഇച്ചു ന്റെ നേർപകുതിയാണെന്ന് അതിലുപരി ന്റെ എല്ലാമാണെന്ന് ". അന്നു ഞാനതും പറഞ്ഞ് ഒത്തിരി വഴക്കുണ്ടാക്കി. എനിക്കും, നിനക്കുമിടയിൽ പ്രണയത്തേക്കാളും സുന്ദരമായ മറ്റെന്തോ ആയിരുന്നു . അതോണ്ടാവാം ഇടക്കിടെ എന്റെ പിണങ്ങിപോക്കുകളിൽ നീ വല്ലാതെ വിഷമിച്ചത്.
എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നിനക്ക് തന്നതിലാവാം. ഒരിക്കൽ പോലും നേരിൽ കാണാതെ നീ പ്രണയിക്കുന്ന മാളുവിനെ ജീവിതത്തിലുടനീളം കൂടെ കൂട്ടണമെന്ന് പറഞ്ഞപ്പോൾ എനിക്കൊത്തിരി സന്തോഷമായി. അന്ന് ഞാനൊരു തീരുമാനമെടുത്തു. നിന്റെ ജീവിതം പൂത്തുലയുന്ന ദിവസം ഞാനെന്ന സൗഹൃദപക്ഷിയെ എന്നത്തേക്കുമായി അകലങ്ങളിലേക്ക് പറത്തി വിടണമെന്ന്. സ്വാഭാവികമായും നീയപ്പോൾ ചോദിച്ചേക്കാം എന്തിനായിരുന്നു എന്ന്. നിനക്കറിയില്ല പെണ്ണിന്റെ മനസൊരിക്കലും, തന്റെ ചെറുക്കനോട് തന്നെക്കാൾ കൂടുതൽ മറ്റൊരു പെണ്ണ് സംസാരിക്കുന്നതോ, ഇടപഴകുന്നതോ, ഒരിക്കലും ഒരു പെണ്ണും സഹിക്കില്ല. അതോണ്ട് തന്നെ ഞാനൊരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു കരടാവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇച്ചുവും അത് തന്നെയാണ് പറഞ്ഞത്. അത്കൊണ്ടാണ് നിന്റേതായിട്ടുള്ള എല്ലാ ഓർമ്മകളേയും ഞാനകലേക്ക് പറത്തിയത്.
ഇനിയൊരിക്കലും നിന്നിലേക്കെത്തില്ല എന്ന എന്റെ തീരുമാനത്തിനു മുന്നിൽ വിധിയെന്നെ പരാജയപ്പെടുത്തി. ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തിൽ ഈ കല്ല്യാണിക്കുട്ടിയുടെ ദിനങ്ങളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു. അക്ഷരങ്ങളെകൊണ്ട് പേമാരി തീർത്തിരുന്ന വിരൽത്തുമ്പുപോലും എന്നോട് പിണങ്ങിയിരിക്കുന്നു.
"നീയറിഞ്ഞുകാണില്ലല്ലോ ദൈവം ഞങ്ങൾക്ക് ഇരട്ടകുട്ടികളായി രണ്ട് മാലാഖ കുഞ്ഞുങ്ങളെയാ സമ്മാനിച്ചിരിക്കുന്നേ...!" നിനക്ക് പെങ്കുട്ടികളെ ഒത്തിരി ഇഷ്ടല്ലേ അവരെയൊന്ന് താലോലിക്കാൻ പോലും എനിക്കിപ്പോ പറ്റില്ല.
പ്രഗ്നന്റ് സമയത്തെ രക്തപരിശോധനയിലാണ് ഡോ: ആ സത്യം ഞങ്ങളോട് വെളിപ്പെടുത്തിയത് എന്റെ രക്തത്തിൽ കാൻസറിന്റെ അംശമുണ്ടെന്ന്. കുഞ്ഞുങ്ങളെ കളഞ്ഞ് ചികിത്സ നടത്താമെന്ന് ഡോക്ടറും, ഇച്ചുവും ഒരുപാട് പറഞ്ഞു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ പൊന്നോമനകളെ ഞാനെങ്ങനെ വേണ്ടെന്ന് വയ്ക്കും. അതുമല്ല ഞാനീ ലോകത്തുനിന്ന് പോയാ ന്റെ ഇച്ചു ആകെ തളർന്നു പോകും. അതുപാടില്ലെന്ന് എന്റെ മനസു പറഞ്ഞു. അങ്ങനെ ഞാനവർക്ക് ജന്മമേകി രണ്ട് സുന്ദരികുട്ടികൾ ...!
