

എന്നാൽ ഏഴാം ക്ലാസ്സിൽ വെച്ച് ആദ്യമായി നോട്ട് ബുക്കിൽ നിന്നും കീറിയെടുത്ത കടലാസ്സിൽ എഴുതിയ എഴുത്ത്, ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കണക്കിന്റെ ഗൃഹപാഠം ചെയ്ത ബുക്കിലെ കടലാസ് ആയിരുന്നു അറിയാതെ കീറിയെടുത്തത്.
കത്ത് കൈമാറാൻ കല്ലു വരുന്നതും കാത്ത് അഞ്ചാം ക്ലാസ്സിന്റെ വാതിൽക്കൽ അക്ഷമനായി കാത്തു നിൽക്കുമ്പോഴാണ് കണക്കു പഠിപ്പിക്കുന്ന ചാക്കോ മാഷിന്റെ വരവ്..!
മനസ്സ് മുഴുവൻ കല്ലു ആയിരുന്നതുകൊണ്ട് മാഷ് വന്നതൊട്ട് കണ്ടുമില്ല.
"ഡ്ടാ.."എന്ന പടക്കം പൊട്ടുന്ന പോലുള്ള സ്വരം കേട്ടപ്പോൾ ഞെട്ടിപ്പോയി. നോക്കുമ്പോൾ സന്തതസഹചരിയായ ചൂരലും ചുഴറ്റി മാഷ് തൊട്ടുമുന്നിൽ.
"എന്താടാ ഇവിടെ?"... ചോദ്യം കേട്ടപ്പോൾ സർവ്വ നാഡികളും തളർന്നുപോയി.
"ചോദിച്ചത് കേട്ടില്ലേ...? എന്താടാ ഇവിടെ?"
"ഞ...ഞ്ഞ..ഞാൻ...ക...കട.."എന്തൊക്കെയോ വിക്കി വിക്കി പറയാൻ ശ്രമിക്കവേ.. പോക്കറ്റിൽ കിടന്ന കടലാസ് മാഷിന്റെ കയ്യിൽ.
മാഷ് അതു നിവർത്തുമ്പോൾ ബോധം കെട്ട് താഴെ വീഴാതിരിക്കാൻ പിടിച്ചത് മാഷിന്റെ മുണ്ടിൽ.
"തുണി പറിക്കുന്നോടാ കഴുതേ..?" ചെവിയിൽ പിടിച്ചുകൊണ്ടു മാഷ് കടലാസ് നിവർത്തുന്നത് അർദ്ധബോധവസ്ഥയിലാണ് കണ്ടത്.
"കണക്കു ബുക്കിലാണോടോ പ്രേമലേഖനം എഴുതുന്നെ?" മാഷ് ചോദിച്ചു.
എന്നാൽ... പിന്നെ കണ്ടത് ആർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു.
ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത ചാക്കോ മാഷ് പൊട്ടിപ്പൊട്ടി ചിരിച്ചു. ചിരിച്ചു ചിരിച്ചു മാഷിന്റെ കണ്ണിൽക്കൂടി വെള്ളമൊഴുകി.
ചിരിച്ചുകൊണ്ട് തന്നെ മാഷ് വിദ്യാധരന്റെ കൈ പിടിച്ചു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു.
"കണക്ക് കൂട്ടിയും കുറച്ചും ചാക്കോ മാഷിന് വട്ടായിപ്പോയോ?" എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.
എന്നാൽ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ എല്ലാ സംശയങ്ങളും മാറി.
മലയാളം പഠിപ്പിക്കുന്ന നാരായണൻ മാഷിന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞിട്ട് ചക്കോ മാഷ്,കല്ലുവിന് വിദ്യാധരൻ കുഞ്ഞു ഹൃദയം കൊണ്ടെഴുതിയ ലേഖനം നാരായണൻ മാഷിന് കൈമാറി.
"എന്താണ് കാര്യം?"മറിയാമ്മ ടീച്ചർ ചോദിച്ചു.
"അവൻ അഞ്ചാം ക്ലാസ്സിലെ കല്ലൂന് പ്രേമലേഖനം എഴുതിയിരിക്കുന്നു."
മാഷ് മറിയാമ്മ ടീച്ചറെ നോക്കി ചിരിക്കുന്നതു കണ്ടപ്പോൾ വിദ്യാധരന്റെ ഉള്ളിൽ ചിരി പൊട്ടി. അവിവാഹിതനായ മാഷിനു ടീച്ചറെ നോട്ടമുണ്ടെന്ന് 'ഏഴു സി'യിലെ കുട്ടികൾ കണ്ടുപിടിച്ചിട്ടുണ്ട്.
