ഏറെ ഓമനിച്ചാണ് മത്തായിച്ചൻ കൊച്ചുമകനെ വളർത്തിയത്. അതിനു കാരണമുണ്ടായിരുന്നു. കൊച്ചുമകൻ ജോബിക്കു നാലു വയസ്സുള്ളപ്പോൾ മത്തായിച്ചന്റെ മൂന്നാമത്തെ മകനായ അലക്സ് എന്ന ജോബിയുടെ അപ്പൻ കരൾ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അധികം വൈകാതെ ജോബിയേയും അവന്റെ അമ്മ സാലിയെയും സാലിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. കൊച്ചുമകനെ കൊണ്ടുപോകുന്നതിൽ മത്തായിച്ചന് ഇഷ്ടക്കേടുണ്ടായിരുന്നു.
എങ്കിലും നിവർത്തിയില്ലാതെ സമ്മതിക്കേണ്ടിവന്നു. എന്നാൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ സാലിയെ ഒരു രണ്ടാം കെട്ടുകാരൻ കല്യാണം കഴിച്ചു. കുട്ടിയെ കൂടെക്കൊണ്ടുപോകാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ അധികം വൈകാതെ സന്തോഷപൂർവ്വം മത്തായിച്ചൻ കൊച്ചു മകനെ തിരികെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. മത്തായിച്ചന്റെയും ഭാര്യ ലീലാമ്മയുടെയും കണ്ണിലുണ്ണിയായി ജോബി വളർന്നു. അവന് അവർ അപ്പനും അമ്മയുമായി.
എല്ലാ ഉപദേശങ്ങളും സന്മാർഗ്ഗപാഠങ്ങളും മത്തായിച്ചൻ കൊച്ചുമോന് ദിവസവും പറഞ്ഞു കൊടുക്കാറുണ്ട്.
"സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം."
മത്തായിച്ചൻ ജോബിയോട് പറഞ്ഞുകൊടുക്കും..
"നമ്മൾ നന്മ വിതച്ചാൽ നന്മ കൊയ്യാം "
"പാവങ്ങളോട് കരുണ കാണിക്കണം."
"മറ്റുള്ളവരെ സഹായിക്കണം."
"ആപത്തിൽ സഹായിക്കുന്നവനാ ബന്ധു.!"
"എന്നതാ അപ്പാ അതിന്റെയൊക്കെ അർത്ഥം?"
കൊച്ചുജോബിക്കു സംശയം.
"എടാ മോനെ...നമ്മള് ആരോഗ്യമൊക്കെ ഒള്ള കാലത്തു പത്തു തെങ്ങോ,മാവോ... പ്ലാവോ... റബ്ബറോ ഒക്കെ നട്ടാൽ...നമ്മള് വയസ്സായി പണിയെടുക്കാൻ മേലാതെ വരുമ്പോൾ അതിന്റെ ആദായാമെടുത്തു ജീവിക്കാം."
"മനസ്സിലായോ?"മത്തായിച്ചൻ ചോദിച്ചു.
"ഉവ്വ,..മനസ്സിലായി അപ്പാ."അവൻ പറഞ്ഞു.
"പക്ഷെ പറമ്പു നിറയെ തെങ്ങും മാവുമൊക്കെയാണല്ലോ.. പിന്നെയെവിടെ തൈ വെയ്ക്കും?" അവൻ ചിന്തിച്ചു. പക്ഷെ അപ്പനോട് അതു ചോദിച്ചില്ല.
അവൻ ഈ കാര്യങ്ങളൊക്കെ കൂട്ടുകാരോടും പറയാറുണ്ട്. അതു കേട്ടപ്പോൾ ഒരു കൂട്ടുകാരൻ കടലാസ്സെടുത്ത് ഇങ്ങനെ എഴുതി.
ആ..,. ആ... എന്നു പത്തുപ്രാവശ്യം.
തൈ, തൈ,എന്നു പത്തു തവണ.
സം, സം.. എന്നും പത്തു തവണ.
കാ.. കാ.. എന്നു പതുതവണ എഴുതി അവന്റെ കയ്യിൽ കൊടുത്തു.
ഇതാടാ നിന്റെ അപ്പൻ പറഞ്ഞത്
'സം'പത്തു കാലത്തു 'തൈ ' പത്തു വെച്ചാൽ ' ആ ' പത്തു കാലത്തു 'കാ' പത്തു തിന്നാം. എല്ലാവരും പൊട്ടിച്ചിരിച്ചു.