പക്ഷെ പ്രസവത്തോടെ ഞാൻ വല്ലാതെയങ്ങ് തളർന്നു പോയീ. പരസഹായമില്ലാതെ ഒന്നെഴുന്നേൽക്കാൻ പോലും വയ്യ എനിക്ക്. ഞാൻ മനസിലാക്കുന്നു. ഇനിയെനിക്ക് ജീവിതത്തിൽ വലിയ റോളൊന്നുമില്ലെന്ന്.
ആരൊക്കെയൊ പറയുന്നത് കേട്ടിട്ടുണ്ട്. ആഗ്രഹങ്ങൾ പൂർത്തിയാവാതെ മരിച്ചു പോയാൽ ആത്മാവിന് മോക്ഷം കിട്ടില്ലാന്ന്...! ആവോ ആർക്കറിയാം. എന്നാലും എന്റെ ഒരു ആഗ്രഹമായിരുന്നു. നിന്നെ ഒരിക്കൽ കൂടി കാണണമെന്ന്. നിന്നെ മാത്രല്ല മാളൂനേം. നീ ഇന്ന് എവിടെയാണെന്നോ, എന്താണെന്നോ അറിയില്ല. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ഇങ്ങനെയൊരു കത്തെഴുതി പോസ്റ്റ് ചെയ്യാമെന്ന് ഇച്ചു പറഞ്ഞത്. ആരെങ്കിലും ഒക്കെ ഷെയർ ചെയ്യത് ഇത് നിന്നരികിലെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചിലപ്പോൾ ഇത് നീ വായിക്കുമ്പോഴേക്കും ഞാനിവിടം വിട്ട് പോയിട്ടുണ്ടാവാം.
ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോ തന്നെ ന്റെ ഇച്ചു പേപ്പറും, പേനയുമായി എനിക്കരികിലെത്തി. ദാ ന്റെ വാക്കുകൾ എല്ലാമിപ്പോ ഇച്ചുവിന്റെ വിരൽത്തുമ്പിലാ... പിന്നെയും എന്തൊക്കെയോ എഴുണമെന്നുണ്ട്. തീരെ വയ്യടാ. വല്ലാതെ ഉറക്കം വരുന്നു. ഡോസുകൂടിയ മരുന്ന് കഴിക്കുന്നോണ്ടായിരിക്കും. ഇത് നിന്നരികിലെത്തിയാൽ നീ വരുമെന്ന് വിശ്വസിക്കുവാ ഞാൻ ഇനിയൊരു സമാഗമം എനിക്ക് വിധിച്ചിട്ടുണ്ടാവുമോ എന്തോ...? എന്തായാലും ഞങ്ങൾ കാത്തിരിക്കും.
പിന്നേ ഞങ്ങളാ പഴയ വീട്ടിൽ അല്ലാട്ടോ താമസം. പുതിയ താമസസ്ഥലത്തെ വിലാസം ഇതിൽ കുറിക്കാം. നിനക്ക് വരണമെന്ന് തോന്നിയാലോ...?"
എറ്റവും താഴെയായി കുറിച്ച അവരുടെ പുതിയ അഡ്രസിലേക്കും അതിലെ വരികളിലേക്കും പലയാവർത്തി വരുണിന്റെ മിഴികൾ തേരോട്ടം നടത്തി. പലകുറി കണ്ണീരുകൊണ്ട് ഫോണിന്റെ സ്ക്രീൻ കാണാതായി. മറക്കാനൊരിക്കലും കഴിയാത്ത പ്രീയസ്വപ്നം പോലെ കല്ലുവിനെ കുറിച്ചുള്ള ഓർമ്മകളിലേക്ക് അവന്റെ മനസ്സ് പ്രയാണം തുടങ്ങി.