"എന്നാൽ വല്ല്യ കൊഴപ്പമില്ല. അവടെ അച്ഛൻ ഇടിയൻ പോലീസ് ഇവന്റെ എല്ലൊടിച്ചോളും."
അതു പറഞ്ഞ ഡ്രിൽ മാഷിനെ വിദ്യാധരൻ ദയനീയമായി നോക്കി.
"പേടിക്കണ്ടടോ... കത്തു കൊടുത്തില്ലല്ലോ. മാഷ് തന്നെ അവനെ സമാധാനിപ്പിച്ചു.
"നാരായണൻ മാഷേ അതൊന്നുറക്കെ വായിച്ചേ.."ചാക്കോ മാഷ് വിടാൻ ഭാവമില്ല. മാഷ് കടലാസ്സ് നിവർത്തി ഉറക്കെ വായിച്ചു.
"പ...ര..യ..പട കാ ളൂ ന അ.. രി..യാ ന് വ..ദ ..ഡ ര ന്.."
വായന നിർത്തി കണ്ണട മൂക്കത്തു ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് നാരായണൻ മാഷ് വിദ്യാധരന്റെ മുഖത്തേയ്ക്ക് നോക്കി.
"എന്താടോ ഇത്?
ഇത് ഏതു ഭാഷ.?"
വിദ്യാധരൻ മിണ്ടിയില്ല.
"ചോദിച്ചതു കേട്ടില്ലെഡോ?"മാഷു വീണ്ടും ചോദിച്ചു.
"മലയാളം," "സാറല്ലേ എന്നെ മലയാളം പഠിപ്പിക്കുന്നെ?"
വിദ്യാധരന്റെ മറുപടി.
സ്റ്റാഫ് റൂമിൽ കൂട്ടച്ചിരി മുഴങ്ങി.
നാരായണൻ മാഷിന്റെ മുഖത്ത് ഒരു ചെറിയ ചമ്മൽ.
"പ്രിയപ്പെട്ട കല്ലൂന് എന്നായിരിക്കും ഉദ്ദേശിച്ചത് ". ശാരദ ടീച്ചർ പറഞ്ഞു. വിദ്യാധരൻ ശാരദ ടീച്ചറെ നന്ദിപൂർവ്വം നോക്കി. ശരിയാണല്ലോ എന്ന മട്ടിൽ പതുക്കെ തല കുലുക്കി.
"അയ്യടാ.., തല കുലുക്കുന്നു. മൊട്ടേന്നു വിരിഞ്ഞിട്ടില്ല. പ്രേമലേഖനം എഴുതാൻ നടക്കുന്നു."
ടീച്ചർ അവനെ കൈവിട്ടു. ഇനി ആരാണൊരഭയം എന്ന മട്ടിൽ വിദ്യാധരൻ ഹിന്ദി പഠിപ്പിക്കുന്ന മണിക്കുട്ടി ടീച്ചറെ നോക്കി. ടീച്ചർ അവനെ നോക്കാതെ ചിരിയമർ ത്തിയിരിക്കുന്നു.
.
"രണ്ടെണ്ണം കൊടുക്ക് സാറേ..ദാ വടി."
ചാക്കോ മാഷ് ചൂരൽ നീട്ടി. ഒന്നാലോചിച്ചിട്ട് നാരായണൻ മാഷ് പറഞ്ഞു.
"താൻ ഇന്ന് വീട്ടിൽ പോയി മലയാളം അക്ഷരങ്ങൾ മുഴുവൻ പത്തു പ്രാവശ്യം എഴുതിക്കൊണ്ട് വാ."
"ഒരു ദിവസമല്ല, പത്തു ദിവസം തുടർച്ചയായി എഴുതിക്കാണിക്ക്."
"അപ്പോഴേക്കും പഠിക്കും.
പഠിച്ചില്ലെങ്കിൽ മതി മാഷേ വടി."
"എന്നിട്ട് ഈ എഴുത്ത് തന്നെ എഴുതി കല്ല്യാണിക്ക് കൊടുക്കാം.എന്താ?"
അധ്യാപകർ മുഴുവൻ വിവരം അറിഞ്ഞു., കുട്ടികളും. എന്നിട്ടും വിദ്യാധരൻ ധാരാളം എഴുത്തുകൾ എഴുതി. കല്ലുവിന് കൊടുക്കുകയും ചെയ്തു. ഒടുവിൽ കല്ലു വിദ്യാധരന്റെ ജീവിതസഖി ആയി.
ഇപ്പോഴും ഈ തൊണ്ണൂറാം വയസ്സിലും വിദ്യാധരനും കല്ലുവും ഇത് പറഞ്ഞു ചിരിക്കാറുണ്ട്.