കൂട്ടുകാരൻ കൊടുത്ത കടലാസ് ജോബി മത്തയിയുടെ കയ്യിൽ കൊടുത്തു. ഇങ്ങനെ ചെയ്‌താൽ മതി. പത്തു തൈ വീതം നട്ടുപിടിപ്പിക്കണം. മത്തായി പറഞ്ഞു.
അങ്ങനെ ജോബി വളർന്നു പക്ഷെ അവൻ പറമ്പിലേക്ക് തിരിഞ്ഞു നോക്കാറില്ല.
"നമുക്ക് കിഴക്കൻ മലയടിവാരത്തു കുറച്ചു സ്ഥലമുണ്ട്."
"അവിടെ നീ കുറച്ചു മരങ്ങൾ നടണം."
"മരങ്ങളാണ് ഭൂമിയുടെ സംരക്ഷകർ."
"അവരെ പരിപാലിച്ചാൽ അവർ നമ്മളെ ആപത്തു കാലത്ത് സഹായിക്കും." അപ്പോഴും മത്തായിച്ചൻ അവനെ ഉപദേശിച്ചു. ഒരു ദിവസം മത്തായി കൊച്ചുമോനെയും കൂട്ടി ആ സ്ഥലം കാണാൻ പോയി.
"നിന്റെ അപ്പനും ഞാനും പണ്ട് കപ്പ നട്ടിരുന്ന സ്ഥലമാ.."
"ഇപ്പോൾ എനിക്ക് വയ്യാതായി."
"നല്ല വളക്കൂറുള്ള മണ്ണാ. എന്തു നട്ടാലും പെട്ടെന്ന് വളരും."
പ്രകൃതി രമണീയമായ ആ സ്ഥലം ജോബിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അവിടെ തൈ നടാനൊന്നും അവൻ തയ്യാറായില്ല.
തൈ നട്ടില്ലെങ്കിലും ജോബി അപ്പൻ പറഞ്ഞതുപോലെ പരോപകാരിയായിരുന്നു. എല്ലാവരെയും സഹായിക്കും. പ്രത്യേകിച്ചും പാവങ്ങളെ.
കോളേജിലെത്തിയപ്പോഴേയ്ക്കും അവന്റെ പണത്തിന്റെ ആവശ്യം കൂടിക്കൂടി വന്നു. അവന് ധാരാളം കൂട്ടുകാരുണ്ടായി. പണവും, ഭക്ഷണവും അവൻ കൂടെയുള്ളവർക്ക് നിർലോഭമായി കൊടുത്തു. കൊച്ചുമകന്റെ ധാരാളിത്തം കണ്ട് മത്തായിയ്ക്കു വേവലാതി കൂടി വന്നു.
"ഇങ്ങനെ പോയാൽ ഇവനിതു എവിടെച്ചെന്നു നിൽക്കും?" മത്തായി ഭാര്യയോട് ആവലാതിപ്പെട്ടു.
ലീലാമ്മക്കും കൊച്ചുമകനെയോർത്തു ആധിയുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. മത്തായിയും ലീലാമ്മയും വൃദ്ധരായി. കൊച്ചുമകന് ഇഷ്ടപ്പെട്ട പെണ്ണിനെത്തന്നെ മത്തായി അവന് വിവാഹം ചെയ്തു കൊടുത്തു. അവർക്ക് രണ്ടു കുട്ടികളുമുണ്ടായി.
ഒരു പ്രൈവറ്റ് കമ്പനിയിൽ തൊഴിലാളിയായ ജോബി വളരെ ഞെരുങ്ങിയാണ് കഴിഞ്ഞു കൂടിയിരുന്നത്.പറമ്പിൽ നിന്നുമുള്ള ആദായങ്ങളും കുറഞ്ഞിരുന്നു.
ഒരു ദിവസം മത്തായി കൊച്ചുമോനോട് ഒരു കാര്യം ആവശ്യപ്പെട്ടു.
"തനിയേ പോകാൻ വയ്യ. കിഴക്കൻ മലയിലുള്ള നമ്മുടെ സ്ഥലത്തൊന്നു പോകണം."
"നീ എന്നെ കൊണ്ടുപോകണം."
അങ്ങനെ ഒരു കാറിൽ ജോബി മത്തായിച്ചlനെയും, ലീലാമ്മയെയും കൂട്ടി പോകാൻ തീരുമാനിച്ചു. സ്ഥലം കാണാൻ ജോബിയുടെ ഭാര്യ ജീനയും കുട്ടികളും അവരോടൊപ്പം ചേർന്നു. പോകുന്ന വഴിയിൽ, മുഴുവൻ സമയവും മത്തായിച്ചൻ അവരോട് കഴിഞ്ഞ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
"നിന്റെ അപ്പൻ വലിയ അധ്വാനിയായിരുന്നു."
"ഞാനും അവനുംകൂടി എത്രയോ പ്രാവശ്യം ഇവിടെ വരെ നടന്നു വന്നിരിക്കുന്നു."
"ഈ സ്ഥലം ഞങ്ങൾ രണ്ടുപേരും കൂടി വെട്ടിത്തെളിച്ചു കൃഷിയിറക്കി."
"നെല്ലും കപ്പയും ചേമ്പും ചേനയും വാഴയും എല്ലാം കൃഷി ചെയ്തു."
"നല്ല വിളവും കിട്ടി."
"പിന്നത്തെ വർഷം ഇഞ്ചി നട്ടു. നല്ല കാശു കിട്ടി."
"അങ്ങനെയാ നമ്മൾ ഇപ്പോൾ താമസിക്കുന്ന വീട് വലുതാക്കിയത്."
"അവൻ പോയേപ്പിന്നെ ഞാൻ ഇങ്ങോട്ടു വരാറില്ല." അപ്പൻ വിതുമ്പുന്നതു കണ്ടപ്പോൾ ജോബിക്കും സങ്കടമായി. ലീലാമ്മയും കരഞ്ഞു.
കാറിൽ നിന്നിറങ്ങി കുറച്ചുദൂരം അപ്പനെ കൈപിടിച്ച് നടത്തിക്കൊണ്ടാണ് ജോബി ആ സ്ഥലത്തെത്തിയത്. അവിടെയെത്തിയ ജോബി ആശ്ചര്യപ്പെട്ടുപോയി.
ആറേക്കറോളം വരുന്ന ആ സ്ഥലം മുഴുവൻ തട്ടുകളാക്കിത്തിരിച്ചു കൃഷിചെയ്തിരിക്കുന്നു. വിവിധയിനം ഫലവൃക്ഷങ്ങളും, തേക്ക്, വീട്ടി,ആഞ്ഞിലി,മഹാഗണി മുതലായ വൃക്ഷങ്ങളും നിര നിരയായി വലുതായി നിൽക്കുന്നു. ഒരുഭാഗത്തു വെളുത്ത പുഷ്പകിരീടം ചൂടി സുഗന്ധം പരത്തി നിൽക്കുന്ന കാപ്പിച്ചെടികൾ. മറ്റൊരു തട്ടിൽ രണ്ടേക്കറോളം സ്ഥലം നിറയെ റബ്ബർ മരങ്ങൾ. ജോബി അപ്പനെ അമ്പരപ്പോടെ നോക്കി.
"അടുത്തവർഷം റബ്ബറു വെട്ടിത്തുടങ്ങാം."
"ഈ വർഷം മുതൽ കാപ്പിക്കുരു ഉണ്ടായിത്തുടങ്ങും."
"എല്ലാ മരങ്ങളിലും കുരുമുളക് കയറ്റി വിട്ടിട്ടുണ്ട്."
"ഇനി മുതൽ നീ വേണം ഇതൊക്കെ നോക്കാൻ."
"ഇവ നിനക്ക് എന്നും ഗുണം ചെയ്യും." മത്തായിച്ചൻ പറഞ്ഞു.
ജോബി അപ്പനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"ഉള്ള ജോലി കളയാതെ... കിട്ടുന്ന സമയം മുഴുവൻ മൊബൈലും നോക്കി കുത്തിയിരിക്കാതെ ഞാൻ തുടങ്ങിവെച്ച ഈ കൃഷി നീ തുടരുക." മത്തായിച്ചൻ പറഞ്ഞു.
"സമ്പത്തു കാലത്തു 'തൈ' പത്തു വെച്ചാൽ..." ബാക്കി പറഞ്ഞതു ജോബിയാണ്.
"ആപത്തു കാലത്തു 'കാ' പത്തു തിന്നാം!" അതുകേട്ട് മത്തായിച്ചൻ പൊട്ടിച്ചിരിച്ചു.
സന്തോഷത്തിന്റെ ചിരി🌹